പുതിയ മലയാള സിനിമയുടെ
​ഒരു ഡ്രോൺ ഷോട്ട്

ലയാള സിനിമയുടെ അത്യുജ്ജ്വല വർത്തമാന കാലത്തെ പ്രതിഫലിപ്പിക്കുകയാണ് ഈ ലക്കം ട്രൂകോപ്പി വെബ്‌സീൻ.

പുതുതലമുറ ഫിലിം മേക്കേഴ്‌സിന്റെ ഒരു പരിഛേദത്തെ അവരുടെ സിനിമാ വിചാരങ്ങളിലൂടെ അവതരിപ്പിക്കുന്നു. ഇതിൽ സംവിധായകരും എഴുത്തുകാരും സാങ്കേതിക പ്രവർത്തകരും ഉണ്ട്. എല്ലാവരോടും ഒരേ പന്ത്രണ്ട് ചോദ്യങ്ങൾ ചോദിച്ചു. ചിലർ എഴുതി. ചിലർ സംസാരിച്ചു. ചിലർ വോയ്‌സ് നോട്ടായി ഉത്തരം പറഞ്ഞു. ടെക്​സ്​റ്റായി പ്രസിദ്ധീകരിക്കുന്ന ഒരു അഭിമുഖത്തിന് ഉത്തരം മംഗ്ലീഷിൽ എഴുതിതന്നപ്പോൾ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ എന്ന സംവിധായകൻ പലയിടത്തും ഇമോജികളെ ചേർത്തു വെച്ചിരുന്നു. തമാശയും ആത്മപരിഹാസവും നക്ഷത്രം മിന്നുന്ന കണ്ണുകളും അതിലുണ്ടായിരുന്നു. ആ ചിഹ്നങ്ങളെ എങ്ങനെ വികാരമായി ടെക്​സ്​റ്റിൽ ഉൾപ്പെടുത്തുമെന്ന് ആലോചിച്ചു. അങ്ങനെയൊരു വിഷ്വൽ സാധ്യത ടെക്​സ്​റ്റിനുവേണമല്ലോ എന്ന് സിനിമാക്കാരൻ ഓൺലൈൻ ടെക്​സ്​റ്റ്​ മീഡിയയോട് പറഞ്ഞു. ഓഡിയോ ഇന്റർവ്യൂവിൽ പലരും പലയിടത്തും ഉറക്കെ ചിരിച്ചിരുന്നു. ചിലപ്പോൾ ആശങ്കയും എക്‌സൈറ്റ്‌മെന്റും ശബ്ദത്തിൽ പ്രകടിപ്പിച്ചു. ആ വികാരങ്ങളും ടെക്​സ്​റ്റിൽ ഒരു പക്ഷേ മിസ്സാവും.

പുതിയ കാലത്ത് പലതരം മീഡിയങ്ങളുടെ സാധ്യതയെയും ടെക്‌നോളജിയുടെ വികാസത്തെയും ഏറ്റവും ക്രിയാത്മകമായി സിനിമ സ്വന്തം ശരീരത്തോട് ലയിപ്പിക്കുന്നുണ്ട്. ഒപ്പം, കാലം ആഗ്രഹിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന ആശയങ്ങളെയും രാഷ്ട്രീയത്തെയും ശക്തമായിത്തന്നെ സിനിമ അതിന്റെ സ്വാഭാവിക പ്രതിഫലമായി ഏറ്റെടുക്കുകയും ചെയ്യുന്നു. അത് വെറുതെ സംഭവിക്കുന്നതല്ല, ബോധ്യങ്ങളും ലോകക്കാഴ്ചയും ലോകസിനിമാക്കാഴ്ചകളും വെട്ടിയിട്ടിരിക്കുന്ന ഒരേസമയം ലീനിയറും നോൺലീനിയറുമായ, ഫിക്ഷനും ഡ്രമാറ്റിക്കുമായ, വെർച്വലും ഡിജിറ്റലും റിയലുമായ വഴികളിലൂടെ തനിച്ചും കൂട്ടായും നടത്തുന്ന അന്തംവിട്ട നടത്തങ്ങളിലൂടെയാണ്. മലയാള സിനിമയുടെ ഒരു എക്‌സ്ട്രീം ഏരിയൽ ഷോട്ടെടുത്ത് നോക്കിയാൽ അതിൽ ലക്ഷക്കണക്കിന് സിനിമ കാണാം. അതിൽ പലതും ഷൂട്ട് നടക്കുന്നവയാണ്. പലരും എഴുതുന്നു. കുറേയാളുകൾ തിയറ്ററിലും ഒ.ടി.ടിയിലും സിനിമ കാണുന്നു. ചിലർ പ്രീ പ്രൊഡക്ഷനിലും പോസ്റ്റ് പ്രൊഡക്ഷനിലുമാണ്. ചിലരുടെ തലയ്ക്കകത്താണ് സിനിമ, ഇനിയും ചിലർ സിനിമ കാത്തിരിക്കുന്നു.

ഇതൊരു രസമുള്ള കോംപിനേഷനും വർത്തമാനവുമായിരുന്നു. പുതിയ കാലത്തെ സിനിമാക്കാർ എല്ലാവരും ജനാധിപത്യത്തിന്റെയും പരസ്പര ബഹുമാനത്തിന്റേയും ഭാഷയിലാണ് സംസാരിക്കുന്നത് എന്നത് പ്രശംസനീയമാണ്. സ്വന്തം സിനിമയെപ്പറ്റിയും കാലത്തിന്റെ സിനിമയെപ്പറ്റിയും മാർക്കറ്റിനെപ്പറ്റിയും ഓഡിയൻസിനെപ്പറ്റിയും ആത്മവിശ്വാസവും ശുഭാപ്തിവിശ്വാസവുമുള്ള വൈബ്രന്റായ ഒരു തലമുറ. ഈ അടയാളപ്പെടുത്തൽ ആ അർത്ഥത്തിൽ ഒരു ചരിത്ര ഘട്ടത്തിന്റെ ഡോക്യുമെന്റേഷനാണ്. സിനിമയുടെ അത്യുജ്ജ്വല കാലം. ▮​

Comments