ശാരദേ, ഞാനൊരു വികാരജീവിയാണ് എന്ന ഡയലോഗിന്റെ വേരു തേടി പോകണമെന്ന തോന്നലിലാണ് ‘മൂലധനം’ എന്ന സിനിമ കാണുന്നത്. തോപ്പിൽ ഭാസി എഴുതി പി.ഭാസ്കരൻ സംവിധാനം ചെയ്ത സിനിമ. തോപ്പിൽ ഭാസി നാടകകൃത്തായതിനാൽതന്നെ സ്റ്റേജിൽ എന്നത് പോലെയാണ് മൂലധനം എന്ന സിനിമയിലെ പല രംഗങ്ങളും ചെയ്തിരിക്കുന്നത്.
ശങ്കരാടി സെക്രട്ടറിയായിരുന്ന പ്രതിഭ ആർട്സ് ക്ലബ്ബ് 1958-ൽ നാടകമായി രംഗത്ത് എത്തിച്ചതായിരുന്നത്രേ തോപ്പിൽ ഭാസി എഴുതിയ ‘മൂലധനം’ എന്ന നാടകം. പത്ത് വർഷങ്ങൾക്ക് ശേഷം 1969-ൽ മൂലധനം എന്ന നാടകം സിനിമയാവുകയായിരുന്നു. നാടകരംഗങ്ങൾ പോലെയുള്ള കാര്യങ്ങൾ സിനിമയിലും വരുന്നത് നാടകത്തെ സിനിമയിലേക്ക് മാറ്റി നട്ടതു കൊണ്ടുകൂടിയാകാം. ‘ശാരദേ, ഞാനൊരു വികാരജീവിയാണ്’ എന്ന സംഭാഷണം ‘മൂലധനം’ സിനിമയിൽ പറയുന്ന കെ.പി.ഉമ്മറും കോഴിക്കോട് കലിംഗ തിയേറ്ററിൽ നിന്നും സിനിമയിലേക്ക് എത്തിയ നടനാണ്.
ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയായതിനാൽ എത് പൂവാണ് എന്നൊന്നും വ്യക്തമാകാത്ത ഒരു പൂവ് കെ.പി. ഉമ്മർ കൈയിൽ പിടിക്കുന്നുണ്ട്. റോസാപ്പൂവാകാം. വെളുത്തു കാണുന്നതിനാൽ നന്ത്യാർവട്ടം പൂവ് പോലെയാണ് ‘മൂലധനം’ എന്ന ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയിൽ ആ പൂവിനെ അനുഭവപ്പെടുന്നത് എങ്കിലും വികാരജീവികൾ നന്ത്യാർവട്ടം പൂവ് കൈയിൽ പിടിക്കാനുള്ള സാധ്യത വളരെ കുറവാണ്. പനിനീർപ്പൂവ് തന്നെയാകും.
‘ശാരദേ, ഞാനൊരു വികാരജീവിയാണ്’ എന്ന് ആ കഥപാത്രം ആ സിനിമയിൽ പറയുന്നതിന് മുമ്പ് എത്രയോ തവണ ആ കഥാപാത്രം തൻെറ വീട്ടിൽ ചെല്ലുന്നുണ്ട് എന്ന കാര്യം, ശാരദ ഭർത്താവായ രവിയോട് (സത്യൻ അഭിനയിച്ച കഥാപാത്രം) തുടർന്നുവരുന്ന രംഗങ്ങളിൽ പറയുന്നുണ്ട്. നടി ശാരദ തന്നെയാണ്, ശാരദ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാടകസ്റ്റേജിൽ നടന്മാർ വരുന്നു, ഡയലോഗ് പറയുന്നു, പോകുന്നു എന്നത് പോലെ തന്നെയാണ് കെ.പി. ഉമ്മർ അവതരിപ്പിക്കുന്ന മധു എന്ന കഥാപാത്രം സിനിമയിൽ വരുന്നതും പോകുന്നതും. നാടകത്തിന്റെ സ്വഭാവമുള്ളതിനാൽ ആ ഡയലോഗും മറ്റ് ഡയലോഗുകളിൽ ചിലതുമൊക്കെ വീണ്ടും വീണ്ടും മൂലധനം എന്ന സിനിമയിൽ വരുന്നതായി കാണാൻ പറ്റും. ചില കഥാപാത്രങ്ങളുടെ പലയിടങ്ങളിൽ ആവർത്തിച്ചു വരുന്ന ഒരേ രീതിയിലുള്ള സംഭാഷണങ്ങൾ ആ കാര്യത്തിൽ കൗതുകമുണർത്തുന്നതും രസം തീർക്കുന്നതുമാണ്. ചില കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ തമാശ തീർക്കാൻ കൂടിയാണ് അത്തരത്തിൽ സംഭാഷണങ്ങളുടെ ആവർത്തനങ്ങൾ തോപ്പിൽ ഭാസി ഉപയോഗിച്ചിരിക്കുന്നത്.

‘ഞാനൊരു വികാര ജീവിയാണ്’ എന്ന സംഭാഷണവും ആവർത്തിക്കുന്നുണ്ട്. മധു ഇടയ്ക്കിടെ ശാരദയുടെ അടുത്തുവന്ന് താനൊരു വികാരജീവിയാണ് എന്ന് പറയുകയും പോവുകയുമാണ്. ശാരദ മധുവിനെക്കുറിച്ച് തനിക്കുള്ള മോശം അഭിപ്രായം സിനിമയുടെ തുടക്കത്തിൽ തന്നെ ഭർത്താവ് രവിയോട് തുറന്ന് പറയുന്നുണ്ട്. എന്നിട്ടും രവി താൻ എഴുതിയ ‘പളുങ്ക്’ എന്ന നോവൽ തന്റെ തൂലികാനാമത്തിൽ പ്രസ്സിൽ അച്ചടിപ്പിക്കാൻ വികാരജീവിയായ മധുവിനെ ഏൽപ്പിക്കുന്നു. വികാരജീവികളെ അത്തരം കാര്യങ്ങൾ ഏൽപ്പിക്കരുത് എന്ന ചിന്ത നായകന് തോന്നാത്തതിനാൽ തന്നെ വികാരജീവിയായ മധു ആ നോവൽ സ്വന്തം പേരിലേക്ക് ആക്കിക്കൊണ്ട് ഒരു വിചാരജീവി കൂടി ആയി മാറുന്നുണ്ട്!
‘നോക്കെത്താദൂരത്ത് കണ്ണും നട്ട്’ എന്ന സിനിമയിൽ ‘അവൾ ഉറങ്ങുകയാണ്’ എന്നൊരു ഡയലോഗ് കെ.പി. ഉമ്മർ പറയുന്നുണ്ട്. ‘അവൾ ഉറങ്ങുകയാണ്’ എന്നത് തികച്ചും സ്വാഭാവികമായി പറയാവുന്നതും എടുത്തുപറയാൻ മാത്രം ശ്രദ്ധിക്കപ്പെടാൻ സാധ്യതയില്ലാത്തതുമായ ഒരു ഡയലോഗാണ്. ‘ശാരദേ, ഞാൻ ഒരു വികാരജീവിയാണ്’ എന്നത് പോലെ പ്രത്യേകതയൊന്നും ആ ഡയലോഗിന് വരാൻ ഇടയില്ല. പക്ഷേ ആ ഡയലോഗ് കെ.പി. ഉമ്മർ പറയുന്നത് കേൾക്കാൻ വളരെ പ്രത്യേകതയുണ്ട് എന്നതാണ്. കെ.പി.ഉമ്മർ എന്ന നടന്റെ അസാധാരണമായ കഴിവാണ് ശാരദേ, ‘ഞാനൊരു വികാരജീവിയാണ്’ എന്ന ഡയലോഗിനെയും ആ സിനിമ ഇറങ്ങിയ 1969 മുതൽ മങ്ങാതെ മായാതെ നിലനിർത്തുന്നത്. ‘മൂലധനം’ എന്ന സിനിമ വലിയ വിജയമായിരുന്നത്രെ. സിനിമാകൊട്ടകകളിൽ ഏറെ നാളുകൾ ആ സിനിമ പ്രദർശിപ്പിക്കുകയുണ്ടായത്രെ.
1969-ൽ ഇറങ്ങിയ ‘മൂലധനം’ കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന ആ വർഷമോ, അതല്ല, അതിനടുത്ത വർഷമോ മമ്മൂട്ടി എന്ന നടൻ ഏത് പ്രായത്തിലാകും? മമ്മൂട്ടിയ്ക്ക് ആ കാലത്ത് ഒരു സിനിമാപാട്ടിൽ പറയുന്ന മട്ടിൽ പതിനേഴ്, പതിനെട്ട് പ്രായമായിരിക്കും. മമ്മൂട്ടി എറണാകുളം മഹാരാജാസ് കോളേജിൽ പഠിക്കുന്ന കാലമായിരിക്കും. ആ കാലത്ത് സി ക്ലാസ് തീയേറ്ററുകൾ ഒക്കെയുണ്ട്. ‘മൂലധനം’ സിനിമയും സിനിമയിലെ പാട്ടുകളും കേരളത്തിൽ പലയിടങ്ങളിൽ എത്തിയ കാലമായിരിക്കും. ‘സ്വർഗ്ഗഗായികേ ഇതിലേ ഇതിലേ’, ‘എന്റെ വീണക്കമ്പിയെല്ലാം വിലയ്ക്കെടുത്തു’, ‘പുലരാൻ ആയപ്പോൾ പൂങ്കോഴി കൂവിയപ്പോൾ പുതുമണവാളനൊന്ന് ഉറങ്ങിയപ്പോൾ’, ‘ഓരോ തുള്ളിച്ചോരയിൽ നിന്നും ഒരായിരം പേർ ഉയരുന്നു’ എന്നൊക്കെയുള്ള പി. ഭാസ്കരൻ എഴുതി ജി. ദേവരാജൻ സംഗീതം നൽകിയ പാട്ടുകൾ ഒരുപാട് കാലം പലരും കേട്ടതും സ്വന്തം നിലയ്ക്ക് പറഞ്ഞും പാടിയും നടന്ന സിനിമയാണ്. മമ്മൂട്ടിയും അദ്ദേഹത്തിനൊപ്പം പഠിച്ചവരിൽ മിക്കവരും ആ സിനിമ തീർച്ചയായും കണ്ടുകാണും.
മഞ്ചേരിയിൽ വക്കീലായി ജോലി നോക്കിയിരുന്ന കാലത്ത് മമ്മൂട്ടി ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ശ്രീനിവാസനെ കണ്ട് അടുത്തേക്ക് ഓടിച്ചെന്നതായി ഒരു സംഭവകഥ കേട്ടിട്ടുണ്ട്. ശ്രീനിവാസൻ അക്കാലത്ത് തെല്ല് സജീവമായി സിനിമയിലുണ്ട്. അത്രയും ആവേശമായിരുന്നു അറുപതുകളുടെ പകുതികളിലും എഴുപതുകളിലുമൊക്കെ മമ്മൂട്ടിക്ക് സിനിമ. ഏത് കാലത്തും മമ്മൂട്ടിക്ക് അത് അത്തരത്തിൽ തന്നെയായിരുന്നു.
സിനിമയിലെത്തിയശേഷം തനിക്ക് മമ്മൂട്ടിയെന്ന പേര് വരാനിടയായ സാഹചര്യം ദൂരദർശനിൽ ‘നക്ഷത്രങ്ങളുടെ രാജകുമാരൻ’ ഡോക്യുമെന്ററിയിൽ വി.കെ. ശ്രീരാമനോട് മമ്മൂട്ടി വിശദീകരിക്കുന്നുണ്ട്. ശശിധരൻ എന്ന സുഹൃത്താണ് ആദ്യമായി മമ്മൂട്ടിയെന്ന് വിളിച്ചതെന്നാണ് പറയുന്നത്. മുഹമ്മദ് കുട്ടി എന്ന പേരിന് പകരം ഒമർ ഷെരീഫ് എന്ന് പേര് പറഞ്ഞു നടന്നിരുന്ന സമയത്ത് ഐഡന്റിറ്റി കാർഡ് ശശിധരൻ എന്ന കൂട്ടുകാരന് കിട്ടുന്നതും മറ്റുമായ കാര്യമാണത്.
പിന്നീട് ശശിധരൻ എന്ന മമ്മൂട്ടിയുടെ കൂട്ടുകാരൻ തന്നെ ആ കാര്യം പറയുന്ന ഒരു അഭിമുഖം വന്നിട്ടുണ്ടായിരുന്നു. അതിനൊക്കെശേഷം കൂടുതൽ പേരിലേക്ക് ആ കാര്യം എത്തും വിധം മമ്മൂട്ടി തന്നെ എറണാകുളം മഹാരാജാസ് കോളേജിലെ ഒരു പരിപാടിയിൽ വെച്ച് ഇക്കാര്യം പറയുകയും സദസ്സിലുണ്ടായിരുന്ന കോളേജ് കാലത്തെ കൂട്ടുകാരൻ ശശിധരനെ വേദിയിലേക്ക് വിളിക്കുകയും എല്ലാവർക്കും പരിചയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ആ വീഡിയോ കേരളം ഏറ്റെടുക്കുകയും വൈറലാവുകയും ചെയ്തു. ശ്രീനിവാസൻ തിരക്കഥ എഴുതി എം. മോഹനൻ സംവിധാനം ചെയ്ത ‘കഥ പറയുമ്പോൾ’ സിനിമയുടെ ക്ലൈമാക്സിൽ മമ്മൂട്ടി തന്നെ അവതരിപ്പിച്ച സിനിമാതാരകഥാപാത്രം, തനിക്ക് സഹായം ചെയ്തു തന്ന സ്കൂൾ പഠനകാലത്തെ പഴയ കൂട്ടുകാരനെ പറ്റി പറയുന്ന രംഗത്തോട് ഇതിന് വലിയ സാമ്യമുള്ളതായി പലരും ചൂണ്ടിക്കാട്ടി.

‘മൂലധനം’ എന്ന സിനിമയും തോപ്പിൽ ഭാസി എന്ന എഴുത്തുകാരനും ശശിധരൻ എന്ന കൂട്ടുകാരനെ സ്വാധീനിച്ചിരിക്കാനുള്ള സാധ്യതയെ പറ്റിയാണ് ചിന്തിക്കുന്നത്. തനിക്ക് പകരം വന്ന ആളാണല്ലേ എന്ന് മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തോട് പ്രേംനസീർ അവതരിപ്പിക്കുന്ന കഥാപാത്രം ചോദിച്ചതായി ‘കാലചക്രം’ എന്ന സിനിമയിലെ ഒരു സംഭാഷണത്തെ പറ്റി മുകേഷ് എഴുതിയതായി വായിച്ചിട്ടുണ്ട്. സിനിമയിലെ സംഭാഷണമായിരുന്നു അതെങ്കിലും മലയാള സിനിമയിലും പ്രേംനസീറിന്റെ തുടർച്ച പോലെയൊക്കെ മമ്മൂട്ടി വരികയായിരുന്നു. തമ്മിൽ പറയുന്ന സംഭാഷണങ്ങൾ പോലും ജീവചരിത്രത്തിന്റെ ഭാഗമായി മാറുകയാണ്. കൂട്ടുകാരനായ ശശിധരൻ ആയാലും പ്രേംനസീർ ആയാലും അവരുടെ സംഭാഷണങ്ങളാൽ ജീവചരിത്രത്തിന്റെ ഭാഗമാകുകയാണ്.
‘മൂലധന’ത്തിലെ സംഭാഷണങ്ങൾ പലതും പലയിടങ്ങളിൽ ആവർത്തിച്ചു വരുന്നുണ്ട്. അതേ പോലെ മമ്മൂട്ടി എന്ന വിളിപ്പേരും ആ സിനിമയിൽ ശ്രദ്ധേയമായ വിധത്തിൽ ആവർത്തിച്ചുവരുന്നുണ്ട്. നായകൻ രവിയായി അഭിനയിക്കുന്ന സത്യന്റെ സഹചാരിയായ കഥാപാത്രമാണ് പ്രേംനസീർ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്ന കഥാപാത്രം. ഒന്നിച്ച് പ്രവർത്തിക്കുന്ന സഹകഥാപാത്രത്തെ മമ്മൂട്ടി എന്ന് സിനിമയുടെ തുടക്കത്തിൽ തന്നെ രവി എന്ന കഥാപാത്രം വിളിക്കുന്നുണ്ട്. പിന്നീടും പല കഥാപാത്രങ്ങളും മമ്മൂട്ടി എന്ന പേര് സിനിമയിൽ പറയുന്നുണ്ട്. അതൊക്കെ ഒരു കഥാപാത്രത്തിന്റെ പേര് എന്ന വിധത്തിൽ വരുന്നതാണ്.
‘ഒളിച്ചു, പിടിച്ചു, ഓടിയോടിയൊളിച്ചു, തേടിത്തേടിപ്പിടിച്ചു’ എന്ന പാട്ടിനുശേഷം വരുന്ന ഭാഗങ്ങളിൽ മൂന്ന് പ്രാവശ്യം ‘മൂലധനം’ സിനിമയിൽ മമ്മൂട്ടീ എന്ന് ഉറക്കെ വിളിക്കുന്നുണ്ട്. ആ കഥാപാത്രത്തിന്റെ പേര് സിനിമ കണ്ട പ്രേക്ഷകരിൽ വളരെ ശക്തിയിൽ ഉറയ്ക്കും വിധമാണ് ആ മൂന്ന് വിളികൾ. സിനിമാകൊട്ടകകളിൽ പ്രേക്ഷകരിലേക്ക് പ്രത്യേക ശ്രദ്ധയിലേക്ക് എത്തും വിധമാണ് ആ വിളികൾ സിനിമയിൽ തീർത്തതായി കാണുന്നത്. നബീസ എന്ന ജയഭാരതി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഒന്നിച്ച് നിൽക്കുന്ന മമ്മൂട്ടി എന്ന ഭർത്താവ് കഥാപാത്രത്തെ ഒളിവിൽ നിന്നും പിടിക്കുന്ന സന്ദർഭമാണത്. ആ മൂന്ന് മമ്മൂട്ടി വിളികൾ തോപ്പിൽ ഭാസി എഴുതിയതും പി.ഭാസ്കരൻ സംവിധാനം ചെയ്തതുമാണ്.
മമ്മൂട്ടി എന്ന കഥാപാത്രം മറ്റ് ഏതെങ്കിലും കഥകളിലോ നോവലുകളിലോ അതിന് മുമ്പ് വന്നിട്ടുണ്ടോ എന്ന് അറിയില്ല. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിൽ ‘രവി’ എന്ന ഒട്ടേറെ പേർക്ക് അറിയും വിധത്തിലുള്ള കേന്ദ്ര കഥാപാത്രമുണ്ട്. പക്ഷേ കഥാപാത്രങ്ങളുടെ പേരായി മമ്മൂട്ടി എന്ന പേര് അത്രയൊന്നും പരിചയമില്ല തന്നെ. അതിനാൽ തന്നെ സിനിമയിൽ മമ്മൂട്ടി എന്ന പേര് ആദ്യം കേൾക്കാൻ ഇടയായപ്പോൾ മമ്മൂഞ്ഞ് എന്നാണോ വിളിക്കുന്നത് എന്ന സംശയം തീർക്കാൻ വേണ്ടി ഒ.ടി.ടി പ്ലാറ്റ്ഫോമിൽ സിനിമ കണ്ടുകൊണ്ടിരിക്കെ മൂന്ന് നാല് തവണ പിന്നോക്കം പോയി വീണ്ടും വീണ്ടും കേട്ടു നോക്കുകയുണ്ടായി. മമ്മൂട്ടി തന്നെ. സാക്ഷാൽ മമ്മൂട്ടി.
കെ.പി. ഉമ്മർ പറയുന്ന ശാരദേ, ‘ഞാൻ ഒരു വികാരജീവിയാണ്’ എന്ന ഡയലോഗ് ഇക്കാലത്ത് ധാരാളം ട്രോളുകളായി വരുന്ന സംഭാഷണമാണ്. ട്രോളുകളിലെ തമാശകളെ കരുതി ആ സംഭാഷണം വരുന്ന സിനിമ വെറുതെ ഒന്ന് കണ്ടു നോക്കാം എന്ന ചിന്ത മാത്രമേയുണ്ടായിരുന്നുള്ളു. ആ സംഭാഷണം വരുന്നത് പഴയ വല്ല മുഷിപ്പൻ സിനിമയിലുമാണ് എങ്കിൽ മുഴുവൻ കാണേണ്ടതില്ല എന്ന ചിന്ത പോലും ഉണ്ടായിരുന്നു. പക്ഷേ പി. ഭാസ്കരന്റെയും തോപ്പിൽ ഭാസിയുടെയും സിനിമയിലാണ് ആ സംഭാഷണം വരുന്നത് എന്ന് കണ്ടതോടെ ‘മൂലധനം’ മുഴുവൻ കാണുകയായിരുന്നു. ‘നീലക്കുയിൽ’ എന്ന സിനിമയോടെ പി. ഭാസ്കരൻ മലയാള സിനിമകളുടെ ദിശ തന്നെ തിരിച്ചു വിട്ട സംവിധായകനാണ്.

കൂട്ടുകാരൻ തനിക്ക് നൽകിയ മമ്മൂട്ടി എന്ന പേരിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഒരു വിധം മലയാളികൾ എല്ലാവരും അറിയുകയോ ആ വീഡിയോ കാണുകയോ ചെയ്തിട്ടുണ്ടാവും. എന്നാൽ ‘മൂലധനം’ എന്ന സിനിമയ്ക്ക് ഒരു പക്ഷേ ആ പേരിടലുമായി ബന്ധമുണ്ടെങ്കിൽ ആ കാര്യം ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടാകുമോ? മമ്മൂട്ടി തന്നെയും ആ കാര്യം അറിഞ്ഞിട്ടുണ്ടാകുമോ? അഥവാ അങ്ങനെയെങ്കിൽ തോപ്പിൽ ഭാസിയുടെ ഒരു കഥാപാത്രത്തിന്റെ പേരാണ് കൂട്ടുകാരനിലൂടെ ലഭിച്ചിരിക്കുന്നത്യം പലയിടങ്ങളിലായി നിറഞ്ഞു നിൽക്കുന്നതെന്നും മമ്മൂട്ടി അറിഞ്ഞിരിക്കുമോ? സിനിമ എന്ന ദൃശ്യശ്രാവ്യകല കൂട്ടുകാരനിലൂടെ നൽകിയ പേരിലൂടെ മമ്മൂട്ടി എന്ന നടൻ സഞ്ചരിച്ച് എത്തിയ ദൂരങ്ങൾ എന്നും ചിന്തിക്കാൻ വഴി കാണില്ലേ? അഥവാ അങ്ങനെ ആണെങ്കിൽ അത്തരത്തിൽ ചിന്തിക്കാൻ പറ്റുന്ന വഴി കാണാൻ ഇടയുണ്ട്.
