മോഹൻലാൽ മലൈക്കോട്ടൈ വാലിബൻ' എന്ന സിനിമ​യിൽ

അത്ര നിഷ്കളങ്കമല്ല
വാലിബനെതിരായ ആക്രമണങ്ങൾ

‘‘സോഷ്യൽ മീഡിയയിൽ 'മലൈക്കോട്ടൈ വാലിബൻ' എന്ന സിനിമ​ക്കെതിരെ നടക്കുന്ന ഏകപക്ഷീയമായ പ്രചാരണങ്ങളിൽ, പോസിറ്റിവ് അഭിപ്രായം പറഞ്ഞുള്ള കുറിപ്പുകൾക്കുതാഴെ നീളുന്ന തലയും വാലുമില്ലാത്ത ഐഡികളുടെ 'ഹഹ' റിയാക്ഷനിൽ  അല്പം അനീതിയുണ്ട്’’

ളുകളുടെ ചിന്താധാരകളിലും വിശ്വാസങ്ങളിലും കാഴ്ചപ്പാടുകളിലും തീർച്ചയും തിരുത്തലും വരുത്താൻ കലയ്ക്കുള്ള കഴിവ് തർക്കമില്ലാത്തതാണ്‌. അതിൽതന്നെ സിനിമ ഒരു പടി മുന്നിൽ നിൽക്കുന്നു. എഴുത്ത്, സംഗീതം, നൃത്തം തുടങ്ങിയ മായാജാലങ്ങളിലൂടെ പ്രേക്ഷകരുടെ പഞ്ചേന്ദ്രിയങ്ങളെയും ഉദ്ദീപിപ്പിക്കാൻ, അവയെ ഒരേസമയം എൻഗേജ്‌ ചെയ്യിപ്പിക്കാൻ കഴിവുള്ള ഒരു കലാരൂപം. നമ്മുടെ കൺമുന്നിൽ വിരിഞ്ഞുകിടക്കുന്ന സിനിമാസ്‌ക്രീനിന് എന്തും സാധ്യമാണ്. നാടകത്തിനുള്ള പോലെ സ്ഥല- കാല പരിമിതിയോ, സംഗീതത്തിനുള്ള പോലെ ദൃശ്യരൂപങ്ങളുടെ അഭാവം സൃഷ്ടിക്കുന്ന ശൂന്യതയോ സിനിമയ്ക്കില്ല. ഒരു പുസ്തകം വായിച്ചുതീർക്കാനെടുക്കുന്ന സമയത്തിന്റെ പത്തിലൊന്നു സമയം കൊണ്ട് ഒരു സിനിമ തുടങ്ങുന്നു, ഒടുങ്ങുന്നു. മാതങ്കിയുടെ അരമനയിൽ വാലിബനു മുന്നിൽ നിരന്ന ഭീമൻതളികയിലുള്ള വിഭവങ്ങൾ പോലെ, സിനിമ ഒരു വലിയ ഭാവനാപ്രപഞ്ചം പ്രേക്ഷകരുടെ മുൻപിലേക്ക് നൊടിയിടയിൽ വിളമ്പുന്നു. 

തുടക്കത്തി​ലേ പറയട്ടെ, LJP യുടെ 'മലൈക്കോട്ടൈ വാലിബൻ' വിമർശനങ്ങൾക്കതീതമായ, അതിഗംഭീര സിനിമയാണെന്ന് സമർഥിക്കാൻ  ഉദ്ദേശിച്ചുള്ളതല്ല ഈ കുറിപ്പ്. വ്യക്തിപരമായ അനുഭവങ്ങൾ / നിരീക്ഷണങ്ങൾ എന്നിവ  ഇനിയുള്ള വരികളിൽ കടന്നുവരാൻ സാധ്യതയുണ്ട് എന്നും പറയട്ടെ.

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഈ സിനിമയ്ക്കെതിരെ നടക്കുന്ന ഏകപക്ഷീയമായ  പ്രചാരണങ്ങളിൽ, പോസിറ്റിവ് അഭിപ്രായം പറഞ്ഞുള്ള കുറിപ്പുകൾക്കുതാഴെ നീളുന്ന തലയും വാലുമില്ലാത്ത ഐഡികളുടെ 'ഹ ഹ' റിയാക്ഷനിൽ  അല്പം അനീതിയുണ്ട് എന്ന് തോന്നിയതുകൊണ്ടാണ് ഇതെഴുതുന്നത്.

മലയാളത്തിലിറങ്ങിയ ഏറ്റവും മോശപ്പെട്ട സിനിമ അല്ല, 'LJP -L' കോംബോയുടെ വാലിബൻ. അതാണ് ഒന്നാംദിനം ഒറ്റയ്ക്കും തെറ്റയ്ക്കും വന്നിരുന്ന പോസിറ്റീവ് റിവ്യൂകൾ ഇപ്പോൾ ഒരു മഴ പോലെ, പടത്തിനുമേൽ സാവധാനം വേരുപടർത്തി പൂക്കുന്നത്.

സ്വന്തം പണം മുടക്കി സിനിമ കാണുന്നവർക്ക് തീർച്ചയായും അതേപ്പറ്റി അഭിപ്രായം പറയാൻ അവകാശമുണ്ട്. പക്ഷേ കയ്യടി നൽകേണ്ട വശങ്ങളെ പൂർണമായും അവഗണിച്ച്, പാളിച്ചകളെ മാത്രം ഉയർത്തിക്കാട്ടി നടത്തുന്ന ഒരു വിമർശനം 'അത്ര നിഷ്കളങ്കമല്ലല്ലോ' എന്നാരെങ്കിലും പരാതി പറഞ്ഞാൽ അവരെ അപ്പാടെ അങ്ങനെ തള്ളാനാകുമോ?

ചിത്രത്തിന്റെ നീളത്തിലും, കഥാസന്ദർഭങ്ങളെ അടുക്കിയ ക്രമത്തിലും, എഴുത്തിലും, അല്പം കൂടി ശ്രദ്ധ പതിപ്പിച്ചിരുന്നു എങ്കിൽ വാണിജ്യപരമായി മലയാളം ഇൻഡസ്ട്രിയിൽ പുതിയ ഉയരങ്ങൾ സൃഷ്ടിക്കേണ്ട ഒരു പടമായിരുന്നു വാലിബൻ. പ്രേക്ഷകരുമായി വൈകാരികപരമായ ഒരു ഇഴയടുപ്പം സൃഷ്ടിക്കാൻ കഥയുടെ പോക്കിന് കഴിയാതെയും പോയിട്ടുണ്ട്. ഒപ്പം, സിനിമയുടെ പ്രൊമോഷനിടയിൽ അറിഞ്ഞോ അറിയാതെയോ വാലിബൻ ഒരു മാസ്സ് സിനിമയാണെന്ന മട്ടിൽ രൂപപ്പെട്ട ധാരണകളും.
ഒക്കെ അംഗീകരിക്കുന്നു.
പക്ഷേ കണ്ണുകൾക്ക് ഓരോ നിമിഷവും  ഉത്സവമാകുന്ന അനേകം മൊമെന്റുകൾ ഒന്നിനുപിറകെ ഒന്നായി നിരക്കുന്ന, കഥപറച്ചിലിനോട് നീതി പുലർത്തുന്ന സംഘടനരംഗങ്ങൾ അടുക്കിയ, ഒരു കെട്ടുകഥയിലെ ഊരിനെപ്പറ്റി നമുക്കുള്ള സങ്കൽപ്പങ്ങളെ യഥാർഥ്യമാക്കുന്ന കാലമികവുള്ള, അതിനായി ഇന്ത്യയിലെ ഒരുപിടി നാടൻകലാരൂപങ്ങളെ കൂട്ടുപിടിച്ച, വരികൾക്കിടയിൽ പലതും ഒളിപ്പിച്ചുവച്ചിരിക്കുന്ന, വാലിബൻ എന്ന കഥാപാത്രമായി മോഹൻലാൽ നിറഞ്ഞാടിയ  മലൈക്കോട്ടൈ വാലിബൻ, മൊത്തത്തിൽ അങ്ങനെ തിയേറ്ററിൽ നിന്ന് കൂടൊഴിച്ചുവിടണം എന്നാണ്?
ഇതെല്ലാം അങ്ങനെയങ്ങ് കണ്ടില്ലെന്നുവയ്ക്കണം എന്നാണ്?

ലിജോ ജോസ് പെല്ലിശ്ശേരി

മലൈക്കോട്ടൈ വാലിബൻ എന്ന എൽ ജെ പി-ലാൽ സിനിമ, ആയുസ്സിലെപ്പോഴെങ്കിലും കാണാൻ സാധ്യതയുണ്ട് എന്ന് തോന്നുന്നവർ, തിയേറ്ററിൽ പോയി തന്നെ കാണണം. കാരണം അത്രയ്ക്ക് ഗംഭീരമായ ഒരു തിയേറ്റർ അനുഭവം വാലിബൻ നൽകുന്നുണ്ട്. ബാലരമ അടക്കമുള്ള കഥാപുസ്തകങ്ങളിലെ സ്ഥിരം അമർചിത്രകഥകൾ ഓർമയില്ലേ?.
ഓരോ ലക്കവും ഓരോ കഥ.
ഓരോ നാട്.
ഓരോ നാട്ടുകാർ.
മാറ്റമില്ലാതെ തുടരുന്നത് കേന്ദ്രകഥാപാത്രങ്ങൾ മാത്രം.
വാലിബനും അതുപോലൊരു കഥയാണ്. അയാളും,
ചിന്നനും, ഒപ്പം ഒരിടത്തും വാലിബനെ ഉറച്ചു നിർത്താത്ത, പിതൃതുല്യനായി  വാലിബൻ കരുതുന്ന അയ്യനാരും. അവർ തുടർച്ചയായി യാത്രയിലാണ്. ഓരോ നാട്ടിലേക്ക്. ആ യാത്രകളിൽ പലതും സംഭവിക്കുന്നു. വാഴ്ന്നവർ വീഴുന്നു. പോരിൽ  തോറ്റവർ കഴുതമേൽ പുള്ളികുത്തി നാട് കടത്തപ്പെടുന്നു, അവരുടെ പെണ്ണും പണവും വിജയി കൈവശപ്പെടുത്തുന്നു. കോട്ടക്കൊത്തളങ്ങൾ തകർന്നുവീഴുന്നു. മിത്രം ശത്രുവാകുന്നു. ശത്രു മിത്രവും. നിഴൽ പോലെ ഒപ്പം നടന്നവർ പൊടുന്നനെ ഫണം വിടർത്തുന്നു. വിഷം ചീറ്റുന്നു.

ഇത്രയും സമ്പുഷ്ടമായ ഒരു സിനിമാക്കാഴ്ച അടുത്ത കാലത്തൊന്നും കണ്ണുകൾക്കുമുൻപിൽ തെളിഞ്ഞിട്ടില്ല. മധു നീലകണ്ഠൻ എന്ന സിനിമട്ടോഗ്രാഫർക്കുമുൻപിൽ  ക്യാമറ ഒരു ബ്രഷ് ആയി രൂപം മാറുന്നു. സ്ക്രീൻ എന്ന ക്യാൻവാസിൽ അതോടെ അയാൾ ചിത്രങ്ങൾ വരച്ചുതുടങ്ങുന്നു. ചിലതിനൊക്കെ ചോരയുടെ കടും ചുവപ്പ്. മരുഭൂമിയിലെ രാത്രികൾ പകർത്തുമ്പോൾ പർപ്പിൾ നിറം വച്ചിരിക്കുന്ന ഡപ്പിയിലേയ്ക്ക് അയാളുടെ ബ്രഷ് നീളുന്നു. രണ്ടാം പകുതിയിലെ വേലയെ, അപ്പാടെ അയാൾ  മഞ്ഞപുതപ്പിയ്ക്കുന്നു. സിനിമയിലെ തന്നെ വളരെ പ്രധാനപ്പെട്ട ആ വേലയുടെ ദൃശ്യം എത്ര മികവുറ്റതാണ്. വാലിബനു ചുറ്റും നിൽക്കുന്ന മഞ്ഞ പുതച്ച ഉടലുകൾക്കെല്ലാം മുഖംമൂടികൾ ലിജോ കൊടുത്തിട്ടുണ്ട്. പക്ഷേ ഓരോ മുഖവും വ്യത്യസ്തമാണ്. അവയിലെ കണ്ണുകൾക്കും ഓരോ ഭാവം.
ഒരു വിഭവം പാകം ചെയ്യുമ്പോൾ അതിനോട് സമാനത പുലർത്തുന്ന, അല്ലെങ്കിൽ രുചി അല്പം കൂട്ടുമെന്ന് ഉറപ്പുള്ള ചില ചേരുവകൾ നാം അധികമായി ചേർക്കാറില്ലേ? അതിൽ ചൈനീസ് രീതികൾ ഉണ്ടാവാം. ഇറ്റാലിയൻ ചേരുവകൾ ഉണ്ടാവാം.
ലിജോയും ലോകസിനിമയിലെ തന്നെ ചില റഫറൻസുകൾ വാലിബനിൽ ചേർത്തിട്ടുണ്ട്. മലയ്ക്കോട്ടയിൽ, ബൈബിളിലെ സംസണിനെപ്പോലെ, ബന്ധനസ്ഥനായ വാലിബനു മുന്നിൽ രണ്ടു നൃത്തങ്ങൾ വിരുന്നുവരുന്നുണ്ട്. ഷോലെയിൽ ഗബ്ബറിനു മുൻപിൽ ഹെലൻ ആടിത്തിമിർത്ത മെഹബൂബ മെഹബൂബയുടെയും, കുപ്പിച്ചില്ലുകൾക്ക് മുകളിൽ നൃത്തം ചെയ്യുന്ന ഹേമമാലിനിയുടെ ജബ് തക് ഹേ ജാനിന്റെയും ഓർമകളുണർത്തുന്ന രണ്ടു നൃത്തങ്ങൾ.
കൃത്യമായി ബ്ലൻഡ് ചെയ്ത ഈ  രണ്ടു കാഴ്ചകൾക്കും പിന്നാലെ കുബ്രിക്കിന്റെ  സ്പാർട്ടക്കസിലെ ഒരു ഐക്കോണിക്ക് മൊമെന്റിന്റെയും നിഴൽ കാണാം.
ഗോഡ് മസ്റ്റ് ബി ക്രേസിയിൽ ആകാശത്തുനിന്നും ഒരു കോളാക്കുപ്പി വീഴുമ്പോൾ അത് നോക്കി പ്രാർത്ഥിക്കുന്ന ഗോത്രവംശജരുണ്ട്. വാലിബനിലും സമാനമായി പ്രാർത്ഥിക്കുന്ന ഒരു ഇടയനെ കാണാം. ഇക്കുറി പക്ഷേ വിണ്ണിൽ നിന്നും മണ്ണിൽ വിരുന്നുവരുന്നത് ഒരു കൽഫലകമാണെന്നു മാത്രം. കഥാപാത്രങ്ങളുടെ രൂപീകരണത്തിൽ മൃഗങ്ങളുടെ ചേഷ്ടകൾ ഉൾപ്പെട്ടിരിക്കുന്നത് സംവിധായകൻ  അറിയാതെ വന്ന ഒന്നായി തോന്നുന്നില്ല. ഇര ദുർബലനായി കഴിഞ്ഞശേഷം മാത്രം ആക്രമിക്കുക എന്ന രീതി പിന്തുടരുന്നവയാണ് കഴുതപ്പുലികൾ. അതിനായി ഇരയെ മണിക്കൂറുകളോളം പിന്തുടരാനും അവ മടിക്കില്ല. സിനിമയിൽ കഴുതപ്പുലിയുടെ ചിരിക്ക് സമാനമായി ചിരിച്ചു നടക്കുന്ന ഒരാളുണ്ട്. അയാളുടെ ആക്രമണ രീതി ഇനിയൊന്നു ആലോചിച്ചു  നോക്കൂ.
മയിലിന്റെ സാന്നിധ്യം വരൾച്ചയുടെ സൂചനയായി പണ്ടുമുതലേ കരുതുന്ന ഒന്നാണ്. സിനിമയിൽ മയിലിനെപ്പോലെ നൃത്തം ചെയ്യുന്ന, വേഷം ധരിക്കുന്ന ഒരുവൾ വാലിബന്റെ യാത്ര സംഘത്തിൽ ഇടയ്ക്കുവച്ചു ചേരുന്നുണ്ട്. അതുവരെയ്ക്കും പോയിരുന്ന രീതിയിൽ നിന്നും മാറിയാണ് സിനിമയുടെ പിന്നുള്ള യാത്ര.

കരുത്തിന്റെ പ്രതീകമായ ആനയുടെ കാൽപ്പാടുകളാണ് സിനിമയുടെ അവസാനം വളരെ പ്രധാനപ്പെട്ട ഒരാളെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. പ്രധാന കഥാപാത്രങ്ങൾ മാത്രം ചലിക്കുകയും പിന്നിലുള്ളവർ നിശ്ചലത പേറുന്ന രൂപങ്ങളായി മാത്രം നിലകൊള്ളുകയും ചെയ്യുന്ന ചിത്രകഥകളിലെ ആഖ്യാനരീതി സിനിമയിൽ പലയിടത്തും അവലംബിച്ചതായും  കാണാം.

പുരാണത്തിൽ ഹനുമാന് ഒരു മകൻ ഉള്ളതായി പറയുന്നുണ്ട്, മകരധ്വജൻ. അച്ഛനോട് പോരിനിറങ്ങുന്ന മകൻ. മുന്നിൽ നിൽക്കുന്നത് മകനാണെന്നറിയാത്ത അച്ഛനും, താൻ കൊല്ലാൻ നോക്കുന്നത് സ്വന്തം പിതാവിനെയാണ് എന്നറിയാത്ത മകനും കഥയിൽ ഒരിക്കൽ പോരിനിറങ്ങുന്നുണ്ട്.

സിനിമയുടെ പോരായ്മകൾ എന്ന് ആളുകൾ ചൂണ്ടിക്കാണിക്കുന്ന ഘടകങ്ങൾക്കുനടുവിലും, മലയ്ക്കോട്ടൈ വാലിബനെ തുടക്കം മുതൽ ഒടുക്കം വരെ തോളിലേറ്റുന്ന മോഹൻലാൽ എന്ന നടനെ മറന്നു കളയാനാവില്ല. ശക്തരായി അന്നോളം പിറന്ന സകല പടപ്പുകളെയെല്ലാം തോൽപ്പിക്കുന്ന ഒരു യോദ്ധാവ്.
മലകളെ ജയിക്കാൻ ജനിച്ചവൻ.
ഇങ്ങനെയുള്ള ഒരു വിവരണം കേൾക്കുമ്പോൾ മലയാളി പ്രേക്ഷകരുടെ കണ്മുൻപിൽ തെളിയുക മോഹൻലാലിന്റെ രൂപമാകും. കൊല്ലങ്ങളായി തന്റെ മാസ് സിനിമകളിലൂടെ പ്രേക്ഷകമനസുകളിൽ  അയാൾ ശ്രദ്ധാപൂർവം നട്ടുവളർത്തിയ ഒരു ഇമേജാണത്. ഇക്കണ്ട കാലം മുഴുവൻ അതിനായി അയാൾ നടത്തിയ ഇൻവെസ്റ്റ്മെന്റ്, അതിന്റെ വിളവെടുപ്പ് ആണ് വാലിബൻ.
മാങ്ങാട്ട് കളരിയെ മണ്ണോടു ചേർക്കാൻ ഇരുകൈകളിലും വടമേന്തി നടക്കുന്ന വാലിബൻ, സ്ക്രീനിന്റെ ഒത്തനടുക്ക്, നീലാകാശത്തിനുകീഴിൽ   വന്നുനിന്ന് ഒരു അലർച്ചയുണ്ട്, ഇയാൾ  മനുഷ്യനോ അതോ രാക്ഷസനോ എന്ന് പ്രേക്ഷകൻ അമ്പരന്നു പോകുമാറ്.

രണ്ടാമൂഴത്തിലെ ഭീമനായി മോഹൻലാൽ സ്‌ക്രീനിലെത്തുമോ എന്നറിയില്ല. പക്ഷേ അസാമാന്യ കരുത്തുള്ള വാലിബൻ, മോഹൻലാൽ എന്ന നടനിൽ ഭദ്രമായിരുന്നു. തന്നെ ശരീരികമായി പരുവപ്പെടുത്തിയതിനൊപ്പം, ശബ്ദവിന്യാസത്തിലും ഇക്കുറി അയാൾ ശ്രദ്ധിച്ചിട്ടുണ്ട്. അതുകൊണ്ടാണ് വാലിബന്റെ ചില സമയത്തെ മൂളലുകൾ കൊടുങ്കാറ്റുപോലെ കാതു തുളയ്ക്കുന്നത്. 

കൺസന്റ്, കോൾ ഔട്ട് എന്നിവയുമായി ബന്ധപ്പെട്ട 'നേരി'ലെ പത്തോ മുപ്പതോ സെക്കന്റ്‌ മാത്രം നീളുന്ന റീൽ കണ്ട് ‘ലാലേട്ടൻ ഈസ്‌ ബാക്ക്’ എന്ന് ഇരമ്പിയാർത്തവർ എന്തുകൊണ്ടാണ് വാലിബനായി ജീവിച്ച ലാൽ മാജിക്ക് കാണാതെ പോകുന്നത്? അതോ സ്ഥിരം മുണ്ട് -മീശപിരി മാസ് സീനുകൾ മാത്രം അയാൾ ചെയ്താൽ മതി എന്നാണോ?

ഒന്നുറപ്പാണ്,
വാർപ്പുമാതൃകകളെ പൊളിച്ചെഴുതുന്ന, ഭീമമായ മൂലധനം ആവശ്യമുള്ള  പണംമുടക്കി  പടങ്ങൾ ആലോചിക്കാൻ സംവിധായകരും, അവർക്ക് കൈ കൊടുക്കാൻ നിർമാതാക്കളും ഒരുങ്ങുമ്പോൾ, ഭാവിയിൽ അവർ പരിഗണിക്കാൻ പോകുന്നത് വാലിബൻ എങ്ങനെ തിയേറ്ററിൽ സ്വീകരിക്കപ്പെട്ടു എന്നതായിരിക്കും. എൽ ജെ പിയുടെയോ മോഹൻലാലിന്റെയോ കരിയർ ബെസ്റ്റ് സിനിമയാണ് വാലിബൻ എന്ന് പറയുന്നില്ല. പക്ഷേ പണം മുടക്കുന്ന പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ഒരു അനുഭവം സ്‌ക്രീനിൽ  ഇരുവരും ഒളിപ്പിച്ചുവച്ചിട്ടുണ്ട്.

സിനിമയുടെ കഥ പറച്ചിലുമായി ബന്ധപ്പെട്ട കുറ്റപ്പെടുത്തലുകൾ കണ്ണിൽ അടയാളപ്പെടുത്തിക്കൊണ്ടുതന്നെ പറയട്ടെ, അതി ഗംഭീരമായ ഒരു തിയേറ്റർ അനുഭവമാണ് വാലിബൻ നൽകുന്നത്. ഒ ടി ടി /മൊബൈൽ സ്ക്രീനുകളിൽ അത് അങ്ങനെതന്നെ സംവേദനം ചെയ്യപ്പെടും എന്ന് തോന്നുന്നില്ല.

വാലിബനെ കൂവിതോൽപ്പിക്കാൻ കച്ചകെട്ടി ഇറങ്ങുന്ന ലാൽ ഫാൻസിന്റെ ശ്രദ്ധയ്ക്ക്: പരീക്ഷണങ്ങൾക്ക് കൈകൊടുക്കാൻ മമ്മൂട്ടിയേക്കാൾ വിമുഖത പ്രകടിപ്പിക്കുന്ന നടനാണ് അയാളെന്ന പഴി ഇപ്പോഴേയുണ്ട്. അങ്ങനെയുള്ളപ്പോൾ തന്റെ കംഫർട്ട് സോൺ വിട്ട് പുറത്തേക്കിറങ്ങാനുള്ള അയാളുടെ ആദ്യ ചുവടു തന്നെ കൂവി സപ്പോർട്ട് ചെയ്യാനാണ് നിങ്ങളുടെ തീരുമാനം എങ്കിൽ...
സിനിമയെ സ്നേഹിക്കുന്ന, മലയാളം ഇൻഡസ്ട്രി വലുതാകണം എന്ന് പ്രതീക്ഷിക്കുന്നവർ വേറെന്ത് പറയാനാണ്?

Comments