മോഹൻലാലിന്റെ ജയരാജനും മമ്മൂട്ടിയുടെ സ്റ്റാൻലി ദാസും, ഉയരങ്ങളിൽ നിന്ന് കളങ്കാവലിലേക്ക്

“മോഹൻലാലിൻറെ ജയരാജനിൽ നിന്നും മമ്മൂട്ടിയുടെ സ്റ്റാൻലി ദാസിലേക്കെത്തുമ്പോഴേക്കും മലയാള സിനിമ ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു. മോഹൻലാൽ തന്മയത്വത്തിന്റെ ശരീരഭാഷയിലൂടെ പകർന്നാടുമ്പോൾ കളങ്കാവലിൽ സ്റ്റൈലൈസ്ഡ് ആക്റ്റിംഗിലൂടെയാണ് മമ്മൂട്ടി അത്ഭുതപ്പെടുത്തുന്നത്.” ഡോ. ഷിബു ബി. എഴുതുന്നു.

ളങ്കാവൽ കണ്ടപ്പോൾ എം.ടി വാസുദേവൻ നായർ രചിച്ച് ഐ.വി ശശി സംവിധാനം ചെയ്ത് 1984-ൽ പുറത്തിറങ്ങിയ ‘ഉയരങ്ങളിൽ’ എന്ന മോഹൻലാൽ ചിത്രം ഓർത്തുപോയി. ഹൈ റേഞ്ച് ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന ‘ഉയരങ്ങളിൽ’ പദവിയോടും പണത്തോടുമുള്ള ദുരമൂലം മനുഷ്യബന്ധങ്ങളെ അവമതിച്ച ജയരാജൻ (മോഹൻലാൽ) എന്ന കഥാപാത്രത്തിന്റെ കഥയാണ് പറയുന്നത്. മൂന്നു കൊലപാതകങ്ങൾ ജയരാജൻ നടുത്തുന്നുണ്ട്. അസിസ്റ്റൻറ് മാനേജരായി അദ്ദേഹം ജോലി ചെയ്യുന്ന തേയിലത്തോട്ടത്തിന്റെ മാനേജരായ മേനോനാണ് (ജനാർദ്ദനൻ)) ആദ്യത്തെയാൾ. ഹോസ്പിറ്റലിൽ നേഴ്‌സായി ജോലി ചെയ്യുന്ന കാമുകി പദ്‌മ (സ്വപ്ന)യാണ് അയാളുടെ രണ്ടാമത്തെ ഇര. മാനേജരെ കൊല്ലുന്നതിൽ അറിയാതെ കൂട്ടുപ്രതിയായ ജോണി (നെടുമുടി വേണു) യാണ് മൂന്നാമൻ. മാനേജർ മേനോന്റെ ഭാര്യ ദേവി(കാജൽ കിരൺ)-യും അയാളുടെ ഇരയാകേണ്ടതായിരുന്നു. എന്നാൽ കൃത്യസമയത്ത് ജയരാജന്റെ തനിനിറം പുറത്തായതിനാൽ അവൾ രക്ഷപ്പെടുകയായിരുന്നു. താൻ നടത്തിയ കൊലപാതകങ്ങളിൽ ജയരാജന് അശേഷം മനസ്താപം ഇല്ല. ഓരോ കൊലപാതകത്തിനും അയാൾക്ക് ഓരോ ന്യായീകരണമുണ്ടായിരുന്നു. തോട്ടത്തിലെ പണം മോഷ്ടിച്ചത് പിടിക്കപ്പെട്ടതിനാണ് അയാൾ മേനോനെ വകവരുത്തുന്നത്. ദേവിയിലൂടെ തനിക്കു ലഭിക്കാൻ പോവുന്ന മേനോന്റെ മരണ ആനുകൂല്യങ്ങൾക്ക് പദ്മയുമായുള്ള ബന്ധം ഒരു തടസ്സമായിരിക്കും എന്ന തോന്നലാണ് പദ്മയെ കൊലപ്പെടുത്താൻ അയാളെ പ്രേരിപ്പിച്ചത്. നിഷ്ക്കളങ്കനും ദുർബലചിത്തനുമായ ജോണി മേനോന്റെ കൊലപാതകരഹസ്യം ആരോടെങ്കിലും പറഞ്ഞുപോവുമോ എന്ന സംശയമാണ് അയാളുടെ കൊലപാതകത്തിന് കാരണമാവുന്നത്. ചെയർമാന്റെ (ഉമ്മർ) മകളായ വാസന്തി(വിജി)-യിലൂടെ തോട്ടത്തിന്റെ മുഴുവൻ അധികാരവും തന്നിലേക്കെത്തുമെന്ന് ജയരാജൻ മനസ്സിലാക്കി. എന്നാൽ ദേവിയുമായുള്ള ബന്ധം അതിനു തടസ്സമാണ്. ജയരാജൻ ദേവിയെ കൊല്ലാൻ ശ്രമിച്ചത് ആ തടസ്സം നീക്കുവാൻ വേണ്ടിയായിരുന്നു.

ജയരാജൻ നടത്തിയ കൊലപാതകങ്ങൾക്കുള്ള അടിയന്തര കാരണങ്ങൾ ഇവയൊക്കെയായിരുന്നുവെങ്കിലും പശ്ചാത്താപലേശമന്യേ കൃത്യങ്ങൾ നടത്താൻ അയാളെ പ്രേരിപ്പിക്കുന്ന ഒരു മാനസിക ഘടന അയാൾക്കുണ്ടായിരുന്നു എന്നതാണ് ഇവിടെ മുഖ്യം. ഈ മാനസിക ഘടനയെ രൂപപ്പെടുത്തുന്ന ഒരു സാമൂഹ്യഘടനയും ഉണ്ടായിരുന്നു. വർഗബന്ധങ്ങളും ജാതിബന്ധങ്ങളും ഇഴപിരിച്ചെടുക്കാൻകഴിയാത്തവിധം കെട്ടുപിണഞ്ഞുകിടക്കുന്ന അസന്തുലിത ഫ്യൂഡൽ സാമൂഹ്യവ്യവസ്ഥയിൽ നിന്നുമാണ് ജയരാജൻ സൃഷ്ടിക്കപ്പെടുന്നത്. തിരസ്കാരങ്ങളുടെ ബാല്യമാണ് അയാളെ പ്രതിനായകനാക്കുന്നത്. ഫ്യൂഡൽ വ്യവസ്ഥയിൽ നിന്നും മുതലാളിത്ത മൂലധന വ്യവസ്ഥയിലേക്കുള്ള ഓരോ വിഛേദത്തിന്റെ സംക്രമണസ്ഥലത്താണ് യുവാവായ ജയരാജൻ സ്ഥാനപ്പെടുന്നത്. സ്ത്രീശരീരങ്ങളോടുള്ള കേവല കാമനയാൽ വശംവദനല്ല ജയരാജൻ. അയാൾക്ക് വേണ്ടത് പണമായിരുന്നു. അയാളുടെ അമ്മയുടെ ശരീരമേൽക്കേണ്ടിവന്ന പുരുഷ/പരുഷകടന്നുകയറ്റങ്ങൾക്ക് അയാൾ സാക്ഷിയായിട്ടുണ്ട്. ആനന്ദത്തേക്കാളുപരി ആർഭാടത്തിലേക്കും അധികാരത്തിലേക്കുമുള്ള ചവിട്ടുപടിയാണ് അയാൾക്ക് പെണ്ണുടലുകൾ. പതിവുശീലങ്ങളുടെ ഒരു വ്യുൽക്രമം ഇവിടെ കാണാം. ഉയരങ്ങളിൽ സ്ത്രീയല്ല പുരുഷനാണ് സ്വന്തം ശരീരത്തെ ഉപഭോഗവസ്തുവായി കാഴ്ചപ്പെടുത്തുന്നത്. ആകർഷകമായ തന്റെ ശരീരവും ശരീരഭാഷയും തന്റെ സ്വാർത്ഥലക്ഷ്യ൦ നേടാനുള്ള ഉപകരണമായി അയാൾ ഉപയോഗിക്കുകയാണ്.

ഹൈ റേഞ്ച്  ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന ‘ഉയരങ്ങളിൽ’ പദവിയോടും പണത്തോടുമുള്ള ദുരമൂലം മനുഷ്യബന്ധങ്ങളെ അവമതിച്ച ജയരാജൻ (മോഹൻലാൽ) എന്ന കഥാപാത്രത്തിന്റെ കഥയാണ് പറയുന്നത്. മൂന്നു കൊലപാതകങ്ങൾ ജയരാജൻ നടുത്തുന്നുണ്ട്.
ഹൈ റേഞ്ച് ത്രില്ലർ വിഭാഗത്തിൽപ്പെടുത്താവുന്ന ‘ഉയരങ്ങളിൽ’ പദവിയോടും പണത്തോടുമുള്ള ദുരമൂലം മനുഷ്യബന്ധങ്ങളെ അവമതിച്ച ജയരാജൻ (മോഹൻലാൽ) എന്ന കഥാപാത്രത്തിന്റെ കഥയാണ് പറയുന്നത്. മൂന്നു കൊലപാതകങ്ങൾ ജയരാജൻ നടുത്തുന്നുണ്ട്.

കളങ്കാവലിലെ സ്റ്റാൻലി ദാസും തന്റെ ശരീരത്തിന്റെ ആകർഷണവലയത്തിലേക്ക് ഇരകളെ ആകർഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ അയാൾക്ക് മാർഗം തന്നെയാണ് ലക്‌ഷ്യം. ഇരയെ കണ്ടെത്തുന്നതും വലയിൽ വീഴ്‌ത്തുന്നതും ബന്ധപ്പെടുന്നതും കൊല്ലുന്നതും അയാൾ ആസ്വദിക്കുന്നു. തന്നെ കീഴടക്കാൻ വരുന്ന ജയകൃഷ്ണൻ എന്ന പോലീസ് ഉദ്യോഗസ്ഥനോട് അയാൾ ആക്രോശിക്കുന്ന പോലെ (ലൈംഗിക) വിശപ്പാണ് അയാളുടെ ചോദന. അതിനുവേണ്ടിയുള്ള ക്ഷമാപൂർവമുള്ള കാത്തിരിപ്പാണ് അയാളുടെ ലഹരി. കൃത്യം നടത്താനായി നവീനമായ മാർഗങ്ങൾക്കു വേണ്ടിയുള്ള അന്വേഷണവും പരീക്ഷണവും അയാൾ ആസ്വദിക്കുന്നുണ്ട്. മന്ദഗതിക്കാരനായ കുടുംബനാഥനിൽ നിന്നും കൃത്യതയുള്ള കൊലപാതകിയിലേക്കു തന്മയത്വത്തോടെ കടന്നു ചെല്ലാൻ പാകത്തിലുള്ള മനസ്സാണ് സ്റ്റാൻലിയുടേത്. എന്നാൽ ആ മനസ്സ് എങ്ങിനെ രൂപപ്പെട്ടു എന്നത് സോഷ്യോളജിയുടെയോ സൈക്കോളജിയുടെയോ വിഷയമാണോ എന്നുള്ളത് സങ്കീർണമായ ചോദ്യമാണ്. ജയകൃഷ്ണന്റെ സംഭാഷണത്തിന് പശ്ചാത്തലമായി വരുന്ന സ്റ്റാൻലിയുടെ രഹസ്യമുറിയിലെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ അദ്ദേഹത്തിന്റെ ബാല്യകാല അനുഭവങ്ങളിലേക്ക് വിരൽ ചൂണ്ടുന്നുവെങ്കിലും വ്യക്തമായി അയാളുടെ മാനസികലോകത്തേക്കു വഴിതെളിക്കാൻ സംവിധായകൻ ശ്രമിക്കുന്നില്ല. ഏതെങ്കിലും ഒരു സാമൂഹ്യപശ്ചാലത്തിൽ അയാളെ വിശദീകരിക്കാനുള്ള ബാധ്യതയും സംവിധായകൻ ഏറ്റെടുക്കുന്നില്ല. ഫ്യൂഡൽ വ്യവസ്ഥയിൽ നിന്നും ഫാക്ടറി-തോട്ടം മൂലധന മുതലാളിത്തത്തിലേക്കുള്ള സാമ്പത്തിക ഘടനയുടെ പരിണാമത്തെയാണ് ജയരാജൻ അടയാളപ്പെടുത്തുന്നതെങ്കിൽ 2000-ത്തോടെ രൂപപ്പെട്ടുവന്ന ഉടലാനന്ദത്തിന്റെ നവഉദാരവത്കരണ മൂല്യത്തെയാണ് സ്റ്റാൻലി പ്രതിഫലിപ്പിക്കുന്നത്. സമൂഹബാഹ്യമായ കേവലാനന്ദം മാത്രമാണ് അതിന്റെ അടിയന്തരവും ആത്യന്തികവുമായ ലക്ഷ്യം. സ്റ്റാൻലിയുടെ മൊബൈൽ ഫോണുകളുടെ ശേഖരം ബിംബാത്മകമായി അത്തരമൊരു വിഛേദത്തെ ദൃശ്യതലത്തിൽ സൂചിപ്പിക്കുന്നു.

വിവാഹം കഴിക്കാൻ വൈകിപ്പോയവരോ വിധവകളോ ഭർത്താക്കന്മാർ അടുത്തില്ലാത്തവരോ ആയ സ്ത്രീകളാണ് സ്റ്റാൻലിയുടെ ഇരകളിൽ പലരും. ആണത്തത്തിന്റെ ടോക്സിക് ലൈംഗികതയെക്കുറിച്ചു പറയുമ്പോഴും അടക്കിപ്പിടിച്ച സ്ത്രീലൈംഗികതയെക്കുറിച്ചുകൂടി കളങ്കാവൽ അങ്ങിനെ സൂചന നൽകുന്നു. ലൈംഗികതയിൽ സ്ത്രീകൾ അനുഭവിക്കുന്ന അഭാവം (Lack) സമാന്തരമായ ഒരു ആനന്ദലോകത്തെ സ്വപ്നം കാണാൻ അവരെ പ്രേരിപ്പിക്കുന്നുണ്ടാവാം. മാമൂലുകൾ അധികഭാരമേല്പിക്കുന്ന അനുഭവലോകം വിട്ടു കാമനകൾ സ്വാതന്ത്രമാവുന്ന സ്ത്രീസങ്കൽപ്പലോകത്തിലേക്കാണ് സ്റ്റാൻലി പ്രത്യക്ഷപ്പെടുന്നത്. ഒരാളെയും അയാൾ അരുംകൊല ചെയ്യുന്നില്ല. എത്രസ്നേഹത്തോടെ നോക്കിയാണ് അയാൾ അവരെ പൊതുശൗചാലയത്തിലേക്കയക്കുന്നത്! ഏറെ കരുതലോടെയാണ് അവരിൽ അയാൾ കെമിക്കൽ കുത്തിവെയ്ക്കുന്നത്. വാത്സല്യത്തോടെയാണ് അവരുടെ കഴുത്തിൽ കുരുക്കിടുന്നത്. എന്നാൽ അവസാനം ചവച്ചു തുപ്പുന്ന സിഗററ്റിലുണ്ട് അയാൾ ആരാണെന്ന പരമാർത്ഥം. ജയരാജൻ ഒരു പരമ്പരക്കൊലയാളിയല്ല. ലക്ഷ്യം നേടാൻ അയാൾക്ക് പരമ്പരയായി കൊല നടത്തേണ്ടി വരുകയാണ്. എന്നാൽ സ്റ്റാൻലി ഒരു സൈക്കോപാത്താണ്. സമൂഹമല്ല പൂർണ്ണമായും അയാളെ നിശ്ചയിക്കുന്നത്; ആന്തരികമായ ചോദനകളാണ്.

കളങ്കാവലിലെ സ്റ്റാൻലി ദാസും തന്റെ ശരീരത്തിന്റെ ആകർഷണവലയത്തിലേക്ക് ഇരകളെ ആകർഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ അയാൾക്ക് മാർഗം തന്നെയാണ് ലക്‌ഷ്യം. ഇരയെ കണ്ടെത്തുന്നതും വലയിൽ വീഴ്‌ത്തുന്നതും ബന്ധപ്പെടുന്നതും കൊല്ലുന്നതും അയാൾ ആസ്വദിക്കുന്നു.
കളങ്കാവലിലെ സ്റ്റാൻലി ദാസും തന്റെ ശരീരത്തിന്റെ ആകർഷണവലയത്തിലേക്ക് ഇരകളെ ആകർഷിക്കുകയാണ് ചെയ്യുന്നത്. എന്നാൽ അയാൾക്ക് മാർഗം തന്നെയാണ് ലക്‌ഷ്യം. ഇരയെ കണ്ടെത്തുന്നതും വലയിൽ വീഴ്‌ത്തുന്നതും ബന്ധപ്പെടുന്നതും കൊല്ലുന്നതും അയാൾ ആസ്വദിക്കുന്നു.

പ്രതിനായകന്റെ വേഷത്തിൽ മോഹൻലാൽ അത്ഭുതപ്പെടുത്തുന്ന പ്രകടനം കാഴ്ചവച്ച സിനിമയാണ് ഉയരങ്ങളിൽ. നാൽപ്പതു വർഷത്തിനും മുൻപേ എടുത്ത സിനിമ എന്ന നിലയ്ക്ക് പരിമിതികൾ ഏറെയുണ്ടെങ്കിലും പലതുകൊണ്ടും ഒരു കൾട്ട് സിനിമയായി ഇതിനെ കാണാം. പ്രണയവും വഞ്ചനയും അകം പുറം വൈരുധ്യങ്ങളും സാമ്പത്തിക അസന്തുലിതാവസ്ഥയും സ്ത്രീ പുരുഷബന്ധങ്ങളും വളരെ സങ്കീർണമാം വിധം ഉയരങ്ങളിൽ കെട്ടുപിണഞ്ഞുകിടക്കുന്നു. കോടമഞ്ഞു പുതച്ച മലനിരകളെ പച്ചപിടിപ്പിക്കുന്ന തേയിലത്തോട്ടങ്ങൾ അനിവാര്യമായ നിഗൂഢത ചിത്രത്തിന് സമ്മാനിക്കുന്നു.

മമ്മൂട്ടിയുടെ സ്റ്റാൻലി ദാസും സമാനമായ രീതിയിൽ നമ്മെ വശീകരിക്കുന്നു. മോഹൻലാൽ തന്മയത്വത്തിന്റെ ശരീരഭാഷയിലൂടെ പകർന്നാടുമ്പോൾ കളങ്കാവലിൽ സ്റ്റൈലൈസ്ഡ് ആക്റ്റിംഗിലൂടെയാണ് മമ്മൂട്ടി അത്ഭുതപ്പെടുത്തുന്നത്. പദ്മയോടും ദേവിയോടും ബന്ധപ്പെടുമ്പോൾ രതിയിലല്ല, മറിച്ച് അതിലൂടെ താൻ നേടാൻ പോവുന്ന സമ്പത്താണ് ജയരാജനെ ഉന്മത്തനാക്കുന്നത് എന്നാണ് അയാളുടെ കണ്ണുകളുടെ ക്ലോസ് അപ്പ് ഷോട്ടുകൾ നമ്മോടു പറയുന്നത്. ലാലിന്റെ ഒറ്റനോട്ടം മതി ദുരയുടെ ആഴങ്ങൾ അളക്കാൻ. എന്നാൽ സ്റ്റാൻലിയുടെ മുഖം നോക്കൂ, ആകർഷിക്കാൻ വേണ്ടി ഒരുങ്ങിനിൽക്കുന്ന കണ്ണുകളാണ് അയാളുടേത്. വശംവദയാക്കാൻ പാകപ്പെടുത്തിയ ചിരിയാണ് ചുണ്ടുകളിൽ. ഒരു രതിരംഗം പോലും കളങ്കാവൽ ദൃശ്യപ്പെടുത്തുന്നില്ല. കൊലപ്പെടുത്തുന്ന രംഗങ്ങളും വിരളമായേ ക്യാമറ പകർത്തുന്നുള്ളൂ. എന്നാൽ മമ്മൂട്ടിയുടെ അഭിനയത്തികവിൽ, ഭാവപ്പകർച്ചയിൽ, ആന്തരികകാമനകളുടെ സൂക്ഷ്മപ്രകാശനങ്ങളിൽ കാഴ്ചപ്പെടാത്തവപോലും വെളിപ്പെടുന്നു!

മോഹൻലാലിൻറെ ജയരാജനിൽ നിന്നും മമ്മൂട്ടിയുടെ സ്റ്റാൻലി ദാസിലേക്കെത്തുമ്പോഴേക്കും മലയാള സിനിമ ഒരുപാട് മുന്നോട്ടു പോയിരിക്കുന്നു. വ്യത്യസ്തമായ ഉള്ളടക്കങ്ങൾ കൊണ്ടും നവീനമായ പരിചരണം കൊണ്ടും ചലച്ചിത്രാസ്വാദകരെ വശീകരിക്കാനും ചിലപ്പോഴെങ്കിലും ചിന്തിപ്പിക്കാനും മലയാളസിനിമയ്ക്ക് കഴിയുന്നുണ്ട്. കേവലാസ്വാദകരുടെയും നിരൂപകരുടെയും പ്രശംസകൾ ഒരുപോലെ ഏറ്റുവാങ്ങിക്കൊണ്ട് കാലാകാലങ്ങളിൽ കലാസ്വാദനത്തിൽ സംഭവിക്കുന്ന മാറ്റങ്ങളെ ഉൾക്കൊണ്ടുകൊണ്ട് പ്രകാശഗോപുരങ്ങളായി മോഹൻലാലും മമ്മൂട്ടിയും ഇന്നും നമ്മുടെ ചലച്ചിത്രലോകത്ത് നിറഞ്ഞുനിൽക്കുന്നു.


Summary: Mohanlal's character Jayarajan in IV Sasi's Uyarangalil and Mammootty's Stanley Das in Jithin K. Jose Kalamkaval. Dr Shibu B writes a comparison.


ഡോ. ഷിബു ബി.

കോഴിക്കോട് ബാലുശ്ശേരി ഗവ. കോളേജിൽ ഇംഗ്ലീഷ് വകുപ്പിൽ അസിസ്റ്റന്റ് ​​പ്രൊഫസർ. താരം, അധികാരം, ഉന്മാദം: ചലച്ചിത്ര നിരീക്ഷണങ്ങൾ, ദി പിയാനിസ്റ്റ്, മക്മൽ ബഫ് ഒരു മുഖവുര, സുബ്രഹ്മണ്യപുരം, ഡ്രാക്കുള (മൊഴിമാറ്റങ്ങൾ) തുടങ്ങിയ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments