ഫ്രഷ്‌നെസ്, ഇമോഷനൽ, സർവൈവൽ; മലയൻകുഞ്ഞ് റിവ്യു - Malayankunju Review

പ്രേക്ഷകരുമായി ഇമോഷനലി ഇത്രയധികം കണക്ട് ചെയ്യാൻ സാധിച്ച മറ്റൊരു മലയാള സിനിമ ഈ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ടാവില്ല. മലയൻകുഞ്ഞ് അത്തരമൊരു ഇമോഷനൽ അനുഭവമാണ്. ഇമോഷൻ എന്ന് പറയുമ്പോൾ, കഥ നടക്കുന്ന ഭൂപ്രകൃതിയുമായി പ്രേക്ഷകന് തോന്നുന്ന ബന്ധം, കഥാപാത്രങ്ങളോട് തോന്നുന്ന അടുപ്പം, കഥാപാത്രങ്ങളുടെ വൈകാരികതയുമായി തന്മയീഭവിക്കാൻ സാധിക്കൽ, മൊത്തം ഇവന്റുകളുടെ വിശാലമായ വൈകാരികത ഒക്കെ ഉൾപ്പെടും.

ഫഹദിന്റെ കഥാപാത്രം അനിക്കുട്ടൻ ഒരു ഇലക്ട്രോണിക്‌സ് വർക്കറാണ്. അൽപ്പം റിമോട്ട് ആയ മലയോരത്തെ സ്വന്തം വീട്ടിലിരുന്ന് ആ ഗ്രാമത്തിലെ ചെറിയ ഇലക്ട്രോണിക്‌സ് ജോലികൾ ചെയ്താണ് അനിക്കുട്ടൻ ജീവിക്കുന്നത്. ഒരു ദുരനുഭവം കാരണമുള്ള ട്രോമ അനുഭവിക്കുന്ന കഥാപാത്രമാണ് അനിയൻകുട്ടൻ. അധികം കൂട്ടുകാരോ ബന്ധുക്കളോ ഇല്ല. തന്റേതായ ജീവിതം ജീവിക്കുന്ന അനിയൻകുട്ടന്റെ ജീവിതത്തിലേക്ക് മറ്റൊരു മഹാദുരന്തം വന്ന് പെടുകയും അതിൽ നിന്നുള്ള അനിയന്റെ അതിജീവനശ്രമവുമാണ് മലയൻകുഞ്ഞ്.

ആദ്യം പറഞ്ഞത് പോലെ, സിനിമയുടെ മൊത്തം അന്തരീക്ഷവും കഥാപരിസരവുമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത. ആ മലയോരഗ്രാമത്തിലെ പുലർച്ചെയുള്ള തണുപ്പും ഇരുട്ടും പോലും ആദ്യ സീനുകൾ മുതൽ പ്രേക്ഷകരിലേക്കെത്തും. ഫഹദിന്റെ ആന്തരിക സംഘർഷങ്ങൾ പ്രേക്ഷകിലേക്ക് അൽപാൽപ്പമായി പകർന്നു തരികയാണ് പിന്നീടങ്ങോട്ട് സിനിമ. അനിക്കുട്ടൻ നല്ലവനോ മോശക്കാരനോ എന്ന തീർപ്പുണ്ടാക്കുന്നതിന് പകരം അയാളുടെ മനോവ്യവഹാരങ്ങളുമായി പ്രേക്ഷകരെ തന്മയീഭവിപ്പിക്കാനുള്ള ശ്രമത്തിൽ ചിത്രം വിജയിച്ചിട്ടുണ്ട്.

ഫഹദ് ഫാസിൽ, ഇന്ദ്രൻസ്

കൃത്യം ഇന്റർവെൽ വരെ ഇത്തരത്തിൽ ഒരു ഫീൽഗൂഡ് മൂഡിൽ മുന്നേറുന്ന ചിത്രം ഇന്റർവെലിന് ശേഷം പൂർണമായും ഒരു സർവൈവൽ ചിത്രത്തിന്റെ നിലയിലേക്ക് മാറുന്നു. അതുവരെ സിനിമ ഉണ്ടാക്കിയെടുത്ത വൈകാരികത ഏറ്റവും കൂടുതൽ ഉപയോഗിക്കാൻ സാധ്യതകൾ ഉള്ള സീനുകളായിരുന്നു രണ്ടാം പകുതിയിൽ. അത് മികച്ച രീതിയിൽ ഉപയോഗിച്ചിട്ടും ഉണ്ട്. എന്നാൽ കുറേക്കൂടി ത്രില്ലിംഗ് ആയ രീതിയിൽ രണ്ടാം പകുതിയെ ചിത്രീകരിക്കാമായിരുന്നു. മണ്ണിന് അടിയിൽ പെട്ട അനിക്കുട്ടൻ അത്രയധികം വെല്ലുവിളികൾ നേരിടുന്നതായി പ്രേക്ഷകന് അനുഭവപ്പെടുന്നില്ല. ഒരു 'ഈസി വാക്ക്' നടത്തുന്നതായി പലപ്പോഴും തോന്നുന്നുണ്ട്.

എന്നാൽ ക്ലൈമാക്‌സിനോടടുപ്പിച്ച് സിനിമ അതിന്റെ ഇമോഷൻസ് തിരിച്ച് പിടിക്കുന്നുണ്ട്. അതിന് സിനിമ ഉപയോഗിച്ചിരിക്കുന്നത് പെട്ടിമുടി ഉൾപ്പടെയുള്ള ഉരുൾപൊട്ടൽ ഓർമകളെയാണ്. ദുരന്തഭൂമിയുടെ ദൃശ്യങ്ങൾ ഏതാനും ഷോട്ടുകളിലൂടെ പകർത്തിയപ്പോഴേക്കും പേഴ്‌സണലി വലിയ ഇംപാക്ട് ഉണ്ടായതായി തോന്നിയിട്ടുണ്ട്. പച്ചപുതച്ച് നിൽക്കുന്ന മലയുടെ ഒരു ഭാഗം ചെമ്മണ്ണ് കുത്തിയൊലിച്ചനിലയിലുള്ള ഏരിയൽ ദൃശ്യങ്ങളിലേക്ക് സിനിമ മാറുമ്പോൾ പെട്ടെന്നൊരാന്തലായി പെട്ടിമുടി ഓർമകൾ മനസിൽ ആവർത്തിക്കും.

ഹൈറേഞ്ചുകാരനായ ഫഹദ് ഫാസിലിനെ മഹേഷിന്റെ പ്രതികാരത്തിൽ കണ്ടിട്ടുണ്ടെങ്കിലും അതിൽ നിന്ന് ഏറെ വ്യത്യസ്തതയോടെയാണ് അനിക്കുട്ടനെ അവതരിപ്പിച്ചിരിക്കുന്നത്. ഗ്രേ ഷേഡുകൾ കൂടി ഫഹദിന്റെ മുഖത്ത് മിന്നിമറയുമ്പോൾ അപാരമായ അനുഭവമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ജാഫർ ഇടുക്കിയുടേതാണ് എടുത്ത് പറയേണ്ട മറ്റൊരു പ്രകടനം. കുറച്ച് സമയമേ സ്‌ക്രീനിലുള്ളൂ എങ്കിലും പ്രേക്ഷകനുമായി വലിയ അടുപ്പം ഉണ്ടാക്കാൻ ജാഫർ ഇടുക്കിയുടെ കഥാപാത്രത്തിനായിട്ടുണ്ട്. ഇർഷാദ്, രജിഷ വിജയൻ, ഇന്ദ്രൻസ് തുടങ്ങിയവരും മികച്ചതായി.

ടെക്‌നിക്കിൽ സൈഡിൽ പറയത്തക്ക കുറ്റങ്ങളൊന്നുമില്ലാതെ സംവിധായകൻ സിജിമോൻ തന്റെ ജോലി ഭംഗിയാക്കിയിട്ടുണ്ട്. എ.ആർ. റഹ്‌മാന്റെ മ്യൂസിക് ചിത്രത്തെ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ട്. അച്ഛനൊപ്പം വേട്ടയ്ക്ക് പോവുന്ന അനിയൻകുട്ടന്റെ ഫ്‌ളാഷ്ബാക്ക്, മണ്ണിനടിയിലെ സീനുകൾ എന്നിവയെ ഭയങ്കരമായി 'ലെവൽ അപ്' ചെയ്യുന്നതായിരുന്നു മ്യൂസിക്. വളരെ പരിമിതമായ സ്ഥലവും വെളിച്ചവുമുപയോഗിച്ച് ഭൂമിക്കടിയിലെ ദൃശ്യങ്ങൾ ഭംഗിയും ഇംപാക്ടും ചോരാതെ ചിത്രീകരിച്ചതിൽ മഹേഷ് നാരായണനും വിജയിച്ചിട്ടുണ്ട്. ആദ്യപകുതിയിലെ ഹൈറേഞ്ച് ഗ്രാമത്തിന്റെ അന്തരീക്ഷത്തെ അത് പോലെ പകർത്തിയതിലും മഹേഷിന്റെ വിരുത് ദൃശ്യമാണ്. എഡിറ്ററുടെ കൃത്യമായ മികവും മലയൻകുഞ്ഞിൽ കാണാനാവുന്നതാണ്.

Comments