‘മാലിക്': മഹേഷ് നാരായണൻ അകപ്പെട്ട അബദ്ധങ്ങൾ

‘മാലിക് ' എന്ന സിനിമയിൽ രാഷ്ട്രീയമുണ്ട്. കാലത്തിന്റെ ചില കയ്യൊപ്പുകളുമുണ്ട്. സമൂഹത്തിന്റെ കപട മുഖങ്ങള പിച്ചിചീന്താനുള്ള ശ്രമങ്ങളുമുണ്ട്. എന്നാൽ അത് ഇന്നലെകളിലെ യാഥാർത്ഥ്യങ്ങളുടെ നേർചിത്രീകരണമാണെന്ന് ശഠിക്കുന്നത് കുറ്റകരമായ ഒരു ദുഷ്‌ചെയ്തിയാണ്. അങ്ങനെ വാശി പിടിക്കുന്നതിന്റെ പിന്നിൽ ദുരുദ്ദേശ്യമുണ്ട്. ഈ ദുരുദ്ദേശത്തിന് അവസരമൊരുക്കിയതിന്റെ പിന്നിലെ രാഷ്ട്രീയമാണ് നമ്മൾ യഥാർത്ഥത്തിൽ ഇപ്പോൾ ചർച്ച ചെയ്യേണ്ടത്.

സിനിമയെ സിനിമയായി കാണുമ്പോഴും സിനിമയിലെ രാഷ്ട്രീയത്തെപ്പറ്റി ചർച്ച നടക്കേണ്ടതുണ്ട്. എന്നാൽ സിനിമയിൽ ചിത്രീകരിക്കപ്പെട്ട സംഭവങ്ങളെ വെച്ച് നാട്ടിലെ സാമൂഹിക ചരിത്രത്തെയും, രാഷ്ട്രീയ ചരിത്രത്തെയും പുനർവായിക്കാനും പൂരിപ്പിക്കാനും മുതിരുന്നത് ഒട്ടും ബുദ്ധിയാവില്ല. മാത്രമല്ല അതൊരുവേള അപകടം പിടിച്ച പണിയുമാണ്. മഹേഷ് നാരായണൻ സംവിധാനം ചെയ്ത മാലിക് എന്ന സിനിമ മുന്നോട്ടു കൊണ്ടു വരുന്ന ചർച്ചകൾ ആ വഴിയ്ക്കുപോകുന്നത് കാണാനിടയായി. പുതിയ തലമുറ കലയെ വായിച്ചെടുക്കുന്നതിൽ, പ്രത്യേകിച്ചും വ്യാപാരമൂല്യമുള്ള സിനിമകളെ ഈ രീതിയിൽ വായിച്ചെടുക്കുന്നതിൽ ഇങ്ങനെയൊരു അപകടം പതിയിരിക്കുന്നത് കാണാതിരുന്നുകൂടാ. അതും ഈ സത്യാനന്തരകാലത്ത്. സത്യത്തേക്കാൾ വേഗതയിൽ അസത്യങ്ങൾ യാത്ര ചെയ്യപ്പെടുന്ന വർത്തമാനകാലത്ത്. അസത്യങ്ങളുടെ മൂല്യം ചോദ്യം ചെയ്യപ്പെടാത്ത കാലത്ത്.

രസിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന ചേരുവുകൾ കച്ചവടസിനിമയിൽ ചേർക്കുന്നത് പുതിയ കാര്യമൊന്നുമല്ല. അതിനായി സിനിമക്കാർ സാമൂഹ്യ സംഭവങ്ങളെത്തേടിപ്പോവുന്നതും നാട്ടിൽ പതിവുള്ള കാര്യമാണ്. സമൂഹത്തിലെ അധമ പ്രവണതകൾ മുമ്പും ധാരാളമായി മലയാള സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. കൊള്ളിക്കാവുന്നത്ര വ്യത്യസ്ത സംഭവങ്ങളെ ചേരുംപടി ചേർത്ത് ആസ്വാദകനെ അമ്പരിപ്പിക്കുന്ന സംഭവപരമ്പരകൾ സിനിമയിലുണ്ടാക്കിക്കൊണ്ടിരിക്കും. അത് സിനിമയുടെ വിജയത്തിന് വഴിയൊരുക്കും. കൈയടികൾ ഉറപ്പുവരുത്താനും സിനിമയെ പൊതു ചർച്ചയിൽ നിലനിർത്താനും ഇതുവഴി സാധിക്കും. വാണിജ്യവിജയത്തിന് ഇതൊക്കെ അനിവാര്യമാണല്ലോ.

നമുക്കു ചുറ്റുമുള്ള രാഷ്ട്രീയക്കാരുടെ കുത്സിത തന്ത്രങ്ങളും നിലവിലെ മതഭ്രാന്തന്മാരുടെ രഹസ്യ നീക്കങ്ങളും കാണാമറയത്ത് ഒളിച്ചുപാർക്കുന്ന അധോലോക ഇടപാടുകാരുടെ ദുഷ്ടനീക്കങ്ങളും ഒക്കെ ആവോളം ചേർത്താണ് അത്തരം സിനിമകൾ ഉണ്ടാക്കുന്നത്. സമയത്തിന്റെയും സാങ്കേതിക സാധ്യതകളുടെയും പരിമിതികൾ മാത്രമായിരിക്കും ഇത്തരം ചേരുവകളുടെ തിരഞ്ഞെടുപ്പിൽ അവർ നേരിടുന്ന പ്രധാന വെല്ലുവിളികൾ. അതാതു കാലത്തെ പൊതുബോധത്തിന്റെ വിവേകത്തിനെ സുഖിപ്പിക്കാനും കബളിപ്പിക്കാനും പറ്റുന്നതെല്ലാം ഇത്തരം സിനിമയിലുണ്ടാവും. ഇങ്ങനെയുണ്ടായ പല സിനിമകളും ഇവിടെ വൻ വിജയം നേടിയിട്ടുണ്ട്. പെട്ടെന്ന് മനസ്സിൽ വരുന്ന ഉദാഹരണം ഐ.വി.ശശിയുടെ ഈനാട് എന്ന പഴയ സിനിമയാണ്. ഇത്തരം സിനിമകളിൽ എന്തുതരം തിരുത്താണ് സമൂഹത്തിന് ആവശ്യപ്പെടാവുന്നത്? അങ്ങനെയൊരു തിരുത്ത് അനിവാര്യമാണോ? ഇത്തരം ചോദ്യങ്ങളെയാണ് മാലിക് എന്ന പുതിയ സിനിമയും നേരിടുന്നത്.

'മാലികി' ലെ ഒരു രംഗം

ഇന്നലെകളിലെ ശരിതെറ്റുകളെ പുനഃപരിശോധിക്കാനും പുതിയ മൂല്യനിർണയത്തിനുമുള്ള ഡോക്യുമെന്റേഷനാവണമോ കമേഴ്‌സ്യൽ സിനിമ? അതാണോ കച്ചവട സിനിമകൾ ഉന്നം വെക്കുന്നത്? അല്ലെന്നാണ് സാമാന്യമായ ഉത്തരം. പുതിയ കാലത്തെ ആസ്വാദക നിലവാരത്തെ തൃപ്തിപ്പെടുത്താനുള്ള ശരിതെറ്റുകൾ തേടിപ്പിടിക്കുക മാത്രമാണ് അവർ ചെയ്യുന്നത്. അതിനെ യാഥാർത്ഥ്യമെന്ന രീതിയിൽ തെറ്റായി വായിച്ചാൽ സമൂഹം അപകടത്തിലാവും. കാലത്തിന്റെ തിരുശേഷിപ്പുകൾ പലപ്പോഴും നമ്മളെ തൃപ്തിപ്പെടുത്തിയെന്നുവരില്ല. അതിലേക്കാണ് കച്ചവടക്കണ്ണുള്ള ഭാവന കടന്നുചെന്ന് അവയെ ഇഷ്ടാനുസരണം പൂരിപ്പിക്കാൻ ശ്രമിക്കുന്നത്. ഒരു സൃഷ്ടി എന്ന നിലയിൽ വിശ്വാസ്യത നിർമ്മിച്ചെടുക്കാൻ അവർ പല വഴികളും ഉപയോഗിച്ചെന്നു വരും. ആധികാരികതയുടെ ആ മിഥ്യാമുഖത്തെ അവർക്ക് നിർമ്മിച്ചെടുത്തേ മതിയാവൂ. എങ്കിലേ അതിനെ ചേർത്തുപിടിക്കാൻ കാഴ്ചക്കാരുണ്ടാവുകയുള്ളൂ. ഇതൊരു വശം. ഇതിലപ്പുറം ഒരു പൊളിറ്റിക്കൽ കറക്റ്റ്‌നെസ് സർഗാത്മക ആവിഷ്‌കാരത്തിൽ നിന്ന്, അത് വ്യാപാരാടിസ്ഥാനത്തിൽ നിർമ്മിച്ചതായാലും കലാമൂല്യബോധത്തോടെ ഉരുത്തിരുഞ്ഞു വന്നതായാലും നമ്മൾ ആവശ്യപ്പെടേണ്ടതുണ്ടോ?
കലാവിഷ്‌ക്കാരത്തിലൂടെ പ്രമേയം മുന്നോട്ടു വെക്കുന്ന രാഷ്ടീയം ഒളിച്ചും തെളിച്ചും സ്വാഭാവികമായും അതിന്റെ ആസ്വാദകരിലെത്തും. എന്നാൽ അത് യഥാർത്ഥ രാഷ്ടീയമാണെന്ന് തെറ്റിദ്ധരിക്കുന്നത് സിനിമയെക്കുറിച്ചുള്ള പ്രാഥമിക ജ്ഞാനമില്ലായ്മയാണ്.

മാലിക് എന്ന സിനിമയിൽ രാഷ്ട്രീയമുണ്ട്. കാലത്തിന്റെ ചില കയ്യൊപ്പുകളുമുണ്ട്. സമൂഹത്തിന്റെ കപട മുഖങ്ങള പിച്ചിചീന്താനുള്ള ശ്രമങ്ങളുമുണ്ട്. എന്നാൽ അത് ഇന്നലെകളിലെ യാഥാർത്ഥ്യങ്ങളുടെ നേർചിത്രീകരണമാണെന്ന് ശഠിക്കുന്നത് കുറ്റകരമായ ഒരു ദുഷ്‌ചെയ്തിയാണ്. അങ്ങനെ വാശി പിടിക്കുന്നതിന്റെ പിന്നിൽ ദുരുദ്ദേശ്യമുണ്ട്. ഈ ദുരുദ്ദേശ്യത്തിന് അവസരമൊരുക്കിയതിന്റെ പിന്നിലെ രാഷ്ട്രീയമാണ് നമ്മൾ യഥാർത്ഥത്തിൽ ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. പ്രത്യേകിച്ചും കേരളം പോലെ വളരെ പൊളിറ്റിക്കലായ ഒരു സമൂഹത്തിൽ. നിലനിൽക്കുന്ന സാമൂഹ്യ- സാംസ്‌കാരിക കാലാവസ്ഥ ഇതാണാവശ്യപ്പെടുന്നത്.

സിനിമയും സാമൂഹ്യ യാഥാർഥ്യവും തമ്മിൽ വിശാലാടിസ്ഥാനത്തിലുണ്ടായിരിക്കേണ്ട ബന്ധത്തെപ്പറ്റി സംവിധായകന് ഒരു ധാരണ വേണം. അവിടെയാണ് മാലിക് എന്ന സിനിമയെടുത്ത മഹേഷ് നാരായണൻ വിഷമവൃത്തത്തിലാവുന്നത്. അദ്ദേഹത്തിന്റെ പൊതുബോധത്തിൽ യുക്തിസഹമല്ലാത്ത എന്തെല്ലാമോ ധാരണകൾ കടന്നു കൂടിയിട്ടുണ്ട് എന്നുവേണം അനുമാനിക്കാൻ. അത് കേരളീയ പൊതുബോധത്തിൽ കാലാകാലങ്ങളായി അടിഞ്ഞുകൂടിയുള്ള ചില മിഥ്യാധാരണകളാണ്. ഇക്കാലത്ത് അതൊരു വലിയ പിഴവാണ്. അതേ സമയം ഇക്കാലത്തും അതൊരു കുറ്റമല്ല. തീർച്ചയായും പിഴവ് ചൂണ്ടിക്കാട്ടാം. കുറ്റമാരോപിച്ച് ശിക്ഷിക്കാനാവില്ല. ആ തിരിച്ചറിവില്ലായ്മയാണ് സിനിമയെ ചുറ്റിപ്പറ്റിയുള്ള വികലമായ വിമർശനങ്ങൾക്ക് കാരണമാവുന്നത്. ഇതും വിരൽ ചൂണ്ടുന്നത് വികലമാക്കപ്പെട്ട വർത്തമാനകാല രാഷ്ട്രീയാവബോധത്തിലേക്കാണ്.

സിനിമയിലെ രാഷ്ട്രീയം രൂപപ്പെടുത്തുന്നതിൽ മഹേഷ് നാരായണൻ തിരഞ്ഞെടുത്ത വഴികളിലാണ് പിഴവുകൾ സംഭവിച്ചത്. സുലൈമാൻ എന്ന നായക കഥാപാത്രത്തെ നന്മയുള്ള ഒരു മതസ്‌നേഹിയാക്കി ചിത്രീകരിക്കാൻ അങ്ങനെയല്ലാത്ത, തീർത്തും വിരുദ്ധ ചിന്തയിലുള്ള അതേ മതത്തിലെ അധികാരമോഹിയായ ഒരു കഥാപാത്രത്തെ അയാൾ സൃഷ്ടിച്ചുകളഞ്ഞു. അധികാരമോഹി മതതീവ്രവാദത്തെ കൂട്ടുപിടിക്കുകയും ചെയ്തു. അത്തരമൊരു താരതമ്യം സാധിച്ചെടുത്തുമാത്രമേ തന്റെ നായകനെ മനുഷ്യത്വമുള്ള മതവിശ്വാസിയാക്കാൻ കഴിയൂ എന്ന ചിന്ത ഈ സിനിമയുടെ കഥയെഴുതിയ ആളിനും സംവിധായകനും എങ്ങനെയുണ്ടായി? നായകനെ ഒറ്റിക്കൊടുക്കാൻ രാഷ്ട്രീയ ഇസ്‌ലാമിനെ കൊണ്ടുവന്നതെന്തിന്? അവിടെയാണ് പിശക് സംഭവിച്ചത്. അത് ഇസ്‌ലാമോഫോബിയയുടെ തലത്തിലേക്ക് തരംതാണു പോയി.

റമദപ്പള്ളിയിലെ മുസ്‌ലിംകളെയും എടവത്തുറയിലെ ക്രിസ്ത്യാനികളെയും പരസ്പര വിദ്വേഷത്തോടെ ജീവിക്കാൻ ഇടവരുത്തിയത് തീവ്രവാദ മുസ്‌ലിംകളാണ് എന്ന തോന്നൽ സൃഷ്ടിച്ചതോടെ സംവിധായകന്റെ രാഷ്ട്രീയം ചോദ്യം ചെയ്യേണ്ട ഒന്നായി. ഇതു രണ്ടും സംഭവിക്കാതെ നോക്കേണ്ടത് സംവിധായകന്റെ ഉത്തരവാദിത്തമായിരുന്നു. അതിൽ മഹേഷ് നാരായണൻ പരാജയപ്പെട്ടത് അദ്ദേഹത്തിന്റെ നിലപാടിലെ രാഷ്ടീയ ശരിയില്ലായ്മകളാണ്. ഒരുവേള അതുകൊണ്ടാണ് കാഴ്ചക്കാരിൽ പലരും സിനിമയെ ബീമാപള്ളി രാഷ്ട്രീയവുമായി ചേർത്തുവായിക്കാനിടയാക്കിയത്. അത്​ വെറും രാഷ്​ട്രീയമല്ല. വർഗീയ രാഷ്​ട്രീയമാണ്​ എന്ന്​ നമ്മൾ മറന്നുപോകരുത്​. വർഗീയതയെ ഉപയോഗിക്കുന്നവർ തന്നെയാണ്​ അതിനെതിരെ ആദ്യം രംഗത്തുവരുന്നത്​ എന്ന വിചിത്രമായ ദുരന്തവും നമ്മൾ കാണാതെ പോകരുത്​. അവരെയാണ്​ ഈ സിനിമ അസ്വസ്​ഥമാക്കുന്നതും.

മഹേഷ് നാരായണൻ

ആ രാഷ്ടീയ വായനയ്ക്ക് സാധ്യത ഒരുക്കുന്നു എന്നതാണ് സംവിധായകൻ കാണിച്ച അബദ്ധം. അതെ, അബദ്ധമായാണ് ഞാനതിനെ കാണുന്നത്. ലിബറൽ മൂടുപടമണിഞ്ഞ ഏതോ വർഗീയവാദിയുടെ സ്വാധീനം പോലും ഈ അബദ്ധത്തിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടാകാം എന്നാണ് ഞാൻ കരുതുന്നത്. നിർഭാഗ്യവശാൽ അബദ്ധങ്ങൾക്ക് മാപ്പ് കൊടുക്കാത്ത ഒരു സമൂഹത്തിലാണ് നമ്മളിപ്പോൾ ജീവിക്കുന്നത്. പൊളിറ്റിക്കലി സെൻസിറ്റീവാവാം. പക്ഷേ, അത് സെൻസിബിലിറ്റിയെ പണയപ്പെടുത്തിക്കൊണ്ടാവരുത്.

മാലിക് പോലൊരു സിനിമയെ നല്ലൊരു കമേഴ്‌സ്യൽ എന്റർടൈനറായി കാണാൻ കഴിയാത്ത നമ്മുടെ സമൂഹത്തിന് കാര്യമായ എന്തോ തകരാറുണ്ട് എന്നു തന്നെയാണ് ഞാൻ കരുതുന്നത്. നമ്മൾ എന്തെല്ലാമോ അയഥാർത്ഥ കളങ്ങളിൽ കുരുങ്ങിക്കിടക്കുന്നു എന്നു തന്നെയാണ് ഇത് കാണിക്കുന്നത്.
പറയാൻ കുറ്റങ്ങളൊക്കെ കാണുമെങ്കിലും മാലിക് ഒരു മോശം സിനിമയല്ല, പല തലത്തിലും മികച്ചതാണുതാനും.
ഫഹദിന്റെ അഭിനയം മികച്ചതാണെങ്കിലും സുലൈമാൻ അ​ത്രയൊന്നും മനസ്സിൽ തട്ടി നിലനിൽക്കുന്നില്ല. സുലൈമാൻ വൃദ്ധനായിക്കൊണ്ടിരിക്കുന്നുണ്ട്​. എന്നാൽ ഫഹദ് ഫാസിൽ അത്രയൊന്നും വൃദ്ധനായില്ല. കൂടെ വളർന്ന പലരിലും പ്രായം​ പ്രത്യക്ഷവുമാണ്​. കഥാപാത്രത്തിന്റെ മനസ്സ്​ ഏറ്റവും പ്രകടമായത്​ നിമിഷ സജയനിലാണ്​.

പ്രമേയ നിർമിതിയിലും യുക്തിഭദ്രമല്ലാത്ത ചില കൂടിച്ചേരലുകൾ കാണുന്നുണ്ട്. അവയൊക്കെ ചർച്ച ചെയ്യേണ്ടതുണ്ട്. അങ്ങനെ ചെയ്യുന്നത് സിനിമയ്ക്കും സംവിധായകനും ഗുണം ചെയ്യും. പാതിവെന്ത വിവരങ്ങളെ അപ്പാടെ വിഴുങ്ങാനുള്ള ത്വര സിനിമയുടെ പുതിയ ആസ്വാദകർ കൊണ്ടു നടക്കുന്നു. ആ വിപത്ത് സിനിമയുടെ സ്വാതന്ത്ര്യത്തിന് മേൽ ക്ഷതമേൽപ്പിച്ചേക്കും. അത് സംഭവിച്ച കൂടാ. കഥ പറച്ചിലിന്റെ സ്വാതന്ത്ര്യത്തിൽ ഇടപെടാൻ വിശ്വാസത്തിനെയും രാഷ്ട്രീയത്തിനെയും അനുവദിച്ചുകൂടാ. സിനിമയെ സിനിമയായി ആസ്വദിക്കാൻ നമ്മൾ മറന്നുപോകരുത്​.

മഹേഷ് നാരായണൻ ഇത്തരം അബദ്ധങ്ങളിൽപ്പെടാതെ സിനിമയുടെ പുതിയ ആകാശങ്ങളെത്തേടി യാത്ര തുടരട്ടെ. സിനിമയുടെ സൗന്ദര്യസങ്കൽപത്തെ തൃപ്​തികരമായി പൂർത്തിയാക്കാനും അതിനെ പുതുക്കിപ്പണിയാനും കഴിയുന്ന ഒരാൾ എന്ന നിലയിൽ അയാൾ മാലിക്കിന്റെ രാഷ്​ട്രീയ വായനകളെ അവഗണിച്ച്​ മുന്നോട്ടുപോകേണ്ടതുണ്ട്​. സാമൂഹിക ജീവി എന്ന നിലയിൽ നമ്മുടെ നാട്ടിലെ രാഷ്​ട്രീയത്തെ കുറെക്കൂടി ആഴത്തിൽ മനസ്സിലാക്കുകയും വേണം.

Comments