തലമുറകളെ ത്രസിപ്പിച്ച താരജീവിതം, മിഥുൻ ചക്രവർത്തിക്ക് ദാദാ സാഹേബ് ഫാൽക്കേ അവാർഡ്

മൃണാൾ സെന്നിന്റെ മൃഗയ മിഥുന്‍ ചക്രവര്‍ത്തിയെ സംബന്ധിച്ച് രണ്ടുതരം തെരഞ്ഞെടുപ്പിനുള്ള ഒരു നിര്‍ണായക സിനിമ കൂടിയായിരുന്നു. ഒന്നുകില്‍ ആര്‍ട്ട് സിനിമകളുടെ ഭാഗമായി തുടരാം, അല്ലെങ്കില്‍ അതില്‍നിന്ന് ബ്രേക്ക് ചെയ്ത് മുഖ്യധാരയിലെത്താം. എന്നാല്‍, മൃഗയയിലെ ആ ആദിവാസി യുവാവ് പിന്നീട് തലമുറകളെ വിറപ്പിച്ച ചടുലചലനങ്ങളുടെയും വേഗങ്ങളുടെയും എത്രയോ കഥാപാത്രങ്ങളിലേക്ക് സഞ്ചരിച്ചു.

News Desk

'കൊല്‍ക്കത്തയിലെ ഫുട്പാത്തില്‍നിന്നുവന്ന കുട്ടി'ക്ക് 74ാം വയസ്സില്‍ ഇന്ത്യന്‍ സിനിമയിലെ പരമോന്നത പുരസ്‌കാരം. സംഘർഷഭരിതമായ കയറ്റിറക്കങ്ങളിലൂടെ കടന്നുവന്ന് നാലു ദശാബ്ങ്ങളിലെ സ്റ്റാർഡം സ്വന്തമായുളള മിഥുന്‍ ചക്രവര്‍ത്തിക്കാണ് 2024-ലെ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ്. 'ഇന്ത്യന്‍ സിനിമക്കുനല്‍കിയ ഐതിഹാസിക സംഭാവനയ്ക്കാണ് പുരസ്‌കാര'മെന്ന് വാര്‍ത്താവിതരണവകുപ്പുമന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.

ഹിന്ദി, ബംഗാളി സിനിമകളിലൂടെ ഒരു കാലഘട്ടത്തിന്റെ താരമായി മാറിയ നടനാണ് മിഥുൻ ചക്രവർത്തി. പല തലമുറകളുടെ നൃത്തചുവടുകൾക്ക് താളമേകിയ താരം. 1950 ജൂൺ 16-ന് കൽക്കത്തയിൽ ജനിച്ച അദ്ദേഹം സിനിമയിൽനിന്ന് പുറത്തുകടന്ന് രാഷ്ട്രീയത്തിലും പ്രവർത്തിച്ചു. 50 വർഷത്തോടടുക്കുന്ന മിഥുന്റെ അഭിനയ ജീവിതത്തിന് ആദരവുകൂടിയായാണ് ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം നൽകുന്നത്. ഈ വർഷം ഏപ്രിലിൽ രാജ്യം അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു.

1976-ൽ പുറത്തിറങ്ങിയ മൃണാൽ സെന്നിന്റെ മൃഗയ എന്ന ചിത്രത്തിലൂടെയാണ് മിഥുൻ ചക്രവർത്തി അഭിനയജീവിതം ആരംഭിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടനുള്ള ദേശീയ അവാർഡും നേടി. അന്നത്തെ സോവിയറ്റ് യൂണിയനിലും മിഥുന്റെ മൃഗയയിലെ കഥാപാത്രം ചർച്ചയായി. ഒരു തുടക്കക്കാരന് അന്യമായ ബോക്‌സോഫീസും ആദ്യ സിനിമയിലൂടെ മിഥുൻ കീഴടക്കി. 1982-ൽ പുറത്തിറങ്ങിയ ഡിസ്‌കോ ഡാൻസർ മിഥുൻ ചക്രവർത്തിയെ താരമെന്ന നിലയ്ക്ക് പ്രതിഷ്ഠിച്ചു. ഡിസ്‌കോ ഡാൻസറിന്റെ വിജയത്തിലൂടെ ഇന്ത്യൻ യുവത്വത്തിനിടയിൽ മിഥുൻ ആവേശമായി മാറി. ആദ്യ സിനിമപോലെ തന്നെ ഇന്ത്യയിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല മിഥുന്റെ താരത്തിന്റെ തിളക്കം. ഏഷ്യൻ രാജ്യങ്ങളിലും കിഴക്കൻ യൂറോപ്പ്, മിഡിൽ ഈസ്റ്റ്, തുർക്കി, ആഫ്രിക്ക എന്നിവിടങ്ങളിലും ഡിസ്‌കോ ഡാൻസർ ഓളങ്ങൾ സൃഷ്ടിച്ചു. മൂന്ന് ദേശീയ അവാർഡുകളും രണ്ട് പിലിം ഫെയർ അവാർഡും അദ്ദേഹം നേടി. നടനാകുന്നതിനുമുമ്പ് പ്രമുഖ നടിയും നര്‍ത്തകിയുമായ ഹെലന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു.

മൃഗയ മിഥുന്‍ ചക്രവര്‍ത്തിയെ സംബന്ധിച്ച് രണ്ടുതരം തെരഞ്ഞെടുപ്പിനുള്ള ഒരു നിര്‍ണായക സിനിമ കൂടിയായിരുന്നു. ഒന്നുകില്‍ ആര്‍ട്ട് സിനിമകളുടെ ഭാഗമായി തുടരാം, അല്ലെങ്കില്‍ അതില്‍നിന്ന് ബ്രേക്ക് ചെയ്ത് മുഖ്യധാരയിലെത്താം. എന്നാല്‍, മൃഗയയിലെ ആ ആദിവാസി യുവാവ് പിന്നീട് തലമുറകളെ വിറപ്പിച്ച ചടുലചലനങ്ങളുടെയും വേഗങ്ങളുടെയും എത്രയോ കഥാപാത്രങ്ങളിലേക്ക് സഞ്ചരിച്ചു. എന്നിട്ടും പലപ്പോഴും മിഥുന്‍ സിനിമയുടെ ആ വേറിട്ട വഴികളിലേക്ക് തിരിഞ്ഞുനടക്കാനും ധൈര്യം കാട്ടി. 1992-ല്‍ ബുദ്ധദേബ് ദാസ്ഗുപ്ത സംവിധാനം ചെയ്ത 'തഹാദേര്‍ കഥ'യില്‍ ഷിബ്‌നാഥ് മുഖര്‍ജി എന്ന സ്വാതന്ത്ര്യസമരസേനാനിയായി തീര്‍ത്തും വ്യത്യസ്തമായ വേഷം ചെയ്തു.
2002-ല്‍ ഋതുപര്‍ണഘോഷ് സംവിധാനം ചെയ്ത 'തിത്‌ലി'യില്‍ ബോളിവുഡ് താരം രോഹിത് റോ എന്ന കഥാപാത്രമായി മിഥുന്‍ എത്തി. 2010-ല്‍ ഗൗരഭ് പാണ്ഡേ സംവിധാനം ചെയ്ത 'ഷുക്‌നോ ലങ്ക' എന്ന സിനിമയും മിഥുന്‍ ചക്രവര്‍ത്തിയുടെ അഭിനയജീവിതത്തിലെ വ്യത്യസ്ത വഴിയായിരുന്നു. മധ്യവയസ്‌കനായ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന്റെ വേഷത്തില്‍ മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്.

‘മൃഗയ’ എന്ന സിനിമയില്‍ ആദിവാസി ബാലനായി മിഥുൻ. മൃണാൾ സെന്നിന്റെ ഈ ചിത്രമാണ് മിഥുന്റെ ആദ്യ സിനിമ, അതിനുത​ന്നെ മികച്ച നടനുള്ള ദേശീയ അവാർഡും ലഭിച്ചു.
‘മൃഗയ’ എന്ന സിനിമയില്‍ ആദിവാസി ബാലനായി മിഥുൻ. മൃണാൾ സെന്നിന്റെ ഈ ചിത്രമാണ് മിഥുന്റെ ആദ്യ സിനിമ, അതിനുത​ന്നെ മികച്ച നടനുള്ള ദേശീയ അവാർഡും ലഭിച്ചു.

അഗ്നിപഥ്, മുജെ ഇൻസാഫ് ചാഹിയേ, ഹം സേ ഹേ സമാന, പസന്ദ് അപ്‌നി അപ്നി, ഘർ ഏക് മന്ദിർ, കസം പൈദ കർണേ വാലേ കീ എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രമുഖ ചിത്രങ്ങൾ. തുടരെ തുടരെയുള്ള വിജയ ചിത്രങ്ങൾക്കുശേഷം കരിയറിൽ വലിയ തിരിച്ചടികൾ അദ്ദേഹത്തിന് നേരിടേണ്ടിവന്നു.
90-കളില്‍ തമിഴ്നാട്ടിലെ ഊട്ടി കേന്ദ്രമാക്കി 'മിഥുന്‍ ഡ്രീം ഫാക്ടറി' എന്ന സമാന്തര സ്ഥാപനം തുടങ്ങി. കുറഞ്ഞ ബജറ്റില്‍ നിര്‍മിച്ച നൂറോളം സിനിമകളില്‍ മിഥുന്‍ നായകനായി അഭിനയിച്ചു. ഈ കാലത്ത്, 1995 മുതല്‍ 1999 വരെ അദ്ദേഹം രാജ്യത്ത് ഏറ്റവും നികുതി നല്‍കിയിരുന്ന വ്യക്തികൂടിയായിരുന്നു. എന്നാൽ, ഈ സിനിമകൾ നടനെന്ന നിലയ്ക്കും താരം എന്ന നിലയ്ക്കുമുള്ള മിഥുൻ ചക്രവർത്തിയുടെ സ്​പെയ്സ് പരിമിതമാക്കി. 1997-ൽ പുറത്തിറങ്ങിയ ഹിറ്റ് സിനിമയായ ഇരുവറിൽ അഭിനയിക്കാൻ കഴിയാതെ പോയത് ഇന്നും അദ്ദേഹത്തിന്റെ സിനിമാജീവിത്തിലെ തീരാനഷ്ടമായി സിനിമാ നിരീക്ഷകർ വിലയിരുത്തുന്നു.

2000-ന്റെ തുടക്കത്തിൽ ബോളിവുഡിൽ നിന്നും ചുവടുമാറി ബംഗാളി സിനിമകൾക്ക് മിഥുൻ ചക്രബർത്തി പ്രാധാന്യം നൽകി തുടങ്ങി. നേപ്പാൾദേവ് ഭട്ടാചാര്യയുടെ ചക്ക (2000), ഋതുപർണോ ഘോഷിന്റെ തിത്ലി (2002), പ്രശാന്ത ബാലിന്റെ ഫെരാരി ഫൗജ് (2002), നാരായൺ റാവുവിന്റെ സൻട്രാഷ് (2003) തുടങ്ങിയ ഏറെ പ്രശംസ നേടിയ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചു. പിന്നീട് വീണ്ടും ബോളിവുഡിലേക്ക് തിരിച്ചെത്തിയ അദ്ദേഹത്തിന് നിരവധി തിരിച്ചടികൾ നേരിട്ടുവെങ്കിലും ഇടക്കാലത്ത് ചില ഹിറ്റ് സിനിമകളും അദ്ദേഹത്തിന്റെ ലിസ്റ്റിൽ കൂട്ടി്‌ചേർക്കപ്പെട്ടു.

2019-നുശേഷം ഹിന്ദുത്വയുടെ രാഷ്ട്രീയ പ്രൊപ്പഗന്റാ സൃഷ്ടികളുടെ ഭാഗമായി മിഥുൻ ചക്രവർത്തി മാറി. കാശ്മീർ ഫയൽസായിരുന്നു അതിൽ പ്രധാനം. കാശ്മീരി ഹിന്ദുക്കളുടെ പാലായനത്തെ ആസ്പദമാക്കി വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത സനിമയായിരുന്നു ദ കാശ്മീർ ഫയൽസ്. സിനിമ മുന്നോട്ടുവെക്കുന്ന വലതുപക്ഷ രാഷ്ട്രീയം നിരവധി വിമർശനങ്ങൾക്ക് വിധേയമായിരുന്നു. എന്നാൽ ചിത്രം ബോക്‌സോഫിസിൽ വിജയമായി. വിവേക് അഗ്നിഹോത്രിയുടെ ദ താഷ്‌കന്റ് ഫയൽസ് എന്ന ചിത്രത്തിലും മിഥുൻ ചക്രവർത്തി അഭിനയിച്ചിരുന്നു.

1989-ല്‍ നായകനായി 19 സിനിമകളില്‍ അഭിനയിച്ച് ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ മിഥുന്‍ ഇടം നേടി. 2023-ല്‍ പുറത്തുവന്ന ബംഗാളി സിനിമ കാബൂളിവാലയിലാണ് അവസാനമായി അഭിനയിച്ചത്.

കുട്ടിക്കാലത്ത് അതികഠിനമായ ദാരിദ്ര്യത്തിലൂടെയാണ് മിഥുന്‍ കടന്നുപോയത്. കൊല്‍ക്കത്തയിലെ തെരുവുകളായിരുന്നു അഭയം. ജീവിക്കാനുള്ള ജോലിക്കുവേണ്ടി അലഞ്ഞുനടന്നു. നിറത്തെച്ചൊല്ലി പോലും വര്‍ഷങ്ങളോളം മിഥുന്‍ കടുത്ത അപമാനം നേരിട്ടിരുന്നു. ഒഴിഞ്ഞ വയറുമായി തെരുവുകളില്‍ കിടന്നുറങ്ങിയ ബാല്യത്തെക്കുറിച്ച് മിഥുന്‍ പലതവണ തുറന്നുപറഞ്ഞിട്ടുണ്ട്. അടുത്ത നേരത്തേക്കുള്ള ഭക്ഷണം എവിടെനിന്ന് കിട്ടും എന്ന ചിന്ത മാത്രമായി കഴിച്ചുകൂട്ടിയതായിരുന്നു ബാല്യം.

'മൃഗയ'യില്‍ ദേശീയ അവാര്‍ഡ് നേടിയ സമയത്ത് അഭിമുഖത്തിനെത്തിയ മാധ്യമപ്രവര്‍ത്തകനോട്, ഭക്ഷണത്തിന് പണം കടം വാങ്ങിയതിനെക്കുറിച്ച് മിഥുന്‍ പറയുന്നുണ്ട്.

കഠിനമായ വീഴ്ചകളും വലിയ കയറ്റങ്ങളും വൻ ഫ്ലോപ്പുകളും വലിയ വിജയങ്ങളുമെല്ലാമുള്ള വ്യക്തി- സിനിമാ ജീവിതമാണ് മിഥുന്റേത്. ആ വ്യക്തിജീവിതവും സിനിമാജീവിതവും നിരവധി ബംഗാളി എഴുത്തുകാരുടെ പുസ്തകങ്ങളായി പുറത്തുവന്നിട്ടുണ്ട്.

സിനിമ- ടെലിവിഷന്‍ മേഖലയിലെ കലാകാരരുടെ അവകാശസംരക്ഷണത്തിനായുള്ള സിനി ആന്റ് ടി.വി ആര്‍ട്ടിസ്റ്റ്‌സ് അസോസിസയേഷന്റെ (CINTAA) സഹ സ്ഥാപകനാണ്.

2014-ൽ പശ്ചിമ ബംഗാളിൽ നിന്ന് ത്രിണമൂൽ കോൺഗ്രസിന്റെ എം.പിയായി മിഥുൻ ചക്രവർത്തി പാർലമെന്റിലെത്തി. എന്നാൽ 2016 ഡിസംബറിൽ അദ്ദേഹം തന്റെ രാജ്യസഭാ അംഗത്വം രാജിവെച്ചു. തുടർന്ന് ബി.ജെ.പിയിൽ ചേർന്ന അദ്ദേഹം 2021 നിയമസഭാ തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ നിയോജകമണ്ഡലത്തിൽ നിന്ന് ബി.ജെ.പിക്കുവേണ്ടി മത്സരിച്ചിരുന്നു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബി.ജെ.പിയുടെ താരപ്രചാരകനായിരുന്നു. ബംഗാളിനെ വഞ്ചിച്ചയാള്‍ എന്നാണ് മുഖ്യമന്ത്രി മമത ബാനര്‍ജി മിഥുന്റെ ബി.ജെ.പി പ്രവേശനത്തെ വിശേഷിപ്പിച്ചത്: ''ഞാനാണ് മിഥുന്‍ ചക്രവര്‍ത്തിയെ രാജ്യസഭാംഗമാക്കിയത്. എന്നാല്‍, തന്റെ മകനെ രക്ഷിക്കാന്‍ ആര്‍.എസ്.എസിനുമുന്നില്‍ തല കുനിച്ച ഒരു വഞ്ചകനാണ് അദ്ദേഹമെന്ന് തിരിച്ചറിയാനായില്ല'', മമത തെരഞ്ഞെടുപ്പുകാലത്ത് പറഞ്ഞു.

മിഥുന്‍ ചക്രവര്‍ത്തിയുടെ മകന്‍ മഹാക്ഷയ്‌ക്കെതിരെ ബലാത്സംഗക്കേസുണ്ടായിരുന്നു. ഇതേതുടര്‍ന്ന് 2018 ജൂലൈ എട്ടിന് വിവാഹദിവസം പൊലീസ് സംഘം അന്വേഷിച്ചെത്തിയതിനെതുടര്‍ന്ന് വിവാഹം മുടങ്ങിയിരുന്നു. തുടര്‍ന്ന് പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയ ശേഷം സംവിധായകന്‍ സുഭാഷ് ശര്‍മയുടെയും നടി ഷീല ശര്‍മയുടെയും മകള്‍ മദാലസ ശര്‍മയെ മഹാക്ഷ വിവാഹം കഴിച്ചിരുന്നു.

Comments