പറഞ്ഞു കേൾക്കുമ്പോൾ ഭയങ്കര സാധ്യതകളുള്ള കഥയാണ് മഹാവീര്യറിന്റേത്. അതിന്റെ സ്വതന്ത്ര ആഖ്യാനം ഇങ്ങനെയായിരിക്കും; പതിനെട്ടാം നൂറ്റാണ്ടിൽ ഒരു രാജാവ് തന്റെ പ്രജയായ ഒരു പെൺകുട്ടിയോട് ഒരു ഹീനമായ അനീതി ചെയ്യുന്നു. രാജഭരണം നടക്കുന്ന അക്കാലത്തെ നീതി വ്യവസ്ഥയ്ക്ക് പകരം വ്യക്തിസ്വാതന്ത്ര്യം, മൗലികാവകാശം, മനുഷ്യാന്തസ്സ് തുടങ്ങിയവയിലധിഷ്ഠിതമായ പുതിയ കാലത്തിന്റെ നീതിയിൽ കേസ് തീർപ്പാക്കണമെന്ന ഉദ്ദേശത്തോടെ ത്രികാല സഞ്ചാരിയായ ഒരു ഋഷി ഇടപെടുന്നു. പതിനെട്ടാം നൂറ്റാണ്ടിലെ കേസ് വിസ്താരം പുതിയ നിയമപ്രകാരം നടക്കുന്നു. എന്നാൽ പുതിയ കാലത്തും ഭരണവർഗത്തിൽ നിന്ന് നീതിന്യായ വ്യവസ്ഥ സ്വതന്ത്രമാണോ എന്ന ചോദ്യമാണ് മാഹാവീര്യർ മുന്നോട്ട് വെക്കുന്ന ആശയങ്ങളിലൊന്ന്.
ഒറ്റ ഖണ്ഡികയിൽ കേൾക്കുമ്പോൾ തന്നെ അപാരമായ വിഷ്വൽ / ഡ്രാമ സാധ്യതകളുള്ള, എം. മുകുന്ദന്റെ കഥയെ ആസ്പദമാക്കി നിർമിച്ച മഹാവീര്യർ ആ സാധ്യതകളെ വേണ്ടവിധം ഉപയോഗിച്ചോ എന്നത് സംശയമാണ്. എങ്കിൽ പോലും പ്രേക്ഷകർക്ക് നഷ്ടബോധം ഉണ്ടാക്കാത്ത തരത്തിൽ സിനിമയെ എബ്രിഡ് ഷൈൻ പായ്ക്ക് ചെയ്തിട്ടുണ്ട്. വളരെ പുതുമയുള്ള അനുഭവമായി ചിത്രം ആസ്വദിക്കുന്നവരും ചിത്രം തീരെ കൊള്ളില്ല എന്ന് പറയുന്നവരുമായ രണ്ട് ധ്രുവങ്ങളിലുള്ള പ്രേക്ഷക പ്രതികരണമാവും ചിത്രത്തിനുണ്ടാവുക എന്ന് പ്രതീക്ഷിക്കുന്നു; അതായത് ഒരു ആവറേജ് എക്സ്പീരിയൻസിനേക്കാൾ ഈ രണ്ട് എക്സ്ട്രീമുകളിലായിരിക്കും പ്രേക്ഷകർ കേന്ദ്രീകരിക്കുകയെന്ന്.
പതിനെട്ടാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ഒരു നാട്ടുരാജ്യത്തിന്റെ രാജാവായിരുന്ന രുദ്ര മഹാവീരനിൽ(ലാൽ) നിന്നാണ് കഥ തുടങ്ങുന്നത്. രാജാവിന് ഒരു രാത്രി പെട്ടെന്ന് ഒരു രോഗം വരുന്നു. രാജ്യത്തെ പേരുകേട്ട വൈദ്യരൊക്കെയും ചികിത്സിച്ചിട്ടും അസുഖം ഭേദമാകുന്നില്ല. ഒരു ഉപായത്തിനായി രാജാവ് തന്റെ മന്ത്രിമുഖ്യനായ വീരഭദ്രനെ(ആസിഫ് അലി) ഒരു ദൗത്യം ഏൽപിച്ച് പറഞ്ഞയക്കുന്നു. അതേസമയം, വർത്തമാനകാലത്ത് കേരളത്തിലെ ഒരു ക്ഷേത്രത്തിന്റെ മുറ്റത്ത് ഒരു സുപ്രഭാതത്തിൽ അപൂർവാനന്ദൻ(നിവിൻ പോളി) എന്ന് പേരുള്ള ഒരു സ്വാമി പ്രത്യക്ഷപ്പെടുന്നു. അന്ന് രാവിലെ നട തുറന്നപ്പോൾ വിഗ്രഹം കാണാനില്ലെന്ന് മനസിലാക്കിയ നാട്ടുകാർ സ്വാമിയെ പൊലീസിൽ ഏൽപ്പിക്കുന്നു. പൊലീസ് സ്വാമിയെ കോടതിയിലെത്തിക്കുന്നു. പിന്നീട് കോടതിയിലും ഭൂതകാലത്തിലുമായി നടക്കുന്ന സംഭവങ്ങളാണ് 'മഹാവീര്യർ' പറയുന്നത്.
കഥയുടെ ബേസിക് സ്ട്രക്ചർ രസമുള്ളതാണ്. സർക്കാസ്റ്റിക് ആയിട്ടാണ് തുടക്കം മുതൽ ചിത്രം കഥ പറയുന്നത്. ആക്ഷൻ ഹീറോ ബിജുവിൽ ഒക്കെ കണ്ട് പോലുള്ള എബ്രിഡ് ഷൈനിന്റെ തനത് രീതിയിലുള്ള "അസാധാരണവും Akward-ഉം ആയിട്ടുള്ള മൊമന്റുകൾ' സൃഷ്ടിച്ചുള്ള കോമഡി നിരവധി ഉണ്ട് സിനിമയിൽ. നിവിൻ പോളിയുടെ തന്നെ കനകം, കാമിനി, കലഹം സിനിമയിൽ ഇത്തരം കോമഡി നമ്മൾ കണ്ടിട്ടുണ്ട്. കോർട്ട് റൂം സീനുകളിലൊക്കെ സ്വാഭാവിക ഒഴുക്കോടെ നർമം കേറിവരുന്നുണ്ട്. ഇത്തരത്തിൽ ചില രംഗങ്ങളും ചില പെർഫോമൻസും മാറ്റി നിർത്തിയാൽ കഥയിൽ ഡ്രാമയായി ഒന്നും ബാക്കിയില്ല. കോർട്ട് റൂം സീനുകളിൽ മിക്കപ്പോഴും സംഭാഷണങ്ങൾ അരോചകമായി നീണ്ടു നീണ്ട് പോവുന്നുണ്ട്. പ്രത്യേകിച്ച് രണ്ടാം പകുതിയിൽ കാര്യമായ 'ലെവൽ അപ്' മൊമന്റുകൾ ഒന്നും ഉണ്ടാവാതെ തന്നെയാണ് ചിത്രം അവസാനിക്കുന്നത്.
സമകാലിക ഇന്ത്യൻ രാഷ്ട്രീയവുമായി പ്രേക്ഷകർക്ക് എളുപ്പം കണക്ട് ചെയ്യാനാവുന്ന സന്ദർഭങ്ങൾ ചിത്രത്തിൽ വരുന്നുണ്ട്. കോർട്ട് റൂമിൽ ഒരു സമയത്ത് മൗലികാവകാശം, വ്യക്തിസ്വാതന്ത്ര്യം തുടങ്ങിയ ആധുനിക ആശയങ്ങളെ പ്രതിരോധിക്കാൻ രാജനീതി, രാജ്യതാൽപര്യം തുടങ്ങിയ പ്രാചീന ചിന്തകൾ ഉപയോഗിക്കുന്നുണ്ട്. ഒരു 10 വർഷം മുമ്പേ ആയിരുന്നെങ്കിൽ ഒരു പ്രസക്തിയുമുണ്ടാകാത്ത സംഭാഷണം ഇന്ന് കുറേക്കൂടി യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുന്നതാണ്. അധികാരത്തിന്റെ കയ്യാളായി പ്രവർത്തിക്കുന്ന നീതി വ്യവസ്ഥയെ വളരെ അഗ്രസീവ് ആയി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. പക്ഷേ ഒരു പ്രശ്നമുള്ളത്, ഈ രംഗങ്ങളൊക്കെ വളരെ ലൗഡ് ആണെന്നുള്ളതാണ്. സറ്റിലായി കാര്യങ്ങളെ അവതരിപ്പിക്കാതെ സംഭാഷണത്തിൽ ഒരുപാട് കാര്യങ്ങൾ പറയുന്നു എന്നത് വലിയൊരു പോരായ്മയാണ്. പ്രത്യേകിച്ച് തുടക്കത്തിലെ വിഷ്വൽ റിച്ച്നെസ് കാണിച്ച് ഉണ്ടാക്കിയ ബിൽഡപ്പുകൾക്ക് ശേഷം ചിത്രത്തിന്റെ കുറച്ചധികം സമയം കോർട്ട് റൂമിലെ സ്പേസിൽ ഒതുങ്ങിപ്പോയത് നിരാശയുണ്ടാക്കുന്നതാണ്.
ആക്ഷൻ ഹീറോ ബിജുവിലെ വിമർശനങ്ങൾക്ക് ശേഷവും സ്ത്രീകളോട് ഒരു ബഹുമാനവും കാണിക്കാത്ത ട്രീറ്റ്മെന്റാണ് എബ്രിഡ് ഷൈനിന്റേത്. പേരുള്ള ആകെ രണ്ടോ മൂന്നോ സ്ത്രീകളേ സിനിമയിലുള്ളൂ, അതിൽ ഒരാൾ തന്നെ തട്ടിക്കൊണ്ട് പോയ ആളെ രണ്ടാം ദിവസം പ്രേമിക്കും, മറ്റൊരാൾ 60 വയസുകാരനെ വശീകരിക്കാൻ ശ്രമിച്ച കേസിൽ പിടിക്കപ്പെട്ടയാളാണ് - പിന്നീട് സ്വാമിയോട് ദ്വയാർഥപ്രയോഗം നടത്തി കോമഡി ഉണ്ടാക്കാനും ഇവരെ ഉപയോഗിച്ചിട്ടുണ്ട്, വേറൊരാൾ ഭർത്താവിനോട് ജീവനാംശം ആവശ്യപ്പെട്ടിട്ട് ഭർത്താവിനാൽ തിരിച്ച് ഒരു പണി കിട്ടിയവളാണ്. പിന്നെയുള്ളത് വീരഭദ്രൻ രാജാവിനോട് പറയുന്ന രണ്ട് മൂന്ന് സ്ത്രീനാമങ്ങളാണ്. അവരെ രാജാവ് ലൈംഗികമായി അവഹേളിക്കുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ പതിനെട്ടാം നൂറ്റാണ്ടിലെ കഥപറയുമ്പോഴുള്ള പരിമിതിയായി തള്ളിക്കളഞ്ഞാലും, ഇതിനേക്കാളൊക്കെ ക്രൂരം ക്ലൈമാക്സിനോട് അടുപ്പിച്ച് ഒരു സ്ത്രീയ്ക്കെതിരെയുള്ള വയലൻസ് ചിത്രീകരിച്ച രീതിയാണ്. ഒറ്റയായി എടുക്കുമ്പോൾ അത്രക്രൂരമായി തോന്നിയേക്കില്ല. എന്നാൽ അത് വരെ സിനിമ തുടർന്ന് വന്നിരുന്ന ഒരു കോമിക് സെറ്റപ്പിൽ നിന്ന് പെട്ടെന്ന് ഒരു ക്രൂഡ് ആയിട്ടുള്ള വയലൻസ് പുറത്തേക്ക് എടുക്കുകയാണ്. അത് വരെ കോമഡി ചെയ്തവർ ആ വയലൻസിന്റെ ഭാഗമാവുകയും ചെയ്യുന്നു. തികച്ചും ഒഴിവാക്കേണ്ട രംഗമായിരുന്നു അതെന്ന് ഞാൻ കരുതുന്നു.
പെർഫോമൻസ് ആണ് സിനിമയെ പിടിച്ച് നിർത്തുന്നതിൽ പ്രധാന പങ്കുവഹിച്ച ഒരു ഘടകം. അതിൽ തന്നെ നിവിൻ പോളി ഹ്യൂമറിൽ മികച്ച് നിന്നെങ്കിലും സ്‌ക്രീൻ പ്രസൻസിൻ ആസിഫ് അലിയാണ് മുന്നിട്ട് നിന്നത്. മുൻപ് പറഞ്ഞത് പോലെ കനകം കാമിനി കലഹം സ്റ്റൈലിലുള്ള ഒരു കോമിക് രീതിയാണ് നിവിൻ പോളി പുറത്തെടുത്തത്. കോമഡികൾ പലതും കൺവിൻസിംഗായി പ്രേക്ഷകരിലെത്തിക്കാൻ നിവിൻ പോളിക്ക് കഴിഞ്ഞിട്ടുണ്ട്. ജഡ്ജിയുടെ വേഷത്തിൽ സിദ്ദീഖും രസമുള്ളതായി. ഛായാഗ്രാഹണം ഉൾപ്പടെയുള്ള ചിത്രത്തിന്റെ സാങ്കേതിക വിഭാഗം വളരെ മികച്ചു നിൽക്കുന്നതായി കാണാം. പാട്ടുകൾ ചിത്രത്തിന്റെ അന്തരീക്ഷവുമായി യോജിച്ച് നിന്നെങ്കിലും പശ്ചാത്തല സംഗീതത്തിന് സിനിമയിൽ അഡീഷനലായി ഒരു ഫലവുമുണ്ടാക്കാൻ കഴിയാതെ പോയി.