Maadathy, an unfairy tale ദൈവത്തിലേക്ക് പ്രതിഷ്ഠിക്കാനാകാത്ത പെണ്മ

ജാതി മാത്രമല്ല, ആണധികാരവും പാരമ്പര്യങ്ങളും കുടുംബവ്യവസ്ഥയും സ്ത്രീക്കുമേൽ നടത്തുന്ന ആക്രമണങ്ങളോടുള്ള ചെറുത്തുനിൽപാണ് ലീന മണിമേഖലയുടെ 'മാടത്തി' എന്ന സിനിമ. ജാതി-ലിംഗ വിവേചനങ്ങളെ മിത്ത് എന്ന അഭൗമ സങ്കൽപ്പത്തിലേക്ക് ചുരുക്കി, പൊതുബോധത്തിനിണങ്ങുന്ന ദേവതാസങ്കൽപമാക്കുന്ന അരാഷ്ട്രീയക്ക് ഒരു തിരുത്തുകൂടിയാണ് ഈ ചിത്രം. വ്യത്യസ്തമായ സിനിമ എന്ന നിലയ്ക്കുമാത്രമല്ല, അതിന്റെ നിർമാണവുമായും ബന്ധപ്പെട്ട് വേറിട്ട പരീക്ഷണവും പാഠവും 'മാടത്തി' അവശേഷിപ്പിക്കുന്നു

ന്ത്യയെ സംബന്ധിച്ച ഏറ്റവും ക്രൂര യാഥാർഥ്യം ജാതിയല്ലാതെ മറ്റൊന്നുമല്ല എന്ന വാസ്തവത്തിലേക്ക് കണ്ണുതുറന്നിരിക്കുന്ന ദിവസങ്ങളിൽ ഒന്നാണിത്; ഉത്തർപ്രദേശിലെ ഹാഥ്‌റസിൽ അമ്മയോടൊപ്പം പാടത്ത് പുല്ലുപറിക്കാൻ പോയ ഒരു പെൺകുട്ടിയെ മേലാളരാക്കപ്പെട്ടവരും ഭരണകൂടവും ചേർന്ന് കൊന്ന് പെട്രോളൊഴിച്ച് കത്തിച്ചുകളഞ്ഞതിന്റെ രോഷവും വേദനയും അടക്കാൻ കഴിയാത്ത ഒരു സന്ദർഭത്തിലാണ്, ലീന മണിമേഖലയുടെ ‘മാടത്തി' (Maadathy, an unfairy tale) എന്ന സിനിമ കാണുന്നത്. ഒരു സിനിമ കാഴ്ചയിലേക്കു വരുന്ന അതേ സന്ദർഭത്താൽതന്നെ ആ സിനിമ കൃത്യമായി വിശദീകരിക്കപ്പെടുന്നു എന്നത്, കലയുടെ മാത്രമല്ല, സാമൂഹികയാഥാർഥ്യമായും ബന്ധപ്പെട്ട സവിശേഷ അനുഭവമായി മാറുന്നു.

തെക്കൻ തമിഴ്‌നാട്ടിലെ തിരുനൽവേലി ഭാഗത്ത് കഴിഞ്ഞുകൂടുന്ന ദളിതരിലെ ദളിതരെന്ന് വിശേഷിപ്പിക്കപ്പെടുന്ന പുതിരൈ വണ്ണാർ സമുദായത്തിന്റെ ജീവിതമാണ് ‘മാടത്തി’യുടെ പ്രമേയം. അഴുക്കുതുണി കഴുകിക്കൊടുക്കുന്ന വിഭാഗമാണിവർ. ശവം പൊതിഞ്ഞ തുണിയലക്കിയും മേലാളസ്ത്രീകളുടെ ആർത്തവത്തുണികൾ കഴുകിക്കൊടുത്തുമാണ് ജീവിതം.

തുണി വൃത്തിയാക്കുന്ന പണിയാണെങ്കിലും ഇവർ അശുദ്ധരാക്കപ്പെട്ടവരാണ്. മറ്റുള്ളവരുടെ കാഴ്ചയിൽ പോലും പെടാൻ പാടില്ല, ഗ്രാമീണരിൽനിന്ന് സദാ അദൃശ്യരായി കഴിയണം. ഡോ. ബി.ആർ. അംബേദ്കറിന്റെ കൃതിയിൽ ഇവരെക്കുറിച്ച് പരാമർശമുണ്ട്. അന്നത്തെ അതേ അവസ്ഥയിലാണ് ഇന്നും ഈ സമുദായം ജീവിക്കുന്നത് എന്ന അറിവിൽനിന്നാണ് ലീന മണിമേഖല ഈ സമുദായത്തെക്കുറിച്ച്​ അന്വേഷണം തുടങ്ങുന്നത്.

പുതിരൈ വണ്ണാർ സമുദായത്തിലെ ആദ്യ തലമുറയിലെ ബിരുദധാരിയായ മൂർത്തി അയ്യക്കൊപ്പം താമസിച്ച്, നിരവധി ഗ്രാമങ്ങൾ സന്ദർശിച്ച് അവരുമായി സംസാരിച്ചതിന്റെ അനുഭവത്തിലൂടെയാണ് ലീന ചിത്രത്തിലെ ഓരോ കഥാപാത്രത്തിനും ചോരയും നീരും നൽകിയത്. മേൽജാതിക്കാരായ സ്ത്രീകളുടെ ആർത്തവത്തുണി നിർബന്ധപൂർവം കഴുകേണ്ടിവരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ ആ സമുദായത്തിലെ ഒരു മുത്തശ്ശി ലീനയോട് പറഞ്ഞതിങ്ങനെ; ‘ഞങ്ങൾ ഞങ്ങളുടെ മക്കളുടെ തുണി അലക്കുന്നില്ലേ?'.

മിത്തിനെ ഭേദിക്കുന്ന മാടത്തി

കീഴാള ദേവതാസങ്കൽപമാണ് ‘മാടത്തി'. എന്നാൽ, ജാതി മാത്രമല്ല, ആണധികാരവും പാരമ്പര്യങ്ങളും കുടുംബവ്യവസ്ഥയും സ്ത്രീക്കുമേൽ നടത്തുന്ന ആക്രമണങ്ങളോടുള്ള ചെറുത്തുനിൽപ് എന്ന നിലക്കാണ് ലീന തന്റെ മാടത്തിയെ പുനരാവിഷ്‌കരിക്കുന്നത്. അതുകൊണ്ട്, മിത്തിക്കൽ എന്ന സാമാന്യസങ്കൽപത്തെ ഭേദിച്ച്, ഈ മാടത്തി സാമൂഹിക യാഥാർഥ്യത്തെ വിശദീകരിക്കാൻ തക്ക ബലം നേടുന്നു. ജാതി-ലിംഗ വിവേചനങ്ങളെ മിത്ത് എന്ന അഭൗമ സങ്കൽപ്പത്തിലേക്ക് ചുരുക്കി, പൊതുബോധത്തിനിണങ്ങുന്ന ദേവതാസങ്കൽപമാക്കുന്ന അരാഷ്ട്രീയക്ക് ഒരു തിരുത്തുകൂടിയാണ് ഈ ചിത്രം. (സമകാലിക ഇന്ത്യൻ സിനിമയിൽ, തമിഴ് സിനിമയാണ് ജാതിയെ കൃത്യമായി അഡ്രസുചെയ്യുന്നത് എന്നുകൂടി ഓർക്കാം). മാടത്തി, കീഴാളത്തിയാക്കപ്പെട്ട പെണ്മയാണ്, അത് ഒരു ദൈവമല്ല. ഒരു ദൈവത്തിലേക്കും പ്രതിഷ്ഠിക്കപ്പെടാനാകാത്ത, ദൈവത്തിലേക്ക് ചുരുക്കാനാകാത്ത പെണ്മയാണ്​.

വിലക്കപ്പെട്ട കാഴ്ചകൾ കാണുന്ന പെണ്ണ്​

ഗ്രാമത്തിൽനിന്നകലെയുള്ള മലമുകളിലാണ് പന്നീറും വേണിയും കൗമാരക്കാരിയായ മകൾ യോസനയും താമസിക്കുന്നത്. അവർ അദൃശ്യരായി കഴിയേണ്ടവരാണ്, അവരുടെ ദൃഷ്ടി പതിയുന്നവർ അശുദ്ധരായിത്തീരും. അതുകൊണ്ട്, ഗ്രാമത്തിൽനിന്ന് അകലെ നദിക്കക്കരെ അവരെ കെട്ടിയിട്ടിരിക്കുകയാണെന്നുപറയാം. നദി കടന്ന് ഗ്രാമത്തിലേക്കുപോകാൻ അവർക്ക് അവകാശമില്ല. ബന്ധുക്കളിൽ ആരുടെയെങ്കിലും മരണവാർത്ത അറിയുമ്പോൾ മാത്രമാണ് അവർക്ക് നദി കടക്കാനാകുക.

മൂന്നുപേരുടെയും ലോകങ്ങൾ വ്യത്യസ്തങ്ങളാണ്. പന്നീർ, കീഴാളനെങ്കിലും ഒരു ആണിന് അനുവദിച്ചുകൊടുക്കപ്പെട്ട ഇടങ്ങളിലൂടെ അയാൾ സഞ്ചരിക്കുന്നുണ്ട്. അയാൾ കൂട്ടുകാർക്കൊപ്പം കൂടുകയും മദ്യപിക്കുകയും തന്റെ പെണ്ണിന്റെ ശരീരം അനുഭവിക്കുകയും ചെയ്യുന്നു. എന്നാൽ, വേണി മുഷിഞ്ഞുനാറിയ ഒരു തുണിക്കഷണമാണ്. അവർക്ക് എവിടെയും അഭയമില്ല, മകളെ ഓർത്ത് അവർ തീ തിന്നു കഴിയുന്നു. ഏതുസമയത്തും ആക്രമിക്കാൻ തക്കം പാർത്തിരിക്കുന്ന എന്തോ ഒന്നിനെ സദാ പേടിച്ചുനടക്കുകയാണ് അവർ. പന്നീറിനെ മദ്യപിച്ചുകിടത്തി തന്നെ ലൈംഗികമായി ആക്രമിച്ച ആണിനോടുള്ള രോഷം അവൾ തീർക്കുന്നത്, മുഷിഞ്ഞ തുണി കല്ലിലിട്ട് കീറും വരെ അടിച്ചുകൊണ്ടാണ്. പെണ്ണായി പിറന്നതിനാൽ കഴുത്തുഞെരിച്ച് കൊല്ലപ്പെടേണ്ടവളായിരുന്നു യോസനയെന്ന് വേണി മകൾക്ക് പറഞ്ഞുകൊടുക്കുന്നുണ്ട്.

'മാടത്തി' യുടെ കവർ

എന്നാൽ, യോസന സ്വന്തമായി ഒരു പ്രതിജീവിതം കണ്ടെത്തി അടിച്ചേൽപ്പിക്കപ്പെട്ട കീഴാളത്വത്തോട് പൊരുതുകയാണ്. ചുറ്റും അസാന്നിധ്യങ്ങളാക്കപ്പെട്ട എല്ലാത്തിനെയും സ്വന്തം കണ്ണുകൾ കൊണ്ടും ശരീരം കൊണ്ടും അവൾ അനുഭവിക്കുന്നു. കാടും പാറക്കൂട്ടങ്ങളും എല്ലാം അവൾ സ്വന്തമാക്കുന്നു, പുഴയിൽ മീൻകുഞ്ഞുങ്ങൾക്കൊപ്പം ഒഴുകിനടക്കുന്നത് സ്വപ്‌നം കാണുന്നു, പാറക്കെട്ടുകൾക്കുമുകളിലെ കുരങ്ങന്മാർക്ക് താൻ കഴിച്ച പഴത്തിന്റെ പാതി നൽകുന്നു, കാട്ടിൽ ഒറ്റപ്പെട്ടുപോയ കഴുതക്കുട്ടിക്ക് വഴികാട്ടിയാകുന്നു.

തനിക്ക് വിലക്കപ്പെട്ടതെല്ലാം; സ്വാതന്ത്ര്യം, കാഴ്ച, സഞ്ചാരം, ആഹ്ലാദം എല്ലാം അവൾ സ്വന്തമാക്കുന്നു. അരുവിയിൽ കുളിക്കുന്ന ഒരു ആണിന്റെ നഗ്‌നശരീരം ഒളിഞ്ഞുനോക്കുന്ന യോസനയുടെ ദൃശ്യം മറക്കാനാകാത്ത ഒന്നാണ്. ജാതികൊണ്ടും ലിംഗം കൊണ്ടും പെണ്ണിന് വിലക്കപ്പെട്ട നിഗൂഢസുന്ദരമായ ഒരു കാഴ്ച അവളെ ഒരുതരം ആസക്തിയിലേക്ക് കൊണ്ടുപോകുന്നു, അയാളുടെ ഷർട്ട് മോഷ്ടിച്ചെടുത്ത് അണിഞ്ഞാണ് അവൾ ആ ചൂരും ചൂടും അനുഭവിക്കുന്നത്. നമ്മുടെ മുഖ്യധാരാ സിനിമകളുടെ കാഴ്ചകളിൽ പോലും നിഷേധിക്കപ്പെടുന്നതും അശ്ലീലമാക്കപ്പെടുന്നതുമാണ് പെണ്ണിന്റെ ഇത്തരം ആൺനോട്ടങ്ങൾ എന്നിടത്ത് ഈ ദൃശ്യം അസാധാരണമാകുന്നു.

പാറക്കൂട്ടത്തിനുമുകളിൽ, ഗ്രാമത്തിന്റെ രക്ഷക്ക് മാടത്തി എന്ന ദൈവത്തിനായി അമ്പലം പണിയാൻ കൽപനയുണ്ടാകുന്നു. മാടത്തിയെ പ്രതിഷ്ഠിക്കുന്ന ദിവസം രാത്രി ഏതോ ഒരുതരം ധൈര്യത്താൽ നദി മുറിച്ചുകടന്ന് ഗ്രാമത്തിലേക്കുപോകാൻ യോസന തീരുമാനിക്കുന്നു. എന്നാൽ, ഇരുട്ടിലകപ്പെട്ടുപോയ അവളെ മദ്യപിച്ചുകൊണ്ടിരുന്ന ഒരു സംഘം ആണുങ്ങൾ അതിക്രൂരമായി ആക്രമിക്കുന്നു, അതിൽ, അവൾ ഒരിക്കൽ ഒളിച്ചുനോക്കിയ ആ നഗ്‌നശരീരവുമുണ്ടായിരുന്നു.

അലറിക്കരയുന്ന അവൾക്കരികിൽ ഒരിക്കൽ അവൾ ഓമനിച്ച കഴുതക്കുട്ടിയെത്തി, അവളെയും കൊണ്ട് അത് നടന്നു, ​പ്രതിഷ്ഠ കഴിഞ്ഞ അമ്പലത്തിന്റെ നടയിൽ കിടത്തി. മകളെ അന്വേഷിച്ചെത്തിയ പന്നീറിനോട്, ജഡയും മുടിയും വളർത്തി അലഞ്ഞുനടക്കുന്ന മുത്തച്ഛൻ പറയുന്നു, ‘‘ദൈവത്തെ തേടി എന്തിന് കാടും മേടും അലയുന്നു, ദൈവം ഇരിക്കുന്നത് അമ്പലത്തിൽ''.

അമ്പലനടയിൽ ഉപേക്ഷിക്കപ്പെട്ട യോസനയെയും പന്നീറിനെയും വേണിയെയും ഗ്രാമീണർ കല്ലെറിഞ്ഞ് ഓടിച്ചു. അന്നുരാത്രി കൊടും മഴയിൽ ഗ്രാമം മുങ്ങി, അമ്പലം തകർന്നുവീണു, എന്നാൽ, മാടത്തിയുടെ പ്രതിമ നിശ്ചലം നിന്നു, അതിന്റെ മുഖത്തിന് യോസനയുടെ ഛായ കൈവന്നു. അവരെ ഓടിച്ചവരുടെ കാഴ്ചയെല്ലാം, കാഴ്ച നിഷേധിക്കപ്പെട്ട യോസന്ന കവർന്നെടുത്തു, എല്ലാവരും അന്ധരായി.

ഭർത്താവിനൊപ്പം അമ്പലത്തിലേക്ക് പോകും വഴി ആർത്തവമുണ്ടായി, മാറാനുള്ള തുണിയന്വേഷിച്ചുപോയ ഭർത്താവിനെ തേടിനടന്ന് കാടിനുനടുവിലെ ഒരു കൂരയിൽ അകപ്പെടുന്ന പെണ്ണിനോട് ഒരു കുട്ടി പറയുന്ന കഥയാണിത്. ആ കൂരയിലാകെ, ആർത്തവത്തുണികളിൽ ഈ കഥ വരച്ചുവെച്ചിരുന്നു. ആ ദൃശ്യങ്ങളിലൂടെയാണ്​ കുട്ടി അവിടെയെത്തിയ പെണ്ണിനോട്​ യോസനയുടെ കഥ പറയുന്നത്. കഥക്കൊടുവിൽ കുട്ടി അവർക്ക്​ ഒരു കഷണം തുണി കൊടുക്കുന്നു. അതുമായി അവർ മടങ്ങുമ്പോൾ കാട്ടിൽ യോസനയുടെ ‘മാടത്തി’ പ്രത്യക്ഷമാകുന്നു, സ്​ക്രീനിൽ ഈ വാക്കുകൾ തെളിയുന്നു; Nobodies do not have gods; They are gods.

വിമെൻ ആക്റ്റിവിസത്തിന്റെ ഊർജം

പശ്ചിമഘട്ട മലനിരകളിലെ അതിരുകളില്ലാത്ത, ദുരൂഹമായ, ഇരുട്ടുതിന്ന് നിഗൂഢമായിത്തീർന്ന പ്രകൃതിയെയാണ് കീഴാളരാക്കപ്പെട്ടവരുടെ ജീവിതം വ്യാഖ്യാനിക്കാൻ ലീന തെരഞ്ഞെടുത്തിരിക്കുന്നത്. അഭിനേതാക്കളിൽ 90 ശതമാനം പേരും അതേ സമുദായക്കാർ തന്നെയാണ്, ക്യാമറക്കുമുന്നിൽ സ്വന്തത്തെ അഭിമുഖം നിർത്തുകയായിരുന്നു ഇവരെന്ന് സ്‌ക്രീനിലെ ഓരോ സാന്നിധ്യവും തെളിയിക്കുന്നു.

പാത്രസൃഷ്ടിയിൽ മാത്രമല്ല, പ്രമേയത്തിലും അത് ആവിഷ്‌കരിക്കുന്ന ദൃശ്യഭാഷയിലും വിമെൻ ആക്റ്റിവിസത്തിന്റെ അസാധാരണ ഊർജം അനുഭവിക്കാം. പാശ്ചാത്തലത്തിലുള്ള അത്യന്തം ജൈവികമായ ഒരു പ്രകൃതിയെ- അവിടെ ജീവിക്കുന്ന മനുഷ്യരുടെ സത്തയെന്നപോലെ- നേർവിപരീതമായ, നിർവികാരവും നിസ്സംഗവുമായ ഒരു പ്രകൃതിയാക്കി മാറ്റുകയാണ് സംവിധായിക. പുതിരൈ വണ്ണാർ സമുദായം കേന്ദ്രപ്രമേയമാകുന്നതോടെ, ആർത്തവവുമായി ബന്ധപ്പെട്ട ആണധികാരത്തിന്റെ ശുദ്ധിശാസനങ്ങൾക്കെതിരെ സമീപകാലത്ത് കേരളത്തിലടക്കം നടന്ന ചെറുത്തുനിൽപ്പ് ഓർമയിലെത്തുന്നു. ആർത്തവത്തുണികളിലും ആ ചോരയിലുമാണ്​ ഇവരുടെ ജീവിതാഖ്യാനമെന്നത്​ അനവധി തലങ്ങളുള്ള ഒരു വിചാരമായി സിനിമ അവശേഷിപ്പിക്കുന്നു.

ജാതി- ലിംഗ വിവേചനം, പെൺ ആവിഷ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട ആധിപത്യബോധത്തിൽനിന്ന് ഇന്നും മുക്തമാകാത്ത സെൻസർബോർഡ്, (CBFC Chennai Regional Officer) പ്രമേയത്തെ തന്നെ അസാധ്യമാക്കുന്ന കട്ടുകളാണ് ലീനയോട്​ ആവശ്യപ്പെട്ടത്. യോസന ആദ്യമായി കാണുന്ന പുരുഷശരീരത്തിന്റെ നഗ്‌നത ഒഴിവാക്കാനായിരുന്നു ഒരു ആവശ്യം. പെൺകുട്ടിയെ ലൈംഗികമായി ആക്രമിക്കുന്നതിനിടെ, അക്രമികൾ പറയുന്ന ‘അഭിഷേകം' എന്ന വാക്ക് മാറ്റാനും ആവശ്യപ്പെട്ടു.

മാടത്തിയുടെ ചിത്രീകരണത്തിനിടെ ലീന മണിമേഖലയും ക്രൂവും.

സെൻസർ ബോർഡ് ആവശ്യപ്പെട്ട പല കട്ടുകളും ഫിലിം സർട്ടിഫിക്കേഷൻ അപ്പലൈറ്റ് ട്രിബൂണൽ കമ്മറ്റി റദ്ദാക്കുകയും എ സർട്ടിഫിക്കറ്റ് നൽകുകയുമായിരുന്നു. ‘ഏതൊരു ആരാധനാമൂർത്തിക്ക് പിന്നിലും അനീതിയുടെ ഒരു കഥയുണ്ടാകും' എന്ന ഉദ്ധരണി ‘നിരവധിയായ ആരാധനാമൂർത്തികൾക്ക് പിന്നിൽ ഒരു അനീതിയുടെ ഒരു കഥയുണ്ടാകും' എന്ന് തിരുത്താൻ അപ്പലൈറ്റ് കമ്മിറ്റി നിർദേശിക്കുകയും ചെയ്തു.

‘മാടത്തി'യുടെ ചിത്രീകരണവും സംവിധായിക എന്ന നിലയ്ക്കുള്ള ലീന മണിമേഖലയുടെ നിശ്ചയദാർഢ്യം പരീക്ഷിച്ച ഒന്നായിരുന്നു. നിർമാതാവ് പാതിവഴിക്ക് പിന്മാറിയതിനെതുടർന്ന് ലീന വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. കടം വാങ്ങിയോ മോഷ്ടിച്ചോ പോലും പണമുണ്ടാക്കേണ്ടിവരുമായിരുന്നുവെന്നാണ് അവർ പറഞ്ഞത്. ഒടുവിൽ ബന്ധുക്കളിൽനിന്നും സുഹൃത്തുക്കളിൽനിന്നും പണം കണ്ടെത്തി.

കടുത്ത കാലാവസ്ഥ, ഗ്രാമീണരായ അഭിനേതാക്കൾ... ഓരോ നിമിഷവും വെല്ലുവിളി നിറഞ്ഞതായിരുന്നു. ഗ്രാമീണരായതുകൊണ്ട് അഭിനേതാക്കളുടെ റിഹേഴ്‌സലിനും ഡയലോഗ് ട്രെയിനിങ്ങിനും ദിവസങ്ങളെടുത്തു. ഷൂട്ടിംഗ് കഴിഞ്ഞപ്പോൾ ബാങ്ക് അക്കൗണ്ട് ശൂന്യം. തന്റെ പുസ്തകങ്ങളും സിനിമകളും വെച്ച് ഫേസ്ബുക്കിലൂടെ ഒരു ഫണ്ടുപിരിവിന് ശ്രമം നടത്തി. പോസ്റ്റുചെയ്ത് പത്തുമിനിറ്റിനകം ആദ്യത്തെ ഫണ്ട് എത്തി. തമിഴ് അറിയാത്തവർ പോലും തന്റെ തമിഴ് കവിത സമാഹാരം പണം നൽകി വാങ്ങിയതായി അവർ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ‘മാടത്തി'യുടെ പോസ്റ്റ് പ്രൊഡക്ഷൻ പണി തീർത്തത് ഇങ്ങനെ സമാഹരിച്ച ഫണ്ടുകൊണ്ടാണ്.
അങ്ങനെ, വ്യത്യസ്തമായ ഒരു സിനിമ എന്ന നിലയ്ക്കുമാത്രമല്ല, അതിന്റെ നിർമാണവുമായും ബന്ധപ്പെട്ട് വേറിട്ട പരീക്ഷണവും പാഠവും 'മാടത്തി' അവശേഷിപ്പിക്കുന്നു.

യോസനയിലൂടെ അജ്മീന കാസിം തികഞ്ഞ ഒരു പെണ്ണായി മാറുകയാണ്. വിലക്കുകൾ ബാധകമല്ലാത്ത ഒരു ജീവിതത്തിന്റെ അതിസൂക്ഷ്മമായ മിടിപ്പുകൾ അനുഭവിപ്പിക്കുന്നു അജ്മീന. വേണിയായി സെമ്മലറും കീഴാള സ്ത്രീജീവിതത്തിന്റെ നിസ്സഹായത അവിസ്മരണീയമാക്കുന്നു. ജെഫ് ഡോളൻ, അഭിനന്ദൻ ആർ, കാർത്തിക് മുത്തുകുമാർ എന്നിവരുടെ ഛായാഗ്രഹണം, കാർത്തിക് രാജിന്റെ സംഗീതം എന്നിവയും സംവിധായികയുടെ ചിന്തക്കും ഭാവനക്കും ഒപ്പമെത്തുന്നു.

Story, Direction: Leena Manimekalai, Screenplay: Leena Manimekalai, Rafiq Ismail, Yavanika Sriram, Dialogue: Rafiq Ismail, Edit:
Thangaraj, Music: Karthik Raja, Camera: Jeff Dolen, Abinandhan R, Karthik Muthukumar, World Premiere: Busan International Film Festival, October 2019, India Premiere: International Competition, Kolkata International Film Festival, November 2019.

Comments