മമ്മൂട്ടിയും കൊച്ചിൻ ഹനീഫയും

മമ്മൂട്ടിയുടെ നാടകം, കൊച്ചിൻ ഹനീഫയുടെ മിമിക്രി,
പിന്നെ ബൊളീവിയൻ ഡയറിയും

സൈമൺ ബ്രിട്ടോ റോഡ്രിക്‌സ് ​ജീവിതം പറയുന്നു- 2

അടിയന്തരാവസ്ഥയിൽ ഞങ്ങൾ പൊലീസിനോടേറ്റുമുട്ടി മരിക്കാൻ തയ്യാറായി നടക്കുകയായിരുന്നു. അടിയന്തരാവസ്ഥ പിൻവലിക്കാതെ ഞങ്ങളും മാറില്ലെന്നായിരുന്നു വാശി. എന്നിട്ടും എന്നെ പൊലീസ് പിടിച്ചില്ല.

കാലഘട്ടം ഒരു കുട്ടിക്ക് സത്യത്തിൽ ഒരു സ്വാതന്ത്ര്യവുമനുവദിക്കുന്നില്ല.
എങ്ങനേലും കോളജ് കടന്നുകിട്ടണേന്നായിരുന്നു പ്രാർത്ഥന. കോളജിൽ കിട്ടിയ
സ്വാതന്ത്ര്യം പിന്നെവിടെയും കിട്ടിയില്ല. ഒരു വിദ്യാർത്ഥിക്ക് കാമ്പസിൽ
കിട്ടുന്ന പ്രിവിലേജ് എനിക്കത്ഭുതമായിരുന്നു. വിദ്യാർത്ഥിയുടെ കരുത്തിന്റെ
കാലഘട്ടമാണത്. ആ കാലഘട്ടത്തിൽ സുധീർ അഭിനയിച്ച റാഗിംഗ് പോലുള്ള സിനിമകളിറങ്ങി.

എനിക്ക് തേഡ് ഗ്രൂപ്പെടുത്ത് ചരിത്രം പഠിക്കാനാണിഷ്ടം, പക്ഷെ വീട്ടുകാർ
സമ്മതിക്കില്ല. മഹാരാജാസ് കോളജിൽ ചേരാനാണിഷ്ടം, അതും പാടില്ലെന്നായി. അങ്ങനെ എന്നെ എഞ്ചിനിയറാക്കാൻ ഫസ്റ്റ് ഗ്രൂപ്പെടുത്ത് സെൻറ്​ ആൽബർട്‌സിൽ ചേർത്തു. സെക്കൻഡ് ലാംഗ്വേജ് മലയാളവുമെടുത്തു. ആദ്യത്തേത് ഒരിംഗ്ലീഷ് ക്ലാസായിരുന്നു. നന്നായി പഠിപ്പിക്കുന്ന അഗസ്റ്റിൻ സാറായിരുന്നു ക്ലാസിൽ. ക്ലാസ്​
പകുതിയാകുമ്പോൾ ഒരു സെക്കൻഡ് ഇയർ പ്രിഡിഗ്രി വിദ്യാർത്ഥി ക്ലാസിലേക്ക്
കയറിവന്ന് മാഷിനുമുന്നിൽ വളഞ്ഞുകുത്തി നിന്ന് വളിപ്പാ... എന്നൊരു വിളിയും വിളിച്ച് ഇറങ്ങിയങ്ങ് പോയി. പിന്നെ ആ മാഷിന്റെ ക്ലാസ്​ നേരേചൊവ്വേ നടന്നിട്ടില്ല.

ഫസ്റ്റ് ഇയർ സെൻറ്​ ആൽബെർട്‌സിലെത്തുമ്പോൾ കെ.എസ്. യു പ്രബലമാണവിടെ. കൊച്ചിൻ ഹനീഫയായിരുന്നു കെ. എസ്. യുവിന്റെ ആർട്‌സ് ക്ലബ്ബ് സെക്രട്ടറി. ഞങ്ങളവിടെ ഡി. എഫ് ഉണ്ടാക്കി, കുറച്ച് സ്ഥാനങ്ങൾ നേടിയെടുത്തെങ്കിലും തോറ്റുപോയി.

അധ്യാപകരെല്ലാം നന്നായി പഠിപ്പിച്ചു. ഒപ്പമുണ്ടായിരുന്ന മിക്കവാറും കുട്ടികളും
സമാനമനസ്‌കരുമായിരുന്നു. പ്രിഡിഗ്രി സെക്കൻഡ് ഇയർ അവസാനിക്കുമ്പോൾ ഒരു ഗ്രൂപ്പ് ഫോട്ടോ പോലും എടുക്കാനൊത്തില്ല. അത്രക്ക് സംഘർഷമായി. അന്ന് ഹിപ്പികളുടെ കാലമാണ്. എന്റെ ക്ലാസിലും ഹിപ്പികളുണ്ടായിരുന്നു. ഗ്രൂപ്പ് ഫോട്ടോ നേരത്ത് ഓരോരുത്തരും വാടകക്ക് കോപ്പുകളെടുത്ത് ഓരോ വേഷം കെട്ടി വന്നു. വിഗ്ഗും ഓലക്കണ്ണടയുമെല്ലാമുണ്ടായിരുന്നു. അതിനൊപ്പം പ്രിൻസിപ്പൽ നിൽക്കണമെന്ന് വാശിപിടിച്ചെങ്കിലും നടന്നില്ല. ഫസ്റ്റ് ഇയർ സെൻറ്​ ആൽബെർട്‌സിലെത്തുമ്പോൾ കെ.എസ്.യു പ്രബലമാണവിടെ. കൊച്ചിൻ ഹനീഫയായിരുന്നു കെ. എസ്. യുവിന്റെ ആർട്‌സ് ക്ലബ്ബ് സെക്രട്ടറി. ഞങ്ങളവിടെ ഡി. എഫ് ഉണ്ടാക്കി, കുറച്ച് സ്ഥാനങ്ങൾ നേടിയെടുത്തെങ്കിലും തോറ്റുപോയി.

മഹാരാജാസ് കോളേജ് / Photo : Wikimedia Commons
മഹാരാജാസ് കോളേജ് / Photo : Wikimedia Commons

കൊച്ചിൻ ഹനീഫ കാമ്പസിലെ മിമിക്രി താരം കൂടിയായിരുന്നു. കെ. എസ്. യുവിന്റെ സമരങ്ങൾ കലക്കാൻ പോകുമ്പോൾ കെ. എസ്. യുക്കാർതന്നെ നമുക്കൊപ്പം കൂടും. തന്മയത്വത്തോടെ ആര് അലമ്പിയാലും എല്ലാരും കൂടെക്കൂടും.
എല്ലാം നിഷേധാത്മകമായി ചെയ്യുക എന്നതായിരുന്നു ശൈലി. ആൽബട്‌സ് കോളജിൽ ചൊവ്വേ നേരെ ഒന്നും നടക്കാറൊന്നുമില്ല. ഹനീഫ അപ്പൊഴേക്കും തുറമുഖം എന്ന സിനിമയിൽ അഭിനയിച്ചുകഴിഞ്ഞിരുന്നു.

അലമ്പെല്ലാം നടന്നെങ്കിലും എല്ലാവരും നന്നായി പഠിച്ചു. അന്നെനിക്ക്
ലാബുണ്ട്. കൂട്ടത്തിൽ ഒരു മാഷ് എനിക്ക് ലാബ് ബുക്ക് നോക്കിത്തരുന്നില്ല, ഞാൻ
മറ്റൊരു മാഷെപ്പിടിച്ചു. ഒരാൾ റെക്കോർഡ് നോക്കിത്തരില്ലെന്ന് വാശി. അങ്ങനെ
പലരുടെ കാലും പിടിച്ചാണ് കടന്നുകിട്ടിയത്. ലാബിൽ ഞാനങ്ങനെ കയറിയില്ലെങ്കിലും നോൺ ടിച്ചേഴ്‌സ് സ്റ്റാഫുമായി നല്ല ബന്ധമുണ്ടായിരുന്നതുകൊണ്ട് ആ സഹായം കിട്ടി. അവരാണെന്നെ സോൾട്ട് അനാലിസിസൊക്കെ പഠിപ്പിച്ചുതന്നത്. വെറും മണിക്കൂറുകൾ കൊണ്ട്.

പക്ഷെ, എന്നെ പഠിപ്പിച്ച മാഷന്മാരൊന്നും മോശമായിരുന്നില്ല. എങ്കിലും സൗഹൃദം
ഇവരൊക്കെയായിട്ടായിരുന്നു. ഞാനവിടെച്ചെല്ലുമ്പോൾ ശ്രീനിവാസൻ സാറായിരുന്നു ഫിസിക്‌സിന്. എന്റെ റെക്കോർഡ് ബുക്ക് ഒപ്പിടീക്കാൻ മാഷിന്റെ തൃപ്പൂണിത്തുറയിലെ വീട്ടിൽച്ചെന്നു. താൻ കോളജിൽച്ചേർന്നപ്പോൾത്തന്നെ ഒപ്പിടാൻ ഇവിടെവരുമെന്ന് എനിക്കറിയാമായിരുന്നുവെന്ന് പറഞ്ഞ് യാത്രയാക്കി. കണക്ക് പഠിപ്പിക്കാൻ റാഫേലച്ചനുണ്ടായിരുന്നു. ‘ഐ നോ ഹിയർ ടു ഓർ മോർ ഹു ഹാവ് ട്യൂഷൻസ്. ദേ ഹാവ് മണി, അൺലെസ് യു ആർ സിറ്റിംഗ് ഇൻ ദ ക്ലാസ്​, ഐ വിൽ നോട്ട് ടേക് ദ ക്ലാസ്​’- പിള്ളാര് ഉഴപ്പിനടക്കുമ്പോൾ അച്ചൻ ഇതുമാത്രം പറഞ്ഞു. കോഴപ്പണം കൊടുത്ത് അധ്യാപകരാവുന്ന കാലമല്ലാത്തതുകൊണ്ടുള്ള അധ്യാപകരെല്ലാം നന്നായി പഠിപ്പിച്ചു.

ഡിഗ്രിക്ക് മഹാരാജാസ് കോളജിൽ അപേക്ഷ കൊടുത്തു, അഡ്മിഷനും കിട്ടി. പക്ഷെ ചേരാൻ പാടില്ലെന്ന് വീട്ടുകാർ പറഞ്ഞു. ആൽബർട്‌സിൽ ഇക്കണോമിക്‌സ് മാത്രമേയുണ്ടായിരുന്നുള്ളു. അതെന്താണെന്നുപോലും എനിക്കറിയില്ലായിരുന്നു.

കോളജിലെ ആദ്യവർഷം ഡി. എഫിന്റെ പ്രതിനിധിയായി ഒരു വിദ്യാർത്ഥിയെ നമ്മൾ ജയിപ്പിച്ചു. രണ്ടാംവർഷം എന്നോട് ക്ലാസ്​ റെപ്രസന്റേറ്റീവാകാൻ കെ. എസ്.
യുക്കാരും എസ്. എഫ്. ഐക്കാരും ഒരുപോലെ പറഞ്ഞു. എനിക്ക് വ്യക്തമായ
രാഷ്ട്രീയമുണ്ടെന്നുപറഞ്ഞ് അതിൽനിന്നൊഴിവായി. അന്ന് ആർട്‌സ് ക്ലബ്ബ്
സെക്രട്ടറിയായി ജയിച്ചയാളാണ് ചലച്ചിത്രസംവിധായകനായ ഭദ്രൻ വട്ടേലിൽ. ആർട്‌സ് ഡേക്കും നമ്മൾ സജീവമാണ്. തലമുടി മുറിച്ച കൊങ്ങിണിപ്പെണ്ണിന്റെ വേഷത്തിൽ മോര് കച്ചവടക്കാരിയായിപ്പോലും സ്റ്റേജിൽ വന്നു. ജിംനേഷ്യത്തിനും മിമിക്രിക്കുമെല്ലാം പേര് കൊടുക്കാതെ ആരുടെയെങ്കിലും പേരിൽ സ്റ്റേജിൽ കയറും. ഞങ്ങൾ അതൊരാഘോഷമാക്കി. പ്രീ ഡിഗ്രിയുടെ ആ സ്വാതന്ത്ര്യം പിന്നെ ഡിഗ്രിക്ക് പോലുമുണ്ടായില്ല. ആ കാലത്തിന്റെയും പ്രായത്തിന്റെയും ചേർപ്പിലാണ് അങ്ങനെ സംഭവിച്ചത്. സെൻറ്​ ആൽബർട്‌സിലെ രണ്ട് വർഷങ്ങൾ അങ്ങനെ പോയി.

സൈമൺ ബ്രി​ട്ടോ, ഫോ​ട്ടോ: എം.ജി. അനീഷ്​
സൈമൺ ബ്രി​ട്ടോ, ഫോ​ട്ടോ: എം.ജി. അനീഷ്​

ഡിഗ്രിക്ക് മഹാരാജാസ് കോളജിൽ അപേക്ഷ കൊടുത്തു, അഡ്മിഷനും കിട്ടി. പക്ഷെ ചേരാൻ പാടില്ലെന്ന് വീട്ടുകാർ പറഞ്ഞു. ആൽബർട്‌സിൽ ഇക്കണോമിക്‌സ്
മാത്രമേയുണ്ടായിരുന്നുള്ളു. അതെന്താണെന്നുപോലും എനിക്കറിയില്ലായിരുന്നു.
എന്നിട്ടും നിവൃത്തിയില്ലാതെ ആൽബർട്‌സിൽ അപേക്ഷ കൊടുത്തു. ഇന്റർവ്യൂ ദിവസം അഡ്മിഷൻ കിട്ടാതിരിക്കാൻ എല്ലാവഴിയും നോക്കി. കുളിക്കാൻ വൈകിച്ചു, കഴിക്കാൻ വൈകിച്ചു, വരുംവഴിക്ക് തീവണ്ടിഗേറ്റടഞ്ഞപ്പോൾ സന്തോഷിച്ചു, മനഃപ്പൂർവ്വം എത്താൻ വൈകിച്ചു. ഒടുവിൽ ഇന്റർവ്യു ബോർഡിലിരുന്ന ഒരു മാഷ് പറഞ്ഞു, ഇയാൾ ഉഴപ്പനാണ്, അഡ്മിഷൻ കൊടുക്കാൻ പാടില്ലെന്ന്. എന്നിട്ടും കോന്തുല്ലി അച്ചനായിരുന്നു
പ്രിൻസിപ്പൽ. എനിക്ക് അഡ്മിഷൻ തന്നു. അത് അടിയന്തരാവസ്ഥയുടെ കാലം.

18 ദിവസം കാട്ടിലും എസ്റ്റേറ്റിലുമായി അവിടത്തെ കുട്ടികൾക്കൊപ്പം താമസിച്ചു. പിന്നെ വീട്ടിലേക്ക് തിരിച്ചുപോന്നു. ഈ സമയമെല്ലാം എനിക്കുവേണ്ടി നാട്ടിൽ പരക്കെ അന്വേഷണം നടക്കുന്നുണ്ടായിരുന്നു.

പ്രീഡിഗ്രി അവസാനവർഷം പരീക്ഷക്ക് പഠിക്കുമ്പോൾ അടുത്തുള്ള പള്ളിയിൽ
മേശക്കാരനായി തെരഞ്ഞെടുത്തു. പന്ത്രണ്ട് ശിഷ്യരിലൊരാൾ. ഞാൻ നിരസിച്ചു. ഒന്ന്, വിശ്വാസത്തിന്റെ പ്രശ്‌നം, രണ്ട് പരീക്ഷ. ഈ ന്യായങ്ങൾ പറഞ്ഞപ്പോൾ അതൊന്നും കുഴപ്പമില്ല, ഒന്നൊപ്പിട്ടാൽ മതിയെന്ന് പറഞ്ഞു. അങ്ങനെ ഒപ്പിട്ടു.
പിന്നെപ്പറഞ്ഞു, കോപ്പയും മൂഷുമെടുത്ത് അച്ചന് കാല് കഴുകാനിരുന്നു കൊടുക്കാൻ. ഞാൻ പറ്റില്ലെന്ന് പറഞ്ഞു. ചുറ്റും സമ്മർദ്ദങ്ങളായി. ഞാൻ ഒരു വഴി കണ്ടെത്തി. എല്ലാവരോടും പോകാൻ പറഞ്ഞ് ഞാനെത്തിക്കൊള്ളാമെന്നുറപ്പും കൊടുത്ത് ആകെയുണ്ടായിരുന്ന എട്ട് രൂപയുമായി വണ്ടി കയറി. നേരെ ആലുവക്ക് പോയി. അവിടുന്ന് നേരെ കോഴിക്കോട്ടേക്കും. കാശില്ലാത്തതുകൊണ്ട് കള്ളവണ്ടി കയറി. ഒരു വൈകുന്നേരത്ത് കോഴിക്കോട്ടെത്തി. അന്നുരാത്രി റെയിൽവേ സ്റ്റേഷനിൽ കിടന്നു. രാവിലെ കടപ്പുറത്തേക്ക് പോയി. എന്റെ ഒരമ്മാവൻ​ അവിടെ ബോട്ട് പണിയുന്നുണ്ടായിരുന്നു. അയാളെ അന്വേഷിച്ചുപോകാൻ തീരുമാനിച്ചു. കടപ്പുറത്തെത്തി പുതിയാപ്പക്കുള്ള വഴിചോദിച്ചപ്പോൾ മൂന്ന് നാല് കിലോമീറ്റർ നേരേ പോയാൽ എത്തുമെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. ഞാൻ നേരെ നടന്നു. കൈവശം ആകെ ഇട്ട പാന്റും കുപ്പായവും ഷൂസും മാത്രം. ചെന്നപ്പോൾ ആളുണ്ട്. പിന്നെ ഉദയവും അസ്തമയവുമൊക്കെയറിഞ്ഞ് കടപ്പുറമായി ജീവിതം. ഇടക്ക് സിനിമ. അങ്ങനെ നാലഞ്ച് ദിവസം അവിടെക്കഴിഞ്ഞു. പിന്നെ കളക്​ടറേറ്റിന്റെ പണിക്കു വന്ന കൂട്ടുകാരായ ജേക്കപ്പനെയും അന്നമ്മയേയും തിരക്കി മൂഴിക്കലിലേക്ക് പോയി. അപ്പൊഴേക്കും അവരവിടംവിട്ട് മുക്കത്തേക്ക് പോയെന്നറിഞ്ഞു, ഞാനും മുക്കത്ത് ചെന്നു. പണി കൂടരഞ്ഞിയിലാണെന്നറിഞ്ഞ്​ അവിടേക്കും പോയി. അവർക്കൊപ്പം മൂന്നുദിവസം താമസിച്ചു.

അവരുടെ കൈയ്യിൽ നിന്ന് ഇത്തിരി കാശും വാങ്ങി നേരെ മാഹിക്ക് വിട്ടു.മയ്യഴിപ്പുഴയുടെ തീരങ്ങൾ വായിച്ചുതീർന്ന അവസരമാണ്. മാഹിപ്പള്ളിയിലെ അച്ചനുമായി നല്ല കൂട്ടായി. മാഹിയെപ്പറ്റി കൂടുതലറിയാൻ അച്ചൻ സി. എച്ച്. ഗംഗാധരനെ പരിചയപ്പെടുത്തി. ഗംഗാധരൻ മാഹിക്കഥകളും ഭക്ഷണവും തന്നു. അച്ചൻ കിടക്കാനിടം തന്നു. വടുതലപ്പള്ളിയിൽ നിന്ന്​ രക്ഷപ്പെടാൻ ഓടിച്ചെന്നത് മാഹിപ്പള്ളിയിലേക്ക്. മാഹി വിട്ട് തലശ്ശേരിക്ക് പോയി, സിനിമ കണ്ടു, അവിടുന്ന് കണ്ണൂർക്ക്, വീണ്ടും സിനിമ. കണ്ണൂർ എനിക്കൊട്ടും സുഖകരമായി തോന്നിയില്ല. വളരെ ചെറുപ്പമാണ്. പത്ത് പതിനേഴ് വയസ്​ പ്രായം. ഇടക്ക് എന്തിനുവന്നുവെന്ന് പലരും ചോദിക്കുന്നുണ്ട്. ഞാൻ പല കാരണം പറഞ്ഞ് രക്ഷപ്പെട്ടു. കണ്ണൂരുനിന്ന് പാലക്കാട്ടേക്ക്. രാത്രി വീണ്ടും റെയിൽവേ സ്റ്റേഷൻ, നല്ല തണുപ്പായിരുന്നു. അങ്ങനെ പിറ്റേന്ന് പൊള്ളാച്ചിക്ക് പോയി. വയലും പനമ്പട്ടകളും മൺവീടുകളുമുള്ള പഴയ പാലക്കാടിന്റെ ഭൂപ്രകൃതി എനിക്കിഷ്ടമായി. അവിടെയും സിനിമ വിട്ടില്ല, വാൽപ്പാറ എസ്റ്റേറ്റിൽ ഒരമ്മായി താമസിക്കുന്നുണ്ടായിരുന്നു. അങ്ങനെ അവിടുന്ന് ഞാൻ വാൽപ്പാറയിലേക്ക് പോയി.

18 ദിവസം കാട്ടിലും എസ്റ്റേറ്റിലുമായി അവിടത്തെ കുട്ടികൾക്കൊപ്പം
താമസിച്ചു. പിന്നെ വീട്ടിലേക്ക് തിരിച്ചുപോന്നു. ഈ സമയമെല്ലാം എനിക്കുവേണ്ടി
നാട്ടിൽ പരക്കെ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. അതിനുമുമ്പും ഒരൊളിച്ചോട്ടം നടന്നു. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ കെ. എസ്. എഫിൽ നിന്ന്​രാജിവക്കാനുള്ള സമ്മർദ്ദം കൂടിയപ്പോൾ. അന്ന് തൃശൂരേക്ക് പോയി, കാടുകുറ്റിയെന്ന സ്ഥലത്ത്. അപ്പോഴും സിനിമ വിട്ടില്ല.

പള്ളിയിൽ ഞങ്ങളുടെ വക വിപ്ലവം വേറെയും നടക്കുന്നുണ്ടായിരുന്നു. പള്ളിക്കോമ്പൗണ്ടിലെ തേങ്ങയും മാങ്ങയുമെല്ലാം ഞങ്ങൾ പാവപ്പെട്ടവർക്ക് കൊടുക്കും. സെക്കൻഡ് ഷോ ഗോയേഴ്‌സിന്റെ ഗ്രൂപ്പുണ്ടാക്കും.

പ്രീഡിഗ്രിക്ക് പഠിക്കുമ്പൊഴും പള്ളിയുമായി ബന്ധമുണ്ടായിരുന്നു. പല
പ്രശ്‌നങ്ങളുമുണ്ടെങ്കിലും പള്ളിയിൽ പോയി ട്യൂഷനെടുക്കുന്ന പതിവൊക്കെ തുടർന്നു. പിന്നീട് ബിഷപ്പായ ജോയി കളത്തിപ്പറമ്പിൽ അന്ന് അച്ചനാവാൻ പഠിക്കുകയായിരുന്നു. ഞങ്ങൾ ജോയി അച്ചനെന്ന് വിളിക്കുന്ന അദ്ദേഹം കുട്ടിക്കാലം തൊട്ടുള്ള സുഹൃത്താണ്. ഡിഗ്രിക്കാലത്തും പള്ളിയുമായുള്ള ബന്ധം തീർത്തും വിട്ടുപോയില്ല. അക്കാലത്തൊരു കർക്കടകത്തിലാണ്, ചിറ്റൂർ പാലത്തിനടുത്ത് 50 പൈസ ബെറ്റിന് പുഴ നീന്തിക്കടക്കാൻ ഒരാൾ വെല്ലുവിളിച്ചത്​. അന്ന് പുഴക്ക് അടിവലിവ് കൂടും. പരികർമിയായി ഉണ്ണി കൂടെയുണ്ട്. എങ്ങനെയൊക്കെയോ നീന്തിക്കയറി. അക്കാലത്ത് ഉണ്ണിയുടെ ബന്ധുവായൊരു പട്ടാളം ഗോപി വരും, കൊടുങ്ങല്ലൂരാണ് വീട്. ആള് രസികനാണ്. തല്ലും ബഹളവുമെല്ലാം പ്രിയം. അങ്ങനൊരിക്കൽ കൊടുങ്ങല്ലൂര് ചെമ്പൈ
പാടുന്നു. ഗോപിയുടെ നേതൃത്വത്തിൽ ഞങ്ങൾ നേരെ കൊടുങ്ങല്ലൂർക്ക് വിട്ടു. ഞങ്ങടെ ഒരു സുഹൃത്തിന്റെ ഒരു ഗാനമേളമുണ്ടായിരുന്നെങ്കിലും അത് നാട്ടുകാർ കൂവിയിരുത്തി. കച്ചേരി തകർത്തു. പല്ലക്കിലാണ് ചെമ്പൈ വന്നത്. അങ്ങനെ ചെമ്പൈയ്യെ കണ്ടു, കേട്ടു. പക്ഷെ തൊപ്പിയഴിച്ചുവച്ച് കച്ചേരി കേട്ടിരുന്ന പൊലീസുകാരുടെ തൊപ്പി പട്ടാളം ഗോപി കല്ല് കെട്ടി കിണറ്റിലിട്ടു. അന്നുരാത്രി മുഴുവൻ ഇങ്ങനെ പട്ടാളം ഗോപി വക ഒടിവിദ്യ തുടർന്നു.

അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് ശേഷം, 1975 ജൂൺ 27ന് പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' ദിനപത്രത്തിന്റെ ആദ്യ പേജ് / Photo: thehinducentre.com
അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിന് ശേഷം, 1975 ജൂൺ 27ന് പ്രസിദ്ധീകരിച്ച 'ദ ഹിന്ദു' ദിനപത്രത്തിന്റെ ആദ്യ പേജ് / Photo: thehinducentre.com

തീക്ഷ്ണമായ രാഷ്ട്രീയം തുടങ്ങുന്നത് അടിയന്തരാവസ്ഥക്കാലത്താണ്. അതിന് മറ്റൊരു പശ്ചാത്തലം കൂടിയുണ്ട്. അതെന്റെ ഗ്രാജ്വേഷൻ കാലം കൂടിയാണ്. അന്നെല്ലാവർഷവും പള്ളിയിൽ നാടകം കളിക്കും. പള്ളിയിൽ ഞങ്ങളുടെ വക വിപ്ലവം വേറെയും നടക്കുന്നുണ്ടായിരുന്നു. പള്ളിക്കോമ്പൗണ്ടിലെ തേങ്ങയും മാങ്ങയുമെല്ലാം ഞങ്ങൾ പാവപ്പെട്ടവർക്ക് കൊടുക്കും. സെക്കൻഡ് ഷോ ഗോയേഴ്‌സിന്റെ ഗ്രൂപ്പുണ്ടാക്കും. കൂട്ടത്തിൽ ജേക്കബ്​ എന്നൊരാൾ പണിക്കു പോയിക്കിട്ടുന്ന കാശിലാണ് സെക്കൻഡ് ഷോ പരിപാടി. ഇവിടുന്ന് ഫോർട്ട് കൊച്ചിവരെ അങ്ങോട്ട് ബസിനും തിരികെ നടന്നും പോരും. തെമ്മാടികളുടെ ഒരു സംഘം തന്നെ ഞങ്ങളുണ്ടാക്കി. അതൊക്കെയാണ് ജീവിതത്തിലെ വേറിട്ട അനുഭവങ്ങൾ. പള്ളിനാടകത്തിന്റെ റിഹേഴ്‌സൽ മൂന്നുനാല് മാസം കാണും. ആശാൻ ഒരു ജോണിയേട്ടനാണ്. ഒരുവിധം അത് ഞങ്ങൾ രംഗത്തവതരിപ്പിക്കാറുമുണ്ട്. കാലടി ഗോപിയുടെ മാനിഷാദയെന്ന നാടകത്തിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. രണ്ടാം ക്ലാസിൽ ബാലനടനായി നടിച്ചുകൊണ്ടാണ് അരങ്ങേറ്റം. ഡിഗ്രിക്ക് കോളജിൽ പഠിക്കുമ്പോൾ ബെസ്റ്റ് ആക്ടറായിരുന്നു. ഡിഗ്രി അവസാനവർഷം നാടകമവതരിപ്പിക്കാൻ തയ്യാറായ നമ്മളെ നാടകം കളിപ്പിക്കില്ലെന്ന് പള്ളി തീരുമാനിച്ചു, കളിക്കുമെന്ന് ഞങ്ങളും നിശ്ചയിച്ചു. പക്ഷെ വികാരിയായ പഴവന്ത്ര അച്ചൻ നല്ലവനായിരുന്നു. അച്ചൻ ശ്രമിച്ച കോംപ്രൊമൈസിന് മറ്റംഗങ്ങൾ തയ്യാറായില്ല. ഞങ്ങളുടെ നാടകത്തിന് അനുവാദം തന്നില്ലെങ്കിൽ കളിക്കുന്ന നാടകം പൊളിക്കുമെന്ന് ഞങ്ങളും പറഞ്ഞു.

രാവിലെ ബോൾഗാട്ടിയിൽ വന്ന് അവിടെക്കിടന്ന് വായിക്കും. ഇന്നത്തെ ബോൾഗാട്ടിയല്ല. പിന്നീട് നിലംപൊത്തിയ എൺപത് വൃക്ഷങ്ങൾ തണൽ വിരിച്ച പഴയ ബോൾഗാട്ടയാണത്. ആ മനോഹാരിതയിൽക്കിടന്ന് ഞാൻ പുസ്തങ്ങൾ വായിച്ചു.

ഞങ്ങൾക്കൊപ്പമുള്ള അറുപതോളം പിള്ളാരുടെ ഒരു കൂടിയാലോചന നടന്നു. പല
അഭിപ്രായങ്ങളുയർന്നു. നാടകം തകർക്കണമെന്നും ഒന്നും ചെയ്യേണ്ടെന്നുമെല്ലാം
അഭിപ്രായങ്ങൾ വന്നു. എനിക്ക് വേറെ നിലപാടായിരുന്നു. പീറ്ററേട്ടനും ജേക്കപ്പനും
ഇവിടെ കള്ളച്ചാരായം വിറ്റിരുന്ന പത്ത്പതിനേഴ് വയസ്​ പ്രായമുള്ള മറ്റ് രണ്ട്
പിള്ളേരും എന്റെ കൂടെനിന്നു. പക്ഷെ നമ്മളാരും കുടിക്കാറൊന്നുമില്ല. അതൊരു
പെരുന്നാൾ ദിവസമായിരുന്നു. പള്ളിയിലെ പരിപാടികളാരംഭിക്കുമ്പോഴേക്കും ഞങ്ങൾ നാലാൾ പുറപ്പെട്ടു. പീറ്ററേട്ടൻ കൂടമെടുത്ത് ട്രാൻസ്‌ഫോമർ
തല്ലിപ്പൊളിക്കാനിറങ്ങി. ഞാൻ തടഞ്ഞു. ആള് ചത്താൽ കുടുംബം അനാഥമാകുമെന്നു പറഞ്ഞ് പിന്തിരിപ്പിച്ചു. ഞങ്ങൾ തെക്കുവശത്ത് പോയി മുണ്ടുരിഞ്ഞ് കല്ല് കെട്ടിനിറച്ച് സ്റ്റേജിന് പുറകുവശത്തുപോയി നിന്നു. കല്ല് സ്റ്റേജിന് മുകളിലേക്കെറിയാൻ കൂട്ടത്തിലുള്ളവരോടും പറഞ്ഞു. ആളപായം വരാതിരിക്കാനാണ് എറി മുകളിലേക്കാക്കായത്.

അന്ന് നാട്ടിൽ മെറ്റൽ സുലഭമായിരുന്നു. ഞാനെറിഞ്ഞ ആദ്യത്തെ കല്ല് സ്റ്റേജിന്
മുകളിൽപ്പോയി വീണു. കല്ലേറ് അവിടുന്നിങ്ങോട്ടും വന്നു. പിന്നെ എങ്ങോട്ടെല്ലാം
എറിഞ്ഞെന്നെനിക്കോർമ്മയില്ല. എറ് പോയത് മേലേക്കാണെങ്കിലും ഒരു കുട്ടിയുടെ
തലയിൽച്ചെന്ന് കല്ല് വീണ് ബഹളമായി. സെമിത്തേരിക്ക് പുറകിലൂടെ ഞങ്ങളോടി. വടക്കുഭാഗത്തുകൂടി വരുമ്പോൾ കല്ലേറുകൊണ്ട് ചോരയിൽ കുളിച്ച കുട്ടിയുമായി നാട്ടുകാർ എതിരേ വന്നു. ഞങ്ങൾ മൂന്നുപേരുണ്ട്. പിടിക്കെടാ അവമ്മാരെ എന്നൊരൊച്ച കേട്ടതും ഞങ്ങൾ രണ്ടാൾ പടിഞ്ഞാട്ടേക്കും ഒരാൾ തെക്കോട്ടുമോടി. എന്റൊപ്പം വന്നവൻ പായൽ മൂടിയൊരു പൊട്ടക്കുളത്തിൽ മുങ്ങിക്കിടന്നു. ഞാൻ രണ്ട് വേലിചാടി, ഒരു തോടും നീന്തിക്കടന്ന് കമലാസനൻ ചേട്ടനെന്നൊരു പരിചയക്കാരനിൽ നിന്ന്​ രണ്ട് രൂപയും കടം വാങ്ങി എറണാകുളത്തേക്ക് വിട്ടു. അവിടന്ന് മച്ചുവാ കയറി അമ്മയുടെ വീട്ടിലെത്തി സത്യം തുറന്നുപറഞ്ഞ് അവിടെ നിന്നു.

അമ്മാവൻ കരാറടിസ്ഥാനത്തിൽ ഇലക്​ട്രിക്​ വർക്ക് ചെയ്യുന്നുണ്ടായിരുന്നു.
പുള്ളിയുടെ പണി നടക്കുന്ന പറവൂരിലേക്ക് അവിടുന്നെന്നെ മാറ്റി, നാട്ടിലെ പ്രശ്‌നം
ഒത്തുതീർക്കാൻ ശ്രമം തുടങ്ങി. പരിഹാരത്തിന് പഴവന്ത്ര അച്ചൻ പരമാവധി ശ്രമിച്ചു. നാട്ടിൽ അപ്പോഴേക്കും അത് വലിയ പ്രശ്‌നമായി മാറിക്കഴിഞ്ഞു. അവരെന്നെക്കിട്ടാൻ കാത്തിരിക്കുകയായിരുന്നു. പള്ളിമുറ്റത്തെ വട്ടക്കല്ലിൽക്കയറി നാട്ടുകാരോട് മാപ്പ് പറഞ്ഞാൽ ഒത്തുതീർപ്പാക്കാമെന്നായി. അത് ചെയ്യാതെ നാട്ടിലേക്ക് വരാനാവില്ലെന്നു പറഞ്ഞ പഴവന്ത്ര അച്ചൻ സത്യത്തിൽ നിസ്സഹായനായിരുന്നു.

നാട്ടുകാരോടല്ല, പരിക്കുപറ്റിയ കുട്ടിയോട് മാപ്പുപറയാമെന്ന് ഞാനും പറഞ്ഞു.
അച്ചൻ വീണ്ടും ശ്രമം തുടർന്നു. ഞാൻ രണ്ടാഴ്ച പറവൂര് തന്നെ നിന്നു.
പിന്നെ പള്ളിയിൽവന്ന് പരിക്ക് പറ്റിയ ജോണേട്ടന്റെ കുഞ്ഞിന്റെ വീട്ടുകാരോട്
കൈപിടിച്ച് മാപ്പുചോദിച്ചു. അങ്ങനെ പ്രശ്‌നം തീർന്നു. അന്ന് പഴവന്ത്ര അച്ചൻ
എന്നെ കുമ്പസാരപ്പിച്ചു, കുർബാന ചൊല്ലിച്ചു. അതവസാനത്തേതായിരുന്നു.

എന്നിട്ടും നാട്ടുകാരുടെ ദേഷ്യം തീർന്നില്ല. തല്ലി പതം വരുത്തണെന്ന് കരുതി
പലരും നടന്നു. ശ്രമങ്ങളും നടന്നു. ഉപദ്രവിച്ചാൽ തിരിച്ചും ചെയ്യുമെന്ന് ഞങ്ങളും
തീരുമാനിച്ചു. എങ്കിലും സംഘർഷം കൊണ്ട് നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയായി. അങ്ങനെ ഞാൻ വടുതലയിൽ നിന്ന്​ അമ്മയുടെ നാടായ പോഞ്ഞിക്കരയിലേക്ക് പോന്നു. ഒരു വർഷം അവിടെ താമസിച്ചു.

പോഞ്ഞിക്കരയിൽ വേറൊരു ജീവിതമായിരുന്നു. അവിടെ ഞാൻ വ്യാസ
ട്യൂഷൻ സെന്റർ തുടങ്ങിയെങ്കിലും പിന്നീട് പൂട്ടി. അമ്മാവനും ഞാനും തമ്മിൽ വലിയ പ്രായവ്യത്യാസമില്ല. ഞങ്ങൾ തമ്മിൽ വലിയ അടുപ്പമായി. അമ്മാവന് അവിടൊരു സംഘമുണ്ട്. പള്ളിയും വീടും അടുത്താണ്. അങ്ങനെ അവിടെ പുതിയൊരു കൂട്ടായ്മയുണ്ടായി വന്നു. ഒരുപാട് പേരെ പരിചയപ്പെട്ടു. ധാരാളം പുസ്തകങ്ങൾ വായിക്കാൻ കിട്ടി. അങ്ങനെയാണ് ആനന്ദിന്റെ ആൾക്കൂട്ടം വായിക്കുന്നത്. പിന്നെ എം.ടിയുടെ പുസ്തകങ്ങൾ. രാവിലെ
ബോൾഗാട്ടിയിൽ വന്ന് അവിടെക്കിടന്ന് വായിക്കും. ഇന്നത്തെ ബോൾഗാട്ടിയല്ല.
പിന്നീട് നിലംപൊത്തിയ എൺപത് വൃക്ഷങ്ങൾ തണൽ വിരിച്ച പഴയ ബോൾഗാട്ടയാണത്. ആ മനോഹാരിതയിൽക്കിടന്ന് ഞാൻ പുസ്തങ്ങൾ വായിച്ചു. വീട്ടിൽ നിറയെ പുസ്തകങ്ങളും മാസികയുമായി ലൂയിസ് അങ്കിൾ വരും. മറ്റ് രണ്ട് അമ്മാവൻമാർ അവിടത്തെ ലിവി ടാക്കീസിൽ എല്ലാ സിനിമക്കും എന്നെക്കൊണ്ടുപോകും. ഇലക്​ട്രിക്​ ജോലി ചെയ്യുന്ന അമ്മാവനൊപ്പം സഹായിയായി കൂടെപ്പോയി. നാട്ടിൽ സൈക്കിൾ യജ്ഞക്കാർ വരുമ്പോൾ അവരുടെ ഇലക്​ട്രിക്​ ജോലികളും ചെയ്യും. അങ്ങനെ അവിടൊരു സംഘമുണ്ടായി വന്നു. മാർക്‌സും സാർത്രുമെല്ലാം മുന്നോട്ടുവച്ച ചിന്തകൾ എന്നെയും സ്വാധീനിച്ച കാലഘട്ടമാണത്.

അങ്ങനെ ഒരു വർഷം കഴിഞ്ഞ് ഞാൻ വടുതലയിലെ വീട്ടിലേക്ക് തിരികെവന്നു. ഇക്കാലയളവിൽ നാട്ടിൽ നിന്ന്​ എന്നെക്കാണാൻ വന്നത് ജേക്കപ്പൻ എന്ന ഒരേയൊരു സുഹൃത്ത് മാത്രമായിരുന്നു. ബന്ധങ്ങളെല്ലാം അപ്പൊഴേക്കും അഴിഞ്ഞുപോയി. ഞാൻ ഏതാണ്ട് തനിച്ചായി. ഒരു നിരർത്ഥകത എന്നെയും ബാധിച്ചു. ഒരു മാസം ഞാൻ തനിച്ച് വീട്ടിനുള്ളിലിരുന്നു. എന്തെങ്കിലും പ്രൊഫഷണൽ കോഴ്‌സിന് ചേർന്ന് തൊഴിൽ കണ്ടെത്താനും ആലോചിച്ചു. എനിക്ക് സാഹിത്യവും ചിത്രകലയും ഇഷ്ടമായതുകൊണ്ട് ആർട്ടിസ്റ്റ് സുന്ദറുമായുള്ള പഴയ ബന്ധം പുതുക്കി. അവർക്കൊപ്പം ശ്രീകല
സ്റ്റുഡിയോയിൽ പോകാൻ തുടങ്ങി. ആർട്ടിസ്റ്റ് രാജപ്പൻ എന്ന സുഹൃത്ത് അന്ന്സത്യദിപത്തിൽ വരക്കും. അവരെല്ലാം ഒത്തുകൂടുന്നൊരു സാംസ്‌കാരിക കേന്ദ്രമായി ശ്രീകല സ്റ്റുഡിയോ മാറി. സുന്ദറുമായുള്ള ആ അടുപ്പത്തിലൂടെ ഞാൻ വടുതല പാർട്ടിഓഫീസിലേക്ക് വീണ്ടുമെത്തി.

വടുതല പാർട്ടി ഓഫീസിൽ ആകാശത്തിനുചുവട്ടിലെ എന്തും ചർച്ചയാവും. ഞാനും അതിൽ പങ്കാളിയാവും. അങ്ങനെതുടരുമ്പൊഴാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം. ഞങ്ങളേഴുപേർ പന്തംകൊളുത്തിപ്രകടനം നടത്തി. പൊലീസ് വന്നു. ഞങ്ങളോടിക്കയറിയത് യൂത്ത് കോൺഗ്രസ്​ നേതാവായ എ. കെ. രാജന്റെ വീട്ടിലേക്കാണ്. രാജനാണ് ഞങ്ങളെ പൊലീസിൽനിന്ന്​ രക്ഷിച്ചത്. അവിടന്ന് ഞങ്ങൾ ആർട്ടിസ്റ്റ് രാജീവിന്റെ വീട്ടിലേക്ക് പോയി. പിന്നീടിങ്ങോട്ട് ജീവിതം അടിയന്തരാവസ്ഥയും പാർട്ടി ഓഫീസുമായി. സത്യത്തിൽ
അടിയന്തരാവസ്ഥക്കുമുമ്പുള്ള ഇടവേളയായിരുന്നു പോഞ്ഞിക്കരയിലെ പ്രവാസം. പിന്നെ, വീണ്ടും രാഷ്ട്രീയവായനകൾ ശക്തമായി. അതൊരർത്ഥത്തിൽ പുനർവായനയായിരുന്നു. പണ്ട്, ഞാനുൾപ്പടെയുള്ളവർ ബന്ധപ്പെട്ടിരുന്ന മഹാത്മ വായനശാലയെ പുനരുദ്ധരിച്ചു. പാവപ്പെട്ട കുട്ടികൾക്ക് സൗജന്യമായി ട്യൂഷൻ പഠിപ്പിച്ചു. അതിനിടയിലൂടെ അടിയന്തരാവസ്ഥക്കെതിരെയുള്ള നമ്മുടെ പ്രതിരോധസമരങ്ങളും നടന്നു. വായനയും ചർച്ചയും രാഷ്ട്രീയപ്രവർത്തനവും തീക്ഷ്ണമായി. ആ വർഷം അക്കദമിക് ഇയറിൽ സെൻറ്​ ആൽബർട്‌സ് കോളജിൽ ഞാൻ ഒരിക്കൽക്കൂടി ഡിഗ്രിക്ക് ചേരുന്നു.

കരുണാകരപക്ഷത്തെ യൂത്ത്‌ കോൺഗ്രസ്​ നേതാവ് ജോജോ ബർണാർഡ് പരസ്യമായി പറഞ്ഞു, എന്നെയും സീനുവിനേയും പൊലീസ്​ കൊണ്ടുപോകാൻ അയാളനുവദിക്കില്ലെന്ന്. കോൺഗ്രസുകാരുടെ ക്ലബ്ബിലെത്തിയാൽ പൊലീസിനെ എന്റെ വീട്ടിലേക്ക് വരാതെ അവർതന്നെ തടയുമായിരുന്നു.

അന്ന് യുഗശിൽപ്പിയെന്നൊരു ക്ലബ്ബുണ്ട്, വായനശാലയുണ്ട്. അവിടെല്ലാം ചർച്ച
നടത്തും. ഓരോ ആഴ്ചയും ഓരോ വിഷയങ്ങൾ. തട്ടാഴത്തൊരു ബ്രദേഴ്‌സ് ക്ലബ്ബ്,
കോൺഗ്രസ്​ പാർട്ടിക്കാരുടെ മറ്റൊരു ക്ലബ്ബ്, എല്ലായിടത്തും ചെന്ന് ചർച്ചകളിൽ
പങ്കെടുക്കും. പിന്നെ സുന്ദറിന്റെ കൂടെ അലഞ്ഞുതിരിയും. അയാൾ അന്ന് തൃപ്പൂണിത്തുറ ആർ. എൽ. വി ഫൈൻ ആർട്‌സ് കോളജിൽ പഠിക്കുന്നു. സുന്ദറുമായി വലിയ സൗഹൃദമായിരുന്നു. ക്ലാസിൽ പോകാത്ത എനിക്ക് ഡിഗ്രി പരീക്ഷക്ക് നളചരിതം ആട്ടക്കഥ പഠിപ്പിച്ചത് ആർ. എൽ. വിയിലെ കഥകളി മാഷാണ്. സുന്ദറായിരുന്നു കാരണം.

അക്കാലത്തൊരിക്കൽ സുന്ദറിനൊപ്പം ഒരു ദിവസം രാവിലെ കാലടി അദ്വൈതാശ്രമത്തിലേക്ക് പോയി. ഉച്ചവരെ ചർച്ചയും തർക്കവുമായി തുടർന്നു. ഉച്ചക്ക്‌ശേഷം പുഴയിൽ കുളിക്കാനിറങ്ങുമ്പോൾ കുറച്ച് സന്യാസിമാർ വന്നു. അവരുമായി സൗഹൃദമായി. അവർ ആസാമിലേക്ക് പുറപ്പെടുകയാണ്. സന്യാസിമാർ അന്ന് കൂടെവിളിച്ചപ്പോൾ മനസ്സൊന്നിളകി. കൂടെപ്പോകാൻ ശരിക്കും തോന്നി. പക്ഷെ സുന്ദർ തടഞ്ഞു. അയാൾ താത്പര്യം കാണിച്ചിരുന്നെങ്കിൽ ഉറപ്പായും ഞങ്ങളന്ന് പോയേനെ. ആ കാലത്തിന്റെ മനസ്സ് അങ്ങനെയായിരുന്നു. എന്തെങ്കിലും ചെയ്യാതിരിക്കാനാവാത്ത കാലം.

അടിയന്തരാവസ്ഥയിൽ ഞങ്ങൾ പൊലീസിനോടേറ്റുമുട്ടി മരിക്കാൻ തയ്യാറായി
നടക്കുകയായിരുന്നു. അടിയന്തരാവസ്ഥ പിൻവലിക്കാതെ ഞങ്ങളും മാറില്ലെന്നായിരുന്നു വാശി. എന്നിട്ടും എന്നെ പൊലീസ് പിടിച്ചില്ല. കരുണാകരപക്ഷത്തെ യൂത്ത്‌ കോൺഗ്രസ്​ നേതാവ് ജോജോ ബർണാർഡ് പരസ്യമായി പറഞ്ഞു, എന്നെയും സീനുവിനേയും പൊലീസ്
കൊണ്ടുപോകാൻ അയാളനുവദിക്കില്ലെന്ന്. കോൺഗ്രസുകാരുടെ ക്ലബ്ബിലെത്തിയാൽ പൊലീസിനെ എന്റെ വീട്ടിലേക്ക് വരാതെ അവർതന്നെ തടയുമായിരുന്നു. കോൺഗ്രസ്​ നേതാവ് എ. കെ. രാജനുമായും വലിയ ബന്ധം. അന്നിവിടത്തെ സബ് ഇൻസ്‌പെക്ടർ ബി. എക്ക് എന്റെ മിത്രം തോമാച്ചനൊപ്പം താമസിച്ചിരുന്ന ആളായിരുന്നു. അക്കാലത്ത് പാർട്ടിയുടെ രഹസ്യരേഖ പലതും ഞാൻ പൂട്ടിവച്ചത് എന്റെ സുഹൃത്തായ കെ. എസ്. യു യൂണിറ്റ്
പ്രസിഡന്റിന്റെ റൂമിലാണ്. അവരാരും എന്നെ ചതിച്ചില്ല.

ബി. എക്ക് വീണ്ടും സെൻറ്​ ആൽബർട്‌സിലെത്തുമ്പോൾ ചന്ദ്രൻ പിള്ള യൂണിറ്റ്
സെക്രട്ടറി. അയാളന്ന് ഫൈനൽ ഇയർ കെമിസ്ട്രി ആയിരുന്നു. ഇപ്പോഴത്തെ ഹൈക്കോടതി ജസ്റ്റിസ് ബാബു മാത്യു. പി. ജോസഫ് യൂണിറ്റ് പ്രസിഡൻറ്​. രണ്ടുപേരുമായും ഞാൻ വേഗം കൂട്ടായി. ബാബു മാത്യുവും ഞാനുമൊരുമിച്ച് എപ്പോഴും ടൗണിൽ ചുറ്റും. ചന്ദ്രൻപിള്ള ഫൈനലിയർ കഴിഞ്ഞ് കാമ്പസ് വിടുമ്പോൾ ഞാൻ യൂണിറ്റ് സെക്രട്ടറിയായി. അടിയന്തരാവസ്ഥക്കാലത്ത് കോളജിൽ ഞങ്ങളുടെ പ്രവർത്തനം ശക്തമായിരുന്നെങ്കിലും
സെന്റ് ആൽബർട്‌സ് കോളജ് അധികൃതർ ഞങ്ങളെ പൊലീസിനൊറ്റിയില്ല. കോളജ് ലൈബ്രറിയിൽ ദേശാഭിമാനി പത്രം കൊണ്ടിടും. വഴിനീളെ പോസ്റ്ററൊട്ടിക്കും. ചുവരെഴുതും. അപ്പൊഴും പള്ളിയോടെനിക്ക് വിരോധമില്ല. പക്ഷെ പള്ളിയെ തിരുത്താൻ എനിക്കാവില്ലെന്ന് തിരിച്ചറിഞ്ഞു. പിന്നെ സ്വന്തം നിലപാട് സ്വീകരിച്ചു.

തോമസ് ഐസക്കും സി. പി. ജീവനും മഹാരാജാസിലുണ്ട്. ഐസക്കിന്റേത് അന്ന് വല്ലാത്തൊരു കഥയായിരുന്നു. അയാളെപ്പൊഴും സംശയത്തിന്റെ നിഴലിലായിരുന്നു. അയാൾ നക്‌സലൈറ്റൊന്നുമായിരുന്നില്ല. ധാരാളം വായിക്കും. ഞങ്ങളെയൊക്കെ വായനയുടെ തീവ്രതയെന്തെന്ന് ബോധ്യപ്പെടുത്തിയത് ഐസക്കാണ്. എന്നെയും ചന്ദ്രചൂഡനെയും കൊണ്ട് കോട്ടപ്പുറത്തെ അമ്മവീട്ടിലേക്ക് ഐസക്ക് പോകും. കോട്ടപ്പുറത്തെ സ്വന്തം തൊണ്ട് കമ്പനിയിൽ തൊഴിലാളികളെ സംഘടിപ്പിച്ച ചരിത്രമുണ്ടയാൾക്ക്. അവിടെത്താമസിച്ചാൽ നല്ല ഭക്ഷണം കിട്ടും. പകൽ മുഴുവൻ വായിക്കും, വൈകുന്നേരം ഒരു നടപ്പുണ്ട്, എല്ലാറ്റിനെക്കുറിച്ചും സംസാരിച്ചുകൊണ്ട്. ഐസക്കിനൊപ്പം എപ്പൊഴും പൊലീസ് നടക്കുന്ന കാലമാണ്.

തോമസ് ഐസക്ക് / Photo : CPIM 23rd Party Congress, FB Page
തോമസ് ഐസക്ക് / Photo : CPIM 23rd Party Congress, FB Page

ആ ക്രിസ്​മനിസ്​ മണി മുഴങ്ങുമ്പോൾ അയാൾ ജയിലിലായി. തല്ലും
കിട്ടി. മഹാരാജാസിൽ അന്ന് പലർക്കും തല്ല് കിട്ടി. അങ്ങനെ എന്റെ ബന്ധം ശ്രീകല
സ്റ്റുഡിയോയിൽ നിന്ന്​ മഹാരാജാസിലേക്കും അവിടുന്ന് ഐസക്കിന്റെയും
വാസുദേവന്റെയും ശിവശങ്കരന്റെയും ലോകത്തേക്കും നീണ്ടു. ഒടുവിൽ എറണാകുളം ജില്ലാക്കമ്മിറ്റി ഓഫീസിലേക്കും. പാർട്ടിയോഫീസിൽനിന്ന്​മടങ്ങുമ്പോൾ രാത്രി പത്ത് മണി കഴിയും. അന്ന് ഊണ് കഴിക്കാൻ വീട്ടിൽ നിന്ന് മുപ്പത് പൈസ തരും. ഊണ് മിക്കപ്പോഴും നടക്കാറില്ല. ചന്ദ്രൻ, ഡോ. ജേക്കബ് വടക്കാഞ്ചേരി, സാലി, അജയൻ, നാരായണൻ എന്നിവരെല്ലാം എനിക്കൊപ്പം കാമ്പയിനുണ്ടാവും. വാസുദേവന്റെ താമസവും പാർട്ടിയാപ്പീസിലായിരുന്നു. ലോറൻസുൾപ്പടെയുള്ള നേതാക്കളെല്ലാം ജയിലിലായിരുന്നു.

സി. പി. ജീവൻ സെൻറ്​ ആൽബർട്‌സിൽ വന്ന് ഇലക്​ട്രോണിക്​സിന് ​ചേരുന്നുണ്ട്.
അക്കാലത്താണ് ബിനോയ് വിശ്വത്തെ പരിചയപ്പെടുന്നതും. ബിനോയ് വിശ്വം എ. ഐ.എസ്.എഫ് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. ഞങ്ങളുമായി എപ്പോഴും തർക്കമാണ്. അത് ഡയലോഗിന്റെയും ഡിബേറ്റിന്റെയും കാലമാണ്. പള്ളിയോ ആർ. എസ്​. എസോ കോൺഗ്രസോ, ഒന്നും നോക്കാതെ ആരുടെ പരിപാടിക്കും നമ്മൾ പോകും. അടിയന്തരാവസ്ഥക്കെതിരെ ഒരു സായുധസമരം, അതായിരുന്നു മനസ്സിൽ, സത്യത്തിൽ ഞങ്ങൾ ചാവാൻ പോലും തയ്യാറായിരുന്നു. കമ്യൂണിസ്റ്റ് എമ്പാടും അടിച്ചമർത്തൽ നേരിടുന്ന കാലം.

അന്ന് ജീപ്പ് പൊലിസിന് മാത്രമേയുണ്ടായിരുന്നുള്ളു. അതിന്റെ വെളിച്ചം ഏത്
ദൂരത്തും എനിക്ക് തിരിച്ചറിയാനൊക്കുമായിരുന്നു. പൊലീസ് ജീപ്പ് കണ്ടാൽ
അക്കാലത്ത് ഞാൻ ഒരു മടിയുമില്ലാതെ തൊട്ടടുത്ത ഗേറ്റിനുള്ളിലേക്ക് കയറും.
ജീപ്പ് പോയാൽ വീട്ടുകാരോട് എന്തെങ്കിലും ന്യായം പറഞ്ഞ് രക്ഷപ്പെടും.
അടിയന്തരാവസ്ഥക്കാലത്ത് കാലടി ശങ്കര കോളജിൽ ഒരു കോളജ് യൂണിയൻ ചെയർമാനും വൈസ് ചെയർമാനും വിവാഹിതരായി. ഐസക്കും ഞാനും പൊലീസിനെ വെട്ടിച്ച് അവരുടെയടുത്ത് പോയി. യു. ജയച്ചന്ദ്രനും സംഘവും കവിതയും പാട്ടുമായി ചേരും. അത് കവിയരങ്ങുകളുടെ കാലം
കൂടിയാണ്. കടമ്മനിട്ടയും സച്ചിദാനന്ദനുമെല്ലാം രാഷ്ട്രീയതരംഗമായി. ലാറ്റിനമേരിക്കൻ കലാപത്തെക്കുറിച്ചുള്ള പുസ്തകങ്ങളുമായി ചിന്ത പബ്ലിഷേഴ്‌സ് ഞങ്ങളെ പ്രലോഭിപ്പിച്ചു. എന്നെ ഒരുപാട് സ്വാധീനിച്ച ബോളീവിയൻ ഡയറി വായിച്ചതും അടിയന്തരാവസ്ഥക്കാലത്താണ്. സി. പി. ജീവനും ഐസക്കും നായകരായിരുന്നു. ജീവനെ ഒരു മഴയത്ത് കാമ്പസിലിട്ടോടിച്ചതും കെ. എസ്. യുക്കാർ തലതല്ലിപ്പൊളിച്ചതുമൊക്കെ വല്ലാത്ത ഓർമകളാണ്.

അന്ന് മമ്മൂട്ടി കോളജിലവതരിപ്പിച്ച നാടകം ഞാൻ കണ്ടിട്ടുണ്ട്. ലോ കോളജിൽ പഠിച്ച മമ്മൂട്ടിയുടെ നാടകത്തിന് രണ്ടാം സ്ഥാനവും യു. സി. കോളജിലെ ചുവന്ന കുട്ടി എന്ന നാടകത്തിന് ഒന്നാം സമ്മാനവും കിട്ടി. പോഞ്ഞിക്കരയിൽ വച്ച് മമ്മൂട്ടിയുടെ മിമിക്രിയും കണ്ടിട്ടുണ്ട്.

അന്ന് മഹാരാജാസ് കാമ്പസിൽ പാല ജോണിന്റെ ഗുണ്ടായിസം നടക്കുന്ന കാലമാണ്. ഒരു കാലഘട്ടത്തിൽ പാല ജോണിന് ഞാൻ എസ്. എഫ്. ഐ ആണെന്നറിയില്ല. എ.കെ. രാജന്റെ സുഹൃത്തായിട്ടാണ് പുള്ളി എന്നെയറിഞ്ഞത്. ഐസക്കാണ് പ്രധാനപ്പെട്ട പുസ്തകങ്ങൾ പലതും തന്നത്. കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെയും സാഹിത്യത്തെയും പറ്റി ആഴത്തിൽ പഠിച്ചു. മൗറിസ് കോൺഫോർത്തിന്റെ പുസ്തകം, എം. പി. പരമേശ്വരന്റെ വൈരുധ്യാത്മക ഭൗതികവാദം, സ്റ്റാലിന്റെ പുസ്തകങ്ങൾ, അങ്ങനെ വായനയുടെ ലോകം വികസിച്ചു. ആർ.എസ്​.എസ്​, നക്‌സലൈറ്റുകൾ, ലിബറേഷൻ തിയോളജിയുടെ വക്താക്കൾ- ചുറ്റും തീക്ഷ്ണമായ ഒരു രാഷ്ട്രീയാന്തരീക്ഷമായിരുന്നു. അന്ന് മമ്മൂട്ടി കോളജിലവതരിപ്പിച്ച നാടകം ഞാൻ കണ്ടിട്ടുണ്ട്. ലോ കോളജിൽ പഠിച്ച മമ്മൂട്ടിയുടെ നാടകത്തിന് രണ്ടാം സ്ഥാനവും യു. സി. കോളജിലെ ചുവന്ന കുട്ടി എന്ന നാടകത്തിന് ഒന്നാം സമ്മാനവും കിട്ടി. പോഞ്ഞിക്കരയിൽ വച്ച് മമ്മൂട്ടിയുടെ മിമിക്രിയും കണ്ടിട്ടുണ്ട്. അത് പി. ജെ. ആന്റണിയുടെയും എൻ. എൻ. പിള്ളയുടേയുമൊക്കെ കാലമാണ്. അടിയന്തരാവസ്ഥക്കെതിരെ പി. ജെ. ആന്റണി ഒരു നാടകവുമായിറങ്ങി. അന്ന് മഹാരാജാസിൽ പഠിക്കുന്ന ആന്റണിയുടെ മകനെ എനിക്ക് പരിയചയമുണ്ട്. പുള്ളിയുടെ മകൾ ലോ കോളജിൽ എന്റെ ജൂനിയറുമായിരുന്നു. മകൻ ഇലക്ഷന് മത്സരിച്ചാൽ കത്തിക്കു കുത്തുമെന്ന് കെ.എസ്.യുക്കാർ ഭീഷണിപ്പെടുത്തിയപ്പോൾ, അത് ചെയ്തിട്ട് വന്നാൽ മതിയെന്നുപറഞ്ഞ് തിരിച്ചയച്ച ആളാണ് പി. ജെ. ആന്റണി.

പി. ജെ. ആന്റണി, എൻ. എൻ. പിള്ള
പി. ജെ. ആന്റണി, എൻ. എൻ. പിള്ള

എന്റെ വ്യക്തിപരമായ കാര്യങ്ങൾക്കായി ഞാൻ ആരോടും കലഹിച്ചിട്ടില്ല. പ്രശ്‌നങ്ങളിൽ തീക്ഷ്ണമായി ഇടപെട്ടു. ഇന്നിപ്പോൾ അങ്ങനെയൊരിടപെടലിനുള്ള ഇടമെവിടെയാണ്. ഒരുദാഹാരണം പറയാം. ഇപ്പോൾ നമ്മൾ പോയിരുന്ന പുഴയിലാണ്​ വീട്ടിലെയും നാട്ടിലെയും മാലിന്യം നമ്മൾ നോക്കിനിൽക്കുമ്പോൾ ആളുകൾ തള്ളുന്നത്​. എത്രപേരോട് വഴക്കിടും, എന്തുപറയും. അന്ന് ഞങ്ങൾ ഇതേ പുഴയിൽ കുളിക്കും, നീന്തും, മീൻ പിടിക്കും. ഇതേ വെള്ളം കുടിക്കും. ജീവിക്കാനുള്ളതെല്ലാം അത് തരുമായിരുന്നു. ഞങ്ങളതിൽ ഒരു തുണ്ട് കടലാസുപോലും ഇട്ടിട്ടില്ല. ഇന്നെത്ര ലാഘവത്തിലാണവർ ചെയ്യുന്നത്. പുഴയിലിട്ടാൽ നിങ്ങൾക്കെന്തെന്ന മട്ട്. എന്റെ ഭാര്യ സീന ബസിൽ സഞ്ചരിക്കുമ്പോൾ ഒരാൾ പരസ്യമായി ഒരു പെൺകുട്ടിയെ ഉപദ്രവിക്കുന്നു. സീന ഇടപെട്ടു. ബഹളമായി. തൊട്ടടുത്തിരുന്ന പ്രായമുള്ള സ്ത്രീ പറഞ്ഞത്, അവനൊന്ന് തട്ടിയോമുട്ടിയോന്ന് കരുതി നിനക്കെന്താണ്​ എന്നാണ്​. നുഷ്യർക്ക്​പ്രതികരണശേഷി ഇല്ലാതായിരിക്കുന്നു.

അടിയന്തരാവസ്ഥക്കാലത്ത് കോളജിൽ എച്ചിൽ തിന്നാൻ വരുന്ന പാവപ്പെട്ട കുട്ടികളുണ്ട്. ഞാനും ചന്ദ്രൻപിള്ളയും ഇവരെ രാഷ്ട്രീയവത്കരിക്കാൻ തീരുമാനിച്ചു. അവർക്ക് നല്ല ഭക്ഷണം കൊടുത്ത് രാഷ്ട്രീയ ബോധമുണ്ടാക്കാനായിരുന്നു പരിപാടി. പക്ഷെ ശ്രമം പാളി

അടിയന്തരാവസ്ഥ കഴിഞ്ഞ എൺപതുകളിലാണ്, ഞാൻ എസ്. എഫ്. ഐയിൽ പ്രവർത്തിക്കുമ്പോൾ നേര്യമംഗലത്ത് ഒരു വിദ്യാർത്ഥിയെ മാത്തൻ എന്നൊരാൾ കുത്തിക്കൊന്നു. ഞങ്ങൾ പഠിപ്പുമുടക്കി സമരം ചെയ്തു. കൊന്നതിന് ആരും സാക്ഷി പറഞ്ഞില്ല. വ്യക്തിയും പ്രസ്ഥാനങ്ങളും മാറി. ധാർമികമൂല്യം വളർത്തേണ്ടത് മതങ്ങളാണ്, വിദ്യാഭ്യാസമല്ല. ഇന്ന് കേരളത്തിന് ആ ധാർമികത പൂർണമായും നഷ്ടപ്പെടുന്നു. അപ്പോഴും ഇന്ത്യയിൽത്തന്നെ ഏറ്റവും കടബാധ്യതയുള്ള സമൂഹവുമാണിത്. വായ്പയും ജപ്തിയും നിത്യസംഭവങ്ങളായ നാട്.

അടിയന്തരാവസ്ഥ കഴിഞ്ഞ് സ്റ്റഡി സർക്കിൾ പ്രവർത്തനമാരംഭിച്ചു. അന്ന് കണയന്നൂർ താലൂക്ക് ജോയൻറ്​ സെക്രട്ടറിയായിരുന്നു ഞാൻ. പ്രീ ഡിഗ്രിക്കാലം തൊട്ടാരംഭിച്ച ഗ്രന്ഥശാലാസംഘവുമായുള്ള ബന്ധവും സജീവമായി തുടർന്നു.
പ്രതിലോമശക്തികൾക്കെതിരെയുള്ള ഏറ്റുമുട്ടൽ എന്ന്, എങ്ങനെ എന്നു ചിന്തിച്ചായിരുന്നു ഞങ്ങളുടെ നടപ്പ്. സി. പി. ജീവനുമായാണ് എനിക്കേറ്റവുമടുപ്പം.

കെ. ചന്ദ്രൻപിള്ള
കെ. ചന്ദ്രൻപിള്ള

ജീവൻ പറഞ്ഞു, വി. ജി. ഭാസ്‌കരൻ നായരുടെ കൈയ്യിൽ ഒരു തോക്കുണ്ടെന്ന്.
വളവുതിരിവുകൾക്കനുസരിച്ച് നമ്മുടെ വിപ്ലവപാതയിൽ വ്യത്യാസം വരുമെന്നാണ്
പാർട്ടിക്ലാസിൽ പഠിച്ചത്. ഇപ്പോൾ സ്ഥിതി വ്യത്യാസപ്പെട്ടല്ലോയെന്നായിരുന്നു
ഞങ്ങളുടെ യുക്തി. ഈ പോക്കിനൊടുവിൽ ഒരു കലാപമുണ്ടാവുമെന്നും അതിനൊടുവിൽ അടിച്ചമർത്തലിനെതിരെ മനുഷ്യന്റെ പരമമായ സ്വാതന്ത്ര്യം പ്രഖ്യപിക്കപ്പെടുമെന്നും ഞങ്ങൾ വിശ്വസിച്ചു.

അടിയന്തരാവസ്ഥക്കാലത്ത് കോളജിൽ എച്ചിൽ തിന്നാൻ വരുന്ന പാവപ്പെട്ട കുട്ടികളുണ്ട്. ഞാനും ചന്ദ്രൻപിള്ളയും ഇവരെ രാഷ്ട്രീയവത്കരിക്കാൻ തീരുമാനിച്ചു. അവർക്ക് നല്ല ഭക്ഷണം കൊടുത്ത് രാഷ്ട്രീയബോധമുണ്ടാക്കാനായിരുന്നു പരിപാടി. പക്ഷെ ശ്രമം പാളി, ഇന്ന് വരുന്നവനെ നാളെക്കാണില്ല, പിന്നെങ്ങനെ രാഷ്ട്രീയപഠനം നടക്കും. ഏറ്റവും അധഃസ്ഥിതരായ മനുഷ്യരുടെ ഉന്നമനമെന്ന പരിപാടി അങ്ങനെ പൊളിഞ്ഞു.

സ്റ്റഡി സർക്കിൾ സെക്രട്ടറി എൻ. കെ. ബി. മേനോനാണ്, ഞാൻ ജോയൻറ്​ സെക്രട്ടറിയും. എസ്.കെ. വസന്തൻ, നമ്പൂതിരി സാർ എന്നിവരാണ് ജില്ലാ നേതാക്കൾ. അക്കാലത്ത് കേരളം മുഴുവൻ നടന്ന് സ്റ്റഡി സർക്കിളിന്റെ ഭാഗമായി ഞാൻ ചർച്ചകൾ സംഘടിപ്പിച്ചു. പല സാഹിത്യകാരൻമാരുമായി പരിചയപ്പെട്ടു. സ്റ്റഡി സർക്കിൾ സംസ്ഥാന സമ്മേളനം ആ വർഷം എറണാകുളത്ത് കൂടാൻ തീരുമാനിച്ചു. ഉഷ ടൂറിസ്റ്റുഹോമിൽ സ്വീകരണക്കമ്മിറ്റി ഓഫീസൊരുക്കി. സൂക്ഷിച്ചുമതി എന്ന നിലപാടുള്ള എം. എൻ. കുറുപ്പാണ് സെക്രട്ടറി.
ഞങ്ങളെന്തിനും തയ്യാറായി നടക്കുന്ന കാലമാണ്. ഇത്തിൾ കൊണ്ടുവന്ന് ഉഷാ
ടൂറിസ്റ്റുഹോമിന്റെ ബാത്ത് റൂമിലിട്ട് നീറ്റി രാത്രിയാവുമ്പോൾ സൂന്ദറിനെയും
കൂട്ടി ഞാൻ ചുവരെഴുതാൻ പോകും. സുന്ദർ പൊലീസിനെ അൽപ്പം പേടിച്ചെങ്കിലും ആത്മാർത്ഥമായും അടിയന്തരാവസ്ഥക്കെതിരായിരുന്നു. പൊലീസ് വരുന്നുണ്ടോയെന്ന് ഞാൻ നോക്കും. സിനിമാപോസ്റ്റർ വലിച്ചുകീറി സുന്ദർ കൊളാഷ് സ്വഭാവത്തിൽ മനോഹരമായ പോസ്റ്ററുകളുമുണ്ടാക്കി. അക്കാലത്തെ പ്രചാരണപരിപാടികൾ പലതും സുന്ദറാണ് ചെയ്തത്. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments