കാണുന്നവരെ എങ്ങനെ മോഹൻലാൽ
ഇത്രമാത്രം ബാധിക്കുന്നു?

ഒരു അഭിനേത്രിയായതിനുശേഷമാണ് മോഹൻലാൽ എന്ന നടൻ എത്ര ഭാവതീവ്രതയോടെയാണ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരുന്നത് എന്ന കാര്യം ഞാൻ മനസിലാക്കുന്നത് - യമ എഴുതുന്നു.

യമ

രു സമൂഹത്തിലെ സാമാന്യമനസിന്റെ ഭാവനയെ പ്രചോദിപ്പിക്കുന്നതിലും ഭയപ്പെടുത്തുന്നതിലും കലയ്ക്കും കലാകാരർക്കുമുള്ള പങ്ക് വളരെ വലുതാണ്. എന്തുതരം കലയാണ് മനുഷ്യനെ ബാധിക്കുക എന്നത് പ്രവചിക്കാൻ സാധിക്കാത്ത ഒന്നാണ്. ഇഷ്ടങ്ങൾക്കും അനിഷ്ടങ്ങൾക്കും ഉപരിയായി കലാസൃഷ്ടികൾ നമ്മുടെ ചിന്തയെയും വികാരങ്ങളെയും ബാധിച്ചുകളയും, ചിലപ്പോൾ സ്വപ്നത്തിൽ പോലും അവ നമ്മെ പിന്തുടരും.

ഇന്ത്യ പോലുള്ള ഒരു മൂന്നാം ലോകരാജ്യത്തെ മനുഷ്യർ അവരുടെ ജീവിതയാഥാർഥ്യങ്ങളിൽ നിന്ന് ഓടി രക്ഷപ്പെടുന്നത് ഇങ്ങനെ കലയുടെ തുറസ്സുകളിലേക്കു കൂടിയാണ്. ഭാഗ്യവശാലോ നിർഭാഗ്യവശാലോ സിനിമ പോലുള്ള ഒരു സമൂഹകല നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണ്. ഒരു ആചാരം പോലെ ഭാരതീയരെ സിനിമ പിടികൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ നല്ലതും ചീത്തയും എല്ലാം കലയിലൂടെ, സിനിമയിലൂടെ നമ്മുടെ നിത്യജീവിതത്തിൽ നിറഞ്ഞുനിൽക്കുന്നു, അതുകൊണ്ടു തന്നെ സിനിമാ അഭിനേതാക്കളും.

കിരീടം സിനിമ തുടങ്ങി, 'കണ്ണീർപൂവിന്റെ കവിളിൽ തലോടി' എന്ന പാട്ടു തുടങ്ങിയതും ഞാൻ മുറിയിൽ നിന്നിറങ്ങി, വീടിനു പുറത്തേക്ക് നടന്നു. ടി.വിയുള്ള വീടുകളിലെല്ലാം കണ്ണീർപൂവ് കരഞ്ഞുകലങ്ങുന്നു.

അഭിനേതാക്കളോട് ഇത്രയും ഭ്രാന്തമായ ആരാധന വച്ചുപുലർത്തുന്ന ഒരു സമൂഹം ഈ ഭൂമിയിലുണ്ടോ എന്ന് തോന്നിപ്പോകും. ആരാധന എന്ന് പറയാനില്ലെങ്കിലും സിനിമാ അഭിനേതാക്കൾ പലരും ഒരു ബാധ പോലെ പലപ്പോഴും എന്നെ പിന്തുടർന്നിട്ടുണ്ട്. സ്ക്രീനിലെ അവരുടെ ചലനങ്ങൾ, ചിരികൾ, നോട്ടങ്ങൾ, പക, സ്നേഹപ്രകടനങ്ങൾ... അങ്ങനെ ഞാൻ തന്നെയാണ് അവർ എന്ന നിലയ്ക്ക് പലപ്പോഴും ദിവസങ്ങൾ കടന്നുപോയിട്ടുണ്ട്. സ്ത്രീകളും പുരുഷന്മാരുമായി പല അഭിനേതാക്കളും പല കാലങ്ങളിലായി എന്നെ ബാധിച്ചിട്ടുണ്ട്.

കാര്യമെന്തെന്നറിയാതെ മോഹൻലാൽ എന്റെ പ്രിയ നടനായിരുന്നു. എന്തുകൊണ്ട് ആ നടനെ ഇഷ്ടമായിരുന്നു എന്നാരെങ്കിലും അന്ന് ചോദിച്ചാൽ എനിക്കു പറയാൻ ഉത്തരങ്ങളില്ലായിരുന്നു. അയാൾ എന്റെ സൗന്ദര്യ സങ്കല്പത്തിൽപെട്ടിരുന്ന ഒരു നടനും ആയിരുന്നില്ല.

പ്രൈമറി സ്‌കൂൾ കാലഘട്ടത്തിൽ ഞാൻ മോഹൻലാലിന്റെ ഫാൻ ആണെന്ന് പ്രഖ്യാപിച്ചിരുന്നു. വീടിനടുത്തുള്ള കുട്ടികളിൽ പലരും മമ്മൂട്ടിയുടേയും. അത് എന്തുകൊണ്ടായിരുന്നു എന്ന് ഇപ്പോൾ ആലോചിച്ചാൽ എനിക്ക് ഉത്തരമില്ല. കോമഡി രംഗങ്ങൾ ചെയ്യാൻ കഴിവുള്ളവരെ എപ്പോഴും വളരെ അദ്‌ഭുതത്തോടെയാണ് ഞാൻ നോക്കിയിരുന്നത്. അന്നത്തെ നായകന്മാരിൽ മോഹൻലാലിന് അത് കഴിഞ്ഞിരുന്നു എന്നതു കൊണ്ടുമാവാം. അക്കാരണം കൊണ്ടുതന്നെ എനിക്ക് ഉർവശി, ശോഭന, ജൂഹി ചാവ്‌ല, ശ്രീദേവി, ഫിലോമിന, കെ. പി. എ. സി. ലളിത, അടൂർ പങ്കജം, മീന എന്നീ നടിമാരെയും വലിയ പ്രിയമായിരുന്നു. പിന്നീടും, കാര്യമെന്തെന്നറിയാതെ മോഹൻലാൽ എന്റെ പ്രിയ നടനായിരുന്നു. എന്തുകൊണ്ട് ആ നടനെ ഇഷ്ടമായിരുന്നു എന്നാരെങ്കിലും അന്ന് ചോദിച്ചാൽ എനിക്കു പറയാൻ ഉത്തരങ്ങളില്ലായിരുന്നു. അയാൾ എന്റെ സൗന്ദര്യ സങ്കല്പത്തിൽപെട്ടിരുന്ന ഒരു നടനും ആയിരുന്നില്ല. സുന്ദരന്മാർ എന്ന് എനിക്ക് തോന്നിയിരുന്നവരെല്ലാം ക്രിക്കറ്റ് താരങ്ങളായിരുന്നു. അങ്ങനെയിരിക്കെ കിരീടം എന്ന സിനിമ ഒരിക്കൽ ദൂരദർശനിൽ സംപ്രേക്ഷണം ചെയ്തു. മോശമാണെങ്കിലും കണ്ടുതുടങ്ങുന്ന ഒരു സിനിമ പാതിവഴിയിൽ കണ്ടു നിർത്തുന്ന സ്വഭാവം ഈ അടുത്തിടെവരെ എനിക്കില്ലായിരുന്നു.

സദയം, വാനപ്രസ്ഥം എന്നീ സിനിമകൾ എനിക്ക് തീവ്രമായ ദുഃഖം സമ്മാനിച്ച മോഹൻലാൽ സിനിമകളാണ്.

ഹൈസ്‌കൂളിൽ പഠിക്കുന്ന സമയമായിരുന്നു എന്നാണ് ഓർമ. കിരീടം സിനിമ തുടങ്ങി, 'കണ്ണീർപൂവിന്റെ കവിളിൽ തലോടി' എന്ന പാട്ടു തുടങ്ങിയതും ഞാൻ മുറിയിൽ നിന്നിറങ്ങി, വീടിനു പുറത്തേക്ക് നടന്നു. ടി.വിയുള്ള വീടുകളിലെല്ലാം കണ്ണീർപൂവ് കരഞ്ഞുകലങ്ങുന്നു. അന്തരീക്ഷം മുഴുവൻ ദുഃഖം തളം കെട്ടി നിൽക്കുന്നു. എനിക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് തോന്നി. പാട്ടുകഴിഞ്ഞിട്ടും സിനിമ കാണാൻ ഞാൻ തിരികെ മുറിയിൽ പോയില്ല. പിന്നീട്, വർഷങ്ങൾക്കുശേഷം ഏഷ്യാനെറ്റ് കേബിൾ ടി.വി വന്ന സമയത്തും പലപ്പോഴായി കിരീടം സംപ്രേഷണം ചെയ്തു. ഇത്തവണ പടം മുഴുമിപ്പിക്കും എന്ന് ഞാൻ തീർച്ചയാക്കും. പാട്ടു തുടങ്ങുമ്പോൾ ഇറങ്ങി നടക്കും. അങ്ങനെ ഒരുപാട് വർഷങ്ങൾക്കുശേഷമാണ് ഞാൻ ബുദ്ധിമുട്ടി ആ സിനിമ കണ്ടുതീർത്തത്.

ഒരു അഭിനേത്രിയായതിനുശേഷമാണ് മോഹൻലാൽ എന്ന നടൻ എത്ര ഭാവതീവ്രതയോടെയാണ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്തിരുന്നത് എന്ന കാര്യം ഞാൻ മനസിലാക്കുന്നത്. ഒരു അഭിനേതാവിന്റെ അഭിനയമികവുകൊണ്ടുമാത്രം ഒരു സിനിമ കണ്ടുപൂർത്തിയാക്കാൻ ഒരു കാഴ്ചക്കാരിയ്ക്ക് കഴിഞ്ഞില്ല എന്നത്, ഒരു അഭിനേതാവ് എന്ന നിലയ്ക്ക് അയാളെ പ്രശ്നത്തിലാക്കേണ്ടതല്ലേ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സദയം, വാനപ്രസ്ഥം എന്നീ സിനിമകളും എനിക്ക് ഇതുപോലെ തീവ്രമായ ദുഃഖം സമ്മാനിച്ച മോഹൻലാൽ സിനിമകളാണ്.

സ്വന്തം അഭിനയ മികവ് ഒന്നുകൊണ്ടുമാത്രം സ്‌കീനിൽ സൗന്ദര്യം വയ്ക്കുന്ന നടനാണ് മോഹൻലാൽ. ഭാവനോട്ടം കൊണ്ട് സൗന്ദര്യം നിറയുന്ന അയാളുടെ കണ്ണുകളാണ് സ്കീനും കവിഞ്ഞ് അയാളുടെ കഥാപാത്രങ്ങളെ പുറത്തേക്കിറക്കിവിട്ടത്.

ഇത്രയും മനോഹരമായി 'ദുഃഖം' അഭിനയിക്കുന്ന മറ്റൊരു നടൻ ഓം പുരി മാത്രമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ശരീരം കൊണ്ട് ചെയ്യാവുന്ന കാരക്ടർ ട്രാൻസ്ഫോർമേഷനുതകുന്ന ശരീരഘടനയല്ല മോഹൻലാലിന്റേത് എന്ന് പലരും പറയുന്നത് ശരിയാണെന്നു തോന്നിയിട്ടുണ്ട്. ഒരിക്കലും മാറാത്ത ശരീരഭാഷയുമായി, അതേ ആൾ തന്നെയായി, അയാൾ എങ്ങനെ കാണുന്നവരെ ഇത്രമാത്രം ബാധിക്കുന്നു? ഒരു കൂടിയാട്ടം കലാകാരനെപ്പോലെ, അല്ലെങ്കിൽ ഒരു കഥകളി നടനെപ്പോലെ വളരെ വ്യത്യസ്തമല്ലാത്ത ഉടുത്തുകെട്ടിൽ അയാൾ ആടി തകർക്കുകയായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. മോഹൻലാലിന്റെ ആദ്യ കാല വില്ലൻ വേഷങ്ങൾ കണ്ടാൽ ഇത്ര ചെറുപ്രായത്തിൽ അയാൾ എങ്ങനെ ഇത്ര മനോഹരമായി നെഗറ്റീവ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്തു എന്ന് അന്തിച്ചുപോകും.

സ്വന്തം അഭിനയമികവ് ഒന്നുകൊണ്ടുമാത്രം സ്‌കീനിൽ സൗന്ദര്യം വയ്ക്കുന്ന നടനാണ് മോഹൻലാൽ. ഭാവനോട്ടം കൊണ്ട് സൗന്ദര്യം നിറയുന്ന അയാളുടെ കണ്ണുകളാണ് സ്കീനും കവിഞ്ഞ് അയാളുടെ കഥാപാത്രങ്ങളെ പുറത്തേക്കിറക്കിവിട്ടത്. കഴിഞ്ഞ കുറെ ദശകങ്ങളായി മലയാളിയുടെ സാംസ്‌കാരിക ഓർമകളിൽ ആ നടൻ നിറഞ്ഞു നിൽക്കുന്നുവെങ്കിൽ അതയാൾ പ്രാക്റ്റീസ് ചെയ്യുന്ന കലയിലെ മികവ് കൊണ്ടുമാത്രമാണ്.


യമ

എഴുത്തുകാരി, നടി. തിയേറ്റർ രംഗത്ത് ശ്രദ്ധേയ. ഒരു വായനശാലാ വിപ്ലവം, പാലം കടക്കുമ്പോൾ പെണ്ണുങ്ങൾ മാത്രം കാണുന്നത്എന്നീ കഥാസമാഹാരങ്ങളും, പിപീലികഎന്ന നോവലും കൃതികളാണ്.

Comments