'ദൃശ്യം 3': ക്രൈമിൽ നിന്ന് ക്രൈമിന്റെ സാമൂഹ്യശാസ്ത്രത്തിലേക്ക്

“ഇരയുടെയും വേട്ടക്കാരന്റെയും നിർവചനങ്ങൾ മാറിമറിയുന്ന, ക്രിമിനോളജിയുടെ സങ്കീർണമായ സാമൂഹിക മനശ്ശാസ്ത്രത്തിലേക്ക് കടന്നുചെല്ലുന്ന ദൃശ്യം 3, മോഹൻലാലിന്റെ ഉജ്വല പ്രകടനത്തിന്റെ കൂടി പിൻബലത്തോടെ ശക്തമായ ചില നിരീക്ഷണങ്ങൾ കൂടി നിർവഹിക്കുന്നുണ്ട്.” - Movie Review by കെ.സി. ഷൈജൽ.

സംവിധായകനും തിരക്കഥാകൃത്തുമായ ജീത്തു ജോസഫ് & മോഹൻലാൽ ടീമിന്റെ ദൃശ്യം വണ്ടർ തുടരുകയാണ്. തിരക്കഥകളുടെ കെട്ടുറപ്പാണ് ദൃശ്യം സീരീസിന്റെ വിജയരഹസ്യം. അത് പരകോടിയിൽ നിൽക്കുന്ന പടം ദൃശ്യം-1 തന്നെയാണ്. പക്ഷെ ആദ്യ ഭാഗത്ത് കുറ്റമറ്റ രീതിയിൽ പറഞ്ഞവസാനിപ്പിച്ച സിനിമയുടെ എൻഡിൽ നിന്ന് കൃത്യമായ തുടർച്ചയുള്ള രണ്ടും മൂന്നും (ഒരുപക്ഷേ നാലും) ഭാഗങ്ങളിലെ കഥകൾ കണ്ടെത്തുെകയും പ്രേക്ഷകരെ പിടിച്ചിരുത്തുന്ന തിരക്കഥകളായി അവ വികസിപ്പിക്കുകയും ചെയ്തുവെന്നതിൽ ജിത്തു ജോസഫിന്റെ ഭാവനാലോകത്തിന്റെ ആഴം അളന്നെടുക്കാവുന്നതാണ്.

ആദ്യ സിനിമയുടെ അടുത്തെത്തില്ലെങ്കിലും രണ്ടാം ഭാഗത്തെക്കാൾ മികച്ചു നിൽക്കുന്നു, ദൃശ്യം-3. ഇൻ്റർവെല്ലിലാണ് വാസ്തവത്തിൽ പടം ആരംഭിക്കുന്നത്! അതുവരെ ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും പുതിയ ജീവിതപരിസരങ്ങളിലൂടെ മുടന്തി മുടന്തി നീങ്ങുകയാണ്. അതേസമയം, രണ്ടാം പകുതിയിൽ പറയാനിരിക്കുന്ന പ്രധാന കഥയിൽ നിർണായകമായ വഴിത്തിരിവുകൾ/ഇടപെടലുകൾ നടത്താൻ പോകുന്ന ചില പ്രധാന കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും അതിനിടയ്ക്ക് വളരെ തന്ത്രപരമായി ഇൻട്രൊഡ്യൂസ് ചെയ്യപ്പെടുന്നുണ്ട്.

അത്തരം കീ പോയൻ്റുകൾ ഐഡൻ്റിഫൈ ചെയ്യുകയെന്നത് ആദ്യ പകുതിയുടെ ആസ്വാദനത്തിൽ പ്രധാനമാണ്. (അതിൽ പടത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട പ്രവചനീയത കൂടി സംഭവിക്കുമെന്നത് തിരക്കഥയുടെ ദൗർബല്യവുമാണ്). അപ്രകാരം മന്ദഗതിയിൽ ഒരുവിധ ആവേശവുമില്ലാതെ മുന്നോട്ടു നീങ്ങുന്ന സിനിമ, പ്രേക്ഷകരെ ഞെട്ടിക്കുന്ന ഇൻ്റർവെൽ ബ്ലോക്കിൽ ചെന്നു നിൽക്കുന്നതോടെ കഥയുടെ രീതി മാറുന്നു. ജോർജുകുട്ടിയും എതിരാളികളും തമ്മിലുള്ള ക്യാറ്റ് ആൻ്റ് മൗസ് ഗെയിമായി മാത്രമല്ല, അതിനപ്പുറമുള്ള ചില തലങ്ങളിലേക്ക് കൂടി രണ്ടാം പകുതിയിൽ പ്രമേയം പ്രകടമായി വികസിക്കുന്നു. ക്രൈമിന്റെയും ഇൻവെസ്റ്റിഗേഷന്റെയും ഫാമിലി ഡ്രാമയുടെയും വിഭിന്നമായ അടരുകളുടെ വിശ്ലഥമായ സങ്കലനത്തിലൂടെ ദൃശ്യം-3യുടെ രണ്ടാം പകുതിയിൽ തിരക്കഥയിലും സംവിധാനത്തിലും ജീത്തു ജോസഫ് ഒന്നാന്തരം ക്രാഫ്റ്റ് പുറത്തെടുക്കുന്നു. ഇരയുടെയും വേട്ടക്കാരന്റെയും നിർവചനങ്ങൾ മാറിമറിയുന്ന, ക്രിമിനോളജിയുടെ സങ്കീർണമായ സാമൂഹിക മനശ്ശാസ്ത്രത്തിലേക്ക് കടന്നുചെല്ലുന്ന ഈ ഘട്ടത്തിൽ, മോഹൻലാലിന്റെ ഉജ്വല പ്രകടനത്തിന്റെ കൂടി പിൻബലത്തോടെ ദൃശ്യം-3 ശക്തമായ ചില നിരീക്ഷണങ്ങൾ കൂടി നിർവഹിക്കുന്നുണ്ട്.

 ക്രൈമിന്റെയും ഇൻവെസ്റ്റിഗേഷന്റെയും ഫാമിലി ഡ്രാമയുടെയും വിഭിന്നമായ അടരുകളുടെ വിശ്ലഥമായ സങ്കലനത്തിലൂടെ ദൃശ്യം-3യുടെ രണ്ടാം പകുതിയിൽ തിരക്കഥയിലും സംവിധാനത്തിലും ജീത്തു ജോസഫ് ഒന്നാന്തരം ക്രാഫ്റ്റ് പുറത്തെടുക്കുന്നു.
ക്രൈമിന്റെയും ഇൻവെസ്റ്റിഗേഷന്റെയും ഫാമിലി ഡ്രാമയുടെയും വിഭിന്നമായ അടരുകളുടെ വിശ്ലഥമായ സങ്കലനത്തിലൂടെ ദൃശ്യം-3യുടെ രണ്ടാം പകുതിയിൽ തിരക്കഥയിലും സംവിധാനത്തിലും ജീത്തു ജോസഫ് ഒന്നാന്തരം ക്രാഫ്റ്റ് പുറത്തെടുക്കുന്നു.

'ദൃശ്യം മോഡൽ കൊലപാതകം' എന്ന പുതിയൊരു മോഡസ് ഓപ്പറാണ്ടിക്ക് (Modus Operandi) വരെ വഴിവെച്ചു എന്ന് ഔദ്യോഗികമായി പഴി കേൾക്കേണ്ടി വന്ന സിനിമയായിരുന്നു ദൃശ്യം-1. അത് ആ തിരക്കഥയുടെ കലാപൂർണതയെ കുറിക്കുമ്പോൾ തന്നെ, ഒരു വാണിജ്യ സിനിമ എങ്ങനെ നിരവധി കുറ്റകൃത്യങ്ങളുടെ ചാലകശക്തിയായി മാറാമെന്നതിന്റെ നിദർശനമായും വായിക്കേണ്ടിവരുന്ന ഒരു സാഹചര്യം കൂടിയായിരുന്നു സൃഷ്ടിച്ചത്. ദൃശ്യം-2 അത്തരം സോഷ്യോളജിക്കൽ പാഠങ്ങൾക്ക് മുതിർന്നിരുന്നില്ല. എന്നാൽ ദൃശ്യം ട്രിലജിയെ സംബന്ധിച്ചിടത്തോളം അനിവാര്യമായ ക്രിമിനോളജിക്കൽ മെറ്റമോർഫസിസിലേക്കും അപഗ്രഥനത്തിലേക്കും കടന്നുചെല്ലാതിരിക്കുവാൻ മൂന്നാം ഭാഗത്തിന് സാധിക്കില്ലായിരുന്നു. ക്രൈമിന്റെയും സെൽഫ് ഡിഫൻസിന്റെയും നേർത്ത അതിരുകളെ നിഷ്പ്രഭമാക്കിക്കൊണ്ട് ക്രൈമും ക്രൈമും തമ്മിൽ നേർക്കുനേർ വരുന്ന ഒരു സാഹചര്യത്തെ അഡ്രസ് ചെയ്യാൻ ദൃശ്യം-3യ്ക്ക് വൈമുഖ്യമില്ല.

മിക്ക മനുഷ്യരിലും ഏറിയും കുറഞ്ഞും അന്തർലീനമായ ക്രിമിനൽ പൊട്ടെൻഷ്യലിന്റെ വിപരിണാമ സാധ്യതകൾ അപ്രവചനീയമാണെന്നത് കേവല മനശ്ശാസ്ത്രം മാത്രമാണ്. അയാളുടെ ഇക്കോ സിസ്റ്റവും അതിൽ വന്ന് ഭവിച്ചേക്കാവുന്ന ഏത് തരം ഇടപെടലുകളും തമോ-സാത്വിക ഗുണങ്ങളിൽ വ്യതിചലനങ്ങളുളവാക്കുമെന്ന് ജോർജ്കുട്ടിയെയും (ലാൽ) പ്രഭാകറിനെയും (സിദ്ദിഖ്) മുൻനിർത്തി ചിത്രം ചൂണ്ടിക്കാട്ടുന്നു. ഒരാളുടെ ഒരു സവിശേഷ പ്രവൃത്തി അയാളെ സംബന്ധിച്ച് തീർത്തും നോർമലായിരിക്കുമ്പോൾത്തന്നെ അപരന്റെ സ്വാസ്ഥ്യത്തിലേക്ക് കടന്നുകയറുന്ന ക്രൈമായി മാറുന്നതിന്റെ അത്ഭുതകരമായ വൈരുധ്യം ചിത്രം വരച്ചുകാട്ടുന്നു. ആദ്യ സിനിമയിൽ വരുൺ പ്രഭാകറിന്റെ കടന്നുകയറ്റം വിരുദ്ധപാഠങ്ങളില്ലാത്ത അക്ഷന്തവ്യമായ അപരാധം മാത്രമായിരുന്നെങ്കിൽ മൂന്നാം ഭാഗത്തെത്തുമ്പോൾ ക്രൈമിന്റെ നിർവചനം ആപേക്ഷികതയിൽ ആന്ദോളനം ചെയ്യപ്പെടുന്നതായി കാണാം. കൺഫെഷൻ എന്നത് പോസ്റ്റ് ക്രൈമിലെ ഏറ്റവും ആശാസ്യവും ആദരണീയവുമായ വഴിത്തിരിവാണ്. പക്ഷേ കൺഫെഷൻ പോലും മറ്റൊരു ക്രൈമായി രൂപാന്തരപ്പെടുന്ന അത്യന്തം അപകടകരവും അപലപനീയവുമായ ഇരുണ്ട ഇടനാഴികൾ മനുഷ്യമനസ്സിൽ ഒളിഞ്ഞു കിടപ്പുണ്ടെന്ന് വെളിപ്പെടുത്തുന്നതിലൂടെ, ക്രിമിനോളജിയുടെ വാർപ്പുമാതൃകകളെ മുഴുവൻ അതിശയിപ്പിക്കുമാറ് ഏത് തലത്തിലേക്കും ഉൾപ്രേരണകൾക്ക് വിപര്യയം സംഭവിക്കാമെന്ന് ദൃശ്യം-3 പ്രസ്താവിക്കുന്നു. അവനവനെത്തന്നെയാവണം ഒരാൾ ഏറ്റവും ഭയക്കേണ്ടതെന്ന ഗംഭീരമായൊരു ദർശനത്തിന് കൂടി ഈ സന്ദർഭത്തിൽ ജീത്തു അടിവരയിടുന്നു.

ജോർജുകുട്ടിയുടെ മാത്രമല്ല, മറ്റ് പ്രധാന കഥാപാത്രങ്ങളുടെയും വൈകാരിക ലോകങ്ങളിലേക്കും വീക്ഷണകോണുകളിലേക്കും ന്യായവാദങ്ങളിലേക്കും കടന്നുചെന്നാണ് ജീത്തു കുറ്റകൃത്യങ്ങളുടെ സാമൂഹ്യശാസ്ത്രം ചർച്ച ചെയുന്നതും പ്ലോട്ട് പോയൻ്റുകൾ വികസിപ്പിക്കുന്നതും. മാറുന്ന കാലത്തിന്റെ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്ന എസ്തറിന്റെ കഥാപാത്രം നവതലമുറയെ പടവുമായി എളുപ്പത്തിൽ ലിങ്ക് ചെയ്യാൻ സഹായിക്കും. മൂന്നാം ഭാഗത്തോടെ പൂർണമായും അവസാനിക്കണമെങ്കിൽ അങ്ങനെയും നാലാം ഭാഗം വേണമെങ്കിൽ അതിനും അവസരമുള്ള രീതിയിൽ ഓപ്പണായാണ് പടം തീരുന്നത്.

മാറുന്ന കാലത്തിന്റെ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്ന എസ്തറിന്റെ കഥാപാത്രം നവതലമുറയെ പടവുമായി എളുപ്പത്തിൽ ലിങ്ക് ചെയ്യാൻ സഹായിക്കും.
മാറുന്ന കാലത്തിന്റെ കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്ന എസ്തറിന്റെ കഥാപാത്രം നവതലമുറയെ പടവുമായി എളുപ്പത്തിൽ ലിങ്ക് ചെയ്യാൻ സഹായിക്കും.

ചില കഥാപാത്രങ്ങളുമായി ബന്ധപ്പെട്ട പ്രവചനാത്മകതയും അവതരണത്തിലെ മന്ദതാളവും അച്ചടിച്ച നാടകീയ സംഭാഷണങ്ങളും തിരക്കഥയിലെ ചില ദൗർബല്യങ്ങളും ചിത്രത്തിന്റെ പരിമിതികളായി നിലനിൽക്കുമ്പോൾ പോലും ഉദ്വേഗം ഉടനീളം നിലനിർത്തുന്നതിൽ ജീത്തു വിജയിച്ചിട്ടുണ്ട്. ഒരു ഫോൺ കോളിൽ ശബ്ദ സാന്നിധ്യമായും സംവിധായകൻ പ്രത്യക്ഷപ്പെടുന്നു.

നിയന്ത്രിതാഭിനയത്തിന്റെ സൗന്ദര്യവുമായി മോഹൻലാൽ നിറഞ്ഞുനിൽക്കുകയാണ് ചിത്രത്തിൽ. കാലം ജോർജുകുട്ടിയിൽ വരുത്തിയ മാറ്റങ്ങൾ കൃത്യതയോടെ പ്രതിഫലിപ്പിക്കുന്ന ശരീരഭാഷയാണ് ദൃശ്യം-3യിൽ മോഹൻലാൽ സൂക്ഷിക്കുന്നത്. അത്യുൽക്കടമായ സമ്മർദ്ദം ഹൃദയത്തിൽ നിറച്ച് സദാ ജാഗരൂകത നിലനിർത്തുവാനും എന്നാൽ പ്രസന്നത കൈവെടിയാതിരിക്കുവാനും നിർബന്ധിതനായി ജീവിച്ചുപോരുന്ന ജോർജ്കുട്ടിയുടെ അന്ത:സംഘർഷങ്ങൾ അപാരസൂക്ഷ്മതയോടെ മോഹൻലാൽ അഭ്രപാളിയിലേക്ക് ആവാഹിക്കുന്നു. കണ്ണുകളുടെ സൂക്ഷ്‌മ ചലനങ്ങളിലൂടെ മോഹൻലാൽ സൃഷ്ടിക്കുന്ന ഭാവപ്രപഞ്ചം അനന്യവും അസാധാരണവുമാണ്.

മോഹൻലാലിനോടൊത്തുള്ള കോമ്പിനേഷൻ രംഗങ്ങളിൽ ഹൃദ്യമായ ഒരടുപ്പത്തിന്റെ രസതന്ത്രം സ്വയമറിയാതെ വഴിഞ്ഞൊഴുകാറുണ്ട് ഇർഷാദിൽ. 'തുടരു'മിന്റെ തുടർച്ചയിൽ ദൃശ്യത്തിലും അതേ ഊഷ്മളത ഇർഷാദ് ആവർത്തിക്കുന്നത് കാണാം. ഉയർന്ന റാങ്കിലുള്ള ഒരു പോലീസ് ഓഫീസറിൽ പ്രതീക്ഷിക്കപ്പെടുന്ന ഔദ്ധത്യത്തിന്റെയും അഥോറിറ്റിയുടെയും ഓറ കൃത്യമായി നിലനിർത്തുന്ന പ്രകടനമായിരുന്നു മുരളി ഗോപിയുടേത്. പെർഫെക്റ്റ് കാസ്റ്റിങ്.

ഉയർന്ന റാങ്കിലുള്ള ഒരു പോലീസ് ഓഫീസറിൽ പ്രതീക്ഷിക്കപ്പെടുന്ന ഔദ്ധത്യത്തിന്റെയും അഥോറിറ്റിയുടെയും ഓറ കൃത്യമായി നിലനിർത്തുന്ന പ്രകടനമായിരുന്നു മുരളി ഗോപിയുടേത്. പെർഫെക്റ്റ് കാസ്റ്റിങ്.
ഉയർന്ന റാങ്കിലുള്ള ഒരു പോലീസ് ഓഫീസറിൽ പ്രതീക്ഷിക്കപ്പെടുന്ന ഔദ്ധത്യത്തിന്റെയും അഥോറിറ്റിയുടെയും ഓറ കൃത്യമായി നിലനിർത്തുന്ന പ്രകടനമായിരുന്നു മുരളി ഗോപിയുടേത്. പെർഫെക്റ്റ് കാസ്റ്റിങ്.

സിദ്ദീഖ്, ഇൻ്റർവെല്ലിന് പ്രത്യക്ഷപ്പെടുന്ന ആ സ്പെഷ്യൽ ആക്റ്റർ, മീന, എസ്തർ, അജിത്, ദിനേശ് പ്രഭാകർ, റിയാസ് നർമകല തുടങ്ങി മിക്ക അഭിനേതാക്കളും മികച്ച പ്രകടനം കാഴ്ചവെച്ചു. ചിത്രത്തിന്റെ മൂഡിന് ആഴം നൽകുന്നതിൽ അനിൽ ജോൺസന്റെ മനോഹരമായ പശ്ചാത്തല സംഗീതം നല്ല പങ്ക് വഹിക്കുന്നു. സതീഷ് കുറുപ്പിന്റെ ദൃശ്യങ്ങളും സുന്ദരം.

ദൃശ്യം-1 അജയ്യമായി മുന്നിലുള്ളത് കൊണ്ട് തന്നെ തുടർ ദൃശ്യങ്ങളുടെ തിരക്കഥകൾ പ്രേക്ഷകരെ അത്രയെളുപ്പം തൃപ്തിപ്പെടുത്തില്ലെന്നത് യാഥാർത്ഥ്യമാണ്. പരിമിതികളുണ്ടെങ്കിൽപ്പോലും കണ്ടാസ്വദിക്കാവുന്ന ചിത്രമാണ് ദൃശ്യം-3 എന്ന് ഉറപ്പിച്ചു പറയാം.

Comments