മാമുക്കോയ: തഗ്ഗുകളുടെ ഒടേ​​മ്പ്രാൻ

‘‘പടച്ച തമ്പുരാനെ, വണ്ടെന്ന് വച്ചാ എജ്ജാതി വണ്ട്'' എന്നുപറയുന്ന കാഷായവസ്ത്രധാരിയേയും അസലാമും അലൈക്കും പറയുന്ന സുബ്രഹ്മണ്യശാസ്ത്രികളെയും ‘ഞമ്മളെ എളനീര്' എന്ന് പറയുന്ന INSP മണ്ഡലം പ്രസിഡണ്ട് പൊതുവാള്‍ജിയേയും ഒന്നും കാര്യമായ ഭാഷാശുദ്ധി പരിശോധനകള്‍ക്ക് കടത്തിവിടാതെ മലയാളികള്‍ നെഞ്ചിലേറ്റി. 

‘മാമുക്കോയ' എന്ന പേര് യു റ്റ്യൂബിലോ ഇന്‍സ്റ്റാഗ്രാമിലോ ഒന്ന് പരതുക. അടുത്തനിമിഷം നാം എത്തിപ്പെടുക തഗ്ഗ് റീലുകളുടെ കൂമ്പാരത്തിലാകും. ‘മാമുക്കോയ തഗ്ഗ്’ എന്ന പേരില്‍ തുടങ്ങുന്ന നിരവധി ഫാന്‍പേജുകളാണ് ആ നടന്റെ പേരില്‍ സമൂഹമാധ്യമങ്ങളിലുള്ളത്. 

കുറിക്കുകൊള്ളുന്ന, സരസമായ മറുപടികള്‍, നിമിഷാര്‍ഥത്തില്‍ തൊടുക്കുന്നതിനെയാണ് ‘തഗ്ഗ്' എന്ന പ്രയോഗം കൊണ്ട് വിശേഷിപ്പിക്കുന്നത്.
അങ്ങനെ നോക്കുകയാണെങ്കില്‍ തഗ്ഗുകളുടെ  ഒടേതമ്പുരാനെയാണ് മലയാളസിനിമയ്ക്ക് ഇന്ന്  നഷ്ടമായത്.

തഗ്ഗ് എന്ന പദം  കാഴ്ചയില്‍ വിദേശിയാണെങ്കിലും അതിന്റെ വേരുകള്‍ പരതി യാത്ര തിരിച്ചാല്‍ നാം എത്തിച്ചേരുക ഉത്തരേന്ത്യയിലെ ചമ്പല്‍ അടക്കമുള്ള വരണ്ട ഭൂപ്രദേശങ്ങളിലാവും. വ്യാപാരികള്‍, വഴിയാത്രക്കാര്‍ എന്നിവരെ കൊള്ളയടിക്കുന്നവര്‍  എന്നര്‍ത്ഥമുള്ള ഹിന്ദി- സംസ്‌കൃത പദങ്ങളില്‍ നിന്നാണ്  തഗ്ഗ് എന്ന പദം ഇംഗ്ലീഷ് നിഘണ്ടുവില്‍ കയറിക്കൂടുന്നത്. എന്നാല്‍ സമൂഹമാധ്യമങ്ങള്‍ സജീവമായതോടെ തഗ്ഗ് എന്ന പദത്തിനു വലിയ സ്വീകാര്യത ലഭിച്ചു. 

പ്രേക്ഷകരുടെ പ്രതികരണമറിച്ച്​ സ്‌പോട്ട് ഇംപ്രൊവൈസേഷൻ നടത്താനുള്ള സാധ്യത അനുവദിച്ചു നല്‍കുന്ന സ്റ്റാന്‍ഡ്  അപ്പ് കോമെഡികളും സ്റ്റേജ്‌ഷോകളും മലയാളനാട്ടില്‍ സാധാരണമായതോടെ തഗ്ഗ് എന്ന പ്രയോഗത്തിന് കൂടുതല്‍ പ്രചാരം ലഭിച്ചു. രമേഷ് പിഷാരടി  അടക്കമുള്ള കലാകാരന്മാര്‍ക്ക് പ്രേക്ഷകപ്രീതി നേടിക്കൊടുക്കുന്നതില്‍ തഗ്ഗടിക്കാനുള്ള അവരുടെ ശേഷിയ്ക്ക് സവിശേഷ സ്ഥാനം തന്നെയുണ്ട്. 

എന്നാല്‍ ഇതിനും പതിറ്റാണ്ടുകള്‍ക്കുമുമ്പുതന്നെ മുമ്പുതന്നെ ‘തഗ്ഗടി' ഓണ്‍സ്‌ക്രീന്‍ ജീവിതത്തിന്റെ ഭാഗമാക്കിയ ഒരു കലാകാരനുണ്ട്​, മാമുക്കോയ.

ഉന്തിയ പല്ല്, കഷണ്ടി കയറിയ തല, തീരെ മെല്ലിച്ച ശരീരം, നാവില്‍ പണ്ടേ ഇരുപ്പുറപ്പിച്ച മലബാര്‍ മലയാളം. ഒന്ന് നോക്കുകയാണെങ്കില്‍ മാമുക്കോയയുടെ പ്രത്യേകതകള്‍ എന്ന് ഇന്ന് വാഴ്ത്തപ്പെടുന്ന മേല്‍പ്പറഞ്ഞ ഈ ഘടകങ്ങള്‍ സിനിമ പോലെയുള്ള ഒരു ഇന്‍ഡസ്ട്രിയില്‍ എത്തിപ്പെടുന്ന ഒരു കലാകാരന് നൂറു ശതമാനവും ബാക്ക്ഫയര്‍ ചെയ്യപ്പെടാനായിരുന്നു  സാധ്യത. എന്നാല്‍ 450 ലേറെ ചിത്രങ്ങള്‍ ചെയ്ത, അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട സിനിമ ജീവിതം സ്വന്തമായുള്ള മാമുക്കോയയ്ക്ക്, 1970- കളുടെ അവസാനം മുതല്‍ മലയാളി പ്രേക്ഷകരുടെ ആസ്വാദകലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്താന്‍ യഥാര്‍ഥത്തില്‍ ഈ പ്രത്യേകതകള്‍ സഹായകമാവുകയാണ് ചെയ്തത്.

തനിക്ക് പ്രതിബന്ധമായേക്കാവുന്ന ഈ വെല്ലുവിളികളെ അതിലംഘിക്കാൻ നിമിഷാര്‍ത്ഥത്തില്‍ ചാട്ടുളി പോലെ പായുന്ന തഗ്ഗടിയും അദ്ദേഹത്തെ ഏറെ സഹായിച്ചിട്ടുണ്ട്. ക്യാമറക്കു മുന്‍പിലെത്തുന്ന താരങ്ങള്‍ക്ക് അവശ്യം വേണ്ട ഒന്നാണ് ടൈമിംഗ്. കൃത്യമായ സമയത്ത് കഥാപാത്രം ആവശ്യപ്പെടുന്ന ഭാവം മുഖത്ത് കൊണ്ടുവരുന്നതിനും സംവിധായകരുടെ മീറ്ററിനൊപ്പിച്ച്​ ഡയലോഗ് പറഞ്ഞുവയ്ക്കുന്നതിനും ഈ ടൈമിംഗ് ആവശ്യമാണ്. അപ്പോഴാണ് സാധാരണയില്‍ കവിഞ്ഞ്​ ടൈമിംഗ് ആവശ്യമുള്ള  ‘തഗ്ഗ് ഡയലോഗുകളുടെ' രാജാവായി ഈ മനുഷ്യന്‍ ഇക്കണ്ട കാലം മുഴുവന്‍ മലയാളികള്‍ക്കിടയില്‍ വാണത്.

സംഭാഷണങ്ങള്‍ തിരക്കഥാകൃത്തിന്റെ സംഭാവനയാവാം. പക്ഷേ അവരുദ്ദേശിക്കുന്ന രീതിയില്‍ എഴുതിവെച്ചത്​ സ്‌ക്രീനിലെത്തിക്കാന്‍ കാലിബറുള്ള നടനോ നടിയോ ഇല്ലെങ്കില്‍ അത്തരം രംഗങ്ങ​ളൊക്കെയും  പരാജയമായേനെ. സംശയമുള്ളവര്‍ മാമുക്കോയ പറഞ്ഞ ഒരു തഗ്ഗ് ഡയലോഗ് പേപ്പറില്‍ ഒന്ന് പകര്‍ത്തിയ ശേഷം ഒന്ന്  പറയാന്‍ ശ്രമിച്ചു നോക്കൂ. 

മാമുക്കോയയ്ക്ക് മലയാളികളോടുണ്ടായിരുന്ന അതേ സ്‌നേഹം തിരിച്ചു പ്രേക്ഷകര്‍ക്കും അയാളോടുണ്ടായിരുന്നു എന്നുവേണം കരുതാന്‍.  ‘നായീന്റെ മോനേ' എന്ന പ്രയോഗം മാന്യതയുടെ അപ്പുറത്തുള്ള ഒന്നാണെങ്കിലും അത് വിളിക്കുന്നത് മാമുക്കോയ ആണെങ്കില്‍ അതുവരെയില്ലാത്ത ഒരു അഴക് ആ രണ്ടു വാക്കുകള്‍ക്ക് എവിടെനിന്നോ വന്നു കൂടുന്നത് കാണാം. മാത്രമല്ല, സാധാരണ താരങ്ങള്‍ക്ക് അനുവദിക്കാത്ത പലതും മാമുക്കോയയ്ക്ക് നാം അനുവദിച്ചു കൊടുത്തു.

അതുകൊണ്ടുതന്നെ,  ‘‘പടച്ച തമ്പുരാനെ, വണ്ടെന്ന് വച്ചാ എജ്ജാതി വണ്ട്'' എന്നുപറയുന്ന കാഷായവസ്ത്രധാരിയേയും അസലാമും അലൈക്കും പറയുന്ന സുബ്രഹ്മണ്യശാസ്ത്രികളെയും ‘ഞമ്മളെ എളനീര്' എന്ന് പറയുന്ന INSP മണ്ഡലം പ്രസിഡണ്ട് പൊതുവാള്‍ജിയേയും ഒന്നും കാര്യമായ ഭാഷാശുദ്ധി പരിശോധനകള്‍ക്ക് കടത്തിവിടാതെ മലയാളികള്‍ നെഞ്ചിലേറ്റി. കേരളത്തിന്റെ ഏതു ഭാഗത്തുനിന്നുമുള്ള കഥാപാത്രമാവട്ടെ, സ്‌ക്രീനില്‍ അത് അവതരിപ്പിക്കുക മാമുക്കോയ ആണെങ്കില്‍ അയാളുടെ പിറപ്പ് മുതല്‍ നാവില്‍ കൂടിയ മലബാര്‍ മലയാളത്തിന്റെ  ഒരു കഷ്ണം, സിനിമയില്‍ എവിടെയെങ്കിലും ആ കഥാപാത്രം പറഞ്ഞുവച്ചിരിക്കും.

സത്യന്‍ അന്തിക്കാടിന്റെ ഏതെങ്കിലും ഒരു കോമഡി സീന്‍ സ്‌ക്രീന്‌ഷോട്ട് എടുത്ത് പരിശോധിച്ചാല്‍ മലയാള സിനിമ  ഒരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത് എന്ന്  മനസിലാക്കാം. ഒരു കാലത്ത് നമ്മെ കുടുകുടാ ചിരിപ്പിച്ച കലാകാരന്മാരെല്ലാം അരങ്ങൊഴിഞ്ഞ്​, ഓര്‍മകളായി മാറുകയാണ്. 

Comments