മൂവി ക്യാമറയുടെ ഉപയോഗം പ്രദർശിപ്പിക്കാൻ Workers Leaving the Lumiere Factory (1895) എന്ന പേരിൽ ലൂമിയർ സഹോദരന്മാർ നിർമ്മിച്ച ആദ്യത്തെ ചലച്ചിത്രത്തിലെ രംഗം / Photo: Wikimedia Commons

ഓലടാക്കീസിലെ ബെഞ്ചുക്ലാസ്​

ഓൺലൈൻ ബുക്കിങ് തുടങ്ങിയതോടെ, സിനിമക്കു മുമ്പെയുള്ള കാതരയായ അനുഷ്ഠാനങ്ങളൊക്കെ കടംകഥ പോലെയായി.

നാല്​: സിന്ദൂരച്ചെപ്പിന്റെ ഓർമ

വേങ്ങര വിനോദ് ടാക്കീസിൽ മധുവിന്റെ സിന്ദൂരച്ചെപ്പ് വന്നു. സംവിധാനവും മധു തന്നെ. മധുവിന്റെ ആദ്യ സംവിധാനം കൂടിയാണെന്നാണ് ഓർമ. സിനിമ വന്നയുടനെ അതിലെ പാട്ടുകളും ഹിറ്റായിരുന്നു. യൂസഫലി കേച്ചേരിയുടെ വരികൾക്ക് ദേവരാജന്റെ സംഗീതം ചേർന്ന മനോഹര മെലഡികൾ. യൂസഫലി തന്നെ സംവിധാനം ചെയ്ത മരം പോലുള്ള സിനിമകൾ മറക്കാതിരുന്നതിന്റെ മുഖ്യ കാരണം അതിലെ പാട്ടുകളാണെന്നും പറയാം. അദ്ദേഹത്തിന്റെ മിക്ക സിനിമകളിലും മുഖ്യധാരാ സാമൂഹ്യ -സമുദായിക ചട്ടക്കൂടുകൾക്കെതിരെയുള്ള ശക്തമായ വിമർശനവുമുണ്ട്. സിന്ദൂരചെപ്പിലെ ഓമലാളെക്കണ്ടൂ ഞാൻ..., തമ്പ്രാൻ തൊടുത്തത് മലരമ്പ്..., പൊന്നിൽ കുളിച്ച രാത്രി... പോലുള്ള പാട്ടുകൾ ഒരുപക്ഷെ, സിന്ദൂരച്ചെപ്പിലെ കഥയെ അതിശയിക്കുന്നു എന്ന് അതു കണ്ടവർക്കറിയാം.

ഇപ്പോഴും ഓർക്കുന്നു, നല്ല മഴക്കാലമായിരുന്നു അത്.
തിരിമുറിയാ പെയ്യുന്ന മഴ.
ആൾക്കിഷ്ടമുള്ള നായകൻ ആല്ലെങ്കിലും, അമ്മാവന്റെ മകൻ ഗുഡ് സർട്ടിഫിക്കറ്റ് തന്നു. അങ്ങേരെ സംബന്ധിച്ച് സിനിമ കാണുക എന്നതുമാത്രമായിരുന്നു ഹരം. വേങ്ങര ഹൈസ്‌കൂളിൽ പഠിക്കുന്ന കാലം. അക്കാലത്ത്, സിനിമാ ഭ്രാന്തന്മാരായിട്ടുള്ള ചിലർ സഹപാഠികൾ ഉണ്ട്. രണ്ടുമണിക്ക് ബെല്ലടിച്ചാൽ ടീച്ചർ വന്നു അറ്റൻഡൻസ് എടുക്കും. വിനോദ് ടാക്കീസും ഹൈസ്‌കൂളും ഒരേ മതിലിന് അപ്പുറവുമിപ്പുറവുമാണ്. ക്ലാസ്സിലെ പിൻജനൽ എന്നും തുറന്നുകിടന്നു. ഒരു ജനൽ സ്വമേധയാ ഒടിഞ്ഞു തൂങ്ങിക്കിടപ്പാണ്. ഹാജർ എടുത്തു അടുത്ത അധ്യാപിക/പകൻ ക്ലാസിൽ കയറും മുൻപെ സിനിമാ ഭ്രാന്തന്മാർ ജനൽവഴി ചാടും. അന്ന് ഉച്ചയ്ക്ക് രണ്ടര മണിക്കാണ് മാറ്റിനി. ഞങ്ങളുടെ ക്ലാസ്സിൽ, കഥകളിൽ ഒക്കെ വായിച്ചു കേട്ടമാതിരിയുള്ള കൊമേഡിയൻ- വില്ലൻ ഉണ്ട്, റഹീം. എന്തിന് അധ്യാപകരെ പേടിച്ചു ജീവിക്കണം എന്നാണ് അവന്റെ തത്വശാസ്ത്രം. ഭൂമിയിൽ ഒരു ജീവിയെയും അവൻ പേടിച്ചതായി ഞങ്ങൾക്കാർക്കും അനുഭവപ്പെട്ടിട്ടില്ല. ദൈവത്തിന്റെ കാര്യത്തിലും അതങ്ങനെത്തന്നെ.

കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി

അധ്യാപകൻ ക്ലാസിൽ കയറുന്ന തക്കം നോക്കി അവൻ ജനൽവഴി മുങ്ങും. നിസ്സഹായതയോടെ മാഷ് അതു നോക്കിനിൽക്കും. അവനെക്കൊണ്ട് പ്രയോജനമൊന്നുമില്ല എന്ന പൊതു തത്വമാണ് മിക്ക അധ്യാപകർക്കും. അത്രയും അസഹനീയവും രസകരവുമായിരുന്നു അവന്റെ വേലകൾ. ക്ലാസിൽ അവൻ വരാതിരിക്കുന്നതാണ് അവർക്കിഷ്ടം. എല്ലാ പാർട്ടിയുടെ സമരങ്ങളിലും നിത്യ സാന്നിധ്യമായിരുന്നു റഹിം. മിക്ക മുദ്രാവാക്യങ്ങൾക്കും അവൻ അശ്ലീല പാരഡിയുണ്ടാക്കും. എന്നിട്ട് ആരോഹണ- അവരോഹണത്തിൽ നീട്ടി വിളിക്കും. ഒരു പാർട്ടിയും അവനെ തടയാറില്ല. അവൻ കാരണം നാലാൾ കൂടുമെന്ന് ഇടതിനും വലതിനും ഒരുപോലറിയാം. അവന്റെ രസികൻ മുദ്രാവാക്യം കേൾക്കാൻ ഹരമുള്ളവർ പ്രകടനങ്ങളിൽ അവനെ ചുറ്റിപ്പറ്റിയാവും നടക്കുക. അത് കേൾക്കാൻ വേണ്ടിമാത്രം ജാഥയിൽ ചേരുന്ന അരാഷ്ട്രീയവാദികളുമുണ്ട്.

കോട്ടക്കൽ രാധാകൃഷ്ണ ടാക്കീസിൽ മാറ്റിനിക്ക് എത്തിയ സിനിമാഭ്രാന്തിന്റെ കാലം. മനസ്സിൽ നയികാ നായകന്മാരും വില്ലന്മാരും ഉപദേശികളും കുഴഞ്ഞുമറിഞ്ഞു അപ്പൂപ്പൻ താടിപോലെ മനം പാറിനടന്ന കൗമാരം

നല്ല മഴ. കുടയെടുത്തിട്ടില്ല. ജനൽചാടി, ടാക്കീസിലെത്തുമ്പോൾ അമ്മാവന്റെ മകൻ ബെഞ്ചിന്റെ ടിക്കറ്റ് നിരയിൽ സ്ഥാനം പിടിച്ചിട്ടുണ്ടാവും. എന്നാൽ ടിക്കറ്റിനുള്ള നാണയത്തുട്ടുകൾ എന്റെ പോക്കറ്റിലായിരിക്കും. സസ്‌പെൻസിൽ ഉള്ള അവന്റെ കാത്തുനിൽപ്പ് രസമാണ്. സിന്ദൂരച്ചെപ്പ് ഒരാനയുടെയും പാപ്പന്റെയും കഥയാണ്. സിനിമ തുടങ്ങിയിട്ടും പുറത്തെ മഴയുടെ ഒച്ച. സിനിമയിലും നല്ല മഴയുണ്ട്. സിനിമ കഴിഞ്ഞതോടെ നിരാശയുണ്ടാവും ആക്കാലത്ത്. ഒന്നാമത്, ആ സ്വപ്നലോകം തീർന്നല്ലോ എന്ന ദുഃഖം. രണ്ടാമത്, വീട്ടിലെത്തിയാൽ കാത്തിരിക്കുന്ന ദുരന്തം.

അക്കാലത്ത് സ്‌കൂൾ ഷിഫ്റ്റ് ആണ്. രണ്ടുമണിയ്ക്ക് മുമ്പേ വീട്ടിലെത്താറുണ്ട്. സിനിമ കാണുന്ന ദിവസം എന്തെങ്കിലും കാരണം പറയും, സാഹിത്യസമാജം, ആർട്‌സ്, സ്‌പോർട്‌സ്, അങ്ങനെ വല്ലതും. സിനിമ കഴിഞ്ഞയുടനെ ഒരോട്ടമാണ്. അഞ്ചു കി. മി റോഡും തോടും പാടവും താണ്ടി വീട്ടിലെത്തുമ്പോൾ, ഇടിവെട്ടിന്റെ ശക്തിയിൽ ഹൃദയമിടിപ്പിന്റെ ഒച്ച തട്ടിമറിഞ്ഞു കളിക്കുന്നുണ്ടാവും.

ഒരു കമുകു മാത്രമിളകുന്നു

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം പോലുള്ള വിശേഷ ദിനങ്ങളിൽ പല കൊട്ടകകകളിലും മോർണിംഗ് ഷോ ഉണ്ടാവും. 12 മണിയ്ക്ക് മോർണിംഗ് ഷോ കഴിഞ്ഞു. അഞ്ചാറ് കിലോമീറ്റർ നടന്നു വീട്ടിലെത്തി, ഊണ് കഴിച്ചെന്നു വരുത്തി, കിടിലൻ കാരണങ്ങൾ ഉണ്ടാക്കി വീണ്ടും ആറു കി.മി വെപ്രാളപ്പെട്ടു നടന്നു കോട്ടക്കൽ രാധാകൃഷ്ണ ടാക്കീസിൽ മാറ്റിനിക്ക് എത്തിയ സിനിമാഭ്രാന്തിന്റെ കാലം. മനസ്സിൽ നയികാ നായകന്മാരും വില്ലന്മാരും ഉപദേശികളും കുഴഞ്ഞുമറിഞ്ഞു അപ്പൂപ്പൻ താടിപോലെ മനം പാറിനടന്ന കൗമാരം. തമിഴിൽ ജയശങ്കറും ശിവാജി ഗണേശനും എം.ജി.ആറും ഒക്കെ പൊടിപൊടിക്കുന്ന കാലമാണത്. ജയശങ്കറിനെയായിരുന്നു ഞങ്ങൾ കൂടുതൽ ആരാധിച്ചത്. ആദിമധ്യാന്തം വീരവും സ്റ്റണ്ടും കുതിരയോട്ടവും ഒക്കെ സമൃദ്ധമായി ഉള്ള സിനിമകൾ. ജക്കമ്മ പോലുള്ള സിനിമകൾ ഇന്നും മറന്നിട്ടില്ല.

ജക്കമ്മയിലെ ഒരു രംഗം

Where there is a will there is a way/വേണമെങ്കിൽ ചക്ക വേരിലും കായ്ക്കും എന്നത് അക്കാലത്ത്​ പഴഞ്ചൊല്ലല്ല, ശീലമായിരുന്നു. ഹറാമിന്റെ കോട്ടയുമായി ആ പ്രായത്തെ എത്ര തടുക്കുന്നുവോ, മനസ്സൂന്നിയ കാര്യങ്ങളിൽ നിന്ന്​ അതിനെ വേർപ്പെടുത്താൻ വലിയ സഹാസമാണെന്ന് തെളിയിച്ച കാലം. സിനിമക്കായി കാശുണ്ടാക്കുന്ന മാർഗങ്ങൾ. ഇന്നാലോചിക്കുമ്പോൾ അപസർപ്പക കഥ പോലെ തോന്നും. ജയശങ്കറിന്റെ ജക്കമ്മ പോലുള്ള സിനിമകളെ ഓർമിപ്പിക്കുന്ന സിനിമകൾ ഒരിക്കലും ഒഴിവാക്കാറില്ല. കാരണം, ആ സിനിമകളിലെ രസകരമായ കുതിരയോട്ടങ്ങളാണ്. കുതിരയോട്ടങ്ങൾ എനിക്ക് കുട്ടിക്കാലത്തേ രസമാണ്. അശോകന്റെയും ഷേർഷായുടെയുമൊക്കെ യുദ്ധങ്ങൾ വായിക്കാനുള്ള രസം തന്നെ അവയിലെ കുതിരപ്പടയെക്കുറിച്ചുള്ള വർണ്ണനയാണ്. ആദ്യമായി ദില്ലിയിലേക്കുള്ള യാത്ര ഇന്നും നല്ല ഓർമയുണ്ട്. ചമ്പൽ എത്തിയപ്പോൾ, ഞാൻ തീവണ്ടിയൊച്ച മറന്നു. അവ കുതിരക്കുളമ്പടിയായി മനസ്സിൽ രൂപം മാറി. ചമ്പൽ താഴ്‌വരയിലെ നല്ലവരായ കൊള്ളക്കാരുടെ കൂടെയായിരുന്നു എന്നും എന്റെ പക്ഷം. ഫൂലൻദേവിയെ ഞാൻ ചെറുപ്പത്തിൽ ആരാധിച്ചിരുന്നു. പിൽക്കാലത്ത്, ഫൂലൻ ദേവിയെക്കുറിച്ചുള്ള സിനിമ കണ്ട്, ആവേശത്തോടെ കലാകൗമുദിയിൽ ലേഖനം എഴുതിയതോർക്കുന്നു.

ആ ഭൂമി ആദ്യം കണ്ടപ്പോൾ തന്നെ മനസ്സിലായി, കുതിരപ്പട കൊണ്ട് മാത്രമേ അവിടെ ശത്രുവിനെ ജയിക്കാനാവൂ എന്നു. അത്ര തന്ത്രപ്രധാനമായ ഒരു തരം ചെറു പർവതനിരകളുടെ ഉച്ചകോടിയാണ് ചമ്പൽ. ശിവാജി ഗണേശന്റെ, ഗൗരവം പോലുള്ള സിനിമകൾ ഞങ്ങളുടെ അക്കാലപ്രായത്തെ അധികം സ്പർശിച്ചില്ല.

കെ.പി. ഉമ്മർ സാധാരണയിൽ നിന്ന്​ ഭിന്നമായി ദുരന്ത നായക പരിവേഷത്തിൽ നടിച്ച പടം. യുദ്ധഭൂമിക്ക് പോകാൻ കാശില്ല. പ്ലാനിട്ടു, ആരുമറിയാതെ അടയ്ക്ക പറിക്കണം.

കോട്ടക്കൽ രാധാകൃഷ്ണയിൽ, യുദ്ധഭൂമി എന്ന പടം വന്നു. ജക്കമ്മ പോലുള്ള സിനിമയാണെന്നു നോട്ടീസിൽ നിന്ന്​ വായിച്ചു മനനം ചെയ്തു. കെ.പി. ഉമ്മർ സാധാരണയിൽ നിന്ന്​ ഭിന്നമായി ദുരന്ത നായക പരിവേഷത്തിൽ നടിച്ച പടം. യുദ്ധഭൂമിക്ക് പോകാൻ കാശില്ല. പ്ലാനിട്ടു, ആരുമറിയാതെ അടയ്ക്ക പറിക്കണം. ഞങ്ങളുടെ പറമ്പ് ഒരു മലയോട് ചേർന്ന് പ്രദേശത്താണ്. ഉച്ചസമയം. പുഴയിൽ കുളിക്കുന്നതിന്റെയും അലക്കുന്നതിന്റെയും ഒച്ചകൾ. ഇന്നത്തെ പോലെയല്ല, മിക്ക മനുഷ്യരും അലക്കും കുളിയും പുഴയിലായിരുന്നു. പുഴയിലേക്കിറങ്ങി വരുന്ന ഒരു ചെറുമലയുണ്ട്. മല പരിപൂർണ ശാന്തം. കമുകുകളിൽ അടയ്ക്ക പറിക്കാൻ പാകത്തിൽ പഴുത്തു നിൽക്കുന്നു. ഞാൻ കാവൽനിന്നു. അമ്മാമന്റെ മകൻ കമുകിൽ തോർത്തുമുണ്ടുകൊണ്ട് തളപ്പുണ്ടാക്കി കയറി. ഒരു മരവും ഇളകുന്നില്ല. കാറ്റു നേരിയതുപോലുമില്ല. നല്ല വേനലാണ്. കമുകിന്റെ മുകളിൽ എത്തി അടക്ക പറിക്കാൻ തുടങ്ങിയപ്പോൾ മലമുകളിൽനിന്നും ഒരു ചുമ കേട്ടു. ദൈവമേ, ഉള്ളു കാളി. ജേഷ്ഠൻ വരുന്നുണ്ട്.

""കുഞ്ഞിമോനെ, ഇക്കാക്ക.'' ഞാൻ സിഗ്‌നൽ കൊടുത്തു. അനങ്ങാതെ അവിടിരുന്നോ. അവന്റെ ഹൃദയമിടിപ്പ് വലുതായിട്ടാവണം കമുകു മെല്ലെ ഇളകി. ഞാൻ താഴെ പുഴയിലേയ്ക്ക് ചാടി. ഞങ്ങൾ ജലകേളി നടത്താറുള്ള എരുമക്കയം എന്ന് ഓമനപ്പേരുള്ള കടവിലേയ്ക്ക് എടുത്തുചാടി ജലത്തിൽ മറഞ്ഞു.
അവനു വിറയൽ കൂടിയതുകാരണമാവണം ഉച്ചചൂടിൽ ലോകം മുഴുവൻ ഇളകാതെ നിശബ്ദമായപ്പോൾ ഒരു കമുകു മാത്രം ഇളകി.
പെട്ടെന്നു തന്നെ ജേഷ്ഠനതു കണ്ടുപിടിച്ചു.
എല്ലാം പൊളിയുകയാണ്. എന്താണ് കളവിന് കാരണം ബോധിപ്പിക്കുക?
ജേഷ്ഠൻ കമുകിന്റെ അടുത്തെത്താറായപ്പോൾ അവൻ വേഗത്തിൽ ഉരസിയിറങ്ങി.

തളപ്പ് എപ്പഴോ കാലിൽനിന്നും ഊർന്നു പോയിട്ടുണ്ട്.
ചെമന്ന രണ്ട് തുടകളുമായി ജേഷ്ഠസമക്ഷം അവൻ ഭൂമിയിൽ ഹാജരായി.
ഒന്നും ചോദിച്ചില്ല. എന്നാൽ അവൻ സ്വയം ബോധിപ്പിച്ചു,""കാക്കാ, കുഞ്ഞിമോൻ പറഞ്ഞിട്ട് കേറിയതാ,'' (ഞങ്ങൾ പരസ്പരം കുഞ്ഞിമോൻ എന്നാണ് വിളി) എന്നു പറഞ്ഞ് കരച്ചിലോട് കരച്ചിൽ.
ജേഷ്ഠൻ ഉള്ളിൽ ആർദ്രനായിരിക്കാം.""എന്തിനാടാ, ഇങ്ങനെയൊക്കെ കക്കുന്നത്, ആവശ്യമുണ്ടെങ്കിൽ ചോദിച്ചൂടെ,'' എന്നു മാത്രം പറഞ്ഞു.
ഞാൻ മുങ്ങിക്കിടക്കുന്ന പുഴക്കടവിലേയ്ക്ക് ചോരപൊടിഞ്ഞ തുടകളുമായി കുഞ്ഞിമോൻ വേച്ചുവേച്ച് എത്തി.
അപ്പോഴും മനസ്സിൽ കിടന്നു കളിച്ചത്, യുദ്ധഭൂമിയുടെ പോസ്റ്റർ ആയിരുന്നു. അന്നത്തെ യുദ്ധഭൂമി പാഴായതിന്റെ വേദനയും.

അഞ്ച്​: സംവിധാനം ചെയ്യപ്പെടാത്ത ഞങ്ങളുടെ ജീവിതം

ഞങ്ങളുടെ ബാല്യ കൗമാരങ്ങളിൽ സിനിമ കണ്ടിരുന്നത് സംവിധായകരെ നോക്കീട്ടല്ല. ആരും സംവിധായകരെക്കുറിച്ചു ഓർക്കാറുണ്ടായിരുന്നില്ല- പ്രത്യേകിച്ച്, പാവം അച്ചടിക്കാലത്ത്. ഒന്നിനെയും കുറിച്ച് അറിവോ ആകാംക്ഷയോ വേണ്ട. ഇന്ന് അങ്ങനെയല്ലല്ലോ. ഡിജിറ്റൽ മാധ്യമങ്ങൾ കുട്ടികളിലുണ്ടാക്കിക്കൊണ്ടിരിക്കുന്ന വിവര വിസ്‌ഫോടനത്തിന് അതിരില്ല.

സി.ഐ.ഡി പടങ്ങൾ, സാഹസിക ചിത്രങ്ങൾ, സമ്പൂർണ അടിപ്പടങ്ങൾ, ആട്ടങ്ങളോടൊപ്പം അരങ്ങേറുന്ന റൊമാന്റിക്/പ്രണയചിത്രങ്ങൾ... ഇവയിലൊക്കെയായിരുന്നു ഞങ്ങളുടെ മനസ്സിലെ സ്വപ്നങ്ങൾ തിണർത്തത്.

അക്കാലത്ത് സിനിമ ഒരത്ഭുതമാണ്. അതുവരെ കാണുകയോ അനുഭവിക്കുകയോ ചെയ്യാത്ത കാഴ്ചയുടെ ഒരു അനുപാതങ്ങൾ (proportions) ലംഘിക്കുന്ന ഒരു കലാരൂപം. ത്രിമാനത തോന്നിക്കുന്ന ആ ചിത്രങ്ങൾ ദൈവങ്ങളെപ്പോലെ വലുതും ആരാധ്യവും. പല തോതിലുള്ള ഈ പൊരുത്തമില്ലായ്മ തന്നെയാണല്ലോ മൂവി ഇമേജ് ആദ്യമായി കണ്ടപ്പോഴും മനുഷ്യർക്കുണ്ടായത്. ലൂമിയർ സഹോദരന്മാർ, ആദ്യ സിനിമ എന്ന്​ നാമിന്നു പറയുന്നത് പ്രദർശിപ്പിച്ചപ്പോൾ ഭയന്ന് ഓടിയവരുണ്ട്. സ്വപ്നം കണ്മുമ്പിൽ പച്ചയ്ക്കു കാണുമ്പോൾ മനുഷ്യനുണ്ടാകാവുന്ന ഒരു അങ്കലാപ്പു പോലെയാണത്. ഗ്രിഫിത്തിന്റെയും ഐസൻസ്റ്റീന്റെയും വലിയ സെല്ലുലോയ്ഡ് സ്‌ക്രീൻ ചിത്രങ്ങൾ ഇന്ന് കാണുമ്പോഴും അക്കാലത്ത്, അതെങ്ങനെ സാധിച്ചു എന്നു എനിയ്ക്ക് തോന്നാറുണ്ട്. ഐവാൻ രാജാവിനെ (ഐവാൻ ദി ടെറിബിൾ) ഐസൻസ്റ്റീൻ സ്‌ക്രീനിൽ പ്രദർശിപ്പിച്ചത്, സങ്കല്പത്തിലുള്ള അനുപാതങ്ങളെ തെറ്റിച്ചുകൊണ്ടാണല്ലോ. സംവിധായകരും നിർമ്മാതാക്കളും പിന്നണിയിലായത് കൊണ്ടായിരിക്കണം ബാല്യകാലത്ത് സിനിമയുടെ കാഴ്ചയിൽ ഇവർക്ക് കാര്യമായ പരിഗണന കിട്ടാറില്ല. അത് ഞങ്ങളുടെ ബാല്യത്തിലും ബാധകമായിരുന്നു.

വെള്ളിത്തിരയിലെ നായിക- നായകന്മർ തന്നെയാണ് അക്കാലത്തെ ആരാധ്യർ. അവർക്കിടയിലെ തരംതിരിവുകളാണ് മുഖ്യം. അതാകട്ടെ, അക്കാലത്തെ അഭിരുചികൾക്കൊത്ത് ഉണ്ടാക്കപ്പെടുന്ന കഥകളെയും നടിക്കുന്ന താരങ്ങളെയും ആശ്രയിച്ചു നിൽക്കും. സി.ഐ.ഡി പടങ്ങൾ, സാഹസിക ചിത്രങ്ങൾ, സമ്പൂർണ അടിപ്പടങ്ങൾ, ആട്ടങ്ങളോടൊപ്പം അരങ്ങേറുന്ന റൊമാന്റിക്/പ്രണയചിത്രങ്ങൾ... ഇവയിലൊക്കെയായിരുന്നു ഞങ്ങളുടെ മനസ്സിലെ സ്വപ്നങ്ങൾ തിണർത്തത്. അവ അക്കാലത്തെ ഫിലിം ഇൻഡസ്ട്രിക്കകത്ത് നിർമിച്ച ഒരു സദാചാര മൂല്യ ഘടനയുണ്ട്. ഫാഷൻ തരംഗങ്ങളെ ആരാധിക്കാൻ തുടങ്ങുന്ന അക്കാല കൗമാരങ്ങളെ ഇത്തരം ഒരു ദൃശ്യമൂല്യ ഘടനയിൽ തളച്ചിടാൻ എളുപ്പമാണ്.

ശാരദ

ഇങ്ങനെ, ഞങ്ങളിൽ ഓരോരുത്തർക്കും മനസ്സിൽ താലോലിക്കാൻ ചില നായികാനായകന്മാരും ഹാസ്യസാമ്രാട്ടുകളും വില്ലന്മാരും ഉണ്ടായിരുന്നു. പ്രേനസീറും, സത്യനും, മധുവും, ജയഭാരതിയും, ശാരദയും, വിജയശ്രീയും, വിധുബാലയും, ശ്രീവിദ്യയും... പിൽക്കാലത്ത് രേണുക, റാണിചന്ദ്ര, സുജാത, ഉഷാകുമാരി, സാധന, ശോഭ, ജലജ, സറീന വഹാബ്.... അങ്ങനെ നീളുന്ന ഒരു നിര. രണ്ടാം ഘട്ടമാവുമ്പോൾ വിൻസെന്റും രാഘവനും സുധീറും രവികുമാറും പിന്നെപ്പിന്നെ സോമനും ശങ്കറും ഒക്കെ വരുന്നു. വില്ലന്മാരായ കെ.പി. ഉമ്മർ, ഗോവിന്ദൻകുട്ടി, ജോസ് പ്ര​കാശ്, ജി.കെ. പിള്ള, പ്രേം പ്രകാശ് പോലുള്ളവരോട് ഞങ്ങൾ രാവും പകലും മനസിലും പുറത്തും സ്റ്റണ്ട് നടത്തുന്നു...
ഭാസിയും ബഹദൂറും ആലമ്മൂടനും കുഞ്ചനും കുതിരവട്ടവും ഭരതനും ഒക്കെയടങ്ങുന്ന ഹാസ്യതാരനിര. അടി കഴിഞ്ഞാൽ, അക്കാലത്തെ പ്രേക്ഷകരെ ഏറ്റവും ആകർഷിച്ചത് ഈ ഹാസ്യനടന്മാരായിരുന്നു. ദാരിദ്ര്യവും കഷ്ടപ്പാടും നടമാടിയിരുന്ന ഒരു കാലത്ത് വൈകുന്നേരം വരെ അധ്വാനിച്ച്,
അരിഷ്ടിപ്പിടിച്ചുണ്ടാക്കിയ നാണയ തുട്ടുകളുമായി ടാക്കീസുകളിൽ എത്തുന്നവരായിരുന്നു ഭൂരിഭാഗവും. അതുകൊണ്ടു തന്നെ, സിനിമാഹാളിന്റെ പകുതിയോളം "ബെഞ്ച്' എന്നു പറയുന്ന മുൻനിര സീറ്റിങ് ആയിരുന്നു. അതാണ് ചെറിയ ടിക്കറ്റ് എടുക്കാൻ വകുപ്പുള്ളവരുടേത്. സാദാ-സീതാ ആളുകളും, ചട്ടമ്പികളും, ലൈംഗിക തൊഴിലാളികളും, എന്നു വേണ്ട എല്ലാരും ഒന്നിക്കുന്ന കളിസ്ഥലത്തെ സാമൂഹ്യശ്രേണി. ഇന്ന് ജനപ്രിയ പഠനങ്ങളിൽ സവിശേഷസ്ഥാനം കൊടുക്കേണ്ടവയാണ് അന്നത്തെ ബെഞ്ച് ക്ലാസ്സ്.

അക്കാലത്തെ മിക്ക തിയേറ്ററുകളിലും മഴക്കാലത്തു ചോർച്ചയുണ്ടായിരുന്നു. വെള്ളിത്തിരയിലൂടെ മഴത്തുള്ളികൾ ഒലിച്ചിറങ്ങുന്നത് ഇന്നും ഓർമയുണ്ട്. ശാരദയുടെ ചിത്രമാണെങ്കിൽ, അവർ കരയുന്നതാണ് സ്‌ക്രീനിലൂടെ ഒലിച്ചിറങ്ങുന്നത് എന്നു ഞങ്ങൾ തമാശ പറയും

ഞാൻ ഇപ്പോഴും ഓർക്കുന്നു, എൺപതുക്കളുടെ അന്ത്യഘട്ടങ്ങളിലാണ് നമ്മുടെ ഓല ടാക്കീസുകളിലെ ഈ സീറ്റിങ് അറേഞ്ച്മെൻറ്​ മാറിത്തുടങ്ങിയത്. അക്കാലമാവുമ്പോഴേക്ക്, ടാക്കീസുകളിൽ ചിലത് തിയേറ്ററുകൾ ആയിക്കഴിഞ്ഞു. കോട്ടക്കൽ ലീന തീയേറ്ററും, ചെമ്മാട് ദർശനയും ഒക്കെ വരുന്നത് ഇക്കാലത്താണ്. ഓല ടാക്കീസുകളിലെതന്നെ സീറ്റിങ്ങിൽ ബെഞ്ച് ക്ലാസ്സ് ചെറുതാവുകയും, സെക്കന്റ്, ഫസ്റ്റ് ക്ലാസുകൾ വലുതായി വരികയും ചെയ്തു. തൊണ്ണൂറുകളോടെ ബെഞ്ച് ക്ലാസുകൾ മെല്ലെ അപ്രത്യക്ഷമായി. 70 എം.എം സ്‌ക്രീനുകൾ പ്രത്യക്ഷപ്പെട്ടു. ഞങ്ങൾ സിനിമ കണ്ടു തുടങ്ങിയ കാലത്ത് 35, 45 എം.എം സ്‌ക്രീനുകൾ ആയിരുന്നു വ്യാപകമായുണ്ടായിരുന്നത്. തിരൂരങ്ങാടി കോഹിനൂർ ടാക്കീസിൽ 35 എം.എം സ്‌ക്രീൻ ആയിരുന്നു. കൃത്യമായി കെട്ടിമേയാത്ത ആ തിയേറ്ററിൽ നിന്നും മാറ്റിനി കാണാൻ വലിയ വിഷമമായിരുന്നു. വെള്ളിത്തിരയിലേയ്ക്ക് സൂര്യ വെളിച്ചം ഓലമറക്കുള്ളിലൂടെ എത്തിനോക്കും. മഴ പെയ്താൽ ഉള്ളിൽ കുട വേണം. അക്കാലത്തെ മിക്ക തിയേറ്ററുകളിലും മഴക്കാലത്തു ചോർച്ചയുണ്ടായിരുന്നു. വെള്ളിത്തിരയിലൂടെ മഴത്തുള്ളികൾ ഒലിച്ചിറങ്ങുന്നത് ഇന്നും ഓർമയുണ്ട്. ശാരദയുടെ ചിത്രമാണെങ്കിൽ, അവർ കരയുന്നതാണ് സ്‌ക്രീനിലൂടെ ഒലിച്ചിറങ്ങുന്നത് എന്നു ഞങ്ങൾ തമാശ പറയും.

പിന്നെപ്പിന്നെ ബാൽക്കണി വന്നു.1950-2000 കാലഘട്ടത്തിന്റെ കേരളീയ സമ്പദ് വ്യവസ്ഥയെയും സാമൂഹ്യ ശ്രേണീകരണത്തെയും കുറിച്ചുള്ള പഠനങ്ങളിൽ ഈ മാറ്റങ്ങൾക്ക് വലിയ പ്രസക്തിയുണ്ട് എന്നു എനിയ്ക്ക് തോന്നാറുണ്ട്. കേരളത്തിലെ കൃഷി തകർച്ച നേരിട്ടുതുടങ്ങുന്നത് എൺപതുകളുടെ മധ്യത്തിലാണ്. കൃഷി ജീവിത വൃത്തിയാക്കിയിരുന്ന കേരളത്തിലെ മധ്യവർഗം നാണ്യവിളകളുടെ ഉത്പാദനത്തിലും മറ്റു തൊഴിലുകളിലും വ്യാപൃതരാവുന്നതോടെ അവരുടെ ജീവിത നിലവാരത്തിൽ ഉണ്ടായ മാറ്റവും കേരളത്തിൽ പച്ചപിടിച്ചു തുടങ്ങിയ ഗൾഫ് പണത്തിന്റെ സ്വാധീനവും ആയിരിക്കണം സിനിമാ ശാലകളിൽ മാറിയ ശ്രേണീകരണത്തിന്റെയും ടാക്കീസുകൾ തീയേറ്ററുകൾ ആയി മാറിയതിന്നും പിന്നിലെന്ന് അനുമാനിക്കാവുന്നതാണ്.

എന്റെ സുഹൃത്ത് കോത സിനിമയുടെ കഥ തന്നെ ഓർത്തുവെക്കാറില്ല. എന്നാൽ, സിനിമയിലെ തമാശകളും ഇടിയും ഭയങ്കര ഓർമയാണ്. അജ്ഞാതവാസത്തിൽ 19-ഉം ലങ്കാദഹനത്തിൽ 17-ഉം സ്റ്റണ്ടുകൾ ഉണ്ടെന്നു പറഞ്ഞത് അവനാണ്.

പ്രേംനസീർ, സത്യൻ , മധു, ശാരദ, ഷീല, തിക്കുറിശ്ശി തുടങ്ങിയ താരങ്ങളുടെ കാലത്തിനു ശേഷം അരങ്ങേറിയവരുടെ സിനിമ, ഇൻഡസ്ട്രിയിലുണ്ടാക്കിയ ആശയപരവും സാങ്കേതികവുമായ മാറ്റങ്ങളെകൂടി കാണിക്കുന്നു. സമാന്തര സിനിമ/ആർട്ട് സിനിമ എന്ന ദ്വന്ദ്വം മലയാളത്തിൽ സജീവമാകുന്നതും ഇക്കാലത്താണ് എന്നു നിരീക്ഷിക്കാവുന്നതാണ്. അന്നത്തെ സാധാരണക്കാർ തങ്ങളുടെ ജോലി കഴിഞ്ഞു സിനിമക്കെത്തുന്നത് മുഖ്യമായും വിനോദത്തിനു വേണ്ടിയായിരുന്നു. സ്റ്റണ്ടും ഹാസ്യവും അവരെ ആകർഷിച്ച പോലെതന്നെ നല്ല കുടുംബ/കഥാചിത്രങ്ങളും അവരെ രസിപ്പിച്ചു.

പൂരവും സിനിമയും ഉത്സവം തന്നെ

കോത ഞങ്ങളുടെ സംഘത്തിലെ സുപ്രധാന പൗരനാണ്.
അയാൾ പലപ്പോഴും സിനിമയല്ല കാണാറുള്ളത്, ഇടിയും ഹാസ്യവും മാത്രമാണ്. ചെങ്കല്ല് വെട്ടും കല്ലുചെത്തലും ആയിരുന്നു കോതയുടെ ജോലി. ഞങ്ങൾ സിനിമ കഴിഞ്ഞു വന്നാലും കൊതി തീരാതെ സിനിമയുടെ കഥ പറഞ്ഞിരിക്കും. അപ്പോൾ, നിലയ്ക്കാതെ ബീഡിവലിച്ചു തള്ളുന്ന കോത ചോദിക്കും,""അങ്ങനെയായിരുന്നോ കഥ.'' കോത സിനിമയുടെ കഥ തന്നെ ഓർത്തുവെക്കാറില്ല. എന്നാൽ, സിനിമയിലെ തമാശകളും ഇടിയും ഭയങ്കര ഓർമയാണ്. അജ്ഞാതവാസത്തിൽ 19 സ്റ്റണ്ടുകൾ ഉണ്ട് എന്നു പറഞ്ഞത് കോതയാണ്. ലങ്കാദഹനത്തിൽ പതിനേഴും. മാത്രമല്ല, ഞങ്ങളുടെ സുഹൃത്തിന് അപൂർവമായ ഒരു മാനറിസമുണ്ട്. ഭാസിയും ആലുമ്മൂടനും ആണ് ലോകത്തിൽ കോതക്ക് ഏറ്റവും പ്രിയർ. ആലുമൂടന്റെ രൂപവും കോലവുമായിരുന്നു ഏറെക്കുറെ അയാളുടേത്. ഇവരിൽ ആരെങ്കിലും വെള്ളിത്തിരയിൽ ആദ്യം പ്രത്യക്ഷപ്പെടുമ്പോൾ ഉൾപ്പുളകം സഹിക്കാൻ കഴിയാതെ അടുത്തിരിക്കുന്ന മനുഷ്യരുടെ നടുപ്പുറത്തു കോതയുടെ ഇടി വീഴും. ചില ദിവസങ്ങളിൽ സിനിമ തുടങ്ങിയതിനു ശേഷമായിരിക്കും ടാക്കീസിലെത്തുക. അയമുട്ടിയും ബീരാനും ബാവയും ഒക്കെ ഇരുട്ടിൽ തപ്പിക്കിട്ടിയ സീറ്റിൽ ഇരിപ്പുറപ്പിച്ചു കാണും. ആര്, എവിടെ ഇരിക്കുന്നു എന്നു പിടിയുമില്ല. സിനിമ തുടങ്ങിയാൽ പിന്നെ ലൈറ്റ് ഓഫ് തന്നെ (ആ കാലത്തെ ടാക്കീസുകളിൽ വാതിലിനു മുകളിൽ Exit എന്നു എഴുതി വെച്ചിട്ടുണ്ടെങ്കിൽ കൂടി, ആ ലൈറ്റ് മാത്രമേ കാണൂ). ഇങ്ങനെ കോത ഞങ്ങളിൽ നിന്നു മാറിയിരിക്കുന്ന ദിവസം മിക്കപ്പോഴും കലാപം ഉണ്ടാവും. ഭാസി പ്രവേശിച്ചയുടനെ അടുത്തിരിക്കുന്നതാരാണെന്നറിയാതെ നടുപ്പുറത്ത് ഒരിടിയുണ്ട്. "ഭാസിക്കുട്ടാ' എന്ന വായ്ത്താരി ടാക്കീസിൽ മുഴങ്ങിക്കേൾക്കും. അതോടെ ഉറപ്പായി, ആർക്കോ ഇടി കൊണ്ടു എന്ന്. അങ്ങനെയുള്ള പല ദിനങ്ങളിലും തർക്കം തന്ത്രപരമായി പരിഹരിച്ചിട്ടുണ്ട്- അദ്ദേഹത്തിന് "ഇട്പ്പായിട്ടിട്പ്പ്' (അപസ്മാരം) ആണെന്നും കോതയോട് ക്ഷമിക്കണമെന്നും അഭ്യർത്ഥിക്കുമ്പോൾ ശത്രുവിന്റെ മനസ്സലിയും. അങ്ങനെയെത്ര കഥകൾ.

സിനിമ ആഘോഷമാക്കി മാറ്റിയിരുന്നത് സാധാരണക്കാരിൽ സാധാരണക്കാരാണെന്നു പറഞ്ഞു. അക്കാലത്ത്, കോട്ടക്കൽ പൂരവും (പി. എസ് വാരിയരുടെ കൈലാസത്തിലെ വിഖ്യാത പൂരം) വേങ്ങര കാവിലാട്ട് (ഒരു പ്രാദേശിക ഉത്സവം) ഉത്സവവും എത്തുമ്പോൾ സംഗതി ജോറാവും. ഉത്സവത്തിലെ കരിമരുന്നു പ്രയോഗത്തെപ്പോലെ ആളുകളെ ഹരം കൊള്ളിച്ചിരുന്ന മറ്റൊരു കാര്യം ആ പ്രദേശത്തെ സിനിമ ആയിരുന്നു. ഉത്സവത്തിന് കൊണ്ടുവരുന്ന സിനിമകൾക്ക് എന്തെങ്കിലും പ്രത്യേകതകൾ കാണും. മിക്കവാറും പേരുകേട്ട അടിപ്പടങ്ങളോ അല്ലെങ്കിൽ, പേരുകേട്ട (ഹിന്ദി, തമിഴ് അടക്കമുള്ള) നടന്മാരുടെ സിനിമകളോ ആയിരിക്കും. മലയാളത്തിൽ നിന്നും നസീർ, സത്യൻ തുടങ്ങിയവരുടെയോ അല്ലെങ്കിൽ ദിലീപ് കുമാർ, ജയശങ്കർ, എം.ജി.ആർ തുടങ്ങിയവരുടെ സിനിമകളോ ആയിരിക്കും. ആനന്ദ് എന്ന ഒരു നടന്റെ സിനിമയുമാകാം. ആ സിനിമകളുടെ പ്രത്യേകത, കാട്ടിലെ വീരേതിഹാസങ്ങളുടെ കഥ പറയുന്നവയാണ് എന്നാണ്. ആക്കാലത്ത്, ആനന്ദിന്റെ സിനിമകൾക്ക് ഞങ്ങളുടെ നാട്ടിൽ നല്ല പേരാണ്. ഏതു സിനിമയായാലും നൊടിയിടകൊണ്ട് ഹൗസ്ഫുൾ.

ഉള്ളിൽ ഇഷ്ടപ്പെട്ട ഒരു നടി യായിരുന്നു കോഴിക്കോടൻ കദീജ. അവരുടെ ഉറച്ച ശരീര പ്രകൃതവും കൊള്ളക്കാരോടൊത്തും വില്ലന്മാരോടൊത്തും ആൺസംഘങ്ങളെ ഇടിച്ചു തരിപ്പണമാക്കുന്നതും രസകരമായിരുന്നു

കോട്ടക്കൽ പൂരത്തിന്, ഒരു പ്രാവശ്യം മാത്രമേ സിനിമക്ക് പോയിട്ടുള്ളൂ- രാധാകൃഷ്ണ ടാക്കീസിൽ. അത് ഇന്നും നടുക്കുന്ന ഒരോർമയായി നിൽക്കുന്നു. നേരത്തെ കഥയിൽ പലവട്ടം പ്രത്യക്ഷപ്പെട്ട അമ്മാവന്റെ മകൻ തന്നെ കൂട്ടാളി. വിരുതും ധൈര്യവും അതുപോലെ അക്കാലത്ത് ഞാൻ മാറ്റാരിലും കണ്ടിട്ടില്ല. അവൻ പത്താം ക്ലാസിൽ പഠിക്കുന്ന കാലമാണെന്നാണ് ഓർമ്മ. ഞാൻ ഒരു ക്ലാസ്സ് പിറകിലായിരുന്നു. ഫസ്റ്റ് ഷോയ്ക്കാണ് പോയത്. ആറു മണിയായപ്പോഴേക്കും ടാക്കീസ് പരിസരം ആളുകളെക്കൊണ്ട് നിറഞ്ഞു. നസീറും മറ്റും അഭിനയിക്കുന്ന, ശശികുമാർ സംവിധാനം ചെയ്ത സിനിമ. രണ്ടു ലോകം എന്നാണ് പേര്. നസീറും മറ്റു ജഗജില്ലികളും ഒന്നിക്കുന്ന നല്ല അടിപ്പടം. ബെഞ്ചിനു ഒരു ടിക്കറ്റ് സംഘടിപ്പിച്ചെടുക്കാമെന്നതിൽ ഒരുറപ്പുമില്ല. ടിക്കറ്റിനു നീണ്ട ക്യു. ഏതായാലും അവൻ വരിയിൽ സ്ഥാനം പിടിച്ചു. പൂരമായതിനാൽ നന്നായി മദ്യം സേവിച്ചു വന്നു പെർഫോമൻസ് നടത്തുന്നവർ കുറവല്ല. എനിയ്ക്ക് ഉള്ളിൽ ഭയമുണ്ട്. മറ്റേവനാവട്ടെ ഭയം തൊട്ടു തീണ്ടാത്തയാളും. ടിക്കറ്റ് കൊടുക്കാൻ ആരംഭിച്ചതോടെ ജഗപൊക. എവിടുന്നൊക്കെയോ ആളുകൾ ഒഴുകിയെത്തുന്നു.

"ആലിലയിൽ.. ആലിലയിൽ...' എന്നു തുടങ്ങുന്ന ചലച്ചിത്രഭക്തി ഗാനമാണ് രാധാകൃഷ്ണയിൽ ആദ്യം സിനിമക്കു മുമ്പേ വെക്കുക. ഇന്നത്തെ പോലെയല്ല, എല്ലാ തിയേറ്ററിലും അങ്ങനെയാണ്. ടിക്കറ്റ് കൊടുക്കും മുമ്പേ അരമണിക്കൂർ മുമ്പ് പാട്ട് വെക്കും. ഇന്നത്തെ ജനറേഷൻ വൻ തിയേറ്ററുകൾക്കും മൾട്ടിപ്ലെക്‌സുകൾക്കും മുമ്പിൽ ഫാൻസിന്റെ ചിത്രങ്ങൾ കണ്ടാസ്വദിച്ചു നേരം കളയുംപോലെ അന്ന് ഈ പാട്ടുകളാസ്വദിച്ചു സമയമാകുന്നതും കാത്ത് ആകാംക്ഷയോടെ കാണികൾ നിൽക്കുന്ന ഒരു നിൽപ്പുണ്ട്. ഓൺലൈൻ ബുക്കിങ് തുടങ്ങിയതോടെ, സിനിമക്കു മുമ്പെയുള്ള ഇത്തരം കാതരയായ അനുഷ്ഠാനങ്ങളൊക്കെ കടംകഥ പോലെയായി.

ഏതായാലും ടിക്കറ്റ് കിട്ടാനുള്ള മത്സരം മുറുകുകയാണ്. കുറച്ചു വില്ലന്മാർ അതിനിടെ ഒരു പണിയൊപ്പിച്ചു. ബെഞ്ച് ടിക്കറ്റെടുക്കാൻ കെട്ടിയുണ്ടാക്കിയ മതിലിനു മീതെ കേറിമറിഞ്ഞു തിരക്കാക്കി. ഉന്തും തള്ളും അടിയും പിടിയും. ജീവനിൽ കൊതിയുള്ളവർ ചിതറിയോടി. ക്യൂവിൽ പുറകിലായിരുന്ന അവനെ ഞാൻ കാര്യമറിയിച്ചു. അവനു കുലുക്കമൊന്നുമില്ല. ഞാനാണെങ്കിൽ ഉള്ളിൽ ഭയന്ന്, എന്തെങ്കിലും സംഭവിച്ചാൽ "നരകത്തിൽ പോകുമോ'- എന്നോർത്തു ബേജാറായി നിൽപ്പാണ്. കാര്യങ്ങൾ പന്തിയല്ലെന്നു തോന്നിത്തുടങ്ങി. പൊ ടുന്നനെയാണ് പൊലീസ് പ്രത്യക്ഷപ്പെട്ടത്. അതോടെ ഞാൻ അവനെയും കൂട്ടി സ്ഥലം വിട്ടു. പൂരം കാണാനുള്ള ആവേശം പോലും കെട്ടാറി, നാട്ടിലേയ്ക്ക് വലിഞ്ഞുനടന്നു.

പിറ്റേന്നാണറിഞ്ഞത്, അന്നത്തെ സിനിമാ ലഹളയിൽ രണ്ടാളുകൾ മരിച്ചുപോയ വിവരം. ഒന്നും സംഭവിച്ചില്ല എന്ന മട്ടിൽ, രണ്ടു ലോകങ്ങളിൽ ഈ ലോകം കിട്ടിയ സമാധാനത്തോടെ ഞങ്ങൾ മിണ്ടാതിരുന്നു. ഉത്സവ വേളകളിൽ സിനിമാ കൊട്ടകകളിൽ നിറഞ്ഞ സദസ്സിൽ ഇങ്ങനെ പലതും സംഭവിക്കാറുണ്ട്. അക്കാലത്തു തന്നെയാണ് വേങ്ങര വിനോദ് ടാക്കീസിൽ, അവിടത്തെ പ്രാദേശിക ഉത്സമായ "കാവിലാട്ടി'നു രസകരമായ ഒരു സംഭവം അരങ്ങേറിയത്.

എട്ടാം ക്ലാസിലെത്തിയപ്പോൾ എനിയ്‌ക്കൊരു പേഴ്‌സ് ഉണ്ടായിരുന്നു. പല കുട്ടികളും ആക്കാലത്തു തങ്ങളുടെ പ്രിയ താരത്തിന്റെ ചിത്രം പേഴ്‌സിൽ സൂക്ഷിക്കും. ഞാൻ ഏറെ പ്രിയത്തോടെ, സ്വകാര്യതയോടെ സൂക്ഷിച്ചു വെച്ച ചിത്രം സാധനയുടെതായിരുന്നു

എം.ജി.ആറിന്റെ ഉലകം ചുറ്റും വാലിബൻ സിനിമയാണ് അന്ന് കളിക്കുന്നത് . പൊരിഞ്ഞ സ്റ്റണ്ടും ലോകസഞ്ചാരവും സാഹസങ്ങളും ഉള്ള സിനിമ. കോടികൾ മുടക്കി എം.ജി.ആർ തന്നെ സംവിധാനം ചെയ്ത സിനിമ. മുഖ്യ വില്ലൻ എം.എൻ. നമ്പ്യാർ. എം.ജി.ആറിന്റെ കൈയിൽ നിന്നും ആയുധം പോയ തക്കത്തിൽ, നായകനോട് ആരാധന മൂത്ത (ഇന്നത്തെ ഭാഷയിൽ, കൊടും ഫാൻസ്) ഒരു തെങ്ങു കയറ്റത്തൊഴിലാളി അരയിൽ നിന്നും വെട്ടുകത്തിയെടുത്ത് എം.ജി.ആറിന് ഇട്ടുകൊടുത്തതും മൂർച്ചയുള്ള കത്തിയുടെ വായ്ത്തല കൊണ്ട് ടാക്കീസിലെ 45 എംഎം സ്‌ക്രീൻ നടുചീന്തിപ്പോയി. അതോടെ സിനിമ തീർന്ന കഥ അക്കാലത്തു നാട്ടിൽ പാട്ടായിരുന്നു. ഒരാഴ്ച ടാക്കീസ് അടച്ചിടുകയുണ്ടായി.
ഇങ്ങനെ, അക്കാല സിനിമയാസ്വാദനത്തിന്റെ പോരിശകൾ ഏറെയുണ്ട്.

താരങ്ങളുടെ പറുദീസ

ഞാൻ ഇപ്പോഴും ഓർക്കുന്നു. എട്ടാം ക്ലാസിലെത്തിയപ്പോൾ എനിയ്‌ക്കൊരു പേഴ്‌സ് ഉണ്ടായിരുന്നു. കാശില്ലാത്ത കാലമാണെങ്കിലും പേഴ്‌സ് കൊണ്ടുനടക്കുന്നത് ആക്കാലത്തു ഒരു ഫാഷൻ ആയിരുന്നു. വാച്ചുകെട്ടുന്നതും അങ്ങനെത്തന്നെ. പല കുട്ടികളും ആക്കാലത്തു തങ്ങളുടെ പ്രിയ താരത്തിന്റെ ചിത്രം പേഴ്‌സിൽ സൂക്ഷിക്കും. ഞാൻ ഏറെ പ്രിയത്തോടെ, സ്വകാര്യതയോടെ സൂക്ഷിച്ചു വെച്ച ചിത്രം സാധനയുടെതായിരുന്നു. സാധനയും രേണുകയും ഏറെക്കുറെ ഒരേ കാലത്താണ് സിനിമയിൽ വരുന്നത്. പ്രേം നസീറിന്റെയെന്നല്ല, പിന്നാലെ വന്ന വിൻസെന്റ്, രാഘവൻ എന്നിവരുടെ നായികമാരായും അവരുണ്ട്. സാധന അധികം ചിത്രങ്ങളിൽ നായികയായിട്ടില്ല. മികച്ച ചില റോളുകളിൽ അവരുണ്ടെങ്കിലും മിക്കവാറും കാബറെ നർത്തകിയായും കോസ്‌മോപൊളിറ്റൻ വില്ലന്മാരുടെ കൂടെ ഫാഷൻ ഗേൾ ചമഞ്ഞുമുള്ള റോളുകളിലാണ്, അവർ പലപ്പോഴും പ്രത്യക്ഷപ്പെട്ടത്. അക്കാലത്ത്, എന്നിൽ കയറിക്കൂടിയ ഫിക്ഷൻ വായന, സിനിമയിലൂടെ അമർന്നു കിട്ടിയ പശ്ചാത്യ സൗന്ദര്യസങ്കൽപ്പങ്ങളോടുള്ള മുഹബത്ത് ഒക്കെ ഈ ആരാധനയ്ക്ക് പിറകിലുണ്ടെന്നുവേണം കരുതാൻ.

ഡെയ്ഞ്ചർ ബിസ്കറ്റ് എന്ന ചിത്രത്തിലെ ഗാനരംഗത്തിൽ സാധനയും പ്രേം നസീറും

കൗമാരത്തിൽ സിനിമയുണ്ടാക്കുന്ന ഫാഷൻ ചിന്തകളുടെ ഒരു മനഃശാസ്ത്രമുണ്ട്. മത സാമുദായിക ഘടനയിൽ നിന്ന് ഇടഞ്ഞു നിൽക്കുന്ന ഒരു റബൽ മനസ് അക്കാലത്തു തന്നെ സിനിമ രൂപപ്പെടുത്തുന്നുണ്ട്. സാധനയോടുള്ള ആരാധന ഈയൊരു സൈക്കിക് രൂപാന്തരണത്തിന്റെ ഫലം കൂടിയാവാം. റോക്ക്& റോൾ സംഗീതത്തോടുള്ള കമ്പവും അക്കാലത്ത് മനസ്സിൽ കൂടുകൂട്ടിയിരുന്നു. അതുപോലെ, ഞങ്ങൾ കൂട്ടുകാർ ഒരേ മനസ്സോടെ ഉള്ളിൽ ഇഷ്ടപ്പെട്ട ഒരു നടി യായിരുന്നു കോഴിക്കോടൻ കദീജ. അവരുടെ ഉറച്ച ശരീര പ്രകൃതവും കൊള്ളക്കാരോടൊത്തും വില്ലന്മാരോടൊത്തും ആൺസംഘങ്ങളെ ഇടിച്ചു തരിപ്പണമാക്കുന്നതും രസകരമായിരുന്നു. മാത്രമല്ല, ഇത്ര ധൈര്യശാലിയായ ഒരു മുസ്‌ലിം സ്ത്രീയോടുള്ള ആരാധനയും ഉള്ളിലുണ്ട്.

മിക്കവാറും അക്കാലത്തെ ഡീറ്റക്റ്റീവ് -കുറ്റാന്വേഷണ ചിത്രങ്ങളിൽ ഒരു കുളിസീനും കാബറ നൃത്തവും പതിവാണ്. അതിൽ പലപ്പോഴും ആടുന്ന നടിമാർ കൂടിയായിരുന്നു സാധനയും കദീജയും. നടിമാരുടെ വേഷവും റോളും ജീവിതവുമായി കൂട്ടിക്കുഴക്കുന്ന കല്പനയ്ക്ക് അക്കാലത്തു മുൻതൂക്കമുണ്ട്. അതുകൊണ്ടുതന്നെ, സ്വപ്ന നായകരോടൊപ്പം ആടുകയും പാടുകയും ചെയ്യുന്ന മുന്നണിനടിമാരെ ആളുകൾ ഏറെ ആരാധിച്ചു. എലെയ്ൻ ഷോവാൾട്ടർ സിനിമ കാണിയെക്കുറിച്ചു പറഞ്ഞ ഫെറ്റിഷിസവും സ്‌കൊപ്പോഫിലിയയും
താരജോഡികളോടൊപ്പവും അല്ലാതെയും കാണികളെ മുൻനിർത്തി വളർത്തിയെടുക്കുന്നതിൽ ആക്കാലത്തെ ആൺ ചലച്ചിത്രവിപണി വിജയിച്ചു. ലക്ഷ്മിയും ശ്രീവിദ്യയും വന്നതോടെ കുറേക്കൂടി സെക്‌സിയായ ജീവിതം സിനിമകളിൽ വ്യാഖ്യാനക്ഷമമായി. ലക്ഷ്മി​യുടെ ചട്ടക്കാരി അക്കാലത്തുണ്ടാക്കിയ ഇളക്കം ചെറുതല്ല. അവളുടെ രാവുകളിൽ സീമയുടെ കടന്നുവരവോടെ, കാണികളുടെ ഒരു നിര തന്നെ മാറുകയായിരുന്നു. ജയന്റെ അരങ്ങേറ്റവും ശരീര രാഷ്ട്രീയവും അമ്പരപ്പിക്കും മട്ടിൽ നമ്മുടെ സിനിമയുടെ ഭാവുകത്വ പരിസരം മാറ്റുന്നതും ഇക്കാലത്തുതന്നെ. ശാരദയും, ആദ്യകാലങ്ങളിൽ ഷീലയും ജയഭാരതിയും പിന്നെപ്പിന്നെ വിധുബാലയും പ്രതിനിധീകരിച്ച ഒരു സിനിമാക്കാലത്തിന്റെ നീങ്ങിപ്പോക്ക് പഴയ തലമുറ ഗൃഹാതുരത്വമായി പറഞ്ഞുനടന്നു. സത്യനും നസീറും വിളഞ്ഞാടിയ തൊഴിലാളി -ദരിദ്ര കുടുംബങ്ങളിലെയും സമൂഹത്തിലെയും നായകന്മാരുടെ കാലം മെലിഞ്ഞുവന്നു.

ഐ.വി. ശശിയുടെ അവളുടെ രാവുകൾ, മലയാളത്തിൽ സംഭവിച്ച ദൃശ്യപ്പെരുമ സിനിമാകാഴ്ചയിൽ ഒരു paradigm shift തന്നെയുണ്ടാക്കി. സീമ ക്യാമ്പസുകളിലെ ആരാധനാപാത്രമായി. അന്നത്തെ കോളേജ് കുമാരിമാർ അവരുടെ ചുണ്ടുകൾ സീമയുടേതെന്നപോലെ മലരാൻ സ്വകാര്യമായി ചുണ്ടുകളിൽ ക്ലിപ്പുകൾ ഇട്ടിരുന്നു.

ചട്ടക്കാരിയിലെ ജൂലി എന്ന കഥാപാത്രമായി ലക്ഷ്മി

അതുവരെ അപസർപ്പകത്വം നിറഞ്ഞ കളിക്കാലങ്ങളിൽ മനസ്സിൽ നിറഞ്ഞാടിയ ഹീറോയിസവും പ്ലാറ്റോണിക് പ്രണയസങ്കൽപ്പങ്ങളും ഏറെക്കുറെ അവസാനിക്കുന്നത്, ഈ സിനിമകളോടെയാണെന്നു പറഞ്ഞാലും അതിശയോക്തിയില്ല. ഈ സിനിമകൾ വന്നതോടെ, സമൂഹം വേലികെട്ടി നിർത്തിയ വിധിവിലക്കുകളുടെ (totem& taboos) ജലമർമരം ഉപബോധത്തിന്റെ കയങ്ങളിലേയ്ക്ക് സ്വപ്നം അന്വേഷിച്ചിറങ്ങി.

വിജയശ്രീ, മലയാള സിനിമയിലെ കൗമാര- യൗവ്വന ആൺ കാണി സമൂഹത്തെ കയ്യിലെടുത്തു അമ്മാനമാടിയ ഒരു കാലത്തിന്, മുമ്പ്​ സൂചിപ്പിച്ച തുടർച്ചകൾ എളുപ്പമായിരുന്നു. വെള്ളിത്തിരയിൽ ഏറ്റവുമധികം മിന്നിത്തിളങ്ങി നിന്നിരുന്ന കാലത്താണ് (1974-ആണെന്ന് തോന്നുന്നു) വിജയശ്രീയുടെ മരണം. അത് ഞങ്ങളെയൊക്കെ വേദനിപ്പിച്ചിരുന്നു. യൗവനം- വണ്ടിക്കാരി എന്നൊരു സിനിമ അതിനു ശേഷം വന്നു. വിജയശ്രീ അഭിനയിച്ചു മുഴുമിക്കാതെ പോയ രണ്ടു സിനിമകൾ കൂട്ടിക്കെട്ടി ബാബു നന്ദനംകോട് അണിയിച്ചൊരുക്കിയ മരണാനന്തര അനുകമ്പാ സിനിമ. എന്നാൽ, കാണികളൊക്കെ, "യൗവനം മണ്ടിക്കാരി'എന്നതിനെ കളിയാക്കി വിളിച്ചു. സഹതാപതരംഗത്തിൽ കുറേപ്പേർ ചിത്രം കണ്ടു. മരിച്ചുപോയ നായികയെ ഒരുനോക്ക് കാണാൻ, പോസ്തുമസ് ആയ ഒരൊളിഞ്ഞുനോട്ടം.

പ്രതിനായകന്മാരുടെ കരിനിഴലുകൾ

വില്ലൻ എന്നതിനേക്കാൾ പ്രതിനായകൻ എന്നായിരിക്കും നല്ലത്. കാരണം, മലയാളസിനിമയിലെ ഒരു വില്ലന്മാരോടും ഞങ്ങൾക്ക് വെറുപ്പുണ്ടായിരുന്നില്ല.
സ്‌കൂൾ വിട്ടുവന്നാൽ ഞങ്ങളുടെ പ്രധാനവിനോദം കണ്ട സിനിമകളിലെ ഉദ്വേഗജനകമായ സ്റ്റണ്ട് രംഗങ്ങളെ പുനരവതരിപ്പിക്കുകയായിരുന്നു.

ജോസ് പ്രകാശ്

ഒറ്റക്കാവുമ്പോൾ പോലും സിനിമയിലെ പ്രിയ നായകനും പ്രതിനായകനും തമ്മിലുള്ള അന്തസംഘർഷം നിറഞ്ഞ ഏകാന്തഭാഷണങ്ങളിലൂടെയാണ് എന്റെ ഏകാന്തതകളെ ഞാൻ കൊണ്ടാടിയത്. ഏറെക്കുറെ സർഗാത്മകമായ ഒരു അനുഷ്ഠാന തലം അതിനുണ്ടായിരുന്നു. ഒറ്റക്ക് വിജന സ്ഥലത്തൂടെ നടന്നുപോകാൻ ആക്കാലത്ത് ഭയമായിരുന്നു. ഭൂതപ്രേതാദികളെക്കുറിച്ചുള്ള പരസ്യവാണികളായിരുന്നു അതിനു കാരണം. അങ്ങനെയുള്ള മുഹൂർത്തങ്ങളിൽ സിനിമയിലെ നായകനും പ്രതിനായകനും തമ്മിലുള്ള സംഭാഷണങ്ങൾ അനുകരിച്ചുകൊണ്ട് ഒറ്റക്ക് നടന്ന വഴികളെ ഇന്നും ഓർമയുണ്ട്.
നായകന്മാരെക്കുറിച്ചേറെ പറഞ്ഞുവെങ്കിലും, അവരെ നായകരാക്കി പ്രതിഷ്ഠിക്കാൻ തോറ്റുകൊടുക്കുകയും സഹിക്കുകയും മിക്കപ്പോഴും സിനിമാറ്റിക് മരണത്തിനോ ജയിലഴികൾക്കോ സമർപ്പിക്കുകയും ചെയ്ത വില്ലന്മാർ ഇല്ലെങ്കിലോ??

കെ.പി. ഉമ്മറിന്റെയും ഗോവിന്ദൻകുട്ടിയുടെയും പ്രകടനങ്ങൾ പലപ്പോഴും പരസ്പരപൂരകമാണെന്ന് തോന്നാറുണ്ട്. രണ്ടുപേരും ഒരു സിനിമയിൽ വില്ലന്മാരായി വന്നാൽ, ഇരുവരിൽ ആരുടേങ്കിലും കൈകളാൽ മറ്റെയാൾ കൊല്ലപ്പെടുമായിരുന്നു. ഓരോ കാലത്തും കാണിയുടെ pleasure എന്താണെന്നു പഠിച്ച്, ചലച്ചിത്ര വിപണി നിർമിക്കുന്ന ചില ക്‌ളീഷേകൾ അക്കാലത്തും ഉണ്ട്. അതിലൊന്നായിരിക്കാം, ഈ "മരണ അഡ്ജസ്റ്റ്‌മെൻറ്​‌'. ജോസ് പ്രകാശിനെപ്പൊലൊരു ഹോളിവുഡ് വില്ലൻ മലയാളത്തിലുണ്ടോ എന്നു സംശയമാണ്. നിഗൂഢമായ പ്ലോട്ടുകളും ചുണ്ടിലെ കത്തിയെരിയുന്ന ചുരുട്ടുകൾ കൊണ്ട് നായകന്റെ നീക്കത്തിനെതിരെ ബുദ്ധിപരമായ നീക്കങ്ങൾ നമ്മുടെ സിനിമയിൽ വിദഗ്ധമായി പണിത ഒരാൾ. ജോസ് പ്രകാശിന്റെ മിടുക്കിനനുസരിച്ചു മലയാള സിനിമയ്ക്ക് ആ പണിപൂർത്തിയാക്കാൻ കഴിഞ്ഞില്ല എന്നേ ഞാൻ പറയൂ.
കൂടെ മറ്റു രണ്ടു പേരുകൂടിയുണ്ട്: ജി.കെ. പിള്ളയും, പ്രേം പ്രകാശും. മറവിൽ തിരിവ് സൂക്ഷിക്കുക, ലങ്കാദഹനം, സംഭവാമി യുഗേ യുഗേ, പത്മവ്യൂഹം, സി.ഐ.ഡി നസീർ, പുഷ്പാഞ്ജലി, അജയനും വിജയനും, പോസ്റ്റുമാനെ കാണാനില്ല, പച്ച നോട്ടുകൾ, തുടങ്ങിയ സിനിമകൾ. ഇവരൊക്കെ മനവും തനുവും നിറഞ്ഞാടി. കൗമാരകാലത്തിന്റെ മധ്യം വരെ ഞങ്ങളെ ഒരുമിച്ച് ജീവിതവിനോദത്തിന്റെ ഒരേ നുകത്തിൽ ഇവരൊക്കെക്കൂടി മേച്ചു.

ശശികുമാർ, എ.ബി. രാജ്, കുഞ്ചാക്കോ, കെ.എസ്. സേതുമാധവൻ, ഹരിഹരൻ, എന്ന നീണ്ട ഒരു സംവിധായകനിരയും ഞങ്ങളെ വിടാതെ പിടികൂടി.
സ്‌ക്രീനിൽ കാണാത്ത, എന്നാൽ പേര് തെളിയുമ്പോൾ ദിഗന്തം ഭേദിക്കുമാറ് കാണികൾ കൈകൾകൊട്ടുന്ന ഒരു പേരുണ്ട്- ത്യാഗരാജൻ. അദ്ദേഹമാണ് ഈ സംവിധായകരുടേയും നായക നടന്മാരുടെയും ഉസ്താദ് ആയി ഞങ്ങളുടെ പ്രായം കൊണ്ടാടിയത്. "സ്റ്റണ്ട്, ത്യാഗരാജൻ 'എന്നെഴുതിക്കാണിക്കുമ്പോൾ ടാക്കീസ് ശബ്ദമുഖരിതമാവും. ഹൃദയത്തിൽ കഠിനമായ തിരയിളക്കവും കുതിരയോട്ടവും തുടങ്ങും.

അടൂരിന്റെ സ്വയംവരത്തെക്കുറിച്ചൊന്നും അന്ന് ഞങ്ങൾ കേട്ടിട്ടേയുണ്ടായിരുന്നില്ല. തൊട്ടടുത്ത് തന്നെ എം.ടി യുടെ നിർമാല്യം വരുന്നുണ്ട്. കെ.ജി. ജോർജിന്റെ സ്വപ്നാടനം, ഉൾക്കടൽ, കെ.ആർ. മോഹനന്റെ അശ്വത്ഥാമാവ് തുടങ്ങിയ സിനിമകളൊക്കെ ഞാൻ കാണുന്നത് കോളേജു ക്ലാസുകളിൽ പഠിക്കുമ്പോഴാണ്.

മെല്ലെ മെല്ലെ സമാന്തര സിനിമ വലുതാവുന്ന എഴുപതുകളുടെ അവസാനത്തോടെ, കുതൂഹലം നിറഞ്ഞ ഈ കൂട്ടുപോര് അവസാനിക്കുകയായി.
അടൂരിന്റെ സ്വയംവരത്തെക്കുറിച്ചൊന്നും അന്ന് ഞങ്ങൾ കേട്ടിട്ടേയുണ്ടായിരുന്നില്ല. 1972-ലാണെന്ന് തോന്നുന്നു അത് പുറത്തിറങ്ങിയത്- ഞങ്ങളുടെ സിനിമാവേട്ടയുടെ സുവർണകാലത്ത്. തൊട്ടടുത്ത് തന്നെ എം.ടി യുടെ നിർമാല്യം വരുന്നുണ്ട്.
കെ.ജി. ജോർജിന്റെ സ്വപ്നാടനം, ഉൾക്കടൽ, കെ.ആർ. മോഹനന്റെ അശ്വത്ഥാമാവ് തുടങ്ങിയ സിനിമകളൊക്കെ എൺപതിനു മുമ്പ് വരുന്നുണ്ട്. എന്നാൽ, ഈ സിനിമകളൊക്കെ ഞാൻ കാണുന്നത് കോളേജു ക്ലാസുകളിൽ പഠിക്കുമ്പോഴാണ്. പത്മരാജനും ഭരതനും ജോണും, ഐ.വി. ശശിയുമൊക്കെ എന്റെ ജീവിതത്തിലേയ്ക്ക് വിമാനമിറങ്ങിയെത്തുമ്പോഴേക്ക് കൗമാരം വിടപറയുകയായിരുന്നു.

പൂരംപോലെ സിനിമയെ കൊണ്ടാടിയ ജനപ്രിയ കാലവും ബാല്യത്തിൽനിന്നും പിന്തുടർന്ന കൂട്ടുകെട്ടും കോളേജു പ്രവേശനത്തോടെ അവസാനിച്ചു. വായനയുടെയും കാഴ്ചയുടെയും പുതിയ ജാലകങ്ങൾ തുറന്നിട്ടപ്പോൾ, പഴയ തിരശീലകൾ ഒന്നൊന്നായി മാഞ്ഞു. സമാന്തര സിനിമകളുടെയും കുരുത്തോല നാടകങ്ങൾ എന്നു പേർപെറ്റ "തനത്' നാടകങ്ങളും ആധുനിക കവിതയും സാഹിത്യവും എല്ലാം കൂടിക്കുഴഞ്ഞു കലമ്പിയ ഏകാന്തതകൾക്കിടയിൽ വിപ്ലവം പറഞ്ഞും ആഘോഷിച്ചും കൊണ്ടാടപ്പെട്ട പുതിയ ജീവിതം.

ഒരു പറ്റം ക്യാമ്പസ് വിഷയങ്ങൾ സിനിമയായി പുനർജനി നേടുന്നതും അക്കാലത്തുതന്നെ. ഭരതന്റെ രതിനിർവേദത്തിൽ അതാരംഭിക്കുന്നു. പല വേഷങ്ങളിൽ, ഞങ്ങളുടെ കൂട്ടുജീവിതകാലത്ത് ആടിപ്പോന്ന ജയഭാരതി എന്ന നടി, കൗമാരക്കാരന്റെ (കൃഷ്ണചന്ദ്രൻ ) ചപല പ്രണയഭാജനമായി മാറുമ്പോൾ, അതുവരെ അനുഭവിച്ച ലോകം ആകെപ്പാടെ തലതിരിഞ്ഞു. അത് ചിത്രീകരിച്ച രീതി തന്നെ തുലോം ഭിന്നവും. എത്ര സിനിമകളിൽ ആടിതിമിർത്തിട്ടും ജയഭാരതിയെ ഞാൻ മുഴുവൻ കണ്ടിട്ടില്ലായിരുന്നു. എന്നാൽ രതിനിർവേദത്തിലെ ഒറ്റ ഷോട്ടിലൂടെ തന്നെ ഞാൻ അവരിലെ സ്ത്രീയെ മുഴുവൻ കണ്ടു. അന്നു മുതൽ അവരെന്നെ വേട്ടയാടാനും തുടങ്ങി. ഭരതന്റെ തകര കൂടി വന്നതോടെ അത് കൂടുതൽ പൊട്ടിപ്പൊളിഞ്ഞു. പ്രതാപ് പോത്തൻ എന്ന നടന്റെ നിഷ്‌കപടമായ ഉന്മാദ ക്രീഡകളിലൂടെ സമൂഹം ഒന്നാകെ സിനിമയിലേയ്ക്ക് ഒളിഞ്ഞു നോക്കിയപ്പോൾ, അക്കാലംവരെ കണ്ടത് സിനിമയായിരുന്നില്ല എന്നുപോലും തോന്നി. കാഫ്കയും കമ്യുവും തലയ്ക്കു ചൊരുക്കുണ്ടാക്കിയ കാലവും ഇതു തന്നെ. മെറ്റമോർഫോസിസ് എന്ന കഥയിലെ ഗ്രിഗർ സാംസയായി സ്വൽപനേരമെങ്കിലും ജീവിക്കാൻ ആഗ്രഹിക്കാത്ത ക്ഷുഭിത യൗവനങ്ങൾ ക്യാമ്പസുകളിൽ അക്കാലത്തുണ്ടായിരുന്നില്ല. ഇതിലേയ്ക്കാണ്, ഒരു നവകാല്പനികതയുടെ അസ്തിത്വവാദ ചിന്തകളും കൂട്ടിക്കുഴച്ചു ഒരുകൂട്ടം ക്യാമ്പസ് സിനിമകൾ വന്നത്. അതുവരെ അനുഭവിക്കാത്ത ക്രൈം കാമ്പസിന്റെ അടിപ്പടവുകളിലുമുണ്ടെന്നു പത്മരാജന്റെ നവംബറിന്റെ നഷ്ടം, കെ.ജി. ജോർജിന്റെ ഉൾക്കടൽ, ജോർജിന്റെ ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക്, ഭരതന്റെ ചാമരം, മോഹന്റെ ശാലിനി എന്റെ കൂട്ടുകാരി എന്നീ സീനിമകൾ ഓർമിപ്പിക്കുന്നു.
​പുതിയ ഒരു കാലം ജന്മമെടുത്തത്തോടെ കുറേക്കൂടി വിസ്തൃതമായ ഒരകാശത്ത്, എനിയ്ക്ക് എന്റെ പഴയ കാലം നഷ്ടപ്പെടുകയായിരുന്നു.ഒരു മാപ്പിളച്ചെക്കന്റെ സ്മൃതി നാശങ്ങളുടെ പൂച്ചക്കലുകൾ മെല്ലെമെല്ലെ എന്റെ ജീവിതത്തിന്റെ ഇടവഴികളിലേയ്ക്കിറങ്ങിവന്നു.▮

(അവസാനിച്ചു)


ഡോ. ഉമർ തറമേൽ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ മലയാള -കേരള പഠനവിഭാഗത്തിൽ പ്രൊഫസറായിരുന്നു. ദേശത്തിന്റെ​​​​​​​ ഭാവനാഭൂപടങ്ങൾ, ഇശലുകളുടെ ഉദ്യാനം, കാഴ്​ചയുടെ ഹെയർപിൻ വളവുകൾ തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments