ദ്വയാർത്ഥ പ്രയോഗമല്ല തമാശ, പരിഹസിച്ചുകൊണ്ടല്ല ചിരിപ്പിക്കേണ്ടത് - ദേവരാജൻ പറയുന്നു

മിമിക്രിയിലൂടെയും സ്കിറ്റിലൂടെയും മലയാളികളെ രസിപ്പിച്ച ദേവരാജൻ ഇന്ന് സിനിമയിലും സജീവമാണ്. കാലിക്കറ്റ് വി ഫോർ യു എന്ന കോമഡി ട്രൂപ്പിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ആളുകളെ ചിരിപ്പിക്കാൻ ദ്വയാർത്ഥ തമാശകൾ പറയേണ്ടതില്ലെന്നും നിറത്തെയും രൂപത്തെയുമൊക്കെ അധിക്ഷേപിക്കുന്നതാവരുത് സ്കിറ്റെന്നും ദേവരാജൻ പറയുന്നു. ട്രൂകോപ്പി പോഡ്കാസ്റ്റ് എഡിറ്റർ പ്രിയ വി.പിയോട് സംസാരിച്ചതിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ.

മിമിക്രിയിലേക്ക് വന്ന വഴി

ഡിഗ്രി പഠനം പൂർത്തിയാക്കാൻ കാത്തുനിൽക്കാതെ മിമിക്രിലേക്ക് കടന്നുവന്ന ഞാൻ വർഷങ്ങളായി ഈ മേഖലയിലുണ്ട്. 15 സിനിമകളിലാണ് ഇതുവരെ അഭിനയിച്ചത്. ഇപ്പോൾ ഞാൻ പുറത്തിറങ്ങുമ്പോൾ ആളുകൾ തിരിച്ചറിയുകയും വന്ന് സംസാരിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. അത് വലിയ സന്തോഷമുള്ള കാര്യമാണ്. പത്ത് പന്ത്രണ്ട് വർഷം മുൻപ് ചെയ്ത മിമിക്രികളും സ്കിറ്റുകളും ജനങ്ങൾ ഓർമ്മിക്കുന്നതുകൊണ്ടുതന്നെയാണ് അതെന്നാണ് കരുതുന്നത്.

കോവിഡ് കാലത്ത് മിമിക്സ് പരേഡ് വേദികൾക്കുണ്ടായ തകർച്ച വളരെ വലുതാണ്. അതുവരെ മിമിക്സ് പരേഡും കോമഡി ഷോകളുമായിരുന്നു എന്നെപോലുള്ളവരുടെ പ്രധാനപ്പെട്ട വരുമാന മാർഗം. സ്റ്റേജുകൾ തന്നെയായിരുന്നു ഞങ്ങളുടെ ജീവിതം. കോവിഡിന് ശേഷവും ഗാനമേള, നാടൻപാട്ട്, മ്യൂസിക് ബാന്റുകൾ തുടങ്ങിയവയ്ക്കെല്ലാം കൂടുതൽ സ്റ്റേജുകൾ കിട്ടിയെങ്കിലും കോമഡി ഷോകളുടെ എണ്ണത്തിൽ വലിയ കുറവ് വന്നിട്ടുണ്ട്. നാലോ അഞ്ചോ പേരുള്ള ഗ്രൂപ്പുകളായി കോമഡി ഷോകൾ അവതരിപ്പിക്കുന്ന രീതിയ്ക്കും മാറ്റം വന്നു. ഇപ്പോൾ വൺ മാൻ ഷോ ആയിട്ടോ സ്റ്റാൻഡ് അപ്പ് കോമഡി ആയിട്ടോ ഒന്നോ രണ്ടോ ആളുകൾ ചേർന്ന് നടത്തുന്ന പരിപാടിയായിട്ടോ ഒക്കെ അവ മാറി. ട്രൂപ്പ് സംവിധാനത്തിൽ വലിയ പ്രതിസന്ധി നേരിട്ട ഒരു കാലഘട്ടം കൂടിയാണിത്. നേരത്തെ തിരക്കുള്ള സമയത്ത് ഒരു മാസം 30-ൽ കൂടുതൽ സ്റ്റേജ് പരിപാടികൾ വരെയൊക്കെ കിട്ടിയ സമയമുണ്ട്. എന്നാൽ, കേരളം രണ്ട് പ്രളയവും കോവിഡുമെല്ലാം അതിജീവിച്ചതിന് ശേഷമുള്ള ഈ പുതിയ കാലത്ത് പരിപാടികൾ വളരെ കുറഞ്ഞിരിക്കുന്നു.

പുതുമ എന്ന ആസ്വാദന ഘടകം

എല്ലായ്പ്പോഴും പുതുമ കൊണ്ടുവരിക എന്നതാണ് സ്റ്റേജ് പരിപാടികളുടെയും മിമിക്രിയുടെയുമൊക്കെ അടിത്തറ. അതിൽ ‘അപ്ഡേഷൻ’ ഇല്ലാത്തത് വലിയൊരു പ്രശ്നമാണ്. ഇന്നത്തെ പത്താം ക്ലാസ് കുട്ടികൾ ചിന്തിക്കുന്നത് പഴയ കാലത്തെ പോലെയല്ല. അതിൽ വളരെയധികം മാറ്റം സംഭവിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി എന്നെപോലെയുള്ള കലാകാരരും സ്കിറ്റുകളിൽ പുതുമ കൊണ്ടുവരേണ്ടിവരും.

മഹേഷ് കുഞ്ഞുമോൻ
മഹേഷ് കുഞ്ഞുമോൻ

പുതുമ തീരുമാനിക്കുന്നതിൽ സോഷ്യൽ മീഡിയ വഹിക്കുന്ന പങ്കും വലുതാണ്. എല്ലാവരും നിരൂപകരും വിമർശകരുമായി തീരുന്നതിന് സോഷ്യൽ മീഡിയ വലിയ പങ്ക് വഹിക്കുന്നുണ്ട്. അവതരിപ്പിച്ച സ്കിറ്റുകൾ വൈറൽ ആയാൽ പിന്നീട് അത് മറ്റൊരു സ്ഥലത്ത് അവതരിപ്പിക്കാൻ പറ്റില്ല. അതിന്റെ പുതുമ നഷ്ടപ്പെട്ടിട്ടുണ്ടാകും. ഈയടുത്ത് മിമിക്രി മേഖലയിൽ കടന്നുവന്ന വ്യക്തിയാണ് മഹേഷ് കുഞ്ഞുമോൻ. മഹേഷ് പ്രേക്ഷകർക്ക് പ്രിയപ്പെട്ട കലാകാരനായി മാറാനുള്ള കാരണം, അയാൾ കൊണ്ടുവരുന്ന പുതുമ തന്നെയാണ്. അയാൾ മറ്റൊന്നും ചിന്തിക്കുന്നില്ല. അയാളുടെ ചിന്ത എങ്ങനെയെല്ലാം പുതുമ കൊണ്ട് വരണമെന്നുള്ളത് മാത്രമാണ്. എല്ലാ മിമിക്രിക്കാരും അങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ ഈ മേഖലയിൽ വലിയ മാറ്റം ഉണ്ടാവുമായിരുന്നു.

ഒരു കാലത്ത് വലിയ പ്രചാരം കിട്ടിയ മിമിക്രിയുടെ സ്ഥാനം ഗാനമേളയുടെ ഇടയിലായി ഒതുങ്ങിപ്പോയി. ഇപ്പോൾ ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമുള്ള ഒന്നര മിനിറ്റിന്റെ റീലുകളാണ് പ്രേക്ഷകരെ കൂടുതൽ സ്വാധീനിക്കുന്നത്. ഉള്ളടക്കത്തിനുള്ളിൽ പരസ്യം കൊണ്ടുവരുന്ന രീതി വന്നു. ഒരു വീഡിയോ ശ്രദ്ധയിൽപ്പെട്ടാൽ എല്ലാവരും ആദ്യം നോക്കുക വീഡിയോയുടെ ദൈർഘ്യം തന്നെയാണ്. പതിനഞ്ച് മിനിറ്റിൽ കൂടുതലാണെങ്കിൽ പിന്നെ കാണാം എന്ന രീതിയിൽ വീഡിയോ മാറ്റി വയ്ക്കും. ഈ അവസ്ഥ തന്നെയാണ് സ്റ്റേജ് പരിപാടിയുടെ കാര്യത്തിലുമുള്ളത്. 15 മിനിറ്റിന് മുകളിൽ ദൈർഘ്യമുള്ള സ്റ്റേജ് പരിപാടി 5 മിനിറ്റിൽ ഒതുക്കേണ്ടി വരുന്നതും അതുകൊണ്ട് തന്നെയാണ്.

ദ്വയാർത്ഥ തമാശകൾ ഇല്ലാത്ത ഹാസ്യം

ഞാനോ എന്റെ ട്രൂപ്പോ അവതരിപ്പിച്ച സ്കിറ്റുകളിൽ ഒന്നുപോലും കുടുംബങ്ങൾക്ക് ഒന്നിച്ചിരുന്ന് കാണാൻ പറ്റാത്തതാണെന്ന് ഇതുവരെ തോന്നിട്ടില്ല. എന്റെ കലാജീവിതത്തിൽ വലിയ ഒരു പങ്ക് കൂടെയുണ്ടായത് വിനോദ് കോവൂരാണ്. ഒരാളെ ചിരിപ്പിക്കാൻ ലൈംഗിക തമാശകൾ പറയേണ്ട ആവശ്യമില്ലെന്ന് വിനോദേട്ടൻ ഇടയ്ക്കിടെ പറയുന്ന കാര്യമാണ്. ഒരാളുടെ ഭിന്നശേഷിയെ, രൂപത്തെ, നിറത്തെയൊന്നും അധിക്ഷേപിച്ച് ഹാസ്യം ഉണ്ടാക്കേണ്ട ആവശ്യം ഇല്ലെന്ന് അടുത്തിടെ അന്തരിച്ച സംവിധായകൻ സിദ്ധിഖ് പറഞ്ഞു തന്നിട്ടുണ്ട്. ഹാസ്യം ഉണ്ടാക്കുന്നത് മറ്റൊരാളെ വേദനിപ്പിച്ച് കൊണ്ടാവരുത്. ചിലരുടെ സ്കിറ്റുകളിൽ ദ്വയാർത്ഥ തമാശകൾ നിരന്തരം കടന്നുവരും. എന്നാൽ അങ്ങനെയല്ലാത്ത ഹാസ്യം ആസ്വദിക്കുന്ന നിരവധി പേരുണ്ട്.

എല്ലായ്പ്പോഴും പുതുമ കൊണ്ടുവരിക എന്നതാണ് സ്റ്റേജ് പരിപാടികളുടെയും മിമിക്രിയുടെയുമൊക്കെ അടിത്തറ. പുതുമ തീരുമാനിക്കുന്നതിൽ സോഷ്യൽ മീഡിയ വഹിക്കുന്ന പങ്കും വലുതാണ്.
എല്ലായ്പ്പോഴും പുതുമ കൊണ്ടുവരിക എന്നതാണ് സ്റ്റേജ് പരിപാടികളുടെയും മിമിക്രിയുടെയുമൊക്കെ അടിത്തറ. പുതുമ തീരുമാനിക്കുന്നതിൽ സോഷ്യൽ മീഡിയ വഹിക്കുന്ന പങ്കും വലുതാണ്.

ഞങ്ങൾ അവതരിപ്പിക്കുന്ന സ്കിറ്റുകളിലെ മുഴുവൻ ഉള്ളടക്കവും ഞാനോ കൂടെയുള്ളവരോ ഒറ്റയ്ക്ക് ഉണ്ടാക്കുന്നതല്ല. ഒരുമിച്ചിരുന്ന് ഉള്ളടക്കത്തെ പറ്റി സംസാരിക്കുമ്പോൾ ഓരോന്ന് ഓരോന്നായി പുറത്ത് വരും. അതൊരു ടീം വർക്ക് തന്നെയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

സിനിമയിലേക്ക് എത്തുന്നത്

ആദ്യം ചെയ്ത സിനിമ വി.എം. അനിലിന്റെ ‘ഒൻപതാം വളവിനപ്പുറം’ ആണ്. 25 ദിവസത്തെ ഷൂട്ടിങ് ആണെന്നും സാമ്പത്തികമായി ഒന്നും ചോദിക്കരുതെന്നും തുടക്കത്തിൽ തന്നെ അറിയിച്ചുകൊണ്ടായിരുന്നു ആദ്യ സിനിമക്ക് ക്ഷണം വന്നത്. 25 ദിവസം മറ്റൊരു പണിയും ചെയ്യാതെ വിട്ടുനിൽക്കുക എന്നത് എന്നെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടായിരുന്നു. വളരെ ചെറിയ വേഷമായിരുന്നു. ആ സിനിമ സാമ്പത്തികമായി വലിയ നേട്ടവും ഉണ്ടാക്കിയില്ല.

സിനിമയിൽ അഭിനയിക്കുക എന്നത് കൊണ്ട് മാത്രമായില്ല, അത് പുറത്തിറങ്ങുമ്പോഴേ സന്തോഷം തോന്നുകയുള്ളൂ. നമ്മള് അഭിനയിച്ച ഭാഗം അതിലുണ്ടാവുക എന്നത് വലിയ കാര്യമാണ്.
സിനിമയിൽ അഭിനയിക്കുക എന്നത് കൊണ്ട് മാത്രമായില്ല, അത് പുറത്തിറങ്ങുമ്പോഴേ സന്തോഷം തോന്നുകയുള്ളൂ. നമ്മള് അഭിനയിച്ച ഭാഗം അതിലുണ്ടാവുക എന്നത് വലിയ കാര്യമാണ്.

ഇന്ദ്രൻസ് മുഖ്യവേഷത്തിൽ അഭിനയിച്ച ‘മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’ ആയിരുന്നു രണ്ടാമത്തെ സിനിമ. അതിൽ ഷഹബാസ് അമൻ പാടിയ ഒരു പാട്ടിൽ മാത്രമായിരുന്നു എനിക്ക് അഭിനയിക്കാനുള്ളത്. കോവിഡ് കാലത്ത് ചിത്രീകരിച്ച ‘സൊറോ’ ആയിരുന്നു അടുത്ത സിനിമ. രഘു ചാലിയാർ ആയിരുന്നു സംവിധാനം. തമിഴ് നടൻ തലെവാസൽ വിജയുടെ കൂടെ മുഴുനീള വേഷമായിരുന്നു അതിൽ. ആദ്യ കോപ്പി തയ്യാറായിട്ടും സാങ്കേതിക കാരണങ്ങളാൽ ആ സിനിമ പുറത്തിറങ്ങിയില്ല. സാമൂഹിക പ്രതിബദ്ധതയുള്ള വിഷയം കൈകാര്യം ചെയ്യുന്ന ആ സിനിമ ഇറങ്ങാതെ പോയതിൽ ഇപ്പോഴും നല്ല സങ്കടമുണ്ട്.

ഇനി വരാനുള്ള സിനിമ കാസർഗോഡ് നാടകക്കാരുടെ കൂട്ടായ്മയിൽ ഒരുങ്ങുന്ന തെയ്യം പശ്ചാത്തലമായ ‘ഹസ്തന ഉദയ’യാണ്. 1970-ൽ നടക്കുന്ന കഥയാണത്. വില്ലൻ സ്വഭാവമുള്ള മുഴുനീള വേഷമാണതിൽ. 15 സിനിമയാണ് ഇതുവരെ ആകെ ചെയ്തത്. അതിൽ അവസാന സിനിമ ‘പ്രാവിൻകൂട് ഷാപ്പ്’ എന്ന സിനിമയാണ്. സിനിമയിൽ അഭിനയിക്കുക എന്നത് കൊണ്ട് മാത്രമായില്ല, അത് പുറത്തിറങ്ങുമ്പോഴേ സന്തോഷം തോന്നുകയുള്ളൂ. നമ്മള് അഭിനയിച്ച ഭാഗം അതിലുണ്ടാവുക എന്നത് വലിയ കാര്യമാണ്.

സിനിമാ മേഖലയിലെ ചൂഷണം

വളരെ കുറച്ചു സിനിമകൾ ചെയ്ത ഒരാളെന്ന നിലയ്ക്ക്, സിനിമയിലെ ചൂഷണങ്ങളെക്കുറിച്ച് എനിക്ക് കൂടുതൽ പറയാനറിയില്ല. ചൂഷണമുള്ളതായി നിരവധി അനുഭവങ്ങൾ കേട്ടിട്ടുണ്ട്. ചൂഷണമുണ്ടാവുമ്പോൾ അത് ചോദ്യം ചെയ്യണം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായി ഞാൻ ആരോടൊപ്പമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിൻെറ വരുംവരായ്കകളൊന്നും നോക്കിയിട്ടില്ല. നമുക്ക് ചില നിലപാടുകൾ ഉണ്ടാവണമെന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ് ഞാൻ. സോഷ്യൽ മീഡിയയിൽ പോസ്റ്റുകളൊക്കെ കാണുമ്പോൾ എന്നെ വിളിച്ച് നിരവധി ആൾക്കാർ അങ്ങനെ പറയാൻ പാടുണ്ടോ എന്നൊക്കെ ചോദിച്ചിട്ടുണ്ട്. കുറേ സിനിമകൾ ഒക്കെ ചെയ്യേണ്ടതല്ലേ, ഒന്ന് ശ്രദ്ധിക്കണം എന്നൊക്കെ ഉപദേശിക്കും. അപ്പോഴും എന്റെ നിലപാട് അവരോടും പറയാറാണ് പതിവ്. ചൂഷണം സിനിമയിൽ മാത്രമല്ല, എല്ലാ മേഖലയിലും സംഭവിക്കുന്നുണ്ടെന്നൊക്കെ പലരും പറയും. പക്ഷേ, സിനിമ എല്ലാവരും വലിയ താൽപര്യത്തോടെ നോക്കുന്ന മേഖലയാണ്. അതുകൊണ്ട് ആളുകൾക്ക് അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയാൻ വലിയ താൽപര്യമാണ്.

സുരാജ് വെഞ്ഞാറമൂടിനൊപ്പം ദേവരാജൻ
സുരാജ് വെഞ്ഞാറമൂടിനൊപ്പം ദേവരാജൻ

സിനിമാ സെറ്റിലെ വിവേചനം

സിനിമാ സെറ്റിൽ ഒരാൾക്ക് ഇരിക്കാൻ ഒരു കസേര കിട്ടുകയെന്നത് ഒരു വലിയ കാര്യമാണെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്. ഭക്ഷണം കഴിക്കുന്ന സമയത്തൊക്കെ സംവിധായകർക്കും പ്രധാനപ്പെട്ട അഭിനേയതാക്കൾക്കുമൊക്കെ കാര്യമായ പരിഗണനയൊക്കെ കിട്ടും. അല്ലാത്തവർ ഭക്ഷണം വാങ്ങി മാറിയിരുന്ന് കഴിക്കുന്നതൊക്കെ കാണുമ്പോൾ നമുക്ക് സങ്കടം തോന്നും. അവിടുത്ത ഒരു സിസ്റ്റം അങ്ങനെയാണ്. ഒരുപാട് പേരുള്ള സെറ്റിൽ സൗകര്യങ്ങളുടെ കാര്യത്തിൽ ചില പരിമിതികളൊക്കെ ഉണ്ടാവുമെന്നത് സ്വാഭാവികമാണ്. ഒരേ സെറ്റിൽ വ്യത്യസ്ത ഭക്ഷണം വിളമ്പുക എന്ന കാര്യം എനിക്ക് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. ചിലപ്പോൾ പ്രധാന അഭിനേയതാക്കൾ അവർക്ക് ഇഷ്ടമുള്ള ഭക്ഷണം പുറത്തുനിന്ന് വരുത്തിപ്പിച്ചിട്ടുണ്ടാകാം. അതൊന്നും ഒരു പ്രശ്നമുള്ള കാര്യമല്ല. അല്ലാതെ ഭക്ഷണത്തിൻെറ കാര്യത്തിൽ വിവേചനം കണ്ടിട്ടില്ല. ഞാൻ വർക്ക് ചെയ്ത സെറ്റുകളിലെ അനുഭവം വെച്ചിട്ടാണ് ഇത് പറയുന്നത്.

ലഭിക്കാതെ പോയ പ്രതിഫലത്തിന്റെ കഥ

ഒരു സിനിമക്കൊഴികെ എല്ലാ സിനിമയ്ക്കും കൃത്യമായ പ്രതിഫലം ലഭിച്ചിട്ടുണ്ട്. ആ സിനിമയ്ക്ക് സ്വന്തം ചെലവിൽ പെട്രോൾ അടിച്ചിട്ടാണ് സെറ്റിൽ പോയിരുന്നത്. 8-9 ദിവസം ആ സിനിമയുടെ ഭാഗമായിരുന്നു. സാമ്പത്തിക പ്രതിസന്ധി കാരണം ആ സിനിമ നിന്നുപോയെന്നാണ് തോന്നുന്നത്. ആദ്യമായി അഡ്വാൻസ് തന്ന സിനിമ ‘നദികളിൽ സുന്ദരി യമുന’യ്ക്കാണ്. ഒരു നടൻ അല്ലെങ്കിൽ നടി ഡിമാൻഡ് ചെയ്യുമ്പോഴാണ് പ്രതിഫലം വർദ്ധിക്കുക. അല്ലാതെ നമ്മൾ കേറി ചെല്ലുമ്പോഴേക്ക് പ്രതിഫലം കൂടുകയൊന്നുമില്ലല്ലോ. ഇപ്പോൾ സിനിമയിൽ എല്ലാവർക്കും സംഘടനകളൊക്കെ ആയല്ലേോ. സാങ്കേതിക വിദഗ്ദർക്കൊക്കെ സംഘടനയുണ്ട്. പ്രതിഫലം അങ്ങനെ വൈകുന്നൊന്നുമില്ല എന്നാണ് മനസ്സിലാക്കുന്നത്. സംഘടനകളും മറ്റും വന്നതോടെ പ്രതിഫലത്തിൻെറ കാര്യത്തിലുള്ള പ്രശ്നങ്ങളൊക്കെ ഒരുവിധം അവസാനിച്ചിട്ടുണ്ട്.

വളരെ കുറച്ചു സിനിമകൾ ചെയ്ത ഒരാളെന്ന നിലയ്ക്ക്, സിനിമയിലെ ചൂഷണങ്ങളെക്കുറിച്ച് എനിക്ക് കൂടുതൽ പറയാനറിയില്ല. ചൂഷണമുള്ളതായി നിരവധി അനുഭവങ്ങൾ കേട്ടിട്ടുണ്ട്. ചൂഷണമുണ്ടാവുമ്പോൾ അത് ചോദ്യം ചെയ്യണം.
വളരെ കുറച്ചു സിനിമകൾ ചെയ്ത ഒരാളെന്ന നിലയ്ക്ക്, സിനിമയിലെ ചൂഷണങ്ങളെക്കുറിച്ച് എനിക്ക് കൂടുതൽ പറയാനറിയില്ല. ചൂഷണമുള്ളതായി നിരവധി അനുഭവങ്ങൾ കേട്ടിട്ടുണ്ട്. ചൂഷണമുണ്ടാവുമ്പോൾ അത് ചോദ്യം ചെയ്യണം.

എ.എം.എം.എയിൽ അംഗത്വമെടുക്കാൻ ശ്രമിച്ചിരുന്നോ?

എ.എം.എം.എയിൽ അംഗത്വമെടുക്കാൻ രണ്ടേകാൽ ലക്ഷം രൂപ വേണം. അത് കൊടുക്കാനുള്ള സാഹചര്യം നിലവിലില്ല. മിമിക്രി ആർട്ടിസ്റ്റ് അസ്സോസിയേഷനിൽ ആജീവനാന്ത അംഗമാണ്. സിനിമയിൽ തുടർച്ചയുണ്ടാവുക എന്നതൊക്കെ വലിയ കാര്യമല്ലേ. എ.എം.എം.എയിൽ അംഗത്വമെടുക്കാനുള്ള ഒരു സാമ്പത്തികശേഷി ഒക്കെ ഉണ്ടാവട്ടെ, അപ്പോൾ നോക്കണം.

Comments