LGHDTV, LGTV എന്നൊക്കെ കേട്ടാൽ എന്താണ് ഓർമ വരിക?. LG എന്ന ദക്ഷിണ കൊറിയൻ കമ്പനിയുടെ എന്തെങ്കിലുമൊക്കെ ഒരു പ്രോഡക്റ്റ്? അല്ല, ലൈംഗിക ന്യൂനപക്ഷങ്ങളെ അടച്ചാക്ഷേപിക്കാൻ അടുത്തകാലത്തായി ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങളിൽ പരക്കെ ഉപയോഗിക്കപ്പെടുന്ന പ്രയോഗമാണിത്. സംശയമുള്ളവർ #lghdtv എന്ന ഹാഷ്ടാഗിൽ ഒന്ന് സേർച്ച് ചെയ്തു നോക്കിയാൽ മതി.
സ്വന്തം തിരഞ്ഞെടുപ്പുകളുടെ പേരിൽ ഇന്നും ആക്രമിക്കപ്പെടുന്ന, അധിക്ഷേപിക്കപ്പെടുന്ന ഒരു വിഭാഗം മനുഷ്യരുടെ മുറിവിൽ ഉപ്പു പുരട്ടുന്ന അനേകം പോസ്റ്റുകൾ, (കൂടുതലും ആളും തലയും ഇല്ലാത്ത ഫേക്ക് ഐഡികളിൽ നിന്നും) നിങ്ങളുടെ സ്ക്രീനുകളിൽ നിരന്നുതുടങ്ങും. അത്രയധികമായാണ് നമ്മുടെ ചുറ്റുമുള്ള LGBTQIA+ സമൂഹം ഓഫ് ലൈനായും ഓൺലൈനായും ആക്രമണങ്ങൾ നേരിടുന്നത്. അവർക്കുവേണ്ടി സംസാരിക്കുന്ന പ്രൊഫൈലുകളിൽ മാസ് അറ്റാക്കുകൾ നടത്താനുള്ള ശ്രമങ്ങളും ഏറെയാണ്. ഇത്തരം സൈബർ അക്രമങ്ങൾക്ക് തടയിടാൻ ഫലപ്രദമായ നിയമനിർമാണം ആവശ്യപ്പെട്ട് LGBTQIA+ ആക്റ്റിവിസ്റ്റുകളുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം തലസ്ഥാനത്ത് ഒരു പ്രതിഷേധവും നടന്നിരുന്നു.
ഇങ്ങനെ തികച്ചും കലുഷിതമായ, ഹോമോഫോബിക് പ്രചാരണങ്ങൾക്ക് ദിനംപ്രതി സ്വീകാര്യത വർധിക്കുന്ന ഒരു അന്തരീക്ഷത്തിലേയ്ക്കാണ് കാതൽ -ദി കോർ എന്ന ജിയോ ബേബി, അല്ല മമ്മൂട്ടിച്ചിത്രം എത്തുന്നത്.
ജ്യോതിക അടക്കം സ്‌ക്രീനിൽ നിരന്ന എല്ലാവരുടെയും മികച്ച അഭിനയം, ജിയോ ബേബി എന്ന സംവിധായകൻ, കെട്ടുറപ്പുള്ള തിരക്കഥ, മികച്ച സംഗീതം എന്നിവക്കപ്പറം കാതൽ സാധ്യമായത്, വിഷം വമിക്കുന്ന ക്രൂരമായ 'lghdtv ട്രോളുകൾക്ക്' അപ്പുറം അതിന്റെ സ്വീകാര്യത ഉയരാൻ പോകുന്നത്, അതിലെ മമ്മൂട്ടി ഫാക്ടർ കൊണ്ടുതന്നെയാണ്. കാരണം മുഖമില്ലാത്ത ഐഡികൾക്കും, മതമേലധ്യക്ഷന്മാർ പുറപ്പെടുവിക്കുന്ന ബോയ്ക്കോട്ടുകൾക്കും എത്തിപ്പിടിക്കാവുന്നതിനും അപ്പുറം അയാൾ സെറ്റ് ചെയ്തുവച്ചിരിക്കുന്ന ഒരു സ്പെയ്സ് ഉണ്ട്. അവിടെ നിന്നാണ് കഴിഞ്ഞ മൂന്നാല് കൊല്ലമായി അയാൾ പടം ചെയ്യുന്നത്. കാതൽ അവിടെ നട്ട മരമാണ്. അതിന്റെ കടയ്ക്കൽ കോടാലി വയ്ക്കണമെങ്കിൽ മമ്മൂട്ടി എന്ന ഹിമാലയത്തെ താണ്ടേണ്ടതുണ്ട്. അതാകട്ടെ അത്ര എളുപ്പവുമല്ല.
മമ്മൂട്ടി എന്ന നടന് ഇനി എന്തെങ്കിലും തെളിയിക്കാനുണ്ടോ?
അദ്ദേഹത്തിന്റെ അഭിനയ ശേഷിയിലോ, ഭാഷയുടെ വിവിധ വകഭേദങ്ങൾ കയ്യടക്കത്തോടെ അവതരിപ്പിക്കാനുള്ള കഴിവിലോ, സിനിമ സംബന്ധിച്ച പരന്ന അറിവിലോ ആർക്കെങ്കിലും സംശയം ഉണ്ടോ?
എന്നിട്ടും എന്തുകൊണ്ടാവാം ഇപ്പോഴും പരീക്ഷണങ്ങൾക്ക് നിന്ന് കൊടുക്കാൻ ആ മനുഷ്യന് ഒരു മടിയും ഇല്ലാത്തത്?
''ഘനഗംഭീര ശബ്ദം, ആകാരസൗഷ്ഠവം എന്നിവ കൈമുതലയുള്ള, വീരം, രൗദ്രം തുടങ്ങിയ ഭാവങ്ങളെ വളരെ വ്യക്തമായി സ്‌ക്രീനിൽ കൊണ്ടുവരാൻ കഴിയുന്ന ഏക മലയാള നടൻ'' എന്നാണ് മമ്മൂട്ടിയെ ഒരു അവാർഡ് വേദിയിൽ ജഗതി ശ്രീകുമാർ വിശേഷിപ്പിച്ചത്. അതുകൊണ്ടു തന്നെ പൗരുഷം തുളുമ്പുന്ന ഒട്ടനേകം ഇതിഹാസ കഥാപാത്രങ്ങളുടെ ഓർമപ്പെടുത്തലുകളിലൂടെ മലയാളി പുരുഷസങ്കല്പത്തിനുതന്നെ രൂപം നൽകിയിരിക്കുന്ന ഒരു നടൻ പൊതുവെ ദുർബലരായി പരക്കെ വിശേഷിപ്പിക്കപ്പെടുന്ന ഒരു വിഭാഗം പുരുഷന്മാരെ പ്രതിനിധീകരിക്കുമോ എന്ന് സംശയമുണ്ടായിരുന്നു, തിയേറ്ററിൽ കയറുന്നതുവരെ.
സിനിമയുടെ ഒന്നാം പാതി അല്പം സാവകാശത്തിലാണ് കടന്നുപോകുന്നത്. പക്ഷേ സ്‌ക്രീനിൽ വരുന്ന ഓരോ കഥാപാത്രത്തിന്റെയും വശത്ത് അവരുടേതായ ശരികളുണ്ട് എന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്താൻ, അവരുമായി കണക്ട് ആവാൻ അത്തരമൊരു ഒരു ട്രീറ്റ്മെന്റ് ആവശ്യവുമാണ്. തന്റെ സ്വത്വം മറച്ചുവയ്ക്കാൻ മാത്യു ദേവസി നടത്തുന്ന ചില പങ്കപ്പാടുകളുണ്ട്. ആദ്യമൊക്കെ ഏറെ ഉറപ്പിൽ, പിന്നെപ്പിന്നെ തന്റെ പ്രതിരോധത്തിന്റെ കരുത്ത് ചോർന്നുപോകുന്നത് അയാൾ മനസിലാക്കുന്നു. അതുകൊണ്ടുതന്നെ സിനിമയുടെ തുടക്കത്തിൽ കാണുന്ന ശരീരഭാഷയല്ല അവസാനത്തോടടുക്കുമ്പോൾ മമ്മൂട്ടി, അയാൾക്ക് പകർന്നുനൽകുന്നത്.
രണ്ടാം പകുതിയ്ക്കായി തിയേറ്ററിനുള്ളിലേക്കു കയറുമ്പോഴുണ്ടായിരുന്ന പ്രധാന അങ്കലാപ്പ് മമ്മൂട്ടിയെപ്പോലുള്ള ഒരു സൂപ്പർസ്റ്റാർ മാത്യു ദേവസിയുടെ ആ 'വിലക്കപ്പെട്ട സ്വത്വം' സ്വയം വെളിപ്പെടുത്തുമോ, അതോ സൂചനകൾ മാത്രം ഇട്ട്, ബാക്കി പ്രേക്ഷകർക്ക് ചിന്തിക്കാൻ ഇട തന്ന് സംവിധായകൻ സിനിമ അവസാനിപ്പിക്കുമോ എന്നതായിരുന്നു. അവിടെയാണ് മമ്മൂട്ടി എന്ന വ്യക്തി മലയാള സിനിമയെ, പ്രേക്ഷകരെ ഞെട്ടിക്കുന്നത്. രണ്ടാം പകുതി മുതൽ കുറ്റം ചെയ്ത ഒരു വ്യക്തിയുടെ ശരീരഭാഷയാണ് മാത്യുവിന്. എതിരെ നിൽക്കുന്നവരുടെ കണ്ണിൽ നോക്കിയുള്ള സംസാരം അയാൾക്ക് അന്യമാകുന്നു. ഇക്കണ്ടകാലം മുഴുവൻ താൻ മറച്ചുപിടിച്ച ആ വലിയ സത്യം മറ്റുള്ളവരിലെത്തിയാൽ, അവനവനിലും അപരനിലും സൃഷ്ടിക്കുന്ന പ്രതിസന്ധികൾ ഓർത്ത് അയാൾ സദാ വ്യാകുലനാകുന്നു. ഫോൺ കയ്യിൽ നിന്ന് വഴുതുന്നു. സ്‌കൂട്ടർ പാർക്ക് ചെയ്യുന്നതിന് ശബ്ദം കൂടുന്നു. അതോടെ വരാൻപോകുന്ന ഒരു 'കുറ്റസമ്മതത്തെപ്പറ്റി' പ്രേക്ഷകർക്ക് സൂചന കിട്ടി തുടങ്ങുന്നു.
ഇങ്ങനെ ഭാര്യയുടെ മുൻപിലും കോടതി മുറിയിലും തന്റെ മുൻപിൽ വന്നുപോകുന്ന ഓരോ മനുഷ്യന്റെ നോട്ടങ്ങളിലും ചൂളിപ്പോകുന്ന മാത്യു ദേവസിയെ എത്ര കയ്യടക്കത്തോടക്കത്തോടെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. കാതൽ എന്ന ഈ സിനിമ ഇതിനും മുൻപേ സംഭവിക്കേണ്ടതായിരുന്നു, അതായിരുന്നു നീതിയും. പക്ഷേ ബെറ്റർ ലേറ്റ് ദാൻ നെവർ എന്ന് പറയുന്നപോലെ ഇപ്പോഴെങ്കിലും ഇത്തരം വിഷയം ഒരു മുഖ്യധാര സിനിമയിൽ ഇടം പിടിക്കുന്നത് ഏറെ സന്തോഷകരമായ ഒരു വസ്തുതയാണ്.
നാളിതുവരെ ഞാനും നിങ്ങളും അടങ്ങുന്ന ഭൂരിപക്ഷം വരുന്ന മനുഷ്യർ നമ്മുടെ തന്നെ ഇടയിലുള്ള ഒരു വിഭാഗത്തോട് ചെയ്തുവന്നിരുന്ന അനീതികൾക്ക് ഇനിയെങ്കിലും ഒരു അറുതി വരുത്താൻ ഈ സിനിമ കാരണമാകുമെന്ന് കരുതാം.
മമ്മൂട്ടി ഈ സിനിമ കമ്മിറ്റ് ചെയ്തില്ലായിരുന്നുവെങ്കിൽ ആ നീണ്ട കരിയറിൽ പ്രത്യേകിച്ചൊന്നും നഷ്ടപ്പെടാനിടയില്ലായിരുന്നു. പകരം, നഷ്ടമുണ്ടാവുക നമുക്കും.
ഒന്നുറപ്പാണ്; പതിറ്റാണ്ടുകളുടെ അഭിനയ ചരിത്രഭാരം പേറുന്ന, മലയാളത്തിന്റെ ആ പിതാമഹൻ ഇത്തരം ഒരു കഥാപാത്രത്തിനായി സ്വയം പരുവപ്പെടുത്തിയെടുത്തത് വരും കാല മലയാളസിനിമയെ മനസ്സിൽ കണ്ടുകൊണ്ടാണ്. കാതൽ -ദി കോർ എന്ന ഈ സിനിമ മലയാള സിനിമാ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ലൈംഗിക ന്യൂനപക്ഷങ്ങളെ കോമാളിവത്ക്കരിക്കുന്ന രംഗങ്ങൾക്കുപകരം അവരുടെ പ്രശ്നങ്ങൾ, ജീവിതം എന്നിവയൊക്കെയും ചർച്ച ചെയ്യുന്ന സിനിമകൾ രചിക്കാൻ എഴുത്തുകാർക്കും അത്തരം കഥാപാത്രങ്ങൾക്കായി ചമയം പുരട്ടാൻ സ്വന്തം മുഖം ഉയർത്തി നൽകാൻ അഭിനേതാക്കൾക്കും, അത് കാണാൻ ടിക്കറ്റെടുക്കാൻ പ്രേക്ഷകർക്കും ധൈര്യം നൽകുന്ന മമ്മൂട്ടിയുടെ ഒരു ഗംഭീര തിരഞ്ഞെടുപ്പും.