മോഹൻലാൽ നിരാശപ്പെടുത്തിയ മരക്കാർ; പ്രിയദർശനാൽ വധിക്കപ്പെട്ട യോദ്ധാവ്

പ്രിയദർശനോളം മലയാളികൾ മനസിലാക്കിയ മറ്റൊരു സംവിധായകനില്ല. പ്രിയദർശൻ-മോഹൻലാൽ സിനിമയാണെങ്കിൽ പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് അത്രയും കൃത്യത കൂടും. അതുകൊണ്ടാണ് കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം പ്രഖ്യാപിച്ചപ്പോൾ തന്നെ ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഭാഷയും വേഷവും കൃത്യമായി പ്രവചിക്കാൻ മലയാളികൾക്ക് കഴിഞ്ഞത്. ഒരു പ്രിയദർശൻ-മോഹൻലാൽ ചിത്രത്തിന്റെ ട്രൈലറിൽ മുകേഷിന്റെ അരസെക്കന്റ് മാത്രമുള്ള തലവെട്ടം കണ്ടപ്പോൾ ആ കഥാപാത്രത്തിന്റെ സ്വഭാവം വരെ എങ്ങനെയുള്ളതായിരിക്കുമെന്ന് കണക്കുകൂട്ടൽ ട്രോളുകളായും പരിഹാസമായും പുറത്ത് വന്നതും ആ ഒരു ധാരണയുടെ പുറത്താവും. ആ ഒരു അർഥത്തിൽ നോക്കുകയാണെങ്കിൽ മലയാളികൾ പ്രതീക്ഷിച്ച സിനിമയാണ് കുഞ്ഞാലി മരയ്ക്കാർ. എന്തൊക്കെ കാര്യമാണോ പ്രിയദർശൻ ചിത്രത്തിലുണ്ടാവുമെന്ന് പരിഹസിക്കപ്പെട്ടത്, അതൊന്നും ഒഴിവാക്കാതെയുള്ള ചിത്രമാണ് തീയേറ്ററുകളിലെത്തിയിരിക്കുന്നത്.

സംവിധായകൻ മുൻപ് പലതവണ പ്രഖ്യാപിച്ചത് പോലെ യഥാർഥ ചരിത്രവുമായി സാമ്യമുണ്ടാവില്ല എന്ന മുൻകൂർ ജാമ്യമെടുത്താണ് മരയ്ക്കാർ തുടങ്ങുന്നത്. വളരെ ലീനിയറായിട്ട് കുഞ്ഞാലിയുടെ ചെറുപ്പകാലം മുതൽ അവസാനം വരെയാണ് ചിത്രം കഥ പറയുന്നത്. സാമൂതിരിയുടെ നാവികപ്പടയുടെ തലവനായിരുന്ന കുഞ്ഞാലിമരയ്ക്കാരുടെ മുൻതലമുറ യുദ്ധജയത്തിന് ശേഷം ഉറ്റവരുടെ മരണങ്ങളിലുണ്ടായ അഗാധ ദുഃഖത്താൽ നാവികപ്പടയിൽ നിന്ന് വിരമിച്ച് കൊച്ചി രാജ്യത്ത് കച്ചവടവുമായി കാലം കഴിക്കുകയാണ്. ഇളയ തലമുറയിലെ മരയ്ക്കാറായ മമ്മാലി എന്ന കുഞ്ഞാലി വിവാഹപ്രായമെത്തിയിട്ടും കുട്ടിത്തം വിടാതെ കളിച്ച് നടക്കുകയാണ്. മമ്മാലിയുടെ വിവാഹത്തിനായി പുറപ്പെടുന്ന സംഘത്തിന് ഒരു ചതി നേരിടുന്നു. തുടർന്ന് കോഴിക്കോട്ടെത്തുന്ന കുഞ്ഞാലിക്ക് മറ്റൊരു ജീവിതം തെരഞ്ഞെടുക്കേണ്ടി വരുന്നതാണ് ചിത്രത്തിന്റെ ആരംഭം.

യൗവ്വനത്തിലെ കുഞ്ഞാലിയായി പ്രണവ് മോഹൻലാൽ മികച്ച പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ഫൈറ്റ് സീനുകളിലും ചേസ് രംഗങ്ങളിലും മുൻപ് പഠിച്ച പാർക്കറിന്റെ മെയ് വഴക്കം പ്രകടമാണ്. സ്‌ക്രീനിൽ ഒരു കരിഷ്മ കൊണ്ടുവരാൻ പ്രണവിന്റെ സ്‌ക്രീൻ പ്രസൻസിനാവുന്നുണ്ട്. അർജുൻ സർജ, സുനിൽ ഷെട്ടി എന്നിവരാണ് ശ്രദ്ധയർഹിക്കുന്ന പ്രകടനം പുറത്തെടുത്ത മറ്റു രണ്ടുപേർ. ചിന്നാലിയായെത്തിയ വിദേശ നടനും ചെറിയ സമയത്തേക്ക് വന്ന് പോയ കല്ല്യാണി പ്രിയദർശനും കീർത്തി സുരേഷും കഥാപാത്രങ്ങളെ മികച്ചതാക്കി. ഹരീഷ് പേരടിയുടെ മങ്ങാട്ടച്ചന്റെ റോളും ശ്രദ്ധേയമായിരുന്നു.

മോഹൻലാൽ ആയിരിക്കും ചിത്രത്തെക്കുറിച്ചുള്ള ഏറ്റവും വലിയ നിരാശ. മലയാളത്തിൽ ഒരു ബ്രഹ്‌മാണ്ഡ ചിത്രം എന്ന് വിശേഷിപ്പിക്കാവുന്നത്രയും വലിയ ക്യാൻവാസിൽ മോഹൻലാൽ കേന്ദ്രകഥാപാത്രമായെത്തിയിട്ടും താരമെന്ന നിലയിലും നടനെന്ന നിലയിലും ഓർത്ത് വെക്കാൻ നല്ല ഒരു നിമിഷം പോലുമില്ലാതെയാണ് മരയ്ക്കാർ അവസാനിക്കുന്നത്. ശരീരഭാഷയിലോ വേഷത്തിലോ മോഹൻലാൽ ചിത്രത്തിന് വേണ്ടി എന്തെങ്കിലും അധ്വാനം നടത്തിയതായി അനുഭവപ്പെടുന്നില്ല. താരത്തിന്റെ മെയ് വഴക്കം ഇടയ്ക്ക് ദൃശ്യമാവുന്നുണ്ടെങ്കിലും മുഖത്തെ ഭാവങ്ങളിൽ ആ വഴക്കം ചിത്രത്തിൽ നഷ്ടപ്പെട്ടിരിക്കുന്നു.

മലയാളത്തിലെ സൂപ്പർതാരമായിട്ടും ഒരു ക്യാരക്ടറൈസേഷനോ ഡവലപ്‌മെന്റോ ഇല്ലാതെയാണ് മഞ്ജു വാര്യറും ചിത്രത്തിൽ വന്ന് പോവുന്നത്.

ബാക്കി എല്ലാ നടന്മാരെയും "രാജാപാർട്ട് കെട്ടിയ' ചന്ദ്രലേഖയെന്നോ കാക്കക്കുയിൽ എന്നോ വിശേഷിപ്പിക്കാം. മാമുക്കോയ, മുകേഷ്, ഇന്നസെന്റ് തുടങ്ങിയ പ്രിയദർശന്റെ സ്ഥിരം കഥാപാത്രങ്ങൾ അതേ മാനറിസങ്ങളോടെ അനവസരങ്ങളിൽ ഇടപെടുകയായിരുന്നു ചിത്രത്തിലുടനീളം.

"കോപ്പി അടി' ആരോപണം ഏറ്റവും കൂടുതൽ നേരിട്ട സംവിധായകനാണ് പ്രിയദർശൻ. എന്നാൽ ഇത്ര വലിയ ബഡ്ജറ്റിൽ കേരളത്തിന് പുറത്തുള്ള പ്രേക്ഷകരെക്കൂടി ലക്ഷ്യമിട്ട് പുറത്തിറക്കുന്ന ഒരു ചിത്രത്തിൽ മറ്റു സിനിമകളിൽ നിന്നുള്ള ഇത്രയധികം രംഗങ്ങൾ പകർത്തപ്പെടുന്നത് ഒട്ടും അംഗീകരിക്കാനാവില്ല. 2004-ൽ പുറത്തിറങ്ങിയ ബ്രാഡ്പിറ്റ് ചിത്രം ട്രോയ്-യിൽ കൊല്ലപ്പെട്ട മകന്റെ ജഡം തിരിച്ച് ചോദിക്കാൻ യാചനയുമായെത്തുന്ന പിതാവിന്റെ രംഗം അതേ പോലെ പകർത്തി വച്ചിരിക്കുന്നതായി കാണാം. ബാക്ക്ഗ്രൗണ്ട് മ്യൂസിക്കിൽ പോലും സാമ്യതയുണ്ട്. ബ്രേവ്ഹാർട്ടിലെ റഫറൻസുകൾ പലയിടങ്ങളിൽ ഉപയോഗിച്ചതിന് പുറമെ ക്ലൈമാക്‌സ് സീനുകൾ അതുപോലെ തന്നെ ഉപയോഗിച്ചിട്ടുണ്ട്. പൈറേറ്റ്‌സ് ഓഫ് കരീബിയ, സോറോ തുടങ്ങിയ ചിത്രങ്ങളും മരയ്ക്കാറിൽ കാണാം. കഥയെ എൻഗേജിങ് ആയി നിർത്തുന്നതിൽ പലയിടത്തും വീഴ്ച വന്നതും യുദ്ധരംഗങ്ങളിൽ ഒരു ഫോക്കസ് ഇല്ലായമയും ചിത്രത്തെ മൊത്തത്തിൽ ശരാശരിയിൽ താഴെ വന്ന അനുഭവമാക്കി. ആക്ഷൻ കൊറിയോഗ്രഫി ചിത്രത്തിന്റെ ബഡ്ജറ്റിന്റെ നിലവാരത്തിൽ കുറച്ചുകൂടി ഗാഭീര്യത്തോടെ ഉപയോഗിക്കാമായിരുന്നു.

ചിത്രത്തിലെ സംഭാഷണത്തെക്കുറിച്ച് മുൻപും വിമർശനങ്ങൾ ഉയർന്നതാണ്. അരോചകമായ സ്ലാങ്ങിന് പുറമെ പല അവസരങ്ങളിൽ പല സ്ലാങ്ങുകൾ കൂടിച്ചേരുന്നതും കല്ലുകടിയാണ്. വൈസ്രോയിയുടെ കഴുത്തിൽ കത്തി വച്ചിട്ടും വൈസ്രോയി പരിഹസിച്ച് ചിരിക്കുമ്പോൾ "കഴുത്തിൽ കത്തി വച്ചിരിക്കുമ്പോൾ കിളിക്കുന്നോടാ?' എന്നത് അതുവരെ കേട്ട കുഞ്ഞാലിയുടെ ഡയലോഗേ അല്ലായിരുന്നു. മധ്യസ്ഥ ചർച്ച പരാജയപ്പെടുമ്പോൾ ഭീഷണിപ്പെടുത്തുന്ന പോർച്ചുഗീസു സൈന്യത്തോട് "നീ ചെരയ്ക്കും' എന്ന് പറയുന്ന ജാതീയ ഡയലോഗ്, അത്തരത്തിൽ ഒരുപാട് ഡയലോഗ് ചിത്രത്തിൽ ആവർത്തിക്കുന്നുണ്ട്.

സാങ്കേതികമായി നോക്കുകയാണെങ്കിൽ കലാസംവിധാനമാണ് ഏറെ മികച്ച് നിന്നത്. ചിത്രത്തെ ഏറെക്കുറേ വാച്ചബിൾ ആക്കി നിർത്തുന്നതിന് കലാസംവിധാനം വഹിച്ച പങ്ക് വളരെ വലുതാണ്. ഛായാഗ്രഹണവും പലയിടത്തും മികച്ച് നിന്നെങ്കിലും രാത്രി രംഗങ്ങളിലെ തെളിച്ചക്കുറവ് ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. പശ്ചാത്തല സംഗീതവും രണ്ട് പാട്ടുകളും നന്നായിരുന്നു.

Comments