മലയാള സിനിമ അതിൻ്റെ ആഖ്യാന സമ്പ്രദായങ്ങളിൽ നിന്ന് പാടേ ഗതിമാറി ഒഴുകുന്നതിൻ്റെ ലക്ഷണം പ്രകടമാകുന്ന മട്ടിലുള്ള ചിത്രമാണ് Eko. സാഹിത്യം പോലെ ചലച്ചിത്ര ഭാഷ്യത്തിലും അർത്ഥാന്തരങ്ങൾക്കും ബഹുവിധ ആസ്വാദനക്ഷമതകൾക്കും ആവശ്യമായ ഇടങ്ങൾ ഒരുക്കുവാൻ കഴിയും. ബഹുവിധ ആസ്വാദന സാമർത്ഥ്യങ്ങൾക്ക് ഇടം നൽകുന്നു എന്നാൽ കുറഞ്ഞ അളവിലും കൂടിയ അളവിലുമുള്ള ചിന്താ സാധ്യതകൾക്കുള്ള ഇടം കൂടിയാണത്. ഫലത്തിൽ അത് കല, മാധ്യമം എന്നീ അർത്ഥത്തിൽ വിമർശന സാധ്യതയ്ക്കുള്ള ഇടം കൂടി ആയി ഗുണപരമായി മാറുന്നു. ആയതിലേക്കുള്ള മലയാള സിനിമയുടെ തന്നെ അന്വേഷണം പോലെയാണ് ദുരൂഹതയും വന്യ നിഗൂഢതകളും ആമൂലാഗ്രം നിലനിർത്തുന്നതിൽ വിജയിക്കുന്ന ചിത്രം പ്രേക്ഷകർക്കു മുന്നിൽ എത്തിയിരിക്കുന്നത്.
കുര്യച്ചൻ എന്ന ഡോഗ് ട്രെയിനറുടെ ജീവിതത്തിനു ചുറ്റും സഞ്ചരിക്കുന്ന ഇതിവൃത്തത്തിലൂടെ നായകളെ പ്രതി മനുഷ്യമനസ്സിലെ എക്കാലത്തുമുള്ള നിഗൂഢ താൽപര്യങ്ങളെയും അതിൻ്റെ വക്രസഞ്ചാരങ്ങളെയും വരഞ്ഞു കാട്ടുകയാണ് സിനിമ. ചില സൂചനകൾ കൊണ്ടും ചിലയിടത്ത് ചിത്രവൽക്കരണം കൊണ്ടും സിനിമ ചിന്തിപ്പിക്കാൻ പ്രരിപ്പിക്കുന്നു. സിനിമ തീരുമ്പോഴും കുര്യച്ചൻ്റെ വിചിത്ര രീതികളെപ്പറ്റി ഏകദേശ രൂപം കിട്ടുന്നു എന്നല്ലാതെ അയാൾക്ക് എന്തു സംഭവിച്ചുവെന്നോ അയാൾ ചെയ്ത കുറ്റകൃത്യം എന്തെന്നോ പോലും നമ്മുടെ മുന്നിൽ കൃത്യമായി വെളിവാകുന്നില്ല. മലമടക്കുകളിൽ ഏതു പാറയിടുക്കിൽ എങ്ങനെ അയാൾ കഴിയുന്നു എന്നതെല്ലാം പോകട്ടെ നമ്മുടെ ഈ നായകൻ ജീവിച്ചിരിക്കുന്നുണ്ടോ അതോ മരിച്ചോ - ഇത്തരം എല്ലാ സാധാരണ ചോദ്യങ്ങളും ഉള്ളിൽ തികട്ടി വരുന്നത് അസ്ഥാനത്തായി മാറും. അതോടൊപ്പം പുതിയ സിനിമയുടെ ഭാവുകത്വത്തിന് അതൊന്നും തന്നെ അത്രയ്ക്ക് അത്യന്താപേക്ഷിതമല്ല എന്നിടത്തേക്ക് നമ്മൾ എത്തിച്ചേരേണ്ടതായും വരും.
കുര്യച്ചൻ എന്ന കേന്ദ്ര കഥാപാത്രത്തെ തേടിയെത്തുന്ന അനേകം പേർ, പലവിധത്തിൽ അയാളുമായി ബന്ധപ്പെട്ടവരും അന്വേഷണ ഉദ്യോഗസ്ഥരുമടക്കം കഥാഗതികൾ ഓരോന്നും ദത്തശ്രദ്ധയോടെ കണ്ടിരുന്നാലേ കാര്യങ്ങൾ കുറച്ചെങ്കിലും നമുക്ക് മനസ്സിലാക്കിയെടുക്കാൻ കഴിയൂ. നായകളുടെ യജമാനത്വം എന്നത് പ്രധാന വിഷയമായി വരുന്ന പ്രമേയം കൊണ്ട് അധീശത്വം, അടിമത്വം, കുറ്റവാസന, സ്വാർത്ഥ വ്യക്തിത്വം, സ്ത്രീ പുരുഷ ബന്ധങ്ങൾ, സംരക്ഷണം, കാവൽ, നിയന്ത്രണം തുടങ്ങി മനുഷ്യജീവിതാനുബന്ധിയായ അനേകം ഉപവിഷയങ്ങളെ വിശകലനം ചെയ്തു കൊണ്ട് മുന്നേറുന്ന ചിത്രം, പുതിയ ലോകത്ത് ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന പുരുഷാധിപത്യം, സ്ത്രീപക്ഷവാദം, എന്നീ വിഷയങ്ങളെപ്പോലും നമ്മളറിയാതെ കഥാഗതിയുടെ ഇഴപിരികളിൽ സമർത്ഥമായി ചേർത്തു വെച്ചിട്ടുണ്ട്.
ബാഹുൽ രമേശിൻ്റെ രചനയും ക്യാമറയും വന്യതയും നിഗൂഢതയും നിറഞ്ഞ കഥാഗതിയെ അഭ്രപാളികളിലേക്കെത്തിക്കാൻ തീർത്തും പര്യാപ്തമായി എന്നു തന്നെ പറയണം. കിഷ്കിന്ധാകാണ്ഡത്തിൽ നിന്ന് ഒന്നു കൂടി വളരുന്ന തന്നിലെ എഴുത്തുകാരനെയാണ് ബാഹുൽ രമേശ് കാട്ടിത്തരുന്നത്. ‘Sometimes protection and restriction both looks the same’ എന്ന താക്കോൽ വാചകം കൊണ്ടാണ് സങ്കീർണ ദുരൂഹതകൾ ആവാഹിക്കുന്ന ചിത്രത്തിൻ്റെ പ്ലോട്ടുകളെ ആദ്യന്തം നൂലിട്ടു കെട്ടി മുറുക്കിയിരിക്കുന്നത്. കാടും മഞ്ഞും മഴയും പകലിരുട്ടിൽ അരിച്ചിറങ്ങുന്ന വെയിലുമെല്ലാം അനുഭവപ്പെടാൻ പാകത്തിലൊരുക്കിയ ദിൻജിത് അയ്യത്താൻ്റെ സംവിധാന മികവും എടുത്തു പറയേണ്ടതാണ്.

മലായിൽ യോസിയയോടൊപ്പം നമ്മുടെ കുര്യച്ചൻ ചേരുന്നത് അയാളുടെ തനത് മലേഷ്യൻ ഇനങ്ങളായ നായ്ക്കളിലുള്ള താൽപര്യം കൊണ്ടായിരുന്നു. എന്നാൽ നിനച്ചിരിക്കാതെ യോസിയ മരിക്കുന്നതോടെ ഒറ്റപ്പെട്ടു പോകാവുന്ന വിധം ഏകാന്തമായ വീട്ടിൽ അവശേഷിക്കുന്ന യോസിയയുടെ ഭാര്യ സോയിയെയും കൊണ്ടാണ് കുര്യച്ചൻ നാട്ടിലേക്ക് തിരിക്കുന്നത്. യോസിയയുടെ നായ്ക്കളോടുള്ള താൽപര്യത്തെക്കാൾ കുര്യച്ചനെ നയിച്ചിരുന്നത് അയാളുടെ ഭാര്യ സോയിയോടുള്ള ഗൂഢമായ അഭിനിവേശമായിരുന്നു എന്നാണ് പിന്നീട് നമ്മൾ മനസ്സിലാക്കുന്നത്.
കേരളം കർണാടകത്തോട് അതിർത്തി പങ്കിടുന്ന വിദൂരമായ ഒരു മലമുകളിൽ ജീവിത വാർധക്യത്തിലെത്തിയ സോയിയെ സഹായിയായ ഒരു പയ്യനോടൊപ്പം പാർപ്പിച്ചിരിക്കുന്നതായാണ് പ്രസൻ്റ് ടൈം ലൈനിൽ നമ്മൾ കാണുന്നത്. അവിടെയും മലേഷ്യയിൽ നിന്ന് അവർ കൊണ്ടുവന്ന നായകളുടെ തലമുറ കാവലുണ്ട്. തരപ്പെട്ടിടത്തെല്ലാം ഭാര്യമാരും മക്കളും സങ്കീർണ ബന്ധങ്ങളിലൂടെ ദുരൂഹ ജീവിതം നയിക്കുകയാണ് എന്നും കുര്യച്ചൻ്റെ രീതി. അയാളുടെ മൂന്നാമത്തെ ഭാര്യയായി, മലയാളത്തിൽ മ്ലാത്തിച്ചേടത്തിയായി മക്കളെല്ലാം സ്വന്തം വഴിക്കു പിരിഞ്ഞപ്പോൾ കുര്യച്ചൻ്റെ വീട്ടുതടങ്കലിൽ എന്നു തന്നെ പറയണം, അതാണ് മ്ലാത്തിച്ചേടത്തിയുടെ ജീവിതം. കൂട്ടിന് നായകളും. സങ്കീർണ ബന്ധങ്ങളിൽ നിന്നു സമ്പാദിച്ച ശത്രുക്കളും ചെയ്തു കൂട്ടിയ കുറ്റകൃത്യങ്ങളും പിറകേ കൂടുമ്പോൾ ഇക്കാണുന്ന കാടകത്തെ ഏതോ മലയിടുക്കിൽ തൻ്റെ അധീനതയിലുള്ള നായ്ക്കളുടെ ബലത്തിൽ ഒളിവിലാണ് കുര്യച്ചൻ്റെ വാസം. മ്ലാത്തിച്ചേടത്തിയും സഹായിയായ പയ്യൻ പിയൂസും അങ്ങനെ കഴിഞ്ഞു പോകുമ്പോൾ മലകയറി വരുന്ന അന്വേഷണ ഉദ്യോഗസ്ഥരടക്കം പലരുടെയും വരവിലൂടെയാണ് കഥയുടെ ഉള്ളകങ്ങളിലേക്ക് പ്രേക്ഷകർക്ക് ഇത്രയെങ്കിലും പ്രവേശനം കിട്ടുന്നത്.
അന്വേഷിച്ചെത്തുന്നവരിൽ മോഹൻ പോത്തനായി അഭിനയിച്ച വിനീത് തൻ്റെ കരിയറിൽ വളരെ വ്യത്യസ്തമായ റോളിലൂടെ മിതമായ അഭിനയം കാഴ്ചവെച്ച് ശ്രദ്ധനേടി. പുതുമുഖ അഭിനേതാക്കൾ വരുമ്പോഴും മലയാള സിനിമയുടെ മാറ്റം ഏറ്റവുമധികം ഗുണം ചെയ്തിട്ടുള്ളത് അശോകനെയും വിനീതിനെയും പോലുള്ള പഴയ നടന്മാർക്കാണ് എന്നു തോന്നുന്നു. ജഗദീഷിനെ പോലൊരു നടന് കിഷ്കിന്ധാകാണ്ഡത്തിലെ പോലെ ഗൗരവമുള്ളൊരു വേഷം തൻ്റെ കരിയറിൽ ലഭിച്ചിട്ടില്ല എന്നതും നമ്മൾ കണ്ടതാണ്. മാറ്റങ്ങൾ എന്തു കൊണ്ടും നല്ലതാണ്.
മാറാത്ത പ്രായത്തിലെ പ്രശ്നം
കഥയിലെ ഫ്ലാഷ്ബാക്കുകളിൽ മലേഷ്യയിലും മറ്റും സംഭവിക്കുന്നവ, രണ്ടാം ലോകമഹായുദ്ധ കാലത്താണ്. കാടിനും കയത്തിനും നടുവിലുള്ള വീട്ടിൽ നായകളുടെ കാവലിൽ ഭർത്താവ് യോസിയയോടൊപ്പം കഴിയുന്ന സോയിക്ക് (സിം ഷി ഫെയ്) ഇരുപതോ ഇരുപത്തഞ്ചോ വയസ്സുകാണും. ഭർത്താവിൻ്റെ സുഹൃത്തായി കേരളത്തിൽ നിന്നും വന്നെത്തിയ കുര്യച്ചൻ ആദ്യം അവളെ കാണുമ്പോൾ യോസിയയോട് താങ്കളുടെ മകളാണോ എന്നു ചോദിക്കുന്നുണ്ട്. അവിടെ, യോസിയയ്ക്ക് (എൻജി ഹങ് ഷെൻ) സ്വാഭാവികമായും അവളേക്കാൾ പ്രായം, എങ്ങനെയും മുപ്പതോ നാൽപ്പതോ വയസ്സുണ്ടെന്നർത്ഥം. യോസിയയുടെ ചങ്ങാതിയായി അവിടെ വന്നെത്തുന്ന കുര്യച്ചനും (സൗരഭ് സച്ച് ദേവ്) തീർച്ചയായും മുപ്പതോ മുപ്പത്തഞ്ചോ വയസ്സെങ്കിലുമുണ്ട്.
എന്നാൽ ചിത്രം പ്രസൻ്റ് ടൈം ലൈനിലെത്തുമ്പോൾ വാർധക്യ സഹജമായ അസുഖങ്ങളിലേക്കു കടന്ന മ്ലാത്തിച്ചേടത്തിയെയാണ് കാണിക്കുന്നത്. എഴുപതോ എൺപതോ വയസ്സെങ്കിലും കാണും. അപ്പോൾ കുര്യച്ചന് മ്ലാത്തിച്ചേടത്തിയേക്കാൾ പ്രായം, കുറഞ്ഞത് എൺപതിലധികം വയസ്സെങ്കിലും കാണേണ്ടതല്ലേ. കാണണം. എന്നാൽ മലേഷ്യയിൽ വെച്ച് യോസിയയിൽ നിന്ന് തന്നെ അടർത്തിയെടുക്കാൻ കുര്യച്ചൻ കാണിച്ചു വെച്ച വളഞ്ഞ ബുദ്ധി താൻ അറിഞ്ഞു കഴിഞ്ഞെന്ന് മ്ലാത്തിച്ചേടത്തി കുര്യച്ചനോടു പ്രഖ്യാപിക്കുന്ന സീനിൽ കുര്യച്ചൻ്റെ പ്രായം നോക്കൂ. അയാൾ ഏതാണ്ട് പണ്ടത്തെ അതേ പ്രായത്തിൽ തന്നെയാണ് നിൽക്കുന്നത്. ഇത് സിനിമയിലെ കൈകുറ്റപ്പാട് ( Making fault) എന്നു തന്നെ മനസ്സിലാക്കണം. ഇനി അതിൽ മറ്റൊരു കാര്യമുണ്ട് എന്ന് ആരെങ്കിലും പുതിയ വ്യഖ്യാനങ്ങളുമായി വന്നാലും അത് പുതിയൊരു വായനാ സഞ്ചാരമായി മാറാം. സ്വേഛാപൂർവ്വകമായി ജീവിതം നയിക്കുന്ന പുരുഷന് യൗവനം നിലനിൽക്കുന്നതിൽ അർത്ഥമുണ്ട് എന്നും തടങ്കൽ ജീവിതത്തിൻ്റെയും പാരതന്ത്രത്തിൻ്റെയും സമ്മർദ്ദത്തിൽ അടിമയായി കഴിയുന്ന സ്ത്രീക്ക് പെട്ടെന്ന് വാർധക്യം സംഭവിക്കുന്നു എന്നും അതിനെ വായിച്ചെടുത്താൽ പുതിയ അർത്ഥങ്ങൾ വന്നു ചേരും. സംവിധായകനോ കഥാകൃത്തോ ഇത് അറിയണമെന്നു പോലുമില്ല!

പറഞ്ഞുറപ്പിക്കാതെ പ്രക്ഷേപണം ചെയ്യുന്നതിലെ സാധ്യത പുതിയ കലയുടെ, സിനിമയുടെ ഗുണം യഥാർത്ഥത്തിൽ അവിടെയാണ്. കഥാപാത്രങ്ങളിലൂടെ കഥയും സന്ദർഭവും ഓരോന്നും വള്ളിപുള്ളി വിസ്സർഗം വിടാതെ സംഭാഷണമായി പറഞ്ഞു പിടിപ്പിക്കുന്ന സിനിമകളിലെ പരിമിതിയും അതാണ്. പറയപ്പെട്ടു കഴിഞ്ഞാൽ, വിശദമാക്കപ്പെട്ടു കഴിഞ്ഞാൽ അതിന് പരിമിതപ്പെട്ടു എന്നു കൂടി അർത്ഥമുണ്ട്. എക്കോയുടെ അവസാനഭാഗം ഒരു തുറവി പോലെയാണ്. അതായത് പ്രത്യേകിച്ച് പറഞ്ഞു വെയ്ക്കുന്ന ഒന്നുമില്ല. എന്നാൽ മലേഷ്യ വിട്ടുള്ള പുതിയ ജീവിതത്തിൽ മ്ലാത്തിച്ചേടത്തിയായ സോയി, അവൾ തൻ്റെ നായകളുടെ കുഞ്ഞുങ്ങളെ കൊണ്ടുവന്ന് വളർത്തിയപ്പോൾ അതിൻ്റെ അധീശത്വം സ്വന്തം വരുതിയിൽ ഉറപ്പാക്കിയിരുന്നു എന്ന് നമ്മൾ തിരിച്ചറിയുന്ന അവസാന രംഗം. അവിടെ ഒന്നും പറഞ്ഞ് അടയ്ക്കുന്നില്ല തുറക്കുകയാണ്. മലമേടു നിറയെ നായകൾ. വേണമെങ്കിൽ ചിത്രത്തിന് ഇനിയൊരു രണ്ടാം ഭാഗം ആകാം. പ്രേക്ഷകർക്ക് പല തുടർച്ചകൾ ഊഹിക്കാം.
ഈയൊരു ഇടം, മുന്നിലിരിക്കുന്ന പ്രേക്ഷകർ നിസ്സാരക്കാരല്ലെന്നും അവർക്ക് ബുദ്ധിയുണ്ടെന്നും കലയെ പടച്ചുവിടുന്നവർ അംഗീകരിക്കുന്ന തലം. സിനിമ യഥാർത്ഥത്തിൽ ആസ്വാദന ബുദ്ധിക്കും ആസ്വാദകരുടെ വ്യാഖ്യാന സ്വാതന്ത്ര്യത്തിനും കൂടി അതിൻ്റെ ഫ്രെയിം വർക്കിനകത്ത് ഇടം നൽകുന്നത് എന്തു കൊണ്ടും ആശാസ്യമാണ്. ആരോഗ്യകരമാണത്.
പ്രേക്ഷകർക്കും പങ്കാളിത്തം. ഒന്നും വായിലേക്ക് കോരിയൊഴിക്കുന്നില്ലിവിടെ. എല്ലാവർക്കും വേണ്ടത് ഞങ്ങൾ ആദ്യമേ ചിന്തിച്ചു കൊള്ളാം എന്നതിനു പകരം പ്രേക്ഷകരെ കൂടി ഇടപെടുത്തുന്നത് കൂടുതൽ ആനന്ദകരമായ കലയുടെ അടുത്ത കളിയാണ്. അത്തരത്തിൽ കഥാകൃത്ത് ആലോചിക്കാത്ത വഴികളിൽ പോലും ആസ്വാദക നിരൂപക മനസ്സുകളെ അനുവദിക്കാനുള്ള അവധാനതയോടെയാകണം പുതിയ മലയാള സിനിമയുടെ രഥചക്രങ്ങൾ ഉരുളുന്നത്. ഇടപെടലിൻ്റെതായ ജനാധിപത്യത്തെ ഉൾക്കൊള്ളുന്ന അത്തരത്തിലുള്ള ഭാവിചലനങ്ങൾ, മലയാളം അർഹിക്കുന്നുമുണ്ട്.
നായ്ക്കളിലെ തനത് ബ്രീഡുകളെ ലക്ഷ്യമാക്കുന്ന ആൾ അതായത് നായ്ക്കളിലെ വംശശുദ്ധിയെപ്പറ്റി പോലും ശ്രദ്ധാലുവായ ഒരുത്തൻ, ശത്രുക്കളുണ്ടായാലെന്ത് കിട്ടിയിടത്തെല്ലാം ഭാര്യമാരും അതിൽ കുട്ടികളും എന്ന ലൈനിൽ നീങ്ങുന്നതിലെ വൈരുധ്യം നോക്കൂ. എന്നുമുള്ള പുരുഷമനസ്സാണത്. അവിടെ അയാൾക്ക് കലർപ്പുകളിൽ പ്രശ്നമില്ല. അതേ സമയം, സൗഹൃദങ്ങളിലും ബന്ധങ്ങളിലുമൊന്നും അയാൾക്ക് സദാ പിടി തരാതെ പിറകേ കൂടുന്ന നിയതി. വഴങ്ങാതെ അയാൾക്കെതിരെ എതിർപ്പുകളും ശത്രുതയും കെണികളും ഒരുക്കുന്ന പ്രകൃതി. നായ്ക്കളുടെ അധീശത്വവും കാവലും ഉണ്ടെങ്കിലും പക്ഷേ സ്വന്തം മക്കളെ പോലും ഇഷ്ടത്തിൽ നിർത്താൻ അയാൾക്ക് കഴിയുന്നില്ല. അവർ അയാളോട് സമരസത്തിലല്ലെന്നാണ് കഥയിൽ പറയുന്നത്.
ഭാര്യയുടെ സ്വാതന്ത്ര്യത്തെ തടവിലാക്കുന്ന അയാൾക്ക് ഒളിവിൽ മറ്റൊരു തരത്തിൽ അതിനേക്കാൾ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നു. സോയി ആദ്യ ജീവിതത്തിൽ തന്നെ യോസിയയുടെ തടങ്കലിലായിരുന്നു എന്നതു തിരിച്ചറിഞ്ഞതാകാം രണ്ടാമത്തെ ജീവിതത്തിൽ കുറച്ചു കൂടി ബുദ്ധിപരമായി കരുക്കൾ നീക്കിയിരുന്നു. മക്കൾ കൂടെയില്ലെങ്കിലും സദാ ജാഗ്രതയോടെ ചുണക്കുട്ടികളായ നായ്ക്കളെ പോലെ കാത്തു രക്ഷിക്കുന്ന പ്രകൃതി അവളോടൊപ്പമുണ്ട് എന്നിടത്താണ് കഥ ചെന്നെത്തുന്നത്. എന്താണ് വ്യത്യാസം, നായ്ക്കളുടെ മേൽ മ്ലാത്തി ച്ചേടത്തിക്കുള്ളത് അലിവാണ്. സ്വാതന്ത്ര്യവും അനുവദിക്കലുമാണ്. നായ്ക്കളെ അടിമകളായല്ല അവർ വളർത്തുന്നതെന്ന് തെറ്റായ വളർത്തൽ രീതിയെ ചൂണ്ടിക്കാട്ടി പീയുസിനോട് അവർ പറയുന്നുമുണ്ട്. എത്ര ഉദാരമതിയാണവർ. സ്നേഹത്തിൻ്റെയും കരുതലിൻ്റെയും ഭാവേണ ഇത്തരക്കാരെയാണ് നിഷ്ഠൂരതയോടെ നാം ഇന്നോളം തടങ്കലിൽ പാർപ്പിച്ചിട്ടുള്ളത് എന്ന് ഉൾക്കിടിലത്തോടെ നാം ഓർത്തു പോകും. കാരുണ്യമൂറുന്ന കണ്ണുകളോടെ മ്ലാത്തിച്ചേടത്തിയുടെ ചലന വിന്യാസങ്ങളെ മേഘാലയയിൽ നിന്നുള്ള ബിയാന മോമിൻ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു.
പിയൂസ് (സന്ദീപ് പ്രദീപ്) പക്ഷേ അധീശത്വത്തിൻ്റെ വലയുമായിരിക്കുന്ന കുര്യച്ചൻ്റെ അനുസരണയുള്ള മറ്റൊരു നായ്ക്കുട്ടിയാണല്ലോ. പാവം പയ്യനായി തോന്നിച്ചെങ്കിലും എന്തും ചെയ്യുവാൻ ഇറങ്ങിപ്പുറപ്പെട്ടവനാണ് അവൻ. ചിത്രത്തിലെ സംഘട്ടനരംഗങ്ങളിൽ കെട്ടിമറിഞ്ഞു വീഴുന്നതും മുഖം പിടിച്ചു പറിക്കാൻ ശ്രമിക്കുന്നതും സ്വാഭാവികതയുമായി കൂടുതൽ ബന്ധപ്പെടുത്തി കാണാൻ കഴിയുന്നുണ്ട്.

അടക്കി ഭദ്രമാക്കിയ നിലയിലുള്ള അബോധ നിഴൽ സാന്നിധ്യമാണ് ഇക്കഥയിലെ ലൈംഗികത. നായകൻ്റെ ചെയ്തികൾക്കെല്ലാം കുറ്റകൃത്യങ്ങൾക്കടക്കം അടിയാധാരം പോലെ ലൈംഗികതയെ വായിച്ചെടുക്കാം. അങ്ങനെ ചിന്തിച്ചാൽ തെറ്റില്ല. സോയിയോടുള്ള അഭിനിവേശം കാരണം അവളെ സ്വന്തമാക്കാൻ അയാൾ അവളുടെ ഭർത്താവിനെ അപകടപ്പെടുത്തിയതാണ് എന്നാണല്ലോ സന്തത സഹചാരിയായിരുന്ന മോഹൻ പോത്തനിലൂടെ (വിനീത് ) പിന്നീട് നമുക്ക് വെളിപ്പെട്ടു കിട്ടുന്നത്. ആകാംക്ഷയോടെ നമ്മൾ ഉറ്റുനോക്കുന്ന കാര്യങ്ങൾ എല്ലാം അനിശ്ചിതവും സന്ദിഗ്ധവുമാണ്. കാട്ടിലെ മലയിടുക്കിൽ എവിടെയോ ഒളിവിലിരിക്കുന്ന നായകൻ നായ്ക്കളിലും സ്ത്രീകളിലും എന്തിന് പ്രകൃതിയിൽ തന്നെയും അധീശത്വം കാംക്ഷിച്ച് നാടിനെ മുഴുവൻ കളിപ്പിച്ച് അതിക്രമങ്ങൾ പ്രവർത്തിച്ച് കാട്ടിലേക്ക് തുനിഞ്ഞിറങ്ങിയ വ്യാമുഗ്ധനായ പുരുഷൻ തന്നെയാണ് എന്ന കാര്യത്തിൽ മാത്രം ഏതായാലും സംശയമില്ല. പരിവർത്തന ദിശയിലുള്ള മലയാള സിനിമയിൽ ശിലാ ഫലകസൂചകം പോലെ എണ്ണപ്പെടുന്ന ഒന്നാകും എക്കോ.

