മേഖല ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ (RIFFK) കോഴിക്കോട് പ്രദർശിപ്പിച്ച രണ്ടു സിനിമകളാണ് മരിയാന വൈൻ സ്റ്റൈൻ സംവിധാനം ചെയ്ത ആദ്യ ഫീച്ചർ സിനിമ ലിൻഡ, അസ്‌ലി ഓസ്ലാസറാന്റെ ആദ്യ ഫീച്ചർ സിനിമ എൽബോ. സ്ത്രീകളുടെ സംവിധാന കർതൃത്ത്വത്തിൽ പിറവികൊണ്ടതുകൊണ്ട് ഇവ ഇന്ത്യയിലെ സ്ത്രീസംവിധായകരുടെ സിനിമകൾ പോലെ ഏകമുഖമായ സ്ത്രീപക്ഷരാഷ്ട്രീയ സിനിമകൾ മാത്രമായി ഒതുങ്ങുന്നില്ല. ലോകത്തെ അപ്പാടെ വരച്ചിടുന്ന സിനിമകളായാണ് ആവിഷ്കരിച്ചിരിക്കുന്നത്.
എൽബോ യൂറോപ്പിൽ ജീവിക്കുന്ന തുർക്കി വംശജരായ സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക- ജനാധിപത്യ- മാനുഷിക ചോയ്സുകളുടെ രാഷ്ട്രീയാവസ്ഥ ചിത്രീകരിക്കുന്നു. തുർക്കി ഇന്നും യൂറോപ്പിനൊപ്പം ചേരാനാഗ്രഹിക്കുന്ന രാജ്യമാണ്. യൂറോപ്യൻ സ്വപ്നങ്ങളെ ചേർത്ത് യുറോപ്പിലേക്കു കുടിയേറിയ തുർക്കി വംശജരായ സ്ത്രീകൾ അവരുടെ ജീവിതം നിറംപിടിപ്പിക്കുന്ന സിനിമയാണ്.
ലിൻഡ യൂറോപ്പിൽ രണ്ടു ക്ലാസുകളുടെ ചോയ്സുകളും അഭിരുചികളും പൗരത്വത്തിനും എത്‌നിസിറ്റിക്കുമിടയിൽ സംഘർഷഭരിതമാകുന്ന ജീവിതത്തെ ആവിഷ്കരിക്കുന്ന ചിത്രമാണ്.

എൽബോ കൈകാര്യം ചെയ്യുന്നത് യൂറോപ്യൻ യൂണിയനോട് ഒട്ടിനിൽക്കാൻ കൊതിയുള്ള തുർക്കിയുടെ വസന്തസ്വപ്നങ്ങളാണ്. എന്നാൽ യൂറോപ്പിൽ അവരുടെ സ്ത്രീകൾ നേരിടുന്ന വംശീയ വെറികൾ, റേപ്പ് ട്രോമകൾ ദുസ്സഹമാണ്.
18 വയസുള്ള ഹസൽ (മെലിയ കാറ / നടി ബർലിൻ ) നായിക കഥാപാത്രം യൂറോപ്പിലെ പോപ്പ് ഗായികയാകാൻ കൊതിക്കുന്നവളാണ്. യൂറോപ്പിലാണെങ്കിലും മുസ്ലീം യാഥാസ്ഥിതികബോധങ്ങൾ കുടുംബത്തെ വിട്ടുപോയിട്ടില്ല. അവളുടെ സ്വപ്നങ്ങൾക്ക് അത് തടസമായി. എങ്കിലും അവൾ സ്വപ്നങ്ങളെ പിന്തുടർന്നു.
ഹസൽ ബർലിനിലെ ടെക്നോ പാർട്ടിയിൽ 18-ാം ജന്മദിനമാഘോഷിക്കാൻ പുറത്തിറങ്ങുന്നു. അത് ക്ഷണിക്കപ്പെട്ട യൂറോപ്യൻസിന്റെ രാത്രിപാർട്ടി ആഘോഷങ്ങൾ നടക്കുന്ന ക്ലബ്ബായിരുന്നു. ഹസൽ അടക്കം മൂന്നുപേരെയും അകത്തു പ്രവേശിപ്പിക്കുന്നില്ല. അവളുടെ പിറന്നാളാഘോഷവും ഒപ്പം യൂറോപ്പിലെ പ്രതീക്ഷകളും സ്വപ്നങ്ങളും തകർന്നു. അവർ നിരാശരായി തളർന്ന് നടന്ന് റെയിൽവേ സ്റ്റേഷനിലെത്തി. തുർക്കി വംശജരായ അവരെ ആ രാത്രി സമയത്ത് കണ്ട യൂറോപ്യനായ ചെറുപ്പക്കാരൻ അവരെ ലൈംഗികതക്ക് സമീപിച്ചു. ഹസൽ നല്ല കായികബലമുള്ള പെൺകുട്ടിയാണ്. അവൾ അയാളെ കായികമായി നേരിട്ടു. അവളുടെ കലിപ്പുമുഴുവൻ അയാളോട് തീർത്തു. ചവിട്ടിക്കൂട്ടി റെയിവേട്രാക്കിലേക്ക് എറിഞ്ഞു.
ആ കുറ്റകൃത്യത്തിന്റെ ഭാഗമായ അവൾ ഇസ്താംബൂളിൽ കാമുകന്റെയടുത്തേക്ക് പാലായനം ചെയ്തു. ഇസ്താംബൂളലെത്തുമ്പോൾ കുർദ് രാഷ്ട്രീയം എത്ര രൂക്ഷമാണെന്നവൾ തിരിച്ചറിയുന്നു. സ്വന്തം നാട്ടിലും പ്രശ്നങ്ങളിൽ പെട്ട് പോലീസിന്റെ അടിവാങ്ങി. അവളെ ആത്മാഭിമാനക്ഷതവും അരക്ഷിതാവസ്ഥയും പിന്തുടർന്ന് വേട്ടയാടി.

കുറ്റകൃത്യം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതറിഞ്ഞ അവൾ തിരിച്ച് ബർലിനിലേക്ക് തിരിക്കാൻ നിർബ്ബന്ധിതയാകുന്നു. തന്റെ ചോയ്സുകൾക്ക് ബർലിനിൽ പുല്ലുവിലയാണെന്ന തിരിച്ചറിവും വിറളിപിടിപ്പിക്കുന്ന വിദേശി വിദ്വേഷഭയവും (Xenophobia) അവളെ അസ്വസ്ഥയാക്കുന്നുണ്ട്. യൂറോപ്പിൽ തുർക്കി വംശജയായ ഹസലിന് പരമാവധി കാണാവുന്ന സ്വപ്നങ്ങളായിരുന്നു വേശ്യ, ക്യാഷ്യർ, വെയ്റ്ററസ്. അതില്ലാതെ മറ്റൊരു ഭാവി സ്വപ്നം കാണുന്ന അവൾക്ക് അതുമാത്രമാണ് അവളെപ്പോലൊരു അഭയാർത്ഥിക്ക് തിരഞ്ഞെടുക്കാൻ സാധിക്കൂ (Choice ) എന്നു ബോധ്യപ്പെടുന്നു. അവൾ ചെയ്തുപോയ കുറ്റകൃത്യത്തെ ഓർത്തു, അവൾക്ക് യാതൊരു കുറ്റബോധവുമില്ലെന്ന് തുറന്നടിക്കുന്നു. ഹസലിന്റെ ചോയ്സുകൾക്കുവേണ്ടിയുള്ള പോരാട്ടമാണ് എൽബോ എന്ന സിനിമ. ഫതുമ ഐദറിന്റെ ജനപ്രിയ നോവലിന്റെ അഡാപ്റ്റേഷനാണ് എൽബോ.
ലിൻഡയിൽ യൂറോപ്പിലെ രണ്ടു ക്ലാസുകളുടെ വ്യക്തമായ അസ്വസ്ഥതകളാണ് / സംഘർഷങ്ങളാണ് ദൃശ്യവൽക്കരിക്കുന്നത്, മനോഹരമായ ക്യാമറ ആംഗിളുകളിലൂടെ അഴിയുന്നത്.
യൂറോപ്പിലെ അർജന്റെൻ സൊസൈറ്റിയിലെ ജീവിതത്തിലെ (പൗരത്വത്തെക്കാൾ കുടിയേറ്റക്കാരുള്ളതുകൊണ്ട് എത് നിസിറ്റിക്ക് പ്രാധാന്യമുള്ള സമൂഹം) അസ്വസ്ഥതകളും ആവർത്തന വിരസവുമായ ചെടിപ്പുകളുമാണ് സിനിമയുടെ പ്ലോട്ട്.
ഹൗസ്മെയ്ഡ് ജോലിക്കെത്തുന്ന ലിൻഡ (മരിയ യുജീനിയ സുവാരസ് റിവേറോ അഥവാ ചൈന സുവാരസ് / ലാ ചൈന നടി അർജന്റീന) സമ്പന്ന കുടുംബത്തിലെ അംഗങ്ങളോട് അവളുടെ ലൈംഗിക ചോയ്സ് തുറന്നുപറയുമ്പോൾ അവളുടെ ചോയ്സുകൾക്ക് വ്യക്തത വരുന്നു. ബ്യൂണസ് ഐറിസിലെ സമ്പന്ന കുടുംബത്തിലാണ് അവൾ ജോലിക്കെത്തുന്നത്. അവളുടെ സൗന്ദര്യസാന്നിധ്യം സമ്പന്നസമൃദ്ധവും പ്രൗഢിയുമുള്ള ആഢംബര ജീവിതം ജീവിക്കുന്ന കുംടുബത്തെ ലൈംഗികാസക്തിയിൽ ജ്വലിപ്പിച്ച്, അവരുടെ ദുർബലതകളെ തുറന്നിടുന്നു. ലിൻഡ സങ്കീർണ്ണവും വൈരുദ്ധ്യവുമുള്ള കഥാപാത്രമാണ്. കഥാപത്ര സൃഷ്ടികളിലെ മറ്റു ലയറുകളും സങ്കീർണ്ണമാണ്. നോട്ട- ഭാവ- വികാരങ്ങളിലൂടെ വ്യവസ്ഥിതികളെ അതിസൂക്ഷ്മമായി വിറപ്പിച്ച്, പ്രേക്ഷകരിലേക്ക് അതിന്റെ ടെൻഷൻ സിനിമ കയറ്റുന്നുണ്ട്. സമൂഹത്തിന്റെ രൂപകമാണ് സിനിമ.
പാട്രിയാർക്കി ഗൃഹനാഥന്റെ ലൈംഗികനോട്ടങ്ങളോടും തത്പര സമീപനത്തോടും അവളുടെ നിസംഗ്ഗഭാവം മാത്രമാണ് പ്രതികരണം. ലിൻഡയുടെ ചോയ്സ് അയാളുടെ ഭാര്യയാണെന്ന് അയാൾക്ക് വ്യക്തമാകുന്ന രംഗം, ഇന്ത്യൻ പാട്രിയാർക്കി സമൂഹത്തിലനേല്ക്കുന്ന ശക്തമായ പ്രഹരമാണ്.
സ്ത്രീകളുടെ ശരീരത്തെ അവരെങ്ങനെ കാണുന്നു എന്നും അമർത്തിയടക്കിയ ആഗ്രഹങ്ങളും സൂക്ഷ്മഭാവങ്ങളും തുടങ്ങി വ്യക്തിചോദനകൾ വരെ ഫാമിലി എന്ന ബിൽഡിങ് ബ്ലോക്കിൽ നിർത്തി സമൂഹം എങ്ങനെ പകർത്തുന്നു എന്നും സംവിധായി ക മനോഹരമായി ദൃശ്യപ്പെടുത്തുന്നുണ്ട്.
രണ്ടു സിനിമകളിലും മുൻവിധികളുടെ സാമൂഹികവും ലിംഗപരവുമായ രാഷ്ട്രീയ അസമത്വങ്ങൾ, സ്ത്രീകളുടെ കാമനകൾ തുടങ്ങി പാട്രിയാർക്കി സമൂഹത്തിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ ഹിംസകളെ ചെടിപ്പില്ലാതെ, അനായാസം, സസ്പെൻസ് ത്രില്ലർ എറോട്ടിക് മൂഡിൽ യാതൊരു മുദ്രാവാക്യങ്ങളുമില്ലാതെ കഥാപാത്രങ്ങളുടെ പേഴ്സ്പെക്ടീവിലൂടെ, തെളിച്ചത്തോടെ അവതരിപ്പിച്ചിരിക്കുന്നു. ( ഇന്ത്യൻ സിനിമയിൽ ഇതെല്ലാം പഠിപ്പിച്ചു ക്ലാസെടുത്തും വെറുപ്പിക്കാറുണ്ട്)
രണ്ടു സ്ത്രീസംവിധായകരുടെ ഈ ആദ്യ സംരംഭങ്ങൾ കാഴ്ചക്ക് തട്ടുകേടില്ലാത്ത വഴക്കവും സൗന്ദര്യവും രാഷ്ട്രീയ വ്യക്തതയുമുള്ള രണ്ടു സിനിമകൾ കൂടിയാണ്.

അർജന്റീന വംശജയായ മരിയാന വൈൻ സ്റ്റൈൻ സ്ക്രീൻ റൈറ്റിംഗിൽ 2003 - 2006 ബ്യൂനസ് ഐറിസ് യൂണിവേഴ്സിറ്റിയിൽ പഠിക്കുകയും ഫ്രാൻസിസ് കപ്പോളയുടെ ടെട്രോ (2009) എന്ന സിനിമയിലും ഹെക്ടർ ഒലിവെറയുടെ ദ മ്യൂറൽ (2010) എന്ന ചിത്രത്തിലും അസിസ്റ്റന്റായി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഹ്രസ്വചിത്രവും വെബ് സീരീസും സംവിധാനം ചെയ്തിട്ടുണ്ട്.
അസ്‌ലി ഓസ്ലാസറാൻ ബർലിനിൽ പിറന്ന്, ബെയ്റൂട്ട് യൂണിവേഴ്സിറ്റിയിൽ തിയറ്ററും മീഡിയ സ്റ്റഡീസും പഠിച്ച്, സോർബോൺ യൂനിവേഴ്സിറ്റിയിൽ നിന്ന് ഫിലോസഫിയും സോഷ്യോളജിയും പൂർത്തിയാക്കി. സിനിമാപഠനം ബെയ്ദൻ വൂർട്ടംബെർഗിൽനിന്ന് പൂർത്തിയാക്കി. കരുത്തുള്ള അക്കാദമിക് പശ്ചാത്തലത്തോടുകൂടിയാണ് സിനിമ ചെയ്യാനിറ ങ്ങിയത്. രണ്ടു ഡോക്യുമെന്ററികൾ ദിൽ ലെയ്ല, ഐലന്റ് 36 ദേശീയ അന്തർദേശീയ ശ്രദ്ധനേടി. അസ്‌ലിയുടെ സംവിധാനരീതി സാമൂഹിക- രാഷ്ട്രീയ ഒളിഞ്ഞുനോട്ടങ്ങളെ ചിത്രീകരിക്കുന്നതിലല്ല, മറിച്ച് മനുഷ്യാനുഭവങ്ങളെ, സാമൂഹിക വെല്ലുവിളികളെ നേർക്കുനേർ നേരിടുന്നതിലും അവതരിപ്പിക്കുന്നതിലുമാണ്.
