ലാലേട്ടനിലെ
മോഹനതകളും ലാലസതകളും

തന്റെ മേഖലയിലെ ഏറ്റവും പ്രധാന ടൂളായ ശരീരത്തെ പരിപാലിച്ച് സുന്ദരവും ആകർഷകവുമാക്കി നിർത്തുന്നതിൽ ഒട്ടും ശ്രദ്ധിക്കാതെ, ഓരോ നിമിഷവും ആഘോഷമാക്കി, ശരിക്കും അക്ഷരാർത്ഥത്തിൽ ജീവിക്കുകയാണ് എല്ലാ കാലത്തും മോഹൻലാൽ ചെയ്തത്, തുറന്ന പുസ്തകം പോലെ. അത് എന്നെയെന്നല്ല, ലോകത്തിലെ തന്നെ ഏതൊരു മനുഷ്യനെയും സിനിമാനടനെയും അസൂയപ്പെടുത്തും വിധമാണ്- ശൈലൻ എഴുതുന്നു.

ശൈലൻ

കുറച്ചുകാലം മുൻപാണ്.
നരൻ എന്ന സിനിമ ഇറങ്ങിയിട്ട് അധികമൊന്നുമായിരുന്നില്ല. 2005-ലോ ഏറിയാൽ 2006-ലോ ആയിരിക്കണം. ഞാനും എന്റെ മൂന്ന് കസിന്മാരും ചേർന്ന് ഒരു യാത്ര പോയി. കസിൻമാരിൽ ഒരുവൻ ട്രാവൽ ഓപ്പറേറ്റർ കൂടിയാണ്. അതിനാൽ ഏത് ടൂറിസ്റ്റ് ഡെസ്റ്റിനേഷൻസിൽ ചെന്നാലും താമസത്തിനും ഭക്ഷണത്തിനും മുട്ടൊന്നുമില്ല. അതിന്റെ ഒരു അർമാദക്കൂടുതൽ യാത്രയ്ക്കുണ്ട്. അവനാകട്ടെ എവിടെ ചെന്നാലും വിവിധ കാറ്റഗറിയിൽ പെട്ട തദ്ദേശീയരുമായി നല്ല ബന്ധവുമുണ്ട്.

അങ്ങനെ ഞങ്ങൾ എതിലെയൊക്കെയോ അലഞ്ഞുതിരിഞ്ഞ് ഹൊഗ്ഗനക്കലിൽ എത്തിപ്പെട്ടു. കന്നഡത്തിൽ പറഞ്ഞാൽ പുകയുന്ന കല്ലാണ് ഹൊഗ്ഗനക്കൽ. കാവേരി കർണാടകയിൽ നിന്ന് തമിഴ്നാട്ടിലേക്ക് ആഞ്ഞുപതിക്കുന്ന വെള്ളച്ചാട്ടങ്ങളുടെ വന്യത കൊണ്ട് കല്ലുകൾ മാത്രമല്ല, അന്തരീക്ഷവും അവിടെ തുഷാര ബിന്ദുക്കളാൽ പുകമറയിലായിപ്പോവുന്നു.

‘നരനി’ൽ മോഹൻലാൽ

വെള്ളച്ചാട്ടങ്ങൾക്ക് താഴെയുള്ള പാറക്കെട്ടുകൾക്കിടയിലൂടെ കൊട്ടവഞ്ചികളിലേറിയുള്ള ജലസവാരിയാണ് ഹൊഗ്ഗനക്കലിലെ ഒരു ഹൈലൈറ്റ്. അതിനാൽ എന്റെ കസിൻ സുജിത്ത് അവന്റെ സ്ഥിരക്കാരനായ കൊട്ടവഞ്ചി ഓപ്പറേറ്ററെ വിളിച്ചു. മണി എന്നു പേരായ ഒരു ടിപ്പിക്കൽ ഹൊഗ്ഗനക്കലുകാരൻ.

അയാൾ അധികം വൈകാതെ ഞങ്ങളുടെ ചാരെയെത്തുന്നു. ഞങ്ങൾ നാലുപേരും കസിൻസ് ആണെന്നതും മലയാളികൾ ആണെന്നതും മണിയെ ആവേശഭരിതനാക്കുന്നു. ഉടൻ തന്നെ മണി ചെയ്തത് ട്രൗസറിന്റെ പോക്കറ്റിൽ നിന്ന് അയാളുടെ വിസിറ്റിങ് കാർഡെടുത്ത് ഞങ്ങൾ നാലാൾക്കും വമ്പൻ excitement- ൽ നീട്ടുക എന്നതാണ്.

ഇതെന്തു കൂത്തെന്ന് ചിന്തിച്ച് കാർഡ് വാങ്ങി നോക്കുമ്പോൾ, മണിയുടെ ആവേശത്തിന്റെ കാരണം മനസിലായി. മുഷിഞ്ഞ വേഷത്തിൽ നിൽക്കുന്ന മണിയെ കെട്ടിപ്പിടിച്ചു കൊണ്ടുനിൽക്കുന്ന ലാലേട്ടന്റെ ഫുൾ സൈസ് ഫോട്ടോയിലാണ് ആ വിസിറ്റിങ് കാർഡ്.

കറുത്ത ബനിയനും നിക്കറും ധരിച്ച് 'നരനി'ലെ മുള്ളൻകൊല്ലി വേലായുധനായി മാറി ഭീമാകാരരൂപിയായി നിൽക്കുന്ന ലാലേട്ടൻ ചെറിയ മനുഷ്യനായ മണിയെ പൂണ്ടടക്കം ആശ്ലേഷിച്ച് ആഹ്ലാദത്തോടെ നിൽക്കുന്നു. രൂപങ്ങൾ തമ്മിലുള്ള വലുപ്പവ്യത്യാസം മാത്രമേയുള്ളൂ. ഒരു സിനിമാതാരവും സാധാരണ മനുഷ്യനും തമ്മിലുള്ള അന്തരം ആ ഫോട്ടോയിലെങ്ങും ഭൂതക്കണ്ണാടി വച്ച് നോക്കിയാലും കണ്ടുപിടിക്കാനാവില്ല. മണിയെ പോലൊരാളെ ഉന്മാദനിർവൃതിയിലെത്തിക്കാൻ മറ്റെന്തു വേണം. അവിടെ കുറേ നാളുകളിലുണ്ടായിരുന്ന നരന്റെ ഷൂട്ടിങ് കഴിഞ്ഞ് മാസങ്ങൾ തന്നെ കഴിഞ്ഞിട്ടും ആ കേട്ടിപ്പുണരലിൽ നിന്നും അയാൾ വിടുതി നേടിയിട്ടില്ല.

മലയാളികളെക്കാൾ വളരെയധികം ശതമാനം ഇതരഭാഷക്കാർ സന്ദർശനെത്തുന്ന കർണാടക- തമിഴ്നാട് ബോർഡറിലുള്ള ഹൊഗ്ഗനക്കൽ പോലൊരു വിനോദസഞ്ചാരമേഖലയിൽ മലയാളിയല്ലാത്ത ഒരു കൊട്ടവഞ്ചിക്കാരൻ ലാലേട്ടനൊപ്പമുള്ള ഫോട്ടോ വിസിറ്റിങ് കാർഡ് ആക്കുന്നത് അയാൾ അതുവരെ മോഹൻലാൽ എന്ന നടന്റെ /താരത്തിന്റെ / സൂപ്പർസ്റ്റാറിന്റെ ഒരു സിനിമ പോലും കണ്ടിട്ടല്ല. ഇന്നത്തെ പോലെ ഇന്റർനെറ്റും ആൻഡ്രോയിഡ് ഫോണും ഒ.ടി.ടിയും ടെലഗ്രാമും വ്യാപകമായി, ഏത് ഭാഷയിലെ താരങ്ങളും എല്ലാ നാട്ടിലുള്ളവർക്കും സുപരിചിതരായ ഒരു കാലമല്ലെന്നും ഓർക്കണം. പിന്നെന്തുകൊണ്ട് എന്നു ചിന്തിച്ചാൽ ഒരു സൂപ്പർസ്റ്റാറിന്റെ മണ്ണിലിറങ്ങി നിന്നു കൊണ്ടുള്ള ചില ജീവിതനേരങ്ങളും തന്നോടുള്ള പെരുമാറ്റവും അനുഭവിച്ചറിഞ്ഞതുകൊണ്ട് എന്നതുതന്നെ ഉത്തരം.

മോഹൽലാൽ ‘ഒടിയനി’ൽ

പുതിയ മോഹൻലാൽ, പഴയ മോഹൻലാൽ എന്നിങ്ങനെയുള്ള ഒരു conflict ആരാധകർക്കും മലയാളിപ്രേക്ഷകർക്കുമിടയിൽ കുറച്ചുവർഷങ്ങളായി തന്നെ രൂപപ്പെട്ടിട്ടുണ്ട്, നിരന്തര ചർച്ചകൾക്ക് കാരണമായിട്ടുമുണ്ട്. ‘പഴയ മോഹൻലാൽ ഗംഭീരം പുതിയ മോഹൻലാൽ അത്ര പോരാ’, ‘ഒടിയനുശേഷം ദയനീയം’ എന്നിങ്ങനെയാണ് ഇത്തരം ചർച്ചകളിൽ ഭൂരിഭാഗം മലയാളികളും അഭിപ്രായപ്പെടുന്നത്.

എന്നാൽ മോഹൻലാൽ എന്ന മനുഷ്യന്റെ മറ്റു മനുഷ്യരോടുള്ള ഇടപെടലുകളെ കുറിച്ച് ഒരുകാലത്തും എതിരഭിപ്രായം കേട്ടിട്ടില്ല. മറ്റൊരു മനുഷ്യനെ കാണുമ്പോൾ അയാൾ ഒരിക്കലും താരമെന്ന നിലയിൽ മണ്ണിൽ നിന്നുയർന്നുപൊങ്ങി പെരുമാറിയ അനുഭവങ്ങൾ കേൾക്കാറേയില്ല.

താരമെന്ന നിലയിൽ മോഹൻലാൽ എന്ന നടൻ ഒരു കാലത്തും എന്റെ ആരാധ്യപാത്രമായിരുന്നില്ല. മോഹൻലാൽ ഫാൻസിന്റെ വെറുപ്പിക്കൽ ചെറുപ്പകാലം മുതലേ ആവോളം അനുഭവിച്ചിട്ടുമുണ്ട്. പക്ഷേ, 80-കളുടെ മദ്ധ്യകാലം മുതൽ തന്നെ താരം, സൂപ്പർസ്റ്റാർ, മലയാളം ഷോബിസിനസിലെ നെടുംതൂൺ എന്നിങ്ങനെയൊക്കെ ആയിരിക്കെ, ഇപ്പറഞ്ഞതിനൊക്കെ ഒരു നിർണായക ഘടകമായ ശരീരം എന്ന ടൂളിനെ അവഗണിച്ച് ലാലേട്ടൻ എന്ന മനുഷ്യൻ ജീവിതത്തെ ആസ്വദിക്കുന്നത് പണ്ടു മുതലേ എന്നിലെ മനുഷ്യനെ വിസ്മയിപ്പിച്ചിട്ടുള്ളതും അസൂയപ്പെടുത്തിയിട്ടുള്ളതുമാണ്.

മണി എന്ന കൊട്ടവഞ്ചിക്കാരൻ പലവട്ടം ഇതേ വിസ്മയത്തോടെ പറഞ്ഞ ഒരു കാര്യമുണ്ട്, നരൻ എന്ന സിനിമയുടെ ഷൂട്ടിങ് ഹൊഗനക്കലിൽ നടന്നത് ഏറക്കുറെ മുഴുവനായും നദിയിലാണ്. വെള്ളത്തിൽ നിന്നു കേറിവന്നാൽ അധികം രഹസ്യാത്മകതയൊന്നും സൂക്ഷിക്കാതെ ലാലേട്ടൻ മദ്യപിക്കും. അതും അവിടത്തെ സാധാരണക്കാരൊക്കെ ഉപയോഗിക്കുന്ന ലോക്കൽ ബ്രാൻഡ് റമ്മുകൾ.

മോഹൻലാലിനെ തങ്ങളുടെ ഭാര്യമാരോ കാമുകിമാരോ മറ്റു സ്ത്രീകളോ ഇഷ്ടപ്പെടുന്നതും ആരാധിക്കുന്നതും ഒന്നോ രണ്ടോ തളത്തിൽ ദിനേശന്മാരൊഴികെ മറ്റു മലയാളി പുരുഷന്മാർക്കൊരു പ്രതിസന്ധിയായിരുന്നില്ല.

തന്റെ മേഖലയിലെ ഏറ്റവും പ്രധാന ടൂളായ ശരീരത്തെ പരിപാലിച്ച് സുന്ദരവും ആകർഷകവുമാക്കി നിർത്തുന്നതിൽ ഒട്ടും ശ്രദ്ധിക്കാതെ, ഓരോ നിമിഷവും ആഘോഷമാക്കി, അയാൾ ശരിക്കും അക്ഷരാർത്ഥത്തിൽ ജീവിക്കുകയാണ് എല്ലാ കാലത്തും ചെയ്തത്, തുറന്ന പുസ്തകം പോലെ. അത് എന്നെയെന്നല്ല, ലോകത്തിലെ തന്നെ ഏതൊരു മനുഷ്യനെയും സിനിമാനടനെയും അസൂയപ്പെടുത്തും വിധമാണ്.

'ഒരുവൻ സകലതും നേടിയിട്ടും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാൽ പിന്നെ എന്തുകാര്യം' എന്ന വചനം ചർച്ചുകളുടെ ചുമരിൽ എഴുതിവച്ചിരിക്കുന്നത് വായിക്കുമ്പോൾ ഞാൻ എനിക്ക് പരിചയമുള്ള കുറെയേറെ മനുഷ്യരെ ഓർത്തു ചിരിക്കും. സിനിമയിലോ മറ്റേതെങ്കിലും രീതിയിൽ വിസിബിലിറ്റി കിട്ടുന്ന ഏതെങ്കിലും മേഖലകളിലോ ഒന്നുമില്ലെങ്കിൽ പോലും ഇഷ്ടഭക്ഷണത്തെ വരെ വിഷമെന്ന മട്ടിൽ വർജിച്ച് പതിനായിരം വർഷത്തേക്ക് ഭൂമിയിൽ കാത്തുസൂക്ഷിക്കാനുള്ളതാണ് തന്റെ ശരീരമെന്ന മട്ടിൽ ജീവിക്കുന്നവർ, കോടീശ്വരൻമാരായിട്ടോ മറ്റു സുഖസൗകര്യങ്ങൾ എല്ലാമുണ്ടായിട്ടോ എന്തുകാര്യം. ജീവിക്കുന്നു, മരിക്കുന്നു അത്രതന്നെ. അവിടെയാണ് മോഹൻലാൽ ജീവിച്ച ജീവിതം എന്നെ സംബന്ധിച്ച് പ്രസക്തമാവുന്നത്.

ജോണി ലൂക്കോസുമൊത്തുള്ള ഇന്റർവ്യൂവിൽ മോഹൻലാൽ

അദ്ദേഹം ഇഷ്ടമുള്ള ഭക്ഷണം കഴിച്ചു. ഇഷ്ടമുള്ള മദ്യം കഴിച്ചു. ഇഷ്ടമുള്ള സ്ത്രീകൾക്കൊപ്പം ഉല്ലസിച്ചു. ഇഷ്ടമായതെന്തും ചെയ്തു. തൊണ്ണൂറുകളിലെയും രണ്ടായിരത്തിന്റെ ആദ്യ പതിറ്റാണ്ടിലെയും ഒരുപാട് സാധാരണ മനുഷ്യർക്ക് തന്റെ ശരീരം കൊണ്ട് അപാരമായ ആത്മവിശ്വാസമേകി. ശരീരവും ബാഹ്യരൂപവുമല്ല മനുഷ്യന്റെ ഇന്നർ സെൽഫും ഉള്ളടക്കവും ജീനിയസും എന്നുള്ള മഹത്തായ സന്ദേശം തന്നെയായിരുന്നു അത്.

മോഹൻലാലിനെ തങ്ങളുടെ ഭാര്യമാരോ കാമുകിമാരോ മറ്റു സ്ത്രീകളോ ഇഷ്ടപ്പെടുന്നതും ആരാധിക്കുന്നതും ഒന്നോ രണ്ടോ തളത്തിൽ ദിനേശന്മാരൊഴികെ മറ്റു മലയാളി പുരുഷന്മാർക്കൊരു പ്രതിസന്ധിയായിരുന്നില്ല. പേരിന്റെ പൂർവഭാഗത്തുള്ള മോഹനതയെക്കാൾ ഉത്തരഭാഗത്തുള്ള ലാലസതയ്ക്ക് പ്രാമുഖ്യമുള്ള ലാലേട്ടന്റെ ശരീരം അവരുടെ ഈഗോയ്ക്ക് വെല്ലുവിളി ഉയർത്തിയതേയില്ല, ഒരുകാലവും. തങ്ങളുടെ കൂട്ടത്തിൽ ഒരുവനായിരുന്നു. ലാലേട്ടൻ. നല്ലൊരു ശതമാനം പേർ താൻ തന്നെ സ്ക്രീനിലുള്ള കഥാപാത്രം എന്ന് ലാലേട്ടനുമായി താദാത്മ്യം പ്രാപിക്കുകയും ചെയ്തു.

2010-നുശേഷം സിക്സ്പാക്ക് ഫിഗറുമായി പൃഥ്വിരാജ് മലയാള സിനിമയിലെത്തിയപ്പോൾ പരിഭ്രാന്തപരവശരായി സൈക്കോകളായി മാറി ആ നടനെതിരെ നിരന്തരമായ സൈബർ ആക്രമണം അഴിച്ചുവിട്ട് പൊതുസമൂഹത്തിനു മുന്നിൽ അയാളെ കോമാളിസമാനനാക്കുന്നതിൽ ആനന്ദം കണ്ടെത്തി. ഒടുവിൽ പട്ടിണി കിടന്നുകിടന്ന് ശരീരത്തെ മൃതസമാനമാക്കി ആടുജീവിതം നയിച്ച് പശ്ചാത്താപം ചെയ്യേണ്ടിവന്നു പൃഥ്വിരാജിന് ഇക്കൂട്ടരെക്കൊണ്ട് അംഗീകരിപ്പിക്കാൻ.

അങ്ങനെ കാര്യമായ മനോവിഷമങ്ങളൊന്നും കൂടാതെ സിനിമ ആസ്വദിച്ചിരുന്നവരിൽ ഒരു കൂട്ടരാണ് 2010-നുശേഷം സിക്സ്പാക്ക് ഫിഗറുമായി പൃഥ്വിരാജ് മലയാള സിനിമയിലെത്തിയപ്പോൾ പരിഭ്രാന്തപരവശരായി സൈക്കോകളായി മാറി ആ നടനെതിരെ നിരന്തരമായ സൈബർ ആക്രമണം അഴിച്ചുവിട്ട് പൊതുസമൂഹത്തിനു മുന്നിൽ അയാളെ കോമാളിസമാനനാക്കുന്നതിൽ ആനന്ദം കണ്ടെത്തിയത്. ഒടുവിൽ പട്ടിണി കിടന്നുകിടന്ന് ശരീരത്തെ മൃതസമാനമാക്കി ആടുജീവിതം നയിച്ച് പശ്ചാത്താപം ചെയ്യേണ്ടിവന്നു പൃഥ്വിരാജിന് ഇക്കൂട്ടരെക്കൊണ്ട് അംഗീകരിപ്പിക്കാൻ. അത് വേറെ വിഷയം.

മോഹൻലാലിനെ കുറിച്ചുള്ള ഗോസിപ്പുകളെയും മലയാളി മറ്റാർക്കും കൊടുക്കാത്ത ഇളവുകളോടെയും തുറന്ന മനസോടെയുമാണ് സ്വീകരിച്ചത് എന്നുകാണാം. തന്റെ സെക്ഷ്വൽ പാർട്ണർമാരുടെ എണ്ണം മൂവായിരം തികച്ചതിന്റെ ഒരു സെലിബ്രേഷൻ അദ്ദേഹം സംഘടിപ്പിച്ചു എന്നത് ഒരു ദശകമെങ്കിലും പഴക്കമുള്ള ഗോസിപ്പാണ്.

അതേക്കുറിച്ച് മനോരമ ചാനലിലെ നേരെ ചൊവ്വേ പരിപാടിയിൽ ജോണി ലൂക്കോസ് ചോദിക്കുമ്പോൾ, അത് ഒറ്റയടിക്ക് നിഷേധിക്കുകയല്ല മോഹൻലാൽ ചെയ്യുന്നത്. മൂവായിരമല്ല അതിൽ കൂടുതലുണ്ടാവാം എന്ന് തമാശയെന്ന മട്ടിൽ പ്രതികരിക്കുകയാണ്.

യൂടൂബിൽ കിടക്കുന്ന മറ്റൊരു വീഡിയോയിൽ താരനിശയുടെ വേദിയിലിരുന്ന് പരസ്യമായി മാസ്റ്റർബേഷന്റെ ആക്ഷൻ കാണിക്കുന്ന മോഹൻലാലിനെ കാണാം. അരാജകത്വത്തിന് കുപ്രസിദ്ധി നേടിയ മറ്റുഭാഷാ നടന്മാരുടെ പോലും ഇങ്ങനെയൊരു സീൻ രേഖകളിലുണ്ടാവില്ല. മറ്റേതെങ്കിലും മലയാളതാരമായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനത്ത് എങ്കിലുള്ള അവസ്ഥ ഒന്നാലോചിച്ച് നോക്കണം.

ഈ പ്രവൃത്തി ചെയ്യുമ്പോൾ തൊട്ടടുത്തിരിക്കുന്ന മമ്മൂട്ടിയോ സിദ്ദിഖോ അതു കണ്ട് ഞെട്ടുകയോ പരിഭ്രമിക്കുകയോ ചമ്മുകയോ ചെയ്യുന്നില്ല എന്നതാണ് ആ വീഡിയോയുടെ ഹൈലൈറ്റ്. മറിച്ച്, കുട്ടികൾ കുസൃതി കാണിക്കുമ്പോഴെന്ന പോലെ ചിരിച്ചുകൊണ്ട് കളിമട്ടിൽ കയ്യോങ്ങുകയാണ് മമ്മൂട്ടിയെ പോലൊരു മര്യാദാ പുരുഷോത്തമൻ.

സംഘപരിവാർ അനുഭാവി എന്ന വഴിക്ക് നേരിടേണ്ടിവന്ന ചില ആരോപണങ്ങളും നേരിയ സൈബർ ലിഞ്ചിങ്ങുകളുമാണ് ലാലേട്ടൻ മലയാളികളിൽനിന്ന് നേരിടേണ്ടിവന്ന സീരിയസായ ഏക ഓഡിറ്റിങ്ങ്. അക്കാര്യം അറിഞ്ഞിട്ടേയില്ല എന്നു നടിച്ചാണ് അദ്ദേഹത്തിന്റെ നടപ്പ്.

അടുത്തറിയുന്നവർക്ക് ഇതൊക്കെ സാധാരണമെന്നും അവർ ഏതുനിമിഷവും ഇതൊക്കെ പ്രതീക്ഷിക്കുന്നുണ്ട് എന്നതിനും മികച്ച സാക്ഷ്യം. ഇത്തരം പ്രവൃത്തികളെ ഗ്ലോറിഫൈ ചെയ്യാൻ വേണ്ടിയല്ല ഇതൊന്നും ഇവിടെ പരാമർശിക്കുന്നത്. തുറന്ന പുസ്തകം ഫോർമാറ്റിലുള്ള ചില ലാലിസ ലാലസങ്ങളെ മലയാളികളും സഹതാരങ്ങളും കറക്റ്റ്നെസ്സിന് വൻ ഡിസ്‌കൗണ്ട് നൽകി പരിഗണിക്കുന്നത് എങ്ങനെയെന്നു പറഞ്ഞു വരികയാണ്.

നേരിട്ടല്ലാതെ, ബ്ലോഗുകൾക്കിടയിലെ ചില വരികൾക്കിടയിൽ വായിച്ചും ഡയറക്റ്റ് അല്ലാത്ത ചില പ്രവൃത്തികൾ നിരീക്ഷിച്ചും സംഘപരിവാർ അനുഭാവി എന്ന നിഗമനത്തിലെത്തി ആ വഴിക്ക് നേരിടേണ്ടിവന്ന ചില ആരോപണങ്ങളും നേരിയ സൈബർ ലിഞ്ചിങ്ങുകളുമാണ് ഇക്കാലയളവിൽ ലാലേട്ടൻ മലയാളികളിൽനിന്ന് നേരിടേണ്ടിവന്ന സീരിയസായ ഏക ഓഡിറ്റിങ്ങ്. അക്കാര്യം അറിഞ്ഞിട്ടേയില്ല എന്നു നടിച്ചാണ് അദ്ദേഹത്തിന്റെ നടപ്പ്.

അക്കാര്യത്തിൽ ക്ലാരിഫിക്കേഷൻ ഒന്നും തന്നെ ഇനിയും ഉണ്ടാവാൻ സാധ്യത കാണുന്നില്ലെങ്കിലും സുരേഷ്ഗോപിയെ പോലൊരു ‘സൈക്കോ സംഘി’യായി മാറാനോ പരസ്യമായി ബി.ജെ.പിയ്ക്ക് പിന്തുണ പ്രഖ്യാപിക്കാനോ മോഹൻലാൽ എന്ന മനുഷ്യന് തന്റെ ഈ ജീവിതത്തിൽ സാധിക്കില്ല എന്നുതന്നെയാണ് ഞാൻ വിലയിരുത്തുന്നത്. അങ്ങനെയൊരു മനോനിലയിൽ നിന്ന് കുറച്ചുമുകളിൽ തന്നെയാണ് കുറച്ചൊക്കെ അരാജകത്തോടെയെങ്കിലും അങ്ങേര് ഇതുവരെ ജീവിച്ച ജീവിതം.


ശൈലൻ

കവി, സിനിമാ നിരൂപകൻ. രാഷ്​ട്രമീ- മാംസ, ദേജാ വൂ, വേട്ടൈക്കാരൻ, ഇൻഡീസെൻറ്​ ലൈഫ് ഓഫ് മഹാശൈലൻ എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments