മോഹൻലാൽ
അത്ഭുതനടൻ

മോഹൻലാലെന്ന നടന്റെ വേഷപ്പകർച്ചകളുടെ ഗംഭീരതയെ അതിശയത്തോടെ കണ്ടുകൊണ്ടിരിക്കുകയാണ്. സിനിമക്കുപുറത്ത്, വൈകാരികവും നിർണായകവുമായ ജീവിതസന്ദർഭങ്ങളിലൊക്കെ പരസ്പരം ഞങ്ങൾ സ്നേഹമായും കരുതലായും സ്പർശിച്ചിട്ടുണ്ട്- മോഹൻലാലിനെക്കുറിച്ച് എഴുതുന്നു, മമ്മൂട്ടി.

ന്റെ പേര് എനിക്കുമാത്രം അവകാശപ്പെട്ട ഒന്നല്ല മലയാള സിനിമയിൽ. മമ്മൂട്ടി എന്ന് പറയുമ്പോൾ മോഹൻലാലെന്നും മോഹൻലാലെന്ന് പറയുമ്പോൾ മമ്മൂട്ടിയെന്നും കേൾക്കുകയും കാണുകയും ചെയ്യുന്ന മാജിക്കുണ്ട്, അതിൽ.

സിനിമയും ഞങ്ങൾക്ക് ഇന്ദ്രജാലമാണ്. അവസാനശ്വാസം വരെ മെയ്യിലും പ്രജ്ഞയിലും മമ്മൂട്ടിയ്ക്ക് ആ ഇന്ദ്രജാലത്തെ പെർഫോം ചെയ്യേണ്ടതുണ്ട്. അതുപോലെ സിനിമയുടെ മാന്ത്രികത്തട്ടിൽ മോഹൻലാൽ ചെയ്യുന്ന പെർഫോമൻസ് കണ്ടുകൊണ്ടാണ് എല്ലാ സിനിമാക്കാഴ്ചക്കാരെയും പോലെ എന്റെയും യാത്ര.

അത്ഭുതമാണ് മോഹൻലാൽ,
അത്ഭുത നടൻ.

‘അനശ്വര’ത്തിന്റെ സെറ്റിൽ മമ്മൂട്ടിക്കൊപ്പം  മോഹൻലാൽ.
‘അനശ്വര’ത്തിന്റെ സെറ്റിൽ മമ്മൂട്ടിക്കൊപ്പം മോഹൻലാൽ.

നമ്മളറിയാതെ നമ്മെ പൊതിഞ്ഞുനിൽക്കുന്ന കാറ്റുപോലുള്ള സൗഹൃദമാണ് ലാലിനും എനിക്കുമിടയിലുള്ളത്. സിനിമയിൽ നടനത്തിന്റെ ഒരു ക്ലാസ് മുറിയുണ്ടെങ്കിൽ അവിടത്തെ ബാക്ക് ബെഞ്ചിൽ ചങ്ങാത്തത്തിന്റെ കുസൃതികളുമായി ഞങ്ങളുണ്ട്. റിസൾട്ട് വരുമ്പോൾ ഞങ്ങളും ജയിക്കാറുണ്ട്. തീർച്ചയായും ഞങ്ങൾക്കിടയിലാ നടന മത്സരമുണ്ട്. പ്രൊഫഷണലിസവുമുണ്ട്. നടൻ എന്നത്, ആക്ടർ എന്നത് വികസിച്ചു കൊണ്ടേയിരിക്കുന്ന ആഴമാണ്. മടുക്കാതെ ആ യാത്രയിലാണ് ഞാൻ, ഞങ്ങൾ.

ലാലും ഞാനുമായുള്ള സൗഹൃദത്തിന് നാലു പതിറ്റാണ്ടിന്റെ ദൈർഘ്യമുണ്ട്. ചെറിയ കാലമല്ല അത്. മോഹൻലാലെന്ന നടന്റെ വേഷപ്പകർച്ചകളുടെ ഗംഭീരതയെ അതിശയത്തോടെ കണ്ടുകൊണ്ടിരിക്കുകയാണ്. സിനിമക്കുപുറത്ത്, വൈകാരികവും നിർണായകവുമായ ജീവിതസന്ദർഭങ്ങളിലൊക്കെ പരസ്പരം ഞങ്ങൾ സ്നേഹമായും കരുതലായും സ്പർശിച്ചിട്ടുണ്ട്.

എന്നെ ഇച്ചാക്കയെന്ന് സ്നേഹപൂർവ്വം വിളിക്കുന്ന മോഹൻലാലിന് ഒരു സ്നേഹചുംബനം നൽകുമ്പോൾ, അദ്ദേഹത്തിന്റെ പിറന്നാളിന് ആ ചുംബനചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുമ്പോൾ, ആ അടയാളത്തെ ലോകത്തിനു മുന്നിൽ വെക്കുക കൂടിയാണ്.

പരസ്പര സ്നേഹമല്ലാതെ, അതിന്റെ അടയാളങ്ങളല്ലാതെ മറ്റെന്താണ് നമുക്ക് ലോകത്തോട് ഇപ്പോൾ പറയാനുള്ളത്?

Comments