മെറി ക്രിസ്മസ്; ക്ലാസ് റൊമാൻസ്, ക്ലാസ് ത്രില്ലർ

ഒരു ക്ലാസിക് റൊമാന്റിക് സെറ്റപ്പിൽനിന്ന് ക്രൈം ത്രില്ലറിലേക്കുള്ള ‘മെറി ക്രിസ്മസ്’ എന്ന സിനിമയുടെ ‘പരിവർത്തന പവർസ്റ്റേഷൻ’, അതിന്റെ ഗംഭീര സ്ക്രിപ്റ്റും, രാഘവൻ എന്ന ഫിലിംമേക്കറുടെ സംവിധാന മികവുമാണ്. തമിഴിലും ഹിന്ദിയിലുമായി റിലീസ് ചെയ്ത സിനിമ ഫ്രഞ്ച് നോവലിസ്റ്റ് ഫ്രഡറിക് ഡാഡിന്റെ നോവൽ 'ലെ മോണ്ടെ ചാർജി’ന്റെ അഡാപ്റ്റഡ് തിരക്കഥാ രൂപമാണ്.

മെറി ക്രിസ്മസ് എന്ന സിനിമ കാണാനുള്ളതല്ല, അനുഭവിച്ചു പൊള്ളാനുള്ളതാണ്. സംഭവങ്ങളുടെ ഫ്ലോ ചാർട്ടിലൂടെ നിഗൂഢ രഹസ്യങ്ങളിലേക്ക് സ്ലോ പേയ്സിൽ, വളരെ സ്ലോ പേയ്സിൽ  ഏതാനും മണിക്കൂറുകൾ പൊള്ളിച്ചടുക്കുന്ന നിയോ നോയർ തന്തൂരി.
മെറി ക്രിസ്മസിന്റെ സംവിധായകൻ നമുക്ക് സുപരിചിതനാണ്. സിനിമകളുടെ പേര് പറഞ്ഞാലറിയാം- അന്ധാധുൻ, ജോണിഗദ്ധാർ, ബദ്ലാപൂർ.
ആ ഡയറക്ടർ ശ്രീരാം രാഘവൻ തന്നെ.

നിയോ നോയർ സിനിമകളുടെ ട്രീറ്റ്മെന്റ് രീതി കാണിയെ നിഗൂഢതകളുടെയും രഹസ്യങ്ങളുടെയും പങ്കാളികളാക്കുന്നതാണ്. സിനിമയുടെ അവസാന വാലറ്റത്താണ് കൊലയാളിയെ വെളിപെടുക.
അപരിചിതരായ രണ്ടുപേർ 1990- കളിലെ ബോംബെ (ഇന്ന് മുംബൈ) യിൽ ഒരു ക്രിസ്മസ്‌ രാവിൽ കണ്ടുമുട്ടുന്നു. ആരെയും പ്രലോഭിപ്പിച്ചു ചതിക്കാവുന്ന പ്രശാന്തതയും മൗനവും ആ രാവിനുണ്ടായിരുന്നു.

മെറി ക്രിസ്മസില്‍ കത്രീന കൈഫ്, വിജയ് സേതുപതി


കത്രീന കൈഫ് ആന്റ് വിജയ് സേതുപതി. പരസ്പരം പേരുകൾപോലും പറയാൻ മറന്ന് അവർ പരിചിതരാകുന്നു. അവർ മരിയയും ആന്റ് ആൽബർട്ടുമാണെന്ന് സംവിധായകൻ കാണികൾക്ക് സൂചന നല്കുന്നുണ്ട്. '
ജീവിതത്തിലേക്കോ മരണത്തിലേക്കോ തിരിച്ചുപോകാനുള്ള ഇച്ഛ ഞങ്ങൾക്കുണ്ടായിരുന്നില്ല. പക്ഷേ അതു സാധ്യമോ? മരണം ഔദ്യോഗികമുദ്ര പതിപ്പിക്കാത്ത എന്തിനെയും ജീവിതം അലക്ഷ്യമായി കയ്യേറുന്നു.
മേതിലിന്റെ ‘ഉടൽ ഒരു ചൂഴ്നില' എന്ന കഥ അവസാനിക്കുന്നത് ഇങ്ങനെയണ്.
ആൽബർട്ടിനും മരിയക്കും ആ ക്രിസ്മസ് രാവ് ഒരു ചൂഴ്നിലയായി. അലക്ഷ്യമായി കയ്യേറിയ ജീവിതങ്ങൾ.

വിധിയുടെ ചെസ് ബോഡായിരുന്നു ആ ക്രിസ്മസ് രാവ്. രണ്ടുപേർ കണ്ടുമുട്ടുകയും കളിയുടെ ഫ്ലോ ചാർട്ടിലെന്നപോലെ സഞ്ചരിക്കുകയും പരസ്പരം അടുപ്പമോ പരിഗണനയോ മമതയോ ഇല്ലാതെ തന്നെ അവർ നിഗൂഢതകളുടെയും രഹസ്യങ്ങളുടെയും പങ്കാളികളാകുകയും പിരിയുകയും ചെയ്യുന്നു. രഹസ്യങ്ങൾ പങ്കാളിത്തം അവശ്യപ്പെടുന്നു. ഒരു മനസിൽ ഒറ്റക്ക് നിലനില്പുള്ളതല്ല രഹസ്യം. ഒരു രഹസ്യം ഉണ്ടാവണമെങ്കിൽ ചുരുങ്ങിയത് രണ്ടുപേരെങ്കിലും വേണം. മേതിൽ ചൂഴ്നിലത്തിൽ പറയുന്നു.

‘ഉടൽ ഒരു ചൂഴ്നില' എന്ന  കഥയിൽ ബലാത്സംഗം ചെയ്യപ്പെട്ട  പെൺകുട്ടിയും ഈയൊരു അവസ്ഥയിലൂടെ ചിന്തിച്ചു കടന്നുപോകുന്നുണ്ട്. നച്ചിനെ കോകില പിന്തുടരുകയായിരുന്നോ... മരിയയെ ആൽബർട്ട് പിന്തുടരുന്നപോലെ.
ഒച്ചകളിൽ നിന്ന് മൗനത്തിന്റെ രഹസ്യ അധോലോകത്തിലേക്ക്.
ചിലപ്പോൾ എത്ര ക്രൂരമായാണ് ശരീരം മനസിനെ ചതിക്കുന്നതെന്ന വേദനകരമായ കണ്ടെത്തലാണ് മറ്റെന്തിനേക്കാളുമധികം അവളെ മുറിപ്പെടുത്തിയതെന്ന് മേതിൽ പറഞ്ഞുപോകുന്നു.

സംവിധായകന്‍ ശ്രീരാം രാഘവൻ

സിനിമയിൽ ആൽബർട്ട് (വിജയ് സേതുപതി) മരിയയോട് (കത്രീന കൈഫ് ) ‘വയലൻസ് ഈസ് ബെറ്റർ ദാൻ സഫറിംഗ്’ എന്നും പറഞ്ഞുപോകുന്നു.
ആൽബർട്ടിന്റെ പിക്ക് അപ് ലൈനുകളും നർമ്മവും വിജയ് സേതുപതി അനായാസമായി കൈകാര്യം ചെയ്യുന്നുണ്ട്. സൗന്ദര്യവും നിഗൂഢതയും കലർന്ന മരിയ, കത്രീന കൈഫിൽ ഭദ്രം. അമ്മയായും സ്ത്രീയായും റോൾ ഇൻ ദ റോൾ കഥാപാത്ര ധർമം ഭംഗിയായി പൂർത്തീകരിച്ച് കത്രീന കൈഫ് കയ്യടി വാങ്ങിക്കുന്നു.

സിനിമയുടെ സ്ലോ പേയ്സിൽ അസ്വസ്ഥതക്കു കീഴ്പ്പെട്ടു സ്ക്രീനിൽനിന്നു നോട്ടം തെറ്റാതെ ശ്രദ്ധിക്കണം. സൂഷ്മവസ്തുക്കളിലും, സംഭവങ്ങളിലുമാണ് സിനിമ ഗിയർ അപ്പ് ചെയ്യുന്നത്.
ഒരു ക്ലാസിക് റൊമാന്റിക് സെറ്റപ്പിൽനിന്ന് ക്രൈം ത്രില്ലറിലേക്കുള്ള സിനിമയുടെ ‘പരിവർത്തന പവർസ്റ്റേഷൻ’, അതിന്റെ ഗംഭീര സ്ക്രിപ്റ്റും, രാഘവൻ എന്ന ഫിലിംമേക്കറുടെ സംവിധാന മികവുമാണ്. തമിഴിലും ഹിന്ദിയിലുമായി റിലീസ് ചെയ്ത സിനിമ ഫ്രഞ്ച് നോവലിസ്റ്റ് ഫ്രഡറിക് ഡാഡിന്റെ നോവൽ 'ലെ മോണ്ടെ ചാർജി’ന്റെ അഡാപ്റ്റഡ് തിരക്കഥാ രൂപമാണ്.

ക്രിസ്മസ് രാത്രിയിലാണ് സിനിമയുടെ പ്ലോട്ട് വികസിക്കുന്നത്. ഒറ്റ രാത്രിയിൽ തിരിഞ്ഞുമറിഞ്ഞ് നിശ്ചിതത്തോടടുക്കുന്ന ആകസ്മികങ്ങൾ. വട്ടം ചുരുങ്ങിച്ചുരുങ്ങി വരുന്ന സാധ്യതകളുടെ വലയം. ആ രാത്രി വെളുക്കുമ്പോൾ സിനിമ അവസാനിക്കുന്നു. നൈറ്റ് ഈസ് ഡാർക്കെസ്റ്റ് ജസ്റ്റ് ബിഫോർ ഡൗൺ. കൊലപാതകികളെ നീതീകരിക്കുന്നതിന്
സിനിമയിൽ ധാരാളം പിക്കപ്പ് ലൈനുകൾ ഉപയോഗിച്ചിട്ടുണ്ട്.
മേതിലും ജപമണികളിലൂടെ കടന്നുപോകുന്ന വിരലുകളുടേതെന്നതു പോലുള്ള ശാന്തിയിൽ ഒരു ബലാത്സംഗം നടക്കുന്നതായി സമർത്ഥിക്കാൻ ധാരാളം പിക്ക് അപ് ലൈനുകൾ ചേർത്തിട്ടുണ്ട്.

മെറി ക്രിസ്മസില്‍ നിന്നും

ഒരു നിമിഷത്തിൽ പൊടുന്നനെ സംസാരം നിലച്ച് മൂകയായ മകൾ ആനിയെയും കൂട്ടി മരിയ ക്രിസ്മസ് രാവ് ആഘോഷിക്കാൻ പുറത്തേക്കിറങ്ങുന്നു. എൺപതുകളിലെ ബോംബെയുടെ നൊസ്റ്റു ഐക്കണുകൾ അക്കാലം ഓർക്കുന്നവരെ സമ്പന്നരാക്കും. റെയിൽവേ സ്റ്റേഷനിലെ ഭാരമേറിയ ഭാരം അളക്കുന്ന യന്ത്രം. അതിൽ ഭാരത്തോടൊപ്പം അടിച്ചു വരുന്ന മോട്ടിവേഷൻ സ്ലോഗൻ. ബജാജ് ചേതക് സ്കൂട്ടർ, ലിറിൽ പരസ്യം കാണിക്കുന്ന റീഗൽ തീയറ്ററും ഫാനുകളും, ഫോർട്ട് കൊളാബ & വിടി അവിടത്തെ ബിൽഡിംഗുകൾ, ടാക്സി കാർ, ബസുകൾ, ക്രിസ്മസ് രാവും ലൈറ്റുകളും എല്ലാം കൃത്യമായി, സൂക്ഷ്മമായി സിനിമയിൽ സെറ്റുചെയ്തിട്ടുണ്ട്.

വർഷങ്ങൾക്കുശേഷം ക്രിസ്മസ് രാവിൽ നെയ്ബർ അങ്കിൾ  (ടിനു ആനന്ദ് തമിഴിൽ രാജേഷ് ) അമ്മയുടെ മരണവിവരം അറിയിച്ചതിനെതുടർന്നെത്തുന്ന ആൽബർട്ട് ആ വീട്ടിലെ അമ്മയുടെ വസ്തുകളിലൂടെ കണ്ണുകൾകൊണ്ട് തലോടി ഓർമകളിൽ നിന്ന് വിമോചിതനാകാൻ അതേസമയം പുറത്തേക്കിറങ്ങി.

ഒരു റസ്റ്റാറന്റിൽ / ബാറിൽ പാട്ടുകേട്ട് മദ്യം കഴിക്കുന്നതിനിടയിൽ ആൽബർട്ട് ബാത്ത്റൂമിൽ പോകുന്നുണ്ട്. ബാത്ത്റൂമിന്റെ വാതിൽ തുറക്കുമ്പോൾ അവിടെ ഒളിച്ചിരുന്ന ഒരാൾ മരിയയെയും മകൾ ആനിയേയും ചൂണ്ടി അയാൾ ഡേറ്റ് ചെയ്ത സ്ത്രീയാണെന്നും അവർക്ക് മൂകയായ മകളുള്ള വിവരം അറിയില്ലായിരുന്നു എന്നും ഒരു ബിസിനസ് മീറ്റിംഗ് ഉള്ളതുകൊണ്ട് പെട്ടന്ന് സ്ഥലം വിട്ടെന്ന സന്ദേശം അവരെ അറിയിച്ച് രക്ഷപ്പെടുത്തണമെന്നും പറഞ്ഞ് അവിടം വിട്ടു. ആൽബർട്ടിന്റെ സഹായ വാഗ്ദാന ഉറപ്പിലാണ് അയാൾ സ്ഥലം വിടുന്നത്. ആൽബർട്ട് അപ്രകാരം മരിയയോട് പറഞ്ഞ് വാക്കുപാലിക്കുകയും ചെയ്തു.

ആൽബർട്ട് അകലെയല്ലാതെ ഒരു ടേബിളിൽ ഇരുന്ന് പേപ്പർ അരയന്നങ്ങളെ ഉണ്ടാക്കി കുഞ്ഞിന്റെ ശ്രദ്ധ പിടിച്ചെടുക്കാൻ ശ്രമിക്കുന്നു.  പേപ്പർ അരയന്നങ്ങളുണ്ടാക്കുന്നതിൽ അയാളുടെ സ്കില്ല് സംവിധായകൻ അതിലൂടെ എസ്റ്റാബ്ലിഷ് ചെയ്യുന്നു.

രു നിമിഷത്തിൽ പൊടുന്നനെ സംസാരം നിലച്ച് മൂകയായ മകൾ ആനിയെയും കൂട്ടി മരിയ ക്രിസ്മസ് രാവ് ആഘോഷിക്കാൻ പുറത്തേക്കിറങ്ങുന്നു. എൺപതുകളിലെ ബോംബെയുടെ നൊസ്റ്റു ഐക്കണുകൾ അക്കാലം ഓർക്കുന്നവരെ സമ്പന്നരാക്കും.

രണ്ടു വ്യക്തികളെയും ആകസ്മികതകൾ പിന്തുടരുന്നു. ആൽബർട്ട് സിനിമ കാണാൻ കയറുന്ന തിയറ്ററിൽ മരിയയും മകളും സിനിമ കാണാനെത്തുന്നു. സിനിമക്കിടയിൽ ഉറങ്ങിയ കുഞ്ഞിനെ തോളത്തിട്ട് വലിയ ടെഡി ബിയറിനെയും പിടിച്ച് മരിയ പ്രയാസപ്പെട്ട് തിയറ്ററിനു പുറത്തേക്ക് ഇറങ്ങുമ്പോൾ ആൽബർട്ട് സീറ്റിൽ ഇല്ലായിരുന്നു. തിയറ്ററിനുപുറത്ത് അവർ വീണ്ടും കണ്ടുമുട്ടി. മരിയ കുഞ്ഞിനെയും ടെഡിയെയും പിടിക്കാൻ പാടുപെടുന്നത് കണ്ട് ആൽബർട്ട് ടെഡിയെ വാങ്ങി അവരോടൊപ്പം നടന്നു. അവിടെ കളിക്കുന്ന സിനിമ അഡ്വെഞ്ചഴ്സ് ഓഫ് പിനാഷ്യോ ആൽബർട്ട് കുഞ്ഞായിരിക്കുമ്പോൾ മുതൽ തുടർച്ചയായി കാണുന്നതാണെന്ന് മരിയയോട് പറഞ്ഞു. ആൽബർട്ട് ദുബായിൽ ആർക്കിടെക്ടാണെന്നും , മരിയ വീടിനോടുചേർന്ന് ബേക്കറി പ്രൊഡക്ഷൻ യുണിറ്റ് നടത്തുകയാണെന്നും പരസ്പരം പരിചയപ്പെടുത്തി. മരിയ അയാളെ വീട്ടിലേക്ക് ക്ഷണിച്ചു. വീട്ടിൽ അവർ ഡ്രിങ്ക്സ് കഴിക്കുന്നു, പാട്ടുകേൾക്കുന്നു, പ്രണയത്തോടെ നൃത്തം ചെയ്യുന്നു, അവരുടെ ഭൂതകാലപ്രണയവും ജീവിത പ്രശ്നങ്ങളും പങ്കുവക്കുന്നു. ഈ രംഗങ്ങൾ മനോഹരമായി കത്രീനയും വിജയ് സേതുപതിയും ചെയ്തിരിക്കുന്നു. സംവിധായകന്റെ ടച്ച് അപാര ലവലിലാണ്.

എപ്പോൾ വേണമെങ്കിലും പ്രവേശിക്കാവുന്ന ഭർത്താവ് ജെറോമിന് ഒരു കത്തെഴുതിവച്ച് ഉറങ്ങിയ മകൾ ആനിയെ ഉറങ്ങാൻ വിട്ട്,  വീടു പൂട്ടി അവർ പുറത്ത് റൊമാന്റിക് സ്പോട്ടുകൾ കാണാനിറങ്ങി.
തിരിച്ചെത്തുന്ന മരിയയും ആൽബർട്ടും കാണുന്നത് ജെറോം വെടിയേറ്റ് മരിച്ചു കസേരയിൽ കിടക്കുന്നതാണ്. മരിയ മകൾ ആനിയുടെ മുറിയിലേക്ക് കരഞ്ഞുകൊണ്ടോടി. ആൽബർട്ട് പൾസ് നോക്കി ജെറോമിന്റെ മരണം സ്ഥിരീകരിച്ചു. മകൾ ആനി സുരക്ഷിതയാണെന്നുറപ്പാക്കി മരിയ ആൽബർട്ടിനോട് പോലീസിനെ വിളിക്കാൻ ആവശ്യപ്പെട്ടു. അയാൾ ഫോണെടുത്തെങ്കിലും പോലീസിനെ വിളിക്കാതെ റിസീവർ തിരികെവച്ചു. അയാൾ കൊലപാതകിയാണെന്നും പരോൾ കിട്ടി വന്നതാണെന്നുമുള്ള സത്യം മരിയയോട് വെളിപ്പെടുത്തി. ആൽബർട്ടിന്റെ സാന്നിധ്യം സന്ദർഭത്തെ സംശയാസ്പദമായി കോംപ്ലിക്കേറ്റ് ചെയ്യുമെന്നതിനാൽ ആൽബർട്ടിനെ മരിയ അവിടെ നിന്നും ഇറക്കി വിട്ടു.
മരിയ അല്പസമയം കഴിഞ്ഞ് ആനിയെയും കൂട്ടി പള്ളിയിലേക്ക് പോകുന്നവഴിക്ക് ആൽബർട്ടിനെ കാണുന്നുണ്ട്. അവൾ അയാളെ പരിഗണിക്കാതെ കടന്നുപോയി.

പള്ളിയിൽ കുർബാനക്കിടയിൽ മരിയ അടുത്തിരുന്ന റോണിയുടെ ( സഞ്ജയ് കപൂർ ) തോളിലേക്ക് മറിഞ്ഞ് ബോധരഹിതയായി. അയാൾ അവളെ താങ്ങി പുറത്തേക്ക് നടത്തി. അയാളെ സഹായിക്കാനെന്നോണം അവിടെയെത്തിയ ആൽബർട്ടും ഒപ്പം കൂടി. ഇതിനിടയിൽ നടിപ്പ് വിട്ട് മരിയ ആൽബർട്ടിനോട് അവിടനിന്ന് പോകാൻ ആവശ്യപ്പെടുന്നു. അയാൾ വിസമ്മതിച്ചു തഞ്ചി നിന്നു. മരിയ ആശുപത്രിയിൽ പോകാതെ വീട്ടിലെത്തിക്കാൻ റോണിയോട് ആവശ്യപ്പെട്ടു. റോണി അയാളുടെ കാറിൽ  അവളോടൊപ്പം പിന്നിൽ കയറുമ്പോൾ കാർ  ഡ്രൈവുചെയ്യാൻ ആൽബർട്ടിനെ ഏല്പിച്ചു. മരിയക്ക് ആൽബർട്ടിനെ ഒഴിവാക്കണമെന്നുണ്ട്. എന്നാൽ അയാൾ പറ്റിക്കൂടുന്നു. അവർ അവളുടെ വീട്ടിലെത്തി. അവർ  പഴയ ഡക്കറേറ്റു ചെയ്ത് ശില്പ ഭംഗിയുള്ള ലിഫ്റ്റിൽ മുകളിലേക്ക് കയറി. ഫ്ലാറ്റിന്റെ വാതിൽ തുറന്നു മൂവരും അകത്തേക്കു പ്രവേശിച്ചു. തോളിൽ ഉറങ്ങിയ ആനിയെ അകത്ത് കിടത്താൻ മുമ്പത്തെ സീനുകളിലേതുപോലെ മരിയ അകത്തേക്ക് പോയി.

മെറി ക്രിസ്മസില്‍ നിന്നും

ആൽബർട്ട് അപ്പോൾ ഞെട്ടി. ആ മുറിയിലെ കസേരയിൽ നിന്ന് ജെറോമിന്റെ മരിച്ച ശരീരം അപ്രത്യക്ഷമായിരിക്കുന്നു. റോണിക്ക് അതറിയില്ല. അയാൾ മരിയയുടെ കൂടെ കിടക്കാൻ ആഗ്രഹിച്ചു.
പിന്നീടങ്ങോട്ട് സിനിമയിൽ സസ്പെൻസുകളുടെ ത്രില്ലടിപ്പിക്കുന്ന സ്ഫോടന രംഗങ്ങളുടെ  തുടർച്ചയാണ്.
രാഘവന്റെ സംവിധാനശൈലിയിലെ സവിശേഷത കാണിയെ ഒരു ചൂഴ്നിലയാക്കുക എന്നതാണ്. അന്ധാദുന്നിലെല്ലാം നമ്മൾ കണ്ടതാണ്, അനുഭവിച്ചതാണ്.

മേതിലിന്റെ കഥയിലെ പെൺകുട്ടിയും ബലാത്സംഗം ചെയ്യപ്പെട്ട് ആ വീട്ടിൽ നിന്നിറങ്ങുമ്പോൾ അവളുടെ കാലിലെ ഒരു ചെരുപ്പ് ദുരൂഹമായി നഷ്ടപെട്ടിരുന്നു.
മേതിലിന്റെ കഥയെക്കുറിച്ച് ഇടക്ക് പരാമർശ വിധേയമാക്കിയത്, ആ കഥ ബലാത്സംഗിയെ നീതികരിക്കുന്നു എന്നു വിമർശിച്ച് ഫെമിനിസ്റ്റുകൾ വലിച്ചുകീറി ഒട്ടിച്ചതാണ് എന്ന നിലയ്ക്കാണ്. പിന്നീട് ദണ്ഡന ഫെമിനിസം, പൊറുക്കൽ ഫെമിനിസം എന്നെല്ലാം തിയറികൾ പീഡകരുടെ  നീതീകരണത്തിനെത്തി എന്നത് ചരിത്രം. ഈ സിനിമ കൊലപാതകത്തെ അതിസമ്പന്നമായി നീതീകരിക്കുന്നുണ്ട്. മലയാളത്തിലിറങ്ങിയ ദൃശ്യം സിനിമക്ക് സമാനമോ അതുക്കും മേലെയോ!

അന്തർഗ്ഗതം പ്രകടിപ്പിക്കാൻ കഴിവുള്ളവരായിട്ടും മേതിലിന്റെ കോകിലയും, രാഘവിന്റെ കഥാപാത്രങ്ങളും സംഭവങ്ങളിലേക്ക് നടന്നടുത്തു. മേതിലും രാഘവനും അതിനായി ഒരുക്കിയ പ്രവാഹലേഖയിൽ അവരെ തന്ത്രപൂർവ്വം കുരുക്കുകയായിരുന്നു. (പ്രവാഹലേഖ മേതിലിന്റെ പ്രയോഗമാണ് )

ആൽബർട്ടിന്റെ പ്രണയിനിയായിരുന്നു അയാളുടെ ബോസിന്റെ ഭാര്യ റോസി. കൂടെ പൊറുക്കാനും അയാളുടെ കുട്ടികളെ പ്രസവിക്കാനും അവൾ വിസമ്മതിച്ചു. അതിനുശേഷം അയാളുണ്ടാക്കുന്ന അവൾക്കേറെ ഇഷ്ട സ്വാദായ ദോശയും ചട്ട്ണിയും ഇനി വേണ്ട എന്നു വിലക്കി നിരസിച്ചു. അവൾ കൊല്ലപ്പെടുന്നു. റോസിയായ രാധികാ ആപ്തേക്ക് ഒരു കാമിയോ (cameo) വേഷം മാത്രമാണുള്ളത്.

മരിയ കുഞ്ഞിനെയും ടെഡിയെയും പിടിക്കാൻ പാടുപെടുന്നത് കണ്ട് ആൽബർട്ട് ടെഡിയെ വാങ്ങി അവരോടൊപ്പം നടക്കുന്ന രംഗം

എൺപതുകളിലെ പോലീസ് അന്വേഷണവും സ്റ്റേഷൻ രംഗങ്ങളും കിടിലമാണ്. ഞാൻ ഹിന്ദിയാണ് കണ്ടത്. പോലീസ് ഓഫീസറായി ഹിന്ദിയിൽ വേഷമിട്ട വിനയ് പതക്ക് തകർത്തിട്ടുണ്ട്. തമിഴിൽ ഷൺമുഖരാജൻ മോശമാകാനിടയില്ല. ലേഡി പോലീസ് കോൺസ്റ്റബിൾ പ്രതിമ കാസ്മി. തമിഴിലത് രാധിക ശരത്കുമാർ.
ത്രില്ലറായതുകൊണ്ടും സ്പോയിലറാകും എന്നതുകൊണ്ടും കഥ മുഴുവൻ എഴുതുന്നില്ല. ബാക്കി ഭാഗം തിയറ്ററിൽ കണ്ടുതന്നെ അറിയുക.

റൊമാൻസിന്റെ മുറുക്കവും, സസ്പെൻസിന്റെ വളർച്ചയും, ത്രില്ലർ രംഗങ്ങളുടെ തീവ്രതയും വളർത്തി സിരകളെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതമൊരുക്കിയ ഡാനിയൽ ബി. ജോർജ്ജും മ്യൂസിക്‌ ചെയ്ത പ്രീതവും കിടുവാണ്. മധു നീലകണ്ഠന്റെ ക്യാമറയും, പ്രീത ലധ ശ്രുതിയുടെ കണിശമായ എഡിറ്റിംഗും സിനിമയെ ക്ലാസാക്കി തീർത്തതിൽ പ്രധാന റോൾ വഹിച്ചിട്ടുണ്ട്. സ്ക്രിപ്റ്റിന്റെ ഹിന്ദി വേർഷനിലും ഇവർക്ക് റോളുണ്ട്.

തിരക്കഥയുടെ ഹിന്ദി വേർഷൻ ടീംസിൽ ശ്രീരാം രാഘവൻ, അറിജിത് ബിശ്വാസ്, പൂജ ലധ ശ്രുതി, അനുക്രിതി പാൺഡേ തുടങ്ങിയവരും തമിഴ് വേർഷൻ പ്രതീപ് കുമാർ എസ്, അബ്ദുൾ ജബ്ബാർ, പ്രസന്ന ബാല, നടരാജൻ, ലത കാർത്തികേയൻ തുടങ്ങിയവരും ചേർന്നാണ് എഴുതിയിരിക്കുന്നത്.

നിർമാണം രമേഷ് തൗരാണി, ജയതൗരാണി, സഞ്ജയ് രൗത്രേ, കേവാൾ ഗാർഗ്. പ്രൊഡക്ഷൻ കമ്പനികൾ ടിപ്സ് ഫിലിംസ്, മാച്ച് ബോക്സ് പിക്ച്ചേഴ്സ്. വിതരണം പെൻ മരുധാർ എന്റർടൈൻമെന്റ്, യു എഫ് ഒ മൂവീസ്.


പ്രേംകുമാര്‍ ആര്‍.

ബ്ലസിയുടെ അസിസ്റ്റന്റ് ഡയറക്ടർ ആയി ഭ്രമരം സിനിമയിൽ പ്രവർത്തിച്ചു. പരസ്യചിത്രങ്ങൾ ഷോട്ട് ഫിലിമുകൾ ഡോക്യൂമെന്ററി ഫിലിം സംവിധാനം ചെയ്തിട്ടുണ്ട്. പരസ്യമേഖലയിൽ ക്രിയേറ്റീവ് ഡയറക്ടറായി തൊഴിൽ ചെയ്തുവരുന്നു. കുറച്ചുകാലം ടി.വി പോഗ്രാം ഡയറക്ടറായും പ്രവർത്തിച്ചു.

Comments