മൈക്കിൾ, മൈക്കിൾ ജാക്സന്റെ ഹാജിയോഗ്രാഫി (hagiography) സിനിമ ലോകം മുഴുവൻ സ്വീകരിച്ചു കഴിഞ്ഞു (Michael). സമ്മിശ്ര പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംവിധാനവും സ്ക്രിപ്റ്റും ബിഗ് ഷോട്ടുകളാണ് ചെയ്തിരിക്കുന്നത്. അന്റോയിൻ ഫുക്കുവയാണ് (Antoine Fuqua) ഡയറക്ടർ. നിരവധി സിനിമാ ഹിറ്റുകൾ, ഡോക്യുമെന്ററികൾ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ജോൺ ഡേവിഡ് ലോഗനെ (John Logan) ഗ്ലാഡിയേറ്റർ, ജയിംസ് ബോണ്ട്, ഏവിയേറ്റർ സിനിമകളുടെ ആരാധകർക്ക് പെട്ടന്ന് പിടികിട്ടും.
പ്രേക്ഷകർ 97% റേറ്റിംഗ് കൊടുത്ത സിനിമ ക്രിറ്റിക് റേറ്റിംഗിൽ 38% ശതമാനത്തിൽ ഇടറിനില്ക്കുകയാണ്. ഇതിനകം സിനിമ ബോക്സാഫീസിൽ കേറി അടിച്ചുതകർത്തിട്ടുണ്ട്.
ജാക്സൺ കുടുംബത്തിന്റെ അഭിമാന കൊടിയടയാളമായി മൈക്കിളിനെ വളർത്തിയെടുക്കാനുള്ള പാട്രിയാർക്കി അച്ഛൻ ജോസഫ് ജാക്സന്റെ (കോൾമാൻ ഡൊമിംഗോ) പീഢനങ്ങൾക്കിരയാകുന്ന കുഞ്ഞു മൈക്കിൾ. സിനിമയിലുടനീളം നല്ല ഉണ്ണിയായ ചിത്രകഥ ഹീറോ മൈക്കിൾ ജാക്സനെയാണ് കാണാനാവുക. അതുകൊണ്ട് ഈ സിനിമയെ ബയോപിക് (Biopic) എന്നതിനെക്കാളും ഹജിയോഗ്രാഫി (hagiography) എന്ന ഗണത്തിൽപെടുത്തുകയാണ്.
അദ്ദേഹം മൃഗങ്ങളെ വളർത്തുന്നു - ജിറാഫ്, മലമ്പാമ്പ്, എട്ടുകാലി, ചിമ്പാൻസി etc. ടൂർ ബസ്, ബിൽബോഡ്, കോർപറേറ്റ് എക്സ്ക്യൂട്ടീവ് ഓഫീസ് എന്നിങ്ങനെ കാസിനോ മൊൺടാഷുകൾ ചേർത്തു വച്ച സ്ഥിരം ക്ലീഷേ കാഴ്ചാനുഭവം. ഇദ്ദേഹത്തിന്റെ സർഗ്ഗസൃഷ്ടികളുടെ ആവിഷ്കാരങ്ങൾ, ത്രില്ലർ ആൽബം പുനർനിർമ്മിക്കുന്നതിലെ സൂക്ഷ്മതയും കോപ്പും രസികരുടെ രോമാഞ്ചം കിളിർപ്പിക്കുന്നതല്ല. ഒരു ലജൻഡിനു ചേർന്ന സിനിമ എന്നു പറയാനാവില്ല.
1966 മുതൽ 1988 ലെ ‘ബാഡ് ടൂർ’ വരെയുള്ള കാലയളവിൽ അവസാനിക്കുന്ന സിനിമ മൈക്കിളിന്റെ വിവാദ ലൈംഗികാപവാദങ്ങള സാനിറ്റൈസ് ചെയ്ത് നിർമ്മലീകരിച്ച് അവതരിപ്പിക്കുന്നു എന്നതാണ് വിമർശകർ ഉന്നയിക്കുന്ന പ്രധാന പ്രശ്നം. മൈക്കിളിന് വിശുദ്ധപദം നൽകുമ്പോൾ "Let it be shine unto the world" എന്ന സ്ലോഗൻ കൂടി എഴുതിചേർക്കാൻ സംവിധായകനും തിരക്കഥാകൃത്തും മറക്കുന്നില്ല. സിനിമ അവസാനിക്കുന്നത് His story Continues… എന്ന് എഴുതിക്കാണിച്ചാണ്. ഏതാണ്ട് ജെയിംസ് ബോണ്ട് സിനിമകൾ അവസാനിക്കുന്നതുപോലെ. ഒരു രണ്ടാം ഭാഗം പ്രതീക്ഷിക്കാം. അതിൽ പീഡിഫൈലായ മൈക്കിളിനെ യാഥാർത്ഥ്യത്തിൽ വെള്ളം ചേർക്കാതെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

സിനിമയുടെ വിജയകാരണങ്ങൾ പലതാണ്. പോപ് കിംഗിന്റെ നല്ല ഉണ്ണി അവതരണം. ജഫാർ ജാക്ക്സന്റെ (മൈക്കിളിന്റെ ബ്രദർ ജറിമിൻ ജാക്സന്റെ മകൻ) മൈക്കിൾ ജാക്സനുമായുള്ള സാദൃശ്യം ആരാധകരെ ഫാന്റസിയിലേക്കുകൊണ്ടു പോകുന്ന രീതിയിൽ ശക്തമാണ്. മൈക്കിളിന്റെ കുട്ടിക്കാലം അവതരിപ്പിച്ച ജൂലിയാനോ വാൽഡി സമാനതകളില്ലാതെ മൈക്കിളിന്റെ കുട്ടിക്കാലം അഭിനയിച്ചിട്ടുണ്ട്.
മൈക്കിൾ 1988- ൽ ജാക്സൺ -5 നോടൊത്തുള്ള അവസാനത്തെ ടൂർ പെർഫോർമൻസ് വെമ്പിളി സ്റ്റേഡിയത്തിൽ അവസാനിക്കുന്നതായി പ്രഖ്യാപിച്ച് സിനിമ അവസാനിക്കുന്നു. മൈക്കിൾ ജാക്സന്റെ സഹോദരിയും സഹോദരന്മാരും പൂർണ്ണമായും മ്യൂട്ടാണ് (Mute). എക്പ്രഷൻ വാരിവിതറുന്നുമില്ല. നിസ്സംഗം, നിശ്ശബ്ദം.
അച്ഛൻ ജോയിൽ നിന്ന് മൈക്കിളിനെ സുരക്ഷിതനാക്കാൻ അമ്മ കാതറിന് (നിയ ലോംഗ്) സാധിക്കുന്നില്ല. കുടുംബകഥയിൽനിന്ന് കയറി നമ്മൾ പ്രതീക്ഷിച്ച മൈക്കിൾ ജാക്സന്റെ ജീവിതത്തിലേക്കും ലഗസിയിലേക്കും വളർന്നുപരക്കാൻ ജോൺ ലോഗന്റെ ദുർബലമായ തിരക്കഥക്ക് കെല്പുണ്ടായില്ല.
സിനിമാറ്റോഗ്രാഫി ഡയാൺ ബീബ്. സംഗീതം ലയാർ റോസ്നർ. എഡിറ്റർമാർ ജോൺ ഓട്ട് മാൻ, ഹാരി യൂൻ, കോൺറാഡ് ബഫ് IV, ടോം ക്രോസ്.
സിനിമ മൈക്കിൾ ജാക്സന്റെ ഇമേജിനെ പുനരധിവസിപ്പിക്കുന്ന ദൗത്യമാണ് ഏറ്റെടു ത്തതെന്ന ആരോപണം ശക്തമാണ്. ആരാധകർ അവരുടെ പോപ് കിംഗിനെ സ്ക്രീനിൽ കൺനിറഞ്ഞുകണ്ട് ആനന്ദനിർവൃതിയിൽ ആറാടുന്നുമുണ്ട്.
