റിയലിസത്തിന്റെ കാളവണ്ടിയാത്രയോട്
LJP നടത്തുന്ന യുദ്ധങ്ങൾ

‘‘പൊയ്മുഖങ്ങൾക്കുപിറകിലും മുടിനാരുകളിലും ഒളിച്ചിരിക്കുന്ന വിഷം തീണ്ടാതൊഴിഞ്ഞുമാറുമോ മലൈക്കോട്ടു വാലിബൻ? തൽക്കാലം തിയേറ്റർ വിട്ടൊഴിഞ്ഞു എന്നേയുള്ളൂ, ഈ ആകാംക്ഷയോടെ ഞങ്ങൾ കാത്തിരിക്കുന്നു. തടസ്സങ്ങളുടെ കിടങ്ങുകളും കോട്ടകളും ചാടിക്കടക്കാൻ ലിജോ ജോസ് പല്ലിശ്ശേരിക്കും കഴിയട്ടെ.’’

കൗബോയ് സിനിമകൾ ആസ്വദിച്ചുകാണാറുണ്ടോ? ഒരു നാഗരികത രൂപപ്പെടുംമുമ്പ് കൈക്കരുത്തും തോക്കിൻകുഴലും കുതിരവേഗവും കാമവും നീതിയും നിയമവുമായ കാലത്തിൻ്റെ അടയാളങ്ങൾ. വിശാലമായ ഭൂഭാഗങ്ങളുടെ വൈഡ് ആംഗിളുകൾ. കുതിരപ്പുറത്തേറി അകലെ നിന്നും വരുന്ന ധീരന്മാർ. അവരുടെ ഭാവവ്യതിയാനങ്ങളുടെ ക്ലോസ് ഷോട്ടുകൾ. ദേശങ്ങൾക്കു മുകളിൽ അവർ സ്ഥാപിക്കുന്ന അധികാരങ്ങൾ. അതിനുതിർക്കുന്ന വെടിയൊച്ചകൾ, ശബ്ദമെന്ന പോലെ നിശ്ശബ്ദതകൾ കൂടി പലതും വിനിമയം ചെയ്യുന്ന പശ്ചാത്തല സംഗീതവിന്യാസം.
വാക്കുകൾ എന്ന പോലെ മൗനവും മൂളലും കൂടി കഥ പറയുന്ന സംഭാഷണങ്ങൾ.

ടൈറ്റിൽ മുതൽ എണ്ണയാട്ടുന്ന ചക്കുകൾ നിറഞ്ഞ ഗ്രാമത്തിലേക്ക് മലൈക്കോട്ടെ വാലിബൻ്റെ കാളവണ്ടി വരുന്ന രംഗം വരെയുള്ള കാഴ്ചകൾ കണ്ട് ഉള്ളം ആദ്യം ചെന്ന് തൊട്ടത് 1950 - 60 കാലത്തെ കൗബോയ് സിനിമകളെയാണ്. പ്രത്യേകിച്ച് ദ ഗുഡ്, ദ ബേഡ്, ദ അഗ്ലി എന്ന വിഖ്യാതമായ ക്ലിൻ്റ് ഈസ്റ്റ് വുഡ് സിനിമ. ഷോലെ പോലെ ചില സിനിമകളിൽ ഒരു നിഴലടിച്ചതല്ലാതെ ഇന്ത്യൻ സിനിമ അങ്ങനെ ഒരു മാതൃക പിന്തുടർന്നിട്ടുണ്ടോ? ഇല്ലെന്ന് ഉറപ്പിച്ചു പറയാൻ മാത്രമുള്ള സിനിമാസാക്ഷരതയില്ല.

ടൈറ്റിൽ മുതൽ എണ്ണയാട്ടുന്ന ചക്കുകൾ നിറഞ്ഞ ഗ്രാമത്തിലേക്ക് മലൈക്കോട്ടെ വാലിബൻ്റെ കാളവണ്ടി വരുന്ന രംഗം വരെയുള്ള കാഴ്ചകൾ കണ്ട് ഉള്ളം ആദ്യം ചെന്ന് തൊട്ടത് 1950 - 60 കാലത്തെ കൗബോയ് സിനിമകളെയാണ്. പ്രത്യേകിച്ച് ദ ഗുഡ്, ദ ബേഡ്, ദ അഗ്ലി എന്ന വിഖ്യാതമായ ക്ലിൻ്റ് ഈസ്റ്റ് വുഡ് സിനിമ.

അതധികം തുടർന്നില്ല, വളരെ പെട്ടെന്ന് സ്റ്റൈലൈസ്ഡ് ആക്ടിങ്ങിൻ്റെ പേച്ചിലേക്കും ചലനങ്ങളിലേക്കും വാലിബൻ നല്ല മെയ്യഭ്യാസത്തോടെ ചാടിക്കയറി. തമിഴ് സംഗീത നാടകങ്ങളെ ചെന്നു തൊട്ടു. വീര പാണ്ഡ്യ കട്ടബൊമ്മനും ചെങ്ങന്നൂരാതിയും തച്ചോളി ഒതേനനും അടങ്ങുന്ന വീരനായക സങ്കല്പങ്ങളിലേക്ക് അയാൾ ചുവടുവച്ചു.

"തൂളി വലിയൊരു മീൻ കണ്ടാലും
തോല് വെള്ത്തൊരു പെണ്ണ് കണ്ടാലും "
അതെല്ലാം തനിക്കുതന്നെ എന്നുറപ്പിച്ച് മണ്ണും പെണ്ണും കീഴടക്കിയ വടക്കൻ പാട്ടിലെ ഒതേനൻ്റെ വീരകഥപ്പാട്ടുകൾ ഓർമിപ്പിക്കുന്ന മല്ലന്മാരും പോരാളികളുമുണ്ട് സിനിമയിൽ.

ഒതേനൻ്റെ കഥയിൽ ചരിത്രവും മിത്തുകളും മുഖാമുഖം നിൽക്കുന്നുണ്ട്. ഒതേനൻ്റെ ജീവനെടുത്ത തോക്കും അയാൾ നടന്ന വഴികളും ചെന്ന ദേശങ്ങളും അയാളെതിരിട്ട കുഞ്ഞാലിമരക്കാറും തേവർ വള്ളനുമൊക്കെ ചരിത്രമാണെങ്കിൽ ചാടിക്കടന്ന കോട്ടകളും ഒറ്റച്ചവിട്ടിൻ്റെ കാലടിയിൽ കുഴിഞ്ഞുണ്ടായ കുളങ്ങളും ആയുധമേൽക്കാത്ത ഉറുക്കും നൂലും ഒടുക്കത്തെ അങ്കത്തിൽ വഴിതടഞ്ഞ ലോകനാർ കാവിലമ്മയും മിത്താണ്. യാഥാർത്ഥ്യങ്ങളേക്കാൾ ഞങ്ങൾ കടത്തനാട്ടുകാരെ ലഹരി പിടിപ്പിച്ചത് മിത്തുകളും അതിശയോക്തികളുമാണ്. കലയിലെ ഫാൻ്റസികളെ എത്രമേൽ ആസ്വദിക്കുന്നോ അത്രയ്ക്ക് ജീവിതത്തിൽ യാഥാർത്ഥ്യ ബോധമുണ്ടാവും കാരണം ഒരു മിത്തും കള്ളമല്ല, വളഞ്ഞ വഴി വരുന്ന സത്യങ്ങൾ തന്നെയാണ്. അതാണ് കലയുടെ, കഥയുടെ ആസ്വാദനത്തിൻ്റെ വഴികളിൽ കയ്യിലുണ്ടാവേണ്ട വെളിച്ചം. അതുകൊണ്ട് വാലിബൻ്റെ അത്ഭുതപ്പിറവിയിലെ അതിമാനുഷികമായ അതിശയോക്തികൾ ഉൾക്കൊള്ളാനും ആസ്വദിക്കാനും പ്രയാസമുണ്ടായില്ല. ചിലത് പറയാൻ റിയലിസത്തിൻ്റെ നറേഷൻ മാത്രം മതിയാവില്ലല്ലോ.

Photo: Arjun Kallingal / facebook

നൂറ്റാണ്ടുകളുടെ പൊടിമണ്ണ് കാലിൽ പറ്റിയ ഈ സഞ്ചാര ചിത്രത്തിൽ നാം കണ്ട നാടുകളെത്രെ? മനുഷ്യരെത്ര? ആട്ടവും പാട്ടും പ്രേമവും കാമവും നിറഞ്ഞ ജീവിതത്തിൻ്റെ തെരുവുകളെത്ര? അങ്കങ്ങളുടെയും മല്പിടുത്തങ്ങളുടെയും ഇടയിൽ തെങ്ങിളനീരിൻ്റെ മധുര്യമുള്ള പ്രണയഗാനങ്ങളിൽ രമണനിലെ പാട്ടുകളുടെ ഗൃഹാതുരച്ഛായ വീണു കിടപ്പുണ്ട്.

സിനിമയിലെ കാളവണ്ടികൾ പോലെ സിനിമയുടെ ചരിത്രവും ഇന്നോളം പിന്നിട്ടുപോന്ന ഏതൊക്കെ ഭാവുകത്വ സന്ദർഭങ്ങളിലൂടെയായിരുന്നു ഈ സിനിമയുടെ സർഗ്ഗസഞ്ചാരം.
കാസ്റ്റിങ്ങ്, ആർട്ട്, സിനിമാട്ടോഗ്രഫി തുടങ്ങിയവയിലൊക്കെയും അനന്യമായ വിസ്മയം സൂക്ഷിക്കുന്നുണ്ട് ഈ സിനിമ.

വലിയ മനുഷ്യരുടെ വലിയ ആഹ്ലാദങ്ങളിൽ നിന്ന്, വലിയ പദവികളിൽ നിന്നുള്ള വലിയ പതനമാണ് ട്രാജഡി എന്ന് പറയാറുണ്ടല്ലോ. ആർജിച്ച വിദ്യയും പദവികളും വിജയങ്ങളും ഏത് ജേതാവിനെയും ഒറ്റു കൊടുക്കുന്ന ഒരു നാൾ വരും. ഏഖില്ലസ്സിൻ്റെ ഉപ്പൂറ്റി പോലെ, ശ്രീകൃഷ്ണകൻ്റെ കാലടി പോലെ എല്ലാ മഹാവീരനായകന്മാർക്കുമുണ്ട് ഒരു ദുർബ്ബല മർമം. അനിവാര്യമായ പതനത്തിൻ്റെ വിധിയുമായി മുഖാമുഖം കാണേണ്ട ആ സന്ദർഭത്തിൽ വാലിബനെ കൊണ്ടുനിർത്തിയിട്ടാണ് ലിജോ ജോസ് പെല്ലിശ്ശേരി മലൈക്കോട്ടു വാലിബൻ്റെ ആദ്യ ഭാഗം സ്വിച്ച് ഓഫ് ചെയ്യുന്നത്.

Photo: Arjun Kallingal / facebook

"കോട്ടകളും പത്തനങ്ങളും മഹായുദ്ധങ്ങളും ജയിച്ചാലും ജയിക്കാനാവാത്ത മനസ്സിൻ്റെ യുദ്ധങ്ങൾ "

പൊയ്മുഖങ്ങൾക്കുപിറകിലും മുടിനാരുകളിലും ഒളിച്ചിരിക്കുന്ന വിഷം തീണ്ടാതൊഴിഞ്ഞുമാറുമോ മലൈക്കോട്ടു വാലിബൻ?
തൽക്കാലം തിയേറ്റർ വിട്ടൊഴിഞ്ഞു എന്നേയുള്ളൂ, ഈ ആകാംക്ഷയോടെ ഞങ്ങൾ കാത്തിരിക്കുന്നു. തടസ്സങ്ങളുടെ കിടങ്ങുകളും കോട്ടകളും ചാടിക്കടക്കാൻ ലിജോ ജോസ് പല്ലിശ്ശേരിക്കും കഴിയട്ടെ. ആശംസകൾ.

Comments