മോഹൻലാൽ ഒരു സോളോ ഡ്രാമ

കൊല്ലാനും ചാവാനും അയാൾ മാത്രം മതിയാവുന്ന, നൂറ്റാണ്ടിലെ മികച്ച നായകനെയും മികച്ച വില്ലനെയും ഒരാളിൽ കണ്ടെത്താൻ കഴിയുന്ന അപൂർവാനുഭവത്തിന്റെ, അപൂർവ സങ്കലനത്തിന്റെ പേരാണ് മോഹൻലാൽ. ആയുധധാരിയായ പ്രവാചകനും നിരായുധനായ പ്രവാചകനും അയാളിലുണ്ട്- ലിജീഷ് കുമാർ എഴുതുന്നു.

The prophet armed,
the prophet unarmed,
the Prophet outcast

ട്രോട്സ്കിയുടെ ജീവചരിത്രപുസ്തകത്തിന്റെ തലക്കെട്ടാണ്:
ആയുധധാരിയായ പ്രവാചകൻ,
നിരായുധനായ പ്രവാചകൻ,
പുറത്താക്കപ്പെട്ട പ്രവാചകൻ.

ഈസാക്ക് ഡൊയ്ച്ചർ എന്ന ഇംഗ്ലീഷ് എഴുത്തുകാരൻ ഇതിനകത്ത്, ട്രോട്സ്കിയെ കൊല്ലുന്നതെങ്ങനെയാണ് എന്ന് വിവരിക്കുന്നുണ്ട്. താനെഴുതിയ പ്രബന്ധവുമായി പലവട്ടം കൊലയാളി ട്രോട്സ്കിയെ കാണാൻ വന്നിട്ടുണ്ട്. ഓവർക്കോട്ടിനകത്ത് ഒരു ഐസ് ആക്സ് ഒളിപ്പിച്ചുവെച്ച് അന്നും അയാൾ വന്നു. ട്രോട്സ്കി അയാളെ നോക്കി എപ്പോഴുമെന്നപോലെ ചിരിച്ചു. പുഞ്ചിരി മായാത്ത ചുണ്ടുകൾ അനക്കിക്കൊണ്ട് പ്രബന്ധം വായിച്ചുതുടങ്ങി. കൊലയാളി ആക്സെടുത്ത് ട്രോട്സ്കിയുടെ തലയിൽ ആഞ്ഞടിച്ചു. ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് താഴെ വീണ് ട്രോട്സ്കി അവസാനിച്ചു.

അത്ര ബലമൊന്നും ഈ വില്ലനില്ല. അന്നേരത്തെ ഉൾവിളിയുടെ മാത്രം കരുത്തിൽ ഉന്മാദിയാവുകയാണയാൾ.
അത്ര ബലമൊന്നും ഈ വില്ലനില്ല. അന്നേരത്തെ ഉൾവിളിയുടെ മാത്രം കരുത്തിൽ ഉന്മാദിയാവുകയാണയാൾ.

വശ്യമായ പുഞ്ചിരി കൊണ്ട് കാഴ്ചക്കാരെ മുഴുവൻ വശീകരിച്ച് പൊടുന്നനെ അവസാനിക്കുന്ന പ്രവാചകനെ ആരാണ് സിനിമയിലാവിഷ്കരിക്കുക എന്നു ചോദിച്ചാൽ എന്റെ തിരഞ്ഞെടുപ്പ് ആദ്യം മോഹൻലാലാവും. ചെങ്കോലിലെ സേതുമാധവൻ അങ്ങനെ കരയിച്ചാണ് ഒടുങ്ങിയത്, സദയത്തിലെ സത്യനാഥൻ അങ്ങനെത്തന്നെയാണ് അവസാനിച്ചത്.

അങ്ങനെ അവസാനിച്ച ലാൽക്കഷണങ്ങളുടെ കഥകൾ ഒരുപാട് പറയാനുണ്ട്. പക്ഷേ, ആരു ചെയ്യും ഈ സിനിമയിലെ വില്ലൻവേഷം? അത്ര ബലമൊന്നും ഈ വില്ലനില്ല. അന്നേരത്തെ ഉൾവിളിയുടെ മാത്രം കരുത്തിൽ ഉന്മാദിയാവുകയാണയാൾ. കിരീടത്തിലെ സേതുമാധവനെപ്പോലെ. മരണത്തിനെന്താ നിറം എന്നുചോദിച്ച് കഴുത്ത് ഞെരിക്കുന്ന സത്യനാഥനെപ്പോലെ. എന്റെ തിരഞ്ഞെടുപ്പ് അപ്പോഴും മോഹൻലാൽ തന്നെയാണ്.

ലാൽ എനിക്ക് ആരാണ് എന്ന ചോദ്യത്തിന്റെ ഉത്തരം വിപുലമാണ്. ലാൽ എന്റെ സിനിമയ്ക്ക് ആരാണ് എന്ന ചോദ്യത്തിന്റെ ഉത്തരം പക്ഷേ പറയാനെളുപ്പമാണ്. മോഹൻലാൽ ഒരു സോളോ ഡ്രാമയാണ്. കൊല്ലാനും ചാവാനും അയാൾ മാത്രം മതിയാവുന്ന, നൂറ്റാണ്ടിലെ മികച്ച നായകനെയും മികച്ച വില്ലനെയും ഒരാളിൽ കണ്ടെത്താൻ കഴിയുന്ന അപൂർവാനുഭവത്തിന്റെ, അപൂർവ സങ്കലനത്തിന്റെ പേരാണ് മോഹൻലാൽ.

മോഹൻലാലിനൊപ്പം ലിജീഷ് കുമാർ
മോഹൻലാലിനൊപ്പം ലിജീഷ് കുമാർ

ആയുധധാരിയായ പ്രവാചകനും നിരായുധനായ പ്രവാചകനും അയാളിലുണ്ട്. നമ്മുടെ ശീലങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ട പ്രവാചകൻ അടിമുടിയുണ്ട്. അതുകൊണ്ട് ഈസാക്ക് ഡൊയ്ച്ചർ ട്രോട്സ്കിയുടെ ജീവിതത്തിനിട്ട തലക്കെട്ടാണ് എനിക്ക് ലാൽ നൂറ്റാണ്ടിന്റെ തലക്കെട്ട് - the prophet armed, the prophet unarmed, the Prophet outcast.

ഈ മോഹൻലാൽ എന്നത് ഒട്ടുമേ റിയലിസ്റ്റിക്കല്ലാത്ത ഒരു ഫാൻ്റസി കാഴ്ചയാണ്. പെട്ടെന്ന് മഴ പെയ്യുന്ന പോലെയോ, ഒരു പൂ വിടരുന്നതു പോലെയോ സംഭവിക്കുന്ന കാഴ്ച മാത്രമാണത്, മനുഷ്യനല്ല! ഇന്നോളം മോഹൻലാലിനുപോലും അറിഞ്ഞുകൂടാത്ത ആ അത്ഭുതക്കാഴ്ചയാണ്, 'മോഹൻലാൽ ഇൻ ആൻഡ് ആസ്' എന്ന ആമുഖത്തോടെ നമ്മുടെ തീയേറ്ററിൽ വന്നു പോകാറുള്ളത്.

അതിനായുള്ള കാത്തിരിപ്പുകളെ കടന്ന് സഞ്ചരിച്ചിട്ടില്ല ഇതുവരേയും നമ്മുടെ കൊമേഴ്സ്യൽ സിനിമ. ഒറ്റരാത്രി കൊണ്ട് ഒരു ചേരി മുഴുവൻ ഒഴിപ്പിക്കുന്ന ജഗന്നാഥനെയോ, അവതാരപ്പിറവികളുടെ മുഴുവൻ രൗദ്രരൂപവും ആവാഹിച്ച നരസിംഹങ്ങളെയോ, പുലിയെ അതിന്റെ മടയിൽ ചെന്ന് കൊല്ലുന്ന മുരുകന്മാരെയോ, ഏതൊഴുക്കിനോടും മല്ലടിക്കാൻ കെല്പുള്ള മുള്ളൻകൊല്ലി വേലായുധന്മാരെയോ, കൂളിഗ് ഗ്ലാസ് വെച്ച് ഡബിൾ ബാരൽ ഗണ്ണിൽ സവാരി ഗിരിഗിരി നടത്തുന്ന രാവണന്മാരെയോ, മുണ്ടഴിച്ച് ചുഴറ്റുന്ന ആടു തോമയെയോ എഴുതില്ല, ലാലിനെ എഴുതുന്ന കലാചരിത്രമൊന്നും എന്നെനിക്കറിയാം. കലയ്ക്ക് ബാധ്യതയായ ഈ ഏർപ്പെടുകളെല്ലാമാണ് പക്ഷേ ഇവിടുത്തെ സിനിമാ ഇൻഡസ്ട്രിയെ വളർത്തിയത്. അതുകൊണ്ട് സങ്കല്പിക്കുന്നതിനെക്കാൾ വലിയ പോരാട്ടങ്ങൾ ജയിക്കാനറിയുന്ന ഒറ്റ യോദ്ധാവേ മലയാള സിനിമക്കുള്ളൂ, അത് മോഹൻലാലാണ്.

മോഹൻലാൽ എന്നത് ഒട്ടുമേ റിയലിസ്റ്റിക്കല്ലാത്ത ഒരു ഫാൻ്റസി കാഴ്ചയാണ്.
മോഹൻലാൽ എന്നത് ഒട്ടുമേ റിയലിസ്റ്റിക്കല്ലാത്ത ഒരു ഫാൻ്റസി കാഴ്ചയാണ്.

ഒരു മലയാള പടം ആദ്യമായി തിയേറ്ററിൽ നിന്ന് നൂറു കോടി വിളയിക്കുന്നത് 2016- ലാണ്. പിന്നീടിങ്ങോട്ടാണ് മലയാളിയുടെ സിനിമ വലിയ ബഡ്ജറ്റിൽ സ്വപ്നങ്ങൾ കണ്ടു തുടങ്ങിയത്. യോജിച്ചാലും, വിയോജിച്ചാലും അതുവരെ കാണാത്ത ഒരിൻഡസ്ട്രിയെ നിർമിച്ചാണ് 'പുലിമുരുകൻ' അന്നു തിയേറ്റർ വിട്ടത്.

“ഞാൻ എത്ര സിനിമകൾ സംവിധാനം ചെയ്‌താലും, ഇനിയൊരിക്കലും ഞാൻ സംവിധാനം ചെയ്‌തില്ലെങ്കിലും, നിങ്ങളെ സംവിധാനം ചെയ്യുന്നത് എന്റെ കരിയറിലെ സമ്പൂർണ ഹൈലൈറ്റാണ്” എന്നെഴുതി പൃഥ്വിരാജ് പാക്കപ്പ് പറഞ്ഞ ലൂസിഫറാണ് 200 കോടിയിൽ ചെന്നു തൊട്ട ആദ്യ മലയാള പടം. 1000 കോടിയുടെ ആൾപ്പെരുപ്പമുള്ള ഒരു സുന്ദരപുരുഷന്റെ പേരല്ല എനിക്ക് മോഹൻലാൽ.

ലാലെനിക്ക് ഒരിമോഷണൽ ഡ്രാമയാണ്. രസമുള്ള ഒരു ജീവിതാവിഷ്കാരമാണ്. എന്നിട്ടും ലോകസിനിമയ്ക്ക് ചെക്കുവെക്കാൻ കെല്പുള്ള മലയാളിയുടെ തുരുപ്പുചീട്ടിനെ കോടികളുടെ കണക്കുകൾ കാട്ടി കേവലമായി ആവിഷ്കരിക്കുന്നതെന്തുകൊണ്ടാണ് എന്ന ചോദ്യമുണ്ടാകും. അതിലേക്കാണ് വരുന്നത്.

സങ്കല്പിക്കുന്നതിനെക്കാൾ വലിയ പോരാട്ടങ്ങൾ ജയിക്കാനറിയുന്ന ഒറ്റ യോദ്ധാവേ മലയാള സിനിമക്കുള്ളൂ, അത് മോഹൻലാലാണ്.
സങ്കല്പിക്കുന്നതിനെക്കാൾ വലിയ പോരാട്ടങ്ങൾ ജയിക്കാനറിയുന്ന ഒറ്റ യോദ്ധാവേ മലയാള സിനിമക്കുള്ളൂ, അത് മോഹൻലാലാണ്.

നാമിരുന്ന് കാഴ്ച കാണുന്ന ഈ പുതിയ തിയേറ്ററുണ്ടല്ലോ, അത് ഈ ഇൻഡസ്ട്രിക്കൊപ്പം വളർന്നതാണ്. ഇതുവരെ കാണാത്ത നിറവും, ഇതുവരെ കേൾക്കാത്ത ശബ്ദവും നാം ഇവിടെയിരുന്നാണ് കേട്ടത്. നമുക്ക് കാണാൻ കോടികൾ മുടക്കുന്ന നിർമ്മാതാക്കളുണ്ടല്ലോ, അവരും ഈ ഇൻഡസ്ട്രിക്കൊപ്പം വളർന്നതാണ്.

നവോദയ അപ്പച്ചനിൽ നിന്ന് ആൻ്റണി പെരുമ്പാവൂരിലേക്ക് ഒരു നക്ഷത്രവർഷത്തിന്റെ ദൂരമുണ്ട്. ആ കാലത്തെ മലയാള സിനിമ അടയാളപ്പെടുത്തുക ‘ലാൽ നൂറ്റാണ്ട്’ എന്നു തന്നെയാണ്. ഒരു ക്രാഷ് ലാൻഡിംഗിന്റെയും ആവശ്യമില്ലാതെ ആർക്കും സുരക്ഷിതമായി ടർബോയോടിച്ച് വരാവുന്ന മോളിവുഡിന്റെ പുതിയ നക്ഷത്രപാത ആ നൂറ്റാണ്ടിന്റെ സംഭാവനയാണ്.

നവോദയ അപ്പച്ചനിൽ നിന്ന് ആൻ്റണി പെരുമ്പാവൂരിലേക്ക് ഒരു നക്ഷത്രവർഷത്തിന്റെ ദൂരമുണ്ട്. ആ കാലത്തെ മലയാള സിനിമ അടയാളപ്പെടുത്തുക ‘ലാൽ നൂറ്റാണ്ട്’ എന്നു തന്നെയാണ്.
നവോദയ അപ്പച്ചനിൽ നിന്ന് ആൻ്റണി പെരുമ്പാവൂരിലേക്ക് ഒരു നക്ഷത്രവർഷത്തിന്റെ ദൂരമുണ്ട്. ആ കാലത്തെ മലയാള സിനിമ അടയാളപ്പെടുത്തുക ‘ലാൽ നൂറ്റാണ്ട്’ എന്നു തന്നെയാണ്.

മലയാള സിനിമയുടെ ജീവചരിത്രം ഒരു മണിരത്നം പടത്തിന്റെ ടൈറ്റിലാണ്, ഇരുവർ. ഇവരിരുവരിൽ ഒരാൾ വില്ലനും മറ്റേയാൾ നായകനുമാണ്. സിനിമയിലായാലും ജീവിതത്തിലായാലും അങ്ങനെ കഥയുണ്ടാക്കാനേ നമുക്കറിയൂ. രണ്ടു നായകന്മാരുടെ കഥ മടുപ്പിക്കാതെ എത്ര നേരമാണ് പറയാനൊക്കുക. പരമേ ബോറൻ കഥ പറയുന്ന, ഒട്ടുമേ പുതുക്കാത്ത അക്കാദമിക് ബുദ്ധിജീവികളുടെ ക്ലാസ് മുറിയിൽ ഈ കഥ വന്നപ്പോഴൊക്കെയും ലാലായിരുന്നു വില്ലൻ. ഒട്ടുമേ അവർക്ക് മെരുങ്ങാത്ത ഒരാൾ.

അവർ പിടിച്ച് പൊളിറ്റിക്കലി കറക്റ്റാക്കാൻ നോക്കിയപ്പോഴൊക്കെ അവരോട് 'ശംഭോ മഹാദേവ' എന്നു പറഞ്ഞയാൾ. പക്ഷേ അവർക്കുമുണ്ട് ഒരു മോഹൻലാൽ, ഹലോ മൈ ഡിയർ റോംഗ് നമ്പർ എന്ന് പ്രിയദർശൻ സിനിമയ്ക്ക് പേർ വിളിച്ച പോലെ അവരുടെ കപ്പ് ഓഫ് ടീയല്ലാത്ത ഒരമ്പലവാസി, തിരോന്തരം നായർ. പക്ഷേ ഈ ഹെയ്റ്റേഴ്സിനെയെല്ലാം നിസ്സാരമായി എലിമിനേറ്റ് ചെയ്ത് മോഹൻലാലിന് മുന്നോട്ടു പോകാൻ കഴിയുന്ന ഒരു ബിഗ്ബോസ് വീടാണ് കേരളം.

അക്കാദമിക് ബുദ്ധിജീവികളുടെ ക്ലാസ് മുറിയിൽ കഥ വന്നപ്പോഴൊക്കെയും ലാലായിരുന്നു  വില്ലൻ. അവർ പിടിച്ച് പൊളിറ്റിക്കലി കറക്റ്റാക്കാൻ നോക്കിയപ്പോഴൊക്കെ അവരോട്  'ശംഭോ മഹാദേവ' എന്നു പറഞ്ഞയാൾ. പക്ഷേ അവർക്കുമുണ്ട് ഒരു മോഹൻലാൽ, ഹലോ മൈ ഡിയർ റോംഗ് നമ്പർ എന്ന് പ്രിയദർശൻ സിനിമയ്ക്ക് പേർ വിളിച്ച പോലെ അവരുടെ കപ്പ് ഓഫ് ടീയല്ലാത്ത ഒരമ്പലവാസി, തിരോന്തരം നായർ.
അക്കാദമിക് ബുദ്ധിജീവികളുടെ ക്ലാസ് മുറിയിൽ കഥ വന്നപ്പോഴൊക്കെയും ലാലായിരുന്നു വില്ലൻ. അവർ പിടിച്ച് പൊളിറ്റിക്കലി കറക്റ്റാക്കാൻ നോക്കിയപ്പോഴൊക്കെ അവരോട് 'ശംഭോ മഹാദേവ' എന്നു പറഞ്ഞയാൾ. പക്ഷേ അവർക്കുമുണ്ട് ഒരു മോഹൻലാൽ, ഹലോ മൈ ഡിയർ റോംഗ് നമ്പർ എന്ന് പ്രിയദർശൻ സിനിമയ്ക്ക് പേർ വിളിച്ച പോലെ അവരുടെ കപ്പ് ഓഫ് ടീയല്ലാത്ത ഒരമ്പലവാസി, തിരോന്തരം നായർ.

ഇരുവരിലൊരാൾ ഈദ് നമസ്കാരം ചെയ്യുന്ന പടം ആഘോഷപ്പടവും, മറ്റേയാൾ മാമാനിക്കുന്ന് ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്ന പടം വിവാദ പടമാവുമാകുന്ന സെലക്ടീവ് മതേതരത്വത്തിന്റെ ക്ലാസ് മുറിക്ക് പുറത്താണ് മലയാള സിനിമ. അവിടെ മതമോ ജാതിയോ തൊട്ടുതീണ്ടാത്ത മഹാഭൂരിപക്ഷത്തിന്റെ ഒരു മോഹൻലാലുണ്ട്. ഈ പരിവാരമാണ് അയാളുടെ സംഘം. മറ്റൊരു വിധത്തിൽ ഏച്ചുകെട്ടാൻ നോക്കിയാൽ, കണ്ണിറുക്കി ചിരിച്ചു കൊണ്ട് ലാൽ പറയും: ‘മറ്റൊരു വിധത്തിൽ എന്നൊന്നില്ല. ഉള്ളത് ഇതാണ്’. തിരുവനന്തപുരത്തിന്റെയോ, മാമാനിക്കുന്ന് മഹാദേവിയുടേയോ അല്ല - മലയാളത്തിന്റെ മോഹൻലാലാണ്, മറക്കരുത്.

ചിത്രകാരനായ ഒരു സെൻ ബുദ്ധിസ്റ്റ് പുരോഹിതനുണ്ട്, സെസ്ഷൂ ടോയോ. അയാളെക്കുറിച്ച് ആയിരം നാടോടിക്കഥകളുണ്ട് ജപ്പാനിൽ. അതിലൊരെണ്ണം പറയാം.

ചിത്രം വരയ്ക്കുന്നത് തന്റെ മഠാധിപതിക്ക് ഇഷ്ടമല്ലെന്ന് ടോയോയ്ക്കറിയാം. ഒരു ദിവസം ഈ മഠാധിപതി നേരിട്ട് ചെന്നു, എന്നിട്ടു പറഞ്ഞു: ''നിങ്ങളൊരു നല്ല ആർട്ടിസ്റ്റാണ്, പക്ഷേ നല്ല പുരോഹിതനല്ല. വരയോടുള്ള ഒടുക്കത്തെ അഭിനിവേശം കൊണ്ട് മതകാര്യങ്ങളിലൊന്നും നിങ്ങൾക്ക് ശ്രദ്ധയില്ല. ഞാൻ നിരാശനാണ്’’. സെസ്ഷൂ ഒരു മറുപടിയും പറഞ്ഞില്ല. മഠാധിപതി പോയ ശേഷം സുഹൃത്തുക്കളായ സന്ന്യാസിമാരോട് തന്നെ മഠത്തിന്റെ തൂണിൽ കെട്ടിയിടാൻ പറഞ്ഞു: ‘‘എനിക്ക് മാറണം. വരയ്ക്കാതിരിക്കാൻ മറ്റ് വഴികളില്ല’’.
ഒരു ദിവസമെങ്കിൽ ഒരു ദിവസം വരയ്ക്കാതിരുന്നാൽ, ആ പാഷൻ ഇച്ചിരി കുറഞ്ഞ് കിട്ടുമല്ലോ. അവരയാളുടെ കൈയ്യും കാലും തൂണോട് ചേർത്ത് കെട്ടി. ആ നിലയിൽ അയാൾ രാപ്പകൽ കിടന്നു. വിയർത്തു, ഭൂമി നനഞ്ഞു. നിർത്താതെ ചലിച്ച് ശീലിച്ച വിരലുകൾ ബന്ധനത്തിൽ കിടന്ന് പിടഞ്ഞു. പിറ്റേന്ന് പുലർനേരത്ത് സന്ന്യാസിമാർ വന്നു നോക്കി. സെസ്ഷൂവിന്റെ വിരലിനരികെ ഒരെലി ചത്തു കിടക്കുന്നു. ഇതെങ്ങനെ എലിക്ക് കിടക്കാം, ചത്ത എലിക്ക് ഇങ്ങനെ കിടക്കാനൊക്കുമോ? അവർ ചെന്ന് പതിയെ തൊട്ടു നോക്കി. അവർ ഞെട്ടിപ്പോയി. ബന്ധനത്തിൽ കിടന്ന് പിടഞ്ഞുപിടഞ്ഞ് സെസ്ഷൂവിന്റെ പെരുവിരൽ ഒരെലിയെ വരച്ചു വെച്ചിരിക്കുന്നു.

ഇങ്ങനെ മിണ്ടൂ, ഇങ്ങനെ ചെയ്യൂ, ഇത്തരം സിനിമകൾ ചെയ്യൂ എന്നൊന്നും നിങ്ങൾ പറഞ്ഞാൽ അയാൾക്കത് ചെയ്യാനൊക്കില്ല. ഒന്നും അയാളുടെ നിയന്ത്രണത്തിലല്ല. സിനിമ അയാളെ എങ്ങോട്ടോ കൊണ്ടു പോവുകയാണ്.
ഇങ്ങനെ മിണ്ടൂ, ഇങ്ങനെ ചെയ്യൂ, ഇത്തരം സിനിമകൾ ചെയ്യൂ എന്നൊന്നും നിങ്ങൾ പറഞ്ഞാൽ അയാൾക്കത് ചെയ്യാനൊക്കില്ല. ഒന്നും അയാളുടെ നിയന്ത്രണത്തിലല്ല. സിനിമ അയാളെ എങ്ങോട്ടോ കൊണ്ടു പോവുകയാണ്.

പാഷനു പിന്നാലെ അലയുന്ന മനുഷ്യർ ഇങ്ങനെയാണ്, സെസ്ഷൂവിനെപ്പോലെ, മോഹൻലാലിനെപ്പോലെ. ഈ മനുഷ്യരുടെ അവയവങ്ങളുടെ പ്രവർത്തനം പോലും അവരുടെ നിയന്ത്രണത്തിലല്ല. ശീലവും അഭിനിവേശവുമാണ് അവയെ ചലിപ്പിക്കുന്നത്. ഇങ്ങനെ മിണ്ടൂ, ഇങ്ങനെ ചെയ്യൂ, ഇത്തരം സിനിമകൾ ചെയ്യൂ എന്നൊന്നും നിങ്ങൾ പറഞ്ഞാൽ അയാൾക്കത് ചെയ്യാനൊക്കില്ല. ഒന്നും അയാളുടെ നിയന്ത്രണത്തിലല്ല. സിനിമ അയാളെ എങ്ങോട്ടോ കൊണ്ടു പോവുകയാണ്, അയാൾ നമ്മളേയും.

Comments