1990- കളുടെ അവസാനം.
അമ്മയുടെ കൈയും പിടിച്ച് അച്ഛനെയും, അനിയനേയും കൂട്ടി കഴക്കൂട്ടം മഹാദേവ തിയേറ്ററിലേക്ക് ഞാൻ പോയി.
ആദ്യ സിനിമാനുഭവം, ചിത്രം ഏയ് ഓട്ടോ.
നായകൻ മോഹൻലാൽ, സംവിധാനം വേണു നാഗവള്ളി.
ഓട്ടോ ഓടിക്കുന്ന സുധിയോടൊപ്പം ചരടിൽ കോർത്ത് എന്റെ കുഞ്ഞുമനസ്സും സഞ്ചരിച്ചു. സുധിയുടെ സന്തോഷങ്ങളും പാട്ടുകളും വിഹ്വലതകളും എന്റേതു കൂടിയായി. ഇംഗ്ലീഷ് പറയുമ്പോൾ സുധിക്ക് തെറ്റരുതേ എന്ന് ഞാൻ പ്രാർത്ഥിച്ചു. സുധിയുടെ ഒരു ചെറുപുഞ്ചിരി, ചെറുനോട്ടം, ചെറുചലനം എന്നിവ ഞാനെന്ന കുട്ടിയെ സിനിമ എന്ന വിസ്മയലോകവുമായി അടുപ്പിച്ചു. സ്വാഭാവികത ശീലമാക്കി, അത് കലയിലേക്ക് പറിച്ചുനട്ട്, വികാരങ്ങളുടെ സൂക്ഷ്മ ദർശനമാണ് എനിക്ക് സമ്മാനിച്ചതെന്ന് വർഷങ്ങൾക്കുശേഷം ഞാൻ തിരിച്ചറിഞ്ഞു.
പിന്നെ ദൂരദർശൻ, വീഡിയോ കാസറ്റുകൾ എന്നിവ വഴി ഏയ് ഓട്ടോക്കു മുമ്പുള്ള ദശരഥം തൊട്ട് മഞ്ഞിൽവിരിഞ്ഞ പൂക്കൾ വരെയുള്ളവ കണ്ടു ബോധിച്ചു. ഏയ് ഓട്ടോയിൽ തുടങ്ങി, ഹിസ് ഹൈനസ് അബ്ദുള്ള, ലാൽസലാം, ഇന്ദ്രജാലം, ഭരതം, അങ്കിൾബൺ, കിലുക്കം വഴി ആ യാത്ര മുന്നോട്ടു തുടർന്ന്, നേര് വരെ എത്തിനിൽക്കുന്നു. അപ്പോഴേക്കും മോഹൻലാൽ എന്ന ലാലേട്ടൻ ഒരു കുടുംബാംഗമായി മാറിയിരുന്നു. ഞാൻ ഉൾപ്പടെ അനേകം തലമുറകളെ സിനിമ കാണാൻ പ്രേരിപ്പിച്ച, സിനിമ കാണാൻ ശീലിപ്പിച്ച, സിനിമയെ ആസ്വദിക്കാൻ പഠിപ്പിച്ച സ്വാഭാവികാഭിനയത്തിന്റെ ഒരു കാന്തിക ശക്തിയാണ് മോഹൻലാൽ.
1978- ലെ കുട്ടപ്പൻ
മോഹൻലാലിന്റെ സുഹൃത്തുക്കൾ കൂടിയായ മണിയൻപിള്ള രാജുവും, സുരേഷ്കുമാറും, രവികുമാറും, പ്രിയദർശനും, ഉണ്ണിയും ചേർന്ന് നിർമിച്ച തിരനോട്ടം എന്ന റിലീസ് ചെയ്യാത്ത സിനിമയാണ് മോഹൻലാലിന്റെ ആദ്യ ചിത്രം. തിരുവനന്തപുരം മോഡൽ സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോൾ കമ്പ്യൂട്ടർ ബോയ് എന്ന നാടകത്തിൽ അവതരിപ്പിച്ച തൊണ്ണൂറു വയസ്സുള്ള വയോധികന്റെ വേഷമാണ് ലാലിന്റെ അഭിനയമികവിനെ സുഹൃത്തുക്കൾക്ക് ബോധ്യപ്പെടുത്തിക്കൊടുത്തത്. ആ സ്കൂൾ നാടകമാണ് യഥാർത്ഥത്തിൽ മോഹൻലാലിനെ സിനിമയിലേക്ക് എത്തിക്കണമെന്ന ആഗ്രഹം കൂട്ടുകാരിലുണ്ടാക്കിയത്. എന്നാൽ തിരനോട്ടം റിലീസായില്ലെങ്കിലും അതിലെ കുട്ടപ്പൻ എന്ന മാനസിക വൈകല്യമുള്ള വ്യക്തിയായുള്ള ലാലിന്റെ അഭിനയം നാടകസ്വാധീനമുള്ള അന്നത്തെ അഭിനയമേഖലയെ അതിൽനിന്ന് മാറ്റിനടുന്ന ഒരു പുത്തൻ പകർന്നാട്ടമായിരന്നു എന്ന് സുഹൃത്തുക്കൾ അടയാളപ്പെടുത്തുന്നു. നവോദയയുടെ പുതിയ പടത്തിലേക്ക് ലാലിനുവേണ്ടി അപേക്ഷ അയക്കാനും സുഹൃത്തുക്കളെ പ്രേരിപ്പിച്ചതും ഈ കഥാപാത്രമായിരുന്നു.
നവോദയയിൽ ഓഡിഷനുപോയ മോഹൻലാലിനെ ജൂറി അംഗങ്ങളിൽ നാലിൽ രണ്ടു പേരും നിരാകരിച്ചു, നിസ്സാര മാർക്ക് നല്കി തോൽപ്പിച്ചു. എന്നാൽ, മറ്റു രണ്ടുപേർ സംവിധായകൻ ഫാസിലും അപ്പച്ചനും തൊണ്ണൂറു ശതമാനത്തിൽ കൂടുതൽ മാർക്ക് നല്കി. നരേന്ദ്രൻ എന്ന വില്ലൻ അവിടെ പിറന്നു. മോഹൻലാൽ എന്ന അൽഭുത അഭിനയ ശിശു അവിടെ പിറന്നു. സിനിമ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ.
പിന്നീട് ലാലിനെ തേടിയെത്തിയത് വില്ലൻ കഥാപാത്രങ്ങൾ മാത്രം. മുപ്പതോളം സിനിമയിൽ ഗ്രേ ഷേഡ് വേഷങ്ങൾ. സന്ധ്യയ്ക്ക് വിരിഞ്ഞ പൂവ്, കുയിലിനെ തേടി, എന്റെ മോഹങ്ങൾ പൂവണിഞ്ഞു, എങ്ങനെ നീ മറക്കും, ആട്ടകലാശം, ഉണരൂ തുടങ്ങി ശ്രീകൃഷ്ണപ്പരുന്ത് വരെ.
മോഹൻലാൽ നായകനായി വന്നത് ശശികുമാറിന്റെ ഇവിടെ തുടങ്ങുന്നു എന്ന സിനിമയിലാണ്. സത്യത്തിൽ അതൊരു തുടക്കവുമായിരുന്നു. മലയാളിയുടെ മാറിയ നായകസങ്കല്പങ്ങൾ ലാലിൽ പരിപൂർണത തേടി.
നായകനെ കൊണ്ടുതന്നെ എല്ലാ കോമാളിത്തരങ്ങളും ചെയ്യിപ്പിച്ച്, പ്രിയദർശൻ മലയാള സിനിമയിലെ ഒരു ക്ലിഷേ പൊളിച്ചു.
ലാൽ എന്ന പേരിനെ ലാലിസം എന്ന ബ്രാൻഡ് ആക്കിയത് സുഹൃത്തും സംവിധായകനുമായ പ്രിയദർശനാണ്. 1984- ലെ പൂച്ചയ്ക്കൊരു മൂക്കുത്തിയായിരുന്നു ഇതിന് തുടക്കമിട്ടത്. കോമഡിക്കും ഹാസ്യരംഗങ്ങൾക്കും ഒരു ബീ ടീമും പ്രത്യേക താരങ്ങളും ഉണ്ടാകും. പ്രിയദർശൻ സിനിമയിലെ ആ ക്ലിഷേ പൊളിച്ചു. നായകനെ കൊണ്ടുതന്നെ എല്ലാ കോമാളിത്തരങ്ങളും ചെയ്യിപ്പിച്ചു. കിലുക്കം, വന്ദനം, മിന്നാരം, മിഥുനം, ചന്ദ്രലേഖ, താളവട്ടം, തേന്മാവിൻ കൊമ്പത്ത്, അക്കരെയക്കരെ എന്നിവ അതിൽ ചിലതുമാത്രം. ഈ ഗണത്തിൽ അൻപതോളം സിനിമകൾ മോഹൻലാൽ- പ്രിയദർശൻ കോമ്പോയിൽ പിറന്നു. കൂട്ടത്തിൽ കാലാപാനി പോലുള്ള വ്യത്യസ്ത ഴാനറുകളും.
മലയാള സിനിമയെ സംബന്ധിച്ച് 1985- 2000 സുവർണ കാലഘട്ടമായിരുന്നു. ജി. അരവിന്ദൻ, എം.ടി, ലോഹിതദാസ്, ഭരതൻ, പത്മരാജൻ, ഹരിഹരൻ, ശ്രീനിവാസൻ, സത്യൻ അന്തിക്കാട് എന്നിവർ മോഹൻലാലുമായി കൈകോർത്തു. അങ്ങനെ മലയാളത്തിലെ എക്കാലത്തെയും ശ്രദ്ധേയ സിനിമകളും, കാലത്തിനുമുമ്പേ എഴുതപ്പെട്ട തിരക്കഥകളും ഈ നടനിലൂടെ പകർന്നാടി. അരവിന്ദന്റെ വാസ്തുഹാര, ഹരിഹരൻ-എം.ടി ടീമിന്റെ പഞ്ചാഗ്നി, അമൃതം ഗമയ, ഭരതന്റെ താഴ് വാരം, എം.ടിയുടെ തിരക്കഥയിൽ സദയം, പത്മരാജന്റെ നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, തൂവാനതുമ്പികൾ, സീസൺ, ലോഹിതദാസിന്റെ തിരക്കഥയിൽ കിരീടം, ദശരഥം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം, കന്മദം എന്നിവ മോഹൻലാലിനെ മലയാള സിനിമയുടെ അഭിവാജ്യഘടകമാക്കി. ഈ സിനിമകൾ ഇന്നും സൂക്ഷ്മാഭിനയത്തിന്റെയും സ്വാഭാവിക അഭിനയത്തിന്റെയും, ബിഹേവിയറൽ അഭിനയത്തിന്റെയും റഫറൻസുകളാണ്.
ശരാശരി മലയാളിയുടെ ജീവിതപ്രതിസന്ധികളും വിഹ്വലതകളും മോഹൻലാലിലൂടെ മലയാളിയിലെത്തിയത് ശ്രീനിവാസന്റെ രചനകളിലൂടെയായിരുന്നു.
ശരാശരി മലയാളിയുടെ ജീവിതപ്രതിസന്ധികളും വിഹ്വലതകളും മോഹൻലാലിലൂടെ മലയാളിയിലെത്തിയത് ശ്രീനിവാസന്റെ രചനകളിലൂടെയായിരുന്നു. ഹാസ്യത്തിൽ പൊതിഞ്ഞ ആ പ്രമേയവും കഥാപാത്രങ്ങളും മലയാളി ജീവിതങ്ങളുടെ ഉപ്പുരസമുള്ള നേർസാക്ഷ്യങ്ങളായിരുന്നു. ഈ ആവിഷ്കാരങ്ങളിൽ സത്യൻ അന്തിക്കാട് എന്ന ഗ്രാമീണൻ കൂടിയായ സംവിധായകൻ വഹിച്ച പങ്ക് വലുതായിരുന്നു. ടി.പി. ബാലഗോപാലൻ എം.എ, സന്മനസ്സുള്ളവർക്ക് സമാധാനം, അപ്പുണ്ണി, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, രേവതിക്കൊരു പാവക്കുട്ടി, പട്ടണപ്രവേശം, വരവേൽപ്പ്, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, സ്നേഹവീട്, എന്നും എപ്പോഴും, കളിയിൽ അല്പം കാര്യം, അധ്യായം ഒന്നുമുതൽ, പപ്പൻ പ്രിയപ്പെട്ട പപ്പൻ, ലാൽ അമേരിക്കയിൽ, പിൻഗാമി എന്നിവ എടുത്തുപറയേണ്ട ‘അന്തിക്കാട് ചിത്ര’ങ്ങളാണ്.
വിൻസെൻ്റ് ഗോമസ്,
സ്റ്റാർഡം പിറക്കുന്നു
ഇതേ കാലഘട്ടത്തിൽ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത രാജാവിന്റെ മകൻ എന്ന സിനിമയിലൂടെ, വിൻസെൻ്റ് ഗോമസ് എന്ന അധോലോക കഥാപാത്രത്തിലൂടെ, സൂപ്പർ സ്റ്റാർ പദവിയിലെത്തി, ലാൽ. എന്നാൽ, അതൊരു കുരുക്കായി മാറാൻ ലാൽ തന്നെത്തന്നെ അനുവദിച്ചില്ല. ഇതേ കാലത്താണ് താളവട്ടവും, നമുക്ക് പാർക്കാൻ മുന്തിരിതോപ്പും, നാടോടിക്കാറ്റും, പട്ടണപ്രവേശവും, പാദമുദ്രയും, ചിത്രവും, വെളളാനകളുടെ നാടും ചെയ്ത് മോഹൻലാൽ നൈപുണി തെളിയിച്ചുകൊണ്ടിരുന്നു. എല്ലാത്തരം പ്രേക്ഷകർക്കും വിഭവങ്ങൾ നൽകുന്ന ഒരു സ്ഥാപനമായി മോഹൻലാൽ മാറി.
1986- ൽ മാത്രം മോഹൻലാൽ നാല്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു. അതായത് ഒരു മാസം ശരാശരി മൂന്നു ചിത്രങ്ങൾ. ഇന്ത്യൻ സിനിമയിലോ ലോകസിനിമയിലോ തന്നെ അത്തരം താരങ്ങൾ ഉണ്ടോ, ഇനി ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. അഭിനയത്തിന്റെ ആത്മസമർപ്പണം ഈ നടനിൽ സമ്പൂർണമായിരുന്നു. ഭരതത്തിലെ സംഗീതഞ്ജനും, കമലദളത്തിലെ ഭരതനാട്യം നർത്തകനും രാജശില്പിയിലെ ശില്പിയുമായി പരിണമിക്കുന്നതിന് മോഹൻലാൽ ചെയ്ത ഗൃഹപാഠം വലുതായിരുന്നു എന്ന് നിരൂപകരും സിനിമാ പ്രവർത്തകരും പറഞ്ഞിട്ടുണ്ട്. 1999- ൽ റിലീസായ വാനപ്രസ്ഥം ഈ ഗണത്തിലെ എടുത്തുപറയേണ്ട സിനിമയാണ്.
2000-ൽ റിലീസായ നരസിംഹം ഈ നടനെ അതിമാനുഷികതലങ്ങളുടെ ഉച്ഛസ്ഥായിയിൽ പ്രതിഷ്ഠിച്ചു. ലാഭക്കൊതിയുള്ള വ്യവസായം ലാലിനെ അനവധി നരസിംഹങ്ങളിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ വാണിജ്യമൂല്യം മുതലെടുത്ത് പടച്ചുവിട്ട പല സിനിമകളും ബോക്സ് ഓഫീസിൽ തകർന്നുവീണു. പ്രജ, ഒന്നാമൻ, താണ്ഡവം, വാമനപുരം ബസ്റൂട്ട് എന്നിവ. പിന്നീട് മോഹൻലാൽ ഒരു തിരിച്ചുവരവിനായും നല്ല കഥാപാത്രങ്ങൾക്കായും ശ്രമിക്കുന്നത് കാണാമായിരുന്നു. ആ തിരിച്ചുവരവിൽ സംഭവിച്ച കിളിച്ചുണ്ടൻ മാമ്പഴം, ബാലേട്ടൻ, ഹരിഹരൻപിള്ള ഹാപ്പിയാണ്, മിസ്റ്റർ ബ്രഹ്മചാരി, നാട്ടുരാജാവ്, മാമ്പഴക്കാലം, വിസ്മയത്തുമ്പത്ത് എന്നിവയിൽ ബാലേട്ടൻ മാത്രമാണ് ശരാശരി സിനിമാനുഭവം നൽകിയത്.
മോഹൻലാലിന്റെ ഓരോ സിനിമക്കും ഓരോ കഥാപാത്രത്തിനുമുള്ള രാഷ്ട്രീയം ആപേക്ഷികവും വിഭിന്നവും വ്യത്യസ്തവുമാണ്.
2000- 2005 കാലത്ത് മോഹൻലാലിന്റെ കരിയറിലെ മോശം വർഷമായിരുന്നു. മീശപിരി ചിത്രങ്ങളുടെ കുത്തൊഴുക്കും അഭിനയസാധ്യതയില്ലാത്ത വേഷങ്ങളുമാണ് ഈ കാലഘട്ടത്തെ തിളക്കം കെടുത്തിയതാക്കിയത്. എന്നാൽ, 2005-ൽ റിലീസായ തന്മാത്ര മോഹൻലാലിനെ വീണ്ടും കുടുംബപ്രക്ഷകരുമായി അടുപ്പിച്ചു. രമേശൻ നായർ എന്ന കഥാപാത്രം അഭിനയസാധ്യതയുള്ളതായിരുന്നു. തുടർന്നുവന്ന രസതന്ത്രം, വടക്കുംനാഥൻ, കീർത്തിചക്ര എന്നിവ അത് കൂടുതൽ ദൃഢമാക്കി. ഛോട്ടാ മുബൈയും, ഹലോയും, റോക്ക് ആന്റ് റോളും ലാലിനെ വീണ്ടും കോമഡി ട്രാക്കിലാക്കി. പരദേശി പോലുള്ള ക്ലാസിക്ക് ചിത്രങ്ങളും, മിഴികൾ സാക്ഷി പോലെ ഹൃദയസ്പർശിയായ സിനിമകളും ലാൽ മാജിക്ക് രേഖപ്പെടുത്തി. ബ്ലസിയുടെ ഭ്രമരം, റോഷൻ ആൻഡ്രൂസിന്റെ ഇവിടം സ്വർഗമാണ് എന്നീ ചിത്രങ്ങളും ഈ കാലയളവിൽ മോഹൻലാൽ എന്ന നടന്റെ വൈഭവപ്രകടനങ്ങളായി മാറി.
ശിക്കാർ, പ്രണയം, സ്നേഹവീട്, ഒരു മരുഭൂമിക്കഥ, ഗ്രാൻ്റ്മാസ്റ്റർ എന്നിവയിൽ വ്യത്യസ്ത വേഷങ്ങളായിരുന്നു. 2010 മുതൽ 2013 വരെ 22 സിനിമകൾ മോഹൻലാലിന്റേതായി ഇറങ്ങി. വിജയമായത് വെറും എട്ടെണ്ണം. സാധാരണക്കാരന്റെ മുഖവും ശബ്ദവും ബുദ്ധിയുമുള്ള ദൃശ്യത്തിലെ ജോർജ്ജുകുട്ടി ബോക്സ് ഓഫീസിൽ ചലനമുണ്ടാക്കി. ഒപ്പം, പുലിമുരുകനും. 2019- ൽ പുറത്തിറങ്ങിയ ലൂസിഫറോടെ ഒരു ഘട്ടം പൂർത്തിയായി.
രാഷ്ട്രീയ നായകൻ
മോഹൻലാലിന്റെ ഓരോ സിനിമക്കും ഓരോ കഥാപാത്രത്തിനുമുള്ള രാഷ്ട്രീയം ആപേക്ഷികവും വിഭിന്നവും വ്യത്യസ്തവുമാണ്. നാനൂറിലേറെ സിനിമകളിലഭിനയിച്ച മോഹൻലാൽ എന്ന നടന്റെ രാഷ്ട്രീയസാരംശം എടുക്കുക ശ്രമകരമാണ്. അതുകൊണ്ടുതന്നെ എനിക്കിഷ്ടപ്പെട്ട ചില സിനിമകളുടെ രാഷ്ട്രീയം മാത്രം പറയാം.
ടി.പി. ബാലഗോപാലൻ എം.എ
ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്
നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
വെള്ളാനകളുടെ നാട്
ഏയ് ഓട്ടോ
ലാൽസലാം
വിയറ്റ്നാം കോളനി
മിഥുനം
സ്ഫടികം
ദൃശ്യം
ടി.പി.ബാലഗോപാലൻ കരുതലിന്റെയും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും പ്രതീകമായിരുന്നു. വ്യക്തിയെ പരിപൂർണമായി ഉപയോഗിച്ചശേഷം വലിച്ചെറിയുന്ന രീതി സമൂഹത്തിന്റെ പൊതുരീതിയായി തന്നെ സിനിമയിൽ അവതരിപ്പിക്കുന്നു. സ്വന്തം സമ്പാദ്യവും കരുതലുമെല്ലാം ഇഷ്ടമുള്ള മറ്റൊരാൾക്കായി ത്യാഗം ചെയ്തിട്ട് ഒന്നുമില്ലാതായി നിൽക്കുന്ന ബാലഗോപാലന്റെ പരിഭവങ്ങളൊന്നും അവശേഷിക്കാത്ത മനസ് മലയാളിക്ക് എളുപ്പം ഉൾക്കൊള്ളാനായി. തൊഴിലില്ലായ്മ അനുഭവിക്കുന്ന ശരാശരി മലയാളി യുവത്വം ഗാന്ധിനഗറിലെ സേതുവിൽ ഭദ്രമായിരുന്നു. കാലത്തിനുമുമ്പേ സഞ്ചരിച്ച സിനിമയാണ് നമുക്ക് പാർക്കാൻ മുന്തിരിതോപ്പുകൾ. പുരുഷാധികാരത്തിന്റെ ആക്രമണോത്സുകതയെ അനുതാപത്താൽ നിർവീര്യമാക്കിയ നായകനായിരുന്നു ഈ സിനിമയിലെ ലാൽ.
ലാഭക്കൊതിയുള്ള വ്യവസായം ലാലിനെ അനവധി നരസിംഹങ്ങളിലേക്ക് കൊണ്ടുപോയി. അദ്ദേഹത്തിന്റെ വാണിജ്യമൂല്യം മുതലെടുത്ത് പടച്ചുവിട്ട പല സിനിമകളും ബോക്സ് ഓഫീസിൽ തകർന്നുവീണു.
മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു എന്ന സിനിമയിലെ മുകുന്ദകൃഷ്ണൻ കർത്താ അച്ചടക്കത്തോടെ ജോലി ചെയ്യുന്നവരുടെ പക്ഷമാണ്. ജോലി തന്ന സ്ഥാപനത്തോടും മുതലാളിയോടും അദ്ദേഹം കാണിക്കുന്ന കൂറ് അവർണ്ണനീയമാണ്. വെള്ളാനകളുടെ നാട്ടിൽ, അഴിമതിക്കും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിനും എതിരെ പോരാടുന്ന സാധാരണക്കാരന്റെ സിനിമയാണ്. ഏയ് ഓട്ടോയിൽ തൊഴിലാളിപക്ഷ രാഷ്ട്രീയമുണ്ട്, നന്മയുടെ രാഷ്ട്രീയമുണ്ട്, പോരാട്ടത്തിന്റെ തീക്ഷ്ണതയുണ്ട്, സർവ്വോപരി തൊഴിലാളികൾ നികൃഷ്ടരല്ല എന്ന സന്ദേശമുണ്ട്. ലാൽസലാം, ഭരണകൂട രാഷ്ട്രീയവും നവ കമ്യൂണിസത്തിന്റെ ഐഡിയോളജിക്കൽ പ്രയോഗങ്ങളും തമ്മിലുള്ള സംഘർഷങ്ങളെ, സ്റ്റീഫൻ നെട്ടൂരാൻ എന്ന കഥാപാത്രത്തിലൂടെ വരച്ചിടുന്നു.
വിയറ്റ്നാം കോളനി, കുടിയൊഴിപ്പിക്കലിനെതിരായ രാഷ്ട്രീയം സരസമായി അനാവരണം ചെയ്ത സിനിമയാണ്. കൃഷ്ണമൂർത്തി ജീവിതം കൊടുക്കുന്നതോ, കോളനിയിൽ താമസിക്കുന്ന പട്ടാളം മാധവിയമ്മയുടെ മകൾ ഉണ്ണിമോൾക്ക്. ബ്യൂറോക്രസിയുടെ ചെകിട്ടത്തടിച്ച സിനിമയാണ് മിഥുനം. ദാക്ഷായണി ബിസ്ക്കറ്റ്സ് എന്ന വ്യവസായ സ്ഥാപനം തുടങ്ങാൻ പോകുന്ന സേതുമാധവനിലൂടെ വ്യവസായ സംസ്കാരത്തിന്റെ പ്രശ്നങ്ങളെയാണ് അടയാളപ്പെടുത്തുന്നത്.
സ്ഫടികം നല്ലൊരു വിദ്യാർത്ഥിപക്ഷ രാഷ്ട്രീയ സിനിമയാണ്. നൈസർഗ്ഗിക നൈപുണികളെ യാഥാസ്ഥിതിക കാഴ്ചപ്പാടുകൊണ്ടു വരിഞ്ഞുമുറുക്കാൻ ശ്രമിക്കുന്നവർക്കെതിരെയുളള താക്കീതാണ് സ്ഫടികം. ദൃശ്യമാകട്ടെ കുടുംബബന്ധങ്ങളിലെ സംഘർഷാത്മകതകളെ തീവ്രമായി അനുഭവിപ്പിക്കുന്നു.
അഭിനയത്തിൽ നാലു ദശാബ്ദം പിന്നിട്ട മോഹൻലാൽ എന്ന നടൻ നാന്നൂറിലേറെ സിനിമകൾ ചെയ്തു കാണും. ഓരോ സിനിമയിലും ലാൽ ശരീരം കൊണ്ടും ശബ്ദം കൊണ്ടും ഭാവം കൊണ്ടും നടത്തിയ സൂക്ഷ്മാഭിനയം, മലയാളിയുടെ അനവധി കാലങ്ങളുടെ റഫറൻസുകളാണ്. മോഹൻലാലിന്റെ കാലം കഴിഞ്ഞു എന്ന ആക്ഷേപങ്ങളെ റദ്ദാക്കുന്ന ഒരു ക്രിയാതലവും അതിന്റെ സാധ്യതകളും ഈ നടനിൽ ഇപ്പോഴും അവശേഷിക്കുന്നു.