മമ്മൂട്ടി എന്ന ഛായ, പ്രതിച്​ഛായ

സിനിമയ്ക്കകത്തും പുറത്തുമുള്ള ജീവിതം മമ്മൂട്ടി എന്ന മനുഷ്യനെ കേരളീയത എന്ന മസാലക്കൂട്ടിന്റെ മണത്തെയും ഗുണത്തെയും സ്വാദിനെയുമൊക്കെ വലിയൊരളവിൽ സ്വാധീനിക്കുന്ന ചേരുവയാക്കിയിട്ടുണ്ട്.

മ്മൂട്ടി മലയാളിക്ക് ആരാണ്? എന്താണ് മമ്മൂട്ടിയെ പ്രത്യേകിച്ചൊരു മുഖവുര വേണ്ടാത്ത വിധത്തിൽ മലയാളി ജീവിതത്തിന്റെ ഭാഗമാക്കി നിലനിർത്തുന്ന ഘടകങ്ങൾ?
പലരോടു ചോദിച്ചാൽ പല വിധത്തിലുള്ള ഉത്തരങ്ങൾ ലഭിക്കുന്ന ചോദ്യങ്ങളാണിവ. ആരാണ് മമ്മൂട്ടിയെന്നും ആ വ്യക്തിത്വത്തിന്റെ സവിശേഷതകളെന്തെന്നുമൊക്കെ അറിയാനുള്ള അതിയായ ആഗ്രഹം സ്വാഭാവികമായും അദ്ദേഹത്തിന്റെ ആരാധകർക്കുണ്ടാകാം. പക്ഷേ, ഒരു ചലച്ചിത്രതാരത്തിന്റെ ജീവിതപ്പാതകളും അഭിനയനാൾവഴികളുമൊക്കെ ആരാധകർക്കു മാത്രമല്ല, സംസ്‌കാരപഠിതാക്കൾക്കും താത്പര്യമുള്ള മേഖലയായെന്നു വരാം. ഒരു സിനിമാഭിനേതാവിനെക്കുറിച്ച് പല വിധത്തിൽ ശേഖരിക്കപ്പെടുകയും പൊതുബോധത്തിൽ സംഭരിക്കപ്പെടുകയും ചെയ്യുന്ന വസ്തുതകളും അറിവുകളും കേൾവികളും അപവാദങ്ങളും അസത്യങ്ങളും അസംഭവ്യതകളുമടക്കം അയാളുടെ പ്രതിച്ഛായയെ നിർമിക്കുകയും അപനിർമിക്കുകയും പുനർനിർമിക്കുകയും വിപുലീകരിക്കുകയും വിഗ്രഹവത്കരിക്കുകയും വിപരീതസ്വഭാവത്തിൽ പ്രതിഷ്ഠിക്കുകയുമൊക്കെ ചെയ്‌തെന്നിരിക്കാം.

ചെറിയൊരുദാഹരണമെന്ന നിലയിൽ താഴെപ്പറയുന്ന കാര്യത്തെ പരിശോധിക്കാവുന്നതാണ്:

അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിൽ കറകളഞ്ഞ കമ്യൂണിസ്റ്റുകാരനായ ചെല്ലപ്പൻ എന്ന കഥാപാത്രത്തെയാണ് സത്യൻ അവതരിപ്പിച്ചത്. പ്രശസ്ത നിരൂപകനായ കെ.പി. അപ്പൻ ഒരു ഓർമക്കുറിപ്പിൽ പോലീസ് ഇൻസ്‌പെക്ടറായിരുന്ന സത്യനേശൻ നാടാർ കമ്യൂണിസ്റ്റുകാരെ കൈകാര്യം ചെയ്തിരുന്ന രീതിയെക്കുറിച്ച് ഇങ്ങനെ എഴുതിയിരുന്നു:
"എന്റെ നാട് ആലപ്പുഴയാണ്. സനാതന ധർമവിദ്യാശാലയിലാണ് ഞാൻ പഠിച്ചത്. ഒരു ദിവസം വൈകുന്നേരം ഞാൻ സ്‌കൂളിൽനിന്നും വീട്ടിലേക്കു മടങ്ങുകയായിരുന്നു. അപ്പോഴാണ് അതു കണ്ടത്. പോലീസ് ഇൻസ്‌പെക്ടർ സത്യനേശൻ ഒരാളെ നിഷ്ഠുരമായി മർദിക്കുന്നു. അയാളൊരു കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തകനായിരുന്നു. അയാളുടെ ചുണ്ടുകളിൽനിന്ന് ചോരയൊലിക്കുന്നുണ്ടായിരുന്നു. അയാൾ അവശനായിരുന്നു. എങ്കിലും അയാൾ തോല്ക്കുന്നില്ലെന്ന് എനിക്കു തോന്നി. കൂടിനിന്നവർ അമർഷവും വേദനയും നിയന്ത്രിക്കാൻ ശ്രമിക്കുന്നത് ഞാൻ കണ്ടു. വാസ്തവത്തിൽ ചോര കൊണ്ടു മാത്രം വീട്ടേണ്ട ഒരു കടമായിരുന്നു അത്. അതിനുപകരം സത്യനേശൻ എന്ന സത്യൻ ചലച്ചിത്രനടനായപ്പോൾ ജനങ്ങൾ അദ്ദേഹത്തിനു സ്‌നേഹവും ആരാധനയും നല്കി. പൂജിച്ചു സ്വീകരിച്ചു. ഇതാണ് ദൈവത്തിന്റെ നിരീശ്വരത്വം.
പിൽക്കാലത്ത് സത്യൻ എന്ന നടന്റെ സിനിമകൾ കണ്ടപ്പോൾ ആദ്യമൊക്കെ അവയുമായി ഇണങ്ങിപ്പോകാൻ എനിക്കു പ്രയാസമായിരുന്നു. ഇത് എന്റെ ഓർമയുടെ ദൈവനിഷേധമാണ്.'

സത്യൻ

വ്യക്തിജീവിതത്തിന്റെ പ്രത്യേകതകൾ അയാളുടെ സർഗജീവിതം വിലയിരുത്തുന്ന പ്രക്രിയയിലേക്കു വലിച്ചിഴയ്‌ക്കേണ്ടതുണ്ടോ എന്ന ചോദ്യം മുട്ടയോ കോഴിയോ ആദ്യമുണ്ടായത് എന്ന കീറാമുട്ടിപ്രശ്‌നം പോലെ കാലങ്ങളായി നിലനില്ക്കുന്നതാണ്. ഒരു വ്യക്തിയുടെ സ്വകാര്യജീവിതവും അയാളുടെ അഭിനയജീവിതവും വാട്ടർടൈറ്റ് കംപാർട്ട്‌മെന്റുകളല്ലാത്തതിനാൽ ഒരഭിനേതാവിനെ സമഗ്രമായി പരിശോധിക്കുമ്പോൾ അയാളുടെ ചലച്ചിത്രങ്ങൾ മാത്രമേ പരിഗണിക്കാവൂ എന്ന് വാശിപിടിക്കാൻ കഴിയാതെ വരും. സത്യൻ എന്ന നടനെക്കുറിച്ചുള്ള ആലോചനകളിൽ അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾപോലെതന്നെ അപ്പൻ മാഷിന്റെ പഴയ കുറിപ്പുമുതൽ വി.ജെ. ജെയിംസിന്റെ "അനുഭവങ്ങൾ പാളിച്ചകൾ', വി.എം. ദേവദാസിന്റെ "വെള്ളിനക്ഷത്രം' തുടങ്ങിയ പുതിയ കഥകൾവരെയുള്ള പല കാര്യങ്ങളും കടന്നുവന്നേക്കാം. പുതിയപുതിയ വായനാസാധ്യതകൾക്ക് അത്തരം കാര്യങ്ങൾ വഴിതുറന്നിടാറുമുണ്ട്.

വി.എം. ദേവദാസിന്റെ വെള്ളിനക്ഷത്രം എന്ന കഥയ്ക്ക് കെ.പി. മുരളീധരന്റെ ചിത്രീകരണം.

പണ്ടത്തെ സത്യനെ വായിച്ചെടുക്കുന്നതിലും സങ്കീർണമായ രീതികളിലൂടെയേ ഇന്നത്തെ മമ്മൂട്ടിയെ അഴിച്ചെടുക്കാൻ കഴിയൂ എന്നതാണ് സത്യം. കാരണം, ആ പ്രക്രിയയിൽ കാലഘട്ടങ്ങളുടെ മാറ്റങ്ങൾക്കിടയിൽ നടന്ന ചെറുതും വലുതുമായ ചരിത്രസംഭവങ്ങളുടെ വൈവിധ്യവും വൈപുല്യവും കലർന്നുകിടക്കുന്നു എന്നതുതന്നെ.

ഇന്നത്തെ മമ്മൂട്ടി ഒരു സുപ്രഭാതത്തിൽ വേദവ്യാസനെപ്പോലെ നിമിഷനേരത്തിൽ വളർന്നുവലുതായി പല അടരുകളുള്ള ഒരു മിത്തിന്റെ കർത്താവും കഥാപാത്രവുമായി പെട്ടെന്ന് അവതരിക്കുകയല്ലായിരുന്നു. ഒരു നടന്റെ താരസ്വത്വരൂപീകരണത്തിന്റെയും രൂപാന്തരത്തിന്റെയും ഗതിവിഗതികൾ വിലയിരുത്താൻ അയാളുടെ ചലച്ചിത്രഗ്രാഫ് മാത്രം തികയാതെ വരും. ഒരു അഭിനേതാവിനെയോ ആക്ടിവിസ്റ്റിനെയോ അധികാരിയെയോ താരമാക്കി മാറ്റുന്നത് സവിശേഷമായ ചരിത്രകാലാവസ്ഥയും സാംസ്‌കാരികാന്തരീക്ഷവുമാണ്. സിനിമയ്ക്കകത്തും പുറത്തുമുള്ള ജീവിതം മമ്മൂട്ടി എന്ന മനുഷ്യനെ കേരളീയത എന്ന മസാലക്കൂട്ടിന്റെ മണത്തെയും ഗുണത്തെയും സ്വാദിനെയുമൊക്കെ വലിയൊരളവിൽ സ്വാധീനിക്കുന്ന ചേരുവയാക്കിയിട്ടുണ്ട്.

കേരളീയത എന്തെന്നു വിവരിക്കാൻ തുനിയുമ്പോൾ നമുക്ക് ആ ചേരുവയെക്കുറിച്ചും ഉറപ്പായും സംസാരിക്കേണ്ടതായി വരും. പഠിക്കുന്ന കാലത്ത് മമ്മൂട്ടി സ്വീകരിച്ച ഒമർ ഷെരീഫ് എന്ന കള്ളപ്പേരുമുതൽ പ്രീസ്റ്റ് സിനിമയുടെ ആമസോൺ പ്രൈം പ്രദർശനംവരെയുള്ള എത്രയെത്ര സംഗതികളെ വിശകലനം ചെയ്താലാകാം മമ്മൂട്ടിത്തം എന്ന പ്രതിഭാസത്തിന്റെ കുറച്ച് അടരുകളെയെങ്കിലും വിടർത്തിവെക്കാനാവുക. മുഖവുര വേണ്ടാത്ത മലയാളി എന്ന നിലയിലേക്കു വികസിച്ചൊരു ചലച്ചിത്രവ്യക്തിത്വത്തിന്റെ പരിണാമദിശകളിലേക്ക് ഞെക്കുവിളക്കു തെളിക്കുന്നതിന്റെ കൗതുകമാണീ നോട്ടത്തിലുള്ളത്.

ദി പ്രീസ്റ്റ് എന്ന ചിത്രത്തിൽ മമ്മൂട്ടി.

ഒരു അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല സമകാലിക മലയാളിജീവിതത്തിൽ മമ്മൂട്ടി എന്ന വ്യക്തിയുടെ അസ്തിത്വം സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ മമ്മൂട്ടി എന്ന നടന്റെ അഭിനയജീവിതത്തിന്റെ ക്ഷേപപഥങ്ങളെക്കുറിച്ചോ ലംബമായും തിരശ്ചീനമായുമുള്ള സഞ്ചാരരേഖകളെക്കുറിച്ചോ പ്രതിച്ഛായയുടെ വക്രീകരണങ്ങളെക്കുറിച്ചോ മാത്രമല്ല ഇവിടെ ചർച്ച ചെയ്യാൻ ഉദ്ദേശിക്കുന്നത്. കർത്തൃത്വത്തെ രൂപീകരിക്കുന്ന സ്വത്വസങ്കേതം എന്ന നിലയിലും മമ്മൂട്ടിയെ നോക്കിക്കാണേണ്ടതുണ്ട്.

കോളേജ് പഠനകാലത്തും അതിനുശേഷവുമൊക്കെ നടത്തിയ ചില്ലറ തലകാണിക്കൽശ്രമങ്ങളെ ഒഴിവാക്കിയാൽ ഒരു നടനെന്ന നിലയിൽ മമ്മൂട്ടി തന്റെ സാന്നിധ്യമറിയിച്ചത് വിൽക്കാനുണ്ട് സ്വപ്‌നങ്ങളിലെ മാധവൻകുട്ടി എന്ന കഥാപാത്രത്തിലൂടെയാണ്. അതിലെ മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് എം.ടി. പിന്നീട് എഴുതിയത് ഇങ്ങനെയാണ്:
"സാധാരണ പുതുതായി അഭിനയിക്കാൻ വരുന്നവർ അപ്പുറത്തൊരു വളരെ പേരുള്ള നടൻ നില്ക്കുമ്പോൾ പരിഭ്രമിക്കും. മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം അതൊന്നും കണ്ടില്ല. വളരെ അനായാസമായിട്ട് ഈ നാലോ അഞ്ചോ സീനുകളിൽ അന്ന് വളരെ അംഗീകാരം നേടിയ സുകുമാരന്റെ കൂടെ അഭിനയിച്ചത് ചിലരൊക്കെ ശ്രദ്ധിക്കുകയും ചെയ്തു. ഈ സിനിമ വന്നുകഴിഞ്ഞപ്പോൾ ആരായിരുന്നു അത് എന്ന് ചിലരൊക്കെ അന്വേഷിച്ചു. എനിക്കു തോന്നുന്നത് അതിന്റെയൊക്കെ ഫലമായിട്ടാണ് കെ.ജി. ജോർജിന്റെ മേളയിലേക്ക് മമ്മൂട്ടിക്കു ക്ഷണം കിട്ടുന്നത്. പലരും പറയാറുണ്ട് ഞാൻ മമ്മൂട്ടിയെ കണ്ടെത്തി എന്ന്. മമ്മൂട്ടി അവിടെത്തന്നെ ഉണ്ടായിരുന്നു. ഞാൻ ഒരു നിമിത്തമായി എന്നു മാത്രം. ഞാനല്ലെങ്കിൽ വേറൊരാൾ കണ്ടെത്തും. പ്രാഗത്ഭ്യമുള്ള നടന്മാരെ, കലാകാരന്മാരെയൊക്കെ ഒരാൾ കണ്ടെത്തലല്ല, കാലം കണ്ടെത്തുകയാണ്.'

മമ്മൂട്ടി, എം.ടി. വാസുദേവൻ നായർ / Photo: Mammootty.com

വെറുമൊരു സിനിമാഭാഗ്യാന്വേഷി എന്നതിനപ്പുറം ചലച്ചിത്രം എന്ന മാധ്യമത്തെയും അഭിനയകലയെയും സൂക്ഷ്മമായി പഠിക്കാൻ ശ്രമിക്കുന്ന വിദ്യാർഥി എന്ന നിലയിലുള്ള ഗൗരവമുള്ള ശ്രമങ്ങളാണ് മമ്മൂട്ടി എന്ന അഭിനയമോഹിയെ തുടക്കകാലത്തുതന്നെ എം.ടിയെയും കെ.ജി. ജോർജിനെയും പോലുള്ളവരുടെ ക്യാമ്പുകളിൽ എത്തിച്ചത്. അടൂർ ഗോപാലകൃഷ്ണന്റെ വാക്കുകൾ അതിന് അടിവരയാകുന്നുണ്ട്:

"ഞങ്ങൾ ആദ്യം കാണുമ്പോൾ മമ്മൂട്ടി സംസാരിച്ച വിഷയങ്ങൾ എനിക്കിപ്പോഴും ഓർമയുണ്ട്. കൊച്ചിയിൽ ഞാൻ ഉദ്ഘാടനം ചെയ്ത ഫിലിം സൊസൈറ്റിയുടെ സമ്മേളനത്തിൽ പങ്കെടുത്തത്, ശ്രീ. വൈക്കം ചന്ദ്രശേഖരൻ നായരും മറ്റും മുൻകൈയെടുത്ത് ആരംഭിച്ച സൊസൈറ്റി അന്നു പ്രദർശിപ്പിച്ച സിനിമയുടെ പ്രത്യേകതകൾ, പിന്നെ സ്വയംവരം ഒരു അനുഭവമായി കൊണ്ടുനടന്നിരുന്ന വിദ്യാർഥിജീവിതകാലം, ആർത്തിയോടെ കാത്തിരുന്നു കണ്ടിട്ടുള്ള റേ ചിത്രങ്ങൾ, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് പഠിച്ചിറങ്ങിയ നസിറുദ്ദീൻ ഷാ, ഷബാന ആസ്മി തുടങ്ങിയവരെപ്പറ്റി മനസ്സിൽ സൂക്ഷിക്കുന്ന സ്‌നേഹസാഹോദര്യം, പിന്നെ എം.ടി. വാസുദേവൻ നായർ, കെ.ജി. ജോർജ്- ഇവരോടുള്ള ആദരവും കറയറ്റ സ്‌നേഹവും കടപ്പാടും. തുറന്നുപറയട്ടെ, ഇവർ രണ്ടുപേരോടും മമ്മൂട്ടി എന്ന മനുഷ്യൻ കെടാതെ, കേടുവരാതെ സൂക്ഷിക്കുന്ന ഈ മനോഭാവമാണ് എന്നിൽ ഏറ്റവും മതിപ്പുളവാക്കിയിട്ടുള്ളത്.'

മതിലുകൾ സിനിമയുടെ ചിത്രീകരണത്തിനിടെ മമ്മൂട്ടി, അടൂർ ഗോപാലകൃഷ്ണൻ / Photo: Mammootty.com

1981 മുതൽ 1990 വരെയുള്ള കാലമാണ് മമ്മൂട്ടി തന്റെ കരിയറിലെ ഏറ്റവും കൂടുതൽ ചലച്ചിത്രങ്ങളിൽ അഭിനയിച്ച ദശകം. അതിൽത്തന്നെ, 1984, 1985 വർഷങ്ങളിൽ മുപ്പത്തിനാലുവീതം സിനിമകളിലും 1986-ൽ മുപ്പത്തിയഞ്ചു സിനിമകളിലുമാണ് മമ്മൂട്ടി അഭിനയിച്ചത്. മമ്മൂട്ടിയടക്കമുള്ള ഒരു നടനും ഒരു ഭാഷയിലും ഇനിയങ്ങോട്ട് ഇത്രയധികം സിനിമകളിൽ ഒരു വർഷം പ്രധാന വേഷത്തിൽ അഭിനയിക്കാൻ കഴിയുമെന്നു തോന്നുന്നില്ല. അത്രയും സിനിമകളെന്നു പറയുമ്പോൾ അത്രയും കഥാപാത്രങ്ങളെ അവതരിപ്പിച്ച അനുഭവസമ്പത്തിന്റെ കാര്യംകൂടി കണക്കാക്കേണ്ടി വരും. മമ്മൂട്ടി എന്ന ബഹുരൂപിയായ അഭിനയവ്യക്തിത്വത്തിലേക്കുള്ള വളർച്ചയ്ക്കും വികാസത്തിനും ആധാരശിലയായി വർത്തിച്ചത് ഈ സമയത്തെ സിനിമകളാണെന്ന് നിസ്സംശയം പറയാം. സ്‌ഫോടനം, തൃഷ്ണ, അഹിംസ, യവനിക, പടയോട്ടം, ഈനാട്, ഇന്നല്ലെങ്കിൽ നാളെ, കൂടെവിടെ, ഇനിയെങ്കിലും, സന്ദർഭം, ഒന്നാണ് നമ്മൾ, ചക്കരയുമ്മ, അതിരാത്രം, അക്ഷരങ്ങൾ, അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ, തിങ്കളാഴ്ച നല്ല ദിവസം, തമ്മിൽത്തമ്മിൽ, മകൻ എന്റെ മകൻ, കഥ ഇതുവരെ, നിറക്കൂട്ട്, യാത്ര, കരിമ്പിൻപൂവിനക്കരെ, കാതോടുകാതോരം, കരിയിലക്കാറ്റുപോലെ, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, പൂവിനു പുതിയ പൂന്തെന്നൽ, ആവനാഴി, നൊമ്പരത്തിപ്പൂവ്, ന്യൂഡൽഹി, തനിയാവർത്തനം, അനന്തരം, മനു അങ്കിൾ, ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്, സംഘം, 1921, അടിക്കുറിപ്പ്, ഒരു വടക്കൻവീരഗാഥ, ഉത്തരം, കോട്ടയം കുഞ്ഞച്ചൻ, മതിലുകൾ, സാമ്രാജ്യം, ഈ തണുത്ത വെളുപ്പാൻകാലത്ത് തുടങ്ങിയ സിനിമകളൊക്കെ പുറത്തുവരുന്നത് ഈ കാലഘട്ടത്തിലാണ്.

അടൂർ ഗോപാലകൃഷ്ണൻ, എം.ടി. വാസുദേവൻ നായർ, കെ.ജി. ജോർജ്, പത്മരാജൻ, ഐ.വി. ശശി, ജോഷി, ഹരിഹരൻ, ഭരതൻ, സിബി മലയിൽ, ലോഹിതദാസ്, സത്യൻ അന്തിക്കാട്, പവിത്രൻ, പി.ജി. വിശ്വംഭരൻ, ഡെന്നീസ് ജോസഫ്, എസ്.എൻ. സ്വാമി തുടങ്ങിയ സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും വൈവിധ്യമാർന്ന സിനിമകളിലൂടെ ഇന്ത്യൻ സിനിമയിൽത്തന്നെ മറ്റൊരു നടനും ലഭിക്കാത്ത തരത്തിലുള്ള അഭിനയമുഹൂർത്തങ്ങളുടെ സൗഭാഗ്യമാണ് മമ്മൂട്ടിയെ തേടിയെത്തിയത്.

എൺപതുകളിൽ മമ്മൂട്ടിക്കു ലഭിച്ച കഥാപാത്രങ്ങളുടെ ആഴവും പരപ്പും വ്യത്യസ്തതയും അതേകാലത്ത് മറ്റേത് ഇന്ത്യൻ ഭാഷാസിനിമകളിൽ അഭിനയിച്ചിരുന്നവർക്കു ലഭ്യമായിരുന്നോ എന്നു പരിശോധിക്കുമ്പോൾ ആ നടന്റെ അനന്യതയെ സംബന്ധിക്കുന്ന കൂടുതൽ തെളിച്ചങ്ങൾ വെളിച്ചപ്പെട്ടു വരാനിടയുണ്ട്. ഒരു പെർഫോമർ എന്ന നിലയിൽ പരുവപ്പെടാൻ അത്തരത്തിലുള്ള അസുലഭാവസരങ്ങൾ എത്രമാത്രം സഹായകമാവുകയും സ്വാധീനമാവുകയും ചെയ്‌തെന്ന് മനസ്സിലാക്കാൻ മമ്മൂട്ടി പഠിതാക്കൾക്ക് ഏറെ ഗുണപ്പെടുമാ അന്വേഷണം.

രണ്ടുതരം സിനിമാസങ്കല്പങ്ങളുടെ വക്താക്കളെന്നു പറയാവുന്ന കെ.ജി. ജോർജിന്റെയും ഐ.വി. ശശിയുടെയും സിനിമകളിൽ ഒരേസമയം അഭിനയിച്ച് എൺപതുകളുടെ തുടക്കത്തിൽ കരിയർ പടുത്തുയർത്തിത്തുടങ്ങിയ മമ്മൂട്ടി പിന്നീടിതുവരെ കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിൽ സ്വീകരിച്ചിട്ടുള്ളത് സമാനമായൊരു സമീപനമാണെന്നു പറയാം. വളരെ സമർഥമായ ഈ തിരഞ്ഞെടുപ്പുസമീപനത്തിന്റെ ബലതന്ത്രമാണ് താരഭ്രമണപഥത്തിൽനിന്നു തെറിച്ചുനീങ്ങാതെ മമ്മൂട്ടിയെ നിലനിർത്തുന്ന പല ഘടകങ്ങളിലൊന്ന്. ഒരേസമയം കലയുടെയും കച്ചവടത്തിന്റെയും കോലുകളിൽ അളന്നാലും മലയാളസിനിമയുടെ അനിവാര്യതയായി മമ്മൂട്ടി ഇന്നും നിലനില്ക്കുന്നു. അഭിനയത്തിന്റെയും വിപണനത്തിന്റെയും സാധ്യതകളെ ചൂഷണം ചെയ്യുന്നതിൽ മമ്മൂട്ടി പുലർത്തിയ സമതുലനം മനസ്സിലാക്കാൻ ഓരോ വർഷങ്ങളിലും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ സ്വഭാവം പരിശോധിച്ചാൽ മതി. പണംവാരിപ്പടങ്ങളുടെയും പുരസ്‌കാരം വാരിപ്പടങ്ങളുടെയും പട്ടികകളിൽ മമ്മൂട്ടി എന്ന നടൻ ഒരേസമയം സ്ഥാനംപിടിക്കുന്നു. ആർട്ടിക്കും അന്റാർട്ടിക്കും തമ്മിലുള്ള അന്തരവും പരസ്പരപൂരകത്വവും മമ്മൂട്ടി തിരഞ്ഞെടുത്ത കഥാപാത്രങ്ങളിലുണ്ട്. മമ്മൂട്ടിയുടെ താരാസ്തിത്വത്തിന്റെ ആധാരതത്ത്വങ്ങളിലൊന്ന് ഈ തിരഞ്ഞെടുപ്പുതന്ത്രമാണ്.

ഐ.വി. ശശി, കെ.ജി. ജോർജ്

പി.ജി. വിശ്വംഭരന്റെ പിൻനിലാവിൽ, "ഓടി വാ കരിഫിഷ് കണ്ണാളേ പാടി വാ ലൗ ഗാനം' എന്നൊക്കെ പാട്ടുപാടി പൂർണിമാ ജയറാമിനു ചുറ്റും തുള്ളിക്കളിച്ച അതേ നടനെയാണ് കെ.പി. കുമാരന്റെ നേരം പുലരുമ്പോളിലെ ബ്രദർ ലോറൻസായും കാണികൾ കണ്ടത്. പി.കെ. ശ്രീനിവാസനുമായി നടത്തിയ അഭിമുഖസംഭാഷണത്തിൽ തനിക്ക് അക്കാലത്തു ലഭിച്ച പക്വതയേറിയ കഥാപാത്രങ്ങളെക്കുറിച്ച് മമ്മൂട്ടിതന്നെ പ്രകടിപ്പിച്ച അഭിപ്രായം ഇങ്ങനെയാണ്:

"അക്ഷരം, കാണാമറയത്ത്, ആൾക്കൂട്ടത്തിൽ തനിയെ, നിറക്കൂട്ട്, യാത്ര. എനിക്ക് എത്ര വയസ്സുള്ളപ്പോഴാണ് ഇതിലൊക്കെ അഭിനയിച്ചത്? ഇന്നത്തെ പിള്ളേരെപ്പോലെ ആടിക്കളിച്ചു നടക്കുന്ന കാലത്താണ് അത്തരം പടങ്ങളിലൊക്കെ ഞാൻ അഭിനയിക്കുന്നത്. കോളേജ് വിദ്യാർഥിയായി അഭിനയിക്കേണ്ട കാലത്താണ് ഞാൻ വലിയ മക്കളുടെ തന്തയായിട്ടും വലിയ നായികമാരുടെ ഭർത്താവായിട്ടും അവരുടെ കാമുകനായിട്ടുമൊക്കെ അഭിനയിക്കുന്നത്. അന്നത്തെ അഭിനയം സീനിയർ ആർട്ടിസ്റ്റുകളോടൊപ്പമാണ്. അന്നെനിക്ക് അതിന്റെതായ ഒരു പക്വതയോ വളർച്ചയോ ഉണ്ടായിരുന്നില്ല.'

കലാപരമായോ കച്ചവടപരമായോ അത്രയൊന്നും ശ്രദ്ധിക്കപ്പെടാത്ത സിനിമകളിൽപ്പോലും അവതരിപ്പിച്ച വേഷങ്ങളുടെ വൈവിധ്യം അഭിനേതാവെന്ന നിലയിൽ മാത്രമല്ല മമ്മൂട്ടിയെ ഉരുവപ്പെടുത്തിയെടുത്തത്. മമ്മൂട്ടി എന്ന താരത്തിലേക്കുള്ള ആരോഹണവും അവരോധവും അതു സാധ്യമാക്കി.

ടെലിവിഷൻ എന്ന പുതിയ മാധ്യമത്തിന്റെ കടന്നുവരവ് ഈ ദശകത്തിലാണ് കേരളത്തിലുണ്ടായതെങ്കിലും ദൂരദർശൻ കാലത്തും "അൾട്ടിമേറ്റ് ആനന്ദമാർഗം' സിനിമതന്നെയായിരുന്നു. പ്രവാസി മലയാളികൾ നാട്ടിൽ നടപ്പാക്കിയ വി.സി.ആർ./ വി.സി.പി. വിപ്ലവത്തിലൂടെയും ടിവിയിലെ ഞായറാഴ്ചപ്പടങ്ങളിലൂടെയും കാഴ്ചയുടെ ശീലങ്ങളിൽ നേരിയ വ്യതിയാനങ്ങൾ വന്നെങ്കിലും മമ്മൂട്ടി എന്ന നടന് അനുഗുണമായൊരന്തരീക്ഷമാണ് അവയും ഒരുക്കിക്കൊടുത്തതെന്നു പറയാം. നാഷണൽ പാനസോണിക്കിന്റെ വീഡിയോപ്ലെയറുകളിൽ അനുസ്യൂതം ഓടിയ തോംസൺ കാസെറ്റുകൾവഴി പരന്ന പുതുകാഴ്ചയുടെ പ്രപഞ്ചത്തിലൂടെ കുടുംബങ്ങളിലേക്കു കൂടുതലായി കയറിപ്പറ്റാനും കസേരയുറപ്പിക്കാനും കഴിഞ്ഞത് മമ്മൂട്ടിക്കായിരുന്നു. പാട്രിയാർക്കലായിരുന്നൊരു സമൂഹത്തിലെ ബന്ധങ്ങളുടെ ശ്രേണീക്രമങ്ങൾമുതൽ പതിറ്റാണ്ടുകൾകൊണ്ട് രൂപപ്പെട്ട പൊതുബോധത്തിന്റെ ആകൃതിവ്യതിയാനങ്ങൾവരെയുള്ള പല ഘടകങ്ങളും പരിശോധിച്ചാലേ എൺപതുകളിൽ കുടുംബനായകനെന്ന നിലയിൽ മമ്മൂട്ടിക്കു ലഭിച്ച സ്വീകാര്യതയുടെ കാരണങ്ങൾ നിരത്തിവെക്കാൻ കഴിയൂ.

നിയമപാലകൻ, സൈനികോദ്യോഗസ്ഥൻ, കുടുംബനാഥൻ തുടങ്ങിയ വേഷങ്ങളുടെ ആവർത്തനങ്ങളിലൂടെ മമ്മൂട്ടി നേടിയെടുത്തത് "ഉത്തരവാദിത്വത്തിന്റെ ആൾരൂപം' എന്ന പ്രതിച്ഛായയാണ്. "സംരക്ഷണം' എന്ന താക്കോൽവാക്കിനു ചുറ്റും കറങ്ങിയിരുന്ന സാമൂഹികബന്ധങ്ങളിൽ പ്രവർത്തിച്ചിരുന്ന അധികാരക്രമത്തെ ഒട്ടും അലോസരപ്പെടുത്തുന്നതായിരുന്നില്ല ആ ഇമേജ്. അച്ചടക്കം, അനുസരണ, ത്യാഗസന്നദ്ധത, വിശ്വാസ്യത, നീതിബോധം, പ്രതികരണശേഷി, ഏകപത്‌നീവ്രതം, സാഹസികത തുടങ്ങിയവയിലൂടെയൊക്കെ മാപനം ചെയ്യപ്പെട്ടിരുന്ന ആണത്തസങ്കല്പങ്ങൾക്ക് അനുരൂപമായൊരു താരമായി ശരാശരി മലയാളിമനസ്സുകളിൽ പ്രതിഷ്ഠാപിക്കപ്പെടാൻ എൺപതുകളിൽ മമ്മൂട്ടിയവതരിപ്പിച്ച കഥാപാത്രങ്ങൾ നിലമൊരുക്കി. ഏറിയും കുറഞ്ഞും എൺപതുകളിലെ മലയാള സിനിമകളിലെ എല്ലാ നായക കഥാപാത്രങ്ങളിലും ഈ പ്രവണതകളൊക്കെ നിലനിന്നിരുന്നെങ്കിലും മമ്മൂട്ടിയുടെ അവതരണങ്ങൾക്കു കൂടുതൽ ശ്രദ്ധ കിട്ടാനുള്ള കാരണം അതിനു സ്ഥാപിക്കാൻ കഴിഞ്ഞ "എക്‌സ്ട്രാ എഫക്ട്' തന്നെയായിരുന്നു.

മൗനം സമ്മതം, ത്രിയാത്രി

മൗനം സമ്മതത്തിലൂടെ (1989) തമിഴിലും ത്രിയാത്രിയിലൂടെ (1990) ഹിന്ദിയിലും മമ്മൂട്ടി എൺപതുകളുടെ അവസാനം തന്റെ അരങ്ങേറ്റം നടത്തിക്കഴിഞ്ഞിരുന്നു. മതിലുകൾ, ഒരു വടക്കൻ വീരഗാഥ എന്നീ സിനിമകളിലൂടെ ലഭിച്ച മികച്ച നടനുള്ള ദേശീയപുരസ്‌കാരം അഭിനേതാവെന്ന നിലയിലുള്ള മമ്മൂട്ടിപ്പെരുമ കേരളത്തിന്റെ അതിർത്തികൾക്കപ്പുറത്തേക്ക് വർധിച്ച തോതിൽ പടർത്താനുമിടയാക്കി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനദശകത്തിൽ മമ്മൂട്ടിയുടെ അഭിനയപാതകൾ ഭാഷാവരമ്പുകളെ ഉല്ലംഘിച്ചു വളർന്നതിനൊരു പ്രധാന കാരണംകൂടിയായിരുന്നു അദ്ദേഹത്തിന്റെ ദേശീയപുരസ്‌കാരലബ്ധി.

മമ്മൂട്ടിക്കു മുൻപും പല മലയാള നടീനടന്മാരും മറ്റു ഭാഷകളിൽ തങ്ങളുടെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പക്ഷേ, സ്വന്തം നാട്ടിൽ ഒരു താരനടനു ലഭിക്കുന്ന പ്രാമുഖ്യത്തോടെതന്നെ, മറ്റു ഭാഷകളിൽ മമ്മൂട്ടിക്കു ലഭിച്ചതുപോലുള്ള സ്വീകരണം അതിനുമുൻപ് ഒരു മലയാളിനടനും കിട്ടിയിട്ടില്ലായിരുന്നു. എം.ജി.ആറിന്റെ കാര്യം മറുവാദമായി പറയാമെങ്കിലും മലയാളിസ്വത്വം ഉയർത്തിപ്പിടിച്ചുകൊണ്ടല്ല അദ്ദേഹം തമിഴ്‌നാട്ടിലെ സിനിമയിലും രാഷ്ട്രീയത്തിലും സ്വയം സ്ഥാപിച്ചെടുത്തതെന്ന വ്യത്യാസമുണ്ട്.

വടക്കൻ വീരഗാഥ

"അവൻ നിൻട്രാൽ പൊതുക്കൂട്ടം, നടന്താൽ ഊർവലം' എന്ന എം.ജി.ആർ. ലൈൻ അനുകരിച്ചുകൊണ്ടുതന്നെയാണ് രജനികാന്തിനെയും ജയലളിതയെയും പോലുള്ള അഭിനേതാക്കൾ അയൽനാടുകളിൽനിന്നു വന്ന് തമിഴ്‌നാട്ടിൽ തങ്ങളുടെ താരമൂല്യമുറപ്പിച്ചത്. പക്ഷേ, അതിൽനിന്നും വിഭിന്നമായി മികച്ച അഭിനേതാവായ മലയാളി എന്ന മട്ടിൽ അർഥശങ്കയ്ക്കിടയില്ലാത്തവണ്ണം തന്നെ അവതരിപ്പിച്ചുകൊണ്ടാണ് മമ്മൂട്ടി അയൽസംസ്ഥാനങ്ങളിൽ ബഹുമാന്യമായ നില നേടിയെടുത്തത്.

1990 ഏപ്രിൽ, 1994 ഫെബ്രുവരി ലക്കം ഫിലിംഫെയർ മാസികകളുടെ മുഖചിത്രങ്ങൾ മമ്മൂട്ടിയായിരുന്നു. അതുവരെയുള്ള ചരിത്രത്തിൽ ആദ്യമായിട്ടായിരുന്നു ഒരു മലയാള നടൻ ആ മാസികയുടെ കവർ സ്റ്റോറിയാകുന്നത്. മലയാളസിനിമ എന്നൊന്ന് നിലനിൽക്കുന്നുണ്ടെന്നുപോലും ഭാവിക്കാതിരുന്ന ഹിന്ദി സിനിമാവ്യവസായത്തിന്റെ ജിഹ്വയായിരുന്നൊരു ചലച്ചിത്രവാരികയിലച്ചടിച്ചുവന്ന സുദീർഘമായ അഭിമുഖസംഭാഷണം പലതരത്തിൽ പ്രസക്തമായിരിക്കുന്നുണ്ടിപ്പോഴും. പ്രകടമായ അധികാരഭാവത്തോടെയും കൊച്ചാക്കൽധ്വനിയോടെയും ഖാലിദ് മുഹമ്മദ് അന്നു തൊടുത്തുവിട്ട ചോദ്യങ്ങളെ തരിമ്പും കൂസാതെ നേരിടുകയും തന്ത്രപരമായ മുനകളെ തകർത്തുവിടുകയും ചെയ്തു മമ്മൂട്ടി. ധനാഢ്യമായ ഒരു സിനിമാവ്യവസായത്തിന്റെ വരേണ്യതയ്ക്കു മുന്നിൽ സ്വന്തം നാടിന്റെ ചലച്ചിത്രസംസ്‌കാരത്തിന്റെയും മലയാളിനടനെന്ന നിലയിലുള്ള സ്വത്വബോധത്തിന്റെയും പതാക സംശയലേശമന്യേ സ്ഥാപിക്കുകയാണ് സത്യത്തിൽ മമ്മൂട്ടിയന്നാ സംസാരത്തിലൂടെ ചെയ്തത്.

ഉദാഹരണമെന്ന നിലയിൽ ഈ ചോദ്യങ്ങളും ഉത്തരങ്ങളുമൊന്നു ശ്രദ്ധിച്ചു നോക്കുക:
""Is it important for an actor who is doing well in the south to think of migrating to Hindi films?''
"What do you mean by migrating? It's not as if I'm changing my citizenship, I'm not going off to America or Africa. I'd like to do Hindi films because they reach a larger national audience. After you've been acting for 10-12 years, you stop worrying about money, but you do want more exposure. And this shouldn't be denied to actors from the south. Kamal Haasan may want to work only in Tamil films ...that's his choice. But anyone who wants to make a transition should also be given a chance. My physical appearance is secondary, I should be accepted in Bombay as an actor.'

"Doens't your thick moustache come in the way of your acceptance as a clean-cut hero?'

"I'm as clean-cut as any hero from the north. After all, I shave, bathe and trim my moustache every day. In any case, so many of the Bombay heroes have moustaches-heroes like Raaj Kumar, Anil Kapoor and Jackie Shroff. There shouldn't be any bias in favour of stars who look "northern'. What does that mean anyway? Can you have heroes with a Rajasthani, U.P. or Bihari look? It's enough to look and feel Indian. In a remake, I've played. Naseeruddin Shah's role in Sir and I don't look any less or more Indian than he does. So don't pick on my moustache please. Men from U.P. and Rajasthan have thicker moustaches than mine.'

വില്ലൻ വേഷത്തിൽ അഭിനയിക്കാൻ ക്ഷണിച്ച തെലുങ്കു നിർമാതാവിനോട്,
"താങ്കൾ ചിരഞ്ജീവിയോട് ഇതേ കാര്യം ഉന്നയിക്കാൻ ധൈര്യപ്പെടുമോ' എന്ന മറുചോദ്യം ചോദിച്ചു മമ്മൂട്ടി മടക്കിയതും സമാനമായൊരു സംഭവമാണ്. താരതമ്യേന വലിപ്പം കുറഞ്ഞ ഒരു കലാവ്യവസായത്തിന് അയലിടങ്ങളിൽ നട്ടെല്ലു നിവർത്തി നില്ക്കാനുള്ള സാഹചര്യമൊരുക്കുന്നതിൽ മമ്മൂട്ടി എന്ന നടന്റെ താരനില നിർവഹിച്ച പങ്ക് വളരെ വലുതായിരുന്നു.
എൺപതുകളിലെ അഭിനയാനുഭവങ്ങളിലൂടെയുള്ള ഒരുക്കമാണ് തൊണ്ണൂറുകളിൽ നടനെന്ന നിലയിലും താരമെന്ന നിലയിലുമുള്ള മമ്മൂട്ടിക്കുതിപ്പിന് ഇന്ധനമായിത്തീർന്നത്.

അമരം

അമരം, ഇൻസ്‌പെക്ടർ ബൽറാം, കൗരവർ, സൂര്യമാനസം, ജോണിവാക്കർ, പപ്പയുടെ സ്വന്തം അപ്പൂസ്, വാത്സല്യം, ജാക്ക്‌പോട്ട്, വിധേയൻ, പൊന്തൻമാട, സുകൃതം, മഴയെത്തും മുൻപേ, ഓർമ്മകളുണ്ടായിരിക്കണം, ദി കിങ്, ഹിറ്റ്‌ലർ, ഭൂതക്കണ്ണാടി, ഒരു മറവത്തൂർ കനവ്, ഹരികൃഷ്ണൻസ്, നരസിംഹം, വല്യേട്ടൻ തുടങ്ങിയവയായിരുന്നു 1991-2000 കാലത്തെ പ്രധാനപ്പെട്ട മമ്മൂട്ടിച്ചിത്രങ്ങൾ. ദളപതി, അഴകൻ, കിളിപ്പേച്ച് കേൾക്കവാ, മക്കൾ ആട്ച്ചി, പുതയൽ, അരസിയൽ, മറുമലർച്ചി, എതിരും പുതിരും, കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ (തമിഴ്), സ്വാതികിരണം, സൂര്യപുത്രഡു, റെയിൽവേക്കൂലി (തെലുങ്ക്), ധർത്തിപുത്ര (ഹിന്ദി), ഡോ. ബാബാസാഹേബ് അംബേദ്കർ (ഇംഗ്ലീഷ് /ഹിന്ദി), സ്വാമി വിവേകാനന്ദ (സംസ്‌കൃതം) തുടങ്ങിയ ഇതരഭാഷാസിനിമകളിലും അദ്ദേഹം ഈ കാലയളവിൽ അഭിനയിക്കുകയുണ്ടായി.

ഇതിനോടകം മമ്മൂട്ടി എന്ന താരനടന്റെ ഉടലിനും കുരലിനും കൈവന്ന പരിണാമവും പ്രതിച്ഛായാപരിവർത്തനവും പഠനവിധേയമാക്കേണ്ടുന്ന വസ്തുതകളാണ്. തന്റെ കട തല്ലിപ്പൊളിച്ചിട്ടിരിക്കുന്നതറിഞ്ഞ ബഹദൂറിന്റെ കഥാപാത്രത്തിനൊപ്പം ഓടിവരുന്ന രണ്ടു നാട്ടുകാരിൽ ഒരാളായാണ് മമ്മൂട്ടി അനുഭവങ്ങൾ പാളിച്ചകളിൽ തിരയിൽ പ്രത്യക്ഷപ്പെട്ടത്. കാലചക്രത്തിലാകട്ടെ, പ്രേംനസീറിന്റെ കഥാപാത്രത്തിനു പകരക്കാരനായി വന്ന കടത്തുവള്ളക്കാരന്റെ വേഷമായിരുന്നു അദ്ദേഹത്തിന്. ആ ചിത്രത്തിൽ വള്ളത്തിന്റെ തുഞ്ചത്ത് മുറിബീഡിയും വലിച്ചിരുന്ന് അടൂർ ഭാസിയുടെ കഥാപാത്രത്തോടു പറയുന്നതായിരുന്നു മമ്മൂട്ടിയുടെ ആദ്യത്തെ സിനിമാസംഭാഷണം:

അടൂർ ഭാസി: അല്ല, താനെന്തിനാ വള്ളത്തിലിരിക്കുന്നെ. രവി എവിടെ?
വള്ളക്കാരൻ: അല്ല, താൻ ഈ നാട്ടിലെങ്ങും ഇല്ലാരുന്നോടോ?
അടൂർ ഭാസി: ഞാനേ പുതിയകാവി പെരുന്നാളിന് പോയി. കടുവാകളിക്കു പോയി, അഞ്ചു രൂപാ കിട്ടി... കുലുക്കിക്കുത്തിന് വെച്ച് അതും പോയി. രവിയോടു ടൂ അണാസ് ചോദിക്കാൻ വന്നതാ.
വള്ളക്കാരൻ: എന്നാലേ തന്റെ രവി ഒളിച്ചുപോയി, തഹസിൽദാർ അദ്ദേഹത്തിന്റെ മകളേം തട്ടിക്കൊണ്ടു പോയി.
അടൂർ ഭാസി: സത്യമാണോ ഈ പറയുന്നത്?
വള്ളക്കാരൻ: എടാ, ഇവൻ എവിടത്തുകാരനാടാ. ഈ നാട്ടിലു മുഴുവൻ പാട്ടായ കാര്യം നീയിതുവരെ അറിഞ്ഞില്ലേ?
അടൂർ ഭാസി: എന്നാലും എന്നോടൊരു വാക്കു പറഞ്ഞില്ലല്ലോ.
വള്ളക്കാരൻ: അതിനു നീ ആ പെണ്ണിന്റെ മുറച്ചെറുക്കനോ മറ്റോ ആണോ...'
കെ. നാരായണന്റെ സിനിമയിലെ ഈ രംഗവും രണ്ടായിരാമാണ്ടിൽ പുറത്തുവന്ന കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന രാജീവ് മേനോൻ ചിത്രത്തിലെ ക്ലൈമാക്‌സിനു മുൻപുള്ള രംഗവും ഒരു കൗതുകത്തിനുവേണ്ടി താരതമ്യം ചെയ്തു നോക്കാവുന്നതാണ്. ഒരു നടന്റെ വളർച്ചയെയും പടർച്ചയെയും സംബന്ധിച്ച എത്രയോ കാര്യങ്ങൾ അത്തരമൊരു ഒത്തുനോട്ടത്തിൽനിന്നുതന്നെ പിടികിട്ടും.

അല്പം അകത്തേക്കു വളഞ്ഞ മട്ടിൽ വള്ളത്തിലിരുന്ന കടത്തുകാരൻ കഥാപാത്രത്തിൽനിന്ന് വിരാട്‌രൂപംപോലെ വളർന്ന താരബിംബം ഒരു സുപ്രഭാതത്തിന്റെ സൃഷ്ടിയായിരുന്നില്ല. ഏതു താരോദയങ്ങളിലും ഒരു നാടിന്റെ ചായ്‌വുകളും ചരിവുകളും ചരിത്രരേഖകളും രുചിഭേദങ്ങളും പ്രത്യയശാസ്ത്രപരിവർത്തനങ്ങളും പൊതുബോധവ്യതിയാനങ്ങളുമൊക്കെ ഇഴപിരിഞ്ഞു കിടക്കുന്നുണ്ടാകും. കാലചക്രംമുതൽ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻവരെയുള്ള മമ്മൂട്ടിയുടെ കരിയർഗ്രാഫിൽനിന്ന് അതൊക്കെ കൃത്യമായി അഴിച്ചെടുത്തു വായിക്കാൻ സാമൂഹികശാസ്ത്രത്തിന്റെയും ഭാഷാശാസ്ത്രത്തിന്റെയും മനഃശാസ്ത്രത്തിന്റെയും സാമ്പത്തികശാസ്ത്രത്തിന്റെയുമടക്കം ഒരുപാടു പഠനോപാധികൾ വേണ്ടിവരും.

അല്പം അകത്തേക്കു വളഞ്ഞ മട്ടിൽ വള്ളത്തിലിരുന്ന കടത്തുകാരൻ കഥാപാത്രത്തിൽനിന്ന് വിരാട്‌രൂപംപോലെ വളർന്ന താരബിംബം ഒരു സുപ്രഭാതത്തിന്റെ സൃഷ്ടിയായിരുന്നില്ല.

ഒരു നടനും ഒരു താരമായല്ല അവതരിക്കുന്നത്. അതൊരു രൂപീകരണമാണ്. അഭിനേതാവെന്ന അടിസ്ഥാനപരമായ അസ്തിത്വത്തിൽ നിന്നുകൊണ്ടാണ് അവരുടെയൊക്കെ താരപദവി നിർമിക്കപ്പെടുന്നത്. ഒരു സവിശേഷ ചരിത്രാവസ്ഥയാണ് ആ നിർമിതിക്കു പിന്നിൽ പ്രവർത്തിക്കുന്നതെന്നു പറഞ്ഞുകഴിഞ്ഞു. മമ്മൂട്ടി എന്ന താരത്തിന്റെ കാര്യവും വ്യത്യസ്തമല്ല. ഇന്ത്യൻ സിനിമയിലെ ഓരോ താരോദയവും മറ്റുള്ളവയിൽനിന്ന് ചില കാര്യങ്ങളിൽ വ്യത്യാസപ്പെട്ടു നില്ക്കുന്നുണ്ടാകാം. അമിതാഭ് ബച്ചന്റെയും ഷാരൂഖ് ഖാന്റെയും രജനികാന്തിന്റെയും കമലഹാസന്റെയുമൊക്കെ താരനിർമിതിയിൽനിന്നു വ്യത്യാസപ്പെട്ടു നില്ക്കുമ്പോൾത്തന്നെ അവരുടെയൊക്കെ താരപദത്തിലേക്കുള്ള പരിണാമപ്രക്രിയയിലെ ചില പൊതുഘടകങ്ങൾ മമ്മൂട്ടിയുടെ താരാരോഹണത്തിലും സന്നിഹിതമായിട്ടുണ്ട്.

സിനിമ ഇന്നും ഭൂരിപക്ഷം ഇന്ത്യക്കാരെ സംബന്ധിച്ചും മായികതയുടെ മൂടൽമഞ്ഞു നിറഞ്ഞൊരു ലോകമാണ്. എഴുപതുകൾവരെ ശരാശരി ഇന്ത്യക്കാർക്കു സിനിമ ഭൂമിക്കപ്പുറമുള്ള ഏതോ സങ്കല്പലോകത്തു നടക്കുന്ന കാര്യമായിരുന്നു. ഇന്ത്യൻ സിനിമ മണ്ണിൽ തൊട്ടുതുടങ്ങുന്നത് എഴുപതുകളിലാണെന്നു പറയാം. എഴുപതുകൾക്കു മുൻപും പിൻപുമുള്ള താരസ്വരൂപങ്ങളെ പരിശോധിച്ചാൽ അവരുടെ നിർമിതിക്കു വഴിമരുന്നിട്ട ഘടകങ്ങളിൽ വലിയ അന്തരമുണ്ടെന്നു മനസ്സിലാക്കാനാകും. അമിതാഭ് ബച്ചന്റെ കാര്യത്തിലെന്നപോലെ രോഷാകുലനായ ചെറുപ്പക്കാരൻ എന്ന ഇമേജാണ് എഴുപതുകൾമുതൽ താരപദവിയിലേക്കുള്ള പ്രയാണത്തിൽ മിക്ക നടന്മാർക്കുംതന്നെ ആദ്യകാലത്തു തുണയായതെന്നു പറയാം. രോഷക്കഷായത്തിന്റെ ലായനിക്കൂട്ടുകൾ പലയിടത്തും പല അനുപാതത്തിലായിരുന്നെന്നു മാത്രം. സഞ്ജീറിന്റെയും ദീവാറിന്റെയും ഷോലെയുടെയും അമർ അക്ബർ ആന്റണിയുടെയുമൊക്കെ ചേരുവകൾതന്നെയാണ് പ്രാദേശികഭാഷകളിലെ മിക്കവാറും താരപാചകക്കുറിപ്പുകളിലും പൊതുവേ ഉൾക്കൊണ്ടിരുന്നത്.

അമിതാബ് ബച്ചൻ, ഷാരൂഖ് ഖാൻ, രജനീകാന്ത്, കമൽ ഹാസൻ

മികച്ച ഒരു അഭിനേതാവ് എന്ന നില മാത്രമല്ല മമ്മൂട്ടി എന്ന താരത്തെ സൃഷ്ടിച്ചത്. മികച്ച നടൻ-നടി എന്ന പ്ലാറ്റ്‌ഫോം താരോദയങ്ങൾക്കു പിന്നിലുണ്ടാകണമെന്നു നിർബന്ധവുമില്ല. തമിഴ്‌നാട്ടിൽ രജനികാന്തിന്റെയോ വിജയകാന്തിന്റെയോ സത്യരാജിന്റെയോ ആന്ധ്രയിൽ ചിരഞ്ജീവിയുടെയോ വെങ്കിടേഷിന്റെയോ നാഗാർജുനയുടെയോ കർണാടകത്തിൽ രാജ്കുമാറിന്റെയോ വിഷ്ണുവർധന്റെയോ താരാകാശത്തേക്കുള്ള വിക്ഷേപണം നടന്നത് മികച്ച നടൻ എന്ന നിലപാടുതറയിൽനിന്നല്ല. മറിച്ച്, താരപദവിയിൽ അവരോധിതരായ ശേഷം തങ്ങൾ വ്യാപരിക്കുന്ന ഇടമാണ് മികച്ച അഭിനയത്തിന്റെ തലമെന്നും അവിടെയെത്തിച്ചേരാൻ പ്രയാസമാണെന്നുമുള്ള ബോധം കാണികളിൽ പരത്തുകയാണ് മേൽപ്പറഞ്ഞ താരങ്ങൾ ചെയ്തത്.

അഭിനയമികവിനെക്കാളുപരിയായി മറ്റു ചില ഘടകങ്ങളാണ് പല നടന്മാരെയും നടികളെയും താരപദവിയിലേക്ക് ഉയർത്തിയിരുന്നതെന്നു പറയാം. പക്ഷേ, ഇതിൽനിന്നു വ്യത്യസ്തമായി മമ്മൂട്ടി എന്ന താരവാഹനത്തിനുയരാൻ മികച്ച അഭിനേതാവെന്ന അടിത്തറയുണ്ടായിരുന്നെന്ന കാര്യം മറക്കാനാകില്ല. മികച്ച നടൻ എന്നതിനു പുറമേ സാമൂഹികാനീതികൾക്കെതിരേ പ്രതികരിക്കുന്നയാൾ, ശക്തനായ കുടുംബനാഥൻ, നിയമപാലകൻ, ആണത്തത്തിന്റെ ആൾരൂപം, ആന്റി ഹീറോ, രക്ഷാകർത്താവ്, റോൾമോഡലായ ഭർത്താവ് തുടങ്ങിയ ഇമേജുകളും താൻ അവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ മമ്മൂട്ടി നേടിയെടുത്തു.

ഏതു താരത്തെയുമെന്നതുപോലെ പ്രേക്ഷകാവബോധത്തെ തൃപ്തിപ്പെടുത്തുന്നതിലൂടെയാണ് മമ്മൂട്ടി എന്ന താരവും നിലനില്ക്കുന്നത്. മനുഷ്യന് സമൂഹജീവിതത്തിൽ പ്രകടിപ്പിക്കാനാവാത്ത ചില സഹജവികാരങ്ങളെ സമർഥമായി ചൂഷണം ചെയ്യുന്നിടത്താണ് സിനിമ എന്ന കലയുടെ കച്ചവടപരമായ വിജയം. തങ്ങൾ ചെയ്യാനാഗ്രഹിക്കുന്നതും എന്നാൽ നടപ്പാകാനാകാത്തതുമായ കാര്യങ്ങൾ തിരശ്ശീലയിൽ കാണുന്ന പ്രേക്ഷകർ ഇരുട്ടിലിരുന്ന് ഒരു സാത്മീകരണത്തിന്റെ സുഖം നുണയുന്നു. ഈ ആനന്ദപ്രദായകത്വത്തിന്റെ അളവാണ് സിനിമയെന്ന കച്ചവടത്തിന്റെയും അഭിനേതാവ് എന്ന താരത്തിന്റെയും ജയപരാജയങ്ങളെ നിർണയിക്കുന്നത്. ഇത്തരം സുഖം പ്രേക്ഷകർക്കു പ്രദാനം ചെയ്യുന്ന താരസാന്നിധ്യങ്ങൾ പ്രെഷർ കുക്കർ പൊട്ടിത്തെറിക്കുന്നതു തടയുന്ന സേഫ്റ്റി വാൽവിന്റെതിനു സമാനമായൊരു ധർമം സമൂഹജീവിതത്തിൽ പുലർത്തുന്നുണ്ടെന്നാണ് ആധുനിക സാമൂഹികശാസ്ത്രപഠനങ്ങൾ തെളിയിക്കുന്നത്. അഭിനേതാവ് എന്നതിനപ്പുറം മമ്മൂട്ടിയുടെ താരസാന്നിധ്യത്തിന് മലയാളിയുടെ സാമൂഹികജീവിതത്തിൽ പ്രസക്തിയുണ്ടാകുന്നത് ഇങ്ങനെയാണ്. ഷാജി കൈലാസ് ചിത്രങ്ങളെപ്പോലെ ഷക്കീലച്ചിത്രങ്ങളും വ്യത്യസ്തങ്ങളായ ചില സാമൂഹികധർമങ്ങൾ നിറവേറ്റിയിരുന്നു എന്നത് മറ്റൊരു കാര്യം. പക്ഷേ, ഇത്തരത്തിലുള്ള ചില സാന്നിധ്യങ്ങളുടെ, ക്രമാതീതമായി വർധിക്കുന്ന പ്രസക്തി ചിലപ്പോഴൊക്കെ മലയാളിയുടെ മാനസികാരോഗ്യക്കുറവിനെയും ചൂണ്ടിക്കാട്ടുന്നുണ്ടെന്ന കാര്യം മറക്കരുത്.

ഹരികൃഷ്ണൻസിൽ മമ്മൂട്ടി, മോഹൻലാൽ

ചലച്ചിത്രബാഹ്യമായി നിലനില്ക്കുന്ന ആരാധകരുടെ മനോഭാവങ്ങൾ മമ്മൂട്ടി സിനിമകളുടെ പ്രത്യയശാസ്ത്രത്തെയും വിപണനത്തെയും പലപ്പോഴും സ്വാധീനിക്കുന്നുണ്ട്. (ഹരികൃഷ്ണൻസ് എന്ന സിനിമയുടെ ക്ലൈമാക്‌സിനെക്കുറിച്ചുള്ള ചർച്ചകളിൽ ഈ ഘടകം വളരെ കൃത്യമായി ഉയർത്തിക്കാട്ടപ്പെട്ടിരുന്നു.) ലൂയി പിരാന്തലോയുടെ നാടകത്തിൽ കഥാപാത്രങ്ങൾ നാടകകൃത്തിനെ തേടിയെത്തുന്നെങ്കിൽ ഇവിടെ ആരാധകപ്രത്യയശാസ്ത്രമാണ് തിരക്കഥാകൃത്തിനെയും സംവിധായകനെയും സ്വാധീനിക്കാനെത്തുന്നത്.

അസാധ്യകാര്യങ്ങളുടെ മധ്യസ്ഥൻ അഥവാ അസാധ്യത്തെ സാധ്യമാക്കുന്നവൻ എന്ന നില ആർണോൾഡ് ഷ്വാസനെഗറുടെയും ടോം ക്രൂയിസിന്റെയും പിയേർസ് ബ്രോസ്‌നന്റെയും ചിരഞ്ജീവിയുടെയും രജനികാന്തിന്റെയുമൊക്കെ കാര്യത്തിലെന്നപോലെതന്നെ മമ്മൂട്ടിയുടെ താരസ്വരൂപനിർമിതിയിലും പ്രധാനപ്പെട്ടൊരു ഘടകമായിരുന്നു. പ്രതികരിക്കുന്ന ചെറുപ്പക്കാരൻ എന്നതിനപ്പുറം വീരനായകൻ എന്ന കുപ്പായവും മമ്മൂട്ടി പല തവണ അണിഞ്ഞിട്ടുണ്ട്. തിന്മയ്‌ക്കെതിരെയുള്ള ധീരോദാത്തമായ ഏകാംഗപ്പോരാട്ടമാണ് വീരനായകന്റെ തിരശ്ശീലയിലെ കർത്തവ്യം. അടി കൊടുക്കുകയും വാളുകൊണ്ടു വെട്ടുകയും വെടിവെക്കുകയുമൊക്കെ ചെയ്യുന്ന വീരന്മാരുടെ കഥകൾ പത്തോ ഇരുപതോ വർഷം കഴിഞ്ഞാലും സിനിമയ്ക്കു വിഷയമാകും. കൊച്ചുകുട്ടികളിൽമുതൽ വയോവൃദ്ധന്മാരിൽവരെ അത്തരത്തിലുള്ള പ്രതികരണത്തെ കൊതിക്കുന്ന മനസ്സ് സജീവമായി നിലനില്ക്കുന്നുണ്ട്. മുത്തശ്ശിയിൽനിന്നോ അമർചിത്രകഥയിൽനിന്നോ ടിവി പരമ്പരയിൽനിന്നോ പുരാണകഥകൾ പരിചയപ്പെട്ടിരുന്ന കുട്ടികളുടെ മനസ്സിലെ ഏറ്റവും വലിയ വീരൻ ഒന്നു കിട്ടിയാൽ പത്തു തിരിച്ചുകൊടുക്കുന്ന ഭീമസേനനാണ്. ഡി സി കോമിക്‌സും മാർവെലും സൃഷ്ടിച്ച കോമിക് സ്ട്രിപ്പ് നായകന്മാർ തിരയിലെത്തിയപ്പോൾ ഓരോ തരം കഥാപാത്രങ്ങൾക്കു കിട്ടിയ ജനപിന്തുണയിലെ ഏറ്റക്കുറച്ചിലുകളും ഇതുമായി താരതമ്യം ചെയ്യാവുന്നതാണ്. സ്രഷ്ടാവായ സ്റ്റാൻ ലീ മരിച്ചിട്ടും അദ്ദേഹത്തിന്റെ സൃഷ്ടികൾ അമരന്മാരായി വാഴുന്നതിന്റെ മാതൃക ശ്രദ്ധിക്കേണ്ടതുണ്ട്.

സ്പൈഡർമാൻ - ഹോംകമിംഗിൽ നിന്ന്.

ഗ്രീക്ക് പുരാണ കഥാസാഗരത്തിന്റെ അവതാരികയിൽ സുകുമാർ അഴീക്കോട് പറഞ്ഞിരിക്കുന്നത് ശ്രദ്ധിക്കുക:
"ഗ്രീക്ക് പുരാണകഥകളിലെ ചില വീരനായകന്മാർ കവിവേധസ്സായ ഹോമറിനെക്കാളും ചിന്തകമൂർധന്യനായ സോക്രട്ടീസിനെക്കാളും നാടകചക്രവർത്തിയായ സൊഫോക്ലീസിനെക്കാളും ലോകമെങ്ങും പേരും പെരുമയും നേടിയവരാണ്. ഉദാഹരണം ഹെർക്കുലീസ്തന്നെ. മനുഷ്യന്റെ ശക്തിയുടെയും വീര്യത്തിന്റെയും പ്രതിരൂപമായ ഈ കഥാപുരുഷനൊപ്പം പ്രശസ്തി ഗ്രീസിൽനിന്നു വന്ന മറ്റേതെങ്കിലും ആശയത്തിനോ സങ്കല്പത്തിനോ ഉണ്ടെന്നു തോന്നുന്നില്ല. കുട്ടികൾക്കു ഗ്രീസും ഇന്ത്യയുമൊന്നും വ്യത്യസ്തങ്ങളല്ല ഒരു വീരന്റെ കഥ വായിക്കുമ്പോൾ.'

ലോകമെമ്പാടുമുള്ള വ്യത്യസ്ത ജനവിഭാഗങ്ങളിൽ കരുത്തനായ ഒരു വീരനോടുള്ള ആരാധനാമനോഭാവം നിലനില്ക്കുന്നുണ്ട്. മനുഷ്യമനസ്സിന് ആക്രാമികതയുമായുള്ള കെട്ടുപാടുകളാണ് ഈ വീരാരാധനയെ യാഥാർഥ്യമാക്കുന്നത്. മനുഷ്യമനസ്സിന് അക്രമവാസനയുമായുള്ള ബന്ധം ഇനിയും പൂർണമായും നിർധാരണം ചെയ്യപ്പെടാത്ത സങ്കീർണമായൊരു സമസ്യയാണ്.

"ധീരോദാത്തനതിപ്രതാപഗുണവാൻ' എന്ന സങ്കല്പം പഴയ സംസ്‌കൃതനാടകങ്ങളിലെ നായകനെയെന്നപോലെ മമ്മൂട്ടി എന്ന താരത്തെയും ഉറപ്പിച്ചുനിർത്തുന്നു. / ചിത്രം: ധ്രുവം

മനഃശാസ്ത്രജ്ഞരെമുതൽ ആത്മീയവാദികളെവരെ ഭരിച്ചിരുന്ന ഈ മനോഭാവം ഒരാളുടെയോ ഒരു സംഘത്തിന്റെയോ ഒരു ആശയത്തിന്റെയോ ഒക്കെ പേരിൽ അണിചേരാൻ ആൾക്കാരെ പ്രേരിപ്പിക്കുന്ന ഘടകങ്ങളിലൊന്നാണ്. തിരശ്ശീലയിൽ നടത്തുന്ന തീവ്രസംഘട്ടനങ്ങളിലൂടെയും വെടിമരുന്നും ഗന്ധകവും കലർന്ന സംഭാഷണങ്ങളിലൂടെയും മാത്രമല്ല, ബുദ്ധിപരമായ കരുനീക്കം നടത്തുന്ന കഥാപാത്രങ്ങളിലൂടെയും മമ്മൂട്ടി വീരനായകനെന്ന ഇമേജ് ഉറപ്പിച്ചിട്ടുണ്ട്. "ധീരോദാത്തനതിപ്രതാപഗുണവാൻ' എന്ന സങ്കല്പം പഴയ സംസ്‌കൃതനാടകങ്ങളിലെ നായകനെയെന്നപോലെ മമ്മൂട്ടി എന്ന താരത്തെയും ഉറപ്പിച്ചുനിർത്തുന്നു.

താരങ്ങളണിയുന്ന വീരനായകസങ്കല്പത്തോടൊപ്പംതന്നെ ആണത്തം എന്ന പരികല്പനയും ചർച്ചചെയ്യപ്പെടേണ്ടതുണ്ട്. ഇന്ത്യൻ പ്രാദേശികഭാഷകളിലെയൊക്കെ താരോദയങ്ങളിൽ ദ്വന്ദ്വാത്മകമായ അസ്തിത്വമെന്ന സവിശേഷത കാണാറുണ്ട്. ഒരു നടന്റെ നായകത്വത്തെ പൂരിപ്പിക്കുന്ന മറുപാതിയായി മറ്റൊരു പുരുഷപ്രതീകംകൂടി ഉണ്ടായിവരുന്ന പ്രവണത ഇന്ത്യൻ സിനിമകളിലാകമാനം കണ്ടുവരുന്ന ഒന്നാണ്. അമിതാഭ് ബച്ചൻ/ ധർമേന്ദ്ര, ഷാരൂഖ് ഖാൻ/സൽമാൻ ഖാൻ/ അമീർ ഖാൻ, അക്ഷയ്കുമാർ/സുനിൽ ഷെട്ടി, ചിരഞ്ജീവി/വെങ്കിടേഷ്, എം.ജി.ആർ./ശിവാജി ഗണേശൻ, രജനികാന്ത്/കമലഹാസൻ, അജിത്/വിജയ്, വിക്രം/സൂര്യ, സത്യൻ/നസീർ, സോമൻ/സുകുമാരൻ എന്നിങ്ങനെയുള്ള താരദ്വന്ദ്വങ്ങൾ നിർവഹിച്ചതിനു സമാനമായൊരു ധർമമാണ് മമ്മൂട്ടി/മോഹൻലാൽ എന്ന താരദ്വന്ദ്വം വർഷങ്ങളായി മലയാളത്തിൽ നിവർത്തിച്ചു വരുന്നത്. മലയാളിയുടെ സ്വപ്‌നങ്ങളിൽ നിലനില്ക്കുന്നതും സാധ്യമാക്കാനാകാത്തതുമായ ആണത്തസങ്കല്പത്തിന്റെ വിവിധ തലങ്ങളിലുള്ള പൂർത്തീകരണമാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായകരൂപങ്ങൾ നടത്തുന്നത്. മലയാളിയിൽ ആണത്തത്തിന്റെ ഇന്ധനം നിറയ്ക്കുന്ന പെട്രോൾ ബങ്കുകളെന്ന നിലയിലുള്ള പ്രസക്തി കേരള സാമൂഹികമണ്ഡലത്തിൽ മമ്മൂട്ടി/മോഹൻലാൽ താരദ്വന്ദ്വത്തിന്റെ അസ്തിത്വത്തെ ഉറപ്പിച്ചുനിർത്തുന്നു.

മലയാളിയുടെ ആണത്തസങ്കല്പത്തിന്റെ വിവിധ തലങ്ങളിലുള്ള പൂർത്തീകരണമാണ് മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും നായകരൂപങ്ങൾ നടത്തുന്നത്.

രണ്ടുപേരുടെയും ആണത്തത്തെക്കുറിച്ച് രണ്ടുതരം സങ്കല്പങ്ങളാണ് മലയാളിയുടെ പൊതുബോധത്തിൽ നിലനില്ക്കുന്നത്. (രസികൻ എന്ന സിനിമയിൽ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ആരാധകർ പാടുന്ന പാട്ടിലെ വരികൾ ഒരർഥത്തിൽ ഈ പൊതുബോധത്തെത്തന്നെയാണ് പ്രകാശിപ്പിക്കുന്നത്.) അഭിമുഖങ്ങൾ നല്കുമ്പോഴും പൊതുവേദികളിൽ പ്രത്യക്ഷപ്പെടുമ്പോഴും ആ സങ്കല്പങ്ങളെ അടിവരയിട്ടുറപ്പിക്കുന്ന പെരുമാറ്റരീതികൾ പുലർത്താൻ മമ്മൂട്ടിയും മോഹൻലാലും ബോധപൂർവംതന്നെ ശ്രമിക്കാറുമുണ്ട്. മാധ്യമങ്ങളിൽ അവതരിപ്പിക്കപ്പെടുന്ന മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ചിത്രീകരണങ്ങളും ഇതുതന്നെയാണ് വ്യക്തമാക്കുന്നത്.

"നിങ്ങളില്ലാതെ എനിക്കെന്താഘോഷം?' എന്ന മോഹൻലാൽ സമീപനത്തിൽനിന്നു വ്യത്യസ്തമായി മമ്മൂട്ടിയുടെ ഇടപെടലുകളിൽ അല്പം "ഏലീനേഷൻ' അനുഭവപ്പെടുന്നതിന് വ്യക്തമായ കാരണമുണ്ട്. ഒരേസമയം പല ഇമേജുകളെ പരിപാലിച്ചുകൊണ്ടാണ് ഒരു താരം നിലനില്ക്കുന്നതെങ്കിലും ഓരോ താരവും ചില പ്രത്യേക പ്രതിച്ഛായകളെ കൂടുതലായി പരിലാളിക്കുന്നതു കാണാം. എല്ലാ താരങ്ങൾക്കും ഏറിയും കുറഞ്ഞും ഉപയോഗിക്കേണ്ടിവന്നിട്ടുള്ളതാണെങ്കിൽപ്പോലും രക്ഷാകർത്താവ് എന്ന പ്രതിച്ഛായയെ മമ്മൂട്ടി വർധിച്ച അളവിൽ ഉപയോഗപ്പെടുത്തുന്നതായി കാണാം. മോഹൻലാൽ അവതരിപ്പിച്ച വീരനായകന്മാർ മിക്കപ്പോഴും നീതിരഹിതമായ സാഹചര്യങ്ങളിൽ സ്വന്തം നിയമങ്ങളുണ്ടാക്കി നിർവഹിക്കുന്നവരായിരുന്നു.

നായർസാബ്

എന്നാൽ, മമ്മൂട്ടി സ്വന്തം നിയമങ്ങളുടെ നിർവാഹകൻ എന്ന ഇമേജിനൊപ്പം ഭരണകൂടനിയമങ്ങളുടെ പരിരക്ഷകൻ എന്ന ഇമേജിനും വർധിച്ച പ്രാധാന്യം നല്കുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഉത്തരവാദിത്വമുള്ള രക്ഷാകർത്താവിന്റെ പ്രതിച്ഛായയായി മമ്മൂട്ടിയെ പ്രതിഷ്ഠിക്കുക എന്ന ധർമമാണ് അദ്ദേഹത്തിന്റെ കുടുംബനാഥൻ/വല്യേട്ടൻ റോളുകൾക്കൊപ്പം നിയമപരിപാലകൻ/ഉദ്യോഗസ്ഥൻ റോളുകളും നിറവേറ്റിയത്. കുടുംബം, ഭരണകൂടം എന്നിവ സമാനസ്വഭാവമുള്ള രണ്ടു വ്യവസ്ഥകളാണ്. ആണത്തം തികഞ്ഞ ഒരധികാരകേന്ദ്രത്തിന്റെ കീഴിലായിരിക്കും രണ്ടു വ്യവസ്ഥകളുടെയും ശ്രേണീക്രമങ്ങൾ മിക്കവാറും നിലനില്ക്കുന്നതെന്നു പറയാം. ഈ വ്യവസ്ഥകളിലെ അധികാരബന്ധങ്ങളിൽ ഉലച്ചിലുകൾ സംഭവിക്കുന്നതും ഉലച്ചിലുകൾക്കൊടുവിൽ പൂർവാധികം ശക്തിയായി അപ്രമാദിത്വമുള്ള കേന്ദ്രാധികാരം പുനഃസ്ഥാപിക്കപ്പെടുന്നതുമാണ് കുടുംബനാഥൻ/നിയമപരിപാലകൻ എന്നീ നിലകളിലുള്ള കഥാപാത്രങ്ങളായി മമ്മൂട്ടി അഭിനയിച്ച സിനിമകളുടെ പ്രമേയഘടനയെന്നു പൊതുവേ പറയാം. സി.ബി.ഐ. ചിത്രങ്ങൾ, നായർസാബ്, ആവനാഴി, ഇൻസ്‌പെക്ടർ ബൽറാം, അടിക്കുറിപ്പ്, സൈന്യം, രാക്ഷസരാജാവ്, പട്ടാളം, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ദ കിങ്, ഗോഡ്മാൻ തുടങ്ങിയ ചിത്രങ്ങളും വാത്സല്യം, അമരം, വല്യേട്ടൻ, രാപ്പകൽ, വേഷം, ഒരു മറവത്തൂർ കനവ്, ഹിറ്റ്‌ലർ തുടങ്ങിയ ചിത്രങ്ങളും തമ്മിൽ താരതമ്യം ചെയ്താൽ അവയിലെ സമാന്തരമായ പ്രമേയഘടന മനസ്സിലാക്കാവുന്നതേയുള്ളൂ. മോഹൻലാലിനൊപ്പം അഭിനയിച്ച ചിത്രങ്ങളിലും മമ്മൂട്ടി ഈ രക്ഷാകർത്താവിന്റെ പ്രതിച്ഛായ ഫലപ്രദമായി നിലനിർത്തിയിട്ടുണ്ട്. നരസിംഹത്തിലെ നന്ദഗോപാൽ മാരാരും ഹരികൃഷ്ണൻസിലെ ഹരിയും നമ്പർ 20 മദ്രാസ് മെയിലിലെ മമ്മൂട്ടിയും ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റിലെ ബാലചന്ദ്രനും ഇന്ദുചൂഡൻ, കൃഷ്ണൻ, ടോണി, സേതു മുതലായ മോഹൻലാൽ കഥാപാത്രങ്ങളുടെ സംരക്ഷകരായാണ് പ്രത്യക്ഷപ്പെടുന്നത് (പടയോട്ടത്തിൽ മോഹൻലാലിന്റെ അച്ഛനായാണ് മമ്മൂട്ടി അഭിനയിച്ചത്). രക്ഷാകർത്തൃഭാവത്തെ കൃത്യമായും പ്രക്ഷേപിക്കുന്ന താരസങ്കല്പത്തെ പരിലാളിക്കാൻ മമ്മൂട്ടി വ്യക്തമായി ശ്രമിച്ചിരുന്നു. ചിരിയോ ചിരിയിലും നമ്പർ 20 മദ്രാസ് മെയിലിലും ഡാനിയിലുമൊക്കെ മമ്മൂട്ടി എന്ന പ്രതിച്ഛായ ഉറപ്പിക്കപ്പെടുന്നതിന്റെ രീതിശാസ്ത്രം ശ്രദ്ധിക്കപ്പെടേണ്ടതാണ്.

മോഹൻലാലിനൊപ്പം അഭിനയിച്ച ചിത്രങ്ങളിലും മമ്മൂട്ടി ഈ രക്ഷാകർത്താവിന്റെ പ്രതിച്ഛായ ഫലപ്രദമായി നിലനിർത്തിയിട്ടുണ്ട്.

മാധ്യമങ്ങളിലൂടെ തൊണ്ണൂറുകളിൽ ചിത്രീകരിക്കപ്പെട്ട മമ്മൂട്ടിസങ്കല്പം എന്തായിരുന്നെന്ന് അന്വേഷിക്കുന്നതിൽനിന്ന് ഒരു മമ്മൂട്ടിപഠിതാവിനും ഒഴിഞ്ഞുനില്ക്കാൻ കഴിയുമെന്നു തോന്നുന്നില്ല. "നക്ഷത്രങ്ങളുടെ രാജകുമാരൻ' എന്ന പ്രയോഗത്തെ പൊതുബോധത്തിലുറപ്പിച്ച പഴയ ദൂരദർശൻ അഭിമുഖ/ഫീച്ചറിന്റെ രണ്ട് എപ്പിസോഡുകൾമുതൽ അച്ചടിമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട കവർ‌സ്റ്റോറികളും സംഭാഷണങ്ങളുംവരെ പരിശോധിക്കേണ്ടതുണ്ടിവിടെ.

ഒരു കലാരൂപമെന്ന നിലയിൽ ചലച്ചിത്രത്തെ മലയാളി ഗൗരവമായി പരിഗണിച്ചുതുടങ്ങിയത് അറുപതുകൾക്കു ശേഷമാണെന്നു പറയാം. അതിനുമുൻപും ചലച്ചിത്രനിരൂപണം എന്നു പറയാവുന്ന ചില എഴുത്തുകൾ മലയാള പ്രസിദ്ധീകരണങ്ങളിൽ വെളിച്ചംകണ്ടിട്ടുണ്ട് എന്ന കാര്യം വിസ്മരിക്കുന്നില്ല. മലയാളസിനിമയെക്കുറിച്ച് ഗൗരവമുള്ള ഒരു കവർ സ്റ്റോറി ആദ്യമായി പ്രത്യക്ഷപ്പെടുന്നത് എം. ഗോവിന്ദന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയിരുന്ന സമീക്ഷയിലാണെന്നു പറയാം. 1972 സെപ്റ്റംബറിൽ പുറത്തിറങ്ങിയ സമീക്ഷയുടെ മുഖചിത്രമായി വന്നത് നടൻ മധുവിന്റെ ടൈറ്റ് പ്രൊഫൈലായിരുന്നെങ്കിലും അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന സിനിമയെക്കുറിച്ചായിരുന്നു കവർ‌സ്റ്റോറി.

എം. ഗോവിന്ദൻ / Photo: Keralaculture.org

തോഷിറോ മിഫ്യൂൺ, ഒമർ ഷെരീഫ്, മർലൻ ബ്രാണ്ടോ തുടങ്ങിയ വിശ്വോത്തരനടന്മാരെക്കുറിച്ചൊക്കെ വല്ലപ്പോഴും ചില കുറിപ്പുകളും ലേഖനങ്ങളുമൊക്കെ പ്രസിദ്ധീകരണങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും സമീക്ഷയുടെ 1972 സെപ്റ്റംബർ ലക്കമിറങ്ങി മൂന്നു ദശകങ്ങൾ കഴിഞ്ഞാണ് കേരളത്തിലെ ബുദ്ധിജീവിവാരികകൾ ഒരു ജനപ്രിയനടനെക്കുറിച്ച് മുഖലേഖനം കൊടുക്കാൻ സന്നദ്ധത കാട്ടുന്നത്. കിലുക്കം, ചിത്രം തുടങ്ങിയ ജനപ്രിയസിനിമകളുടെ വിജയത്തെക്കുറിച്ചും ഭൂതക്കണ്ണാടിയെക്കുറിച്ചും മഗ്‌രിബിനെക്കുറിച്ചുമൊക്കെ വന്ന ഫീച്ചറുകളുടെ ഭാഗമായി തൊണ്ണൂറുകളുടെ തുടക്കംതൊട്ടുതന്നെ ജനപ്രിയരായ അഭിനേതാക്കളുടെ കവർചിത്രം നല്കിത്തുടങ്ങിയത് പഴയ കലാകൗമുദിയാണ്. അതിനു മുൻപുള്ള ദശകങ്ങളിൽ മാതൃഭൂമി ചില ചലച്ചിത്ര വിശേഷാൽപ്രതികൾ പുറത്തിറക്കിയിരുന്നു. ഇന്ത്യാ ടുഡേ എന്ന ദേശീയ ദ്വൈവാരിക ഒരു സ്വതന്ത്ര രാഷ്ട്രീയവാരിക എന്ന ലേബലിനടിയിൽനിന്ന് പതിയെ വഴുതിമാറുന്ന കാലത്താണ് അതിന്റെ മലയാളം പതിപ്പ് പുറത്തിറങ്ങുന്നത്. ഉള്ളടക്കത്തിന്റെ സ്വഭാവത്തെ സംബന്ധിച്ച വലിയൊരു പരിണാമപ്രക്രിയയ്ക്കിടയിലാണ് ഹിന്ദി സിനിമയിലെ പ്രണയതരംഗത്തെക്കുറിച്ചും സെക്‌സ് തരംഗത്തെക്കുറിച്ചുമൊക്കെയുള്ള ഫീച്ചറുകളുടെ ഭാഗമായി സൽമാൻ ഖാന്റെയും മനീഷ കൊയ്‌രാളയുടെയും ജാക്കി ഷ്‌റോഫിന്റെയും നമ്രതാ ശിരോദ്കറിന്റെയുമൊക്കെ മുഖചിത്രങ്ങളുമായി ഇന്ത്യാ ടുഡേ പുറത്തിറങ്ങിയത്.

ഒരു "തെന്നിന്ത്യൻ ഫ്‌ളേവർ' നല്കുന്നതിനായി മണിരത്‌നത്തിന്റെ ദളപതി, ബോംബെ മുതലായ സിനിമകളെക്കുറിച്ചുള്ള നീളൻ സചിത്രവിവരണങ്ങളും തൊണ്ണൂറുകളിൽ ഇന്ത്യാ ടുഡേ മലയാളം പതിപ്പിൽ പ്രത്യക്ഷപ്പെട്ടു. ഇന്ത്യാ ടുഡേ മലയാളം പതിപ്പിൽ "മമ്മൂട്ടി: അഭിനയപ്രതിഭയുടെ ജൈത്രയാത്ര' എന്ന തലക്കെട്ടോടെ പി.കെ. ശ്രീനിവാസൻ തയ്യാറാക്കിയ കവർ‌സ്റ്റോറിയാകണം ഒരു ചലച്ചിത്രേതര പ്രസിദ്ധീകരണത്തിൽ മലയാളത്തിലെ ഒരു ജനപ്രിയനടനെക്കുറിച്ച് പുറത്തുവന്ന ആദ്യത്തെ മുഖ്യ ഫീച്ചർ. കോഴിക്കോടന്റെയും സിനിക്കിന്റെയും നാദിർഷയുടെയും സിനിമാനിരൂപണങ്ങൾക്കപ്പുറമുള്ളൊരു ചലച്ചിത്രദർശനം ഇരുപതാം നൂറ്റാണ്ടിലെ മാതൃഭൂമി ആഴ്ചപ്പതിപ്പിനില്ലായിരുന്നു. ഭാഷാപോഷിണി ജനപ്രിയസിനിമ എന്നൊന്ന് നിലനിന്നിരുന്നു എന്ന മട്ടുപോലും കാട്ടിയിരുന്നില്ല. ഒന്നുരണ്ടു ലക്കങ്ങൾക്കു ശേഷം മൃതിയടഞ്ഞ ചില ലിറ്റിൽ മാഗസിനുകളും അധികം പ്രചാരമില്ലാത്ത ചില സാംസ്‌കാരിക പ്രസിദ്ധീകരണങ്ങളുമാണ് ജനപ്രിയസിനിമയെ കാര്യമായി വിശകലനം ചെയ്തുതുടങ്ങിയതെന്നു പറയാം. തീവ്രമായ വിമർശനസ്വഭാവമുള്ള പഠനങ്ങളായിരുന്നു അവയൊക്കെത്തന്നെ. ജനപ്രിയരായ അഭിനേതാക്കൾ നേരിട്ടതുപോലുള്ള തമസ്‌കരണം ചലച്ചിത്രഗാനശാഖയിൽ പ്രവർത്തിച്ചവർ നേരിട്ടിരുന്നില്ലെന്ന കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. അഭിനയത്തെക്കാൾ വരേണ്യമാണ് സംഗീതമെന്നൊരു പൊതുബോധം മലയാളിമനസ്സുകളിൽ നിലനിന്നതാകാം അതിനു കാരണം.

ജനപ്രിയസിനിമകളിലെ നായകന്മാരെ അടിച്ചതിനകത്തു കയറ്റാതെ പടിക്കുപുറത്തു നിർത്തിയിരുന്ന സാംസ്‌കാരിക വാരികകൾ പലതും മമ്മൂട്ടിയെ മുഖചിത്രമാക്കാനും പ്രത്യേക ഫീച്ചറുകൾ തയ്യാറാക്കാനും തുനിയുന്നതിന് തൊണ്ണൂറുകൾ സാക്ഷിയായി.

വിധേയൻ

ശരാശരി മലയാളിപുരുഷന്റെ ശരീരത്തിന്റെയും ശബ്ദത്തിന്റെയും മാനകമായി എൺപതുകളിൽത്തന്നെ മാറിയിരുന്നു മമ്മൂട്ടി. സ്വരം കൊള്ളില്ലെന്നു വിധിച്ച് ചിലർ ആദ്യകാലത്ത് മമ്മൂട്ടിയെക്കൊണ്ട് സ്വന്തം ശബ്ദത്തിൽ ഡബ്ബ് ചെയ്യിച്ചിരുന്നില്ല എന്നതാണ് രസകരമായ മറ്റൊരു വസ്തുത. ബാഹുബലം ഏതു ഭാഷയിലെയും സിനിമകളിലെ താരനായകത്വത്തെ നിയന്ത്രിക്കുകയും നിർണയിക്കുകയും ചെയ്തിരുന്ന യോഗ്യതകളിലൊന്നുതന്നെയായിരുന്നു. ബാഹുബലി എന്നതിനൊപ്പം ശബ്ദബലി എന്ന പ്രതിച്ഛായകൂടി മമ്മൂട്ടി എന്ന നടൻ മലയാളസിനിമയിൽ എൺപതുകളിൽ സ്ഥാപിച്ചെടുക്കുകയുണ്ടായി. പക്ഷേ, എൺപതുകളുടെ അവസാനംമുതൽ അതിനെ ചിലപ്പോഴൊക്കെ അപനിർമിക്കാനും പുതിയ സാധ്യതകളിലേക്കു പടർത്താനുമുള്ള ബോധപൂർവവും ക്രിയാത്മകവുമായ ശ്രമങ്ങൾ അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുതന്നെ ഉണ്ടായിത്തുടങ്ങിയിരുന്നു.

തനിയാവർത്തനവും (1986) മൃഗയയും (1989) മതിലുകളും (1990)ഒക്കെ അതിനുള്ള ഉദാഹരണങ്ങളായി എടുത്തു പറയാം. ഇന്ത്യൻ ഭാഷകളിലെ മറ്റൊരു താരനടനും ചെയ്യാൻ മുതിരാത്ത തരത്തിൽ തന്റെ ബാഹുബലി/ ശബ്ദബലി ഇമേജിനു കടകവിരുദ്ധമായ വേഷങ്ങൾ തൊണ്ണൂറുകളിലും മുന്നോട്ടും മമ്മൂട്ടി കൃത്യമായ ഇടവേളകളിൽ ആവർത്തിച്ചുപോന്നിരുന്നു. ഇതിനൊരു അപവാദമായി കമലഹാസനെക്കുറിച്ചു പറയാമെങ്കിലും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങളൊക്കെത്തന്നെ നായകവിജയം എന്ന സങ്കല്പത്തെ മറ്റൊരുതരത്തിൽ ഊട്ടിയുറപ്പിക്കുന്നതായിരുന്നു. പരാജിതരും പരിത്യക്തരുമായ നായകകഥാപാത്രങ്ങൾ കമലഹാസന്റെ കരിയറിലുണ്ടെങ്കിലും മമ്മൂട്ടിയുടെ വഴി അതിൽനിന്ന് അല്പം ഭിന്നമായിരുന്നു. പ്രച്ഛന്നവേഷമെന്ന നിലയിലേക്കു താഴുന്ന പ്രകടനപരതയും കൃത്രിമത്വവും അത്തരം പാത്രചിത്രീകരണങ്ങളിൽ കലരാതെ സൂക്ഷിക്കുന്ന കാര്യത്തിൽ കമലഹാസനെക്കാൾ ജാഗരൂകനായിരുന്നു അദ്ദേഹം.

മൃഗയ

മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ സൗബിൻ ഷാഹിർ അവതരിപ്പിക്കുന്ന കഥാപാത്രം ആനുഷംഗികമായി നടത്തുന്ന ഒരു പരാമർശമുണ്ട്. തിരക്കഥാകൃത്ത് കൃത്യമായ ഉദ്ദേശ്യത്തോടെതന്നെ ക്രിസപിൻ എന്ന കഥാപാത്രത്തെക്കൊണ്ട് പറയിക്കുന്ന സംഭാഷണത്തിൽ വളരെ കൗതുകകരമായൊരു നിരീക്ഷണമുണ്ട്.

"ഞാൻ ലാലേട്ടൻ ഫാനാ. മമ്മൂക്ക ഇപ്പം എന്നാ റോള് വേണേലും ചെയ്യും. തെങ്ങുകയറ്റക്കാരൻ, ചായക്കടക്കാരൻ, പൊട്ടൻ, മന്ദബുദ്ധി. പക്ഷേ, നമ്മുടെ ലാലേട്ടൻ ഉണ്ടല്ലോ, വർമ, നായര്, മേനോൻ ഇതു വിട്ടൊരു കളിയില്ല. ടോപ് ക്ലാസ് ഒൺലി.'

ഒരേസമയം ഭാസ്‌കരപ്പട്ടേലരിൽ അധികാരരൂപമാകാനും പൊന്തൻമാടയിൽ അടിയാളരൂപമാകാനും കഴിഞ്ഞ അഭിനയമികവിനെ തേടിയായിരുന്നു മികച്ച നടനുള്ള ദേശീയപുരസ്‌കാരം രണ്ടാമതും എത്തിയത്. ഇതുപോലുള്ള സമതുലനം തന്നെയാണ് മികച്ച നടനും മുന്തിയ താരവുമെന്ന നിലയിൽ കേരളജനതയുടെ സഞ്ചിതസ്മൃതിയിൽ മായ്ക്കാനാവാത്ത വിധത്തിൽ മമ്മൂട്ടി എന്ന മുദ്ര പതിഞ്ഞിരിക്കുന്നതിനൊരു പ്രധാന കാരണം. മാധ്യമപരമായ പ്രതിബദ്ധതയും ബോധപൂർവമായ പ്രതിച്ഛായാപരിചരണവും തന്നെയാണ് പതിറ്റാണ്ടുകളായി മമ്മൂട്ടിക്കു തന്റെ പദവിയെ പരിപാലിക്കാൻ കഴിയുന്നതിന്റെ ബലതന്ത്രം. ഡോക്ടർ ബാബാസാഹേബ് അംബേദ്കറിനെ അസാമാന്യമായ കൈയടക്കത്തോടെ അവതരിപ്പിച്ച് മൂന്നാമതും നേടിയ ദേശീയ അവാർഡിലൂടെ പാൻ ഇന്ത്യൻ ആക്ടർ എന്ന പെരുപ്പം ഒന്നുകൂടി ഉറപ്പിച്ചുകൊണ്ടാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് മമ്മൂട്ടി എന്ന നടനും താരവും പുതുക്കപ്പെട്ടത്.

മഹേഷിന്റെ പ്രതികാരത്തിൽ സൗബിൻ ഷാഹിർ, ലിജോമോൾ

രണ്ടായിരത്തിമൂന്നിൽ നടത്തിയ ഒരു അഭിമുഖത്തിൽ മമ്മൂട്ടി ഇങ്ങനെ പറഞ്ഞിരുന്നു:
"ഇന്നാളൊരിക്കൽ എന്നോട് ഒരാൾ ചോദിച്ചു, ഈ കസേരയിൽനിന്ന് നിങ്ങൾക്ക് മാറിക്കൊടുത്തുകൂടേ എന്ന്. ഞാനെന്തിന് മാറിക്കൊടുക്കണം. ഞാൻ കഷ്ടപ്പെട്ടുണ്ടാക്കിയ കസേരയാണിത്. നിങ്ങൾ കസേര വേണമെങ്കിൽ വേറെ പണിഞ്ഞിട്ടിരിക്കണം. ജീവിതത്തിലെ നല്ലകാലം മുഴുവൻ കഷ്ടപ്പെട്ടുണ്ടാക്കിയ കസേരയിൽ ഞാനിരിക്കട്ടെ, ചാവുന്നതുവരെ. ഈ കസേര പണിഞ്ഞതിന് 22 വർഷത്തെ ചോരയും നീരുമുണ്ട്. ലോകത്തു നടക്കുന്ന കാര്യങ്ങൾ രണ്ടും മൂന്നും ദിവസം വൈകി അറിയുന്ന അവസ്ഥവരെ എനിക്കുണ്ടായിട്ടുണ്ട്. ഇൻവോൾവ്‌മെന്റ് അതായിരുന്നു. എന്റെ കാലം കഴിഞ്ഞു വരുന്ന തലമുറകൾക്ക് എന്റെ സിനിമയോ അഭിനയമോ അരോചകമാകരുത് എന്നൊരു ആഗ്രഹമുണ്ട്. കാലത്തിനൊത്ത് ചില മാറ്റങ്ങൾ ഉണ്ടാകാം. അപ്പോൾ അഭിനയം എത്രത്തോളം അഭിനയമല്ലാതാക്കിമാറ്റാം എന്നതാണ് ഏറ്റവുമധികം നാം ശ്രദ്ധിക്കേണ്ടത്.'

മമ്മൂട്ടി എന്ന മെഗാ താരത്തിൽനിന്നും മമ്മൂട്ടി എന്ന മെഗാ ബ്രാൻഡിലേക്കുള്ള പരിണാമത്തിന്റെ കാലംകൂടിയായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യദശകം. ബ്രാൻഡ്, ബ്രാൻഡിങ് തുടങ്ങിയ പദങ്ങൾക്കു പരമപ്രാധാന്യം കൈവന്ന ഒരു ചരിത്രഘട്ടംകൂടിയായിരുന്നു അത്. മലയാളം ടിവി എന്ന പേരിൽ തുടങ്ങാനിരുന്ന കൈരളി ടിവിയുടെ പ്രാരംഭകാലത്ത് യേശുദാസ് വില്ല്യമിന്റെ ചില ചോദ്യങ്ങൾക്കു നല്കിയ മറുപടികളിലൂടെ രണ്ടു ദശകങ്ങൾക്കു ശേഷം കണ്ണോടിക്കുമ്പോൾ, ആ പരിണാമപ്രക്രിയയിൽ വ്യക്തി എന്ന നിലയിൽ മമ്മൂട്ടി സ്വീകരിച്ച നിലപാടുകളുടെയും തീരുമാനങ്ങളുടെയുമൊക്കെ സൂചനകൾ കാണാൻ കഴിയുന്നുണ്ട്.

"എങ്ങനെയൊക്കെയാണ് താങ്കൾ മലയാളം ചാനലുമായി സഹകരിക്കുക?'
"ചെയർമാൻ ജോലി... കമ്പനിയുടെ നടത്തിപ്പ്... അല്ലാതെന്താ? ഇതൊരു പബ്ലിക് ലിമിറ്റഡ് കമ്പനിയാണ്.'

"മലയാളം ടിവിക്ക് രാഷ്ട്രീയനിറമില്ലേ?'
"രാഷ്ട്രീയം ഞങ്ങൾക്കില്ല. പലരും പല രാഷ്ട്രീയക്കാരാണ്. പക്ഷേ, ടിവിക്കു രാഷ്ട്രീയനിറമില്ല.'

"തിരക്കേറിയ അഭിനയജീവിതത്തിനിടയിൽ മലയാളം ടിവി ചാനലിന്റെ ചെയർമാൻ എന്ന നിലയിൽ ഉയർന്ന പ്രവർത്തനം കാഴ്ചവെക്കാനാവുമോ?'
"ഇന്ത്യയിൽ ഇപ്പോൾത്തന്നെ എഴുപതോളം ചാനലുകളുണ്ട്. അത് എണ്ണത്തിൽ ഇരുനൂറോളമാകുവാൻ ഒന്നോ ഒന്നരയോ കൊല്ലം മതി. പിന്നെ ഇതുപോലെയുള്ള ടെക്‌നോളജിയുടെയും മാധ്യമരംഗങ്ങളുടെയും മുന്നേറ്റത്തിൽ ഭാഗഭാക്കാവുന്നതിലെന്താണു തെറ്റ്? പിന്നെ ഞാൻ ചെയർമാനായുള്ള വേറൊരു സ്ഥാപനവുമുണ്ട് മദിരാശിയിൽ. Empower Digital Technology എന്ന ഐ.ടി. കമ്പനിയുടെ ചെയർമാനാണു ഞാൻ. പുത്തൻ ടെക്‌നോളജി ഒരുപാടു സാധ്യതകളുള്ളതാണ്. ഇതൊക്കെ എന്തിനാണ് ഒഴിവാക്കുന്നത്?'

"ഇനിയിപ്പോൾ രാഷ്ട്രീയത്തിലിറങ്ങുവാനുള്ള ഐഡിയ യാണോ?'
"(ചിരിക്കുന്നു.) പുതിയൊരു മേഖലയിലിറങ്ങി പ്രവർത്തിക്കുന്നുവെന്നുവെച്ചു കൊടി പിടിക്കണമെന്ന് അർഥമാക്കേണ്ട കാര്യമില്ല. രാഷ്ട്രീയമായ ആശയങ്ങൾ എല്ലാവർക്കും ഉള്ളതുപോലെ എനിക്കുമുണ്ട്. കേരളത്തിൽ ഒരുപാടു സ്വകാര്യ ടിവി ചാനലുകൾ വരും, എന്തിന്, സിനിമയ്ക്കുവേണ്ടിപ്പോലും ഒരു ചാനൽ വന്നേക്കാം.'

"താങ്കളുടെ മുതൽമുടക്ക് എത്രയാണ്?'
"മുതൽമുടക്ക് തീർച്ചയായും ഉണ്ട്. അത് എത്രത്തോളം എന്നു തീരുമാനിച്ചിട്ടില്ല. കഴിയുന്നത്ര നല്ല രീതിയിൽ മുതൽമുടക്കും.'

"എന്താണ് താങ്കളുടെ ചാനൽസങ്കല്പം?'
"ടിവി ചാനൽ എനിക്ക് ഇഷ്ടമുള്ള മാധ്യമമാണ്. പിന്നെ ജനകീയമാവുമ്പോൾ വളരെ നല്ലതല്ലേ. നമ്മളൊക്കെ ഇതിനു പിന്നിൽ നില്ക്കുന്നതിന് വലിയ വ്യാഖ്യാനങ്ങളുടെയൊന്നും കാര്യമില്ല. ഇതിൽനിന്നൊക്കെ മാറിനില്ക്കുന്നതിനെക്കാൾ നല്ലതാണ് ഇത്തരം സംരംഭങ്ങളിൽ ചേർന്നുനിന്നു പ്രവർത്തിക്കുന്നത്.'

പുതിയ യുഗത്തിന്റെ സകല സാങ്കേതികമുന്നേറ്റങ്ങളെയും കാണാനും അറിയാനും പഠിക്കാനും അതോടിണങ്ങിച്ചേർന്ന് തന്റെ അഭിനയജീവിതത്തെയും താരപ്രഭാവത്തെയും അതിന്റെ സാമ്പത്തികമൂല്യത്തെയും ഉയർത്തിയെടുക്കാനും ശ്രമിക്കുമ്പോൾത്തന്നെ മമ്മൂട്ടി ചിലതിൽനിന്നൊക്കെ വിട്ടുനില്ക്കാനും ശ്രദ്ധിച്ചിരുന്നു. കൊക്കകോളപോലെയുള്ള ചില ഉത്പന്നങ്ങളുടെ ബ്രാൻഡ് അംബാസഡർ പദവി ഉപേക്ഷിക്കാനും ചില കാമ്പയിനുകളിൽ പങ്കെടുക്കാനും ചില സംഘടനകളുടെ സമ്മേളനങ്ങളിൽ സംസാരിക്കാനുമടക്കം കൈക്കൊണ്ട തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ വേണം വമ്പൻ ബ്രാൻഡായി മാറിയൊരു താരവ്യക്തിത്വം പ്രസരിപ്പിച്ച രാഷ്ട്രീയധ്വനികളെ അടർത്തിയഴിച്ചു വിശദീകരിക്കുകയും വായിച്ചെടുക്കുകയും ചെയ്യാൻ.

മമ്മൂട്ടിയുടെ കുടുംബ ചിത്രം

തൂത്തുക്കുടി സ്റ്റെറിലൈറ്റ് ഫാക്ടറി വിഷയത്തിൽ രജനികാന്ത് നടത്തിയതുപോലുള്ള പ്രസ്താവനകളടക്കം മറ്റു ചലച്ചിത്രതാരങ്ങൾ സമാനസാഹചര്യങ്ങളിൽ സ്വീകരിച്ച നിലപാടുകൾകൂടി ഇക്കാര്യത്തിൽ താരതമ്യപഠനത്തിനുപയോഗിക്കേണ്ടി വരും. താരങ്ങൾ ചില കാര്യങ്ങളുടെ ബോധപൂർവമായ പരസ്യപ്പെടുത്തലും മറ്റു ചിലതിന്റെ മറച്ചുവെക്കലും നടത്തുന്നത് വെറുതെയല്ല. എം.ജി.ആറും എൻ.ടി.ആറും ശത്രുഘൻ സിൻഹയും സുനിൽ ദത്തുമൊക്കെ ചെയ്തതുപോലെ തങ്ങളുടെ രാഷ്ട്രീയച്ചായ്‌വു പരസ്യമാക്കാൻ അഭിനേതാക്കൾ മടിക്കുന്നതെന്തുകൊണ്ടായിരിക്കണം? 1984-ൽ അലഹാബാദ് പാർലമെൻറ്​ മണ്ഡലത്തിൽനിന്ന് മത്സരിക്കുകയും വിജയിക്കുകയും ചെയ്ത അമിതാഭ് ബച്ചൻ ഒരു പ്രമുഖ വാരികയ്ക്കു നല്കിയ അഭിമുഖത്തിൽ തന്റെ രാഷ്ട്രീയത്തെക്കുറിച്ചു പറഞ്ഞ ചില കാര്യങ്ങൾ ശ്രദ്ധിക്കുക:

"തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും വിജയിക്കുകയും ചെയ്ത ശേഷമാണ് രാഷ്ട്രീയം എനിക്കു പറ്റിയതല്ലെന്ന് ഞാൻ മനസ്സിലാക്കുന്നത്. രാഷ്ട്രീയത്തിൽ അമർ സിങ്ങിനെയും ബാൽ താക്കറെയെയും പോലുള്ള സുഹൃത്തുക്കളുണ്ട്. അവർ ഏതെങ്കിലും ചടങ്ങിനു വിളിച്ചാൽ ഞാൻ പോകും. മറ്റുള്ളവർ അതു തെറ്റായി ചിത്രീകരിച്ചാൽ എനിക്കൊന്നും ചെയ്യാൻ കഴിയില്ല. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതായി സൂചന നല്കുന്ന തരത്തിൽ ഒന്നുംതന്നെ ഞാൻ പറഞ്ഞിട്ടില്ല. ഒരു പൗരനെന്ന നിലയിൽ എനിക്ക് എന്റെതായ അഭിപ്രായം വെച്ചുപുലർത്താൻ അവകാശമുണ്ട്. രാഷ്ട്രീയത്തെപ്പറ്റി എനിക്ക് എന്റെതായ ധാരണകളുണ്ട്. എന്നാൽ, അത് പരസ്യമായി പ്രകടിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.'

തങ്ങളുടെ രാഷ്ട്രീയത്തെക്കുറിച്ച് ഭൂരിപക്ഷം താരങ്ങളും പ്രകടിപ്പിച്ചിട്ടുള്ളത് സമാനമായ ചില അഭിപ്രായങ്ങളാണ്. തങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങൾ ആരാധകരുടെയും പ്രേക്ഷകരുടെയും അഭിപ്രായങ്ങളുമായി യോജിക്കാതെ വരുന്ന അവസ്ഥയെ താരങ്ങൾ ഭയപ്പെടുന്നു. പ്രത്യയശാസ്ത്രപരമായ വിഷയങ്ങളിൽ ഘനരൂപത്തിനു പകരം ഏതു പാത്രത്തിന്റെയും രൂപമുൾക്കൊള്ളാനാകുന്ന വഴുവഴുത്ത ദ്രാവകാവസ്ഥ കൈക്കൊള്ളുന്നതാണ് തങ്ങളെ സ്വയം വിപണനസാധ്യതയുള്ള ബ്രാൻഡുകളായും മറ്റു ചില ബ്രാൻഡുകളുടെ വിപണനത്തെ പ്രൊമോട്ട് ചെയ്യാനുതകുന്ന ബ്രാൻഡ് അംബാസഡർമാരായും നിലനിർത്താൻ അനുയോജ്യമായതെന്നു താരങ്ങൾ കരുതുന്നുണ്ടാകണം. രാഷ്ട്രീയത്തിലായാലും അഭിനയത്തിലായാലും താരപദവിയെന്നത് ഒരു അധികാരപദവികൂടിയാണ്. സിനിമയിലെ അധികാരത്തിന്റെ ഊഞ്ഞാൽപ്പടിയിൽ ഊന്നിച്ചവിട്ടിയാടി കൂടുതൽ ശക്തമായ രാഷ്ട്രീയാധികാരത്തിന്റെ ട്രപ്പീസ് ബാറിൽ എത്തിപ്പെടാനും നിലയുറപ്പിക്കാനും എം.ജി. രാമചന്ദ്രനും നന്ദമൂരി താരക രാമറാവുവിനുമൊക്കെ സാധിച്ചു.

രാഷ്ട്രീയത്തിന്റെ അധികാരമണ്ഡലത്തിൽ നിലകിട്ടാതെ പോയതുകൊണ്ടോ നിലകിട്ടില്ലെന്ന ഭയംകൊണ്ടോ ആണ് മിക്ക അഭിനേതാക്കളും സിനിമയിലെ താരാധികാരത്തിന്റെ ഊഞ്ഞാൽത്തട്ടിലേക്കു പിൻവാങ്ങുകയോ തങ്ങളുടെ പ്രത്യയശാസ്ത്രച്ചായ്‌വുകളെ ഗുപ്തമാക്കി വെച്ച് മറ്റൊരിടത്തേക്കും ചാഞ്ചാടാതെ ആ തട്ടിൽത്തന്നെ നിലനില്ക്കുകയോ ചെയ്യുന്നതെന്നു പറയാം. തനിക്കു വ്യക്തമായ രാഷ്ട്രീയച്ചായ്‌വുണ്ടെങ്കിലും അതു വെളിപ്പെടുത്താൻ താത്പര്യപ്പെടുന്നില്ലെന്ന് ഏതു താരം പറഞ്ഞാലും അത് വളരെ വ്യക്തമായ ചില കാരണങ്ങൾകൊണ്ടാണെന്ന് സാരം. ഇവിടെ മമ്മൂട്ടി വ്യത്യസ്തനാകുന്നത് എങ്ങനെയെന്ന് നോക്കിക്കാണാൻ ഈ അഭിമുഖഭാഗം ഉതകിയേക്കാം:

"ചോദ്യം: എന്താണ് മമ്മൂട്ടിയുടെ രാഷ്ട്രീയം?'
മമ്മൂട്ടി: രാഷ്ട്രീയമായ കാഴ്ചപ്പാടുകളുണ്ട്. രാഷ്ട്രീയവിമർശനങ്ങളുമുണ്ട്. പക്ഷേ, രാഷ്ട്രീയലക്ഷ്യങ്ങളില്ല. പല തരത്തിലുള്ള രാഷ്ട്രീയക്കാരെ പരിചയമുണ്ട്. വളരെ അടുപ്പമുള്ളവരുമുണ്ട്. ഞാനൊരു ലിബറൽ ലെഫ്റ്റാണ് എന്നു പറയാം. ഹാർഡ് കോറല്ല. പഠിച്ചിരുന്ന കാലംതൊട്ട് അങ്ങനെയായിരുന്നു.'

നേരത്തേ പരാമർശിച്ച മഹേഷിന്റെ പ്രതികാരം എന്ന സിനിമയിൽ ക്രിസ്പിൻ എന്ന കഥാപാത്രം പ്രത്യേകിച്ച് കാര്യമൊന്നുമില്ലാതെ പാടുന്ന ഒരു നേരമ്പോക്കുപാട്ടുണ്ട്:
ജ്യൂസ് ജ്യൂസ് ജ്യൂസ്,
കുമ്മട്ടിക്കാ ജ്യൂസ്
മമ്മൂട്ടിക്കായ്ക്കിഷ്ടപ്പെട്ട
കുമ്മട്ടിക്കാ ജ്യൂസ്.

കഥാഗതിയിലോ പാത്രസ്വഭാവം പ്രകടമാക്കുന്ന കാര്യത്തിലോ ഈ മൂളിപ്പാട്ടിന് എടുത്തുപറയത്തക്ക പ്രാധാന്യമൊന്നുമില്ല. പക്ഷേ, ഈ വരി സൗബിൻ പാടുന്നതു മാത്രം ഉപയോഗിച്ചായിരുന്നു മഹേഷിന്റെ പ്രതികാരത്തിന്റെ ഒരു ടീസർ നിർമിച്ചത്. അതിന് അക്കാലത്ത് ഒരുപാടു വ്യൂവർഷിപ്പുണ്ടാവുകയും സിനിമയുടെ പ്രചാരത്തെ അത് കാര്യമായി സഹായിക്കുകയും ചെയ്തിരുന്നു. മമ്മൂട്ടി എന്ന ബ്രാൻഡിന്റെ മൂല്യം തന്നെയാണ് അവിടെ കൃത്യമായി ഉപയോഗിക്കപ്പെട്ടത്. മലയാളിയുടെ മനോമണ്ഡലത്തിന്റെ ഭാഗമായി മാറിയതുകൊണ്ടാണ് മമ്മൂട്ടിക്ക് ഒരു ഉത്പന്നമായിരിക്കെത്തന്നെ ഉത്പന്നങ്ങളെ വിറ്റഴിക്കാനുള്ള ഉപാധിയാകാനും കഴിയുന്നത്.

മമ്മൂട്ടി മുംബൈയിലെ ഹാജി അലിയിൽ

കോടികളുടെ മൂലധനനിക്ഷേപമുള്ളൊരു സൗന്ദര്യവ്യവസായത്തിലെ പ്രധാന ദൃശ്യബിംബമെന്ന മമ്മൂട്ടിനില കൂടി ഇവിടെ വിലയിരുത്തപ്പെടേണ്ടതുണ്ട്. മഹാകവി പി. കുഞ്ഞിരാമൻ നായരെ ഫോട്ടോഗ്രാഫുകളിലൂടെ പഠിക്കാൻ ശ്രമിക്കുന്ന ഇ.പി. രാജഗോപാലൻ പ്രത്യക്ഷം എന്ന പുസ്തകത്തിൽ ഇങ്ങനെ പറയുന്നുണ്ട്: "ഫോട്ടോ എഴുത്തു വിഷയമാകുമ്പോൾ എന്തൊക്കെ സംഭവിക്കും? ഒരു ഫോട്ടോയിൽ കേന്ദ്രീയവിഷയം എന്നൊന്നുണ്ടെന്നു പറയാൻ ഒരാൾ തുനിഞ്ഞേക്കും; ആ വിഷയവുമായി ഏതു വിധത്തിലാണ് ഫോട്ടോയിലെ വസ്തുക്കൾ ചേരുന്നത് അഥവാ ചേരാതിരിക്കുന്നത് എന്ന് പരിശോധിച്ചേക്കും; ആ ഫോട്ടോയെ മറ്റൊരു ഫോട്ടോയുമായി താരതമ്യം ചെയ്യാൻ ഒരുമ്പെട്ടേക്കും; ഫോട്ടോയ്ക്കു നിദാനമായ കോണിന്റെ സൂചകത്വം വിശകലനം ചെയ്‌തേക്കും; വസ്തുക്കളുടെ സ്ഥാനനിലകൾ യാദൃച്ഛികമല്ല എന്നു കണ്ടെത്തിയേക്കും; ഫോട്ടോയിൽ പ്രകൃതി ശുദ്ധ പ്രകൃതിയായിട്ടല്ല നിലകൊള്ളുന്നത് എന്നും സംസ്‌കാരത്തിന്റെ മേലെഴുത്തുകൾ അവയിൽ കാണാനാവുന്നു എന്നും ആരോപിച്ചേക്കും; ഫോട്ടോയിൽ മനുഷ്യരുണ്ടെങ്കിൽ അവരുടെ ശരീരഭാഷയെ ഒരു പഠന വിഷയമായി സ്വീകരിച്ചേക്കും; ഫോട്ടോയിലെ വെളിച്ചത്തിന്റെ വിന്യാസത്തിൽ തത്ത്വങ്ങളുണ്ടല്ലോ എന്നു പറഞ്ഞേക്കും; ഫോട്ടോയിൽ തെളിഞ്ഞതായി താൻ കാണുന്ന യാദൃച്ഛികതകൾ അയാളെ ജീവിതത്തിലെ വൈരുധ്യങ്ങളെപ്പറ്റി വാചാലനാക്കിയേക്കും; ഫോട്ടോയെടുത്ത കാലം, ക്യാമറ, സ്ഥലം, ഫോട്ടോഗ്രാഫിന്റെ അളവ്, പ്രിന്റിങ് സൗകര്യം തുടങ്ങിയവയുടെ അറിവുകൾ ഫോട്ടോ വായനയിൽ പ്രയോജനപ്പെടുത്തിയേക്കും; ഫോട്ടോ കണ്ടുകിട്ടിയ മാർഗവും സ്ഥലവും അതിന്റെ സൂക്ഷിപ്പുചരിത്രവും അയാൾ ശ്രദ്ധിച്ചേക്കും. അയാൾക്കു ഫോട്ടോ കലാപാഠമാണ്, കാലവസ്തുവും.'

ചലച്ചിത്രവാരികകളിൽ എൺപതുകളിലും തൊണ്ണൂറുകളിലും പ്രത്യക്ഷപ്പെട്ടിരുന്ന സ്റ്റില്ലുകളിൽനിന്നുള്ള പ്രകടമായ പാരഡൈം ഷിഫ്റ്റ് പുതിയ നൂറ്റാണ്ടിലെ മമ്മൂട്ടിയുടെ ചിത്രനിലകളിൽനിന്ന് വായിച്ചെടുക്കാൻ കഴിയും. പിന്നീട് ചലച്ചിത്രപ്രവർത്തകരായി മാറിയ പ്രമോദ്- പപ്പൻ, മാർട്ടിൻ പ്രക്കാട്ട്, എബ്രിഡ് ഷൈൻ, ഷാനി ഷാകി തുടങ്ങിയ ഫാഷൻ ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളിലൂടെ പണിതുയർത്തപ്പെട്ട ദൃശ്യനിർമിതിയുടെ തോതും തരവും സവിശേഷമായ ശ്രദ്ധയോടെ പഠിക്കപ്പെടേണ്ട കാര്യമാണ്. ഏതു താരരൂപകല്പനയിലും കാഴ്ചയുമായി ബന്ധപ്പെട്ടു കിടക്കുന്ന ചില പൊതുപ്രവണതകളുണ്ടാകും. അതേപോലെ തന്നെ ഓരോ താരാവരോഹണങ്ങളിലും കാഴ്ചയുമായി കലർന്നുകിടക്കുന്ന അനന്യമായ ചില ഘടകങ്ങളും ഉൾച്ചേർന്നിരിക്കും. മമ്മൂട്ടിയെ 2001 -2010 കാലത്ത് വെള്ളിവെളിച്ചത്തിൽ നിർത്തിയ സ്റ്റാർ ഡിസൈൻ എന്തെന്നു പരിശോധിക്കുമ്പോൾ വനിതാ വാരികകളിലും ഹോർഡിങ്ങുകളിലും പോസ്റ്ററുകളിലും പത്രപ്പരസ്യങ്ങളിലുമൊക്കെ പ്രത്യക്ഷപ്പെട്ട ചിത്രമമ്മൂട്ടികളെക്കൂടി സൂക്ഷ്മമായി പരിഗണിക്കേണ്ടിവരും.

ബാനറെഴുത്തിന്റെയും സൈൻ ബോർഡെഴുത്തിന്റെയും സ്ഥാനം ഫ്‌ളെക്‌സ് പ്രിന്റിങ് എന്ന സാങ്കേതികവിദ്യ കവർന്നെടുത്ത സമയംകൂടിയായിരുന്നത്. കാഴ്ചയുടെ ആനന്ദങ്ങളെ ഫ്‌ളെക്‌സ് ബോർഡുകൾ നിർണയിച്ച കാലത്ത് കെ.ജി.എസ്. കവിതയിൽ പറഞ്ഞതുപോലെ, "അധിക ഫോട്ടോ അധികജ്യോതിസ്സ്' എന്നതുതന്നെയായിരുന്നു പ്രമാണം. ആ കാഴ്ചയിടങ്ങളെ ഏറ്റവും സമർഥമായി ഉപയോഗപ്പെടുത്തിയ താരശരീരമായിരുന്നു മമ്മൂട്ടിയുടെത്. തമിഴ്‌നാട്ടിലെപ്പോലുള്ള കട്ടൗട്ടുകൾ കേരളത്തിൽ തിയേറ്റർ പരിസരങ്ങളിലല്ലാതെ കണ്ടുവന്നിരുന്നില്ല. Crude art versus sophisticated art എന്നൊരു സംഘർഷം പല ജനപദങ്ങളിലും കണ്ടുവരാറുണ്ട്. കലകളെയും ഫാഷനെയും രുചികളെയും സാങ്കേതികവിദ്യകളെയുമടക്കം ഓരോ പുതിയ പ്രവണതകളെയും ഒരു സമൂഹം കൊള്ളുന്നതിനും തള്ളുന്നതിനും പിന്നിൽ ഒരുപാടു ചരിത്രബലങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

കട്ടൗട്ട് സംസ്‌കാരത്തെ കാര്യമായി പ്രോത്സാഹിപ്പിക്കാതിരുന്ന കേരളീയർ ഫ്‌ളെക്‌സ് സംസ്‌കാരത്തെ വളമിട്ടു വളർത്തുന്ന കാഴ്ചയാണ് പുതിയ നൂറ്റാണ്ടു കാണിച്ചുതന്നത്. ഫോട്ടോഗ്രാഫി എന്ന സാങ്കേതികകലയുടെ പിൻബലത്തോടെ കടന്നുവന്ന ഫ്‌ളെക്‌സ് ബോർഡുകൾ താരങ്ങൾക്കു മുന്നിൽ തുറന്നിട്ട സാധ്യതകൾ വലുതായിരുന്നു. ക്ഷേത്രപ്രതിഷ്ഠകൾക്കു സമാനമായ വിധത്തിൽ കാഴ്ചക്കാരും കാണാനാഗ്രഹിക്കുന്ന രൂപവും തമ്മിൽ നിലനില്ക്കുന്ന അകലം ഫ്‌ളെക്‌സ് ബോർഡുകളും പ്രദാനം ചെയ്തു.

ചിരപരിചിതത്വം അനുഭവിപ്പിക്കുമ്പോൾത്തന്നെ പെട്ടെന്ന് പ്രാപ്തമല്ല എന്നൊരു തോന്നൽ ഉളവാക്കുന്നതാണ് ഫ്‌ളെക്‌സിലെ വ്യക്ത്യവതരണം. യാഥാർഥ്യത്തിൽനിന്നു പതിന്മടങ്ങു പെരുതാക്കി അവതരിപ്പിക്കാവുന്ന ആകൃതിയും ആ കാഴ്ചച്ചതുരങ്ങളുടെ പ്രത്യേകതയായിരുന്നു. തിരശ്ശീലയിൽ മാത്രം പെരുക്കപ്പെട്ടു പ്രദർശിപ്പിക്കാൻ കഴിഞ്ഞിരുന്ന ഉടൽനിലകളെ തെരുവോരങ്ങളിലും ജനപഥങ്ങളിലും ഉയരത്തിൽ സാധ്യമാക്കി ഫ്‌ളെക്‌സ്. ചലച്ചിത്രപ്രദർശനശാലകൾക്കു വെളിയിലേക്ക് സിനിമാതാരങ്ങൾ ഹോർഡിങ്ങുകളിലൂടെ പ്രസരിപ്പിച്ചുതുടങ്ങിയ "ബിഗ്ഗർ ദാൻ ലൈഫ് ഇമേജ്' പിന്നീട് രാഷ്ട്രീയക്കാരും ബിസിനസ് മേധാവികളും ആത്മീയഗുരുക്കളുമൊക്കെ വ്യാപകമായി ഉപയോഗിച്ചുതുടങ്ങി. പൗരുഷത്തിന്റെ രൂപകമായി താരങ്ങളെ വിഗ്രഹവത്കരിച്ചതിലും രക്ഷകഭാവത്തിന്റെ ഛായകൾ പകർന്നുനല്കിയതിലും ഫ്‌ളെക്‌സ് ബോർഡുകൾ വഹിച്ച പങ്ക് കൗതുകകരമായ ഒരു പഠനവിഷയംതന്നെയാണ്. നിശ്ചല ഛായാഗ്രഹണകലയിൽ സ്വതവേ തത്പരനായിരുന്ന മമ്മൂട്ടിയെപ്പോലൊരു താരത്തിന് കാഴ്ചയുടെയും കാഴ്ചയിടങ്ങളുടെയും പുതുമയെ അഭിസംബോധന ചെയ്യാനും കൃത്യമായി വിപണനം ചെയ്യാനും ഭംഗിയായി സാധിച്ചെന്നതിൽ സംശയമില്ല.

ബിപിൻ ചന്ദ്രൻ എഴുതി മാതൃഭൂമി ബുക്​സ്​ പ്രസിദ്ധീകരിക്കുന്ന ‘മഹാനടൻ’ എന്ന പുസ്​തകത്തിന്റെ കവർ

പ്രായം, ശരീരഘടന എന്നീ ഘടകങ്ങളെ മമ്മൂട്ടി എന്ന താരം നോക്കിക്കാണുന്നതെങ്ങനെയെന്നുകൂടി പരിശോധിക്കേണ്ടതുണ്ട്. ഉടൽ എന്ന സ്ഥലത്തിന്റെ ഭൂമിശാസ്ത്രമാണ് ഒരു നടന്റെ പ്രായത്തെ അയാളുടെ താരപദവിക്കു കോട്ടംതട്ടാത്ത വിധത്തിൽ ന്യൂനീകരിക്കുന്ന പ്രധാന ഘടകം. നാല്പത്തഞ്ചിനു മുകളിൽ പ്രായമുള്ള താരങ്ങളുടെ നായികമാർ ഇരുപതിനോടടുത്തു മാത്രം പ്രായമുള്ളവരാകുന്നതിലെ വൈരുധ്യം പലരും പലവട്ടം ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. പുരുഷതാരങ്ങളുടെ പ്രായം സിനിമയ്ക്കു പലപ്പോഴും പ്രശ്‌നമായിരുന്നില്ല. മലയാളസിനിമയിൽ പ്രായത്തെ വെല്ലുവിളിച്ചു നില്ക്കുന്ന ആദ്യത്തെ താരമല്ല മമ്മൂട്ടി. അനുഭവങ്ങൾ പാളിച്ചകളിലെ വിപ്ലവകാരിയായ യുവാവായി അഭിനയിക്കുമ്പോൾ സത്യന് അറുപതിനോടടുത്തു പ്രായമുണ്ടായിരുന്നു. തിരുവിതാംകൂർ പോലീസിലെ ഇൻസ്‌പെക്ടർ പദവി രാജിവെച്ച് സിനിമയിൽ അഭിനയിക്കാനെത്തിയ സത്യനേശൻ നാടാർക്ക് ആത്മസഖിയിൽ നായകനായി പ്രത്യക്ഷപ്പെടുമ്പോൾ വയസ്സു നാല്പതായിരുന്നു. തന്റെ മകളായും കാമുകിയായും ഭാര്യയായും അഭിനയിച്ച അഭിനേത്രിമാർ സിനിമാരംഗത്തുനിന്ന് പുറത്തുപോയിട്ടും നടന്മാർ താരപദവിയിൽ തുടരുന്നതിന് ധാരാളം ഉദാഹരണങ്ങൾ നിരത്താൻ സാധിക്കും.

എല്ലാ അഭിനേതാക്കളും ഏറിയും കുറഞ്ഞും ചെയ്യുന്ന കാര്യമാണെങ്കിലും ശരീരം എന്ന സ്ഥലത്തിന്റെ വിന്യാസക്രമത്തിലും അവതരണരീതിയിലും മമ്മൂട്ടി പുലർത്തുന്ന നിഷ്‌കർഷ വളരെ വലുതാണെന്നു പറയാതെ വയ്യ. പ്രായത്തിന്റെ കുരുക്കിനെ ഉടൽ എന്ന ആയുധംകൊണ്ട് വകഞ്ഞുമാറ്റുക എന്നതാണ് മമ്മൂട്ടിയുടെ നിലനില്പുതന്ത്രം. അതിനെ പൂർത്തീകരിക്കുന്ന തരത്തിലാണ് മാധ്യമങ്ങളിൽ അദ്ദേഹം അവതരിപ്പിക്കപ്പെടുന്നതും. ഇരുമ്പിനെ കാന്തമെന്നപോലെ പ്രേക്ഷകരെ തന്റെ താരപ്രഭാവത്തിലേക്കു വലിച്ചടുപ്പിക്കാൻ ഉടൽ എന്ന ചൂഴ്‌നില എത്രത്തോളം ഉതകുമെന്ന് മമ്മൂട്ടിക്കു മറ്റാരെക്കാളും നന്നായറിയാം. തസ്‌കരവീരൻപോലുള്ള ചിത്രങ്ങൾക്കു ഡേറ്റു കൊടുക്കുമ്പോൾ അഭിനയ സാമ്രാജ്യത്തിലെ പുതിയ പ്രദേശങ്ങൾ വെട്ടിപ്പിടിക്കുകയെന്നതല്ല അദ്ദേഹത്തിന്റെ ലക്ഷ്യം. മറിച്ച്, ആകാരസൗഷ്ഠവമെന്ന ഇമേജിന്റെ കൂറ്റൻ ഹോർഡിങ്ങുകൾ ആരാധകരിൽ ഉറപ്പിക്കുക എന്നതാണ്. വിശാലമായ അർഥത്തിൽ ഏത് അഭിനേതാവും സ്ഥലകാലങ്ങളുടെയും സ്ഥലകാലങ്ങളിൽ നിലനില്ക്കുന്ന ഉടൽ എന്ന പൊരുളിന്റെയും തടവുപുള്ളിതന്നെ.

പക്ഷേ, തന്റെ പാരതന്ത്ര്യങ്ങളെ ഉല്ലംഘിക്കാനുള്ള നിരന്തരശ്രമങ്ങളാണ് ഒരു അഭിനേതാവിന്റെ ജീവിതത്തെ സർഗാത്മകമാക്കുന്നത്. ഉടൽത്തടവിന്റെ ചങ്ങലക്കണ്ണികൾ കുരുങ്ങിയിരിക്കുമ്പോൾത്തന്നെ ആകാശലക്ഷ്യങ്ങളിലേക്കു ചിറകുവിരിച്ചു പറക്കാനും അപരിമിതസാധ്യതകളിലേക്കു തടവു പൊളിച്ചു പരക്കാനുമുള്ള അഭിനേതാവിന്റെ അദമ്യമായ അഭിവാഞ്ഛയാണ് അഭിനയ ജീവിതത്തിന്റെ അതിർവരമ്പുകളെ വരയ്ക്കുകയും മായ്ക്കുകയും മാറ്റിവരയ്ക്കുകയും ചെയ്യുക. സ്വന്തമായി പടുത്തുയർത്തുന്ന ഹിമാലയങ്ങളിൽ സ്വയം ഹിലാരിയായി മാറാൻ ആജീവനാന്തം വിധിക്കപ്പെട്ടവനാണയാൾ.
ഇന്റർനെറ്റുപയോഗം കേരളത്തിൽ പടർന്നുതുടങ്ങിയ ദശകത്തിൽ മൊബൈൽ ഫോണുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും മമ്മൂട്ടി എന്ന "ഐക്കൺ' മലയാളികളുടെ സൗന്ദര്യാകാശങ്ങളിലും സാമൂഹിക ഇടപെടലുകളിലും എന്തു തരത്തിലുള്ള സ്വാധീനമാണ് ചെലുത്തിയതെന്നുകൂടി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്.

സൈദ്ധാന്തിക സമീപനങ്ങളിൽ കൾച്ചറൽ സ്റ്റഡീസിന്റെ വ്യാപകമായ സ്വാധീനമുണ്ടായതോടെ മലയാളത്തിൽ മികച്ച താരപഠനങ്ങൾ ആവിർഭവിച്ചുതുടങ്ങിയ കാലംകൂടിയായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ കന്നിദശകം. ഒരു ജ്ഞാനവിഷയമെന്ന നിലയിൽ സംസ്‌കാരപഠനത്തിന് (കൾച്ചറൽ സ്റ്റഡീസ്) ലഭിച്ച പ്രചാരമാണ് മലയാളിയുടെ പഠനസമീപനങ്ങളിൽ വമ്പിച്ച മാറ്റമുണ്ടാക്കിയതെന്നു പറയാം. അനന്തവൈവിധ്യമുള്ളതും സ്വരബഹുലതയുള്ളതുമായ സംസ്‌കാരത്തെ നോക്കിക്കാണുന്നതിനുള്ള പുതിയ കാഴ്ചക്കോണുകൾ വികസിച്ചുവന്നതോടെ ജനപ്രിയകലാരൂപങ്ങളെയും വ്യത്യസ്തമായ രീതിയിൽ പഠിക്കാനുള്ള പ്രവണത മലയാളിയിൽ പ്രകടമായിത്തുടങ്ങി. വരേണ്യകലാരൂപങ്ങളെപ്പോലെ ജനപ്രിയകലാരൂപങ്ങളും കർത്തൃത്വത്തെ പല വഴികളിൽ ഉരുവപ്പെടുത്തുന്ന സ്വത്വസങ്കേതങ്ങളായി പരിഗണിക്കപ്പെട്ടുതുടങ്ങിയെന്നു ചുരുക്കം. വരേണ്യതയെക്കുറിച്ചും ജനപ്രിയതയെക്കുറിച്ചും നിലനിന്നിരുന്ന പരമ്പരാഗതസങ്കല്പങ്ങളിൽനിന്ന് മലയാളിയുടെ ചിന്ത കുതറിമാറാതിരുന്നതുകൊണ്ടാണ് ജനപ്രിയസിനിമയ്ക്കും ജനപ്രിയനടന്മാർക്കുമൊക്കെ ഗൗരവമുള്ള പഠനങ്ങളുടെ വേലിക്കെട്ടിനു പുറത്ത് കൂരകെട്ടി കഴിയേണ്ടിവന്നത്. ജനപ്രിയകലയെ വിപണനവസ്തുവായും ജനപ്രിയകല ആസ്വദിക്കുന്നയാളെ ഉപഭോക്താവായും മാത്രം കണക്കാക്കിയിരുന്ന ഫ്രാങ്ക്ഫർട്ട് ചിന്തയ്ക്കപ്പുറം കൾച്ചറൽ സ്റ്റഡീസ് മുന്നേറിയതോടെ വേലിക്കെട്ടുകൾ പതിയെ പൊളിയാൻ തുടങ്ങി.

ജനപ്രിയഘടകങ്ങളെ മലയാളത്തിലെ ഗൗരവസ്വഭാവമുള്ള വാരികകൾ പടിപ്പുരയ്ക്കകത്തേക്കു കയറ്റാനും പഠനവിധേയമാക്കാനും തുടങ്ങി. (മലയാളത്തിലെ ബുദ്ധിജീവി വാരികകൾ വരേണ്യതയുടെ മറ്റൊരു മുഖമാണെന്നത് സവിശേഷപഠനമർഹിക്കുന്ന വേറൊരു മേഖലയാണ്.)
വ്യത്യസ്തമായ വായനാസാധ്യതകളുള്ള മമ്മൂട്ടിലേഖനങ്ങളും മമ്മൂട്ടിപ്പുസ്തകങ്ങളും ഇക്കാലയളവിൽ പുറത്തുവന്നിരുന്നു. ഒസെല്ല ദമ്പതിമാരുടെ പഠനവും സി.എസ്. വെങ്കിടേശ്വരന്റെ ലേഖനവും ഇവിടെ എടുത്തുപറയേണ്ടതുണ്ട്. ഏറ്റവും മികച്ച ചലച്ചിത്രലേഖനത്തിനുള്ള കേരള സംസ്ഥാന ഫിലിം അവാർഡ് 2004-ൽ ലഭിച്ചത് വെങ്കിടേശ്വരന്റെ "മമ്മൂട്ടി എന്ന താര'ത്തിനായിരുന്നു.

ഒരു താരനടനെക്കുറിച്ചുള്ള വിശദമായ വായനയ്ക്ക് അതിനുമുൻപ് അത്തരത്തിലുള്ളൊരു പുരസ്‌കാരം ലഭിച്ചിട്ടില്ലെന്നു പറയേണ്ടിവരും. അക്കാലത്ത് ആ രീതിയിലുള്ള താരപഠനങ്ങൾതന്നെ മലയാളത്തിൽ പ്രത്യക്ഷപ്പെട്ടുതുടങ്ങിയിരുന്നില്ല. റിച്ചാർഡ് ഡയറിന്റെ സ്റ്റാർസ് പോലെയുള്ള ഗ്രന്ഥങ്ങൾ കേരളത്തിലെ ബുദ്ധിജീവിവൃത്തങ്ങളിൽ ചർച്ചയായതും സർവകലാശാലാ സിലബസുകളിലും പള്ളിക്കൂടങ്ങളിലെ പാഠ്യപദ്ധതികളിലുമടക്കം സിനിമ ഗൗരവമുള്ളൊരു പഠനവിഷയമായി സ്ഥാനംപിടിച്ചതുമൊക്കെ ഇക്കാലയളവിലാണ്. പലതരം വിമർശനങ്ങളും വിശകലനങ്ങളുമൊക്കെ വന്നെങ്കിലും മമ്മൂട്ടി എന്ന താരനടനെ മൊത്തത്തിൽ മറ്റൊരു മാനത്തിലേക്കുയർത്താനുതകുന്നതായിരുന്നു പൊതുവേ ആ പഠനാന്തരീക്ഷം.

ജി.പി. രാമചന്ദ്രൻ, ജെനി റൊവീന, വിജു വി. നായർ, എൻ.പി. സജീഷ്, ഇ.പി. രാജഗോപാലൻ, എം.എ. റഹ്‌മാൻ, പി.എസ്. രാധാകൃഷ്ണൻ, ഷാജഹാൻ മാടമ്പാട്ട്, പ്രേംചന്ദ്, ഷിജു ജോസഫ്, കെ. ഗോപിനാഥൻ തുടങ്ങിയവരുടെ ലേഖനങ്ങളും പുരുഷവേഷങ്ങൾ, തെമ്മാടികളും തമ്പുരാക്കന്മാരും, മമ്മൂട്ടി- കാഴ്ചയും വായനയും തുടങ്ങിയ പുസ്തകങ്ങളും 2001-2010 സമയത്ത് പുറത്തുവരികയുണ്ടായി. സി.എസ്. വെങ്കിടേശ്വരന്റെ തലക്കെട്ട് കടമെടുത്തു പറഞ്ഞാൽ മമ്മൂട്ടിയുടെ "ഉടലിന്റെ താരസഞ്ചാരങ്ങൾ' എന്തുകൊണ്ട് കേരളീയ സാമൂഹികപഠനത്തിൽ പ്രധാനപ്പെട്ടതാകുന്നു എന്ന് അവയൊക്കെത്തന്നെ പലമട്ടിൽ വിശദീകരിച്ചു തന്നു. മമ്മൂട്ടിയെ പല തരത്തിലും വിധത്തിലും രേഖപ്പെടുത്താൻ അതൊക്കെ സഹായകമായിത്തീരുകയും ചെയ്തു. നവാസ് പൂനൂർ എഡിറ്റ് ചെയ്ത മമ്മൂട്ടി: നക്ഷത്രങ്ങളുടെ രാജകുമാരൻ പോലുള്ള പുസ്തകങ്ങളും മമ്മൂട്ടി എഴുതിയ കാഴ്ചപ്പാട്, മഞ്ഞക്കണ്ണട തുടങ്ങിയ സമാഹാരങ്ങളും ചമയങ്ങളില്ലാതെ, ചമയങ്ങളോടെ എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി മുൻപിറങ്ങിയതു കൂട്ടിച്ചേർത്ത്, ചമയങ്ങൾ എന്ന തലക്കെട്ടിലിറക്കിയ ആത്മകഥയുമൊക്കെ പ്രസിദ്ധീകരിക്കപ്പെടുന്നത് ഈ സമയത്തുതന്നെ. മമ്മൂട്ടിയുടെ സിനിമാവിശേഷങ്ങൾ ആരാധകരെ അറിയിക്കുക എന്ന ലക്ഷ്യത്തോടെ മമ്മൂട്ടി ടൈംസ് എന്നൊരു മാസികതന്നെ ഇക്കാലത്ത് പ്രസിദ്ധീകരിച്ചുതുടങ്ങിയിരുന്നു.

പലവിധ മാധ്യമങ്ങളിലൂടെ പ്രക്ഷേപിക്കപ്പെട്ട മമ്മൂട്ടിത്തത്തെ വ്യത്യസ്ത വിതാനങ്ങളിൽ പ്രതിഷ്ഠിക്കുന്നതുതന്നെയായിരുന്നു ഈ ദശകത്തിൽ മമ്മൂട്ടി അഭിനയിക്കാൻ തിരഞ്ഞെടുത്ത പ്രധാന സിനിമകളും.
ആനന്ദം, ഡാനി, ക്രോണിക് ബാച്ചിലർ, പട്ടാളം, സേതുരാമയ്യർ സി.ബി.ഐ., കാഴ്ച, ബ്ലാക്ക്, വേഷം, തൊമ്മനും മക്കളും, രാപ്പകൽ, രാജമാണിക്യം, തുറുപ്പുഗുലാൻ, കറുത്തപക്ഷികൾ, പളുങ്ക്, കയ്യൊപ്പ്, മായാവി, ബിഗ് ബി, കഥ പറയുമ്പോൾ, രൗദ്രം, അണ്ണൻ തമ്പി, ട്വന്റി 20, ലൗഡ്‌സ്പീക്കർ, പഴശ്ശിരാജ, പാലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, ചട്ടമ്പിനാട്, പോക്കിരിരാജ, കുട്ടിസ്രാങ്ക്, പ്രാഞ്ചിയേട്ടൻ ആൻഡ് ദി സെയിന്റ്, ബെസ്റ്റ് ആക്ടർ തുടങ്ങിയവയായിരുന്നു ആ സമയത്തെ പ്രധാനപ്പെട്ട മമ്മൂട്ടിച്ചിത്രങ്ങൾ. എറണാകുളം കവിത തിയേറ്ററിൽ ഒരു വർഷം മുഴുവൻ മമ്മൂട്ടി നായകനായ സിനിമകൾ മാത്രം പ്രദർശിപ്പിച്ചതും ഈ കാലയളവിലായിരുന്നു.

ദി കിംഗ് ആൻഡ് ദി കമ്മീഷണർ, കുഞ്ഞനന്തന്റെ കട, ശിക്കാരി (കന്നട), ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, ബാല്യകാലസഖി, ഭാസ്‌കർ ദി റാസ്‌കൽ, മുന്നറിയിപ്പ്, പുത്തൻപണം, ഗ്രേറ്റ്ഫാദർ, കസബ, പുതിയ നിയമം, അബ്രഹാമിന്റെ സന്തതികൾ, യാത്ര (തെലുങ്ക്), ഷൈലോക്ക്, മാമാങ്കം, ഉണ്ട, പേരൻപ് (തമിഴ്) തുടങ്ങിയവയായിരുന്നു അടുത്ത ദശകത്തിൽ മമ്മൂട്ടിയുടെതായി പുറത്തുവന്ന ശ്രദ്ധേയമായ ചലച്ചിത്രങ്ങൾ.

അഭിനേതാക്കളുടെ മക്കളും ബന്ധുക്കളുമൊക്കെ സിനിമയിലേക്കു രംഗപ്രവേശം ചെയ്യുകയും സജീവസാന്നിധ്യമാവുകയും ചെയ്യുന്നത് ഇന്ത്യൻ ചലച്ചിത്രരംഗത്ത് സർവസാധാരണമായ കാര്യമാണ്. മമ്മൂട്ടിയുടെ മകനായ ദുൽഖർ സൽമാൻ സിനിമയിൽ സജീവമാവുകയും വലിയ താരമൂല്യമുള്ള നടനായിത്തീരുകയും ചെയ്തത് ഈ കാലയളവിലാണ്. മിക്കവാറും നായകനടന്മാരൊക്കെത്തന്നെ തങ്ങളുടെ മക്കൾ അഭിനയിക്കുന്ന ഏതെങ്കിലും ചിത്രങ്ങളിൽ അതിഥിവേഷത്തിലെങ്കിലും പ്രത്യക്ഷപ്പെടാറുണ്ട്. അമിതാഭ് ബച്ചനും ചിരഞ്ജീവിയും നാഗാർജുനയും തൊട്ട് വിജയും വിക്രമും മോഹൻലാലും സുരേഷ് ഗോപിയുംവരെ അത്തരത്തിൽ തങ്ങളുടെ സാന്നിധ്യമറിയിച്ചിട്ടുണ്ടെങ്കിലും മമ്മൂട്ടി തന്റെ മകനോടൊപ്പം അഭിനയിക്കാൻ ഇന്നേവരെ സന്നദ്ധനായിട്ടില്ല. അത്തരത്തിലുള്ള ഒരുമിക്കലിലൂടെ വലിയ തോതിൽ ഉയർത്താൻ കഴിയുന്ന കോടികളുടെ അധികവരുമാനസാധ്യതകളെ മനഃപൂർവം വേണ്ടെന്നുവെച്ചു തന്നെയാണ് മമ്മൂട്ടി അതിൽനിന്ന് വിട്ടുനില്ക്കുന്നതെന്നു വേണം കരുതാൻ. തന്റെയും പുത്രന്റെയും താരമൂല്യങ്ങളെ കൂട്ടിക്കെട്ടുന്നതിൽ അദ്ദേഹം തത്പരനാകാത്തത് പരസ്പരാശ്രിതമായല്ല അവ വളരേണ്ടതെന്ന നിലപാടുകൊണ്ടുതന്നെയാകണം.

കൊറോണ പ്രതിസന്ധികൾ ത്വരിതപ്പെടുത്തിയ ഒ.ടി.ടി. ദൃശ്യവിപ്ലവത്തിന്റെ പുതുകാലത്തും മമ്മൂട്ടി എന്ന നടനും താരവും മലയാളസിനിമയിൽ പ്രസക്തനായി നില്ക്കുന്നത് എന്തുകൊണ്ടാകണം? മലയാളസിനിമ അതിന്റെ വളർച്ചയുടെ ചരിത്രസന്ധികളിലൂടെ കടന്നുപോകുമ്പോൾ പലപ്പോഴുമതിനെ ഒറ്റയ്ക്കു ചുമലിലേറ്റി പരാധീനതകളെ മറികടക്കാൻ മമ്മൂട്ടി എന്ന അഭിനേതാവിനു കഴിഞ്ഞിരുന്നു. ഒരു ജനതയ്ക്കും സിനിമ വെറുമൊരു വിനോദോപാധിയോ വ്യവസായമോ മാത്രമല്ല. ആനന്ദമാർഗം എന്നപോലെ അത് ആത്മപ്രകാശനത്തിനുള്ള ഉപാധികൂടിയാണ്. ഇരുട്ടിലിരുന്ന് ഒരു സമൂഹം നുണയുന്ന വെളിച്ചക്കാഴ്ചകളിൽ വിശദീകരിക്കാനും വ്യാഖ്യാനിക്കാനുമാകാത്ത എത്രയോ സങ്കീർണ വൈകാരികതകൾ കലർന്നുകിടക്കുന്നുണ്ട്. വിചിത്രവിധങ്ങളിൽ തങ്ങളുടെ കാമനകൾ കുഴമറിഞ്ഞുകിടക്കുന്നൊരു മാധ്യമത്തിന്റെ നിർണായകമായ വികാസസന്ധികളിൽ നായകത്വമേറ്റെടുത്തു നിന്നൊരു പിതൃരൂപത്തോട് മലയാള സിനിമാസ്വാദകരും മലയാള സിനിമാ വ്യവസായവും പുലർത്തുന്ന നന്ദിയും കടപ്പാടും മമ്മൂട്ടി എന്ന അഭിനേതാവിനെ ബഹുമാന്യമായ പദവിയിലെത്തിച്ചതിൽ പ്രധാന പങ്കു വഹിച്ചിട്ടുണ്ട്.

(മാതൃഭൂമി ബുക്​സ്​ പ്രസിദ്ധീകരിക്കുന്ന ബിപിൻ ചന്ദ്രന്റെ ‘മഹാനടൻ’ എന്ന പുസ്തകത്തിൽ നിന്ന്)

Comments