''സ്പോർട്സിൽ യാതൊരു വേർതിരിവുമില്ല'' എന്നത് കാലങ്ങളായി നമ്മൾ തൊണ്ട തൊടാതെ വിഴുങ്ങുന്ന ഒരു കളവാണ്. ലോകത്തിന്റെ ഏതു കോണിലുമുള്ള കളിക്കളങ്ങളിലും വാണവരും വീണവരും തമ്മിലുള്ള ആ പിരിവ് ദൃശ്യമാണ്. നിറത്തിന്റെ, മതത്തിന്റെ, ജാതിയുടെ പേരിൽ ഓരോ നാട്ടിലും അത് രൂപം മാറുമെന്ന് മാത്രം.
സ്പെയിനിൽ നിന്ന് നേരിടേണ്ടിവന്ന വംശീയ അധിക്ഷേപത്തിന്റെ പേരിൽ ബ്രസീലിയൻ ഫുട്ബോളർ വിനീഷ്യസ് ജൂനിയർ പ്രസ് മീറ്റിൽ കണ്ണീരൊഴുക്കിയത് ഇക്കഴിഞ്ഞ വർഷമാണ്.. ടോക്കിയോ ഒളിമ്പിക്സ് വനിതാ ഹോക്കി സെമിയിൽ അർജന്റീനയോട് പരാജയപ്പെട്ടതിന്റെ പേരിൽ വന്ദന കട്ടാരിയ സ്വന്തം വീടിനു മുൻപിൽ തന്നെ ജാതീയമായ അധിക്ഷേപം നേരിടേണ്ടിവന്നിരുന്നു. പാകിസ്താനെതിരായ T20 ലോകകപ്പിലെ തോൽവിക്ക് പിന്നാലെ ഇന്ത്യൻ താരം മുഹമ്മദ് ഷമിയെ കൊത്തിപ്പറിക്കാൻ ഒരുമ്പെട്ട മുഖമില്ലാ പോരാളികളെ, കോഹ്‍ലി സ്റ്റേഡിയത്തിനു പുറത്തേക്ക് സിക്സർ അടിക്കുന്നത് നാം കണ്ടു. സമൂഹത്തിന്റെ താഴെത്തട്ടിൽ കഴിയുന്ന മനുഷ്യർക്ക് മറ്റെല്ലാ ഇടങ്ങളും എന്ന പോലെ തന്നെ കളിക്കളങ്ങളും അത്ര എളുപ്പത്തിൽ പ്രാപ്യമായ ഒന്നല്ല. പ്രത്യേകിച്ചും മീശ നീട്ടി വളർത്തിയതിന്റെ പേരിൽ, ചെരുപ്പിട്ടാൽ വരെ കത്തിക്ക് മുന കൂട്ടുന്നവരുടെ ഇടയിൽ…
ഇത് ഇത്രയും ആദ്യമേ പറഞ്ഞത്, സ്പോർട്സ് പടത്തിൽ വരെ മാരി, ജാതി 'കുത്തിക്കേറ്റുന്നു' എന്ന ആരോപണം കണ്ടിട്ടാണ്. നമ്മുടെ രാജ്യത്ത്, നാം ജീവിക്കുന്ന ചുറ്റുപാടുകളിൽ ഒക്കെ ജാതീയമായ വേർതിരിവുകളുണ്ട്. അതൊരു യാഥാർത്ഥ്യമാണ്. മറ്റെല്ലാ ഇടങ്ങളിലും എന്നതുപോലെ തന്നെ കളിക്കളങ്ങളിലും അത് ദൃശ്യവുമാണ്. അത്തരം വേലിക്കെട്ടുകളെ ചാടിക്കടന്നു തന്നെയാണ് പിന്നാക്ക വിഭാഗങ്ങളിൽ ഉള്ള കായികതാരങ്ങൾ അവരുടെ ഇക്കാണുന്ന വിജയമെല്ലാം നേടിയെടുത്തത്. അല്ല, പിടിച്ചു വാങ്ങിയത്. വെല്ലിങ്ട്ടൻ ക്‌ളബ്ബിൽ ഇടം നേടിയ മോനി ദാസ് എന്ന ഫുട്ബോളർ മുതൽ ബൈസൺ - കാളയ്മാടൻ സിനിമയ്ക്ക് ആധാരമായ മാനതിഗണേശൻ എന്ന കബഡി താരം വരെയും.
ബൈസൺ ഒരു സ്പോർട്സ് മൂവി ആണ്. സാധാരണ ആ ഴോണറിലുള്ള പടങ്ങളിലെ പ്രധാന കഥാപാത്രങ്ങൾ നേരിടേണ്ടി വരുന്ന കോൺഫ്ലിക്ടുകൾ എല്ലാം തന്നെ ധ്രുവിന്റെ കിട്ടനും നേരിടുന്നുണ്ട്. കളത്തിന് അകത്തും പുറത്തുമുള്ള പക, വിശപ്പ്, അധിക്ഷേപം, ഒഴിവാക്കലുകൾ അങ്ങനെ അങ്ങനെ… പക്ഷേ ഇതിനൊക്കെയും, ഞാനും നീയുമൊക്കെ ജനിക്കുന്നതിനു മുൻപ് തന്നെ നമ്മുടെ നെറ്റിയിൽ ചാപ്പ കുത്തപ്പെട്ടുപോയ 'ജാതി' എന്ന രണ്ടക്ഷരം എങ്ങനെ കാരണമാകുന്നു എന്നയിടത്താണ് ബൈസൺ, ഒരു മാരി സെൽവരാജ് സിനിമയാകുന്നത്.

2023-ൽ രാജ്യമൊട്ടാകെ 57,789 കേസുകളാണ് പട്ടികജാതി വിഭാഗങ്ങളെ ആക്രമിച്ചത്തിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളാണ് NCRB യുടെ പുതിയ റിപ്പോർട്ടിൽ ആദ്യസ്ഥാനങ്ങളിൽ. 2022-ൽ കേരളത്തിൽ ഇത്തരത്തിൽ 1050 കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതായി കേന്ദ്രസർക്കാർ ഇത്തവണത്തെ ബജറ്റ് സമ്മേളനത്തിൽ രാജ്യസഭയിൽ രേഖാമൂലം അറിയിച്ചിരുന്നു.
ഗാങ് വാറുകൾ തമിഴ് സിനിമയ്ക്ക് പുത്തരിയല്ല. അരിവാളിന്റെ തണുപ്പിൽ നട്ടെല്ല് നിവർത്തുന്ന, കുടിപ്പക വെച്ചുപുലർത്തുന്ന ബൈസണിലെ പാണ്ടിയരാജും കാന്തസ്വാമിയും പക്ഷെ വ്യത്യസ്തരാകുന്നത് തങ്ങൾ ആയിരിക്കുന്ന അവസ്ഥയിൽ ചോരയുടെ ചുവപ്പിൽ അഭിമാനിക്കുന്നില്ല എന്നതിലാണ്. അവസാനമില്ലാതെ തലമുറകളിലേക്ക് പടരുന്ന ജാതിപ്പകയിൽ എരിഞ്ഞടങ്ങുന്ന ഈയലുകളാണ് തങ്ങളെന്ന് ഇരുവർക്കും ബോധ്യമുണ്ട്. ബ്ലാക് അല്ലെങ്കിൽ വൈറ്റ് എന്ന സ്ഥിരം സമീപനത്തിന് അപ്പുറം ഇരുവർക്കും ഒരു ഗ്രേ ഷെയ്ഡ് നൽകാനാണ് സംവിധായകൻ ശ്രദ്ധിച്ചിട്ടുള്ളത്.
മൃഗങ്ങളെ തന്റെ ആശയങ്ങൾ പറയാനുള്ള ടൂൾ ആയി ഉപയോഗിക്കുന്ന രീതി മാരി സെൽവരാജ് ആദ്യ സിനിമയായ ‘പരിയേറും പെരുമാൾ’ മുതൽ പാലിക്കുന്നതാണ്. കറുപ്പി എന്ന നായയുടെ കൊലപാതകത്തിലൂടെയാണ് പരിയന്റെ കഥ ആരംഭിക്കുന്നതെങ്കിൽ കർണന്റെ ഉള്ളിലെ ആശയക്കുഴപ്പങ്ങളും പിന്നീട് അയാൾക്ക് ലഭിക്കുന്ന തെളിച്ചവും കഴുതയും കുതിരയും വഴി പറഞ്ഞു പോകുന്നുണ്ട്. 'മാമന്നനി'ൽ ചിറകുള്ള പന്നിയെ സ്വപ്നം കാണുന്നവനാണ് നായകൻ അതിവീരൻ. ഫഹദിന്റെ രത്നവേലാകട്ടെ മത്സരത്തിൽ തോറ്റ തന്റെ നായ്ക്ക് ഇനി ജീവിക്കാൻ തന്നെ അവകാശം ഇല്ല എന്ന് ചിന്തിക്കുന്നവനും. 'ബൈസണി'ലും ഇത്തരം നിരവധി മുഹൂർത്തങ്ങളുണ്ട്. കഥയുടെ ഒഴുക്കിന് ആക്കം പകരുന്ന പ്രധാന സംഘർഷങ്ങൾക്ക് മാരി മൃഗങ്ങളെ ഇക്കുറിയും നിമിത്തമാക്കിയിട്ടുണ്ട്. കറുപ്പിയുടെ കൊലപാതകമാണ് ‘പരിയേറും പെരുമാളി’ൽ എങ്കിൽ, ‘മാമന്നനി’ൽ അത് വീരന്റെ പന്നികളുടെ മേലുള്ള ആക്രമണമാണ്. ബൈസണിൽ നേർച്ചയ്ക്ക് കൊണ്ടുപോകുന്ന ആടിന്റെ ക്രൂരമായ കൊലപാതകത്തിൽ നിന്നാണ് പ്രധാന വൈരങ്ങളെല്ലാം തുടങ്ങുന്നത് തന്നെ.
കഥാപാത്രങ്ങളുടെ പ്രകടനം എടുത്തുപറയേണ്ട ഒന്നാണ്. നെപ്പോ കിഡ് എന്ന ലേബൽ തന്റെ നെറ്റിയിൽ നിന്നും പറിച്ചെറിയാൻ ധ്രുവ് നടത്തിയ കഠിനപ്രയത്നം സിനിമയിൽ കാണാനുണ്ട്. ഊണിലും ഉറക്കത്തിലും കബഡിക്കളങ്ങൾ സ്വപ്നം കാണുന്ന, കബഡി... കബഡി... എന്ന് ഹൃദയമിടിക്കുന്ന കിട്ടനെ, അയാൾ ഏറെപ്പണിപ്പെട്ട് സ്വന്തം വരുതിയിൽ കൊണ്ടുവന്നിട്ടുണ്ട്. പശുപതിയുടെ കണ്ണുകൾക്ക് അപാരമായ ശേഷി ഉള്ളതായി തോന്നിയിട്ടുണ്ട്. ധൂളിലെ സ്വർണാക്ക തമ്പി ആദിയായാണ് അയാളെ ആദ്യം കാണുന്നത്. കൊത്തല തേവർ, രംങ്കവാദ്യാർക്ക് വഴി മാറിയെങ്കിൽ ഇനി കുറേനാൾ അയാളുടെ മേൽവിലാസം വേലുസ്വാമി ആയിരിക്കും. തന്റെ സിനിമകളിൽ എല്ലാം ലാലിന് മികച്ച വേഷങ്ങൾ നൽകുന്ന പതിവ് മാരി ഇക്കുറിയും തെറ്റിച്ചിട്ടില്ല. അമീറിന്റെ പാണ്ഡിയരാജയ്ക്ക് ഒത്ത എതിരാളിയായി കന്തസാമി മാറിയിട്ടുണ്ട്. അനുപമ പരമേശ്വരൻ, രജിഷ വിജയൻ എന്നിവരുടെ പ്രകടനവും നന്നായി. പ്രത്യേകിച്ചും ബസിനുള്ളിൽ വെച്ചുള്ള രജിഷയുടെ ഭാഗം.

ക്യാമറക്ക് പിന്നിലേക്ക് വരികയാണെങ്കിൽ, ഒരു സ്പോർട്സ് മൂവി കാണികൾ ഏറ്റെടുക്കുക, ഗാലറിയിലിരുന്ന് കളി കാണുന്ന അനുഭവം തിയേറ്ററിൽ അവർക്ക് അനുഭവിക്കാൻ കഴിയുമ്പോഴാണ്. സിനിമയിൽ പക്ഷേ ഒരു ലൈവ് മാച്ച് കാണുന്നതിനൊപ്പം തന്നെ കഥാപാത്രങ്ങളുടെ ആത്മംസംഘർഷങ്ങളിലേക്കും ക്യാമറയും സംഗീതവും നീളേണ്ടതുണ്ട്. നിവാസ് കെ. പ്രസന്നയുടെ സംഗീതവും എഴിൽ അരസുവിന്റെ ദൃശ്യങ്ങളും ശക്തി തിരുവിന്റെ എഡിറ്റിങും അതിനേറെ സഹായിച്ചിട്ടുണ്ട്. ഏതാണ്ട് മൂന്നു മണിക്കൂറോളം നീളുന്ന സിനിമയുടെ വലിപ്പം കല്ലുകടിയായി എന്ന മട്ടിലുള്ള ചില പറച്ചിലുകൾ കണ്ടു. കിട്ടന്റെ ജീവിതത്തിനൊപ്പം ജാതിയുടെ നിഴലേറ്റ് പൊള്ളുന്ന മറ്റു പല ജീവനുകളുടെയും കഥ കൂടി മാരി ഇതിൽ പറയുന്നുണ്ട്. അങ്ങനൊരു ഭൂമികയും അവിടുത്തെ ഒരുപിടി മനുഷ്യരേയും സ്‌ക്രീനിൽ കൊണ്ടു വരുന്നതിന് അതിനാൽ തന്നെ സമയം ആവശ്യമാണ്.
ജാതിയെപ്പറ്റി ഒക്കെ ഇപ്പോഴും പറയേണ്ട കാര്യമുണ്ടോ? അതൊക്കെ അങ്ങ് പണ്ടല്ലേ? എന്ന നിഷ്കളങ്കമായ ചോദ്യങ്ങൾ പതിവിലും കൂടുതലായി ഉയരുന്ന ഒരു കാലമാണിത്. മാട്രിമോണി കോളങ്ങളിൽ, തെരഞ്ഞെടുപ്പ് സമവാക്യങ്ങളിൽ, സ്ഥാനാർത്ഥി നിർണയങ്ങളിൽ, എന്തിന് ചായ ഗ്ലാസിൽ വരെ ജാതി തിരയുന്നവർ ഉള്ളിടത്തോളം ആ ചോദ്യങ്ങേളേക്കാൾ ഉറക്കെ, ഉയരെ, ഉച്ചത്തിൽ 'ജാതി ഇവിടെയുണ്ട്. ജാതി പിരിവുകളുടെ അടിക്കാടുകൾ അറുക്കപ്പെടേണ്ടതുണ്ട്' എന്ന് സിനിമ സംസാരിക്കേണ്ടതുണ്ട്. അങ്ങനെ നോക്കിയാൽ 'ബൈസൺ' ആ ജോലി വളരെ വെടിപ്പായി ചെയ്തുവച്ചിട്ടുണ്ട്.

