മിന്നൽ മുരളി; സൂപ്പർ വില്ലനെ നേരിട്ട 'സൂപ്പർ ഹീറോ'

ലയാളത്തിൽ ഒരു സൂപ്പർ ഹീറോ ചിത്രം എന്ന് പറഞ്ഞാൽ വലിയ പ്രതീക്ഷകളൊന്നും ആർക്കുമുണ്ടാവാൻ സാധ്യതയില്ല. ബേസിൽ ജോസഫ് ആണ് സംവിധായകൻ എന്നറിഞ്ഞാൽ സ്പൂഫ് ആണോ എന്ന് ചോദിച്ചേക്കും. എന്നാൽ റിലീസിന് മുമ്പുള്ള ഗംഭീര പ്രൊമോഷനോടെ ഈ രണ്ട് ചോദ്യങ്ങളെയും അസ്ഥാനത്താക്കിയ ചിത്രമാണ് മിന്നൽ മുരളി. മറ്റൊരു മലയാള സിനിമയ്ക്കും കിട്ടാത്തത്രയും രീതിയിൽ വിപുലമായ, വളരെ ആസൂത്രിതമായ പരസ്യപരിപാടികളാണ് മിന്നൽ മുരളിക്കായി നെറ്റ്ഫ്‌ളിക് നൽകിയത്. കേരളാ പൊലീസ് മുതൽ ട്വിറ്ററിനെ വരെ ചിത്രത്തിന്റെ പരസ്യത്തിനായി ഉപയോഗിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. എന്നാൽ ഇത്രയും ഗ്രാന്റ് പ്രൊമോഷനിലൂടെ വരുന്ന ചിത്രങ്ങൾ നേരിടുന്ന മറ്റൊരു വെല്ലുവിളിയുണ്ട്, 'പ്രേക്ഷക പ്രതീക്ഷ'. അത്യധികമായിരുന്ന പ്രതീക്ഷകളെക്കൂടി നിറവേറ്റിയാണ് മിന്നൽ മുരളി സൂപ്പറാവുന്നത്.

ബേസിൽ ജോസഫ്
ബേസിൽ ജോസഫ്

ഹോളിവുഡിലെ പോലെ വലിയൊരു ലോകത്തെ രക്ഷിക്കുന്ന സൂപ്പർഹീറോയുടെ കഥയൊന്നുമല്ല മിന്നൽ മുരളി. കുറുക്കൻമൂല എന്ന വളരെ ചെറിയ ഒരു ഗ്രാമത്തിൽ നടക്കുന്ന സംഭവങ്ങളും അവിടെ ഉദയം ചെയ്യുന്ന സൂപ്പർഹീറോയെക്കുറിച്ചുമാണ് ചിത്രം പറയുന്നത്. ഗ്രാമത്തിൽ ഒരു ടൈലറിംഗ് കട നടത്തുന്നയാളാണ് ജൈസൺ (ടൊവീനോ തോമസ്). സ്ഥലത്തെ എസ്.ഐയുടെ മകളുമായി പ്രേമത്തിലായ ജൈസണ് അമേരിക്കയിൽ പോയി കാശുണ്ടാക്കി വന്നിട്ട് അവളെ വിവാഹം ചെയ്യണമെന്നാണ് ആഗ്രഹം. വലിയ പരിഷ്‌കാരിയാണെങ്കിലും സ്വാർത്ഥനാണ് ജൈസൺ. കുറുക്കൻമൂലയിലെ ചായക്കടയിൽ ചായയടിക്കുന്ന 'തമിഴ'നായിട്ടാണ് ഗുരു സോമസുന്ദരം അവതരിപ്പിച്ച ഷിബു ചിത്രത്തിലെത്തുന്നത്. ഷിബുവിനും പറയാനുള്ളത് ഒരു പ്രണയ കഥയാണ്. തന്റെ ബാല്യകാല പ്രണയിനി മറ്റൊരാളെ വിവാഹം ചെയ്‌തെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ഷിബു.

ഷിബുവിനും ജൈസണും ഒരേ ദിവസം മിന്നലേൽക്കുന്നതോടെ കഥ മാറുകയാണ്.

വളരെ "കൺവിൻസിംഗ്' ആയ രീതിയിലാണ് ബേസിൽ ജോസഫ് ചിത്രത്തിന്റെ കഥാന്തരീക്ഷം വികസിപ്പിച്ച് കൊണ്ടുവരുന്നത്. വലിയ സങ്കീർണതകളൊന്നും ചിത്രത്തിൽ കൊണ്ടുവരുന്നില്ല. രേഖീയമായി പറഞ്ഞു പോവുന്ന കഥ ഒരിടത്തും പ്രേക്ഷകരെ മുഷിപ്പിക്കാതെ മുന്നോട്ട് കൊണ്ടുപോവുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ട്. ഒരു കോമിക് ബുക്ക് വായിക്കുന്ന രസം തരുന്ന സന്ദർഭങ്ങൾ ഉള്ളപ്പോൾ തന്നെ ചിത്രത്തിന്റെ ഗൗരവം വിടാതെയും വൈകാരിതക ആവശ്യത്തിന് ഉപയോഗിച്ചും മികച്ച രീതിയിൽ ചിത്രം പാക്ക് ചെയ്തിട്ടുണ്ട്.

സൂപ്പർ ഹീറോയെയും പ്രതിയോഗിയെയും വളരെ വിശദമായി വികസിപ്പിച്ചുകൊണ്ടാണ് അരുൺ അനിരുദ്ധനും ജസ്റ്റിൻ മാത്യുവും തിരക്കഥ തയ്യാറാക്കിയിട്ടുള്ളത്. പ്രതിയോഗിയുടെ ഭൂതകാലവും സ്വഭാവരൂപീകരണവും കുറ്റകൃത്യങ്ങളിലേക്കെത്തുന്നതിന്റെ മോട്ടീവും സമയമെടുത്തു വിശദീകരിച്ചുകൊണ്ട് ശക്തമായ ഒരു പ്ലേസ്‌മെന്റാണ് കൊടുത്തിരിക്കുന്നത്.

ചായക്കടക്കാരൻ ഷിബുവിൽ നിന്ന് അക്രമകാരിയായ വില്ലനിലേക്കുള്ള ട്രാൻസിഷൻ അത്രയും സ്വാഭാവികമെന്ന് തോന്നിപ്പോകും വിധമാണ് ആ കഥാപാത്രം വികസിക്കുന്നത്. ഭയങ്കരമായ പ്രണയവും കൊടിയ പകയും ഷിബുവിൽ ഒന്നിച്ച് വരുന്നുണ്ട്. രണ്ടും അതേ തീവ്രതയില് ഗുരു സോമസുന്ദരം പ്രേക്ഷകരിലേക്കെത്തിക്കുന്നു. ഷിബുവായി ഗുരു സോമസുന്ദരത്തിന്റെ പ്രകടനത്തിന്റെ മറ്റൊരു തലമാണ് ചിത്രത്തിൽ കാണാനാവുക. ഷിബുവിന്റെ വില്ലത്തത്വെ നായകനാക്കിക്കൊണ്ടുള്ള കാഴ്ചയിൽ ചിത്രത്തെ കാണണോ ജെയ്‌സണെ നായകനാക്കി ചിത്രം കാണണോ എന്ന് പ്രേക്ഷകന് തീരുമാനിക്കാവുന്ന തരത്തിലാണ് ഇരുവരെയും ചിത്രീകരിച്ചിരിക്കുന്നത്.

ആയി മിന്നൽ മുരളിയിൽ ഷിബു ആയി ഗുരു സോമസുന്ദരം
ആയി മിന്നൽ മുരളിയിൽ ഷിബു ആയി ഗുരു സോമസുന്ദരം

സൂപ്പർ ഹീറോ മിന്നൽ മുരളി / ജൈസൺ ആയി മിന്നും പ്രകടനമാണ് ടൊവീനോ തോമസ് പുറത്തെടുത്തത്. കുറേക്കൂടി കയ്യടക്കം വന്ന കുറേക്കൂടി ഹ്യൂമറസായ ടൊവീനോയെയാണ് ചിത്രത്തിൽ കാണാനാവുക. ടൊവീനോയുടെ ശാരീരിക ആകാരവും എന്നാൽ മുഖത്തുള്ള 'നിഷ്‌കളങ്ക' ഭാവവും ജൈസൺ എന്ന കഥാപാത്രത്തിൻ ഏറ്റവും യോജിച്ചതായി.
കുറുക്കൻമൂല എന്ന ഗ്രാമത്തിന്റെ സ്വഭാവവും ചിത്രത്തിൽ പ്രധാനമാണ്. കളർഫുൾ ഗ്രാഫിറ്റി മതിലുകൾ, നൊസ്റ്റാൾജിയ ഉണ്ടാക്കുന്ന കവല, ആളുകളുടെ സവിശേഷമായ പെരുമാറ്റം തുടങ്ങി ഗ്രാമത്തിന്റെ മൊത്തം മൂഡ് തന്നെ ഒരു അസാധാരണ കഥ പറയാനുള്ള വേദിയാകുന്നുണ്ട്. നന്മകൾ നിറഞ്ഞ ഐഡിയൽ നാട്ടിൻപുറമായിട്ടല്ല കുറുക്കൻമൂല ചിത്രത്തിൽ വരുന്നത്. നായകന് പോലും എടുത്ത് പറയാവുന്ന നന്മകളില്ല. എന്നിട്ടും ജൈസൺ നായകനും ഷിബു വില്ലനുമാവുന്നു. ആ ഒരു ദ്വന്ദം ഉണ്ടാക്കുന്നതിൽ ഗ്രാമത്തിന്റെ ആൾക്കൂട്ട സ്വഭാവത്തിന് വലിയ പങ്കുണ്ട്.

സമീർ താഹിറിന്റെ ക്യാമറ ചിത്രത്തെ ഒരു സൂപ്പർ ഹീറോ ചിത്രമായി ഉയർത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. കുറുക്കൻമൂലയെന്ന ഗ്രാമത്തിലെ ഒരു പയ്യന് എന്തും ചെയ്യാവുന്ന സൂപ്പർ പവർ ഉണ്ടെന്ന് വിശ്വസിപ്പിക്കുന്നതിൽ ക്യാമറ ആംഗിളുകളും ചിത്രത്തിനൊപ്പം തന്നെ നിന്നു. സുഷിൻ ശ്യാമിന്റെ സംഗീതവും ചിത്രത്തെ ഏറെ സഹായിച്ചു.

ഫെമിന ജോർജ്
ഫെമിന ജോർജ്

സൂപ്പർ ഹീറോ ചിത്രമായിരുന്നിട്ട് കൂടി നായകനെ ആശ്രയിക്കാത്ത സ്വതന്ത്ര കഥാപാത്രമായി നായികയെ പ്ലേസ് ചെയ്തിട്ടുണ്ട്. ബ്രൂസ് ലീ ബിജിയായി ഫെമിന ജോർജ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ജൈസന്റെ പെങ്ങളായെത്തിയ ആര്യ സലിം, ഉഷയായെത്തിയ ഷെല്ലി കിഷോർ എന്നിവരുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. ബൈജു, അജു വർഗീസ്, ഹരിശ്രീ അശോകൻ എന്നിവരും മികച്ചതായി. ജൂഡ് ആന്റണി ജോസിന്റെ സ്ഥിരം 'ബോറൻ' വേഷം ചിത്രത്തിൽ ആവർത്തിക്കുന്നു.

ബൈജു, രാജേഷ് മാധവൻ
ബൈജു, രാജേഷ് മാധവൻ

ഒരു രണ്ടാം ഭാഗത്തിനുള്ള എല്ലാ ബിൽഡ് അപ്പും നൽകിയാണ് മിന്നൽ മുരളി അവസാനിക്കുന്നത്. മലയാളത്തിൽ നിന്ന് ഒരു സൂപ്പർ ഹീറോ യൂണിവേഴ്‌സ് ആക്കി മാറ്റാവുന്ന നിലവാരം മിന്നൽ മുരളി നൽകുന്നുണ്ട്.

Comments