‘ലിജോയിസം’ അപൂർണമായ വാലിബൻ

മലൈക്കോട്ട വാലിബൻ എന്ന സിനിമക്ക് ടിക്കെറ്റെടുക്കാൻ മലയാളിയെ പാകപ്പെടുത്തുന്ന രണ്ട് പ്രധാന ഘടകങ്ങളിലൊന്ന്, ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകനാണ്. എന്നാൽ വാലിബനിൽ ലിജോയിസം അപൂർണമാണ്.

രർഥത്തിൽ സിനിമ ഒരു വിഷ്വൽ ട്രീറ്റാണ്; പ്രത്യേകിച്ച് ലിജോ ജോസ് പെല്ലിശേരി സിനിമകൾ. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നൻപകൽ നേരത്ത് മയക്കം വരെ നീളുന്ന ലിജോയുടെ ദൃശ്യഭാഷ പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടില്ല. ആ ടെക്‌നിക്കൽ പെർഫെക്ഷൻ, ക്യാമറയിലൂടെ സിനിമാപ്രേമിയുടെ ഹൃദയത്തിൽ തീർക്കുന്നത് മറ്റൊരു മായികലോകമാണ്. ആ ലിജോ മാജിക്ക് കൊണ്ടുവരാനുള്ള ശ്രമം മലൈക്കോട്ട വാലിബനിലും ആവർത്തിക്കപ്പെടുന്നുണ്ട്.

മലൈക്കോട്ട വാലിബൻ എന്ന സിനിമക്ക് ടിക്കെറ്റെടുക്കാൻ മലയാളിയെ പാകപ്പെടുത്തുന്ന രണ്ട് പ്രധാന ഘടകങ്ങളിലൊന്ന്, ലിജോ ജോസ് പെല്ലിശേരി എന്ന സംവിധായകനാണ്. ആ സിനിമകൾക്ക് ഒരുതരം എൽ.ജെ.പി ടച്ചുണ്ട്. 2010-ൽ പുറത്തിറങ്ങിയ നായകൻ മുതൽ ഇന്നിറങ്ങിയ വാലിബൻ വരെയുള്ള സിനിമാ കരിയറിൽ, ഫിലിം മേക്കർ എന്ന നിലയിൽ ലിജോ മലയാള സിനിമയിൽസൃഷ്ടിച്ചെടുത്ത ഒരു സ്‌പേസുണ്ട്. ആമേനും ഈ.മായൗവും ചുരുളിയും നൻപകലും തുടങ്ങി അയാൾ പരീക്ഷിച്ച് വിജയിച്ച സിനിമകൾ ഒരു മാജിക്കാണ്. ആ മാജിക്കാണ് എൽ.ജെ.പി. മാജിക്കൽ റിയലിസത്തിന്റെ സകല സാധ്യതകളും ഉപയോഗിക്കുന്ന സംവിധായകൻ. തിയറ്റർ വിടുന്ന പ്രേക്ഷകരെ വീണ്ടും അതേ പ്രമേയത്തിലേക്ക് കുരുക്കിയിടുന്ന, സിനിമക്കുള്ളിലേക്ക് പ്രേക്ഷകരെ കൂടി കൊണ്ടുനിർത്തുന്ന സംവിധായകൻ.

എന്നാൽ വാലിബനിൽ ലിജോയിസം അപൂർണമാണ്. തന്റെ തന്നെ മുൻ സിനിമകളുടെ ആവർത്തനം, പ്രത്യേകിച്ച് ഫ്രെയിസും അവതരണരീതിയും. നൻപകൽ നേരത്ത് മയക്കം എന്ന സിനിമയിൽ ഉപയോഗിച്ചിട്ടുള്ള സ്‌റ്റേജ്ഡ് വിഷ്വലൈസേഷനാണ് ഇവിടെയും ഉപയോഗിക്കുന്നത്. അതായത് ക്യാമറക്ക് മൂവ്‌മെന്റ് സംഭവിക്കാതെ ഒബ്‌ജെക്ടിന് മാത്രം ചലനമുണ്ടാകുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഒരു നാടകാവതരണത്തിന്റെ രീതി. വാലിബനിലേക്ക് വരുമ്പോൾ ലിജോയുടെ തന്നെ സിനിമകളുടെ ആവർത്തനമായി പല ഫ്രെയിംസും തോന്നുകയും ചെയ്യുന്നുണ്ട്. ടെക്‌നിക്കലി സിനിമ പെർഫെക്ട് ആകുമ്പോഴും പ്രേക്ഷകർക്ക് എന്ത് പുതിയത് നൽകി എന്ന ചോദ്യത്തിന് ഉത്തരമില്ല.

മധു നീലകണ്ഠൻ എന്ന സിനിമാറ്റോഗ്രാഫറുടെ ക്യാമറയാണ് വാലിബന്റെ ഹൈലൈറ്റ്. കമ്മട്ടിപ്പാടം, തുറമുഖം, ചുരുളി തുടങ്ങി നിരവധി സിനിമകൾക്ക് ഛായാഗ്രഹണം നിർവഹിച്ച മധു വാലിബനിലും ക്യാമറ ഗംഭീരമായി ഉപയോഗപ്പെടുത്തുന്നുണ്ട്. കൗ ബോയ് സിനിമകളുടെ ഇൻസ്പിരേഷൻ വാലിബനിൽ കാണാം. ക്യാമറാ മൂവ്‌മെന്റുകളിലും സംഗീതത്തിലും വരെ ആ സ്വാധീനം വ്യക്തമാണ്. ഒരു ഷോട്ടിൽ നിന്ന് അപ്രതീക്ഷിതമായി മറ്റൊരു ഫ്രെയിമിലേക്ക് മാറുകയും അവിടെയുള്ള ഒബ്‌ജെക്ടിനെ സൂം ചെയ്യുകയും ചെയ്യുന്നതടക്കം അത്തരം സിനിമകളുടെ ഓർമപ്പെടുത്തൽകൂടിയാണ് വാലിബൻ.

വൺസ് അപ്പോൺ എടൈം ഇൻ ദി വെസ്റ്റ്, സിൽവെരാഡോ തുടങ്ങിയ കൗബോയ് സിനിമകൾ ക്രിയേറ്റ് ചെയ്യുന്ന ഒരു സിനിമാറ്റിക് പശ്ചാത്തലമുണ്ട്. അതുതന്നെയാണ് വാലിബനിൽ ലിജോയും പിന്തുടരുന്നത്. സിനിമയിലുടനീളം കേൾക്കുന്ന ഒരു ബാക്ക് ഗ്രൗണ്ട് സ്‌കോറുണ്ട്. അതായത് ഒരു ഫ്ലൂട്ടിന്റെ ശബ്ദം, അതാവട്ടെ വൺസ് അപ്പോൺ എ ടൈം ഇൻ ദി വെസ്റ്റ് എന്ന സിനിമയെ ഓർമപ്പെടുത്തുന്നുണ്ട്.

ഈ കൗ ബോയ് ഇഫക്ട് തിയേറ്റർ അനുഭവത്തിൽ വലിയ രീതിയിലുള്ള സ്വാധീനം സൃഷ്ടിക്കുന്നുമുണ്ട്. അത്തരം സിനിമകൾ മുമ്പ് കണ്ടിട്ടില്ലാത്തവർക്ക് അതൊരു തിയറ്ററിക്കൽ എക്‌സ്പീരിയൻസ് തന്നെയാണ്.

അനാവശ്യ സീനുകൾ, വൈകാരിക രംഗങ്ങളിൽ നഷ്ടമാകുന്ന കണക്ഷൻ, വ്യക്തതയില്ലാത്ത കഥാപാത്രങ്ങൾ, പ്രധാന വില്ലൻ എന്ന പ്രഡിക്ടബിലിറ്റി, അസ്വഭാവികമായി സൃഷ്ടിക്കപ്പെടുന്ന സാഹചര്യങ്ങൾ, നായകനോട് വില്ലന് തോന്നുന്ന പക, ആ പകയുടെ കാരണത്തിന്റെ ആഴമില്ലായ്മ, വന്നുപോകുന്ന സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ വന്ന പാളിച്ചകൾ തുടങ്ങി നിരവധി പോരായ്മകൾ സിനിമ എന്ന നിലയിൽ വാലിബനെ പിന്നോട്ടടിക്കുന്നുണ്ട്. മുമ്പു പറഞ്ഞതുപോലെ തിയേറ്ററിൽ നിന്നിറങ്ങുന്ന പ്രേക്ഷകർക്ക് ‘വൗ’ ഫീലുണ്ടാക്കുന്ന മൊമന്റുകൾ ഇവിടെ കുറവാണ്. അവിടെയാണ് ഇതൊരു ലിജോ സിനിമ അല്ലാതെയാകുന്നത്.

വാലിബൻ കാണാൻ തിയേറ്റിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന രണ്ടാമത്തെ ഘടകം മോഹൻലാലാണ്. മലയാള സിനിമയിൽ മെയ് വഴക്കത്തിൽ ഒന്നാമനായ മോഹൻലാൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ, വാലിബൻ എന്ന അമാനുഷിക കഥാപാത്രത്തിലൂടെ, ഏത് മലയേയും തച്ചുതകർക്കാൻ പോന്ന കയ്യൂക്കുള്ള കഥാപാത്രത്തെ സ്‌ക്രനിലെത്തിക്കാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ അതിന് അത്ര ഇംപാക്റ്റ് ഉണ്ടോയെന്ന് ചോദിച്ചാൽ ഇല്ല എന്നുതന്നെയാണ് ഉത്തരം. രണ്ടാം പകുതിയിൽസിനിമ പ്രേക്ഷകരിൽനിന്ന് അകലുകയും, ഇഴച്ചിൽ അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. ഒരു ശരാശരി അനുഭവം എന്നതിനപ്പുറത്തേക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനാവാതെയാണ് സിനിമ അവസാനിക്കുന്നത്. മികച്ച ഫ്രെയിംസിനപ്പുറത്തേക്ക് പൂർണമായി സിനിമാറ്റിക് അനുഭവമല്ല, വാലിബൻ.

Comments