കുസൃതി നിറഞ്ഞ മോഹൻലാൽ, മനസ്സ് നിറയ്ക്കുന്ന ‘ഹൃദയപൂർവ്വം’

ശരീരഭാഷയിൽ പ്രസരിപ്പുള്ള, മുഖത്ത് കുസൃതി നിറയുന്ന മോഹൻലാലിനെ സിനിമയിലൂടനീളം കാണാമെന്നതാണ് ഹൃദയപൂർവം നൽകുന്ന വലിയൊരു പോസിറ്റീവ് ഘടകം. മലയാളത്തിലെ തലമുതിർന്ന സംവിധായകരിലൊരാളായ സത്യൻ അന്തിക്കാട് പുതിയ കാലത്തോട്, അവരെ ഉൾക്കൊണ്ട് കൊണ്ട് സംവദിക്കുന്നുവെന്നതാണ് മറ്റൊരു പോസിറ്റീവ്…

ലയാളസിനിമയിൽ സത്യൻ അന്തിക്കാടൻ സിനിമകൾ സൃഷ്ടിച്ചെടുത്തിട്ടുള്ള ഒരു യൂണിവേഴ്സുണ്ട്. ഗ്രാമീണഭംഗിയുള്ള ദൃശ്യാവിഷ്കാരങ്ങളിലൂടെ, ജീവിതഗന്ധിയായ കഥപറച്ചിലിലൂടെ, ചെറുകഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിച്ചും ചിരിപ്പിച്ചും ഇമോഷണലാക്കിയും കൂടെ കൊണ്ടുപോവുന്ന സിനിമകൾ. കഴിഞ്ഞ അഞ്ചരപ്പതിറ്റാണ്ടിനിടയിൽ മിനിമം ഗ്യാരൻറിയില്ലാത്ത അന്തിക്കാടൻ സിനിമകൾ അധികമൊന്നും ഉണ്ടായിട്ടില്ല. ഇത്രയും കാലം സിനിമാമേഖലയിൽ സജീവമായി നിൽക്കുന്നതിൻെറ തഴക്കവും വഴക്കവും പരിചയസമ്പത്തും അദ്ദേഹത്തിന് ആവോളമുണ്ട്. കാലത്തിനൊപ്പം അദ്ദേഹം അപ്ഡേറ്റായി നിൽക്കുന്നത് കൂടി കൊണ്ടാണ് മോഹൻലാലിനൊപ്പം ഹൃദയപൂർവം എന്നൊരു ഫീൽഗുഡ് ചിത്രം സംഭവിക്കുന്നത്. പഴയ വീഞ്ഞ് ഇടയ്ക്കൊക്കെ രസംകൊല്ലിയാവുന്നുണ്ടെങ്കിലും ഹൃദയത്തോട് ചേർത്ത് നിർത്താവുന്ന ഒരു രസികൻ സിനിമയാണ് ഇത്തവണത്തെ മോഹൻലാലിൻെറ ഓണച്ചിത്രം.

ചെറിയ ത്രെഡ്ഡിൽ നിന്ന് വലിയൊരു സിനിമ പരുവപ്പെടുത്തിയെടുക്കുന്നതിൻെറ സത്യൻ അന്തിക്കാട് ബ്രില്ല്യൻസാണ് ‘ഹൃദയപൂർവം’ ഒട്ടും മുഷിയാതെ കണ്ടിരിക്കാവുന്നതിൻെറ ഒരു പ്രധാനകാരണം. ഒപ്പം കുസൃതിത്തരങ്ങൾ നിറഞ്ഞ മോഹൻലാലിൻെറ സന്ദീപ് ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രവും. മോഹൻലാൽ എന്ന നടൻ മലയാളികളുടെ ഹൃദയത്തെ ഇത്രയേറെ വശീകരിച്ചിട്ടുള്ളത് ഇത്തരം കഥാപാത്രങ്ങളിലൂടെയാണ്. അതിൻെറ തുടർച്ചയാണ് ഹൃദയപൂർവത്തിലും സംഭവിക്കുന്നത്. ലാലിനൊപ്പം ജെറിയാവുന്ന (സംഗീത് പ്രതാപ്) യുവനടന് ലഭിച്ചിരിക്കുന്നത് വലിയ അവസരമാണ്. അത് ഗംഭീരമായി തന്നെ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട് സംഗീത്. ജെറിയുടെ തമാശകൾ നന്നായി വർക്കാവുന്നുണ്ട്. പഴയ ലാൽ - ശ്രീനിവാസൻ, ലാൽ - ജഗതി, ലാൽ - ഇന്നസെൻറ് കോമ്പിനേഷൻ തലത്തിലേക്ക് പലപ്പോഴും ഇത് ഉയരുന്നുണ്ട്. സംഗീതും മോഹൻലാലും തമ്മിലുള്ള രസതന്ത്രമാണ് ചിത്രത്തിൻെറ രസകരമായ ഒഴുക്കിനെ മുന്നോട്ട് കൊണ്ടുപോവുന്നത്. സിറ്റ്വേഷണൽ തമാശകളിൽ സംഭാഷണങ്ങൾക്കൊപ്പം തന്നെ വളരെ സട്ടിൽ ആയ എക്സ്പ്രഷനുകളിലൂടെയും ലാലും സംഗീതും കോമഡി സീക്വൻസുകൾ റിച്ചാക്കുന്നു.

ലാലിനൊപ്പം ജെറിയാവുന്ന (സംഗീത് പ്രതാപ്) യുവനടന് ലഭിച്ചിരിക്കുന്നത് വലിയ അവസരമാണ്. അത് ഗംഭീരമായി തന്നെ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട് സംഗീത്.
ലാലിനൊപ്പം ജെറിയാവുന്ന (സംഗീത് പ്രതാപ്) യുവനടന് ലഭിച്ചിരിക്കുന്നത് വലിയ അവസരമാണ്. അത് ഗംഭീരമായി തന്നെ ഉപയോഗപ്പെടുത്തിയിട്ടുമുണ്ട് സംഗീത്.

സത്യൻ അന്തിക്കാടിൻെറ പഴയ സിനിമകളിലെല്ലാം വരുന്ന ഒരുകൂട്ടം അഭിനേതാക്കളുണ്ട്. നുറുങ്ങ് സംഭാഷണങ്ങളിലൂടെയും ചെറുതമാശകളിലൂടെയും സിനിമയുടെ ഗ്രാഫ് ഉയർത്തുന്നവർ. ഇന്നസെൻറ്, കെ.പി.എ.സി ലളിത, ഒടുവിൽ ഉണ്ണികൃഷ്ണൻ, മാമുക്കോയ, നെടുമുടി വേണു, ജഗതി… അങ്ങനെ ഒത്തിരിപേർ. ഇവരുടെയെല്ലാം പ്രകടനം കൂടി ഒത്തുചേരുമ്പോഴാണ് സത്യൻ സിനിമകൾ അതിൻെറ പൂർണതയിലെത്തുന്നത്. ഹൃദയപൂർവത്തിൽ സിദ്ദീഖ് അവതരിപ്പിക്കുന്ന അളിയൻ കഥാപാത്രം എവിടെയൊക്കെയോ ഇന്നസെൻറിനെ അനുസ്മരിപ്പിക്കുന്നുണ്ട്. ഒരുപക്ഷേ ഇന്നസെൻറ് ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ അദ്ദേഹം തന്നെ അഭിനയിപ്പിച്ച് ഫലിപ്പിക്കുമായിരുന്നു ഈ കഥാപാത്രമെന്ന് തോന്നിപ്പോവും. സിദ്ദീഖിൻെറ മാനറിസങ്ങളിലും കഥാപാത്രത്തിൻെറ ഗെറ്റപ്പിലുമൊത്തെ എവിടെയൊക്കെയോ ഇന്നസെൻറ് നിറഞ്ഞ് നിൽക്കുന്നു. ലാലു അലക്സ് അവതരിപ്പിക്കുന്ന ജേക്കബും പഴയ സത്യൻ അന്തിക്കാട് യൂണിവേഴ്സിൽ വരുന്ന കഥാപാത്രമാണ്. ജനാർദ്ദനൻെറ ചിറ്റപ്പൻ കഥാപാത്രവും അതേ ഗണത്തിൽ വരുന്നതാണ്.

മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുമ്പോൾ തീർച്ചയായും പ്രേക്ഷകർ അമിത പ്രതീക്ഷകൾ വെച്ചുപുലർത്തുമെന്ന് ഉറപ്പാണ്. അപ്പുണ്ണിയിൽ തുടങ്ങീ, ടി.പി. ബാലഗോപാലൻ എം.എ, ഗാന്ധിനഗർ സെക്കൻറ് സ്ട്രീറ്റ്, സൻമനസ്സുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, വരവേൽപ്പ് എന്നിങ്ങനെ അവരൊന്നിച്ചപ്പോഴെല്ലാം അത്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ട്.

ഹൃദയം മാറ്റിവെച്ച ഒരു വ്യക്തി, യാദൃശ്ചികമായി തൻെറ ഡോണറുടെ കുടുംബവുമായി ബന്ധപ്പെടേണ്ടി വരികയും അവരെ കൂടുതൽ പരിചയപ്പെട്ടതിന് ശേഷം ഇമോഷണലി അറ്റാച്ച്ഡ് ആവുകയും ചെയ്യുന്നുവെന്നതാണ് ചിത്രത്തിൻെറ വൺലൈൻ. കേരളത്തിലും പൂനെയിലുമായിട്ടാണ് കഥ നടക്കുന്നത്. ഇവിടെയും അവിടെയുമുള്ള കുറേ കഥാപാത്രങ്ങൾ ഉണ്ടാക്കുന്ന രസകരമായ നിമിഷങ്ങൾ കോർത്തുകോർത്ത് വെച്ചാണ് സിനിമ മുന്നോട്ട് പോവുന്നത്. ഇടയിൽ അനാവശ്യമെന്ന് തോന്നിക്കുന്ന ചില പാട്ടുകളുണ്ട്. അത്തരത്തിലുള്ള ചില പഴഞ്ചൻ പാറ്റേണുകൾ മാറ്റിപ്പിടിക്കാൻ സത്യൻ അന്തിക്കാട് തയ്യാറാവുന്നില്ല. എൻഗേജ്മെൻറ് ഫംങ്ഷന് മുമ്പൊരു ഡാൻസ് പാട്ട്, പ്രധാന കഥാപാത്രങ്ങൾ തമ്മിൽ കൂടുതൽ അടുക്കുന്നത് കാണിക്കാൻ ഒരു റൊമാൻസ് പാട്ട്… അങ്ങനെ കൊമേഴ്സ്യൽ സിനിമയുടെ പഴഞ്ചൻ ചേരുവ ഇവിടെയും ചേർത്ത് വെച്ചിട്ടുണ്ട്.

മാളവികാ മോഹനനാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളിലൊരാൾ. കേരളത്തിന് പുറത്ത് ജനിച്ച് വളർന്ന ഒരു പെൺകുട്ടിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാളവികയോട് മലയാളി പ്രേക്ഷകർക്ക് ഒരു അൺറിലേറ്റബിലിറ്റി തോന്നാവുന്നതാണ്. ചിന്താവിഷ്ടയായ ശ്യാമളയിലെ ടൈറ്റിൽ ക്യാരക്ടർ ചെയ്ത് ഗംഭീര പെർഫോമൻസ് നടത്തിയിട്ടുള്ള സംഗീത ഏറെക്കാലത്തിന് ശേഷം ശ്രദ്ധേയമായ ഒരു റോളിൽ ഹൃദയപൂർവത്തിലുണ്ട്.

ചാടിച്ചാടി നിൽക്കുന്ന, പ്രസരിപ്പുള്ള, മുഖത്ത് കുസൃതി നിറയുന്ന മോഹൻലാലിനെ സിനിമയിലൂടനീളം കാണാമെന്നതാണ് ഹൃദയപൂർവം നൽകുന്ന വലിയൊരു പോസിറ്റീവ് ഘടകം.
ചാടിച്ചാടി നിൽക്കുന്ന, പ്രസരിപ്പുള്ള, മുഖത്ത് കുസൃതി നിറയുന്ന മോഹൻലാലിനെ സിനിമയിലൂടനീളം കാണാമെന്നതാണ് ഹൃദയപൂർവം നൽകുന്ന വലിയൊരു പോസിറ്റീവ് ഘടകം.

ചാടിച്ചാടി നിൽക്കുന്ന, പ്രസരിപ്പുള്ള, മുഖത്ത് കുസൃതി നിറയുന്ന മോഹൻലാലിനെ സിനിമയിലൂടനീളം കാണാമെന്നതാണ് ഹൃദയപൂർവം നൽകുന്ന വലിയൊരു പോസിറ്റീവ് ഘടകം. മലയാളത്തിലെ തലമുതിർന്ന സംവിധായകരിലൊരാളായ സത്യൻ അന്തിക്കാട് പുതിയ കാലത്തോട്, അവരെ ഉൾക്കൊണ്ട് കൊണ്ട് സംവദിക്കുന്നുവെന്നതാണ് മറ്റൊരു പോസിറ്റീവ്. ഇത്രയേറെ സിനിമകൾ ചെയ്തിട്ടും അദ്ദേഹം താൻ നിലനിൽക്കുന്ന മേഖലയെ എത്രത്തോളം പാഷനോടുകൂടിയാണ് ഇപ്പോഴും സമീപിക്കുന്നതെന്നത് അത്ഭുതപ്പെടുത്തുന്നു. മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുമ്പോൾ തീർച്ചയായും പ്രേക്ഷകർ അമിത പ്രതീക്ഷകൾ വെച്ചുപുലർത്തുമെന്ന് ഉറപ്പാണ്. അപ്പുണ്ണിയിൽ തുടങ്ങീ, ടി.പി. ബാലഗോപാലൻ എം.എ, ഗാന്ധിനഗർ സെക്കൻറ് സ്ട്രീറ്റ്, സൻമനസ്സുള്ളവർക്ക് സമാധാനം, നാടോടിക്കാറ്റ്, വരവേൽപ്പ് എന്നിങ്ങനെ അവരൊന്നിച്ചപ്പോഴെല്ലാം അത്ഭുതങ്ങൾ സംഭവിച്ചിട്ടുണ്ട്. ലാൽ - സത്യൻ അന്തിക്കാട് കോമ്പിനേഷൻ നിരാശപ്പെടുത്തില്ലെന്ന വിശ്വാസത്തെ തൃപ്തിപ്പെടുത്തുന്നുണ്ട് ഈ ഫീൽഗുഡ് എൻറർടെയ്നർ.

Comments