വിം വെൻഡറിന്റെ (Wim Wender) ‘പെർഫെക്റ്റ് ഡെയ്‌സ്’ (Perfect Days) മനുഷ്യജീവിതത്തിൽ അന്തർലീനമായിരിക്കുന്ന സൗന്ദര്യാത്മകതയെ അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്ന സമകാലിക സിനിമയാണ്. ജിം ജാർമുഷിൻെറ (Jim Jarmusch) ‘പാറ്റേഴ്സൺ’ (Paterson) സമാനമായി ദൈനംദിന ജീവിതത്തെ കവിതയോട് കൂട്ടിയിണക്കി സുന്ദരമായി അവതരിപ്പിച്ചിട്ടുള്ള മറ്റൊരു ഗംഭീര സിനിമയാണ്. തീർത്തും ലളിതമായ പ്രമേയങ്ങൾ മനോഹരമായി ചിത്രീകരിക്കുന്നതിൽ അപാരമായ കഴിവ് പ്രകടിപ്പിച്ചിട്ടുള്ള മാസ്റ്റർ സംവിധായകനാണ് യാസുജിറോ ഒസു. അദ്ദേഹത്തിൻെറ ക്രാഫ്റ്റ്മാൻഷിപ്പ് പ്രകടമായിട്ടുള്ള എക്കാലത്തും ചർച്ച ചെയ്യുന്ന സിനിമകളിൽ ഒന്നാണ് ടോക്യോ സ്റ്റോറി (Tokyo Story). ഈ പട്ടികയിൽ വരുന്ന ഫ്രഞ്ച് ഫിലിം മേക്കറാണ് മിയാ ഹാൻസെൻ ലവ് (Mia Hansen Love). തുടക്കം മുതൽ ഒടുക്കം വരെ നേർരേഖയിൽ കഥ പറയുന്ന സാമ്പ്രദായിക രീതിയിൽ നിന്ന് വ്യതിചലിക്കുന്ന ആഖ്യാനരീതി പരീക്ഷിക്കാറുള്ള അവരുടെ ചിത്രങ്ങളിൽ മനുഷ്യരുടെ ജീവിതത്തിൽ നിന്നുള്ള വളരെ ലളിതമായ ഒരു ചെറിയ ഭാഗമോ കാഴ്ചയോ ഒക്കെ വലിയ ക്യാൻവാസിൽ അവതരിപ്പിക്കാറുണ്ട്. സാധാരണ ചിത്രങ്ങളിൽ കാണുന്നത് പോലെയുള്ള തുടക്കവും മധ്യവും ഒടുക്കവുമൊക്കെ ഒഴിവാക്കി അവർ ജീവിതത്തിൻെറ ഒരു പ്രത്യേക മുഹൂർത്തത്തിൽ നിന്ന്, ദിവസത്തിൽ നിന്ന്, ഒരു ചാപ്റ്ററിൽ നിന്ന് കഥാപാത്രങ്ങളുടെ ജീവിതത്തിലേക്ക് നമ്മളെയും കൊണ്ട് പോവുന്നു.
തീർത്തും കാവ്യാത്മകമായ ഫ്രഞ്ച് ടൈറ്റിൽ ഉള്ള L'avenir (ലാവെനിർ) ഇംഗ്ലീഷിൽ ‘തിങ്സ് ടു കം’ (Things To Come), ഭാവിയെന്ന് കൃത്യമായി പരിഭാഷപ്പെടുത്താവുന്ന ചലച്ചിത്രം നതാലി എന്ന സ്ത്രീ കഥാപാത്രത്തിൻെറ നിലവിലുള്ള ജീവിതസന്ധിയിലേക്ക് ഭാവിയുടെ കടന്നുകയറ്റത്തിൻെറ ധ്യാനാത്മകമായ, യാതൊരുവിധ കൂട്ടിച്ചേർക്കലുകളുമില്ലാത്ത യാത്രയാണ്. നതാലിയും അവളുടെ ഭർത്താവും അവരുടെ പന്ത്രണ്ടും പതിന്നാലും വയസ്സ് പ്രായമുള്ള രണ്ട് കുട്ടികളും അവധിക്കാല ആഘോഷത്തിനിടയിൽ ഒരു കവിയുടെ ശവകുടീരത്തിനരികിലൂടെ കടന്നുപോകുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. ഈ സമയത്താണ് ‘L'avenir’ എന്ന ചിത്രത്തിൻെറ തലക്കെട്ട് സ്ക്രീനിൽ കാണിക്കുന്നത്. ഇവിടെ ഹാൻസെൻ ലവ് എന്ന സംവിധായിക വളരെ സൂക്ഷ്മമായി ആഴത്തിൽ പ്രേക്ഷകരുടെ മുന്നിലേക്ക് ഒരു ചോദ്യം എറിഞ്ഞിടുകയാണെന്ന് തോന്നുന്നു. അത് മരണത്തെ കുറിച്ചുള്ളതാണോ? ജീവിച്ചിരിക്കുന്നവരെയെല്ലാം കാത്തിരിക്കുന്ന അനിവാര്യമായ ആ ഭാവിയിലേക്കുള്ള യാത്രയെ കുറിച്ചാണോ അവർ സൂചിപ്പിക്കുന്നത്? ഇനി അതല്ല, എത്ര പരിശ്രമിച്ചാലും വർത്തമാനകാലത്ത് എത്രയേറെ അഭിരമിച്ചാലും നമ്മുടെ കൈപ്പിടിയിൽ ഒതുങ്ങാത്ത, ഒഴിവാക്കാനാവാത്ത സമയമെന്ന പാതയെക്കുറിച്ചുള്ള, നമ്മൾ കടന്നു പോവാനിരിക്കുന്ന ഭാവിയെക്കുറിച്ചുള്ള ഒരു ചിന്തയാണോ തുറന്നുവെക്കുന്നത്? ‘Things to come’ എന്നത് ആ അർത്ഥത്തിൽ നമുക്ക് ഒരു ധാരണയുമില്ലാത്ത ഭാവിയെക്കുറിച്ചുള്ള, നമ്മളെല്ലാം കടന്നുപോവുന്ന യാത്രയെയും വഴികളെയുമൊക്കെ പ്രതിഫലിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ, ഈ ചലച്ചിത്രത്തിലെ പ്രധാന കഥാപാത്രമായ നതാലി തൻെറ വർത്തമാനകാലത്ത് ജീവിക്കുന്ന, ജീവിതം എന്നും മാറ്റമില്ലാതെ ഇങ്ങനെ തന്നെ തുടരുമെന്ന് ഉറച്ചുവിശ്വസിക്കുന്ന ഒരു ഫിലോസഫി അധ്യാപികയാണ്.

എന്നാൽ ചിത്രത്തിൻെറ സംവിധായിക വളരെ സൂക്ഷ്മമായി പറയാൻ ശ്രമിക്കുന്നത് എല്ലാം അത്ര സുഖകരമായല്ല കടന്നുപോവുകയെന്നാണ്. നേരത്തെ സൂചിപ്പിച്ച ആദ്യസീനിൽ ശവകുടീരത്തിലെ ഒരു ശവക്കല്ലറയിലാണ് സിനിമയുടെ ടൈറ്റിലായ ‘Things to come’ എന്ന് എഴുതിക്കാണിക്കുന്നതെന്നത് എടുത്തുപറയേണ്ട കാര്യമാണ്. ഈ ദൃശ്യം നൽകുന്ന സൂചന സുവ്യക്തമാണ്. അത് നമ്മളെയെല്ലാവരെയും കാത്തിരിക്കുന്ന ഭാവി തന്നെയാണ്. നതാലിയുടെ കാര്യത്തിൽ, താൻ പ്രതീക്ഷിച്ചതിനേക്കാൾ എത്രയോ വേഗത്തിൽ ആ ഭാവി കടന്നുവരുന്നുവെന്നതിൻെറ ദൃഷ്ടാന്തമാണ്. നതാലിയുടെ സ്വഭാവവുമായി ബന്ധപ്പെട്ട് ഒരു സുപ്രധാനചോദ്യം ഇവിടെ ഉയർന്നുവരുന്നുണ്ട്; അതിവിദൂരമല്ലാത്ത ഭാവിയിൽ സംഭവിക്കാൻ പോവുന്ന ചില സുപ്രധാന സംഭവങ്ങളെക്കുറിച്ച് അവൾക്ക് ഒരു സൂചനയും ഇല്ലാതായി പോവുന്നത് വർത്തമാനകാലത്തിൻെറ ലഹരിയിൽ വല്ലാതെ അഭിരമിക്കുന്നത് കൊണ്ടായിരുന്നുവോ? ജീവിതത്തിൽ ഒരു മാറ്റവും സംഭവിക്കാൻ പോവുന്നില്ലെന്ന് ചിന്തിക്കുന്നത് അത് കൊണ്ടാവില്ലേ? അതോ താൻ പ്രതീക്ഷിക്കുന്നതല്ലാത്ത രീതിയിൽ വരാൻ പോവുന്ന ജീവിതയാഥാർത്ഥ്യങ്ങളെ മറികടക്കാൻ വേണ്ടിയുള്ള മനപൂർവമുള്ള ശ്രമമാണോ? ഈ രണ്ട് സാധ്യതകളും അവളുടെ സ്വഭാവത്തെക്കുറിച്ച് ശക്തമായ ഉൾക്കാഴ്ചകൾ പ്രേക്ഷകർക്ക് നൽകുന്നുണ്ട്. വർത്തമാനകാല ജീവിതത്തിൻെറ വഞ്ചനാപരമെന്ന് തോന്നിക്കുന്ന തരത്തിലുള്ള യാഥാർത്ഥ്യങ്ങളോടുള്ള മുഖംതിരിക്കലോ അല്ലെങ്കിൽ തനിക്ക് ചുറ്റും ലോകം മാറിക്കൊണ്ടിരിക്കുന്നുവെന്ന സത്യത്തെ അംഗീകരിക്കാനുള്ള മടിയോ ആയിരിക്കാം. സ്കൂളിൽ ഉണ്ടായ അധ്യാപക പ്രക്ഷോഭത്തോളുള്ള നതാലിയുടെ തീർത്തും അവഗണനയോടെയുള്ള മനോഭാവം ഈ സ്വഭാവത്തിന് നിതാന്തമാണ്. പെൻഷൻ ആനുകൂല്യങ്ങളെക്കുറിച്ചും വിരമിക്കലിനെക്കുറിച്ചുമുള്ള ഉത്കണ്ഠകളാണ് അധ്യാപകരെ പ്രക്ഷോഭത്തിലേക്ക് നയിക്കുന്നത്. സമരം ചെയ്യുന്നവർ ആവശ്യങ്ങൾ ബോധ്യപ്പെടുത്തിയിട്ടും അതിനൊപ്പം ചേരാൻ നതാലി തയ്യാറാവുന്നില്ല. അധ്യാപകരുടെ പ്രക്ഷോഭം ഒരു അനാവശ്യകാര്യമായാണ് അവൾക്ക് തോന്നുന്നത്. താൻ യഥാർത്ഥത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായ തൻെറ അധ്യാപനത്തെയും ധൈഷണികമായ പ്രവർത്തനങ്ങളെയും ശല്യപ്പെടുത്തുന്ന പ്രക്രിയയാണ് സമരങ്ങളെ അവൾ കാണുന്നത്.
വളരെ സൗകര്യപ്രദമായ, സമാധാനപൂർണമായ ജീവിതമാണ് നതാലി നയിച്ചുകൊണ്ടിരുന്നത്. അവർ പഠിപ്പിച്ചിരുന്ന സ്കൂളിലെ തന്നെ അധ്യാപകനായ ഹെയ്ൻസുമായി (ആന്ദ്രേ മാർക്കോൺ) 25 വർഷം നീണ്ടുനിന്ന ദാമ്പത്യം. അവർക്ക് പിറന്ന രണ്ട് കുട്ടികളെയും വളർത്തി വലുതാക്കി. വളരെ ശാന്തവും ലളിതവുമായ ജീവിതം. ബ്രിട്ടനിയിലുള്ള അവരുടെ വീട്ടിലെ ഷെൽഫുകളിൽ പുസ്തകങ്ങൾ ഭംഗിയാക്കി അടുക്കി വെച്ചിരുന്നു. നതാലിയും ഭർത്താവും കുട്ടികളും അത്താഴസമയത്ത് നടത്തുന്ന ചർച്ചകളിൽ എപ്പോഴും പുസ്തകങ്ങളും എഴുത്തുകാരും കടന്നുവരുമായിരുന്നു. റൂസ്സോ, തിയോഡർ അഡോർനോ, ഗുന്തർ ആൻഡേഴ്സ്, ഷോപ്പൻഹോവർ എന്നിവരെക്കുറിച്ചെല്ലാം സിനിമയിൽ കുടുംബം സംസാരിക്കുന്നുണ്ട്. രാഷ്ട്രീയത്തെക്കുറിച്ചും തത്വശാസ്ത്രത്തെക്കുറിച്ചുമെല്ലാം ചർച്ചകൾ നടത്തുന്നുണ്ട്. നതാലിയുടെ ജീവിതം അവളുടെ കുടുംബവും ജോലിയുമൊക്കെയായി ബന്ധപ്പെട്ട് വളരെ സുഗമമായാണ് മുന്നോട്ട് പോയിരുന്നത്. തൻെറ പഴയ വിദ്യാർത്ഥിയായ ഫാബിയനുമായി (റോമൻ കോലിങ്ക), നതാലി നല്ല ബന്ധം നിലനിർത്തുന്നുണ്ട്. അവൻ ഇടയ്ക്കിടെ നതാലിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്നുണ്ട്. അവരുടെ ലേഖനസമാഹാരത്തിൽ ഫാബിയൻെറ ലേഖനങ്ങളും ഉൾപ്പെടുത്തുന്നുണ്ട്.

സമയത്തെയും അതിൻെറ അനന്തമായ ഒഴുക്കിനെയും ഒരിക്കലും മുൻകൂട്ടി കാണാനാവാത്ത ഭാവിയുടെ അനിശ്ചിതത്വത്തെയും പറ്റിയുള്ള നിരന്തരമായ ഓർമ്മപ്പെടുത്തലായി സിനിമ മാറുന്നുണ്ട്. സാധാരണപോലെ വളരെ ലളിതമായി മുന്നോട്ട് പോയിരുന്ന ദിവസങ്ങൾക്കിടയിൽ ഒരു വേർപിരിയലിൻെറ അന്തരീക്ഷം വരാനിരിക്കുന്നുവെന്ന ചില സൂചനകളുണ്ടായിരുന്നു. ആ കുടുംബത്തിൻെറ സുഗമമായ യാത്രയ്ക്കിടയിൽ വഞ്ചനയുടെ ഒരു നിഴലുണ്ടായിരുന്നെന്ന് ആർക്കും ഊഹിക്കാൻ സാധിക്കുമായിരുന്നില്ല. അവരുടെ ജീവിതയാത്ര അനുസ്യൂതമായി അങ്ങനെ തന്നെ ഭംഗിയായി മുന്നോട്ട് പോവുമെന്നായിരിക്കും കരുതിയിരുന്നത്. എന്നും ഡിന്നർ കഴിക്കാൻ വേണ്ടിയുള്ള കുട്ടികളുടെ വരവ് വലിയ ആശ്വാസത്തിൻെറയും സന്തോഷത്തിൻെറയുമായിരുന്നു. അവരുടെ ചിന്തകളിലെവിടെയും എന്തെങ്കിലും തരത്തിലുള്ള ആശങ്കകളോ ആശയക്കുഴപ്പങ്ങളോ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവരുടെ ആശയവിനിമയത്തിലെവിടെയും ഉത്കണ്ഠ തോന്നിക്കുന്ന തരത്തിലുള്ള വിഷയങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല.
സമയത്തെയും അതിൻെറ അനന്തമായ ഒഴുക്കിനെയും ഒരിക്കലും മുൻകൂട്ടി കാണാനാവാത്ത ഭാവിയുടെ അനിശ്ചിതത്വത്തെയും പറ്റിയുള്ള നിരന്തരമായ ഓർമ്മപ്പെടുത്തലായി സിനിമ മാറുന്നുണ്ട്.
അപ്രതീക്ഷിതമായ ഒരു സന്ദർഭത്തിൽ ഹെയ്ൻസ് എല്ലാം അട്ടിമറിക്കുന്നത് വരെ അശാന്തമായ ഒന്നും തന്നെ അവരുടെ ജീവിതത്തിൽ സംഭവിച്ചിരുന്നില്ല. താൻ മറ്റൊരു സ്ത്രീയുമായി സ്നേഹബന്ധത്തിലാണെന്നും അവളുമായി ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും വളരെ ശാന്തമായി ഹെയ്ൻസ് നതാലിയെ അറിയിക്കുന്നു. പിന്നീട് അവർ തമ്മിലുള്ള സംഭാഷണം നാടകീയമായി മാറുവാനുള്ള എല്ലാ സാധ്യതയുമുണ്ട്. എന്നാൽ സാധാരണഗതിയിൽ ഉണ്ടാവാൻ സാധ്യതയുള്ള തരത്തിലുള്ള വൈകാരികമായ തരത്തിലുള്ള പൊട്ടിത്തെറികളോ, വീട്ടിലെ സാധനങ്ങൾ വലിച്ചെറിഞ്ഞ് പൊട്ടിക്കലുകളോ ഒന്നും തന്നെ അവിടെ സംഭവിക്കുന്നില്ല. നതാലി കേട്ടത് വിശ്വസിക്കാനാവാത്ത തരത്തിൽ സ്തബ്ധയായിരുന്നു. “ഞാൻ കരുതിയത് നീ എന്നെ എക്കാലത്തും സ്നേഹിക്കുമെന്നായിരുന്നു,” ഇതായിരുന്നു നതാലിയുടെ വളരെ ലളിതമായ പ്രതികരണം. ഹെയ്ൻസ് പറഞ്ഞത് തൻെറ ജീവിതത്തിൽ ഉണ്ടാക്കാൻ പോവുന്ന പ്രതിഫലനം എന്താണെന്ന് ശരിയായ അർത്ഥത്തിൽ ബോധ്യപ്പെടാൻ അവൾക്ക് ഏറെ സമയമെടുത്തു. ഇതിനിടയിലും സങ്കീർണമായ ജീവിതം അങ്ങനെ തന്നെ മുന്നോട്ട് പോവുന്നുണ്ട്. സമയം, ഒരു നദിയെന്ന പോലെ അനുസ്യൂതം ഒഴുകുന്നുണ്ടായിരുന്നു.
സമാനമായി മറ്റൊരു സീനിൽ, ടെക്സ്റ്റ്ബുക്കിൽ മാറ്റങ്ങൾ വരുത്തുന്നതിൻെറ ഭാഗമായി നതാലി തൻെറ പബ്ലിഷറെ കണ്ടുമുട്ടുമ്പോൾ “ഭാവിയോട് നിങ്ങൾ വിട്ടുവീഴ്ച ചെയ്യേണ്ടിവരും,” എന്ന് പറയുന്നുണ്ട്. നതാലിയുടെ ജീവിതം ഹ്രസ്വദൃഷ്ടി പോലെയാണ്. സിനിമയിലുടനീളം ഭാവിയെക്കുറിച്ചുള്ള ചില സൂചനകൾ കാണാം. തുടക്കത്തിൽ കാണിക്കുന്ന ശ്മശാനരംഗം, സ്കൂളിലെ സമരം, പബ്ലിഷറുടെ കമൻറ് എന്നിവയെല്ലാം അക്കൂട്ടത്തിൽ പെടുന്നവയാണ്. എന്നാൽ, ദൈനംദിന ജീവിതത്തിലെ ലാളിത്യവും അതിൻെറ തുടർച്ചയും നതാലിയ്ക്ക് ജീവിതത്തിൽ ഒരു മാറ്റവും വരാൻ പോവുന്നതിൻെറ സൂചന നൽകുന്നില്ല. തൻെറ ധൈഷണികമായ അന്വേഷണങ്ങളിലും അക്കാദമിക ജീവിതത്തിലും ദൈനംദിന ജീവിതത്തിൻെറ തിരക്കുകളിലും മുഴുകിയിരുന്ന നതാലിയ്ക്ക് വിവാഹമോചനം പോലെ, തൻെറ ജീവിതത്തിൽ കോളിളക്കം സൃഷ്ടിക്കാൻ പോവുന്ന ഒരു കാര്യം സംഭവിക്കാൻ പോവുന്നതിൻെറ ഒരു സൂചനയും കിട്ടിയതേയില്ല. അച്ചടക്കത്തോടെ പോവുകയായിരുന്ന അവളുടെ ജീവിതത്തെ വല്ലാതെ ഞെട്ടിക്കുകയാണ് വിവാഹമോചനവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾ. അതുപോലെ തന്നെ അമ്മയുടെ അസുഖത്തെക്കുറിച്ച് നതാലിയ്ക്ക് അറിവുണ്ടായിരുന്നുവെങ്കിലും, അവൾ എടുക്കേണ്ടിയിരുന്ന ഉത്തരവാദിത്തത്തെക്കുറിച്ച് വൈകാരികമായോ അതല്ലാതെയോ അവൾ ബോധവതിയായിരുന്നില്ല. അമ്മയുടെ പൂച്ചയായ ‘പൻഡോറ’യെ താൻ നോക്കേണ്ടി വരുമെന്ന് അവൾ മനസ്സിൽ പോലും ആലോചിച്ചിരുന്നില്ല. ഇത്രയും ഗുരുതരമായ വിഷയങ്ങൾ മുന്നിലുണ്ടായിട്ടും അതേക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാതെ തൻെറ ജീവിതവുമായി മുന്നോട്ടുപോയ നതാലി ഓർമ്മിപ്പിക്കുന്നത് ഭാവിയിൽ തന്നെ ബാധിക്കാൻ പോവുന്ന, അതിസങ്കീർണവും വൈകാരികവുമായ വിഷയങ്ങളിൽ നിന്ന് അകന്നുനിൽക്കാനുള്ള അവളുടെ സ്വതസിദ്ധമായ പ്രവണതയാണ്.
ക്ലാസിക്കൽ കോംപോസിഷനുകൾ മുതൽ പോപ്പുലർ സംഗീതം വരെ ഉപയോഗപ്പെടുത്തി ഹാൻസെൻ ലവ് വളരെ യുക്തിഭദ്രമായി സംഗീതം ഉപയോഗിച്ചിരിക്കുന്നത് ചിത്രത്തിൻെറ വൈകാരികമായ ആഴം വർധിപ്പിക്കുന്നുണ്ട്.
സിനിമയിലെ ഏറ്റവും ഹൃദയസ്പർശിയായ ചില രംഗങ്ങൾ സംഭവിക്കുന്നത് നതാലിയും ഹെയ്ൻസും വേർപിരിയുന്നതിനു മുമ്പുള്ള അവസാന അവധിക്കാലത്താണ്. തൻെറ അമ്മയെക്കുറിച്ച് അറിയാൻ വേണ്ടി നതാലി വൃദ്ധസദനത്തിൽ അന്വേഷിക്കുമ്പോൾ, അമ്മ (എഡിത് സ്കോബ്) കഴിഞ്ഞ മൂന്ന് ദിവസമായി ഭക്ഷണം കഴിക്കാൻ വിസമ്മതിക്കുന്നുവെന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. “നിന്നെ പാരീസിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള അമ്മയുടെ പദ്ധതിയല്ലേ ഇത്?” എന്ന് ഹെയ്ൻസ് ചോദിക്കുമ്പോൾ, “തീർച്ചയായും, അങ്ങനെ ആണെങ്കിൽ തന്നെ എന്ത്, എനിക്ക് എൻെറ അമ്മയെ മരിക്കാൻ വിടാൻ സാധിക്കില്ല,” എന്ന് നതാലി മറുപടി പറയുന്നു. അടുത്ത നിമിഷത്തിൽ നമ്മൾ നതാലിയെ കാണുന്നത് പാരീസിലേക്കുള്ള തീവണ്ടിയിലാണ്. പഴയകാല നടിയായിരുന്ന അമ്മ, വാർധക്യസഹജമായ അസുഖങ്ങളോടും ബുദ്ധിമുട്ടുകളോടും മല്ലിടുകയും ഇടയ്ക്കിടെയുണ്ടാവുന്ന പാനിക്ക് അറ്റാക്കുകൾ കാരണം വിഷമത്തിലാവുകയും ചെയ്യുന്നുണ്ട്. അമ്മയുമായുള്ള നതാലിയുടെ ബന്ധവും സിനിമയിലെ വളരെ ശ്രദ്ധേയമായ ഭാഗമാണ്. അവർ തമ്മിലുള്ള ഇടപെടൽ വളരെ സങ്കീർണമായ തരത്തിലുള്ള അടുപ്പത്തിൻെറയും അതുപോലെ തന്നെ സംഘർഷത്തിൻെറയും തലങ്ങൾ കാണിച്ച് തരുന്നു. ലോകത്തിലെ പല അമ്മ - മകൾ ബന്ധങ്ങളുടെയും നേർചിത്രമാണ് ഇതിലൂടെ നമുക്ക് കാണിച്ച് തരുന്നത്. സ്നേഹം, വേദന, പഴയ ഓർമ്മകളുടെ ചരിത്രം എന്നിവയുടെ സങ്കീർണമായ അവതരണം ചിത്രത്തിനെ വൈകാരികതലത്തിലേക്ക് കൊണ്ടുപോവുന്നു. ചിത്രത്തിൻെറ ആഖ്യാനം ഇവിടെ പ്രേക്ഷകർക്ക് അവരുടെ തന്നെ അനുഭവങ്ങളുടെ പ്രതിധ്വനിയായി മാറുകയും ചെയ്യുന്നു.
മറ്റൊരവസരത്തിൽ, മുൻ വിദ്യാർത്ഥിയായ ഫാബിയൻ ജീവിതം എങ്ങനെ മുന്നോട്ട് പോവുന്നുവെന്ന് ചോദിക്കുമ്പോൾ നതാലി പറയുന്ന മറുപടി ഇങ്ങനെയാണ്: “ഇത് അത്ര ഗൗരവമായ കാര്യമൊന്നുമല്ല, എൻെറ ജീവിതം അവസാനിച്ചിട്ടില്ല. എൻെറ ഉള്ളിൻെറ ഉള്ളിൽ ഞാൻ എല്ലാത്തിനും തയ്യാറെടുത്തിരുന്നു. ബൗദ്ധികമായി ചിന്തിക്കുവാൻ സാധിക്കുന്നുവെന്ന കാര്യത്തിൽ എനിക്ക് വലിയ അഭിമാനമുണ്ട്,” സീൻ അവസാനിച്ചതിന് ശേഷവും ഈ സംഭാഷണം പ്രേക്ഷകരുടെ മനസ്സിൽ മുഴങ്ങിക്കൊണ്ടേയിരിക്കും. വാക്കുകളും എഴുത്തും ദൃശ്യങ്ങളും ‘തിങ്സ് ടു കം’ എന്ന ചിത്രത്തിൻെറ ദർശനത്തെ കൂടുതൽ ആഴമുള്ളതാക്കുന്നു.
ഭർത്താവുമായുള്ള വേർപിരിയലിന് ശേഷം നതാലി വീട്ടിൽ മടങ്ങിയെത്തുന്നതാണ് ചിത്രത്തിലെ ഏറ്റവും ശക്തവും ലളിതവും മനോഹരമായ സീനുകളിലൊന്ന്. ഹെയ്ൻസിൻെറ സാന്നിധ്യമില്ലാത്ത വീട്ടിലേക്ക് നതാലി എത്തുന്നു. ഒരുകാലത്ത് അവരുടെ വീട്ടിലെ ഏറ്റവും വൈബ്രൻറായിരുന്ന, എല്ലാവരും ഉപയോഗിച്ചിരുന്ന ബുക്ക് ഷെൽഫിൻെറ രൂപം തന്നെ ആകെ മാറിയ നിലയിലാവുന്നു. നതാലിയുടെ ധൈഷണികചിന്തകൾക്ക് ഏറ്റവും വലിയ പിന്തുണ നൽകിയ ഇടമായിരുന്നു അത്. ഗംഭീരമായ സാഹിത്യപുസ്തകങ്ങൾ കൊണ്ട് നിറഞ്ഞ് കവിഞ്ഞിരുന്ന, നതാലി എപ്പോഴും വൃത്തിയാക്കി അടുക്കും ചിട്ടയുമാക്കി വെച്ചിരുന്ന പുസ്തകഷെൽഫിൽ വലിയ വിടവുകൾ ഉണ്ടായത് പോലെ തോന്നുന്നു. ഒരു വ്യക്തിയുടെ ശാരീരിക സാന്നിധ്യം ഇല്ലാതായി എന്നതിൻെറ ശൂന്യതയിലപ്പുറം പ്രതീകാത്മക രംഗമായി അത് മാറുന്നു. നഷ്ടപ്പെട്ടിരിക്കുന്ന പുസ്തകങ്ങൾ, വിലമതിക്കാനാവാത്ത ഒരു പുസ്തകമടക്കം (ലെവിനാസ് (Levinas), അവളുടെ കയ്യെഴുത്ത് കുറിപ്പോട് കൂടിയത്) പങ്കാളി ഇല്ലാതായി എന്ന് മാത്രമല്ല സൂചിപ്പിക്കുന്നത്, അവരുടെ ജീവിതത്തിൻെറ അടുക്കും ചിട്ടയും ക്രമവുമെല്ലാം നഷ്ടമായിരിക്കുന്നു എന്നത് കൂടിയാണ്. നേരത്തെ ബുക്ക് ഷെൽഫിനടക്കം ഉണ്ടായിരുന്ന അടുക്കും ചിട്ടയും, നതാലിയുടെ സമാധാനപൂർണമായ സന്തോഷമുള്ള ജീവിതത്തിൻെറ സൂചന കൂടിയായിരുന്നു. എന്നാൽ ഇപ്പോഴത്തെ അടുക്കും ചിട്ടയും ഇല്ലായ്മ, അവളുടെ ആന്തരിക ജീവിതം തകർന്നുതുടങ്ങിയെന്നതിൻെറ ക്രമരഹിതമായ അവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്.

ഫ്രാൻസിലെ ഒരു പ്രാന്തപ്രദേശത്ത് ഫാബിയൻെറ നേതൃത്വത്തിൽ നടക്കുന്ന എഴുത്തുകാരുടെ ഒരു കൂട്ടായ്മയിൽ നതാലി പങ്കെടുക്കുന്നു. ഒരു മേശയ്ക്ക് ചുറ്റും അരാജകവാദികളായ ഒരുകൂട്ടം യുവാക്കൾ കൂടിയിരുന്ന് സംസാരിക്കുമ്പോൾ ആഴത്തിലുള്ള ഒരു ആത്മപരിശോധന കൂടി അവിടെ സംഭവിക്കുന്നു. എഴുത്തിൻെറ യഥാർത്ഥ ഉടമ ആരാണെന്നതിനെ പറ്റിയാണ് അവിടെ ഗഹനമായ ചർച്ചകൾ നടന്നത്. നിലവിലുള്ളതിന് ബദൽ എന്താണെന്നും അവർ ആലോചിക്കുന്നുണ്ടായിരുന്നു. യാഥാർത്ഥ്യത്തെ മാറ്റിമറിച്ച് പുതിയതൊന്ന് സൃഷ്ടിക്കാനുള്ള യുവാക്കളുടെ പ്രതിബദ്ധതയും അഭിവാഞ്ഛയും നിലവിലുള്ളതിനെ മാറ്റിമറിക്കാനുള്ള താൽപര്യവുമെല്ലാം നതാലിയുടെ ഉള്ളിൻെറ ഉള്ളിലെ യുവതിയെ ഉണർത്തുന്നു. എന്നാൽ, ഫാബിയൻ ബൂർഷ്വാസിയെന്ന് വിളിച്ച് പരിഹസിക്കുന്നതോടെ വിപ്ലവകരമായ ചിന്തകളിൽ നിന്ന് അവൾ പെട്ടെന്ന് തന്നെ പിന്നോട്ട് വലിയുന്നു. അതിനോട് അവൾ പ്രതികരിക്കുന്നത് ഇങ്ങനെയാണ്: “ഞാൻ ഇവിടെ വിപ്ലവം ഉണ്ടാക്കാൻ വന്നിട്ടുള്ളതല്ല. എനിക്കറിയാം, കുട്ടികൾ എങ്ങനെ ചിന്തിക്കണമെന്ന് പഠിപ്പിക്കാൻ മാത്രമേ എനിക്ക് സാധിക്കുകയുള്ളൂവെന്ന്…” ഫാബിയനുമായി ഇടഞ്ഞ് സംസാരിക്കേണ്ടി വന്നതിൽ അതൃപ്തയായ പിറ്റേന്ന് രാവിലെ തന്നെ പാരീസിലേക്ക് പോവുന്നു. ഈ ദൃശ്യങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയുമെല്ലാം, നതാലി എങ്ങനെയാണ് ചുറ്റുമുള്ള കാര്യങ്ങളാൽ സ്വാധീനിക്കപ്പെടുന്നതെന്ന് വെളിപ്പെടുത്തുകയാണ് സംവിധായക ഹാൻസെൻ ലവ് ചെയ്യുന്നത്. തത്വചിന്തകൾ ഇഷ്ടപ്പെടുന്ന ഒരാളെ സംബന്ധിച്ചിടത്തോളം ഈ സിനിമ, ജീവിതാനുഭവങ്ങളുടെയും സിദ്ധാന്തങ്ങളുടെയും ഒരു പര്യവേക്ഷണകേന്ദ്രമായി മാറുന്നു.
ഇതിന് മുമ്പ്, കുടുംബം ഒന്നിച്ച് അത്താഴം കഴിക്കുന്നതിനിടയിലുള്ള നിരുപദ്രവകരമായ ഒരു സംഭവം നതാലിയുടെ ബൗദ്ധിക വികാസത്തെ വ്യക്തമാക്കുന്നു. മുമ്പ് കമ്മ്യൂണിസ്റ്റ് ആയിരുന്ന ഒരു കാലത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അവൾ കുട്ടികളോട് ഇങ്ങനെ പറയുന്നുണ്ട്: “എൻെറ ചുറ്റുപാടുമുണ്ടായിരുന്ന സ്റ്റാലിനിസ്റ്റുകളിൽ നിന്ന് വ്യത്യസ്തമായി ഞാൻ ഞാൻ സോൾഷെനിത്സനെ വായിച്ചിരുന്നു. കഥ തീർന്നു.” വളരെ വിനയത്തോടെ നതാലി പറഞ്ഞ ഈ വാക്കുകൾ യഥാർത്ഥത്തിൽ, ചിലത് പൂർണ അർത്ഥത്തിൽ ബോധ്യപ്പെടുന്നതിന് വേണ്ടിയായിരുന്നു. അതിൽ ചരിത്രവും നതാലിയുടെ വ്യക്തിത്വവുമെല്ലാം ഉൾച്ചേർന്നിരുന്നു. അവളുടെ ബൗദ്ധികചിന്തയുടെ ആഴം എന്തെന്ന് വ്യക്തമാക്കുന്നതിന് തിരക്കഥയിൽ നടത്തിയ വളരെ കൃത്യമായ ഒരു സംഭാഷണമായിരുന്നു ഇത്. നതാലിയെന്ന സ്ത്രീയുടെ ധൈഷണികലോകം എത്രത്തോളം ആഴമുള്ളതാണെന്ന് വ്യക്തമാക്കിയ രംഗം. സോൾഷെനിത്സെൻറെ 1973-ൽ പുറത്തിറങ്ങിയ ‘The Gulag Archipelago’ എന്ന പുസ്തകത്തെക്കുറിച്ചുള്ള പരാമർശവും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. സോവിയറ്റ് യൂണിയനെക്കുറിച്ചുള്ള പലരുടെയും ചിന്തയെ അപ്പാടെ പിടിച്ചുലച്ച പുസ്തകമായിരുന്നു അത്.
ക്ലാസിക്കൽ കോംപോസിഷനുകൾ മുതൽ പോപ്പുലർ സംഗീതം വരെ ഉപയോഗപ്പെടുത്തി ഹാൻസെൻ ലവ് വളരെ യുക്തിഭദ്രമായി സംഗീതം ഉപയോഗിച്ചിരിക്കുന്നത് ചിത്രത്തിൻെറ വൈകാരികമായ ആഴം വർധിപ്പിക്കുന്നുണ്ട്. നന്നായി ചിന്തിച്ച് കൊണ്ടുതന്നെയാണ് ചിത്രത്തിലുടീളം വളരെ വ്യത്യസ്തമായ ട്രാക്കുകൾ ഉപയോഗിച്ചിരിക്കുന്നത്. പ്രത്യേകിച്ച്, പ്രമേയവുമായി ഏറെ ചേർന്നുനിൽക്കുന്ന വൂഡി ഗുത്രീയുടെ (Woody Guthrie) ഈണമടക്കം. സിനിമയുടെ അവസാന ഭാഗത്ത് നതാലി ഫാബിയനെ കണ്ടുമുട്ടുമ്പോൾ അവതരിപ്പിക്കുന്ന ഡോണോവന്റെ "ഡീപ് പീസ്", എന്ന ട്രാക്ക് അവരുടെ ബന്ധത്തിൻെറ സങ്കീർണതയെ വ്യക്തമായ വെളിപ്പെടുത്താതെ, അതിൻെറ സൂക്ഷ്മതലങ്ങളെ അവതരിപ്പിക്കുന്നതിന് സഹായിക്കുകയാണ് ചെയ്യുന്നത്. "Unchained Melody" എന്ന ഗംഭീരമായ കവർ, സിനിമയുടെ അവസാനഘട്ടത്തെ കൂടുതൽ ഭാവതീവ്രമാക്കുന്നുണ്ട്.
പുസ്തകങ്ങളിലൂടെ, ദൃശ്യ സൂചനകളിലൂടെ, കൃത്യമായി തെരഞ്ഞെടുത്ത സംഭാഷണങ്ങളിലൂടെ ഹാൻസൻ ലവ് നതാലിയുടെ ഒരു ലോകം പ്രേക്ഷകർക്കായി തുറന്നുവെക്കുകയാണ്. ധൈഷണികമായ അന്തരീക്ഷം നതാലിയുടെ മനസ്സിനെ വളരെ പ്രതീകാത്മകമായി കാണിക്കുന്നു. തിങ്സ് ടു കം എന്ന ചിത്രത്തിലൂടെ, നതാലിയുടെ കഥാപാത്രത്തിലൂടെ ചിത്രം തുറന്നിടുന്നത് ധൈഷണികതയോടുള്ള വല്ലാത്ത ആഭിമുഖ്യത്തിൻെറയും ജീവിതത്തോടുള്ള അടങ്ങാത്ത സ്നേഹത്തിൻെറയും വ്യത്യസ്ത തലങ്ങളാണ്. അന്തിമമായി ചിത്രം ഉന്നയിക്കുന്നത് ഒരു ചോദ്യമാണ്. ജീവിതത്തിൻെറ പ്രവചനാതീതമായ കയറ്റിറക്കങ്ങളിൽ നിന്ന് നമ്മെ രക്ഷിക്കാൻ ബൗദ്ധികചിന്ത കൊണ്ട് സാധിക്കുമോ? അതല്ല, സമയത്തിൻെറ കുത്തൊഴുക്കിൽ മനുഷ്യാസ്തിത്വത്തിൻെറ അടിസ്ഥാനപരമായ യാഥാർത്ഥ്യങ്ങളിലേക്ക് നമ്മൾ മടങ്ങിപോവേണ്ടി വരുമോ?