മോഹൻലാൽ നിജം; പെല്ലിശ്ശേരി പൊയി | Malaikottai Vaaliban Review

ഇതുവരെ കണ്ട ഫാൻറസി ചിത്രങ്ങളൊക്കെ 'പൊയി', ഇനി കാണാൻ പോവുന്നത് 'നിജം' എന്ന പ്രതീക്ഷയിലേക്ക്, മലയാള സിനിമ ഇന്നോളം കാണാത്ത വിസ്മയക്കാഴ്ചകളിലേക്ക് ‘വാലിബനി’ലൂടെ പ്രേക്ഷകർ കടക്കുകയായി.

രിടത്തൊരിടത്ത് ഒരു യോദ്ധാവുണ്ടായിരുന്നു എന്നു പറഞ്ഞുതുടങ്ങുന്ന കഥക്ക് ഒരു ഗൃഹാതുരത്വമുണ്ട്. എന്നാൽ അമർ ചിത്രകഥ പോലെ എന്ന് ഒരു സിനിമ വിശേഷിപ്പിക്കപ്പെടുന്നത് പോസിറ്റിവ് ആയിട്ടല്ല ഇക്കാലംവരെ ആളുകൾ മനസിലാക്കിയത്. എന്നാൽ, മലയാളത്തിൽ ആദ്യമായി ഏറ്റവും പോസിറ്റിവായി ഏറ്റവും യോജിച്ച തരത്തിൽ അമർ ചിത്രകഥ സ്റ്റൈൽ എന്ന് വിളിക്കാവുന്ന സൃഷ്ടിയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം മലക്കോട്ടൈ വാലിബൻ.

അമർചിത്രകഥ എന്ന വാക്കിൽ ഇനിയും സംശയമുള്ളവർ അത് വിട്ടേക്കൂ. അവരോട് ഞാൻ ക്ലിന്റ് ഈസ്റ്റ് വുഡിന്റെ ‘ദി ഗുഡ്, ദി ബാഡ്, ദി അഗ്ലി' ഉൾപ്പടെയുള്ള വെസ്റ്റേൺ സിനിമകളെപ്പോലെ എന്ന ഉപമയാണ് പറയാനാഗ്രഹിക്കുന്നത്. അതായത്, അമർചിത്രകഥ സ്റ്റൈൽ എന്നത് നിങ്ങൾ സിനിമ കാണാതിരിക്കാനുള്ള കാരണമാക്കരുത് എന്നാണ്. മറിച്ച് കാണാനുള്ള ഏറ്റവും വലിയ കാരണങ്ങളിലൊന്നായി ആ സ്റ്റൈലിനെ മുന്നോട്ടുവെക്കാനാണ് ഞാൻ ശ്രമിക്കുന്നത്.

മരുഭൂമിയാൽ ചുറ്റപ്പെട്ട ഒരു പുരാതന ഇന്ത്യൻ ഗ്രാമത്തിൽ, ഒരു ദിവസം കാളവണ്ടിയിൽ ഒരു മല്ലൻ വരുന്നു. അയാൾ ഗ്രാമത്തിലെത്തുന്നതിനുമുമ്പു തന്നെ അയാളെ പരിചയപ്പെടുത്തി ചെണ്ട കൊട്ടി ഒരു പയ്യനാണ് ആദ്യം ഗ്രാമത്തിലെത്തുന്നത്. മഹാവീരനായ, ലോകം കണ്ട മല്ലരെയെല്ലാം ജയിച്ച മലക്കോട്ടൈ വാലിബനാണ് വരുന്നത്. ഗ്രാമത്തിലെത്തിയ മലക്കോട്ടൈ വാലിബനോട് ഏറ്റുമുട്ടാൻ ഗ്രാമത്തിലെ മറ്റൊരു മല്ലനെത്തുന്നു. അയാളെ നിഷ്പ്രയാസം ജയിച്ച് ഗ്രാമങ്ങളും കോട്ടകളും കീഴടക്കി മുന്നേറുന്ന മലക്കോട്ടൈ വാലിബന്റെ കഥയാണ് ചിത്രം.

സിനിമ തുടങ്ങുമ്പോൾ കേൾക്കുന്ന അതിനാടകീയമായ സംഭാഷണത്തോടെ തൊട്ടടുത്ത മിനിറ്റുകളിൽ തന്നെ പ്രേക്ഷകർ താദാത്മ്യം പ്രാപിക്കും. ഇതുവരെ കണ്ട ഫാൻറസി ചിത്രങ്ങളൊക്കെ 'പൊയി', ഇനി കാണാൻ പോവുന്നത് 'നിജം' എന്ന പ്രതീക്ഷയിലേക്ക്, മലയാള സിനിമ ഇന്നോളം കാണാത്ത വിസ്മയക്കാഴ്ചകളിലേക്ക് പ്രേക്ഷകർ കടക്കുകയായി.

സിനിമ തുടങ്ങുമ്പോൾ തന്നെ പ്രേക്ഷകർ പരിചയപ്പെടുന്ന വാലിബൻ എന്തിനും പോന്നവനാണ്. 100 ആളുകളെ അടിച്ചുപറത്താനും വൻമലകളെ ഇളക്കിമാറ്റാനും വാലിബന് കഴിയുമെന്ന കാര്യത്തിൽ പ്രേക്ഷകർക്ക് ആർക്കും തർക്കമുണ്ടാവില്ല. മലയാളത്തിൽ മോഹൻലാലിന് ആർജിച്ചെടുക്കാൻ കഴിയുന്ന വിശ്വസനീയതയാണത്. കൊട്ടാരം നർത്തകിക്കൊപ്പം അനായാസം ശരീരം ചലിപ്പിക്കാനാവുന്ന, മുത്തശ്ശിയുടെ മടിയിൽ കിടന്നുറങ്ങുമ്പോൾ വാത്സല്യം തോന്നിക്കത്തക്ക മുഖമുള്ള മലക്കോട്ടൈ വാലിബനിലെ നായകരൂപം മോഹൻലാലിനുമാത്രം യോജിക്കുന്നതാണ്. മറ്റൊന്നും, മറ്റാരും പ്രസക്തമല്ലാത്തവിധം മോഹൻലാൽ എന്ന ഒറ്റത്താരത്തിന്റെ പ്രകടനമാണ് മലക്കോട്ടൈ വാലിബൻ.

മനോഹരമായ പെയിന്റിംഗുകൾ പോലെ നിറങ്ങളും വെളിച്ചവും കൃത്യമായി പ്രയോഗിച്ച ഫ്രെയിമുകളാണ് ചിത്രത്തിന്റേത്. രാത്രിവിളക്കിന്റെ മഞ്ഞവെളിച്ചം, നിലാവിന്റെ നീലവെളിച്ചം, പന്തങ്ങളുടെ വെളിച്ചം, റാന്തലിന്റെ വിളിച്ചം അസ്തമിച്ച് കഴിഞ്ഞിട്ടില്ലാത്ത സൂര്യന്റെ ചുവപ്പുവെളിച്ചം. പകൽ നോക്കെത്താ ദൂരം പരന്നുകിടക്കുന്ന മരുഭൂമിയിൽ കത്തുന്ന സൂര്യൻ. അതിന്റെ നിഴൽ. വസ്ത്രങ്ങളുടെ വർണപ്പകിട്ട്. കോട്ടയിലെ ആഘോഷങ്ങളുടെ കടും ചുവപ്പ്, മഞ്ഞ, കാവി. അത്യധികം മനോഹരമായ ഫ്രെയിമുകളുടെ ആഘോഷമാണ് സിനിമയുടെ ആദ്യാവസാനം വരെ.

എന്നാൽ കഥ വായിക്കാൻ ഫോൺ ഡയറക്ടറി വായിക്കുന്ന ഒരാൾക്ക് പേരുകൾ പോലെയാണ് വാലിബനിൽ ഈ ഫ്രെയിമുകൾ. ഫോൺ ഡയറക്ടറിയിൽ ഒരുപാട് കഥാപാത്രങ്ങളുണ്ട്, എന്നാൽ കഥ ഇല്ല എന്നതുപോലെ, വാലിബനിൽ ഒരുപാട് ഫ്രെയിമുകളും സംഭവങ്ങളുമുണ്ട്. എന്നാൽ ഇതൊക്കെ എന്തിന് എന്ന തോന്നലാണ് ചിത്രം തീരുമ്പോൾ കാഴ്ചക്കാർക്കുണ്ടാവുക. ‌ഫോട്ടോ ആൽബത്തിന് മികച്ച കഥ പറയാനാവുമെന്നതിനാലാണ് അത് ഉദാഹരണത്തിൽ പെടുത്താതിരുന്നത്.

എ‍ഡിറ്റിംഗ് വളരെയധികം മെച്ചപ്പെടുത്തിയിരുന്നെങ്കിൽ ചിത്രം മറ്റൊരു മാനത്തിലേക്ക് ഉയർന്നേനെ. ചിത്രത്തിന്റെ ദൈർഘ്യം സാധൂകരണമില്ലാത്തതാണ്. 'ഹൈ-മൊമെന്റ്' ഉദ്ദേശിച്ച സന്ദർഭങ്ങളിൽ പലതും പ്രേക്ഷകരിലേക്കെത്തുന്നില്ല. സ്ലോ-മോഷൻ രസകരമായി ഉപയോഗിച്ച സന്ദർഭങ്ങളുണ്ട് സിനിമയിൽ. ഒരു പ്രത്യേക സ്റ്റൈൽ തന്നെയായി സ്ലോമോഷൻ സിനിമയിലുടനീളമുണ്ട്. എന്നാൽ ചിലയിടങ്ങളിൽ അത് ഒട്ടും യോജിച്ചിരുന്നില്ല എന്നുമാത്രമല്ല, ആസ്വാദനത്തിൽ മുഷിച്ചിലുണ്ടാക്കുകവരെ ചെയ്യുന്നു. ഷോട്ടുകളുടെ തിരഞ്ഞെടുപ്പും കൂടുതൽ മെച്ചപ്പെടുത്താമെന്ന് തോന്നിയിരുന്നു. ഉദാഹരണത്തിന്, കോട്ടയിലെ യുദ്ധത്തിന്റെ ആ വലിയ സ്കെയിൽ എക്സ്പീരിയൻസ് പ്രേക്ഷകർക്ക് അനുഭവിക്കാനാവുന്നില്ല. ആരെന്ത് ചെയ്യുന്നു, എന്താണ് സ്ഥലത്തിന്റെ ഘടന, എത്രപേരാണ് തമ്മിലടിക്കുന്നത് എന്നൊന്നും കൺവേ ചെയ്യാതെ പ്രേക്ഷകരിലേക്ക് തൊടാതെ കടന്നുപോവുന്ന ഒരു സംഭവമായി അത് മാറുന്നു.

മികച്ച ഒരു കഥ; അത് എൻഗേജിംഗ് ആയി പറഞ്ഞ് ഫലിപ്പിക്കാനാവുന്നില്ല എന്നതും വാലിബന്റെ ഒരു പോരായ്മയാണ്. സംഭവങ്ങൾക്കിടയിലുള്ള മടുപ്പിക്കുന്ന ദൈർഘ്യവും രസംകൊല്ലിയാണ്.

ദൃശ്യങ്ങളെപ്പോലെ അതിഗംഭീരമാണ് ബാക്ക്ഗ്രൗണ്ട് മ്യൂസിക്. തീർത്തും പുതുമയുള്ളത്. ഒരു വെസ്റ്റേൺ ചിത്രത്തിൻറെ മൂഡിൽ മോഹൻലാലിനൊപ്പമെത്താൻ മത്സരിക്കുന്ന സംഗീതം ചിത്രത്തിലുടനീളം കേൾക്കാം. ഏറ്റവും ലളിതമായി തോന്നിക്കുന്ന തരം സംഗീതം കൊണ്ട് മലക്കോട്ടൈ വാലിബനെന്ന അതികായനെ ഡിഫൈൻ ചെയ്യുന്ന മാസ്മരികത പ്രശാന്ത് പിള്ളയുടെ മ്യൂസിക്കിനുണ്ട്.


Summary: ഇതുവരെ കണ്ട ഫാൻറസി ചിത്രങ്ങളൊക്കെ 'പൊയി', ഇനി കാണാൻ പോവുന്നത് 'നിജം' എന്ന പ്രതീക്ഷയിലേക്ക്, മലയാള സിനിമ ഇന്നോളം കാണാത്ത വിസ്മയക്കാഴ്ചകളിലേക്ക് ‘വാലിബനി’ലൂടെ പ്രേക്ഷകർ കടക്കുകയായി.


മുഹമ്മദ്​ ജദീർ

ഹെഡ്​, ഡിജിറ്റൽ ഓപ്പറേഷൻസ്​.

Comments