ഗോഡ് എക്‌സിസ്റ്റ്‌സ്, ഹേർ നെയിം ഈസ് പെട്രൂന്യ എന്ന ചിത്രത്തിൽ നിന്ന്

ആചാര സംരക്ഷകരായ ആൺകോയ്മ:കേരളത്തെ ഓർമിപ്പിക്കുന്ന മാസിഡോണിയൻ സിനിമാനുഭവം

ആചാരങ്ങളുടെ പേരിൽ ഒരു സ്ത്രീയുടെ ജീവിതത്തിൽ മതയാഥാസ്ഥിതികത സൃഷ്ടിച്ച പ്രതിസന്ധിയാണ് ആക്ഷേപഹാസ്യവും നർമവും കലർന്ന ശൈലിയിൽ രചിക്കപ്പെട്ട ഗോഡ് എക്‌സിസ്റ്റ്‌സ്, ഹേർ നെയിം ഈസ് പെട്രൂന്യ എന്ന ചിത്രത്തിന്റെ മുഖ്യ പ്രമേയം.

തപരമായ വിശ്വാസങ്ങളും ആചാരങ്ങളും മിക്കപ്പോഴും സ്ത്രീവിരുദ്ധവും തികഞ്ഞ യാഥാസ്ഥിതികത നിലനിർത്തുന്നവയുമാണ്. മതത്തിലെ പൗരോഹിത്യവും ആചാരാനുഷ്ഠാനങ്ങളും കർശനമായും പുരുഷകേന്ദ്രീകൃതമാണ്. അത് ക്രിസ്തുമതത്തിലായാലും ഇസ്​ലാം മതത്തിലായാലും ഹിന്ദു മതത്തിലായാലും അങ്ങനെതന്നെ. മദ്ധ്യകാലഘട്ടത്തിൽ പതിനായിരക്കണക്കിന് സ്ത്രീകളെ ദുർമന്ത്രവാദിനികളെന്നാരോപിച്ച് പൊതുസ്ഥലത്ത് ചിത കൂട്ടി ജീവനോടെ ദഹിപ്പിക്കുന്ന ക്രൂരത അരങ്ങേറിയത് മതത്തിന്റെ പേരിലാണെന്ന് നമ്മൾ ചരിത്രത്തിൽ വായിക്കുന്നു. തന്റേടവും ബൗദ്ധികമായ മേൽക്കൈയും പ്രകടിപ്പിച്ച സ്ത്രീകളെ ക്രൂരമായി ശിക്ഷിച്ച പാരമ്പര്യവും മതവിശ്വാസത്തിന്റേതുതന്നെ. സ്ത്രീകളുടെ സ്വാതന്ത്ര്യപ്രഖ്യാപനവും പുരുഷന്മാരോട് സാമൂഹികമായ സമത്വം പുലർത്താനുള്ള ശ്രമങ്ങളും പുരുഷന്റെ അഹന്തയ്ക്കും താൻപോരിമയ്ക്കുമെതിരായ വെല്ലുവിളികളായാണ് എന്നും മതം വിലയിരുത്തിയിട്ടുള്ളത്.

മതപരമായ വിശ്വാസങ്ങളും ആചാരങ്ങളും മിക്കപ്പോഴും സ്ത്രീവിരുദ്ധവും തികഞ്ഞ യാഥാസ്ഥിതികത നിലനിർത്തുന്നവയുമാണ്. മതത്തിലെ പൗരോഹിത്യവും ആചാരാനുഷ്ഠാനങ്ങളും കർശനമായും പുരുഷകേന്ദ്രീകൃതമാണ്.

ശബരിമല ഉൾപ്പെടെ തങ്ങൾക്കിഷ്ടമുള്ള ദേവാലയങ്ങൾ സന്ദർശിക്കാനോ സ്വന്തം വസ്ത്രധാരണം എങ്ങനെയായിരിക്കണം എന്ന നിസ്സാരമായ കാര്യങ്ങൾ പോലും സ്വയം തീരുമാനിക്കാനോ സ്ത്രീകൾക്കുള്ള മൗലികമായ അവകാശം ആൺകോയ്മാ വ്യവസ്ഥയായ മതം കാലഹരണപ്പെട്ട ഏതോ പഴഞ്ചൻ വിശ്വാസങ്ങളുടെ പേരിൽ കർക്കശമായി കവർന്നെടുക്കുന്നതിനുള്ള ഉദാഹരണങ്ങൾ ഈ 21ാം നൂറ്റാണ്ടിലും നമുക്കുചുറ്റും നിരവധിയാണ്. നവോത്ഥാനമെന്നും ആധുനികതയെന്നുമൊക്കെ കൊണ്ടാടപ്പെടുന്ന ജീവിതചര്യകൾക്കിടയിലും രൂഢമൂലമായ ഇത്തരം വിശ്വാസങ്ങളും ആചാരങ്ങളും മതത്തിന്റെ പേരിൽ നിലനിർത്തിക്കൊണ്ടു പോകുന്ന യാഥാസ്ഥിതികത നമ്മുടെ സമൂഹത്തിൽ പ്രബലമായി തുടരുന്നുണ്ട്. പുരോഗമനപരമായ സാമൂഹിക മാറ്റങ്ങൾക്കും സ്ത്രീസ്വാതന്ത്ര്യത്തിനും സ്ഥിതിസമത്വത്തിനും ഇത് കടുത്ത പ്രതിബന്ധം സൃഷ്ടിക്കുന്നു.

ഗോഡ് എക്‌സിസ്റ്റ്‌സ്, ഹേർ നെയിം ഈസ് പെട്രൂന്യ എന്ന ചിത്രത്തിന്റെ പോസ്റ്റർ / Photo: Venkatarangan.com

ആചാരങ്ങളുടെ പേരിൽ ഒരു സ്ത്രീയുടെ ജീവിതത്തിൽ മതയാഥാസ്ഥിതികത സൃഷ്ടിച്ച പ്രതിസന്ധിയാണ് ആക്ഷേപഹാസ്യവും നർമവും കലർന്ന ശൈലിയിൽ രചിക്കപ്പെട്ട ഗോഡ് എക്‌സിസ്റ്റ്‌സ്, ഹേർ നെയിം ഈസ് പെട്രൂന്യ (ദൈവമുണ്ട്, അവളുടെ പേരാണ് പെട്രൂന്യ) എന്ന ചിത്രത്തിന്റെ മുഖ്യ പ്രമേയം. 2019 ൽ മാസിഡോണിയയുടെ (പഴയ യുഗോസ്ലാവ്യ) എൻട്രിയായി ബെർലിൻ ചലച്ചിത്ര മേളയിലുൾപ്പെടെ നിരവധി ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ച് പ്രശംസ നേടിയ ഈ ചിത്രം ടിയോന സ്ട്രൂഗർ മിറ്റേവ്‌സ്‌ക എന്ന സംവിധായികയുടെ രചനയാണ്. സോറിക്ക നുഷേവ എന്ന നടിയാണ് പെട്രൂന്യയെ അവതരിപ്പിക്കുന്നത്. സംവിധായികയുടെ സഹോദരി ലാബിന നുഷേവയാണ് അതിലെ മറ്റൊരു പ്രധാന കഥാപാത്രമായ വനിതാ ടി.വി.റിപ്പോർട്ടറായി അഭിനയിക്കുന്നത്. ചിത്രത്തിന് ലക്‌സ് പ്രൈസ്, ജർമൻ ഫിലിം ഗിൽഡ് പ്രൈസ്, എക്യുമെനിക്കൽ പ്രൈസ് എന്നിവ ലഭിക്കുകയും ബർലിനിൽ ഗോർഡൻ ബെയറിന് നാമനിർദ്ദേശം ലഭിക്കുകയും ചെയ്തിരുന്നു. മതാചാരങ്ങൾ സ്ത്രീകളെ ആട്ടിയകറ്റുമ്പോൾ,
എല്ലാ സൗഭാഗ്യങ്ങളും പുരുഷന്മാർക്കായി കരുതിവെക്കുമ്പോൾ, ഒരു സ്ത്രീ അതിനെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്നു. ആ സ്ത്രീയെയാണ് സംവിധായിക ചിത്രത്തിന്റെ പേരിലൂടെ ഇങ്ങനെ അടയാളപ്പെടുത്തുന്നത്: ദൈവമുണ്ട്; (പക്ഷെ, അതൊരു സ്ത്രീയാണ്) അവളുടെ പേരാണ് പെട്രൂന്യ.

ടിയോന സ്ട്രൂഗർ മിറ്റേവ്‌സ്‌ക / Photo: Teona Mitevska Facebook Page

കലാചരിത്രത്തിൽ ബിരുദമുള്ള, തൊഴിൽരഹിതയായി അച്ഛനമ്മമാരോടൊപ്പം താമസിക്കുന്ന 32 വയസ്സുള്ള പെട്രൂന്യയാണ് ചിത്രത്തിലെ നായിക. സ്ഥൂല ശരീരവും തന്റേതായ ചില ശാഠ്യങ്ങളുമെല്ലാമുള്ള അവൾക്ക് ജോലിക്കായി ഇന്റർവ്യൂവിന് പോവുന്നത് വിരസവും അവഹേളനാത്മകവുമായാണ് മിക്കപ്പോഴും അനുഭവപ്പെടുന്നത്. എങ്കിലും അമ്മയുടെ നിരന്തരനിർബന്ധത്തിന് വഴങ്ങിയാണ്​അവൾ പലപ്പോഴും ഈ പ്രഹസനത്തിന് തയ്യാറാവുന്നത്. അമ്മയുമായി എല്ലായ്‌പ്പോഴും അവൾ വഴക്കാണ്. തടി കൂടിയതിന്റെ പേരിലും തന്റെ വേഷത്തിൽ ശ്രദ്ധയില്ലാത്തതിന്റെ പേരിലും ജോലിയും ബോയ്ഫ്രൻറുമില്ലാത്തതിന്റെ പേരിലും ആരോടും കോപിക്കുകയും കൂസലില്ലാതെ പെരുമാറുകയും ചെയ്യുന്നതിന്റെ പേരിലും ഒക്കെ അമ്മ അവളെ എപ്പോഴും കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. അമ്മ താല്പര്യമെടുത്ത് ഇടപെട്ടതിലൂടെ തരപ്പെട്ട ഒരു ഇന്റർവ്യൂവിനാണ് അവൾ മനമില്ലാമനസ്സോടെ ഏറ്റവുമൊടുവിൽ പോവുന്നത്. ടെക്‌സ്‌റ്റൈൽ കമ്പനിയുടെ ഉടമസ്ഥന്റെ സെക്രട്ടറിയെ നിയമിക്കാനുള്ള അഭിമുഖമാണത്. ജോലി തരില്ലെന്നുമാത്രമല്ല, തന്നോട് ലൈംഗികമായി ബന്ധപ്പെടുക പോലുമില്ലെന്ന് മുതലാളി പറഞ്ഞപ്പോൾ അപമാനിതയായി തോന്നിയ അവൾ ആ പ്രദേശത്ത്​വെറുതെ ഒന്ന് ചുറ്റിക്കറങ്ങി നടക്കുമ്പോഴാണ് അവളുടെ ജീവിതത്തിൽത്തന്നെ വഴിത്തിരിവായിത്തീരുന്ന ഒരു സംഭവം നടക്കുന്നത്.

മതാചാരങ്ങൾ സ്ത്രീകളെ ആട്ടിയകറ്റുമ്പോൾ, എല്ലാ സൗഭാഗ്യങ്ങളും പുരുഷന്മാർക്കായി കരുതിവെക്കുമ്പോൾ, ഒരു സ്ത്രീ അതിനെ ചോദ്യം ചെയ്യാൻ ധൈര്യപ്പെടുന്നു. ആ സ്ത്രീയെയാണ് സംവിധായിക ചിത്രത്തിന്റെ പേരിലൂടെ അടയാളപ്പെടുത്തുന്നത്.

ഓർത്തഡോക്‌സ് ക്രിസ്ത്യൻ സമൂഹങ്ങളിൽ ജനുവരി 19ന് വെളിപാട് പെരുന്നാൾ ദിവസം ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ചടങ്ങുണ്ട്. പുരോഹിതൻ ഒരു കുരിശ് പുഴയിലേക്കോ തടാകത്തിലേക്കോ എറിയും. ഉശിരുള്ള ആണുങ്ങളായ ചെറുപ്പക്കാർ മത്സരിച്ച് വെള്ളത്തിലേക്കെടുത്തുചാടി ആ കുരിശ് വീണ്ടെടുക്കും. ഇതിൽ വിജയിക്കുന്നവർക്ക് പിന്നീടൊരു വർഷക്കാലം സൗഭാഗ്യമുള്ളതായിരിക്കുമെന്നാണ് വിശ്വാസം. തന്റെ നഗരത്തിൽ ഈ മത്സരം നടക്കുന്നിടത്ത് പെട്രൂന്യ യാദൃച്ഛികമായി എത്തിപ്പെടുകയാണ്. കുരിശു പിടിച്ചെടുക്കാനുള്ള അപ്പോൾ തോന്നിയ ഒരു കൗതുകത്താൽ അവൾ ഐസുപോലെ തണുത്ത വെള്ളത്തിൽച്ചാടുന്നു. അവൾക്ക് കുരിശ് കിട്ടുന്നു. പക്ഷെ, കിട്ടിയത് വലിയ പ്രശ്‌നമായിത്തീരുന്നു. അഭൂതപൂർവമായിട്ടാണ് ഒരു സ്ത്രീ മത്സരിച്ചതും കുരിശു കൈവശമാക്കിയതും; പ്രമുഖരെല്ലാം പ്രേരിപ്പിച്ചിട്ടും അത് വിട്ടുകൊടുക്കാൻ അവൾ തയ്യാറല്ല.

ഗോഡ് എക്‌സിസ്റ്റ്‌സ്, ഹേർ നെയിം ഈസ് പെട്രൂന്യ എന്ന ചിത്രത്തിൽ നിന്ന് / Photo: YouTube Screenshot

അവൾ കുരിശ് മോഷ്ടിച്ചു എന്നാണ്​ പള്ളിക്കാർ കുറ്റപ്പെടുത്തുന്നത്. പക്ഷെ അത് നിയമപരമായി നിലനില്ക്കില്ല. മാത്രമല്ല, അവൾ മത്സരം ജയിക്കുന്നതിന്റെ വൈറലായ ഫോൺ വീഡിയോയിലൂടെ പള്ളിയുടേത് തെറ്റായ ആരോപണമാണെന്ന് നാട്ടുകാർ മൊത്തം മനസ്സിലാക്കിയതാണ്. എന്നാൽ പള്ളിക്കാർ പൊലീസിനെ, അതുവഴി ഭരണകൂടത്തെ സ്വാധീനിക്കുന്നു. ഇൻസ്‌പെക്ടർ മിലൻ അവളെ അറസ്റ്റ് ചെയ്യാതെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി മുറിയിൽ അടച്ചിടുന്നു.

മുങ്ങിത്തപ്പി കുരിശ് കിട്ടിയ പുരുഷൻമാർക്കുള്ളതുപോലെ അത് സൂക്ഷിക്കുവാനുള്ള അവകാശം തനിക്കുമുണ്ടെന്ന് പെട്രൂന്യ ശക്തമായി ആവർത്തിക്കുന്നു. ഒരു സ്ത്രീ ഇങ്ങനെ മത്സരത്തിൽ പങ്കെടുക്കുന്നതും കുരിശു കണ്ടെടുക്കുന്നതും കേട്ടുകേൾവി പോലുമില്ലാത്തതാണ്; ഇത് ആചാരലംഘനമാണ്; ഇത് പുരുഷത്വത്തിന് വെല്ലുവിളിയാണ്; മതത്തിന് വെല്ലുവിളിയാണ്. രമ്യമായി ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നതിനെപ്പറ്റി ഉദ്യോഗസ്ഥന്മാരും പുരോഹിതന്മാരും തമ്മിൽ വലിയ തർക്കങ്ങളും വാഗ്വാദങ്ങളും നടക്കുന്നു. അവൾ നിയമമൊന്നും ലംഘിച്ചിട്ടില്ല; പുരുഷപാരമ്പര്യത്തെ വെല്ലുവിളിക്കുക മാത്രമേ ചെയ്തുള്ളൂ എന്ന് അവർക്കുമറിയാം. ഏറെ വിവാദമായ ഈ സംഭവം പ്രയോജനപ്പെടുത്തി ഒരു സ്റ്റോറി ചെയ്യാൻ മുന്നോട്ടുവരുന്ന ഒരു ടി.വി റിപ്പോർട്ടർ അവളുടെ അടുത്തെത്തുന്നു. കൊല്ലം തോറും കുരിശ്​ മുങ്ങിയെടുക്കുന്ന തങ്ങളുടെ ആചാരം പെണ്ണൊരുത്തി കളങ്കപ്പെടുത്തിയതിൽ രോഷം കൊള്ളുന്ന പുരുഷ കേസരികൾ എരിപൊരിസഞ്ചാരം കൊള്ളുകയാണ്.

ഗോഡ് എക്‌സിസ്റ്റ്‌സ്, ഹേർ നെയിം ഈസ് പെട്രൂന്യ എന്ന ചിത്രത്തിൽ സോറിക്ക നുഷേവ/ Photo: YouTube Screenshot

വൈകുന്നേരമാവുമ്പോഴേക്കും സാഹചര്യം ഏറെ വഷളാവുന്നു. പക്ഷെ, പെട്രൂന്യ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ കുരിശ് വിട്ടുകൊടുക്കില്ലെന്ന തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു. അവളെ പാർപ്പിച്ച പൊലീസ് സ്റ്റേഷന്റെ പരിസരമാണ് അവസാനം ശ്രദ്ധാകേന്ദ്രമാവുന്നത്. കുരിശു തിരിച്ചു കൊടുക്കണമെന്നാവശ്യപ്പെട്ട് യുവാക്കളുടെ ഒരാൾക്കൂട്ടം എത്തുന്നു. ഒരു സ്ത്രീ മത്സരത്തിൽ പങ്കെടുത്തതു പോലും ദൈവനിന്ദയാണ് എന്നാണവരുടെ വിശ്വാസം. ഈ സന്ദർഭത്തിൽ, സ്ഥിതിഗതികൾ തന്റെ ഫെമിനിസ്റ്റ് പ്രമാണങ്ങൾക്ക് അനുയോജ്യമെന്ന് കണ്ടാണ് സ്ലാവിക്ക എന്ന ടി.വി.റിപ്പോർട്ടർ ഇടപെട്ട്​ പെട്രൂന്യയെ പരമാവധി പിന്തുണയ്ക്കാൻ കഴിയാവുന്നതെല്ലാം ചെയ്യുന്നത്.

ഉദ്വേഗം കലർന്ന മെലോഡ്രാമയും നിശിതമായ ആക്ഷേപഹാസ്യവും സരസമായി വിനിയോഗിച്ചുകൊണ്ടാണ് ഇവിടെ സാമൂഹിക വിമർശനം നിറവേറ്റുന്നത്. മാസിഡോണിയക്കാരിൽ ചിലരുടെ കാലഹരണപ്പെട്ട പുരുഷാധിപത്യ മൂല്യങ്ങളും അവയെ സ്ഥാപനവത്കരിക്കുന്ന പള്ളിയും നിയമവും മാധ്യമങ്ങളുമെല്ലാം തുറന്നുകാട്ടപ്പെടുന്നു. അതിശക്തമായി ഇതിന് കളമൊരുക്കുന്ന കേന്ദ്രകഥാപാത്രത്തിന്റെ സ്വഭാവം സൂക്ഷ്മതയോടെ ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.

സ്വന്തം അവകാശത്തിനായി പൊരുതിക്കൊണ്ടാണ് അവൾ ഒരു സ്ത്രീയായി വികസിക്കുന്നത്. പിന്നീട്, മതത്തിന്റെ പിൻബലമുള്ള പുരുഷാധിപത്യ മൂല്യങ്ങളെ ധീരമായി നിരാകരിക്കുന്ന ഒന്നായി അവളുടെ നിലപാട് മാറുന്നുണ്ട് എന്നത് ചിത്രത്തിന് ഫെമിനിസ്റ്റ് മാനങ്ങൾ നൽകുന്നു.

ചിത്രത്തിൽ കേവലം ടൈപ്പുകളായ ചില കഥാപാത്രങ്ങളുണ്ട് എന്ന ന്യൂനത, ഊർജസ്വലമായ രചനാഗുണം മൂലം നികത്തപ്പെടുന്നുണ്ട്. തന്റേടവും സ്വയം മതിപ്പും ആത്മവിശ്വാസവുള്ള ഒരു വ്യക്തിയായി പെട്രൂന്യ പരിണമിക്കുകയാണ്. അച്ഛന്റെ പിന്തുണ അവൾക്ക് ലഭിക്കുന്നുണ്ടെങ്കിലും പവിത്രമായ ഒരു വസ്തുവിനെ ‘തടിച്ച പെൺവിരൽ' കൊണ്ട് സ്പർശിച്ച്​ അശുദ്ധമാക്കിയതിൽ അമ്മ രോഷം കൊള്ളുകയാണു്. ‘കൊക്കൂൺ ഭേദിച്ച് പുറത്തുചാടാൻ വെമ്പുന്ന, തൻ കാര്യം നോക്കിയായ ഒരു ഫെമിനിസ്റ്റായി'ട്ടല്ല പെട്രൂന്യ എന്ന കഥാപാത്രത്തെ ആദ്യം അവതരിപ്പിക്കുന്നത്; സ്ത്രീകളുടെ അവകാശങ്ങളിലൊന്നും അവൾക്ക് അശേഷം താല്പര്യമുണ്ടായിരുന്നില്ല. എന്നാൽ, സമൂഹം മൊത്തം അവൾക്കെതിരെ തിരിയുമ്പോൾ അവൾ കീഴടങ്ങാൻ വിസമ്മതിക്കുന്നു. ‘ഒരു കൊല്ലം സൗഭാഗ്യമുണ്ടാവുമെങ്കിൽ എനിക്കത് പാടില്ലേ?' എന്നാണ് പൊലീസ് ഇൻസ്​പെക്​ടറോട് അവൾ ചോദിക്കുന്നത്. സ്വന്തം അവകാശത്തിനായി പൊരുതിക്കൊണ്ടാണ് അവൾ ഒരു സ്ത്രീയായി വികസിക്കുന്നത്. പിന്നീട്, മതത്തിന്റെ പിൻബലമുള്ള പുരുഷാധിപത്യ മൂല്യങ്ങളെ ധീരമായി നിരാകരിക്കുന്ന ഒന്നായി അവളുടെ നിലപാട് മാറുന്നുണ്ട് എന്നത് ചിത്രത്തിന് ഫെമിനിസ്റ്റ് മാനങ്ങൾ നൽകുന്നു.

മാസിഡോണിയക്കാരിൽ ചിലരുടെ കാലഹരണപ്പെട്ട പുരുഷാധിപത്യ മൂല്യങ്ങളും അവയെ സ്ഥാപനവത്കരിക്കുന്ന പള്ളിയും നിയമവും മാധ്യമങ്ങളുമെല്ലാം തുറന്നുകാട്ടപ്പെടുന്നു. / Photo: Youtube Screenshot

പ്രമേയപരമായി മാത്രമല്ല, സാങ്കേതികമായും ചിത്രം മികവുറ്റ ഒന്നാണ്. ഇതിലെ ഛായാഗ്രഹണം ഗംഭീരമാണ്. ‘വെളിപാട് പെരുന്നാൾ ഘോഷയാത്രയുടെയും മറ്റും പ്രകാശമാനമായ വാതിൽപ്പുറക്കാഴ്ചകളിലൂടെ കടന്നുപോയി, തകർന്നുവീഴാറായ പൊലീസ് സ്റ്റേഷന്റെ ഇരുണ്ട ഉള്ളറക്കാഴ്ചകളിലേക്ക് ദൃശ്യങ്ങൾ കടന്നുപോവുന്നു. വളരെ ഉദാസീനമായല്ല. പ്രേക്ഷകന്ന് കപടമായ സുരക്ഷിതബോധമൊന്നും ഉണ്ടാക്കാത്ത വിധത്തിൽ, അലോസരപ്പെടുത്തുന്ന കട്ടുകൾ ആഖ്യാനത്തിലുടനീളം കാണാം' എന്ന് സിനി യൂറോപ്പയിലെ നിരൂപണം ചൂണ്ടിക്കാട്ടുന്നു. പെട്രൂന്യയായി വേഷമിട്ട നടിയുടെ അഭിനയം മികച്ചതാണ്.

മതവും പുരോഹിതരുമൊക്കെ പൊലീസിനെയും ഭരണകൂടത്തെയും സ്വാധീനിച്ചും വശത്താക്കിയും സ്ത്രീകൾക്കെതിരെയുള്ള ഭീഷണിയും അനീതിയും തുടർന്നുകൊണ്ടിരിക്കുന്നു. നിയമം നോക്കുകുത്തിയായി സാമൂഹ്യവ്യവസ്ഥയുടെ നേരെ പല്ലിളിച്ചുകാട്ടുന്നു.

ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാൻ നിയമപരമായി അനുമതിയുണ്ടായിട്ടും ആചാരലംഘനത്തിന്റെ പേരിൽ അവർക്കെതിരെയുള്ള വിലക്ക് തുടരുകയും അങ്ങോട്ട് പോകാൻ ശ്രമിച്ചവരെ ശാരീരികവും സംസ്‌കാരികവും രാഷ്ട്രീയവുമായ അക്രമത്തിലൂടെ നേരിടുകയും ചെയ്തത് നമ്മുടെ കേരളത്തിലാണ്. സാമൂഹികമായി ഏറെ മുന്നേറിയ യൂറോപ്യൻ രാജ്യമായ മാസിഡോണിയയിലും ആചാരസംരക്ഷകരായ മതഭ്രാന്തന്മാർ, അപൂർവമെങ്കിലും, നിലവിലുണ്ട്.

ഗോഡ് എക്‌സിസ്റ്റ്‌സ്, ഹേർ നെയിം ഈസ് പെട്രൂന്യ എന്ന ചിത്രത്തിൽ നിന്ന് / Photo: YouTube Screenshot

കേരളത്തിലെ അനുഭവം മുമ്പിലുള്ള നമുക്ക് മാസിഡോണിയയിൽ നടക്കുന്നതായി സിനിമയിൽ ചിത്രീകരിച്ച സംഭവവുമായി അദ്ഭുതപ്പെടുത്തുന്ന സമാനത കാണാൻ കഴിയും. ഒന്ന് യഥാർത്ഥവും മറ്റേത് ഫിക്ഷനുമെന്ന വ്യത്യാസമേയുള്ളൂ. രണ്ടിലും ആചാരലംഘനമാണ് വിഷയം; രണ്ടിലും ആചാരം ലംഘിച്ചത് സ്ത്രീകളാണ്. ധാരാളം ആളുകൾ സ്ത്രീവിരുദ്ധരെന്ന് മാത്രമല്ല, പുരുഷൻമാരുടെ മേൽക്കോയ്മ ഒട്ടും കയ്യൊഴിയാൻ തയ്യാറില്ലാത്തവരുമാണ്. മതവും പുരോഹിതരുമൊക്കെ പൊലീസിനെയും ഭരണകൂടത്തെയും സ്വാധീനിച്ചും വശത്താക്കിയും സ്ത്രീകൾക്കെതിരെയുള്ള ഭീഷണിയും അനീതിയും തുടർന്നുകൊണ്ടിരിക്കുന്നു. നിയമം നോക്കുകുത്തിയായി സാമൂഹ്യവ്യവസ്ഥയുടെ നേരെ പല്ലിളിച്ചുകാട്ടുന്നു. ശബരിമലയുടെ പേരിൽ കേരളത്തിൽ നടന്ന സ്ത്രീവിരുദ്ധ കോലാഹലം കണ്ടവർക്ക് മാസിഡോണിയയിൽ നടന്നതെന്തെന്നും അതിനോടുള്ള പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ പൊതുമനോഭാവം എന്തായിരുന്നെന്നും നേരിട്ടുകണ്ട് അനുഭവിക്കുന്ന ഫീൽ തന്നെ ഈ ചിത്രത്തിൽനിന്ന് കിട്ടും. ഏറെ അകലത്തുള്ള രണ്ട് ദേശങ്ങൾ തമ്മിലുള്ള വ്യത്യസ്തതകളെ കല കൊണ്ട് മറികടന്ന് സത്യം ആവിഷ്‌കരിച്ചതിന് മാസിഡോണിയയിലെ സംവിധായിക ടിയോന സ്ട്രൂഗർ മിറ്റേവ്‌സ്‌കക്ക് നന്ദി; ഗൗരവമുള്ള ഒരു വിഷയത്തെ നർമ്മബോധത്തോടെ അവതരിപ്പിച്ചതിനും. ▮


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments