"തികച്ചും വിഭിന്നമായ സ്വഭാവവിശേഷങ്ങളുള്ള രണ്ടു മനുഷ്യരുടെ ദ്വന്ദഭാവങ്ങളെ അതിസൂക്ഷ്മവും നിയന്ത്രിതവുമായ ശരീരഭാഷയിൽ പകർന്നാടിയ അഭിനയത്തികവ്. ജെയിംസ് എന്ന മലയാളിയിൽനിന്ന് സുന്ദരം എന്ന തമിഴനിലേക്കുള്ള പരകായ പ്രവേശത്തിലൂടെ രണ്ടുദേശങ്ങൾ, രണ്ട് ഭാഷകൾ, രണ്ട് സംസ്കാരങ്ങൾ എന്നിവ ഒരേ ശരീരത്തിലേക്ക് ആവാഹിച്ച മഹാ പ്രതിഭ"
രണ്ടു മാസങ്ങൾക്കിപ്പുറം 73 ലേയ്ക്ക് നടന്നു കയറുന്ന ഒരു നടനെപ്പറ്റി, 2022ലെ കേരള ചലച്ചിത്ര പുരസ്കാര നിർണയ ജൂറി നടത്തിയ പരാമർശം .!
മമ്മൂട്ടിയും മലയാളികളും ഒരുപോലെ കേട്ടുപഴകിയതാണ് അയാളുടെ 'ചെറുപ്പം' സംബന്ധിച്ച മേനിപറച്ചിലുകൾ..
സോഷ്യൽ മീഡിയയിൽ ഓരോ മമ്മൂട്ടി ചിത്രം ഇറങ്ങുമ്പോഴും മമ്മൂട്ടി കൂടുതൽ ചെറുപ്പമായി എന്ന മട്ടിലുള്ള അവകാശവാദങ്ങളും കാണാറുണ്ട്.
എന്നാൽ മമ്മൂട്ടി എന്ന മലയാളത്തിന്റെ മഹാനടനു വയസ്സ് 72 കഴിഞ്ഞു എന്ന യാഥാർത്ഥ്യം മനസ്സാൽ ഒന്ന് അംഗീകരിക്കുക. അയാൾ വാർദ്ധക്യത്തിലൂടെയാണ് കടന്നു പോകുന്നത് എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കുക!
ശേഷം കഴിഞ്ഞ കുറച്ചു വർഷങ്ങളിലെ മമ്മൂട്ടി ചിത്രങ്ങൾ, അതിലെ പ്രകടനങ്ങൾ എന്നിവ പരിഗണിച്ചു നോക്കൂ.
കൃഷ്ണന്റെ വായയ്ക്കുള്ളിലെ ചലിക്കുന്നതും ചലിക്കാത്തതുമായ എല്ലാ അസ്തിത്വങ്ങളും കണ്ട യശോദയെ പോലെ നാമും അമ്പരന്നു വാ പൊളിക്കും!!
പുരസ്കാരനിർണയത്തിനായി ജൂറി പരിഗണിച്ച 2022ൽ മാത്രം മമ്മൂട്ടിയുടെതായി പുറത്തിറങ്ങിയ കഥാപാത്രങ്ങൾ നോക്കാം.
അഞ്ഞൂറ്റിയിലെ മൈക്കിൾ, കുട്ടൻ, ലൂക്ക് ആന്റണി, ജെയിംസ്, സുന്ദര എന്നിങ്ങനെ പരസ്പരം എന്തെങ്കിലും ഒരു ബന്ധം സങ്കൽപ്പിച്ചു നൽകാൻ കഴിയാത്ത ഒരുപറ്റം ജീവിതങ്ങളാണ് അവ.!
ഓരോന്നും അതിൽ തന്നെ പൂർണവും!
അറുപതു വയസ് പെൻഷൻ പ്രായമായി കാണുന്ന ഒരു നാട്ടിൽ, പ്രായം എഴുപത് പിന്നിട്ടിട്ടും ചെയ്യുന്ന ജോലിയോട് നൂറു ശതമാനം കൂറുണ്ടാവുക.
ഓരോ വർക്കിലും വ്യത്യസ്തമായ എന്തെങ്കിലും ഒന്ന് കൊണ്ടുവരാൻ ശ്രമിക്കുക, തന്റെ കംഫർട്ട് സോൺ വിട്ടുള്ള ട്രപ്പീസ് കളിക്ക് തയ്യാറാവുക,പുതു തലമുറ സംവിധായകർക്ക് കൈ കൊടുക്കുക,
അത് അത്ര ചെറിയ കാര്യമല്ല.!.
കുറച്ചു നാളുകൾക്കു മുൻപ്, ഒരു അഭിമുഖത്തിൽ, താൻ ഒരു ബോൺ ആക്ടർ അല്ലെന്നു മമ്മൂട്ടി സമ്മതിക്കുന്നുണ്ട്..
പക്ഷെ കലാകാലങ്ങളായി താൻ സ്വയം തേച്ചുമിനുക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും ഇനിയും തേച്ചാൽ ഇനിയും മിനുങ്ങുമെന്നുമുള്ള ഒരു ഉറപ്പ് അയാൾക്കുണ്ട്.!
ഇന്നത്തെ അവാർഡ് പ്രഖ്യാപനത്തിനു ശേഷം ''മമ്മൂട്ടിക്കൊക്കെ ഇത് എത്ര കിട്ടിയതാണ്.. ചാക്കോച്ചനു കൊടുക്കാമായിരുന്നു ഇക്കുറി'' എന്നൊക്കെ ഉള്ള ചില പേച്ചുകൾ കണ്ടു!!
ന്യൂ ജെൻ പിള്ളേരോട് അടക്കം കട്ടയ്ക്ക് ഇടിച്ചു നിൽക്കുന്ന, കഥകളിൽ എന്നും വൈവിധ്യം തിരയുന്ന, സിനിമയ്ക്കായി സ്വയം ഉഴിഞ്ഞുവച്ച ഒരു മനുഷ്യൻ എണ്ണം പറഞ്ഞ മൂന്നു കഥാപാത്രങ്ങളുമായി ഇപ്പുറത്ത് ഹിമാലയം കണക്കെ പടർന്നു പന്തലിച്ചു നിൽക്കുമ്പോൾ അയാളെ എങ്ങനെ അവഗണിക്കാൻ സാധിക്കും എന്നാണ്?.
മമ്മൂട്ടി,
അയാളെ സിനിമ തേടി ചെന്നതല്ല.!
മറിച്ചു അയാൾ സിനിമയുടെ പിറകെ വിടാതെ നടന്നയാളാണ്..!!
ചായം പുരട്ടി ക്യാമറക്ക് മുന്നിൽ അഭിനയിക്കാനുള്ള കൊതികാരണം സിനിമ ചെയ്യുന്നവനാണ്..!!!!
ജോണി ലൂക്കോസിന്റെ 'നേരെ ചൊവ്വ'യിൽ,
തനിക്ക് ആർത്തി ആണെന്നും, അത് പക്ഷെ പണത്തോട് അല്ല സിനിമയോട് ആണ് എന്നും മമ്മൂട്ടി പറഞ്ഞിട്ടുണ്ട്. കൊല്ലങ്ങൾക്ക് ഇപ്പുറം 'പുഴു'വിന്റെ പ്രൊമോഷൻ ടൈമിൽ കൊടുത്ത മറ്റൊരു ഇന്റർവ്യൂവിലും അയാൾ അത് ആവർത്തിക്കുന്നുണ്ട്.
മമ്മൂട്ടി എന്ന നടൻ അഭിനയിച്ചു തുടങ്ങിയതിൽ നിന്നും കാലം ഏറെ മാറി..
ശരിതെറ്റുകൾ പൊളിച്ചെഴുതപ്പെട്ടു...
ധാരണകൾ മാറി.
കഥപറച്ചിൽ മാറി.
സിനിമാ രീതികൾ മാറി...
മാറ്റങ്ങളുടെ ഈ വേലിയേറ്റത്തിൽ കാലിടറാതെ പിടിച്ചു നിൽക്കണമെങ്കിൽ അവയെ സ്വീകരിക്കാൻ തയ്യാറാകുന്ന ഒരു മനസും, വരുന്ന മാറ്റങ്ങളോട് പിടിച്ചു നിൽക്കാൻ ഉതകുന്ന അസാമാന്യ പോരാട്ട വീര്യവും വേണം.!
തനിക്ക് ചുറ്റും നടക്കുന്ന രാഷ്ട്രീയ - സാമൂഹിക മാറ്റങ്ങളെ പറ്റി, ഇത്രയും അപ്ഡേറ്റഡ് ആയി ഇരിക്കുന്ന ഒരു മുതിർന്ന നടൻ മലയാളത്തിൽ വേറെ ഉണ്ടോ എന്ന് സംശയം ആണ്
മലയാളം സിനിമാ ഇൻഡസ്ട്രിയിലെ വലുതും ചെറുതുമായ ഓരോ ചലനങ്ങളും, ഉയർന്നു വരുന്ന ഓരോ തലകളും അവരുടെ വർക്കുകളും അയാളുടെ റഡാറിൽ പെടാതെ പോകാറില്ല .!
'സോളമൻറെ തേനീച്ച'കളുടെ പ്രൊമോഷന്റെ ഭാഗമായി മമ്മൂട്ടിയുടെ ലൊക്കേഷനിൽ എത്തിയ ലാൽജോസ്, തന്റെ പുതിയ സിനിമയിലെ ആളുകളുടെ പേരും അവരുടെ റോളും മമ്മൂട്ടിക്ക് പറഞ്ഞു കൊടുക്കുന്ന ആ രംഗം ഒന്നോർക്കുക.
"കൊറേ പുതിയ ആൾക്കാരാണ്.
അജ്മൽ സാബു എന്നൊരു പുതിയപയ്യൻ ആണ് ക്യാമറ" എന്ന് ലാൽജോസ് പറഞ്ഞതിന് പിന്നാലെ
അജ്മൽ സാബു,
മറ്റേ ഇതല്ലേ, അജ്മൽ കട്സ്..!
അവൻ ഇപ്പൊ ഒരു പടം ചെയ്തല്ലോ..!
നിങ്ങടെ മറ്റേ മ്യാവൂ.!
എന്നാണ് മമ്മൂട്ടി നൽകുന്ന മറുപടി.
തലയ്ക്കു കയ്യും കൊടുത്ത് വായും പൊളിച്ചു ഇരിക്കുന്ന ലാൽജോസിനും, ഞാൻ അടക്കമുള്ള പ്രേക്ഷകർക്കും അങ്ങേരുടെ വക അവസാനത്തെ ആണി ആകട്ടെ
ഈ രാജ്യത്ത് നടക്കുന്നത് നമ്മൾ ആരും അറിയുന്നില്ലെന്നു കരുതല്ല്..!
എന്നും!!
പി ആർ വർക്കിലൂടെയാണ് ഈ കാണുന്ന പൊളിറ്റിക്കലി കറക്റ്റ് ഇമേജ് ഉണ്ടാക്കുന്നത്, കാശുമുടക്കിയാണ് യൗവനം നിലനിർത്തുന്നത് എന്നിങ്ങനെയുള്ള ആക്ഷേപങ്ങൾ ഇനിയും ഉയരും..
പക്ഷേ
എന്തുകൊണ്ട് അതിനൊന്നും മറ്റുള്ളവർ ശ്രമിക്കുന്നില്ല എന്നതാണ് ചോദ്യം.!
മാടയും, പട്ടേലരും, വാറുണ്ണിയും, വിദ്യാധരൻ നായരും, ബാലൻമാഷും, മോനിച്ചനും, മൈക്കും, അമുതവനും, എസ്‌ഐ മണിയും, സി കെ രാഘവനുമൊക്കെ സൃഷ്ട്ടിച്ച തഴമ്പ് തടവി കാൽ നീട്ടി ഇരിക്കാൻ അല്ല,
പകരം അവരുൾപ്പെടുന്ന ആ പട്ടികയുടെ നീളം ഇനിയും നീട്ടാൻ ആണ് അയാൾ ശ്രമിക്കുന്നതും..!
"എന്തുകൊണ്ടാണ് മോഹൻലാലിനെ ലാലേട്ടൻ എന്ന് വിളിക്കുമ്പോൾ മമ്മൂട്ടിയെ മമ്മൂട്ടി സർ എന്ന് വിളിക്കുന്നത്" എന്ന ചോദ്യത്തിന് മുരളി ഗോപി ഒരിക്കൽ നൽകിയ മറുപടി,
''ആദ്യത്തേത് നമ്മുടെ മൂത്തചേട്ടൻ ആണ്.
പക്ഷെ മറ്റേത് മലയാള സിനിമയുടെ പാട്രിയാർക്ക് /കുലപതി ആണ്'' എന്നാണ്.
തന്റെ രാജമുദ്രയുടെ അധികാരപരിധി ഓരോ പോരിലൂടെയും വർധിപ്പിക്കുന്ന വ്യക്തിക്ക് മാത്രമേ ചരിത്രം ചക്രവർത്തിയെന്ന പേര് സമ്മാനിച്ചിട്ടുള്ളൂ.!
അങ്ങനെ നോക്കിയാൽ തന്റെ ഓരോ സിനിമയും മമ്മൂട്ടി നടത്തുന്ന പോരുകളാണ്. ആ ഓരോ പോരിലൂടെയും മമ്മൂട്ടി എന്ന രാജാവ് തന്റെ സാമ്രാജ്യം വിസ്തൃതമാക്കുകയാണ്... പുതിയ ഒരു കൂട്ടം പ്രേക്ഷകരെ കൂടി നേടുകയാണ്.
ഹേറ്റേഴ്‌സിനെ വരെ ഫാൻസ് ആക്കുകയാണ്.