ടോക്സിക് മാസ്കുലിനിറ്റിയുടെ മോഹൻലാൽ; വിൻസെന്റ് ഗോമസ് മുതൽ അബ്രാം ഖുറൈശി വരെ

2000-ൽ നരസിംഹം പുറത്തുവന്നു. ആദിമദ്ധ്യാന്തം ഒരു കാർണിവൽ മൂവി. പൂവള്ളി ഇന്ദുചൂഡൻ എന്ന അന്തസാരശൂന്യമായ ഒരു കഥാപാത്രത്തെ പണവും പ്രതിഭയും കൊണ്ട് സ്വന്തം തേറ്റയിൽ പൊക്കിയെടുത്തത് മോഹൻലാലാണ്. ഏതാണ്ടിതേ വോൾട്ടേജിൽ വല്യേട്ടൻ കൂടി ഇറങ്ങിയതൊടെ മലയാള സിനിമാ ഇൻഡസ്ട്രിയിലെ പല ഫ്യൂസുകളും അടിച്ചുപോയി

മോഹൻലാലിനെന്തും വഴങ്ങുമോ എന്നറിയില്ല. പക്ഷേ ടോക്സിക് മാസ്കുലിനിറ്റിയുള്ള ചില കഥാപാത്രങ്ങളിലൂടെയാണ് ഈ നടൻ ഇൻഡസ്ട്രിയിൽ അനിഷേധ്യനായി തീരുന്നത്.

1980-ൽ പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സൂപ്പർ ഹിറ്റ് മൂവിയിലെ കൊടിയ വില്ലനായാണ് രംഗപ്രവേശം. പ്രേമിനും പ്രഭയ്ക്കും ഇടയിലേക്ക് ഒരു നരകത്തീ പോലെയാണ് നരേന്ദ്രൻ കടന്നുവരുന്നത്. നരേന്ദ്രന്റെ ഇൻട്രൊ തന്നെ വളരെ ഡ്രമാറ്റിക്കാണ്. അയാൾ പ്രഭയെ മുറിയിലും മുക്കിലും വേട്ടയാടുന്ന ഒരു ദ്രോഹബുദ്ധിയായ പുരുഷനാണ്. പ്രഭയെ നരേന്ദ്രനും നരേന്ദ്രനെ പ്രേമും കൊലപ്പെടുത്തുന്നു. പ്രേം ആത്മഹത്യ ചെയ്യുന്നു. ലോലമായൊരു പ്രണയാന്തരീക്ഷത്തെ നിമിഷാർദ്ധങ്ങൾ കൊണ്ടാണ് മോഹൻലാലിന്റെ നരേന്ദ്രസാന്നിദ്ധ്യം മറ്റൊന്നാക്കി തീർക്കുന്നത്. അഥവാ നഞ്ഞെന്തിനാണ് നന്നാഴി എന്ന നാടൻ ചോദ്യം പോലെയാണ് മോഹൻലാലിന്റെ തുടക്കം.

മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍

1986, രാജാവിന്റെ മകൻ എന്ന സിനിമയിലൂടെ, മോഹൻലാലിന്റെ കരിയറിലെ വഴിത്തിരിവായി മാറിയ വർഷമാണ്. സിഡ്നി ഷെൽഡന്റെ റേജ് ഓഫ് ഏൻജൽസ് (1980) എന്ന പേജ് ടേണർ ക്ലാസിക്കിൽ നിന്ന് ഡെന്നിസ് ജോസഫ് ചുരണ്ടിയെടുത്ത ഈ പടം മലയാളത്തിലെ ട്രെൻഡ് സെറ്ററായി. മോഹൻലാലിന്റെ വിൻസെൻ്റ് ഗോമസും രതീഷിന്റെ കൃഷ്ണദാസും വെള്ളിത്തിരയിൽ തീ പാറുന്ന അഭിനയമത്സരമാണ് കാഴ്ചവെച്ചത്.

മോഹൻലാൽ ഓടിയും ചാടിയും കഷ്ടപ്പെടുമ്പോൾ രതീഷ് മിക്കവാറും ചില നോട്ടങ്ങളിലൂടെ തന്നെ ടോക്സിക് ലെവലിന്റെ ബോയിലിംഗ് പോയിൻ്റുകൾ കടന്നുപോയി.

1987-ൽ ന്യൂഡൽഹി എന്ന സിനിമയിലൂടെ മമ്മൂട്ടി ഈ ടോക്സിക് മാസ്കുലീനതകളുടെ എല്ലാ ലെവലുകളും കടന്ന് എയറിൽ പോവുന്നതൊടെയാണ് മലയാള സിനിമ മോഹൻ ലാൽ / മമ്മൂട്ടി താരവാഴ്ചകളുടെ ഇരട്ടത്തായമ്പക കേട്ടുതുടങ്ങുന്നത്. ഏതാണ്ടതേ കാലത്താണ് കേരളത്തിൽ യു ഡി എഫ് / എൽ ഡി എഫ് മുന്നണിഭരണങ്ങൾ അഞ്ച് വർഷങ്ങളുടെ കൃത്യതയൊടെ മാറിമാറി വരുന്ന പ്രതിഭാസവും സമാരംഭിക്കുന്നത്.

രാജാവിന്റെ മകന്‍

മഹാഭാരതത്തിലെ കർണ്ണനും ചിലപ്പതികാരത്തിലെ കണ്ണകിയും മിന്നിമറയുന്ന രണ്ട് കഥാപാത്രങ്ങളാണ് മംഗലശ്ശേരി നീലകണ്ഠനും ഭാനുമതിയും. 1993. ഐ.വി. ശശി അണഞ്ഞുതീരും മുന്നെ ആളിയെരിഞ്ഞ ദേവാസുരം. ടോക്സിക് മാസ്കുലിനിറ്റി ഒരു നോർമലായി കരുതി ജീവിക്കുന്ന മംഗലശ്ശേരി നീലകണ്ഠനെന്ന ഓൾഡ് ഫ്യൂഡൽ ലോഡിന്റെ ലീലാപരതയും പതനവും ഉയർത്തെഴുന്നേൽപ്പുമാണ് ഈ സിനിമയിലെ കഥാതന്തു. തിരക്കഥാകൃത്തായ രഞ്ജിത്തിന് പിന്നെ ഒരു കാലം വരെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

2000-ൽ നരസിംഹം പുറത്തുവന്നു. ആദിമദ്ധ്യാന്തം ഒരു കാർണിവൽ മൂവി. പൂവള്ളി ഇന്ദുചൂഡൻ എന്ന അന്തസാരശൂന്യമായ ഒരു കഥാപാത്രത്തെ പണവും പ്രതിഭയും കൊണ്ട് സ്വന്തം തേറ്റയിൽ പൊക്കിയെടുത്തത് മോഹൻലാലാണ്. ഏതാണ്ടിതേ വോൾട്ടേജിൽ വല്യേട്ടൻ കൂടി ഇറങ്ങിയതൊടെ മലയാള സിനിമാ ഇൻഡസ്ട്രിയിലെ പല ഫ്യൂസുകളും അടിച്ചുപോയി.

ദേവാസുരം

പൂവള്ളി ഇന്ദുചൂഡനായ ക്ഷീണം മോഹൻലാലെന്ന വിലപിടിപ്പുള്ള ആക്ടറെ ഏറെക്കാലം പിന്തുടരുകയും അദ്ദേഹം ഏതാണ്ടൊരു ആത്മീയവാദിയാവുകയും ചെയ്തു. മോഹൻ ലാലിന്റെ കുറെ നല്ല കാലം അങ്ങനെ പോയി. അതിനും മാത്രം ടോക്സിസിറ്റിയാണ് ആ സിനിമക്കുവേണ്ടി മോഹൻലാൽ പകർന്നാടിയത്. 2000-ൽ നരസിംഹത്തിനൊപ്പം കിന്നാരത്തുമ്പിയിലെ ദാക്ഷ്യായണി എന്ന ടോക്സിക്ക് കഥാപാത്രമായ് വന്ന ഷക്കീലയും താരപദവിയുടെ ഒരു എളിയ കാലം കൊണ്ടാടുന്നുണ്ട്. നരസിംഹത്തിലും കിന്നാരത്തുമ്പിയിലും പ്രധാന കഥാപാത്രങ്ങൾ കയ്യടി വാങ്ങിക്കൂട്ടുന്ന സീനുകളിലെ ജലസാന്നിദ്ധ്യവും ശ്രദ്ധേയമാണ്.

2019-ൽ പൃഥിരാജിന്റെ ലൂസിഫറാണ് ഏറെക്കാലത്തിനുശേഷം മോഹൻലാലിലെ ടോക്സിക് സാധ്യതകൾ വിജയകരമായി ആരാഞ്ഞ ഒരു സിനിമ. പഴയ മാഫിയ പ്ലോട്ട് തന്നെയാണെങ്കിലും മുരളി ഗോപിയുടെ സ്ക്രിപ്റ്റ് വർക്ക് ഇൻഡസ്ട്രിയൽ മാനദണ്ഡങ്ങൾ അനുസരിച്ച് പെർഫക്ടായിരുന്നു. ചിരിക്കാത്ത, മിഴി ചിമ്മാത്ത, അവിവാഹിതനായ സ്റ്റീഫൻ നെടുമ്പള്ളി എന്ന ഖുറൈശി അബ്രാം ഖുറൈശിയായി മോഹൻ ലാൽ അനായാസമായി കടന്നുപോയി. മഞ്ജു വാര്യർ, വിവേക് ഒബ്റോയി, പൃഥിരാജ്, ഇന്ദ്രജിത്ത്, ടൊവിനൊ- ഇങ്ങനെ വലിയൊരു താരനിര തന്നെയുള്ള ലൂസിഫർ പക്ഷേ ഒരു മോഹൻലാൽ സിനിമയാണ്. കാരണം അത്രയും ടോക്സിക്കാവാൻ അവർക്കാർക്കും ആയിട്ടില്ല.

NB: 1995. സ്ഫടികം. തൊണ്ണൂറുകളിൽ നിന്ന് ദേവാസുരം എടുത്തതുകൊണ്ടു മാത്രമല്ല, ടോക്സിക് മാസ്കുലിനിറ്റിയുടെ വിരാട് രൂപമായ പാട്രിയാർക്കിയുടെ അവതാരപ്പിറവിയായി തിലകന്റെ ചാക്കോ മാഷുള്ളതുകൊണ്ട് ഈ പടത്തിന്റെ പകുതി ക്രെഡിറ്റേ മോഹൻലാലിന് കൊടുക്കാനാവൂ.

Comments