ചില്ലറയല്ല, എമ്പുരാനിലൂടെ
‘L ​ഫ്രാഞ്ചൈസി’ മലയാള സിനിമയ്ക്ക് നൽകുന്ന ധൈര്യം

ഭാഷ തീർക്കുന്ന വേലികൾക്കിപ്പുറം കിതച്ചു നിൽക്കുന്ന സിനിമ, ആ തടസം മറികടന്ന് അതുവരേയ്ക്കും അവയ്ക്ക് വിലക്കപ്പെട്ടതായി കരുതിവച്ചിരിക്കുന്ന ദേശങ്ങളിലേയ്ക്ക്, ആളുകളിലേയ്ക്ക് കടന്നുചെല്ലേണ്ടത് മലയാളം പോലെയുള്ള ഒരു സിനിമാ ഇൻഡസ്ട്രിയുടെ അതിജീവനത്തിന് അനിവാര്യമാണ്. അവിടെയാണ് എമ്പുരാൻ പോലുള്ള കോടികൾ പണത്തൂക്കമുള്ള സൂപ്പർതാര ചിത്രങ്ങളുടെ പ്രസക്തി- കരോൾ ത്രേസ്യാമ്മ എബ്രഹാം എഴുതുന്നു.

ജറ്റ് എത്രയെന്നു പറയാതെയാണ് എമ്പുരാനെ പൃഥ്വീരാജ് തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്. പല ഭാഷകളിൽ നടന്ന പ്രൊമോഷൻ ഈവന്റുകളിൽ ഒന്നിൽ പോലും അത് വെളിപ്പെടുത്തിയിട്ടില്ല. അതെത്രതന്നെയാവട്ടെ. ഒരു പത്ത് കൊല്ലം മുൻപ് മലയാളികൾക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത ഒരു തുകയായിരിക്കും അതെന്നത് ഉറപ്പാണ്. എമ്പുരാനിലെ തന്നെ ഒരു ഡയലോഗ് പകർത്തി എഴുതിയാൽ, ‘ഇന്ത്യാ മഹാരാജ്യത്തിന്റെ താഴേക്കോണിൽ കിടക്കുന്ന കേരളമെന്ന ഒരു തുരുത്തിൽ' പിഴച്ചുപോകുന്ന സിനിമാക്കാർക്ക് മുൻപ് തമാശയായി പോലും ആഗ്രഹിക്കാൻ കഴിയാതിരുന്ന ഒന്ന്.

പക്ഷേ ഇന്നുമുതൽ ‘തന്റെ പടത്തിന് ഇത്ര കോടി രൂപ ചെലവു വരുമെന്ന്' കൂട്ടാതെയും കിഴിക്കാതെയും വെട്ടിച്ചുരുക്കാതെയും പറയാൻ ഓരോ മലയാള സംവിധായകർക്കും ‘L ഫ്രാഞ്ചൈസി’ നൽകുന്ന ധൈര്യം ചില്ലറയല്ല.

പക്ഷെ മോഹൻലാലിനു പകരം മലയാളസിനിമയിലെ വേറെയേതെങ്കിലും അഭിനയതാവിനെ വച്ച് ഇത്തരമൊരു റിസ്ക് എടുക്കാൻ പൃഥ്വീരാജ് തയാറാകുമോ എന്ന ചോദ്യം തുടങ്ങുന്നയിടത്താണ്, മോഹൻലാൽ എന്ന ബാങ്കബിൾ ആക്ടറിന്റെ വിപണനശേഷി വെളിപ്പെട്ടുതുടങ്ങുന്നത്. മലയാള സിനിമയിലെ ഏറ്റവും വിലപിടിച്ച ഉത്പന്നം, അത് മോഹൻലാലിന്റെ സമയമാണെന്ന് ഇതേ പൃഥ്വീരാജ് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.

മോഹൻലാലിനു പകരം മലയാളസിനിമയിലെ വേറെയേതെങ്കിലും അഭിനയതാവിനെ വച്ച് ഇത്തരമൊരു റിസ്ക് എടുക്കാൻ പൃഥ്വീരാജ് തയാറാകുമോ എന്ന ചോദ്യം തുടങ്ങുന്നയിടത്താണ്, മോഹൻലാൽ എന്ന ബാങ്കബിൾ ആക്ടറിന്റെ വിപണനശേഷി വെളിപ്പെട്ടുതുടങ്ങുന്നത്.
മോഹൻലാലിനു പകരം മലയാളസിനിമയിലെ വേറെയേതെങ്കിലും അഭിനയതാവിനെ വച്ച് ഇത്തരമൊരു റിസ്ക് എടുക്കാൻ പൃഥ്വീരാജ് തയാറാകുമോ എന്ന ചോദ്യം തുടങ്ങുന്നയിടത്താണ്, മോഹൻലാൽ എന്ന ബാങ്കബിൾ ആക്ടറിന്റെ വിപണനശേഷി വെളിപ്പെട്ടുതുടങ്ങുന്നത്.

ലൂസിഫർ പോലെയൊരു സിനിമയുടെ രണ്ടാം ഭാഗം, അതും ആറുകൊല്ലം കഴിഞ്ഞു വരുന്നത്. എന്നാൽ ഈ ആറു വർഷത്തെ മോഹൻലാലിനെ ഒന്ന് പരിശോധിക്കൂ. അദ്ദേഹത്തിന്റെ അഭിനയശേഷിയെ വെല്ലുവിളിക്കുന്ന ഒരു പടം വന്നിട്ട് നാളെത്രയായി. ‘വാലിബനും' ‘നേരും' ഒക്കെ ലാലിന് വെറും കേയ്ക്ക് വാക്കുകൾ മാത്രമാണ്. ഇതൊന്നും പോരാഞ്ഞിട്ട് നിലവാരം തീരെയില്ലാത്ത കുറെ സ്റ്റേജ് ഷോകൾ, ഉപ്പ് തൊട്ട് കർപ്പൂരം വരെയുള്ള അങ്ങാടി സാധനങ്ങളുടെ പരസ്യങ്ങൾ, ആറാട്ട് പോലുള്ള ‘അവതാരങ്ങൾ'....ബാറോസ് എന്ന പടപ്പ്...
ലാലിന്റെ ശാരീരിക പ്രത്യേകതകളെ വരെ അപഹസിക്കുന്ന രീതിയിൽ പേരില്ലാത്ത ഐഡികളിൽ നിന്ന് ശക്തമായ സൈബർ അറ്റാക്ക്. ഇങ്ങനെ കരിയറിലെ ഏറ്റവും മോശം അവസ്ഥകളിലൂടെയായിരുന്നു മോഹൻലാൽ കടന്നു പൊയ്ക്കൊണ്ടിരുന്നത്. പക്ഷേ L2 ന് ടിക്കറ്റ് ഓപ്പൺ ആയതിനുശേഷമുള്ള അവസ്ഥ ഓർക്കുന്നില്ലേ?. റെക്കോർഡ് വേഗത്തിലാണ് ടിക്കറ്റുകൾ തീർന്നത്. ബുക്കിംഗ് ആപ്പ് തന്നെ ക്രാഷ് ആകുന്ന അവസ്ഥ. ഒരു ടിക്കറ്റിനായി മനുഷ്യർ പരക്കം പായുന്ന കാഴ്ച.

ദി ലാൽ ബ്രാൻഡ്.

മലയാള സിനിമയെ എന്നും സ്വപ്നം കാണാൻ പഠിപ്പിച്ചിട്ടുള്ള സ്റ്റാർ മോഹൻലാലാണ്.

എമ്പുരാൻ സിനിമയുടെ പോരായ്മയായി മുഴങ്ങി കേൾക്കുന്ന എഴുത്ത് തന്നെ ആദ്യം പരിശോധിക്കാം. ആഗോള രാഷ്ട്രീയത്തെ തന്നെ മറഞ്ഞിരുന്നു നിയന്ത്രിക്കുന്ന, ആയുധ വ്യാപാരത്തിനും മയക്കുമരുന്ന് കച്ചവടത്തിനും നേതൃത്വം നൽകുന്ന ആഫ്രോ- ചൈനീസ് ശക്തികളായ ഷെൻ ട്രയാഡിനെ നേർക്കുനേർക്ക് നിന്ന് പോരിന് വിളിക്കാൻ ശേഷിയുള്ള ഒരു സംഘം. അതിനു നേതൃത്വം നൽകുന്നത് ഒരു മലയാളി. അയാളുടെ കഥ.

ഇതാണ് എമ്പുരാന്റെ ചുരുക്കം.

മലയാള സിനിമയെ എന്നും സ്വപ്നം കാണാൻ പഠിപ്പിച്ചിട്ടുള്ള സ്റ്റാർ മോഹൻലാലാണ്
മലയാള സിനിമയെ എന്നും സ്വപ്നം കാണാൻ പഠിപ്പിച്ചിട്ടുള്ള സ്റ്റാർ മോഹൻലാലാണ്

കള്ളവണ്ടി കയറി ബോംബെയിൽ എത്തി അവിടെ ഗല്ലികളിൽ അടിതട പഠിച്ച്, അധോലോക തലവനാകുന്ന നായകന്മാരെ മാത്രം പെറ്റിട്ട ഒരു ഇൻഡസ്ട്രിയാണ് ഇത്ര വലിയ സ്വപ്നം കാണുന്നത് എന്നോർക്കണം. പക്ഷെ ഇക്കുറി നമുക്ക് അത് അസംഭവ്യമായി തോന്നുന്നില്ല. കാരണം ഖുറേഷി അബ്രാമിന്റെ സാദ്ധ്യതകൾ എത്രത്തോളമെന്നു ലൂസിഫർ നമുക്കൊരു സൂചന തന്നിട്ടുണ്ട്. അതിനേക്കാൾ ഉപരി, K.A. നെക്സസിന് നേതൃത്വം നൽകുന്നത് മോഹൻലാൽ ആണ്. അദ്ദേഹത്തിന് അത് സാധ്യമാണ്. കൊല്ലങ്ങളായി മാസ് കഥാപാത്രങ്ങളിലൂടെ ലാൽ നമ്മിൽ വിത്തും വളവും നൽകി വളർത്തിയെടുത്ത വിശ്വാസമാണത്.

എമ്പുരാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങൾ വന്നു പോകുന്നുണ്ട്. പക്ഷെ ആ യാത്രകളൊന്നും അനാവശ്യമായി പ്രേക്ഷകർക്ക് തോന്നുന്നില്ല. K.A. നെക്സസിന്റെ വലിപ്പം എസ്റ്റാബ്ലിഷ്‌ ചെയ്യാൻ അത് ആവശ്യവുമാണ്.

കേരള രാഷ്ട്രീയത്തിൽ പേനയൂന്നിക്കൊണ്ടുള്ള ഒരു രചനയായിരുന്നു മുരളി ഗോപി ലൂസിഫറിന് വേണ്ടി നടത്തിയത്. എൻഡ് ക്രെഡിറ്റ്സിനുശേഷമുള്ള K.A. റിവീലിംഗ് രംഗങ്ങളും, ഗോവയിലെ ക്ളൈമാക്സ് സീക്വൻസും ഒഴിച്ചുനിർത്തിയാൽ ലൂസിഫർ നടക്കുന്നത് പൂർണമായും നമുക്ക് പരിചിതമായ ഇടങ്ങളിലാണ്. ആ ഭൂമിക നമുക്ക് നല്ലപോലെ അറിയാവുന്നതാണ്. വെള്ള മുണ്ടും ഷർട്ടും അണിഞ്ഞ മോഹൻലാലിന്റെ സ്റ്റീഫൻ നെടുമ്പള്ളി പലപ്പോഴും നാം കണ്ടുമറന്ന രാഷ്ട്രീയക്കാരെ ഓർമ്മിപ്പിക്കുന്നു. മുണ്ട് മടക്കിക്കുത്തി ഫൈറ്റ് ചെയ്യുന്ന സ്റ്റീഫൻ, മോഹൻലാലിന്റെ തന്നെ പല കഥാപാത്രങ്ങളെയും.

എന്നാൽ ലോകത്തെ തന്നെ ഒളിഞ്ഞിരുന്നു നിയന്ത്രിക്കുന്ന ഖുറേഷി അബ്രാം എന്ന ഇൻഡോ-അറബ് മെഗാ നെക്സസിലേയ്ക്ക് 'L' ഫ്രാഞ്ചൈസിയിലെ രണ്ടാം ഭാഗം പിച്ച് ചെയ്യുമ്പോൾ കാര്യങ്ങൾ കുറച്ച് ഇന്റർനാഷണൽ ആകേണ്ടതുണ്ട്. എന്നാൽ റൂട്ട് ബേസ് ആയ കേരളത്തിലെ രാഷ്ട്രീയ സ്ഥിതിഗതികളിൽ നിന്ന് പൂർണമായി അടർന്നു മാറാനും പാടില്ല. ഇങ്ങനെ ആഭ്യന്തര- അന്താരാഷ്ട്ര വിഷയങ്ങളിലെ ഒരു ബാലൻസിങ് എമ്പുരാന്റെ രചന ആവശ്യപ്പെടുന്നുണ്ട്. അത് തട്ടുകേടുകളില്ലാതെ തന്നെ ചെയ്യാൻ മുരളി ഗോപിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ആഭ്യന്തര വിഷയങ്ങളിൽ ശ്രദ്ധിക്കുന്ന സ്റ്റീഫനിൽ നിന്ന്, K.A. നെക്സസിനു നേതൃത്വം നൽകുന്ന ഖുറേഷി അബ്രാമിനുള്ള പരിണാമമാണ് എമ്പുരാൻ പറയുന്നത്. രണ്ടാം പകുതിയിലെ ഗംഭീര കാഴ്ചകളിൽ ഒന്നിൽ അയാൾ അണിയുന്ന വസ്ത്രം പോലെ തന്നെ- പൂർണമായും വെളുപ്പിനെ കൈവിട്ടിട്ടില്ല- എന്നാൽ കറുപ്പ് പടർന്നിട്ടുമുണ്ട്.

കേരള രാഷ്ട്രീയത്തിൽ പേനയൂന്നിക്കൊണ്ടുള്ള  ഒരു രചനയായിരുന്നു മുരളി ഗോപി ലൂസിഫറിന് വേണ്ടി നടത്തിയത്.
കേരള രാഷ്ട്രീയത്തിൽ പേനയൂന്നിക്കൊണ്ടുള്ള ഒരു രചനയായിരുന്നു മുരളി ഗോപി ലൂസിഫറിന് വേണ്ടി നടത്തിയത്.

കഥാപാത്രങ്ങളുടെ സ്വഭാവം, അവർ സ്വീകരിക്കാൻ സാധ്യതയുള്ള നിലപാടുകൾ എന്നിവ പ്രവചിക്കാൻ അവരുടെ വസ്ത്രത്തെ കൂട്ടുപിടിക്കാൻ പ്രേക്ഷർക്ക് അവസരം നൽകുന്നത് രസകരമായ ഒരു കാഴ്ചയായി തോന്നി. K.A. ഗാങ് മെമ്പേഴ്സിന്റെ കോസ്റ്റ്യൂം, അവർ യാത്ര ചെയ്യുന്ന വാഹനങ്ങളുടെ നിറം, ഒരു സുപ്രധാന പ്രഖ്യാപനത്തിനു ശേഷം ജതിൻ രാംദാസിന്റെ വെള്ള വിട്ടുള്ള കൂടുമാറ്റം, പ്രിയദർശിനി രാംദാസിന്റെ മൂവർണത്തിലേക്കുള്ള വരവ് എന്നതൊക്കെ കഥാഗതി ഇനി എങ്ങോട്ട് എന്നതിനുള്ള സൂചനകളായി വർത്തിക്കുന്നു.

ലൂസിഫർ പുറത്തിറങ്ങിയ ശേഷം കേരള രാഷ്ട്രീയത്തിൽ നടന്നിട്ടുള്ള പ്രധാന സംഭവങ്ങളെല്ലാം കഥയിൽ ഇടം പിടിച്ചിട്ടുമുണ്ട്. മോഹൻലാലിന് സംസാരിക്കാൻ ഡയലോഗുകൾ ഇല്ല, ഉള്ളത് തന്നെ നാടക ലെവൽ ആണ് എന്നൊക്കെ ചില അടക്കം പറച്ചിലുകൾ സൈബർ ഇടങ്ങളിൽ മുഴങ്ങുന്നുണ്ട്. സ്റ്റീഫൻ നെടുമ്പള്ളി ആകട്ടെ ഖുറേഷി അബ്രാം ആകട്ടെ, എന്തും സാധിക്കുന്ന, എന്തിനും പോന്ന ഒരു കഥാപാത്ര നിർമ്മിതിയാണത്. ഗൂഢമായ മൂളലുകളിലൂടെ, വന്യമായ നോട്ടങ്ങളിലൂടെ, വിരലനക്കങ്ങളിലൂടെ തന്റെ അനുയായികക്ക് ആജ്ഞകൾ കൈമാറുന്നവർ നെടുനീളൻ ഡയലോഗുകളോ, കവല പ്രസംഗങ്ങളോ നടത്തുമെന്ന് കരുതാൻ വയ്യ. ആ മീറ്റർ മുരളി ഗോപി കൃത്യമായി പിടിച്ചിട്ടുമുണ്ട്.

എന്നാൽ കുറവുകളൊന്നുമില്ലാത്ത എഴുത്തല്ല സിനിമയുടേത്. കേരളത്തിൽനിന്ന് ഗ്ലോബൽ സിനാരിയോയിലേക്ക് പ്ലേയ്സ് ചെയ്യുന്നതിനിടയിലുള്ള ഭാഗം എന്ന നിലയ്ക്ക് എഴുത്തുകാരന് നൽകാവുന്ന ഇളവുകൾക്കും മീതെ നിൽക്കുന്ന ചില പോരായ്മകളുണ്ട്. അതിൽ ഏറ്റവും പ്രധാനം ജതിൻ രാംദാസിന്റെ, അപൂർണമായ, ഒട്ടേറെ ചോദ്യങ്ങൾ ബാക്കിയാകുന്ന ക്യാരക്ടർ ആർക് ആണ്. എന്നാൽ മഞ്ജു വാര്യരുടെ പ്രിയ ദർശിനി രാംദാസ് സിനിമയുടെ രണ്ടാം പകുതിയിൽ നടത്തുന്ന ഒരു കം ബാക്ക്, അത് സിനിമയിലെ ഉഗ്രൻ കാഴ്ചകളിൽ ഒന്നാണ്.

ഒരു സിനിമ ഇറങ്ങുമ്പോൾ നാം പരസ്പരം ചോദിക്കുന്ന ഒരു ചോദ്യമാണ്, 'തിയേറ്ററിൽ പോയി കാണാനുള്ളതുണ്ടോ’ എന്ന്. ഇരുന്നൂറു രൂപ മുടക്കി മൂന്നു മണിക്കൂർ കാണാനുള്ളതുണ്ടോ എമ്പുരാൻ..?
ഉണ്ട്.
സിനിമ തുടങ്ങുന്നതുതന്നെ ഒരു ബ്ലാസ്റ്റ് കാണിച്ചുകൊണ്ടാണ്. ടെക്നിക്കലി പടം എത്ര മുകളിലാണ് പ്ലെയ്സ് ചെയ്തിരിക്കുന്നത് എന്നതിന്റെ സൂചനയാണിത്. ഒന്നാം പകുതിയുടെ അവസാനത്തോടടുക്കുമ്പോഴാണ് 'L' ന്റെ ഇൻട്രോ സംവിധായകൻ സെറ്റ് ചെയ്തിരിക്കുന്നത്. മലയാള സിനിമയിൽ അത്രയും റിച്ച് ആയ ഒരു പോർഷൻ ഇതുവരെ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. അന്താരാഷ്ട്ര സംഘങ്ങളോട് കൊമ്പ് കോർക്കുന്നവനാണ് K.A. അതുകൊണ്ടുതന്നെ അയാളുടെ എടുപ്പിലും നടപ്പിലും, അയാൾ ഇടപെടുന്ന വേദികളിലും, അയാളെപ്പറ്റി മറ്റു കഥാപാത്രങ്ങൾ പരാമർശിക്കുന്ന ഇടങ്ങളിൽ വരെയും ആ ഒരു ധാരാളിത്തം നമുക്ക് തോന്നേണ്ടതുണ്ട്. അത് തോന്നുന്നുമുണ്ട്.

ഒരു സിനിമയുടെ ബജറ്റിൽ പാട്ടൊരുക്കുന്ന സംവിധായകരുടെ കാലമാണ്. പണത്തിന്റെ തിളക്കം കാട്ടാൻ ലോകസഞ്ചാരം നടത്തുന്നവർ. എമ്പുരാനിലും ലോകത്തിന്റെ വിവിധ ഭാഗങ്ങൾ വന്നു പോകുന്നുണ്ട്. പക്ഷെ ആ യാത്രകളൊന്നും അനാവശ്യമായി പ്രേക്ഷകർക്ക് തോന്നുന്നില്ല. K.A. നെക്സസിന്റെ വലിപ്പം എസ്റ്റാബ്ലിഷ്‌ ചെയ്യാൻ അത് ആവശ്യവുമാണ്.

സുജിത് വാസുദേവിന്റെ ക്യാമറാ വർക്ക് മികച്ചതാണ്. സീനുകൾ ആവശ്യപ്പെടുന്ന മൂഡ് പ്രേക്ഷകരിലേക്ക് എത്തിക്കാൻ ദീപക് ദേവിന്റെ സംഗീതത്തിനും കഴിഞ്ഞിട്ടുണ്ട്. ആക്ഷൻ കൊറിയോഗ്രഫിയും പറയേണ്ട ഒന്നാണ്. ട്രെയിലറിൽ വെളിപ്പെടുത്തിയ ജംഗിൾ ഫൈറ്റ് സീക്വൻസ് സിനിമയിലെ വൗ മൊമെന്റുകളിൽ ഒന്നാണ്. മോഹൻലാലിന്റെ സ്‌ക്രീൻ പ്രസൻസും ആ ഓറയും സംവിധായകൻ നന്നായി ഉപയോഗപ്പെടുത്തിയിട്ടുമുണ്ട്.

കെ ജി എഫ് പോലെ, ബാഹുബലി പോലെ സാങ്കേതികപരമായി, കഥാപരമായി, വാണിജ്യപരമായി ഉന്നതിയിൽ നിൽക്കുന്ന ഒരു പ്രൊഡക്റ്റുണ്ടാക്കി, അത് വളരെ നന്നായി പ്രേക്ഷകർക്കിടയിൽ പിച്ച് ചെയ്തുകൊണ്ട് ആ ഇൻഡസ്ട്രിയെപ്പറ്റി ഒരു കൃത്രിമ ജിജ്ഞാസ  അവരിൽ വളർത്തിയെടുക്കുക.
കെ ജി എഫ് പോലെ, ബാഹുബലി പോലെ സാങ്കേതികപരമായി, കഥാപരമായി, വാണിജ്യപരമായി ഉന്നതിയിൽ നിൽക്കുന്ന ഒരു പ്രൊഡക്റ്റുണ്ടാക്കി, അത് വളരെ നന്നായി പ്രേക്ഷകർക്കിടയിൽ പിച്ച് ചെയ്തുകൊണ്ട് ആ ഇൻഡസ്ട്രിയെപ്പറ്റി ഒരു കൃത്രിമ ജിജ്ഞാസ അവരിൽ വളർത്തിയെടുക്കുക.

കണ്ടന്റ് ഓറിയന്റ്ഡ് സിനിമകളുടെ നാട്- മലയാള സിനിമാ മേഖലയെപ്പറ്റി പതിറ്റാണ്ടുകളായി പറഞ്ഞു പഴകിയ ഒരു വിശേഷണം. അതോ ബാധ്യതയോ?കാമ്പുള്ള കഥകളും കാതലുള്ള കഥാപാത്രങ്ങളും പിറവിയെടുക്കുന്ന ഇൻഡസ്ട്രി എന്ന് വേണമെങ്കിൽ ഈ വിശേഷണത്തിന് ഒരു അർഥം ചാർത്തി നൽകാം. പക്ഷെ അതിനൊരു മറുവശം കൂടിയില്ലേ?

കാമ്പുള്ള, എന്നാൽ ചെറിയ മുതൽമുടക്കുള്ള സിനിമകളുടെ നാട്?
ആത്യന്തികമായി സിനിമ ഒരു വ്യവസായമാണ്. നൂറു കണക്കിന് മനുഷ്യർക്ക് പ്രത്യക്ഷമായും, പരോക്ഷമായും തൊഴിൽ നൽകുന്ന ഇടം. ഭരിക്കുന്ന സർക്കാരുകൾക്ക് നികുതിയായി കോടികളുടെ പണക്കിലുക്കം സമ്മാനിക്കുന്ന മേഖല.

എന്നാൽ പ്രാദേശിക ഭാഷാ ഇൻഡസ്ട്രികൾ നേരിടുന്ന ഒരു വലിയ വെല്ലുവിളി, ആ സിനിമകൾ സംസാരിക്കുന്ന ഭാഷയാണ്. മറ്റു നാടുകളിലെ പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നതുവരെ, വളരെ പരിമിതമായ ആസ്വാദകരിലേയ്ക്ക് മാത്രമേ അവയ്ക്ക് എത്താൻ സാധിക്കുകയുള്ളൂ. ഈ ശ്രദ്ധ പിടിച്ചുപറ്റാൻ പൊതുവെ രണ്ടു മാർഗ്ഗമാണുള്ളത്. ഒന്ന്, വർഷങ്ങളോളം ജനപ്രീതിയുള്ള സിനിമകൾ തുടർച്ചയായി ലഭ്യമാക്കിക്കൊണ്ട് സാവധാനം ഒരു മാർക്കറ്റ് അവിടെ വളർത്തിക്കൊണ്ടുവരിക. അതിനാകട്ടെ, ആ ഭാഷകളുടെ പൾസറിഞ്ഞുള്ള മൊഴിമാറ്റവും ,സാമാന്യം വലിയ വിതരണക്കാരുടെ സാന്നിധ്യവും കൂടിയേതീരൂ.

രണ്ട്, കെ ജി എഫ് പോലെ, ബാഹുബലി പോലെ സാങ്കേതികപരമായി, കഥാപരമായി, വാണിജ്യപരമായി ഉന്നതിയിൽ നിൽക്കുന്ന ഒരു പ്രൊഡക്റ്റുണ്ടാക്കി, അത് വളരെ നന്നായി പ്രേക്ഷകർക്കിടയിൽ പിച്ച് ചെയ്തുകൊണ്ട് ആ ഇൻഡസ്ട്രിയെപ്പറ്റി ഒരു കൃത്രിമ ജിജ്ഞാസ അവരിൽ വളർത്തിയെടുക്കുക. (കെ ജി എഫ് കത്തിപ്പടരുന്നതിനുമുൻപ് യഷ് എന്ന നായകനെപ്പറ്റി അറിവുണ്ടായിരുന്ന എത്ര മലയാളികൾ ഉണ്ടാകും?)

എന്തായാലും ഗംഭീരമായ നിരവധി രാഷ്ട്രീയ ചർച്ചകൾക്ക് എമ്പുരാൻ തിരികൊളുത്തിയിട്ടുണ്ട്. അത് നല്ലതുതന്നെ. ആളുകൾ ചരിത്രം ചികയട്ടെ, പഠിക്കട്ടെ, തിരിച്ചറിയട്ടെ.
എന്തായാലും ഗംഭീരമായ നിരവധി രാഷ്ട്രീയ ചർച്ചകൾക്ക് എമ്പുരാൻ തിരികൊളുത്തിയിട്ടുണ്ട്. അത് നല്ലതുതന്നെ. ആളുകൾ ചരിത്രം ചികയട്ടെ, പഠിക്കട്ടെ, തിരിച്ചറിയട്ടെ.

പരസ്പര ആശ്രയത്വത്തോടെ മാത്രമേ പ്രാദേശിക സിനിമാ വ്യവസായങ്ങൾക്ക് പിടിച്ചുനിൽക്കാനാകൂ എന്ന തിരിച്ചറിവ് മറ്റാരേക്കാളും മുൻപ് ഉള്ളിൽ തെളിച്ചെടുത്ത മലയാളി സിനിമാക്കാരൻ പൃഥ്വീരാജായിരിക്കണം. ഇതര ഭാഷാസിനിമകളുടെ കേരളത്തിലെ വിതരണം ഏറ്റെടുത്തും, അവിടുത്തെ ടയർ വൺ നടന്മാരോടൊപ്പം സ്ക്രീൻ സ്‌പെയ്‌സ് ഷെയർ ചെയ്തും, അഭിനയിച്ചും അതാത് നാടുകളിലെ പേരുകേട്ട നിർമ്മാണ കമ്പനികളുമായും, താരങ്ങളുമായും അയാൾ കൊല്ലങ്ങൾ കൊണ്ട് ബോധപൂർവം വളർത്തിയെടുത്ത ഒരു നെറ്റ്‌വർക്ക്. അത് എങ്ങനെ അയാൾ പ്രയോജനപ്പെടുത്തി എന്നറിയാൻ എമ്പുരാന്റെ ഡിസ്ട്രിബ്യൂട്ടേഴ്സ് ലിസ്റ്റ് ഒന്ന് പരതിയാൽ മതി. കർണാടകയിൽ ഹോംബാല, ഹിന്ദി ബെൽറ്റിൽ അനിൽ തടാനി ഗ്രൂപ് ...എന്നിങ്ങനെ പോകുന്നു ആ പട്ടിക. താരതമ്യേനെ ഭാഷാസ്നേഹം കൂടുതലുള്ള കർണാടകയിൽ നടന്ന എമ്പുരാന്റെ പ്രൊമോഷൻ ഈവന്റിൽ പൃഥ്വീരാജ് സ്വയം പരിചയപ്പെടുത്തുന്നത് നോക്കുക: ‘‘നിങ്ങളുടെ കെ ജി എഫ്, കാന്താരാ, ചാർളി തുടങ്ങിയ സിനിമകൾ കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത് ഞാനാണ്, എന്റെ കമ്പനിയാണ്’’. ഇങ്ങനെ പറഞ്ഞാണ് പൃഥ്വീരാജ് അന്നാട്ടിലെ പ്രേക്ഷകരെ സമീപിക്കുന്നതു തന്നെ. അതോടെ 'കന്നഡ നാട്ടിൽ എന്തിന് ഒരു മലയാളത്താൻ പടം' എന്ന വാദത്തിന്റെ മുന സ്വയം ഒടിഞ്ഞുതൂങ്ങുന്നു.

ഭാഷ തീർക്കുന്ന വേലികൾക്കിപ്പുറം കിതച്ചു നിൽക്കുന്ന സിനിമ, ആ തടസം മറികടന്ന് അതുവരേയ്ക്കും അവയ്ക്ക് വിലക്കപ്പെട്ടതായി കരുതിവച്ചിരിക്കുന്ന ദേശങ്ങളിലേയ്ക്ക്, ആളുകളിലേയ്ക്ക് കടന്നുചെല്ലേണ്ടത് മലയാളം പോലെയുള്ള ഒരു സിനിമാഇൻഡസ്ടറിയുടെ അതിജീവനത്തിന് അനിവാര്യമാണ്. അവിടെയാണ് എമ്പുരാൻ പോലുള്ള കോടികൾ പണത്തൂക്കമുള്ള സൂപ്പർതാര ചിത്രങ്ങളുടെ പ്രസക്തി.

എന്തായാലും ഗംഭീരമായ നിരവധി രാഷ്ട്രീയ ചർച്ചകൾക്ക് എമ്പുരാൻ തിരികൊളുത്തിയിട്ടുണ്ട്. അത് നല്ലതുതന്നെ. ആളുകൾ ചരിത്രം ചികയട്ടെ, പഠിക്കട്ടെ, തിരിച്ചറിയട്ടെ.

Comments