‘നിഴലുകളുടെ രാജ്യം’ എന്നാണ് മാക്സിം ഗോർക്കി സിനിമയെ വിളിച്ചിരുന്നത്. തന്റെ ആദ്യ സിനിമാനുഭവത്തിനുശേഷം അദ്ദേഹമെഴുതി:
‘‘കഴിഞ്ഞ രാത്രി ഞാൻ നിഴലുകളുടെ രാജ്യത്തായിരുന്നു. അവിടെ ചില വസ്തുക്കൾ നിങ്ങളുടെ നേരെ പാഞ്ഞടുക്കും. ജീവനുള്ള വസ്തുക്കളല്ല, ജീവന്റെ നിഴലുകൾ. ചലിക്കുന്ന ചിത്രങ്ങളുടെ അടിത്തട്ടിൽ നിന്നും നിഴലുകൾ നിങ്ങളുടെ കണ്ണിന് മുൻപാകെ ചാടി വീഴും. അവ നിങ്ങളുടെ നേർക്ക് പാഞ്ഞുവരികയും, നമ്മെ ഒന്നാകെ വിഴുങ്ങി നിശ്ശബ്ദതയിലേക്ക് മടങ്ങുകയും ചെയ്യും”.
ഗോർക്കി അനുഭവിച്ച ഭയപ്പാടിന്റെ നിഴലുകളെ പുനരാവിഷ്ക്കരിക്കുന്ന ചലച്ചിത്രമാണ് മാഗ്നസ് വോൺ ഹോർണിന്റെ ‘ദി ഗേൾ വിത്ത് ദി നീഡിൽ’ (The Girl with the Needle / Dir: Magnus von Horn). വെളിച്ചവും - ഇരുട്ടും, വസ്തുവും - നിഴലും, പ്രതീക്ഷയും - നിരാശയും ഇടകലരുന്നതിന്റെ ഭംഗിയും ഭീതിയും ഒരേ അളവിൽ കമ്പോസ് ചെയ്യപ്പെടുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമ. പ്രേക്ഷകരെ ഒന്നാകെ നിഴലുകളാൽ വിഴുങ്ങി നിശ്ശബ്ദമാക്കുന്ന ലൈൻ ലങ്ബെക്കിന്റെ കഥ മനുഷ്യന്റെ മൂല്യബോധ്യങ്ങളേയും, നീതി-ന്യായ യുക്തികളേയും തകർത്തെറിയുന്നു. ആമസോൺ പ്രൈം മുമ്പിയിൽ പ്രദർശനം തുടരുന്ന ഡാനിഷ് ചരിത്ര - മനഃശ്ശാസ്ത്ര ഹൊറർ ചിത്രമാണിത്.

സിനിമ ആരംഭിക്കുമ്പോൾ സ്‌ക്രീനിൽ തെളിയുന്ന മുഖം ഒരു സ്ത്രീയുടേതാണ്. ചുറ്റും മാറിമറയുന്ന വെളിച്ചത്തിൽ അവളുടെ മുഖം വികൃതമാകുന്നതു കാണാം. ആരുടെയോ കൈകൾ അവളുടെ മുഖത്തെ കൂടുതൽ വികൃതമാക്കുന്നു, അസ്വസ്‌ഥമാക്കുന്നു, വലിച്ചുകീറുന്നു. ആ മുഖം പിന്നെ പല മുഖങ്ങളായി രൂപാന്തരപ്പെടുന്നു. ചില മുഖങ്ങൾ ചിരിക്കുന്നു, ചില മുഖങ്ങൾ കരയുന്നു, ചില മുഖങ്ങൾ പൈശാചിക രൂപം പൂണ്ട് ആക്രോശിക്കുന്നു. മുഖം സ്‌ക്രീനിൽ തെളിഞ്ഞ നേരം മുതൽക്കുള്ള ഫ്രഡറിക് ഹോഫ്‌മെറിന്റെ പശ്ചാത്തല സംഗീതം സ്ത്രീമുഖത്തെ നിഴലുകൾക്കൊപ്പം ചേർന്ന് കാണികളെ ഭയപ്പെടുത്തുകയും, ശ്വാസം മുട്ടിക്കുകയും ചെയ്യും. നിഴലുകൾ മാറി പതിയെ മുഖങ്ങൾ സ്ക്രീനിലെ കറുപ്പിനോട് ചേരും. സിനിമയിലുടനീളം കഥാപാത്രങ്ങൾക്ക് സംഭവിക്കുന്ന രൂപാന്തരം തന്നെയാണ് മിനിറ്റുകൾക്കുള്ളിൽ സ്‌ക്രീനിൽ മിന്നിമാഞ്ഞത്.
ഇനി കഥയിലേക്ക് കടക്കാം.
1919 -1920 കാലഘട്ടത്തിലെ ഡെന്മാർക്കാണ് പശ്ചാത്തലം. ഒന്നാം ലോകമഹായുദ്ധത്തിന്റെ കെടുതികൾ അനുഭവിക്കുന്ന കോപ്പൻഹേഗനിലെ തൊഴിലാളി സ്ത്രീകളും അവരുടെ തൊഴിൽ ചൂഷണം ചെയ്ത് ജീവിക്കുന്ന പ്രഭുവർഗവും അടങ്ങുന്നതാണ് കഥയുടെ സാമൂഹിക പശ്ചാത്തലം. കേന്ദ്രകഥാപാത്രം കരോളിൻ നെയ്ത്ത് തൊഴിലാളിയാണ്. യുദ്ധത്തിനു പോകുന്ന പട്ടാളക്കാർക്ക് യൂണിഫോം തയ്പ്പിച്ച് നൽകുന്ന ഫാക്ടറിയിലെ തൊഴിലാളിയാണവൾ. ഇടുങ്ങിയതും വൃത്തിഹീനവുമായ വാടകവീട്ടിൽ നിന്ന് വീട്ടുടമസ്ഥൻ പുറത്താക്കുന്നിടത്ത് മുതൽക്കാണ് കാഴ്ചക്കാർക്ക് കരോളിനെ പരിചയം. യുദ്ധത്തിനുമുൻപ് കരോളിൻ വിവാഹിതയായിരുന്നു. താൻ ഭർത്താവിനയച്ച കത്തുകൾക്കൊന്നും മറുപടി ലഭിക്കാതെ വന്നപ്പോൾ യുദ്ധമുഖത്ത് ജീവൻ നഷ്ടപ്പെട്ട അനേകം പുരുഷന്മാരിൽ തന്റെ ഭർത്താവ് പീറ്ററും ഉൾപ്പെടും എന്നവൾ കരുതി. ഭർത്താവിന്റെ മരണം സ്ഥിരീകരിക്കുന്ന തെളിവുകൾ ഹാജരാക്കുവാൻ സാധിക്കാത്തതിനാൽ ഭരണകൂടം അവളെ വിധവയായി കണക്കാക്കുന്നില്ല. ലഭിക്കേണ്ട ആനുകൂല്യങ്ങൾ തെളിവുകളുടെ അഭാവത്തിൽ ഭരണകൂടം അവൾക്ക് നിഷേധിച്ചിരിക്കുന്നു. ജീവിക്കാനും നല്ലൊരു താമസസ്ഥലം കണ്ടെത്താനും കഷ്ടപ്പെടുന്ന കരോളിൻ ഉരുളക്കിഴങ്ങും ചൂട് വെള്ളവും മാത്രം ഭക്ഷിച്ച് ജീവിതം തള്ളിനീക്കി. ജോലി ചെയ്യുന്ന ഫാക്ടറിയുടെ മുതലാളി ഒറിഗൺ പ്രണായഭ്യർഥന നടത്തിയപ്പോൾ മറിച്ചൊന്ന് ചിന്തിക്കാതെ അവൾ സമ്മതം മൂളി. താൻ നേരിടുന്ന കൊടിയ ദാരിദ്ര്യത്തിന് അറുതി വരുത്തുക ഫാക്ടറി മുതലാളിയുമായുള്ള പ്രണയവും, വിവാഹവുമാണെന്നവൾ വിശ്വസിച്ചു.

ഒറിഗണുമായുള്ള പ്രണയം പുരോഗമിക്കവയാണ് യുദ്ധം അവസാനിക്കുന്നതും കരോളിന്റെ ഭർത്താവ് തിരികെയെത്തുന്നതും. യുദ്ധം മുഖത്തേൽപ്പിച്ച ഭീകരമായ പരിക്കുകളെ ഒരു മുഖംമൂടിയാൽ മറച്ചാണ് അയാൾ വന്നിരിക്കുന്നത്. ഭരണകൂടം അടിസ്ഥാനവർഗ പുരുഷനുമേൽ ഏൽപ്പിക്കുന്ന പലവിധ ട്രോമകളിൽ പെട്ട് മുഖം വികൃതമാക്കപ്പെട്ടാണ് പീറ്റർ തന്റെ ഭാര്യയേയും പ്രണയത്തേയും അന്വേഷിക്കുന്നത്. മരിച്ചുവെന്ന് കരുതിയ ഭർത്താവ് തിരികെയെത്തിയത് കരോളിനെ മാനസികമായി തളർത്തി. യുദ്ധം വിരൂപനും ഷണ്ഡനുമാക്കി മാറ്റിയ പീറ്ററെ അവൾ ആട്ടിയോടിച്ചു.
പ്രണയവും മനുഷ്യബന്ധങ്ങളും, സ്നേഹവുമെല്ലാം പൂർണമായും നിലനിൽപ്പെന്ന ഒറ്റ ലക്ഷ്യത്തിലേക്ക് ചുരുങ്ങുന്ന ജീവിതസാഹചര്യത്തിൽ മനുഷ്യർ മൃഗങ്ങളുടെ നിലവാരം പോലും പുലർത്തുകയില്ല. യുദ്ധാനന്തര ലോകത്ത് സ്ത്രീകളുടെ നിലനിൽപ്പ് ഒരു പുരുഷനൊപ്പം ജീവിക്കുക എന്നതിലൂടെ മാത്രം സാധ്യമായ കാര്യമായിരുന്നു. ധനികരായ പ്രഭു കുടുംബത്തിലെ പുരുഷന്മാർ തൊഴിലാളി സ്ത്രീകളെ ലൈംഗികബന്ധത്തിനും, ക്ഷണികമായ പ്രണയത്തിനും വേണ്ടി മാത്രം ഉപയോഗിക്കുകയും വലിച്ചെറിയുകയും ചെയ്തിരുന്ന ദുഷിച്ച കാലം. പ്രണയബന്ധത്തിലെ ചൂഷണസാധ്യതകൾ വക വെക്കാതെ കരോളിൻ മുതലാളിയായ ഒറിഗണുമായുള്ള ബന്ധം തുടർന്നു. കരോളിൻ ഗർഭിണിയായി. പക്ഷെ അവർ തമ്മിലുള്ള വിവാഹത്തിന് ഒറിഗണിന്റെ അമ്മ അനുവാദം നൽകിയില്ല. ഡാനിഷ് പ്രഭു കുടുംബത്തിലേക്ക് ഒരു സാധാരണ നെയ്ത്ത് തൊഴിലാളിയെ സ്വീകരിക്കുന്നത് മോശമായി അവർ കരുതി. ഗർഭിണിയായ കരോളിൻ വീണ്ടും ഒറ്റയ്ക്കായി.

നെയ്ത്ത് ഫാക്ടറിയിൽ നിന്നു പിരിച്ചുവിടപ്പെട്ട അവൾ മറ്റൊരിടത്ത് താൽകാലിക ജോലി തേടി. സ്വന്തം നിലനിൽപ്പ് പോലും ചോദ്യചിന്ഹമായ ലോകത്തേയ്ക്ക് ഒരു കുട്ടിയെ കൂടി കൊണ്ടുവരാൻ ഭയപ്പെട്ട കരോളിൻ സ്വന്തം പണിയായുധമായ സൂചി ഉപയോഗിച്ച് ഒരു പൊതു കുളിമുറിക്കുള്ളിൽ ഗർഭചിദ്രം നടത്തുവാൻ ശ്രമിച്ചു. യുദ്ധത്തിൽ മരിച്ചു വീഴുന്ന പട്ടാളക്കാർക്ക് യൂണിഫോം തയ്ച്ചിരുന്ന സൂചി മറ്റൊരു ജീവനെ ഇല്ലാതാക്കുവാൻ ഉപയോഗിക്കപ്പെടുന്നിടത്ത് കഥ ആ കാലഘട്ടം എത്രത്തോളം മനുഷ്യവിരുദ്ധമായിരുന്നു എന്ന് ഓർമിപ്പിക്കുന്നു. വളരെയധികം വേദന അനുഭവിക്കുന്ന കരോളിനെ ശുചിമുറിയിലെ മറ്റൊരു സ്ത്രീ കാണുകയും, രക്ഷപ്പെടുത്തുകയും ചെയ്തു. ഒരു രക്ഷകയായി മാറിയ ആ സ്ത്രീ പിന്നീട് കരോളിന്റെ മാതൃബിംബമായി മാറുന്നുണ്ട്.
ഭരണകൂടത്താലും സമൂഹത്താലും അവഗണന നേരിട്ട കരോളിൻ ദാഗ്മാറെന്ന മാതൃബിംബത്തിന്റെ സ്വാധീനത്തിൽ അകപ്പെട്ടു. ദാഗ്മാർ ഡെന്മാർക്കിലെ അനാഥരായ കുട്ടികളെ ധനികകുടുംബങ്ങളിലേക്ക് ദത്തായി നൽകുന്ന ഏജൻസിയുടെ മറവിൽ കുഞ്ഞുങ്ങളെ കൊന്നുകളഞ്ഞിരുന്ന മാനസികരോഗിയാണ്. കരോളിനോട് കുട്ടിയെ പ്രസവിച്ചതിനുശേഷം തന്റെ പലഹാരക്കടയിലേക്ക് കൊണ്ടുവരണമെന്ന് അവർ ആവശ്യപ്പെട്ടിരുന്നു. സ്വന്തം ജീവിത്തിനുമേൽ പൂർണനിയന്ത്രണവും, സ്വാതന്ത്ര്യവും അനുഭവിക്കുന്ന ദാഗ്മറിനെ കരോളിൻ ഇഷ്ടപ്പെട്ടു, അവർ ചെയ്തുകൂട്ടുന്ന കുറ്റകൃത്യങ്ങളെ പറ്റി അറിയുന്നതുവരെ. അവർ തമ്മിൽ വളരെ പോസിറ്റിവായ ബന്ധമാണ് വളരുന്നത്. സഹോദരിമാരെ പോലെ അവർ ഇടപെട്ടു. ഫെമിനിസ്റ്റ് ദർശനങ്ങളിൽ പറയാറുള്ള ‘sisterhood’ലേക്ക് അവർ പര്സപരം കണ്ണിചേർക്കപ്പെട്ടു. ദാഗ്മാറിന്റെ ആത്മവിശ്വാസവും, ധൈര്യവും പ്രേക്ഷകരെയും, കരോളിനെയും സ്വാധീനിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.

കരോളിൻ തന്റെ കുഞ്ഞിനെ ദാഗ്മറിന് നൽകുമ്പോൾ കരുതിയിരുന്നില്ല, ദത്ത് കൊടുക്കുമെന്ന വ്യാജേന അവർ പല അമ്മമാരിൽ നിന്ന് വാങ്ങിയ കുഞ്ഞുങ്ങളെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നുവെന്ന്. “ഈ ക്രൂരമായ ലോകത്തേയ്ക്ക് ഇനിയും കുഞ്ഞുങ്ങൾ ജനിക്കേണ്ട കാര്യമില്ല” എന്ന് കരോളിനോടായി പറയുന്ന ദാഗ്മർ ഒരു സൈക്കോപ്പാത്തായാണ് ചിന്തിക്കുന്നത്.
കഥയിൽ ദാഗ്മറും കരോളിനും നേരിടുന്ന ദുരിതപൂർണമായ ജീവിതം രണ്ട് ജീവിതങ്ങളാണ് സൃഷ്ടിക്കുന്നത്. ഒരാൾ പ്രേക്ഷകർക്കുമുൻപിൽ ഇരയായും മറ്റൊരാൾ കുറ്റവാളിയായും മാറുന്നു. ലഹരികൾ ഉപയോഗിച്ച് അവർ തങ്ങൾ നയിക്കുന്ന ജീവിതത്തെ കുറച്ചുകൂടി സഹിക്കാവുന്നതായി മാറ്റുന്നുണ്ട്. കരോളിൻ താൻ ആട്ടിയോടിച്ച ഭർത്താവിനെ ഇടയ്ക്ക് കണ്ടുമുട്ടുന്നതും ഇതേ സമയത്താണ്. അയാൾ യുദ്ധം തന്റെ മുഖത്തുണ്ടാക്കിയ മുറിവുകളെ സർക്കസ്സ് കൂടാരത്തിൽ കാണികൾക്ക് മുൻപായി പ്രദർശിപ്പിച്ച് ജീവിതം കഴിക്കുന്നു. യുദ്ധം തന്റെ മുഖത്തേയ്ക്ക് കാർക്കിച്ചു തുപ്പിയ മുറിവുകളെ അയാൾ കാണികൾക്ക് വിനോദത്തിനും കളിയാക്കുന്നതിനും വേണ്ടി തുറന്ന് കാട്ടുകയാണ്. സർക്കസ് കൂടാരത്തിൽ ഈ കാഴ്ച കാണുന്ന കരോളിന സർക്കസ് തട്ടിൽ കയറി അയാൾക്ക് ഒരു ചുംബനം നൽകുമ്പോൾ സ്ത്രീയും പുരുഷനും തമ്മിലുള്ള സ്നേഹം ബാഹ്യസൗന്ദര്യവും കടന്ന് വളരെ ആദർശപരമായ തലത്തിലേക്ക് എത്തുന്നുണ്ട്. ലോകസിനിമയിലെ ഏറ്റവും മികച്ച പ്രണയരംഗങ്ങളിൽ ഒന്നായി ആ സീൻ പ്രേക്ഷകർക്ക് മുൻപിൽ മാറുന്നു.
പീറ്റർ എന്ന കഥാപത്രം കരോളീനയെ കഥയിലുടനീളം സ്നേഹിക്കുന്നുണ്ട്. അവൾ മറ്റൊരാളുടെ കുഞ്ഞിനെ പ്രസവിക്കുമ്പോഴും, പിന്നീട് ആ കുഞ്ഞില്ലാതെ തിരികെ വരുമ്പോഴുമെല്ലാം അയാൾ അവളെ ചോദ്യങ്ങളേതും കൂടാതെ സ്വീകരിക്കുന്നു. യുദ്ധാനന്തര ലോകത്തെ കെടുതികൾ അനുഭവിച്ച് ജീവിക്കുന്ന സ്ത്രീയും പുരുഷനും പലവിധ തടസങ്ങൾ കടന്നും തങ്ങളുടെ സ്നേഹബന്ധം നിലനിർത്തുമ്പോൾ അതുവരെ പ്രേക്ഷകരെ വീർപ്പ്മുട്ടിച്ചിരുന്ന ദൃശ്യലോകം വെളിച്ചം നിറഞ്ഞതായി മാറുന്നു.

ഡാനിഷ് സമൂഹത്തിന് വളരെ പരിചിതമായ ഒരു കുറ്റകൃത്യ പരമ്പരയെ ഒരു സിനിമയാക്കി മാറ്റി എന്നതാണ് ഗേൾ വിത്ത് ദി നീഡ്‌ലിന്റെ വിജയം. 1915 - 1920നും ദാഗ്മാർ ഓവർബൈയെന്ന സ്ത്രീ കോപ്പൻഹേഗനിൽ നടത്തിയ ‘ബേബി കില്ലിങ്സ്’ ആണ് കഥയുടെ കേന്ദ്രബിന്ദു. ചരിത്രത്തിലെ യഥാർത്ഥ ദാഗ്മാർ പാവപ്പെട്ട അമ്മമാരിൽ നിന്ന് കുഞ്ഞുങ്ങളെ ധനിക കുടുംബങ്ങളിലേക്ക് ദത്ത് നൽകാം എന്ന് പറഞ്ഞു വാങ്ങുകയും കൊന്നുകളയുകമായിരുന്നു. അവർ പിന്നീട് പിടിക്കപ്പെടുകയും 1921-ൽ വധിക്കപ്പെടുകയും ചെയ്തു. സാമ്പത്തികനേട്ടം മാത്രം ലക്ഷ്യം വെച്ചുള്ള കുറ്റകൃത്യങ്ങളെ സംവിധായകൻ വോൺ ഹോർണും എഴുത്തുകാരൻ ലങ്ബെക്കും ചേർന്ന് റിസേർച്ചിന് വിധേയമാക്കി. നാഷണൽ ഡാനിഷ് ആർക്കൈവസിൽ നിന്നും ദാഗമാർ നേരിട്ട കോടതിവിചാരണയും, കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ ചിത്രങ്ങളും അവർ സിനിമയുടെ പ്രൊഡക്ഷൻ ഡിസൈൻ തീരുമാനിക്കുന്നതിൽ നിർണായകമായി. കാലഘട്ടത്തിന്റെ സ്വഭാവം ഒപ്പിയെടുക്കുവാൻ ചരിത്രകാരി പിയ ഫ്രിസ് ലാനേത്തിന്റെ സഹായവും അവർ തേടി.
സിനിമയിൽ ദൃശ്യമാകുന്ന ലോകം ബെർഗ്മാന്റെയും ഫെല്ലിനിയുടെയും സിനിമകളെ അനുസ്‌മരിപ്പിക്കും, നഗരങ്ങളെ അഴുകിയ നിലയിൽ അവതരിപ്പിക്കുന്ന രീതി ആ ലോകത്ത് ജീവിക്കുന്ന കഥാപാത്രങ്ങളുടെ അന്യവൽക്കരണവും ദൈന്യതയും പ്രകടിപ്പിക്കുന്നുണ്ട്. ജീവന്റെ നിലനിൽപ്പ് ഉറപ്പാക്കുന്ന ഒന്നും തന്നെ ഇല്ലാത്തൊരു ലോകം തർക്കോവിസ്കിയുടെ ‘സ്റ്റോക്കർ’ സിനിമയെ ഓർമിപ്പിക്കുന്നു. യുദ്ധങ്ങളാൽ വിരൂപനായ പീറ്ററിന്റെ കഥാപാത്ര സൃഷ്ടി ഡേവിഡ് ഡേവിഡ് ലിഞ്ചിന്റെ എലെഫന്റ്റ് മാനെ ഓർമിപ്പിക്കുന്നു. മുഖം വികൃതമാകുന്ന, സാധാരണ അവസ്ഥയിൽ നിന്ന് ഭിന്നമാകുന്ന അവസ്ഥയിൽ മനുഷ്യർ പെരുമാറുക വളരെ ക്രൂരമായിട്ടാകും. ഡെൽ ടോറോയുടെ പാൻ’സ് ലാബിറിന്ത്, പൊളാൻസ്കിയുടെ റീപൽഷൻ എന്നിവ സിനിമയുടെ പൊതുവായ സ്വഭാവത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.

നിറങ്ങളാൽ കുതിർന്ന സ്‌ക്രീനിൽ സംഗീതവും, നൃത്തവും ചേരുമ്പോൾ സംഭവിക്കുന്ന ദൃശ്യസാധ്യതകൾ ലഹരിപിടിപ്പിക്കുന്നതായി മാറിയ ഇന്നത്തെ സിനിമ പൂർണമായും ദൃശ്യമദ്യമായി മാറിയിരിക്കുമ്പോൾ ‘ഗേൾ വിത്ത് ദി നീഡിൽ’ പുതിയൊരു കണ്ടെത്തൽ നടത്തുന്നുണ്ട്. കഥയുടെ മികച്ച ആഖ്യാനത്തിന് ബ്ലാക്ക് ആൻഡ് വൈറ്റ് തന്നെയാണ് ഏറ്റവും മികച്ചത് എന്ന കണ്ടെത്തൽ. സ്‌ക്രീനിലെ നിറങ്ങൾ നിഴലുകളെ മായ്ക്കുന്നതുപോലെ ഭയം, മരണം, യുദ്ധം, ദാരിദ്ര്യം, ക്രൂരത, നിസഹായാവസ്ഥ എന്നിങ്ങനെയുള്ള മനുഷ്യചരിത്രത്തിന്റെ ദുരവസ്ഥകളും പ്രേക്ഷകരുടെ സിനിമാനുഭവത്തിൽ നിന്നും ഇന്ന് മായ്ക്കപ്പെട്ടിട്ടുണ്ട്. മോണോക്രോം ഫോർമാറ്റിൽ സിനിമാഖ്യാനം നടത്തുവാൻ ശ്രമിക്കുന്ന കലാകാരന്മാർ നിഴലുകളെ കേന്ദ്രമാക്കി മാറ്റി മനുഷ്യന്റെ ദുരവസ്ഥകളെ വീണ്ടും ഓർമപ്പെടുത്താൻ ശ്രമിക്കുന്നു. ‘ദി ഗേൾ വിത്ത് ദി നീഡിൽ’ അത്തരമൊരു ശ്രമത്തിന്റെ ക്ലാസിക് ഉദാഹരണമാണ്.
സംവിധായകൻ ഒരുക്കുന്ന ദൃശ്യലോകത്ത് അധികാരശ്രേണിയും, അതിജീവനവും, നിലനിൽപ്പും മാത്രമാണ് സത്യം. അവ മൂന്നും നിഴലുകളായി വന്ന് പ്രേക്ഷകരെ ഭയപ്പെടുത്തുപ്പോൾ കാലാകാലങ്ങളായി നാം പരസ്പരം അധികാരത്തിനുവേണ്ടി തന്നെയല്ലേ മത്സരിക്കുന്നതെന്ന് ഓരോ മനുഷ്യനും ഓർമിക്കും.