ജയമോഹന്റെ നൂറു ഹിംസാശയങ്ങൾ

‘‘കന്യാകുമാരി ജില്ലയിൽ ജനിച്ച ജയമോഹൻ കോളേജ് പഠനകാലത്ത് ആർ.എസ്.എസ് പ്രവർത്തകനായിരുന്നു എന്നദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. ജഗ്ഗി വസുദേവ്, രവിശങ്കർ തുടങ്ങിയ ഗുരുക്കന്മാർ വന്നതിനു ശേഷമാണ് ക്രിസ്ത്യൻ സുവിശേഷകർക്ക് ബദലായി ഹിന്ദുമത പ്രചാരണം ശക്തിപ്പെട്ടത് എന്നും ജയമോഹന് അഭിപ്രായമുണ്ട്. സംഘപരിവാർ ആശയങ്ങളോട് ചേർന്നു പോകുന്ന നിരവധി നിലപാടുകൾ കൊണ്ട് തമിഴ്‌നാട്ടിൽ കുപ്രസിദ്ധനാണ് ജയമോഹൻ. അങ്ങനെയൊരാൾ, തൊഴിലാളികളായ ചെറുപ്പക്കാരുടെ ത്യാഗപൂർണ്ണമായ സൗഹൃദത്തെ അപമാനിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ’’ ഇ.വി. പ്രകാശ് എഴുതുന്നു.

കേരളത്തിലും തമിഴ്നാട്ടിലും വലിയ തോതിൽ പ്രേക്ഷക സ്വീകാര്യത നേടിക്കൊണ്ടിരിക്കവെയാണ് ‘മഞ്ഞുമ്മൽ ബോയ്സി’നെതിരെ ബി.ജയമോഹൻ എന്ന എഴുത്തുകാരൻ ബ്ലോഗെഴുതുന്നത്. മാർച്ച് ഒൻപതിന് പ്രസിദ്ധീകരിച്ച ബ്ലോഗിൻ്റെ തലവാചകം മഞ്ഞുമ്മൽ ബോയ്സ്- "കുടികാര പൊറുക്കികളിൻ കൂത്താട്ടം"(മഞ്ഞുമ്മൽ ബോയ്സ്- കുടിച്ചുകൂത്താടുന്ന തെമ്മാടികൾ) എന്നതായിരുന്നു. ബ്ലോഗിനെ പിൻപറ്റി വിവാദപരമായ വലിയ സംവാദങ്ങൾ ഇപ്പോഴും തുടരുകയാണ്.

'മഞ്ഞുമ്മൽ ബോയ്സി'നെ മുൻനിർത്തി ജയമോഹൻ മലയാളികളെ ഒന്നടങ്കം അപമാനിക്കുന്നു എന്നതാണ് അപകടം. വളരെയേറെ സാഹോദര്യത്തോടു കൂടി ആശയവിനിമയവും സാംസ്കാരികമായ കൊടുക്കൽ വാങ്ങലുകളും നടത്തുന്ന രണ്ടു സംസ്ഥാനങ്ങളാണ് കേരളവും തമിഴ്നാടും.

തമിഴ്നാട്ടിൽ ഒരു മലയാള സിനിമയ്ക്കും കിട്ടാത്ത സ്വീകാര്യതയാണ് 'മഞ്ഞുമ്മൽ ബോയ്സിന് ലഭിക്കുന്നത്. കമൽഹാസൻ ഉൾപ്പടെയുള്ള നിരവധി ചലച്ചിത്ര പ്രതിഭകൾ സിനിമയെ പുകഴ്ത്തി രംഗത്തുവന്നു കഴിഞ്ഞു. ജയമോഹന് സിനിമയെ അതിനിശിതമായി വിമർശിക്കുവാൻ അവകാശമുണ്ട്. എന്നാൽ, അദ്ദേഹത്തിൻ്റെ വിമർശനം സിനിമയിലൂന്നിയല്ല, മലയാളികളുടെ മദ്യപാനത്തിലും പെരുമാറ്റ ശീലങ്ങളിലും ഊന്നിയാണ്. മലയാളികളിൽ മദ്യപാനാസക്തിയും മയക്കുമരുന്നുപയോഗവും വർദ്ധിക്കുന്നു എന്നത് തർക്കമറ്റ വസ്തുതയാണ്. അതു ചർച്ച ചെയ്യുകയും പരിഹരിക്കപ്പെടുകയും ചെയ്യേണ്ടതാണ്. എന്നാൽ, 'മഞ്ഞുമ്മൽ ബോയ്സി'ൻ്റെ കേന്ദ്രപ്രമേയം നിസ്വാർത്ഥമായ സൗഹൃദവും സ്നേഹവും ത്യാഗവുമാണ്.

മദ്യപിച്ചും പാട്ടു പാടിയും കൊടൈക്കനാലിലേയ്ക്ക് വിനോദയാത്ര പോകുന്ന സാധാരണക്കാരായ 11 ചെറുപ്പക്കാരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിതമായ ഒരു സംഭവത്തിൽ അവർ എങ്ങനെ പ്രതികരിച്ചു എന്നതാണ് സിനിമയുടെ കേന്ദ്രപ്രമേയം. കുഴിയിൽ വീണ സുഹൃത്തിൻ്റെ ജീവൻ രക്ഷിക്കുവാൻ, സ്വന്തം ജീവൻ നഷ്ടപ്പെടുത്തുവാൻ തയ്യാറാകുന്നവരെ ജയമോഹൻ എന്തുകൊണ്ട് കാണുന്നില്ല. കുഴിയിൽ വീണ ദുരന്തത്തിനു ശേഷം ഒരു പോലീസുകാരനെ കൂടെക്കൂട്ടി ഗുഹയിലേയ്ക്ക് പോകുന്നതിനിടയിൽ അയാൾ മദ്യം വേണമെന്നു പറയുമ്പോൾ, എത്രമാത്രം അസ്വസ്ഥതയോടെയാണ് അവർ മദ്യം വാങ്ങി അയാൾക്ക് നൽകുന്നത്.

സുഹൃത്തിൻ്റെ ജീവനുവേണ്ടി മാത്രമാണവർ ആ സന്ദർഭത്തിൽ മദ്യം വാങ്ങി പോലീസുകാരന് നൽകുന്നത്. ദുരന്തമുഖത്തു പോലും ചെറുപ്പക്കാരെ ചൂഷണം ചെയ്യുന്ന, ദ്രോഹിക്കുന്ന പോലീസുകാരെപ്പറ്റി ഒരക്ഷരം പോലും ജയമോഹൻ പറയാതിരുന്നത് എന്തുകൊണ്ടാണ്? അദ്ദേഹം പോലീസിൻ്റെ ക്രൂരവും നിന്ദ്യവുമായ നടപടികളെ ന്യായീകരിയ്ക്കുവാൻ ശ്രമിക്കുന്നത് നോക്കുക. "ഈ മലയാള തെമ്മാടികൾക്ക് മറ്റ് ഭാഷകളിലെ ഒരു വാക്ക് പോലുമറിയില്ല. എല്ലാ ചോദ്യങ്ങൾക്കും മലയാളത്തിലേ മറുപടി പറയുകയുള്ളൂ. പക്ഷേ, അവരുടെ ഭാഷ മറ്റുള്ളവർ അറിഞ്ഞിരിക്കണം എന്നൊരു ധാർഷ്ട്യവും പ്രകടമാണ്. ഈ സിനിമയിൽ തമിഴകത്തെ പോലീസ് ഇവരെ കൈകാര്യം ചെയ്യുന്ന രീതി കാണിച്ചിരിക്കുന്നത് സത്യമാണ്. കാരണം എന്തെന്നാൽ അടി അല്ലാതെ മറ്റൊരു ഭാഷയും ഇവർക്ക് മനസ്സിലാവില്ല."

എത്രമാത്രം ക്രൂരമായ, ഫാസിസ്റ്റ് സ്വഭാവമുള്ള ഒരാശയമാണ് ജയമോഹൻ മുന്നോട്ട് വെയ്ക്കുന്നത്. നിസഹായരായ ചെറുപ്പക്കാരെ തല്ലുകയും അവരുടെ പോക്കറ്റടിയ്ക്കുകയും ചെയ്യുന്നത് ആ ഭാഷ മാത്രമേ അവർക്ക് മനസ്സിലാകൂ എന്നതിനാലാണ് എന്നു പറയുന്ന ആളാണ് 'നൂറ് സിംഹാസനങ്ങൾ' എഴുതിയത് എന്നത് അത്ഭുതം തന്നെ.

ജയമോഹൻ്റെ മറ്റൊരു നിരീക്ഷണം ഇപ്രകാരമാണ് ."തമിഴ് സിനിമയിലെ നായകൻ ഏത് തെമ്മാടിയിൽ നിന്ന് സാധാരണ ജനങ്ങളെ രക്ഷിക്കുന്നുവോ, ആ തെമ്മാടിയാണ് ഇപ്പോൾ മലയാള സിനിമയിലെ നായകൻ. ഇതിനൊരു കാരണവുമുണ്ട്. എറണാകുളം കേന്ദ്രമാക്കിയ ലഹരി അടിമകളുടെ ഒരു സംഘം ഇന്ന് മലയാള സിനിമയിൽ വളരെ പ്രാമുഖ്യമുള്ള സ്ഥാനത്തുണ്ട്. അവിടെ രാവും പകലും മദ്യത്തോടും മദ്യത്തേക്കാൾ ദോഷം ചെയ്യുന്ന മറ്റ് ലഹരി വസ്തുക്കളോടുമുള്ള അഭിനിവേശമാണ് കാണാൻ കഴിയുക."

മലയാളത്തിലിറങ്ങുന്ന മനോഹരങ്ങളായ സിനിമകളെ എന്തുകൊണ്ടോ ജയമോഹന് കാണാനാവുന്നില്ല. സംഘപരിവാർ കേന്ദ്രങ്ങൾ സിനിമയിലെ 'മട്ടാഞ്ചേരി മാഫിയ' എന്നാക്ഷേപിക്കുന്നത് ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യം വെച്ചാണ്. ജയമോഹൻ, എറണാകുളം ജില്ലയിലെ സിനിമക്കാരെല്ലാവരും ലഹരി അടിമകളാണെന്ന് പറഞ്ഞു വെയ്ക്കുന്നു. മലയാള സിനിമയിൽ ലഹരി ഉപയോഗം വർദ്ധിക്കുന്നുവെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലടക്കം വന്നിട്ടുണ്ട്. അത് ഒരു പ്രത്യേക പ്രദേശത്തേയ്ക്ക് ചുരുക്കുന്നതിനു പിന്നിൽ മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്.

സൗബിൻ ഷാഹിർ , ശ്രീനാഥ് ഭാസി
സൗബിൻ ഷാഹിർ , ശ്രീനാഥ് ഭാസി

'മഞ്ഞുമ്മൽ ബോയ്സി 'നെപ്പറ്റി ജയമോഹൻ പറയുന്ന ഏക പോസിറ്റീവ് അഭിപ്രായം വായിക്കുക. "ഈ സിനിമയിലൂടെ ഇത്തരം സംഘങ്ങളെക്കുറിച്ചുള്ള ജാഗ്രത തമിഴ്നാട്ടിലും കർണാടകത്തിലും ഉണ്ടാകുമെങ്കിൽ നല്ലത്. പോലീസ് ഇവരെ കുറ്റവാളികളായി തന്നെ കണക്കാക്കണം. ഒരിക്കലും ഒരു രീതിയിലും ഇവരെ പിന്തുണയ്ക്കരുത്. ഇടയ്ക്ക് എപ്പോഴെങ്കിലും ഇവർ എവിടെയെങ്കിലും കുടുങ്ങി ചത്താൽ പോലും നല്ലതാണ്. അത് പ്രകൃതി ഇവർക്ക് നൽകുന്ന സ്വാഭാവിക ശിക്ഷയാണ്."

സിനിമ കണ്ട് 'മഞ്ഞുമ്മൽ ബോയ്സി'നെപ്പോലുള്ള സംഘങ്ങളെപ്പറ്റി ജനങ്ങൾക്കിടയിൽ ഒരവബോധവും ജാഗ്രതയും ഉണ്ടാകുമെങ്കിൽ നല്ലതെന്ന് ജയമോഹൻ പറയുന്നു. എന്നാൽ, ജയമോഹൻ പറയുന്നതിൻ പ്രകാരമല്ല സിനിമയെ തമിഴർ സ്വീകരിച്ചിരിക്കുന്നത്. "മനിതർ ഉണർന്ത് കൊള്ള, ഇത് മനിതർ കാതൽ അല്ല...അതയും താണ്ടി പുരിതമാനത്..." എന്ന ഗുണയിലെ പ്രശസ്തമായ പ്രണയഗാനത്തെ സൗഹൃദത്തിൻ്റെ മനോഹര ഗാനമാക്കി മാറ്റിയ മഞ്ഞുമ്മൽ സംഘത്തിന് തമിഴ്നാട് ഒന്നടങ്കം കയ്യടിക്കുകയാണ്.

അതുതന്നെയാവണം ജയമോഹനെ വിറളി പിടിപ്പിക്കുന്നത് എന്നു വേണം അനുമാനിക്കാൻ. കാരണം അദ്ദേഹത്തിൻ്റെ പ്രത്യയശാസ്ത്രം മനുഷ്യരുടെ ഐക്യത്തെ തകർക്കുവാൻ ലക്ഷ്യം വയ്ക്കുന്നതാണ്.

കന്യാകുമാരി ജില്ലയിൽ ജനിച്ച ജയമോഹൻ കോളേജ് പഠനകാലത്ത് ആർ.എസ്.എസ് പ്രവർത്തകനായിരുന്നു എന്നദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. മാത്രമല്ല, ജഗ്ഗി വസുദേവ്, രവിശങ്കർ തുടങ്ങിയ ഗുരുക്കന്മാർ വന്നതിനു ശേഷമാണ് ക്രിസ്ത്യൻ സുവിശേഷകർക്ക് ബദലായി ഹിന്ദുമത പ്രചാരണം ശക്തിപ്പെട്ടത് എന്നും ജയമോഹന് അഭിപ്രായമുണ്ട്. സംഘപരിവാർ ആശയങ്ങളോട് ചേർന്നു പോകുന്ന നിരവധി നിലപാടുകൾ കൊണ്ട് തമിഴ്നാട്ടിൽ കുപ്രസിദ്ധനാണ് ജയമോഹൻ. അങ്ങനെയൊരാൾ, തൊഴിലാളികളായ ചെറുപ്പക്കാരുടെ ത്യാഗപൂർണ്ണമായ സൗഹൃദത്തെ അപമാനിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

Comments