LJPക്കെതിരെ വാൾ വീശുന്നവരോട്
സിനിമയെക്കുറിച്ച് ചില കാര്യങ്ങൾ…

‘‘ഉത്തരവാദിത്തമില്ലാതെ, ഒരു സിനിമയെ, അതിന്റെ പിന്നിലുള്ള പ്രയത്നങ്ങളെ, പ്രതീക്ഷകളെ, ലക്ഷ്യങ്ങളെ ഒക്കെ പുച്ഛിച്ചു തള്ളുമ്പോൾ തകരുന്നത് നമ്മുടെ തന്നെ സിനിമയുടെ മുന്നോട്ടുള്ള പാതയാണ്. സിനിമയിൽ പുതിയ രുചിക്കൂട്ടുകൾ ഉണ്ടാക്കുവാൻ സംവിധായകർ അധൈര്യപ്പെടുന്ന നിലയിലേക്ക് സിനിമയെ തളയ്ക്കുവാനേ ഉത്തവാദിത്ത ബോധമില്ലാത്ത റിവ്യൂകൾ കൊണ്ട് സാധിക്കൂ.’’

ലൈക്കോട്ടൈ വാലിബന്റെ ഇന്നലെ രാത്രി 10 മണിക്കുള്ള ഷോ കഴിഞ്ഞുവന്നുടനേയാണ് ഇതെ എഴുതുന്നത്. ഉടനടി ഒരു റിവ്യൂ എഴുതാൻ രണ്ട് കാരണങ്ങളുണ്ട്.
ഒന്ന്: സിനിമ കണ്ടതിന്റെ എക്സൈറ്റ്മെന്റ്.
രണ്ട്: ഈ സിനിമയെപ്പറ്റി മോശം റിവ്യൂകൾ ഇടുന്നവരോടുള്ള അമർഷം.

10 മണിക്കുള്ള ഷോ തന്നെ തിരഞ്ഞെടുക്കാൻ കാരണമുണ്ട്. എന്റെ ഒരു സുഹൃത്ത് റിവ്യൂ ഇട്ടത് ‘ഈ സിനിമ കണ്ടാൽ ഉറങ്ങിപ്പോകും’ എന്നാണ്. എങ്കിൽ അതൊന്ന് കണ്ടറിയണമല്ലോ എന്നുതന്നെ തീരുമാനിച്ചു. 12 മണിയോടെ ഉറക്കമാകുന്ന എന്റെ കണ്ണുകൾ 1.30 am വരെ ദൈർഘ്യമുള്ള സിനിമ കണ്ടുകൊണ്ടിരിക്കുമോ എന്ന് അറിയേണ്ടതുണ്ടായിരുന്നു. എന്നാൽ, പടം തുടങ്ങി അല്പസമയത്തിനുള്ളിൽ മനസ്സിലായി, ലിജോ ആന്റ് ടീമിന്റെ ഒരു നല്ല സിനിമയാണ് മലൈക്കോട്ടൈ വാലിബൻ.

എന്റെ കണ്ണുകൾ കാലങ്ങൾക്കുശേഷം ഉത്സാഹത്തോടെ, കുളിന്നുകുളിർന്ന് കണ്ടൊരു സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. ഓരോ ഫ്രെയിമും വളരെ സൂക്ഷ്മതയോടെയും പെർഫെക്ഷനോടെയും വ്യത്യസ്തതയോടെയും ചെയ്തിരിക്കുന്നു. അത്യന്തം സുന്ദരമായ സിനിമാറ്റിക് അനുഭവവും അതിനേക്കാൾ സുന്ദരമായ തിയേട്രിക്കൽ അനുഭവവും സമ്മാനിച്ചുകൊണ്ടാണ് സിനിമ മുന്നേറുന്നത്.

ഞാൻ സൊൾറത് നിജം.
നെഗറ്റീവൻസ് സൊൾറത് പൊയ്.

നാടോടിയായ വാലിബൻ ഓരോ ദേശത്തിലൂടെയും ഓരോ ഋതുക്കളിലൂടെയും ഓരോ നിറങ്ങളിലൂടെയും കടന്നുപോകുന്നു. അയാൾ ദേശങ്ങൾക്ക് കാവലാളാവുകയും രാഷ്ട്രീയ കലാപങ്ങളിൽ നായകനാവുകയും ചെയ്യുന്നു. ഓരോ ഇടങ്ങളിലും ഓരോ സമയങ്ങളിലും വാലിബന് ഓരോ കഥ പറയാനുണ്ട്. അപ്പോഴും ചില കഥാപാത്രങ്ങൾ തുടക്കത്തിലെ ഒരു കഥയിൽ നിന്ന് മറ്റു കഥകളിലേക്കും കടന്നുകയറി ജീവിക്കുന്നു.

‘കഥ തുടങ്ങിയിടത്തുതന്നെ നിൽക്കുന്നു’ എന്നെല്ലാം റിവ്യൂ എഴുതുന്നവർ ഒരു സിനിമയെ മനസ്സിലാക്കാനോ ആസ്വദിക്കാനോ കെൽപ്പില്ലാത്തവരാണെന്നു തോന്നുന്നു. അതല്ലെങ്കിൽ അവർക്ക് മറ്റെന്തെങ്കിലും ലക്ഷ്യം കണ്ടേക്കാം.

ഉത്തരവാദിത്തമില്ലാതെ, ഒരു സിനിമയെ, അതിന്റെ പിന്നിലുള്ള പ്രയത്നങ്ങളെ, പ്രതീക്ഷകളെ, ലക്ഷ്യങ്ങളെ ഒക്കെ പുച്ഛിച്ചുതള്ളുമ്പോൾ തകരുന്നത് നമ്മുടെ തന്നെ സിനിമയുടെ മുന്നോട്ടുള്ള പാതയാണ്. സിനിമയിൽ പുതിയ രുചിക്കൂട്ടുകൾ ഉണ്ടാക്കുവാൻ സംവിധായകർ അധൈര്യപ്പെടുന്ന നിലയിലേക്ക് സിനിമയെ തളയ്ക്കുവാനേ ഉത്തവാദിത്തബോധമില്ലാത്ത റിവ്യൂകൾ കൊണ്ട് സാധിക്കൂ.

വാലിബന് ഭക്ഷണം വിളമ്പുന്നതുപോലെ ഒരു ഭീമൻ തളികയിൽ എന്തൊക്കെ വിഭവങ്ങളാണ് ലിജോ ഒരുക്കിയിരിക്കുന്നത്! ദൃശ്യഭംഗികളുടെ ഒരു ഉത്സവമാണ് മൊത്തത്തിൽ. പ്രകൃതിയുടെ ഭംഗി, ഗ്രാമങ്ങളുടെ ഭംഗി, കോട്ടകളുടെ ഭംഗി, തെരുവുകളുടെ ഭംഗി, ഇടനാഴികളുടെ ഭംഗി, ഉത്സവത്തിന്റെ, പൂക്കളുടെ, വസ്ത്രങ്ങളുടെ, പോരിന്റെ, യുദ്ധത്തിന്റെ, പ്രണയത്തിന്റെ, വഴികളുടെ എല്ലാം ഭംഗി. എല്ലാറ്റിനും പുറമേ, മനുഷ്യരുടെ ഭംഗി. അവരുടെ കണ്ണിന്റെ, മൂക്കിന്റെ, നിറത്തിന്റെ, പല്ലുകളുടെ, ശരീരവടിവുകളുടെ, ചലനങ്ങളുടെ എല്ലാം ഭംഗി. അവരുടെ മോഹങ്ങളുടേയും മോഹഭംഗങ്ങളുടേയും ചതിയുടേയും നിഗൂഢതകളുടേയും ഭംഗി. എല്ലാം ഭംഗിയായിത്തന്നെ ലിജോ വിളമ്പിയിരിക്കുന്നു.

അങ്ങനെയെങ്കിൽ, പി. എസ്‌. റഫീഖിന്റെ തിരക്കഥ എത്ര നന്നായിരിക്കണം! വിഷ്വലിന് പ്രാധാന്യമുള്ളൊരു സിനിമയ്ക്കും തിരക്കഥ വേണ്ടതുണ്ട് എന്ന് അറിയാതെയാണോ നെഗറ്റീവൻസ് തിരക്കഥയെ കുറ്റം പറയുന്നത്? ചിത്രത്തിലെ ഓരോ രംഗങ്ങളേയും കൺസീവ് ചെയ്ത് പകർത്താൻ അപാരമായ ഭാവനാശേഷിയും രചനാവൈഭവവും വേണം. പി. എസ്‌. റഫീക്ക് അത് ഒരിക്കൽക്കൂടി പ്രദർശിപ്പിച്ചിരിക്കുന്നു. കഥയിൽ ചുറ്റിത്തിരിവുകളും ട്വിസ്റ്റുകളും വലുതായി ഇല്ലാത്തത് ട്വിസ്റ്റ് ആരാധകരായ പ്രേക്ഷകരെ ചൊടിപ്പിച്ചൊട്ടുണ്ടാവും. അത്തരം ആരാധകർ പൊയ്! റഫീക്ക് നിജം!

പി. എസ്‌. റഫീഖ്

ഈ സിനിമ മലയാളം സംസാരിക്കുന്നുവെങ്കിലും മലയാളത്തിന്റേതായ ചിഹ്നങ്ങളൊന്നും പ്രദർശിപ്പിക്കുന്നില്ല. ഭാഷയുടെ ഉപയോഗം പോലും വ്യത്യസ്തമാണ്. ശൈലീപരമായ പുതുമയോടൊപ്പം അത് ദൂരെ നിന്നും അടുത്തുനിന്നും ആരവങ്ങളിൽ നിന്നുമെല്ലാം നമ്മെ തൊടുന്നു. പാട്ടുകളും ബാക്ക് ഗ്രൗണ്ട് സ്കോറുകളും ത്രില്ലടിപ്പിക്കുന്നവയാണ്. സ്ലോ മോഷനുകൾ കൃത്യമായി ഉപയോഗിച്ചിരിക്കുന്നു.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഇറങ്ങുന്ന റിവ്യൂകളിൽ വിശ്വസിച്ച് ഈ സിനിമ കാണാതെയിരുന്നെങ്കിൽ വലിയ നഷ്ടമാകുമായിരുന്നു. സിനിമയുടെ ക്യാമറയും വിഷ്വൽ എഫക്ടുകളും ശബ്ദവിന്യാസങ്ങളും ഒന്നിനൊന്ന് മെച്ചമാകയാൽ തിയേറ്ററിലെ അനുഭൂതി മറ്റെങ്ങും കിട്ടാൻ പോകുന്നില്ല.

എൽ ജെ പിയുടെ ശൈലി ആവർത്തിച്ചിരിക്കുന്നു എന്നൊരു വിമർശനമാണ് മറ്റൊന്ന്. ഒന്നിനൊന്ന് വ്യത്യസ്തമായ പ്രമേയങ്ങളും രീതികളും അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ വല്ലപ്പോഴും കടന്നുവരുന്ന ചില്ലറ സാമ്യങ്ങളെ മുൻ നിർത്തിയാണ് ഈ വിമർശം. ദശകങ്ങളായി ഒരേ ഭാവത്തിലും മാനറിസങ്ങളിലും അഭിനയിക്കുന്ന നടന്മാരെ കണ്ടുമടുക്കാത്ത മലയാളിയാണ് LJP ക്കെതിരെ വാളോങ്ങുന്നത് എന്നതാണ് ഇതിലെ മറ്റൊരു വിരോധാഭാസം. അല്ലെങ്കിൽ ത്തന്നെ, ഒരു സംവിധായകന് ഒരു ശൈലി ഉണ്ടാകുന്നതിൽ എന്താണ് തെറ്റ്? LJP- യുടെ സിനിമ കാണാനല്ലേ നിങ്ങൾ പോകുന്നത്. ആ സിനിമയിൽ അദ്ദേഹം ഇല്ലെങ്കിലല്ലേ വിമർശിക്കേണ്ടത്?

ഈ പറഞ്ഞതെല്ലാം നിജം. മറ്റതെല്ലാം പൊയ്!


ഷഫീക്ക് മുസ്തഫ

കഥാകൃത്ത്​. കുവൈത്തിലും യു.എ.ഇയിലും രണ്ടു പതിറ്റാണ്ട്​ പ്രവാസ ജീവിതം. വിവിധ കമ്പനികളിൽ ഫയർ ഫൈറ്റിംഗ്​ സിസ്​റ്റം ഡിസൈൻ എഞ്ചിനീയറായി ജോലി ചെയ്​തു. കോവിഡ്​കാല പ്രതിസന്ധികൾക്കിടെ നാട്ടിൽ തിരിച്ചെത്തി

Comments