മതിലുകളിൽ അഭിനയിക്കാനെത്തിയ മമ്മൂട്ടിയെക്കുറിച്ച് ബഷീറിന്റെ കമന്റ്, ‘എന്റത്ര സൗന്ദര്യം പോരാ’ എന്നായിരുന്നെന്ന് പ്രചാരമുണ്ട്. അത് കേരളത്തിലെ പുരുഷസൗന്ദര്യ സങ്കല്പത്തെക്കുറിച്ചും ഭാവനയെക്കുറിച്ചുള്ള ബഷീറിന്റെ സ്വതസിദ്ധമായ ട്രോളായിരുന്നു.
കേരളത്തിലെ പുരുഷ സൗന്ദര്യസങ്കല്പങ്ങളുടെ സാമാന്യബോധം മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ, ജയറാം എന്നിങ്ങനെ സിനിമാഹീറോകളിൽ തട്ടി നിന്നു. സിനിമക്കും സാഹിത്യത്തിനും വലിയ റോളുണ്ടതിൽ. മലയാളിക്ക് മമ്മൂട്ടി കട്ട് / ഫിഗർ (figure) എന്നതിൽ കുറഞ്ഞ് താഴോട്ടുമില്ല മേലോട്ടുമില്ല. ഒരു കാലഘട്ടം പ്രേംനസീറിലുടക്കിയ പോലെ. ജയനെ ഇറക്കി ആ സൗന്ദര്യസാധകം വച്ചുമാറിയെങ്കിലും അത് മറ്റൊരു വിനയായി. മമ്മൂട്ടിക്ക് ഇവിടെ വെച്ചുമാറാൻ പകരമില്ല, അയാളുടെ തിരഞ്ഞെടുപ്പുകളല്ലാതെ.
ജയന്റെ കാലഘട്ടത്തിൽ പൊങ്ങിയുയർന്ന പലതും മമ്മൂട്ടിയുടെ സൗന്ദര്യത്തെ മറികടക്കാനെന്നോണം തിരിച്ചുവന്നു. നാട്ടിൽ കളരികൾ ജിംനേഷ്യമായി മാറി, ഉഴിച്ചിൽ കേന്ദ്രങ്ങൾ സ്പാ സ്പോട്ടുകളായി, ബാർബർ ഷോപ്പുകൾ സലൂണുകളായി / ബ്യൂട്ടി പാർലറുകളായി, നാട്ടുവൈദ്യന്മാരുടെ പഥ്യം ഡയറ്റ് ചാർട്ടുകളായി. എങ്ങനെയും മമ്മൂട്ടി ആയാൽ മതി.
മമ്മൂട്ടി അയാളിൽ അഭിരമിച്ചിരുന്ന സമയം. പുതിയ സിനിമകൾ മമ്മൂട്ടിയുടെ സൗന്ദര്യത്തെ പിന്തള്ളി പുതിയ ഭാവുകത്വങ്ങളെ പിന്തുണച്ചു. പുതിയ തലമുറ സൗന്ദര്യസങ്കല്പത്തെ ആകെ അട്ടിമറിച്ചു മുന്നേറിവന്നു.
മമ്മൂട്ടിയെ വെറുതെ കിട്ടിയാലും വലിയ ചെലവാണെന്ന് സർക്കാസങ്ങൾ ഇറങ്ങിത്തുടങ്ങിയിരുന്നു. അയാൾക്ക് വെച്ചുമാറാൻ അയാളുടെ ചിന്തകളല്ലാതെ പകരക്കാരനില്ല. പ്രേംനസീറിന്റെ അനശ്വരതയുടെ ജീർണ്ണത മമ്മൂട്ടിയെന്ന വ്യക്തിയെയും ബാധിച്ചു തുടങ്ങിയിരിക്കണം. ഒരു പകരക്കാരനായാണ് മമ്മൂട്ടി വന്നത് എന്ന് സിനിമാശ്രുതിയുണ്ട്.

ന്യൂ ജനറേഷൻ സിനിമകളെ തുടക്കത്തിൽ അവഗണിച്ചു സർക്കാസിച്ചു തള്ളിയെങ്കിലും നവ പരീക്ഷണങ്ങൾ ടെക്നോളജിയുടെ സഹായത്തോടെ വന്നുകൊണ്ടേയിരുന്നു. മാറ്റം മമ്മൂട്ടിയും അറിഞ്ഞുസ്വീകരിച്ചു തുടങ്ങി. അപ്പോൾ അയാളുടെ ചിന്തകൾ അയാളിലുടക്കി അയാളെ തന്നെ മാറ്റിയെടുക്കാൻ തീരുമാനിച്ചിരിക്കാം. സിനിമകൾ അതിന് അനുകൂലമായി ഭവിച്ചു. പഴയതുവിട്ട് പുതിയ സിനിമയെ സ്വീകരിക്കാൻ അവർക്കൊപ്പം നിൽക്കാൻ അയാളും സന്നദ്ധനായി.
ഇനിയുള്ള ടാസ്ക്ക് എയ്സ്തെറ്റിക്കലി എങ്ങനെ മമ്മൂട്ടിയുടെ സൗന്ദര്യത്തെ, ബോഡിയെ വളച്ചെടുക്കാം എന്നതാണ്. സിനിമാലബോറട്ടറിയിൽ പല പരീക്ഷണങ്ങളും നടന്നു. പൊന്തന്മാടയിൽ അങ്ങനെയൊരു ശ്രമം നടന്നത് ഫാൻസിഡ്രസായെന്ന് വിമർശക വിഭാഗം ക്രൂശിച്ചുതള്ളി. മൃഗയ കണ്ട ഫാൻസിലെ ഭിന്നാഭിപ്രായക്കാർ തമ്മിലടിച്ചു. വിധേയൻ റോഷാക്ക്, ഭ്രമയുഗം, കാതൽ, പുഴു, ഇപ്പോൾ കളങ്കാവൽ മമ്മൂട്ടിയെ ആന്തരികമായി മാറ്റിക്കുഴച്ച് മമ്മൂട്ടിയെന്ന ഇമേജിനെ മാറ്റിസ്ഥാപിച്ചു.
ഇതുകണ്ട് പല്ലിറുമ്മിയവർ, ‘ഇയാൾ ഇതെന്തു ഭാവിച്ചാ’ എന്ന നിലക്ക് മുരണ്ടുനോക്കിയെങ്കിലും ഏറ്റില്ല. ആ കാലഘട്ടത്തെ അപ്പോഴേക്കും ഡാർക്ക് റിനൈസൻസ് (Dark Renaissance) എന്ന പേരിട്ട് കളം മാറ്റിക്കഴിഞ്ഞിരുന്നു.
ഇന്നലെവരെ മലയാളിയുടെ നന്മമരമായിരുന്ന മമ്മൂട്ടി സൈക്കോപാത്തായി കളങ്കാവലിൽ അഴിഞ്ഞാടുന്നു. കൊലയാളിയോം കാ കൊലയാളി. ക്യാരക്ടർ പിടിച്ച കനിവില്ലാത്ത കണ്ണുകൾ, അനുഭാവമില്ലാത്ത മുഖത്തെ ഒരു ഭാഗം വലിച്ചുള്ള ചിരി. കളങ്കാവലിലെ 23 സ്ത്രീകൾക്കു മുന്നിൽ മലയാളിയുടെ സൗന്ദര്യബോധത്തെ ഒന്നൊന്നായി അയാൾ കൊല ചെയ്യുന്നു. ജിതിൻ കെ. ജോസിന്റെ ആദ്യ സംവിധാനത്തിൽ അയാളും ജിഷ്ണു ശ്രീകുമാറും ചേർന്നെഴുതിയ തിരക്കഥ.
കളങ്കാവലിൽ കൊലക്കിരയാകുന്ന സ്ത്രീകൾ നിർദ്ധനരും സൗന്ദര്യസങ്കൽപങ്ങളുടെയും അരക്ഷിത ജീവിതത്തിന്റെ ഇരകളുമാണ്. അയാളിൽ വീഴാത്തവരോടുള്ള പല്ലിറുമ്മൽ പ്രകടമായി സിനിമയിൽ കാണിക്കുന്നുണ്ട്.
സൗന്ദര്യങ്ങളെ പിന്തുടരുന്നതു നല്ലതുതന്നെ. അവ ജീവിതത്തിന്റെ നിർണ്ണായക ഭാഗം തന്നെയാണ്. അവ ആപൽക്കരമായ ആഴമുള്ള അപകടങ്ങളുടെ ചുഴിയും ഏറ്റുമുട്ടലും കൊണ്ട് മനുഷ്യരെ മാടിവിളിക്കും. ആനന്ദമായിരിക്കാം അതിന്റെ രതിമൂർച്ഛ എന്നാശിക്കാനേ നിർവ്വാഹമുള്ളൂ. Sex is not a promise എന്നു പറയുന്നപോലെ Beauty is not a promise.

സൗന്ദര്യത്തെ പിന്തുടരുന്നത് ചിലന്തിവലയിലെ കാത്തിരിപ്പുപോലെ സ്വയമൊരു കെണിയൊരുക്കലും ഇരയാകലുമാണ്.
കളങ്കാവലിൽ മമ്മൂട്ടി വിനായകനെ വെച്ചു മാറുന്നുണ്ട്. ഒരു ഗംഭീര ഡൈനമിക്ക് ചേഞ്ച്. വിനായകൻ മലയാളിയുടെ സൗന്ദര്യസങ്കല്പത്തിന് എത്രയടി അകലെ നില്ക്കണം- മലയാളീസ് ആത്മ പരിശോധനയ്ക്ക് തയ്യാറാകുമോ? കാണുന്നവരുടെ കണ്ണിലാണ് സൗന്ദര്യം എന്നുപറയാൻ കാഴ്ചക്കാരൻ സത്യസന്ധൻ / ജനുവിൻ ആയിരിക്കണം. സൗന്ദര്യം നിഷ്പക്ഷമായ കാഴ്ചയല്ല. വിനായകൻ നിൽക്കുന്ന അകലം കുറച്ച് മലയാളിയുടെ ഹൃദയത്തിൽ നുഴഞ്ഞു കയറിയ അന്ത പയ്യൻ കലാഭവൻ മണിയാണ്. മമ്മൂട്ടിക്കമ്പനി ഒരുക്കിയ കളങ്കാവലിൽ വിനായകന് സ്ക്രീൻ സ്പേയ്സ് കൂടുമ്പോൾ മമ്മൂട്ടി അയാളെ എയ്സ്തെറ്റിക്കലി ഡിസ്റ്റോർട്ട് (aesthetic distort) / രൂപമാറ്റം ചെയ്യുകയാണ്. വേഷം, Style of acting, Presence എന്നിവയിലെല്ലാം അടിമുടി മാറ്റം.
‘എനിക്ക് സംസാരിക്കാൻ അറിയില്ല’ എന്നു പറഞ്ഞ് വിനായകൻ പ്രേക്ഷകരെ അഭിസംബോധന ചെയ്യുമ്പോൾ മമ്മൂട്ടി ആശ്വസിപ്പിച്ചുകൊണ്ട് ചേർത്തുപിടിക്കുന്നുണ്ട്. ‘സംസാരിക്കാൻ അറിയില്ലെങ്കിലും അയാൾക്ക് അഭിനയിക്കാൻ നന്നായി അറിയാം’- മമ്മൂക്കയുടെ മറുപടി.
ആത്മാഭിമാനം നഷ്ടപ്പെടുന്ന ദുരിതപൂർണമായ ജീവിതത്തെ സൗന്ദര്യബോധംകൊണ്ട് മുന്നോട്ടു നടത്താം. ദുരിതങ്ങൾ രണ്ടു രീതിയിലുണ്ട്. ആരോഗ്യപരമായതും, രോഗപരമായതും. തിരിച്ചറിഞ്ഞ് ചേർത്തുപിടിക്കുകയാണ് വേണ്ടത്. ഈ ചേർത്തുപിടിക്കൽ വിനായകനിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കിയേക്കാം.

മമ്മൂട്ടിയുടെ കളങ്കാവലിലെ ആന്റിഗണിസ്റ്റ് പ്രേക്ഷകരോടുള്ള മറ്റൊരു ഏറ്റുപറച്ചിലാണ്. ഒരു പശ്ചാത്താപ പ്രായശ്ചിത്തം.
മമ്മൂട്ടിയെക്കുറിച്ചുള്ള പൊങ്ങച്ചങ്ങളുടെ പൊങ്ങച്ചങ്ങൾ ചത്തു. അയാൾതന്നെ കൊന്നു. നിങ്ങൾക്ക് നിങ്ങളുടെ കല്ലറ നേടണമെങ്കിൽ നിങ്ങളെ കൊന്നേ മതിയാകൂ. അത് നിങ്ങൾ മരിക്കുന്നതിനു മുമ്പായിട്ടുവേണം. ആ കല്ലറയുടെ പേരാണ് വിജയം (Success).
- Jack Kerouac.
മമ്മൂട്ടി മമ്മൂട്ടിയെ കൊന്നു. മലയാളി ഇതുവരെ ആരാധിച്ചിരുന്ന നന്മമരം മമ്മൂട്ടി ഇനിയില്ല.
മമ്മൂട്ടിയും ബഷീറും പരുക്കനാണ്. അതുകൊണ്ടുതന്നെ ചിലർക്ക് അപ്രിയങ്ങളാണ്. സൗന്ദര്യസങ്കല്പങ്ങളുടെ രണ്ട് extreme end. അവരെ അവതരിപ്പിക്കുന്നതിന് അവർക്ക് കലയല്ലാതെ മറ്റൊരു വഴക്കമുള്ള മിനുസമുള്ള മീഡിയമില്ല.
മലയാളിയെ ഞെട്ടിക്കാൻ ചന്തുവിന്റെ ജീവിതം പിന്നെയും ബാക്കി.
