രാഷ്ട്രീയ സൈദ്ധാന്തികനും സാമൂഹ്യ പ്രവർത്തകനുമായ കെ. വേണുവിന്റെ ജീവിതത്തെ പറയുന്ന "ഇടി മുഴങ്ങിയത് ആർക്കുവേണ്ടി" എന്ന ഡോക്യുമെന്ററി കഴിഞ്ഞ ദിവസം കാണുമ്പോൾ ആദ്യം മനസ്സിൽ വന്നത് വേണുവും, വേണുവിന്റെ 'രാഷ്ട്രീയ തലമുറ'യും, സമൂഹത്തെയും രാഷ്ട്രീയത്തെയും കാണുന്നതിലെ പ്രകടമായ പിളർപ്പായിരുന്നു: സ്വന്തം രാഷ്ട്രീയ ജീവിതത്തെ ജീവിതത്തിന്റെയും ജീവിതാർത്ഥത്തിന്റെയും കഥകൂടിയാക്കുന്ന വേണു, ഒരിക്കൽ സ്വാധീനിച്ചിരുന്ന "മാവോയിസ്റ്റ്" ('നക്സലൈറ്റ്' ) ആശയശാസ്ത്രത്തിൽ നിന്നുമുള്ള വിടുതിയാണ് തന്റെ ചിന്താലോകത്തിന്റെ വിഛ്ച്ചേദമായി അടയാളപ്പെടുത്തുന്നതെങ്കിൽ, വേണുവിന്റെ "രാഷ്ട്രീയ സുഹൃത്തുക്കൾ", വിശേഷിച്ചും ആ തലമുറയിലുള്ളവർ, ഇതേ ആശയത്തിന്റെ ഗൃഹാതുരത്വത്തോളം പോയ 'ഭൂത'ത്തിന്റെ പവിത്ര സംരക്ഷകരുമാകുന്നു. ഇതാണ് ആ പിളർപ്പ്.
എങ്കിൽ, ചലച്ചിത്ര സംവിധായകനും അഭിനേതാവും, ഒരിക്കൽ നക്സലൈറ്റ് രാഷ്ട്രീയ പ്രവർത്തകൻ കൂടിയായിരുന്ന, എം.ജി. ശശി രചനയും സംവിധാനവും നിർവഹിച്ച ഈ ഡോക്യുമെന്ററി, ഏറെക്കുറെ, രണ്ടാം പക്ഷത്തിന്റെ ഭാഗം ചേരുന്നുവെന്നാണ് തോന്നുക. ചലച്ചിത്രത്തിന്റെ പേര് ഓർമ്മിപ്പിക്കുന്നതു പോലെ. ‘കഥ’, കെ. വേണുവിനെ കുറിച്ചുള്ളതാവുമ്പോൾ അത് സ്വാഭാവികവുമാണ്. എഴുപതുകളുടെ അന്ത്യത്തിലും എൺപതുകളിൽ മുഴുവനും ഉണ്ടായ കേരളത്തിലെ "നക്സലൈറ്റ് പ്രത്യക്ഷം" അതിന്റെ സാംസ്കാരിക രാഷ്ട്രീയത്തെയാണ്, ഒരു പക്ഷേ, ശക്തമായി അടയാളപ്പെടുത്തിയത് എന്നതുകൊണ്ടുകൂടി ഈ സ്വാഭാവികത സാധൂകരിക്കപ്പെടുന്നുമുണ്ട്. ശശിയാകട്ടെ, ആ നിരയിൽ നിന്നും വന്ന, അതിന്റെ 'കലാഭിരുചികൾ' ഓർമ്മയായുള്ള വിദ്യാർത്ഥിയും രാഷ്ട്രീയ പ്രവർത്തകനുമായിരുന്നു. ഈ 'കാണൽ' ഡോക്യുമെന്ററിയെ അതിന്റെ അന്തർഹിതമായ സാധ്യതകളിൽ നിന്നും മാറ്റി നിർത്തുന്നു.

ശശി തന്റെ ഡോക്യുമെന്ററിയ്ക്കുവേണ്ടി സ്വീകരിച്ച ‘രൂപം’ അതിനെ ഒന്നുകൂടി ബലപ്പെടുത്തുന്നു എന്നും തോന്നും. അപ്പോൾപ്പോലും, കഴിഞ്ഞ അൻപത് വർഷത്തിനിടയിലെ 'ചിന്തിക്കുന്ന മലയാളി' എന്ന സങ്കൽപ്പമെടുക്കുമ്പോൾ, എന്തുകൊണ്ടും പ്രാധാന്യത്തോടെ വരുന്ന ഒരു പേര് കെ. വേണുവിന്റെതാവുമെന്നും, അതിനാൽ അയാളെ 'ഡോക്യുമെന്റ് ' ചെയ്യേണ്ടത് ഒരു സിനിമാക്കാര്യമെന്നതിനപ്പുറത്ത് രാഷ്ട്രീയ തീരുമാനമാണെന്നും ശശി തന്റെ ഈ ചലച്ചിത്ര കൃതിയിലൂടെ കാണിക്കുന്നു. അത്രയും അത് സത്യസന്ധമാണ്. അത്രയും അത് പ്രധാനവുമാണ്. അതുകൊണ്ടുതന്നെയാകാം, തൃശ്ശൂരിൽ നടന്ന ഈ ചലച്ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിനും ശേഷം അനുവദിച്ച ഓപ്പൺ ഫോറം, ഒരു 'പോസ്റ്റ്-വേണു രാഷ്ട്രീയ' ചർച്ചയിലേക്ക് കൂടി നീങ്ങുന്നത് കണ്ടത്.
Read: കെ. വേണുവിന്റെ ജനാധിപത്യ അന്വേഷണങ്ങള്‍
വേണു, ഒരു കാലത്ത് പ്രതിനിധീകരിച്ചിരുന്ന മാർക്സിസ്റ്റ് ഭരണകൂട സങ്കൽപ്പം ഹിംസാത്മകമായ ഒരു ഭരണകൂടത്തെ, അതിന്റെ സാമൂഹ്യാവസ്ഥയെ, ഹിംസാത്മകമായിത്തന്നെ മാറ്റി തീർക്കുക എന്നായിരുന്നു. ഏതെല്ലാം അവസ്ഥാന്തരങ്ങളിലും കമ്മ്യൂണിസ്റ്റുകൾ കൈവിടാത്ത ക്ലാസിക് രാഷ്ട്രീയ സങ്കൽപ്പവും അതായിരുന്നു: ലെനിൻ ആയിരിക്കുമ്പോഴും മാവോ ആയിരിക്കുമ്പോഴും. ‘അനിവാര്യതയെ മാറ്റി തീർക്കലാണ് സ്വാതന്ത്ര്യം’ എന്ന് ആ കാലത്ത് വേണുവും വിശ്വസിക്കുന്നു.

കമ്മ്യുണിസ്റ്റ് പശ്ചാത്തലമുള്ള ഒരു മധ്യവർഗ്ഗ, സവർണ്ണ, കർഷക കുടുംബത്തിൽ നിന്നും ‘നക്സലൈറ്റ്’ എന്ന 'രാഷ്ട്രീയ പദവി'യിലേക്കുള്ള പരിണാമത്തെപ്പറ്റി വേണു 'ഒരു അന്വേഷണത്തിന്റെ കഥ' എന്ന തന്റെ ആത്മകഥയിൽ വിശദമായി പറയുന്നുണ്ട്. ആ കാലത്ത് താൻ കടന്നുപോയതോ പങ്കെടുത്തതോ ആയ സംഭവങ്ങളുടെ വിവരണങ്ങളുണ്ട്. ഈ ഡോക്യുമെന്ററിയിലും വേണു അതെല്ലാം ഓർക്കുന്നു. വേണുവിന്റെ സുഹൃത്തുക്കൾ ഓർക്കുന്നു. നേരും നേരിന്റെ കല്പനയും കലർത്തിയാണ് തന്റെ ഡോക്യുമെന്ററിയിൽ ശശി ഇതെല്ലാം സ്പർശിച്ചു പോകുന്നത്. വേണു നക്സലൈറ്റ് ആവുന്ന കാലമാണ് അതിലെ ഊന്നൽ. ഇന്ദിരാ ഗാന്ധി പ്രഖ്യാപിക്കുന്ന "അടിയന്തരാവസ്ഥ' അതിന്റെ പശ്ചാത്തലമാണ്. അക്കാലത്തെ നക്സലൈറ്റ് വിപ്ലവകാരികളുടെ ഓർമ്മയും ആത്മഹൂതികളും ഓർമ്മിക്കുന്നു. അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള രാഷ്ട്രീയ ഇടപെടലുകൾ, സാംസ്കാരികമായ മുൻകൈയ്യുകൾ ഇതെല്ലാം ഓർമ്മിക്കുന്നു. എന്നാൽ, വേണുവിന്റെ പ്രധാന രാഷ്ട്രീയ ഇടപെടലുകൾ സംഭവിക്കുന്നത് ഈ ആദ്യകാല 'മാവോ വർഷങ്ങളിൽ' അല്ല; മറിച്ച്, ഇന്ത്യൻ രാഷ്ട്രീയാവസ്ഥയിൽ കൂടുതൽ നിമഗ്നനാവുന്ന 'രാഷ്ട്രീയ സന്ദേഹ'ങ്ങളുടെ രണ്ടാം ഘട്ടത്തിലാണ് എന്നാണ് വാസ്തവം. എങ്കിൽ, ഈ ഊന്നലാണ് ഡോകുമെന്ററി ‘മിസ്’ ചെയ്യുന്നത്. എങ്കിൽ, ഈ രണ്ടാംഘട്ടത്തെ പരിഗണിക്കാതിരിക്കുക എന്ന ബൌദ്ധിക സാമർത്ഥ്യമാണ് ഈ ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെടുന്ന വേണുവിന്റെ ആദ്യകാല സുഹൃത്തുക്കൾ പുലർത്തുന്നത്. ഇത് എന്തുകൊണ്ട് എന്നത് മറ്റൊരു വിഷയമാണ്. എന്നാൽ ഒരു കാരണം, മലയാളിയുടെ ബൗദ്ധികാസ്തിയുടെ വലിയൊരു ഉറവിടം ‘സോവിയറ്റ് കമ്മ്യൂണിസ്റ്റ് സാഹിത്യ’മാണ്: ആദ്യത്തെ മലയാളി മാർക്സിസ്റ്റ് മുതൽ ഇന്നലെ പുരസ്കാരംകൊണ്ട് നാം ആദരിച്ച സാഹിത്യ നിരൂപകൻ വരെ. അവർ കവികളോ കഥാകൃത്തുക്കളോ ആണെങ്കിൽ അതേ പശ്ചാത്തലം അവരുടെയും ഭാവനയുടെ ആസ്തി മറ്റൊന്നല്ല. എന്നാൽ, ഈ ‘മലയാളി പ്രതിസന്ധി’ വേണു മറികടക്കുന്നത് മറ്റൊരു വിധത്തിലാണ്. അതാണ്, അയാളെ ഈ നിരയിൽ നിന്നും മാറ്റി നിർത്തുന്നത്.
ഒരേസമയം, "മാവോയിസ്റ്റ് വിപ്ലവകാരി"യും "ജനാധിപത്യവാദി"യുമാകുന്ന ‘രണ്ടാം ഘട്ടത്തിലെ വേണു’, ആ കാലത്തെ, ലോകമെങ്ങുമുള്ള ജനാധിപത്യ പുനർവിചാരങ്ങളുടെ ഭാഗമാകുന്ന ഭാവനാശാലിയായ രാഷ്ട്രീയ സൈദ്ധാന്തികനാണ്. തന്റെ സന്ദേഹങ്ങളെ സത്യങ്ങളുടെ മറുപുറംകൂടിയായി വേണു അഭിമുഖീകരിക്കുന്ന ഘട്ടമാണിത്. വേണുവിന്റെ സൈദ്ധാന്തിക ഭാവന അതിന്റെ പ്രായോഗിക പരീക്ഷണങ്ങളിലേക്ക് പ്രവേശിക്കുന്ന ഈ ഘട്ടം അതുവരെയും ഉണ്ടായിരുന്ന ‘നായകൻ’ (ഹീറോ) എന്ന തന്റെ തന്നെ പരിവേഷത്തെ, ‘ഓറ’യെ അഴിക്കുന്നതാണ്.
എൺപതുകളിൽ ഇന്ത്യയിലുടനീളം, വിശേഷിച്ചും, വടക്കേ ഇന്ത്യയിൽ രൂപപ്പെട്ട വിവിധ ദേശീയതകളുടെ ഭാഷാ-സ്വത്വ-സമരങ്ങൾ വേണു, തന്റെ സഹപ്രവർത്തകർക്കുമൊപ്പം കമ്മ്യൂണിസ്റ്റ് വിമോചനാശയങ്ങളുമായി ഒത്തുനോക്കുന്നത് ഈ ഘട്ടത്തിലാണ്. മാർക്സിസത്തിന്റെ കാതൽധർമ്മമെന്ന നിലയിൽ പരിഗണിക്കപ്പെട്ട ‘വർഗ്ഗസമര’ത്തെ വേണു പ്രശ്നഭരിതമാക്കുന്നത് ഈ ഘട്ടത്തിലാണ്. ഭാഷാ ദേശീയത, ലിംഗം, ലിംഗ സമത്വം, സ്ത്രീവാദം, ജാതി തുടങ്ങിയ യാഥാർത്ഥ്യങ്ങളെ കമ്മ്യൂണിസ്റ്റ് ആശയശാസ്ത്രത്തിന്റെ സാമ്പ്രദായിക രീതികളിൽ നിന്നും മാറി ‘വർഗ്ഗേതരം’ എന്ന് പരിഗണിച്ചുകൊണ്ട് ചർച്ചകൾക്ക് തുടക്കമിടുന്നത് ഈ ഘട്ടത്തിലാണ്. അക്കാലത്തെ വേണുവിന്റെ ആശയലോകത്തിന്റെ ചലനാത്മകതയ്ക്ക് ഉദാഹരണമാകാവുന്ന പ്രധാനപ്പെട്ടതും പിന്നീട് തുടർച്ച കണ്ടെത്താനാകാത്തതും കൊണ്ട് “പരാജയപ്പെട്ടതുമായ” മൂന്ന് സമരങ്ങൾ ഇന്നും ഒരു പുനസന്ദർശനത്തിന് കാരണങ്ങൾ ഉള്ളതാണ്. അവ ഇതാണ്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറുടെ ജനകീയ വിചാരണ, കൊച്ചിൻ സ്റ്റോക്ക് എക്സ്ചേഞ്ച് ഉപരോധം, വൈക്കത്തെ മനുസ്മൃതി കത്തിക്കൽ സമരം.

ഇതിലെ ആദ്യത്തേത് മാവോയുടെ സാംസ്കാരിക വിപ്ലവകാലത്തെ ജനകീയ വിചാരണകളെ ഓർമ്മിപ്പിക്കുന്നുവെങ്കിൽ, പിന്നീട് വന്ന ആ രണ്ട് സമരങ്ങളുടെയും കാതൽ "ദേശീയമായ" കാരണങ്ങളായിരുന്നു. എന്നാൽ, വേണു, തന്റെ പുസ്തകങ്ങളിലൂടെയും അഭിമുഖങ്ങളിലൂടെയും പലപ്പോഴും പറഞ്ഞിട്ടുള്ള പോലെ കമ്മ്യുണിസ്റ്റ് ഭരണകൂട രാഷ്ട്രീയത്തിന്, അതിന്റെ സ്വേച്ഛാചാരങ്ങൾക്ക് എതിരെ നിന്ന തന്റെ ആശയങ്ങൾ അവ ഉയർത്തിയ ആത്മസംഘർഷങ്ങൾ, ഈ സമരങ്ങളെയും പരാജയപ്പെടുത്തുന്നു. വേണു, ക്രമേണ, ‘കമ്മ്യൂണിസ’ത്തെ തന്നെ ഉപേക്ഷിക്കുന്നു. അപ്പോഴും വേണുവിന് കഴിയാതെ പോയത്, അത് വേണുവിന്റെ കുറ്റമല്ലാതിരുന്നിട്ടുകൂടി, തന്റെ തന്നെ ‘നായക പരിവേഷ’ത്തെ സമൂഹത്തിൽ നിന്നും എടുത്തുകൊണ്ടുപോകാൻ പറ്റാത്തതാണ്. ഈ ഡോക്യുമെന്ററിക്ക് പറ്റാത്തതും, അഥവാ ആഗ്രഹിക്കാത്തതും, അതാണ്.
വേണുവാകട്ടെ, ഒരു കാലത്തിന്റെയോ ഒരു തലമുറയുടെയോ രാഷ്ട്രീയ നായകനും സൈദ്ധാന്തികനും ആയിരുന്നു. സൈദ്ധാന്തികൻ നായകനെ ഉപേക്ഷിക്കുമ്പോഴും തന്റെ ഈ രണ്ട് പരിണിതികളെ വേണുവിന് എപ്പോഴും അഭിമുഖീകരിക്കേണ്ടി വരുന്നു. ശശിയുടെ ഡോക്യുമെന്ററിയും ആ അവസരമാണ് നൽകുന്നത്. വേണു ഇതെല്ലാം നിർമ്മമമായി നേരിടുന്നു. തന്റെ ബൗദ്ധിക ജീവിതത്തെ വിലമതിക്കുന്നു. തന്റെ ജീവിതത്തെ ഒരന്വേഷണത്തിന്റെ കഥയായി ഓർക്കുന്നു. അല്ലെങ്കിൽ,അതാണ്, അയാളെ നമ്മുക്കിടയിലെ വേറിട്ട ‘ബുദ്ധിജീവി’യാക്കുന്നത്. അതുകൊണ്ടുതന്നെ, ഈ ‘രണ്ടാം ഘട്ടത്തിലെ വേണു’വാണ് ഇനിയും ചർച്ചയിൽ വരേണ്ടത് എന്ന് തോന്നുന്നു. വിശേഷിച്ചും, ഇന്നത്തെ രാഷ്ട്രീയ കാലാവസ്ഥയിൽ.

