ബൈസൺ കാലമാടൻ; കീഴാളരാക്കപ്പെട്ട ജീവിതങ്ങളുടെ ദൃശ്യാവിഷ്കാരം

“കീഴാളരാക്കപ്പെട്ട ജീവിതങ്ങളുടെ ദൃശ്യാവിഷ്കാരമാണീ സിനിമ. തെക്കൻ തമിഴ്നാട്ടിലെ ദലിതർ ഇന്നും നേരിടുന്ന അടിച്ചമർത്തലുകളും സാമൂഹ്യ ബഹിഷ്കരണങ്ങളുമാണ് സിനിമ ചർച്ചയാക്കുന്നത്,” മാരി സെൽവരാജിൻെറ ‘ബൈസൺ കാലമാടൻ’ സിനിമയുടെ കാഴ്ചാനുഭവം എഴുതുന്നു ബിജു ഗോവിന്ദ്.

"ഇന്ത്യയിലെ ജാതിവ്യവസ്ഥയെ തകർക്കാൻ ദേശീയതക്ക് കഴിഞ്ഞിട്ടില്ല. ഇന്ത്യയെന്ന രാഷ്ട്രം സിദ്ധാന്തത്തിൽ മാത്രമുള്ള ഒന്നാണ്. ജാതിയെ നിലനിർത്തുന്നത് ഒരു സംഘബോധമാണ്. അതിൻ്റെ ആധിപത്യം അനുവദിക്കാത്ത, അതിൻ്റെ സാമൂഹ്യപരിഗണനകൾ നഷ്ടപ്പെടുന്ന ഒരു ബ്രഹത് സ്വത്വത്തിലേക്ക് അലിഞ്ഞുചേരാൻ അത് വിസമ്മതിക്കും. ജാതിയുടെ ഉന്മൂലനം നടത്താതെ ഒരു രാഷ്ട്രവും ആവിഷ്കരിക്കാൻ സാധ്യമല്ല," പ്രശസ്ത എഴുത്തുകാരി മീന കന്തസാമി ജാതിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്.

"തമിഴ്നാട്ടിലെ ഗ്രാമങ്ങളിൽ ജാതികൾ സ്വയംഭരണ രാഷ്ട്രങ്ങളായാണ് പ്രവർത്തിക്കുന്നത്. രേഖപ്പെടുത്തപ്പെട്ടിട്ടില്ലാത്തതും എന്നാൽ കൃത്യമായും അടയാളപ്പെടുത്തപ്പെട്ടതുമായ അതിരുകളോടെയുള്ള ജാതിത്തെരുവുകളും ജാതി ബാഹ്യരായ ദലിതുകളുടെ ഇടങ്ങളുമുണ്ട്. അവിടെ ജീവിതത്തിൻ്റെ എല്ലാ മണ്ഡലങ്ങളെയും ബാധിക്കുന്ന തരത്തിൽ ഉത്തരവുകൾ നൽകുന്ന നാട്ടായ്മ കോടതികൾ നിലനിൽക്കുന്നു. വിലക്കുകൾ ലംഘിക്കുന്നവരെ ശിക്ഷിക്കാനുള്ള സംവിധാനവും നിലനിർത്തുന്നു." തമിഴ്നാട്ടിലെ കേന്ദ്രീകൃത ജാതി സംവിധാനത്തെക്കുറിച്ച് മീന വിലയിരുത്തുന്നതിങ്ങനെയാണ്.

ജാതി ഭീകരതയുടെ ഇക്കാലത്ത് തമിഴ്നാട്ടിൽ പ്രണയിക്കുകയെന്നതുതന്നെ വിപ്ലവകരമാണെന്നാണ് മീന കന്തസാമി അഭിപ്രായപ്പെടുന്നത്.
ജാതി ഭീകരതയുടെ ഇക്കാലത്ത് തമിഴ്നാട്ടിൽ പ്രണയിക്കുകയെന്നതുതന്നെ വിപ്ലവകരമാണെന്നാണ് മീന കന്തസാമി അഭിപ്രായപ്പെടുന്നത്.

ഈ സാമൂഹ്യ പശ്ചാത്തലത്തെ അടിസ്ഥാനമാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത സിനിമയാണ് 'ബൈസൺ കാലമാടൻ'. കീഴാളരാക്കപ്പെട്ട ജീവിതങ്ങളുടെ ദൃശ്യാവിഷ്കാരമാണത്. തെക്കൻ തമിഴ്നാട്ടിലെ ദലിതർ ഇന്നും നേരിടുന്ന അടിച്ചമർത്തലുകളും സാമൂഹ്യ ബഹിഷ്കരണങ്ങളുമാണ് സിനിമ ചർച്ചയാക്കുന്നത്. കബഡി ജീവിതവ്രതമാക്കിയ കിട്ടൻ എന്ന ദലിത് ചെറുപ്പക്കാരൻ്റെ കരിയറിന് ഉണ്ടാകുന്ന തടസ്സങ്ങൾ, അധികാര കേന്ദ്രങ്ങളിൽ അമർന്നിരിക്കുന്ന ജാതി - സാമ്പത്തിക ആധിപത്യത്തെ തുറന്നുകാട്ടുന്നതാണ്. അരിവാളും തോക്കും ഗാങ് വാറും സിനിമയിൽ പ്രതിപാദിക്കുന്നതുപോലെ തന്നെ തമിഴ്നാട്ടിലെ ജാതി സംഘർഷങ്ങളിൽ സ്ഥിരം ചേരുവകളാണ്. പതിറ്റാണ്ടുകളുടെ കുടിപ്പക ജാതികൾ തമ്മിൽ നിലനിൽക്കുന്നുണ്ട്. തമിഴ് ദേശീയ ബോധമൊന്നും ജാതിയെ മറി കടന്നിട്ടില്ല.

കേവലമായ ജാതി സംഘട്ടനങ്ങളെന്ന് അതിനെ സാമാന്യവത്കരിക്കുന്നതിൽ നീതികേടുണ്ട്. വിഷയത്തിൻ്റെ അടിസ്ഥാന കാരണങ്ങളെ മൂടി വെയ്ക്കുന്നതുമാകും അത്. ദലിതർക്ക് സാമൂഹ്യ ജീവിതം നിഷേധിക്കുന്ന ജാത്യാധിപത്യ സമൂഹങ്ങളും അവർ നിയന്ത്രിക്കുന്ന സമ്പത്തും അധികാര കേന്ദ്രങ്ങളുമാണ് യഥാർത്ഥ പ്രശ്നം. പൊതുനിരത്തുകളും പൊതു ജലശ്രോതസ്സുകളുമടക്കം അടിസ്ഥാന ആവശ്യങ്ങൾപോലും നിഷേധിക്കുന്ന ജാതി മേധാവിത്ത ശക്തികളാണ് യഥാർത്ഥ പ്രശ്നക്കാർ. ദലിതർ താമസിക്കുന്ന ഊരുകളിലെ സ്റ്റോപ്പുകളിൽ ബസുകൾ നിർത്താറില്ല. കിലോമീറ്ററുകൾ മാറ്റിയായിരിക്കും അവരെ ഇറക്കിവിടുക. മാരി സെൽവരാജിൻ്റെ തന്നെ ‘കർണ്ണൻ’ എന്ന സിനിമയിൽ ഈ സംഭവം വിവരിക്കുന്നുണ്ട്. തൊണ്ണൂറുകൾ മുതൽ ഇത്തരത്തിൽ സാമൂഹ്യ ജീവിതം നിഷേധിക്കുന്നതിനെതിരെ ദലിതരുടെ ചെറുത്തുനിൽപ്പുകൾ ഉയർന്നുവരുന്നു. മനുഷ്യരായി ജീവിക്കാൻ വേണ്ടിയുള്ള പ്രതിരോധ മാർഗ്ഗങ്ങളെ സർക്കാരുകളും മാധ്യമങ്ങളും അക്രമമെന്ന രീതിയിൽ മുദ്രകുത്തുകയായിരുന്നു. ബൈസൺ കാലമാടനിലെ അമീറിൻ്റെ പാണ്ഡ്യരാജൻ എന്ന കഥാപാത്രം അത്തരം ദലിത് പ്രതിരോധങ്ങളുടെ പ്രതീകമാണ്.

തെക്കൻ തമിഴ്നാട്ടിലെ ദലിതർ ഇന്നും നേരിടുന്ന അടിച്ചമർത്തലുകളും സാമൂഹ്യ ബഹിഷ്കരണങ്ങളുമാണ് സിനിമ ചർച്ചയാക്കുന്നത്. കബഡി ജീവിതവ്രതമാക്കിയ കിട്ടൻ എന്ന ദലിത് ചെറുപ്പക്കാരൻ്റെ കരിയറിന് ഉണ്ടാകുന്ന തടസ്സങ്ങൾ, അധികാര കേന്ദ്രങ്ങളിൽ അമർന്നിരിക്കുന്ന ജാതി - സാമ്പത്തിക ആധിപത്യത്തെ തുറന്നുകാട്ടുന്നതാണ്.
തെക്കൻ തമിഴ്നാട്ടിലെ ദലിതർ ഇന്നും നേരിടുന്ന അടിച്ചമർത്തലുകളും സാമൂഹ്യ ബഹിഷ്കരണങ്ങളുമാണ് സിനിമ ചർച്ചയാക്കുന്നത്. കബഡി ജീവിതവ്രതമാക്കിയ കിട്ടൻ എന്ന ദലിത് ചെറുപ്പക്കാരൻ്റെ കരിയറിന് ഉണ്ടാകുന്ന തടസ്സങ്ങൾ, അധികാര കേന്ദ്രങ്ങളിൽ അമർന്നിരിക്കുന്ന ജാതി - സാമ്പത്തിക ആധിപത്യത്തെ തുറന്നുകാട്ടുന്നതാണ്.

ബ്രാഹ്മണാധിപത്യത്തിനെതിരെ ഉയർന്നുവന്ന കീഴാള മുന്നേറ്റമായിരുന്നു പെരിയോർ ഇ.വി. രാമസാമി നായ്ക്കർ തുടങ്ങിവച്ച ദ്രാവിഡ പ്രസ്ഥാനം. ജാത്യാധിഷ്ഠിതമായ സനാതന മൂല്യ വ്യവസ്ഥയേയും ബ്രാഹ്മണാധിപത്യത്തേയും എതിർത്ത ജനമുന്നേറ്റമായി അത് തമിഴ്നാട് മുഴുവനും വളർന്നു. പക്ഷെ ശ്രേണീകൃതമായ ഹിന്ദു ജാതി ഘടനയിൽ ബ്രാഹ്മണർക്ക് താഴെയുള്ള ജാതി സമൂഹങ്ങൾ, ദലിത് വിഭാഗങ്ങളോട് കാണിച്ച വിവേചനത്തെ, പരിഹരിക്കേണ്ട വിഷയമായി ദ്രാവിഡ രാഷ്ട്രീയത്തിനുതോന്നിയില്ല. ഗൗണ്ടർ, തേവർ, വണ്ണിയർ, കള്ളർ, മുതലിയാർ, തുടങ്ങിയ പ്രാമാണിക ജാതികൾ ദലിതരോടു കാണിക്കുന്ന അവജ്ഞയും അനീതിയും ദ്രാവിഡ പ്രസ്ഥാനങ്ങൾ അഭിസംബോധന ചെയ്തിട്ടില്ല. കേരളത്തിലെ കമ്യൂണിസ്റ്റു പാർട്ടികളും ദലിതരുടേയും ആദിവാസികളുടേയും സാമൂഹ്യ പ്രശ്നങ്ങളോട് ഇതേരീതി തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്.

തെക്കൻ തമിഴ്നാട്ടിൽ തേവർ ജാതിയും വടക്കൻ മേഖലയിൽ വണ്ണിയർ ജാതിയുമാണ് ഇപ്പോഴും ദലിത് അടിച്ചമർത്തൽ മുഖ്യ അജണ്ടയായി കൊണ്ടുനടക്കുന്നവർ. ദലിതരേയും മുസ്ളീങ്ങളേയും കൂടെകൂട്ടിയാണ് വണ്ണിയർ നേതാവ് രാമദാസ് പാട്ടാളി മക്കൾ കക്ഷി രൂപീകരിച്ചത്. ദലിതർക്കിടയിൽ നിന്നും കേന്ദ്രമന്ത്രിമാർവരെ ഉണ്ടായിട്ടുണ്ട് പി.എം.കെയ്ക്ക്. പക്ഷെ ഇന്നവർ ദലിത് വിരുദ്ധത രാഷ്ട്രീയ അജണ്ടയായി കൊണ്ടുനടക്കുന്നവരാണ്. SC/ST അതിക്രമനിയമം റദ്ദുചെയ്യാനും ജാതിരഹിത പ്രണയ വിവാഹങ്ങൾ നിയമവിരുദ്ധമാക്കാനുമായി ചെന്നെയിൽ മേൽ ജാതി നേതാക്കളുടെ യോഗം വിളിച്ചു ചേർത്തയാളാണ് പി.എം.കെ നേതാവ് രാമദാസ്. ഇന്ത്യയിൽ ഏറ്റവും കുറച്ച് വിജാതീയ പ്രണയ വിവാഹങ്ങൾ നടക്കുന്ന സംസ്ഥാനം തമിഴ്നാടാണ്. പ്രണയമെന്തോ മോശമാണെന്ന പൊതുബോധം നിലനിൽക്കുന്നത് കൊണ്ടൊന്നുമല്ല ഇത്.

തമിഴ്നാട്ടിൽ ജാതിവിരുദ്ധ പ്രമേയങ്ങളെ സിനിമകളാക്കുന്നതിൽ പാ രഞ്ജിത്തും മാരി സെൽവരാജും ശ്രദ്ധേയരാണ്.
തമിഴ്നാട്ടിൽ ജാതിവിരുദ്ധ പ്രമേയങ്ങളെ സിനിമകളാക്കുന്നതിൽ പാ രഞ്ജിത്തും മാരി സെൽവരാജും ശ്രദ്ധേയരാണ്.

ജാതിരഹിതമായി പ്രണയിക്കുന്നവർക്ക് ജീവൻ നഷ്ടപ്പെടുമെന്ന ഭയമാണ് കാരണം. ജാതി ഭീകരതയുടെ ഇക്കാലത്ത് തമിഴ്നാട്ടിൽ പ്രണയിക്കുകയെന്നതുതന്നെ വിപ്ലവകരമാണെന്നാണ് മീന കന്തസാമി അഭിപ്രായപ്പെട്ടത്. തമിഴ്നാട്ടിൽ ജാതിവിരുദ്ധ പ്രമേയങ്ങളെ സിനിമകളാക്കുന്നതിൽ പാ രഞ്ജിത്തും മാരി സെൽവരാജും ശ്രദ്ധേയരാണ്. ജാതിയെ മൂടി ചുമന്നു നടക്കുന്നവരും ഹിന്ദുത്വവാദികളും വലിയ വിമർശനങ്ങൾ ഇവർക്കെതിരെ അഴിച്ചുവിടുന്നുണ്ട്. ഹിന്ദു എന്ന സംജ്ഞയുടെ പൊള്ളത്തരം തുറന്നുകാണിക്കുന്നതിന് ജാതിവിരുദ്ധ സിനിമകൾക്ക് കഴിയുന്നുണ്ട്.

കബഡി എന്ന സ്പോർട്സിനോട് അടങ്ങാത്ത ഭ്രമം ഉള്ളിലേറ്റി നടക്കുന്ന ചെറുപ്പക്കാരനാണ്, ധ്രുവ് അവതരിപ്പിച്ച കിട്ടൻ എന്ന കഥാപാത്രം. അയാൾടെ മുന്നിൽ കബഡിയല്ലാതെ വേറൊന്നുമില്ല. പക്ഷെ അയാൾ ആഗ്രഹിക്കാതിരുന്നിട്ടും അയാളുടെ ജാതി സ്വത്വം ഉണ്ടാക്കുന്ന പ്രതിബന്ധങ്ങൾ ദലിതരുടെ സാമൂഹ്യ ജീവിതവുമായി ബന്ധപ്പെട്ടതാണ്. ഇന്ത്യൻ സമൂഹത്തിലെ എല്ലായിടത്തും ജാതി ഉള്ളതുപോലെ സ്പോർട്സിലും ജാതിയുണ്ട്. അല്ലെങ്കിൽ തന്നെ സ്പോർട്സിൽ നിന്നുമാത്രം ജാതിക്കെങ്ങനെ മാറിനിൽക്കാൻ കഴിയും? വിദ്യ അഭ്യസിച്ചവർ കീഴാളരാണെന്ന ഒറ്റ കാരണത്താൽ അംഗഛേദം നടത്തിച്ച ദ്രോണാചാര്യർ എന്ന ജാതിവാദി ആദ്യ ഗുരുവായി വാഴ്ത്തപ്പെടുന്ന നാട്ടിൽ നിന്നും ജാതി എങ്ങനെ മാറിപ്പോകാനാണ്?

Comments