2024 ഐ.എഫ്.എഫ്.കെയിലെ 'പെൺ നോട്ടങ്ങൾ' (Female gaze) പാക്കേജിലെ ചിത്രമാണ് ലവബിൾ (Lovable- സ്നേഹയോഗ്യ എന്ന് മലയാളമാക്കാം). ലിൽജ ഇൻഗോൽഫ്ദോട്ടിറിന്റെ കാമറാ നോക്കുന്ന രണ്ടു രംഗങ്ങൾ ലവബിളിനെ ലോക സിനിമയാക്കുന്നുണ്ട്. ആ രംഗങ്ങൾ എല്ലാ രംഗങ്ങളെയും മാന്ത്രികമായി തൊടുന്നു.
ടാക്സിയുടെ പിൻസീറ്റിൽ മരിയ (ഹെൽഗ ഗുരേൻ), സിഗ് മണ്ഡിനെ (ഓഡ്ഗീർ തൂനെ) നോക്കിക്കണ്ടിരിക്കുന്നു. അയാൾ അതു കാണുന്നു. ഏതാണ്ട് ഒന്നു രണ്ടു മിനിറ്റേ അതുള്ളു. അളക്കാതെ തന്നെ അവളുടെ പ്രണയം എവിടെ വരെ മുട്ടുന്നുവെന്ന് അയാൾക്ക് തടഞ്ഞു. നിറഞ്ഞു കുതിച്ചുവരുന്ന ഒരു പുഴയെ അണകെട്ടി നിർത്തിയത് പോലെയുള്ള നോട്ടമായിരുന്നു അത്. ആരാധികമാർ പലതുണ്ടെങ്കിലും അയാൾക്ക് തിരിച്ചു പ്രേമിക്കുകയല്ലാതെ മറ്റൊരോപ്ഷനില്ലെന്നും ആ നോട്ടത്തിൽ അയാളറിയുന്നുണ്ട്. സിഗ് മണ്ഡിന്റെ കണ്ണിൽ അതോടെ മറുപ്രണയം ഉത്സാഹമായി വിരിയുന്നുണ്ട്. കലയിൽ പ്രണയാകർഷണം ഇനിയും ആവിഷ്കരിക്കപ്പെടാനുണ്ടായിരുന്നു എന്നു നമുക്കും മനസ്സിലായി. നേരിയ ശബ്ദം പോലുമില്ലാത്ത ആ നോട്ടം ഒരാൾ പൂർണ്ണമായി പ്രണയമാകാതെ അങ്ങനെ അഭിനയിക്കാൻ കഴിയുമോ? അഭിനയം എന്ന കലയെ ചുറ്റിയുള്ള ചോദ്യമാണത്.
അത് ലവബിളിന്റെ ആദ്യഭാഗത്തായിരുന്നെങ്കിൽ ഇനിയൊന്ന് ഏതാണ്ട് അവസാന ഭാഗത്താണ്. കൗൺസിലിംഗ് സെഷന്റെ ഇടയിൽ മരിയ കൗൺസിലറോട് ചോദിക്കുന്നു, "എനിക്കിന്ന് സംസാരിക്കാൻ വയ്യാത്ത വിധം ക്ഷീണമാണ്. വിശ്രമിക്കണം". "ഇരിക്കുന്ന ആ സോഫയിൽ തന്നെ കിടന്നോളൂ, എന്റെ ഇന്നത്തെ സമയം മുഴുവൻ മരിയയ്ക്കുള്ളതാണ്" എന്ന് പറയുമ്പോൾ ആ കൗൺസിലർ നിറയെ കരുണയാണ്. കുഞ്ഞ് ഗർഭപാത്രത്തിൽ എന്നപോലെ അവൾ സോഫയിൽ ചുരുണ്ടു കൂടുന്നു. ഇരിപ്പിൽ നിന്ന് കിടപ്പിലേക്കുള്ള ചായലിൽ അവളുടെ കാഴ്ചകൾ മാറുന്നത് ഉടലിലൂടെയും അടയുന്ന കണ്ണിലൂടെയും ഗുരേൻ പറഞ്ഞു തരുന്നു. സിനിമയ്ക്കു മാത്രം കഴിയുന്ന വിനിമയങ്ങൾ.
പെണ്ണും ആണും ഉൾപ്പെട്ട തർക്കം
ഏതു വിഷയത്തിലോ സന്ദർഭത്തിലോ ആയാലും വ്യക്തികൾ തമ്മിലോ സാമൂഹികമോ ആയാലും അതിൽ പെൺപക്ഷം ചേരുകയെന്നതാണ് "പെൺ നോട്ടങ്ങൾ" പോലെയുള്ള ജൻഡർ നീതിയുമായി ബന്ധമുള്ള വാക്കുകളുടെ അർത്ഥം എന്നൊരു ധാരണയുണ്ട്. നോർവേക്കാരിയായ ലിൽജയുടെ ലവബിൾ കാണുമ്പോൾ അതു തിരുത്തേണ്ടിവരും. പെൺ ചോദ്യങ്ങൾക്ക് മുന്നിൽ ആൺ ഭരണത്തിന്റെ ബലങ്ങൾ യൂറോപ്പിൽ പലവിധത്തിൽ അതിവേഗം ചോർന്നു കൊണ്ടിരിക്കുകയാണ്. പ്രത്യേകിച്ചും നോർവേ അടങ്ങുന്ന നോർദിക് രാജ്യങ്ങളിൽ. തന്നിലേക്ക്, ഉള്ളിലേക്ക് പക്ഷമില്ലാതെ സൂക്ഷിച്ചു നോക്കുന്നത് ആർക്കായാലും നോവുന്ന ശ്രമകരമായ പണിയാണ്. അതേക്കാൾ വിഷമമാണ് അതുവഴി തൻറെ നീതികേടിനെ കണ്ടെത്തുന്നത് . അതു തിരുത്തുന്നത് പിന്നെയും നോവും. മരിയ അതൊക്കെ ചെയ്യുന്നു. തന്നിലൂടെ തന്നെയാണ് മരിയ അവളെ കണ്ടെത്തി തിരുത്തുന്നത്. അതിനുമുമ്പ് കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വയം സംസാരിച്ച് താൻ മോശമല്ല എന്ന് ബാലൻസ് ചെയ്തുറപ്പിക്കുന്നുണ്ടവൾ. ഒറ്റപ്പെടുമ്പോൾ അവൾ തന്നെ അവൾക്ക് കൂട്ടിയിരിക്കുന്നു. അങ്ങനെ മരിയ അത് മറികടന്നുപോകുന്നു. പ്രഫഷനലായ കൗൺസെലിങ് ജീവിതത്തിൽ എത്ര പ്രധാനമാണ് എന്നുകൂടി ലവബിളിന്റെ ആഖ്യാനത്തിൽ വരും.
കഥ കേട്ടാൽ സാധാരണ പ്രേമ ഡ്രാമ പോലെയിരിക്കും. തുടക്കത്തിൽ മരിയ ആദ്യ ബന്ധം തകർന്നതിൽ നിന്ന് പുറത്തു കടക്കുവാൻ ശ്രമിക്കുകയാണ്. സിഗ് മണ്ഡിനെ കണ്ടുമുട്ടുന്നതോടെ ഉഷാർ പ്രണയം. മരിയയുടെ രണ്ടാം വിവാഹം. ഏഴു വർഷത്തിനുശേഷം ഭർത്താവ് വിവാഹമോചനം ആവശ്യപ്പെടുന്നു. കോളേജിൽ പഠിക്കുന്ന മകൾ അവളെ തള്ളിപ്പറയുന്നു. മരിയയുടെ അമ്മയും വേദനയോടെയെങ്കിലും അവളെ കുറ്റപ്പെടുത്തുന്നു. ആത്മസുഹൃത്തിനും മരിയയെ മനസ്സിലാകുന്നില്ല. മരിയ തെറ്റ് തിരുത്തി മാപ്പ് പറയുന്നു. ഏവരും സന്തുഷ്ടരാകുന്നു. ലവബിളിന്റെ അസ്ഥിഘടന ഇത്രയേയുള്ളൂ. പക്ഷേ ഇത് അത്തരം ഒരു സെന്റിമെന്റൽ സിനിമയല്ല. കഥാരേഖയല്ല ചലച്ചിത്രം എന്നതാണ് കാരണം.
"എൻറെ ഭാഗത്തും ചെറിയ തെറ്റുണ്ടാവാം" എന്ന് കൗൺസെലറോട് മരിയ പറയുന്നു. "ആ ചെറിയ തെറ്റ് എന്താണ്" എന്ന് കൗൺസെലർ ചോദിക്കുന്നു, "അത് നമുക്ക് തിരുത്താമല്ലോ". അതാണ് മരിയയ്ക്ക് തന്നിലേയ്ക്കുള്ള ടോർച്ചായി മാറുന്നത്. സിഗ് മണ്ഡ്, മകൾ, അമ്മ ഓരോരുത്തരിലേക്ക് കായപ്രവേശം നടത്തി സ്വയം നോക്കാൻ അവൾ തുനിയുന്നു. കൂടാതെ, മറ്റൊരു താനായി നിന്ന് പല സന്ദർഭങ്ങളിലെ മനസ്സിനെ നോക്കുന്നു. സിഗ് മണ്ഡ് പിരിഞ്ഞു പോകാതിരിക്കണമെങ്കിൽ അയാൾക്ക് മരിയയില്ലാതെ പറ്റില്ല എന്നു തോന്നണം. അവളാണ് എല്ലാം ചെയ്തു വീട് ശരിയാക്കുന്നത് എന്നു തോന്നണം. അയാളെ അപകർഷനായി അനുഭവിപ്പിക്കണം. ക്ഷുഭിതയാവുന്ന രാസമാറ്റം താനറിയാതെ ഇങ്ങനെ ചെയ്തുപോയത് ഇപ്പോഴത്തെ നോട്ടത്തിൽ കാണാം. അതിനും പുറകിൽ അച്ഛൻ അമ്മയെ ഉപേക്ഷിച്ചു പോയ ട്രോമ കാണാം. ആദ്യ ബന്ധം പിരിഞ്ഞതു കാണാം. നമ്മളറിയാതെ നമ്മൾ നിർമ്മിച്ചഭിനയിക്കുന്ന സിനിമാക്കഥകൾ ഗുരേൻ എന്ന നടി പറഞ്ഞു തരുന്നു. എവിടെ നിന്നോ എന്നോ തുടങ്ങിയ ഭയങ്ങളിൽ നിന്നു തുടങ്ങിയ കഥകൾ നിർവചിക്കുന്ന ജീവിതങ്ങൾ.
ഭാര്യയുടെ കോപത്തെ കുറിച്ചുള്ള പരിഹാസങ്ങൾ ആൺമാധ്യമങ്ങളുടെ രസമാണ്. അതു ലോകമാകെയുണ്ടെന്നു തോന്നുന്നു. അതു പറയുന്നയാണിനും കേൾക്കുന്നയാണിനും സംശയമില്ല. ആൺബോധമെന്ന പൊതുബോധത്തിൽ ജീവിച്ചു വരുന്ന പെണ്ണിനും ആ 'ഫലിതങ്ങൾ' കളങ്കമേതുമില്ലാത്ത രസമാണ്. മരിയ തന്റെ "ചെറിയ തെറ്റുകളെ" ഒരു പെൺ കൗൺസെലറുടെ പ്രോഫഷനൽ സഹായത്തോടെ നോക്കുമ്പോൾ ഒരു വിപരീത കാഴ്ചയായി ഈ ആൺനോട്ട പരിശീലനങ്ങളെയും കാണുന്നുണ്ട്. "ചെറിയ തെറ്റുകൾ" അത്ര ചെറിയ പ്രയോഗമല്ല. അപ്പുറത്തെ വലിയ തെറ്റിന്റെ ജന്മനായുള്ള ഇരട്ടയാണത്. അവൾ സ്വയം നോക്കി ഏറ്റു പറയുന്നത് സിഗ് മണ്ഡിനും മകൾക്കും പകർച്ചയാവുന്നു. അവൾ സ്നേഹയോഗ്യയാകുന്നതോടെയാണ് അയാളും സ്നേഹയോഗ്യനാകുന്നത്. കാണികൂടി പൂരിപ്പിക്കേണ്ടി വരുന്ന ജൻഡർ നീതിയാണ് ലിൽജ ഇൻഗോൽഫ്ദോട്ടിറിന്റെ സിനിമയുടെ ഭാഷ. ഓരോ ഷോട്ടിലും വികാരത്തോടെ എൻഗേജ് ചെയ്യിക്കുന്ന കൗതുകമുള്ള ഭാഷ. അങ്ങനെയാണ് ഈ സിനിമ സാധാരണ ഡ്രാമയല്ലാത്ത പെൺ നോട്ടമാകുന്നത്.
സാമ്പത്തികമായും മാനസികമായും സ്വയം നിർണയിക്കാൻ കഴിയുന്ന നോർദിക് സ്ത്രീയാണ് മരിയ. അങ്ങനെയുള്ള സ്വാതന്ത്ര്യങ്ങൾ ഇല്ലാത്ത ഇന്ത്യൻ സ്ത്രീയുടെ സന്ദർഭത്തിൽ ഒരു പെണ്ണ് സ്വന്തം തെറ്റ് തിരുത്തി വന്നതായി മനസ്സിലാക്കപ്പെടാം. എന്നാൽ അതങ്ങനെ മനസ്സിലാക്കപ്പെടാതിരിക്കാനുള്ള ഉള്ളടുക്കുകൾ ചിത്രത്തിലുണ്ട്. മരിയയുടെ ചെറുതും വലുതുമായ ഏത് നിലപാടുകളും തീരുമാനങ്ങളും അവൾ തനിയെ എടുക്കുന്നതാണ്. അതിലൊന്നും ആൺ ഡിസൈനുകളുടെ ഇടപെടലില്ല. ആരോടും വിധേയയല്ലവൾ. അതുകൊണ്ടാണ് അവളുടെ എല്ലാ ചെയ്തികൾക്കും അവൾ തന്നെ ഉത്തരവാദിയായി ഇരിക്കുന്നത്. അവൾ തന്നെ അത് തിരുത്തേണ്ടി വരുന്നത് അതുകൊണ്ടാണ്. താരതമ്യേന സ്വതന്ത്രയായ സ്ത്രീ സ്വതന്ത്രമായി നടത്തുന്ന നോട്ടമാണ് ഈ പടത്തിലെ പെൺ നോട്ടം. അതു പെണ്ണ് തന്നെത്താൻ നോക്കിത്തിരുത്തി നന്നായി വരുന്നവരല്ല. ഏതാളിനും അങ്ങനെ താൻനോട്ടവും തിരുത്തലും ആവാം. അപരരെ നോക്കലും വിധിക്കലുമെന്ന പൊതുശീലത്തെ തിരുത്തലാണിത്. ലവബിൾ ലിംഗാതീതമായ താൻനോട്ടമാണ്. അതൊരു സംവിധായികയുടെ പെൺ നോട്ടമാണ്.