1996- 97കാലത്ത്, അതായത് കഴിഞ്ഞ സഹസ്രാബ്ദത്തിന്റെ അവസാന വർഷങ്ങളിൽ സിനിമ അനലോഗിൽ നിന്ന് ഡിജിറ്റലിലേക്ക് വീടുമാറിക്കൊണ്ടിരുന്ന സമയത്താണ് എന്റെ കൈയ്യിൽ ആദ്യമായി ഒരു ഫിലിം കാമറ എത്തിച്ചേരുന്നത്.
299 രൂപ വിലയുള്ള ഫ്യൂജിയുടെ ഒരു ഓട്ടോ ഫോക്കസ് കാമറ.
അന്ന് 35 ന്റെ ഒരു റോൾ ഫിലിമിന് 150 രൂപ. അത് വാഷ് ചെയ്ത് പ്രിൻറ്അടിക്കണമെങ്കിൽ കുറഞ്ഞത് 300 രൂപ. പ്രിൻറ് സൂക്ഷിക്കാൻ ഒരു ചെറിയ ആൽബം കൂടിയായാൽ വീണ്ടും ചെലവ്. അതായത് ഒരു കാമറയുടെ രണ്ടിരട്ടിയെങ്കിലും ചെലവാക്കിയാലേ ഒരു റോൾ ഫിലിമിനെ കുളിപ്പിച്ചു കുട്ടപ്പനാക്കാൻ പറ്റൂ. ഫോട്ടോഗ്രഫിയുടെ ബാലപാഠം പോലും അറിയില്ലാതിരുന്നതുകൊണ്ട് കുറേ ഫിലിമും പണവും വെറുതെയായി എന്നതല്ലാതെ വേറെ ഗുണമൊന്നും അതുകൊണ്ടുണ്ടായില്ല. കുറേക്കാലം ആ നെഗറ്റീവുകളും പ്രിന്റുകളും സൂക്ഷിച്ചു വെച്ചിരുന്നു. ഒരു ദിവസം എടുത്തുനോക്കുമ്പോൾ അവയൊക്കെയും അബ്സ്ട്രാക്റ്റ് പെയിന്റിങ്ങുകളായി മാറിയിരുന്നു. ഇന്നായിരുന്നെങ്കിൽ ഒരു മൊബൈൽ ഫോൺ ക്ലിക്കുകൊണ്ട് അവയിൽ നിന്ന് പുതിയ ഫോട്ടോഗ്രാഫുകൾ ഉണ്ടാക്കാമായിരുന്നു. ഫിലിമിൽനിന്ന് വിരിയുന്ന ഡിജിറ്റൽ പൂക്കൾ.
പുതിയ ചെറുപ്പക്കാർ മൂലധനത്തിന് കാത്തുനിൽക്കുന്നില്ല, ഫെസ്റ്റിവലുകളുടെ വാതിലിൽ മുട്ടുന്നില്ല, ഫോർമുലകളിൽ അഭിരമിക്കുന്നില്ല, കണ്മുന്നിൽ കാണുന്നതിനെ കാവ്യാത്മകമായി ആവിഷ്‌കരിക്കുക മാത്രം ചെയ്യുന്നു
2005 ലാണ് കുറച്ചു ലോകസിനിമകൾ കണ്ടതിന്റെ ബലത്തിൽ ഫ്രെയിം എന്നു പേരിട്ട ആദ്യത്തെ ഹ്രസ്വചിത്രം സംവിധാനം ചെയ്യാനിറങ്ങുന്നത്. ഒരു MiniDV കാമറയിലാണ് ഷൂട്ട് ചെയ്യുന്നത്. കാമറയെക്കുറിച്ച് ഒരു ധാരണയും അപ്പോഴുമില്ല. കാമറയ്ക്കും കാമറമാനും കൂടി ഒരു ദിവസത്തെ ചെലവ് ഏതാണ്ട് 5000 രൂപ. എങ്ങനെയെങ്കിലും 5000 രൂപ സംഘടിപ്പിച്ച് (പത്രത്തിലെ ട്രെയിനിപ്പണിയിൽ രണ്ടുമാസം കൂടിയാൽ കിട്ടുന്ന തുകയാണ് അന്നത്തെ 5000) ഒരു ദിവസം മാത്രം ഷൂട്ടുചെയ്യാമെന്ന് തീരുമാനിക്കുന്നു. ശബ്ദം റെക്കോർഡ് ചെയ്യാനുള്ള സംവിധാനത്തിന് വീണ്ടും ചെലവായതിനാൽ ഡയലോഗില്ലാത്ത ഒരു സിനിമയാവട്ടെ എന്നുകരുതി. എന്നാലും സൗണ്ട് എഫ്ക്റ്റ്സും ആമ്പിയൻസുമൊക്കെ വേണ്ടേ?. അതൊന്നും അത്ര പ്രാധാന്യമുള്ള ഒരു സംഗതിയായി അന്ന് തോന്നിയിരുന്നുമില്ല.
2012 ജനുവരിയിലാണ് സുദേവന്റെ ക്രൈം നമ്പർ 89 ഷൂട്ടുചെയ്യാൻ ഇറങ്ങുന്നത്. അപ്പോഴേക്കും ഫോട്ടോഗ്രഫിയുടെ ബാലപാഠങ്ങൾ പഠിച്ച് ഞാനൊരു ചെറുകിട കാമറമാനായി മാറിയിരുന്നു. കനോണിന്റെ 550 D എന്ന എൻട്രി ലെവൽ SLR ആണ് എന്റെ പണിയായുധം. കൂടെ കിറ്റ് ലെൻസും ടാമറോണിന്റെ ഏറ്റവും വില കുറഞ്ഞ ഒരു സൂം ലെൻസും. മൂന്ന് കാമറമാന്മാർ ഉണ്ടായിരുന്ന സിനിമയ്ക്ക് മൂന്ന് കാമറയും ഉണ്ടായിരുന്നു. കനോൻ 5 D മാർക്ക് 2, കനോൻ 7D.IFFK യിൽ സിനിമ കണ്ട് പലരും അഭിനന്ദിച്ചു. സ്ഥലത്തെ പ്രധാന ദിവ്യന്മാരിൽ ചിലരെങ്കിലും ഇതെന്ത് സിനിമ എന്ന് നെറ്റിചുളിച്ചു. ഹോളിവുഡിന്റെ വെളുപ്പും മിനുപ്പും ഒന്നും ഇല്ലാത്തതാണ് പ്രശ്‌നം. നല്ല കാമറ ഇല്ലെങ്കിൽ നിങ്ങൾ സിനിമ ചെയ്യേണ്ട എന്നുവരെ ചിലർ പറഞ്ഞുവെച്ചു.
പക്ഷേ, IFFK യിൽ നിന്ന് നെറ്റ്പാക് അവാർഡും സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സിനിമയ്ക്കുള്ള അവാർഡും മികച്ച രണ്ടാമത്തെ നടനുള്ള അവാർഡും ക്രൈം നമ്പർ 89 കരസ്ഥമാക്കി. രസകരമായ ഒരു താരതമ്യം പറഞ്ഞാൽ, ഏഴു ലക്ഷം രൂപ ചെലവിട്ട ക്രൈം നമ്പർ 89 ഉം ഏഴു കോടി ചെലവിട്ട ഷാജി എൻ.കരുണിന്റെ സ്വപാനവും ആ വർഷം സംസ്ഥാന അവാർഡ് കമ്മിറ്റിക്കുമുമ്പിലുണ്ടായിരുന്നു.
30,000 രൂപ വിലയുള്ള ഒരു ഗോപ്രോ കാമറ മാത്രമുപയോഗിച്ച് രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ളനോട്ടം കൊൽക്കത്ത ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമയായും ദേശീയ അവാർഡിൽ മികച്ച മലയാള സിനിമയായും തിരഞ്ഞെടുക്കപ്പെടുന്നു.
2017 ൽ സെക്‌സി ദുർഗ വരുമ്പോൾ ആക്ഷേപങ്ങൾക്ക് അടിസ്ഥാനമില്ലാത്തവിധം ഡിജിറ്റൽ കാമറ പ്രചാരത്തിലായിരുന്നു. സോണി a7s2 വിലാണ് സിനിമ പൂർണമായും ചിത്രീകരിച്ചത്. ഒരു പക്ഷേ സാങ്കേതിക വിദ്യയാണ് ആ സിനിമയെ ഇന്നുകാണുന്ന വിധത്തിൽ സാധ്യമാക്കിയത് എന്നും പറയാം. വൈകുന്നേരത്തിൽ തുടങ്ങി രാത്രി എപ്പോഴോ അവസാനിക്കുന്ന സിനിമ. വെളിച്ചം കുറഞ്ഞ സാഹചര്യത്തിൽ അവയിലബിൾ ലൈറ്റിനെ മാത്രം ആശ്രയിച്ചാണ് സിനിമ നിൽക്കുന്നത്. ലോ ലൈറ്റിൽ ഒരിക്കലും പ്രൊഫഷണൽ മൂവി കാമറകൾക്ക് നൽകാൻ കഴിയാത്ത റിസൾട്ട്. മാരുതിവാനിന്റെ വിൻഡോയിലൂടെ അകത്തേയ്ക്കും പുറത്തേയ്ക്കുമുള്ള അനായാസ ചലനങ്ങൾ സാധ്യമായത് കാമറയുടെ വലിപ്പം വളരെ ചെറുതായതുകൊണ്ട് മാത്രമാണ്. ചെറിയ ഭാരം കുറഞ്ഞ കാമറയെ ബാലൻസുചെയ്യാൻ ചെറിയ ഗിമ്പൽ. അങ്ങനെ പഴയൊരു കാലത്ത് ഒരിക്കലും സാധ്യമാകില്ലാത്ത ഒരു ഡിജിറ്റൽ ഭാഷയിലേക്ക് സിനിമ മാറുകയായിരുന്നു.
2019 ൽ ഉന്മാദിയുടെ മരണം പൂർണമായും ഐ ഫോണിൽ ഷൂട്ട് ചെയ്യണം എന്നുപറഞ്ഞാണ് സനൽ തുടങ്ങുന്നത്. പകുതി മുക്കാലും അങ്ങനെ തന്നെയാണ് നീങ്ങിയത്. പിന്നീട് സിനിമയുടെ സ്വഭാവത്തിനും സന്ദർഭത്തിനും അനുസരിച്ച് ചെറുതും വലുതുമായ പത്തോളം കാമറകൾ ഉപയോഗിച്ചു. പലയിടത്തും ഐ ഫോണിന്റെ ക്വാളിറ്റി പോലും സിനിമയ്ക്ക് ആവശ്യമില്ലായിരുന്നു. CCTV കാമറകൾ, ഇൻഫ്രാറെഡ് കാമറ, ലോ റെസല്യൂഷൻ മൊബൈൽ കാമറകൾ, മിറർ ലെസ് കോംപാക്റ്റ് കാമറകൾ, ആക്ഷൻ കാമറകൾ അങ്ങനെ പലതരം കാമറകൾ സിനിമയ്ക്കുവേണ്ടി ഉപയോഗിച്ചു. പൊതുവെ സിനിമയുടെ പിന്നണിയിലുള്ള ഏറ്റവും വലിയ അന്ധവിശ്വാസങ്ങളിൽ ഒന്നാണ് വില കൂടിയ കാമറയും ലെൻസുകളും ഉണ്ടെങ്കിലേ സിനിമ നന്നാവൂ എന്നത്. പണം അല്ല, പറയുന്ന വിഷയവും പറയുന്ന രീതിയുമാണ് ഉപകരണങ്ങളെ തീരുമാനിക്കുന്നത്.
2021 ൽ പൂർണമായും ഐ ഫോണിൽ ഷൂട്ടുചെയ്ത സിനിമയ്ക്ക് (കയറ്റം) മികച്ച സിനിമാറ്റോഗ്രാഫിക്കും കളറിങ്ങിനുമുള്ള അവാർഡ് കിട്ടുന്നു. പ്രധാനമായും സോഷ്യൽ മീഡിയാ സ്‌ക്രീനുകളിലൂടെ സഞ്ചരിക്കുന്ന ഒരു സിനിമയ്ക്ക് (സീ യു സൂൺ) മികച്ച എഡിറ്റിങ്ങിനുള്ള അവാർഡ് കിട്ടുന്നു. അതേ സിനിമ ഒ.ടി.ടി റിലീസ് ചെയ്തപ്പോൾ ജനം ആവേശത്തോടെ കാണുകയും അത് വലിയ സാമ്പത്തിക വിജയമായി മാറുകയും ചെയ്യുന്നു. 30,000 രൂപ വിലയുള്ള ഒരു ഗോപ്രോ കാമറ മാത്രമുപയോഗിച്ച് രാഹുൽ റിജി നായർ സംവിധാനം ചെയ്ത കള്ളനോട്ടം എന്ന സിനിമ കൊൽക്കത്ത ഫെസ്റ്റിവലിൽ മികച്ച ഇന്ത്യൻ സിനിമയായും ദേശീയ അവാർഡിൽ മികച്ച മലയാള സിനിമയായും തിരഞ്ഞെടുക്കപ്പെടുന്നു.
2022 ഫെബ്രുവരിയിൽ 26ാമത് IFFK ൽ മലയാള സിനിമാ വിഭാഗത്തിൽ അടൽ കൃഷ്ണൻ സംവിധാനം ചെയ്ത Woman with a movie camera പ്രദർശിപ്പിക്കുമ്പോൾ അത് മലയാളത്തിലുണ്ടായ ഒരു സീറോ ബജറ്റ് സിനിമയുടെ ആദ്യ പ്രദർശനം കൂടിയായി മാറും. സിനിമയുടെ തലക്കെട്ടിൽ മാത്രമല്ല ചരിത്രത്തിന്റെ മറിച്ചിടൽ ഉള്ളത്, സിനിമയിലെ പുരുഷാധിപത്യത്തെയും പണാധിപത്യത്തെയും സാങ്കേതിക ആധിപത്യത്തെയും മറിച്ചിടുന്ന ഒരനുഭവം കൂടിയാണ് ആ സിനിമ. ഒരു ഹാൻഡ് ഹെൽഡ് കാമറയും അതിലെ ഇൻബിൽറ്റ് മൈക്കിൽ റെക്കോർഡ് ചെയ്ത ശബ്ദവുമാണ് ആ സിനിമ സാധ്യമാക്കിയിരിക്കുന്നത്. അഭിനയം ഒഴികെയുള്ള സിനിമയുടെ എല്ലാ മേഖലകളിലും ഏതാണ്ട് ഒറ്റയ്ക്ക് പ്രവർത്തിച്ചുകൊണ്ട് മിഥുൻ മുരളി എന്ന സംവിധായകൻ ഹ്യുമാനിയ എന്ന സിനിമയിലൂടെ ഇത് മുൻപ് കാണിച്ചുതന്നിട്ടുണ്ട്. മിഥുൻ മുരളിയുടെ തന്നെ ഗ്രഹണം എന്ന സിനിമയ്ക്ക് ശബ്ദലേഖനം നിർവഹിച്ചത് മൊബൈൽ ഫോൺ ഉപയോഗിച്ചായിരുന്നു.
സാമൂഹിക കലയെന്ന് പൊതുവെ കരുതപ്പെട്ടിരുന്ന സിനിമ നിർമാണത്തിലായാലും പ്രമേയത്തിലായാലും പേർസണൽ കൂടി ആയി മാറുകയായിരുന്നു. കോവിഡ് എന്ന മഹാമാരി അതിനെ കൂടുതൽ കൂടുതൽ പേർസണൽ ആക്കി മാറ്റി എന്നും പറയാം.
സിനിമ മൂലധനത്തിന്റെ കലയാണ് എന്നാണ് പണ്ടേയുള്ള പറച്ചിൽ. അത് ശരിയുമായിരുന്നു. എന്നാൽ ഇന്ന് സിനിമ മൂല്യബോധത്തിന്റെ കലയായി മാറിയിരിക്കുന്നു. മീഡിയത്തെ എന്തിന്, എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് കലയെ സംബന്ധിച്ച് എല്ലാക്കാലത്തും പ്രസക്തമായ കാര്യം. രാഷ്ട്രീയ സിനിമ എന്നത് രാഷ്ട്രീയം സംസാരിക്കുന്ന സിനിമ അല്ല, രാഷ്ട്രീയമായി എടുക്കുന്ന സിനിമയാണ് എന്ന ഗൊദാർദിന്റെ വാക്കുകളും ഓർക്കാവുന്നതാണ്. എന്നുകരുതി പണമൊഴുക്കി പണം വാരുന്ന തരം സിനിമകൾ ഇനി ഉണ്ടാവില്ല എന്നല്ല, തീർച്ചയായും ഉണ്ടാകും, പക്ഷേ, പണം ഇല്ലാതെയും സിനിമ എടുക്കാം, അത് ജനങ്ങളിൽ എത്തിക്കാം എന്ന സാധ്യത നൽകുന്ന സ്വാതന്ത്ര്യം വളരെ വലുതാണ്.
സാങ്കേതിക വിദ്യയ്ക്ക് പണി എളുപ്പമാക്കാൻ കഴിയും. പക്ഷേ, അപ്പോഴും സിനിമ ഉണ്ടാക്കേണ്ടത് നമ്മളാണ്. കവിത എഴുതുന്നതുപോലെ സിനിമ എടുക്കാൻ കഴിയുന്ന ഒരു കാലം ആയിരുന്നു നമ്മുടെ സ്വപ്നം. ഇതാ ആ കാലം വന്നുചേർന്നിരിക്കുന്നു. പുതിയ ചെറുപ്പക്കാർ അവരുടെ മൊബൈൽ ഫോണിൽ ഷൂട്ടുചെയ്ത് എഡിറ്റുചെയ്ത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുന്ന സിനിമകൾ ആണ് സമകാലത്തിലെ ഏറ്റവും കാവ്യാത്മകമായ സിനിമകൾ. രമിത് കുഞ്ഞിമംഗലം, ആകർഷ് കരുണാകരൻ, ജിത്തു സുജിത്... അങ്ങനെ എത്രയോ പേർ. അവർ മൂലധനത്തിന് കാത്തുനിൽക്കുന്നില്ല, ഫെസ്റ്റിവലുകളുടെ വാതിലിൽ മുട്ടുന്നില്ല, ഫോർമുലകളിൽ അഭിരമിക്കുന്നില്ല, കണ്മുന്നിൽ കാണുന്നതിനെ കാവ്യാത്മകമായി ആവിഷ്‌കരിക്കുക മാത്രം ചെയ്യുന്നു. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.