(ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിച്ച വ്ലാദിമിർ പെരിസിക് സംവിധാനം ചെയ്ത 'ലോസ്റ്റ് കൻറ്റ്രി' എന്ന സെർബിയൻ ചിത്രത്തെപ്പറ്റി)
ആത്മഹത്യ നീട്ടിവയ്ക്കാൻ ഓരോ ദിവസവും കാരണങ്ങൾ തേടുന്ന കുറെ മനുഷ്യർ എല്ലാ കാലവും ജീവിച്ചിട്ടുണ്ടാകണം. അതിൽ ചിലർ ആദ്യ സന്ദർഭത്തിൽ തന്നെ വീണുപോകുന്നുമുണ്ടാവണം. അങ്ങനെയുള്ള ഒരു പതിനഞ്ചുകാരനായിരുന്നു സ്റ്റെഫാൻ. സെർബിയ, ബോസ്നിയ & ഹെഴ്സെഗോവിന, ക്രൊയേഷ്യ, മോൻടെനെഗ്രോ, സ്ലോവേനിയ, വടക്കേ മാസഡോനിയ എന്നിങ്ങനെയുള്ള റിപ്പബ്ലിക്കുകളായി പിരിയും മുമ്പുള്ള 1996 ലെ യൂഗോസ്ലാവ്യയിലാണ് അവനുണ്ടായിരുന്നത്, കഥാപാത്രമായി.
സ്റ്റെഫാന്റെ അമ്മ സോഷ്യലിസ്റ്റു കാലത്തെ യൂഗോസ്ലാവ് പാർട്ടിയുടെ പ്രവർത്തകയും സർക്കാരിന്റെ ഔദ്യോഗിക വക്താവുമാണ്. കിഴക്കൻ യൂറോപ്പിലെ സർക്കാരുകൾക്കെതിരായ ജനമുന്നേറ്റങ്ങളുടെ കാലം. സ്റ്റെഫാന്റെ അമ്മയ്ക്ക് മാർക്സിന്റെയും ലെനിന്റെയും പേരുകൾ ചേർത്ത് മാർക്ലേന എന്ന വിചിത്രമായ പേരാണ് അവരുടെ അച്ഛൻ ഇട്ടത്. തോട്ടത്തിലെ വാൽനട്ടുകൾ പൊട്ടിക്കുമ്പോഴും അദ്ദേഹം കൊച്ചുമകൻ സ്റ്റെഫാന്റെയും വളർത്തുനായയെയോടുമൊപ്പം വിപ്ലവകാലത്തെയും വാൽസല്യത്തോടെ കൂടെ കൊണ്ടു നടക്കുന്നു.
അമ്മയുടെ പാർട്ടിക്കാലമായപ്പോഴേക്കും ജനങ്ങൾക്കു വേണ്ടി ഭരണകൂടത്തോട് ചോദിക്കുക എന്നയിടത്തു നിന്ന് ഭരണകൂടത്തു നിന്ന് ജനങ്ങളോട് സംസാരിക്കുക എന്നയിടത്തേക്ക് അവർ മാറുന്നു. അച്ഛന്റെ ഇടവും റോളും മകളിൽ തിരിയുന്നു. പക്ഷേ അച്ഛനും മകളും അതറിയാതെ പോകുന്നത് കൊച്ചുമകനും മകനുമായ സ്റ്റെഫാനിലൂടെ നമ്മളറിയുന്നു. അച്ഛനിൽ നിന്നു കിട്ടിയ പരമാദർശമാണ് മാർക്ലേനയ്ക്ക് പണിയെടുക്കുന്നവരുടെ പാർട്ടി. അതിനു തെറ്റാൻ കഴിയില്ല. അതിനു തെറ്റിയതായി ആർക്കെങ്കിലും തോന്നിയാൽ അവരെ തിരുത്തുക എന്നേ ആ ചിന്ത പോകൂ. അവർ തിരുത്താൻ തയ്യാറാകാതിരുന്നാൽ... മറിച്ച് ചോദ്യവും സമരവുമായി വന്നാൽ...
സ്റ്റെഫാൻ മുതിർന്നത് അമ്മ അറിയുന്നില്ല. അവൻ രാജ്യകാര്യങ്ങൾ സ്വന്തം നിലയിൽ കണ്ടു തുടങ്ങുമെന്നും അവരറിയുന്നില്ല. അവന്റെ വിദ്യാലയത്തിലെ പ്രിൻസിപ്പലും ഒന്നോ രണ്ടോ അധ്യാപകരുമൊഴികെ ഏവരും സർക്കാരിനെതിരെ ഇറങ്ങുന്നു. അമ്മ, അവനെയും ചേർത്ത് നമ്മുടെ പക്ഷം എന്നു പറയുന്നുവെങ്കിലും അവൻ സമരപക്ഷത്താണ്.
അമ്മ ഒരു വശത്തും ഏതിനും കൂടെയുണ്ടായിരുന്ന രണ്ടു കൂട്ടുകാരടക്കം മുഴുവൻ പേരും മറുവശത്തുമായി പതിനഞ്ചുകാരൻ. സമരപക്ഷമാണ് ശരിയെന്നാണ് സ്റ്റെഫാന്റെയും മനസ്സിലാക്കൽ. പക്ഷേ, അമ്മ നീതി കൈവിടില്ല എന്നവൻ കരുതുന്നു.
'ലോസ്റ്റ് കൻറ്റ്രി' യിൽ സംവേദനങ്ങൾ നാവിലേറെ കണ്ണുകളിലൂടെയാണ്. സിനിമയുടെ മാത്രം അനുഗ്രഹമായ സമീപഷോട്ടുകളിൽ വാക്കുകൾ വേണ്ടാതെ വരുന്നു. മനുഷ്യർ ജീവിതത്തിലും അങ്ങനെയാണല്ലോ.
ബൽഗ്രേഡിലെ റോഡുകളെ വിദ്യാർത്ഥികൾ സമരശരീരങ്ങൾ കൊണ്ട് നിറയ്ക്കുന്നു. രാവിനെയും പകലിനെയും നിറയ്ക്കുന്നു.
പുഞ്ചിരി മുതൽ പൊട്ടിച്ചിരി വരെയുള്ള ചിരിയുടെ മഴവില്ല് മുഴുവൻ ഒഴിഞ്ഞുപോയ സ്റ്റെഫാനെയുടെ മുഖഭാഷയുമായി നമ്മുടെ ഉൾഭാഷ സാത്മ്യത്തിലാവുന്നു. ഒരു ചിരിയുടെ അയവിലേക്ക് നൈമിഷികമായെങ്കിലും കടന്നു കിട്ടാൻ അവനും നമ്മളും വെമ്പുന്നു. നിങ്ങളുടെ സർക്കാർ തിരഞ്ഞെടുപ്പ് ഫലം അപഹരിച്ചെടുത്തതാണോ എന്ന സ്റ്റെഫാന്റെ ചോദ്യത്തിന് അമ്മ പറയുന്ന 'നോ' യിൽ അവനും നമ്മളും ചലച്ചിത്ര കാലത്തിലെ മാത്രനേരത്തേക്ക് ആ ചിരി തിരിച്ച് വാങ്ങുന്നുണ്ട്.
സഹവിദ്യാർത്ഥിനിയുടെ പ്രണയത്തിന്റെ ദലലാവണ്യം മാത്രമാണ് അവനെ തിരിച്ചറിയുന്നത്. പ്രണയത്തിന്റെ വേഗതയുമാണത്. അവനോടൊപ്പമുള്ള കുറഞ്ഞ നേരങ്ങൾ മതിയായിരുന്നു, അവന്റെ ഹൃദയം കൊണ്ട് അവളുടെ കൈവെള്ള പൊള്ളാൻ! അവനോടൊപ്പം എത്രയോ മണിക്കൂറുകളുണ്ടായിരുന്ന അമ്മയ്ക്ക് സ്റ്റെഫാൻ പല പല അവസരങ്ങൾ നൽകി. സംസാരിക്കാൻ എനിക്കല്പം സമയം തരൂ എന്നവൻ അമ്മയോട് രണ്ടു മൂന്നു തവണ തിരക്കഥയിൽ തന്നെ ചോദിക്കുന്നുണ്ട്. അതിലേറെ തവണ അവൻ തിരക്കഥയ്ക്ക് പുറത്ത് ശ്രമിച്ചിരിക്കാം. അവനെ കൊച്ചുകുഞ്ഞായി മാത്രം കാണുന്ന അമ്മയ്ക്ക് വലിയ കാര്യങ്ങൾക്കിടയിൽ അതനുവദിക്കാൻ കഴിയുന്നില്ല. അതോ, അവന്റെ മനസ്സാക്ഷിയുടെ ശക്തിയറിയുന്ന അവർ ഒഴിഞ്ഞൊഴിഞ്ഞു നിന്നതാണോ? ഇനി, അവന്റെ മനസ്സാക്ഷിയുടെ പ്രതിബിംബം കൂടിയായ തന്റെതന്നെ മനസ്സാക്ഷിയെയാണോ മാർക്ലേന ഭയന്നത്?
നിമിഷം തോറും മാറിമറിയുന്ന പ്രകൃതിയിൽ എല്ലാ കാലത്തേക്കുമായി ഒരറിവുമില്ല, ഒരു മൂല്യവുമില്ല. ഉണ്ടെന്നൊരാൾ കരുതിപ്പോകാം. പക്ഷേ പ്രകൃതിയുടെ പുഴ അതിനെ വിഴുങ്ങിയൊഴുക്കും.
കിഴക്കൻ യൂറോപ്പിനെയും സോവിയറ്റ് യൂണിയനെയും വീഴ്ത്തിയതിൽ പടിഞ്ഞാറൻ മാധ്യമങ്ങൾ പെരുപ്പിച്ച കഥകളുണ്ട്. പക്ഷേ പെരുപ്പിക്കാൻ പാകത്തിലുള്ള സത്യങ്ങളും അർദ്ധസത്യങ്ങളും ചെറുസത്യങ്ങളുമുണ്ടായിരുന്നു എന്നുകൂടി അറിയുന്നവർ മാത്രമേ അതിജീവിക്കൂ.
മീറ്റിങ്ങുകളുടെയും മാധ്യമയോഗങ്ങളുടെയുമിടയ്ക്ക് കിട്ടുന്ന ഇടവേളകളാണ് മാർക്ലേനയ്ക്ക് വീടും സ്റ്റെഫാനും. അതവന് മനസ്സിലാക്കാൻ വിഷമമില്ല. പക്ഷേ ഒരുത്തരത്തിനുള്ള സമയം അവന് വേണമായിരുന്നു.
സമയമില്ല എന്ന ആവർത്തനങ്ങൾക്കു ശേഷം അവന്റെ അയയാത്ത മുഖത്തോട് മാർക്ലേനയ്ക്ക് അയയേണ്ടി വരുന്നു. "നീ ചോദിക്കൂ" എന്ന് സർക്കാർ/ പാർട്ടി വക്താവായ അമ്മ സ്റ്റെഫാനോട്. വോട്ടെണ്ണലിൽ തിരിമറി നടത്തിയിട്ടില്ല എന്ന് ടിവിയിലെന്ന പോലെ അവനോടും അവർ 'മറുപടി' പറഞ്ഞു. ടി വി പ്രേക്ഷകരോടുള്ള അതേ സംഗമില്ലായ്ക അമ്മയ്ക്ക് അവനോടുമാവാമെന്ന് അവൻ അനുമാനിച്ചില്ല. അവനത് മനസ്സിലാക്കിയത് അമ്മ പ്രവർത്തകർക്ക് നിർദ്ദേശം കൊടുത്തത് അമ്മ കാണാതെ ഇരുട്ടിൽ നിന്ന് കേട്ടപ്പോഴാണ്. അപ്പോഴവൻ വിരലിനു പകരം ശരിക്കും പേനാക്കത്തി തന്നെ അവരോട് ചൂണ്ടി 'നിങ്ങൾ കൊലയാളികളാണ്' എന്നു പറഞ്ഞിറങ്ങുന്നു. രാത്രിയിലെ സമരപ്പന്തലിൽ വച്ച് അമ്മയ്ക്കു വേണ്ടി പിണങ്ങിയ ആകെയുള്ള രണ്ട് കൂട്ടുകാരോട് അവന്റെ ഭാഗത്തുള്ള തെറ്റിന് സ്റ്റെഫാൻ സോറി പറയുന്നു.
ഇവിടെയാണ് സിനിമ മനുഷ്യ ഹൃദയവുമായി ഏറ്റവും അടുക്കുക എന്ന ദുരന്തത്തിൽ അകപ്പെടുന്നത്. സ്റ്റെഫാന്റെ ഹൃദയം അതിനു നിമിത്തമാകുന്നു. കൂട്ടുകാരുടെ മനസ്സിൽ നിന്ന് സാക്ഷിഭാവം ഒഴിഞ്ഞു പോയിരുന്നു. അവർ സർക്കാർ വിരുദ്ധ പക്ഷം മാത്രമായി മാറിയിരുന്നു. അവരുടെ പക്ഷത്തിനു വേണ്ടി മൂവർ കൂട്ടിലെ കളിക്കൂട്ടുകാരനെ ആഞ്ഞുതള്ളാനവർക്ക് തടസ്സമുണ്ടായില്ല. ദുരധികാരത്തെ ചോദ്യം ചെയ്യുന്നതെന്ന് കരുതിയാണ് തങ്ങൾ സർക്കാർ വിരുദ്ധ സമരത്തിൽ ചേർന്നതെന്നവർ അതിവേഗം മറന്നുപോകുന്നു. സമരത്തോടൊപ്പമുള്ള സ്റ്റെഫാനെ മാർക്ലേനയുടെ മകൻ മാത്രമായി അവർ ന്യൂനീകരിക്കുന്നു. സർക്കാരിനോടുള്ള മറുപക്ഷബോധത്തിൽ ആ രണ്ട് ബാലമനസ്സുകൾ അന്ധവും ക്രൂരവുമാകുന്നു! സർക്കാരിനും സമരക്കാർക്കും അമ്മയ്ക്കും ഹൃദയമിത്രങ്ങൾക്കും മനസ്സാക്ഷി അറ്റാച്ച്ഡ് ആയ സ്റ്റെഫാനെ വേണ്ട. ഒരു പക്ഷത്ത് ചേർന്നാൽ അതോടെ പക്ഷമല്ലാതൊന്നുമില്ലെന്നു കരുതുന്ന പാവം മാനവഹൃദയങ്ങളാകുന്നവർ! കുറ്റബോധത്തോടെയുള്ള സ്റ്റെഫാന്റെ 'സോറി'യോട് "പോയി തുലയെടാ" എന്നുതന്നെ കൂട്ടുകാർ ആട്ടുന്നു. അവന്റെ ഒന്നാം ലിസ്റ്റിലുള്ള അമ്മയും പിന്നെ ആ രണ്ടു കൂട്ടുകാരും രണ്ടു പക്ഷമല്ല, അവനെതിരെയുള്ള ഒരേപക്ഷക്കാരാണ്. സ്റ്റെഫാനും മനസ്സാക്ഷിയും
'തനിച്ചാ'കുന്നു, നിസ്സഹായരാകുന്നു.
കാമുകി (അവൾ അങ്ങനെ കരുതുന്നുണ്ട്) 'സ്റ്റെഫാനെ' വിളിച്ചുകൊണ്ട് തിരശ്ശീലയിൽ അലയുന്ന അല്പനേരം, അവനേക്കാൾ ഭാരമുള്ള ആ റക്സാക്കിനെ പ്രവചിക്കുകയായിരുന്നു എന്ന് നമ്മൾ പിന്നീട് മനസ്സിലാക്കുന്നു. സ്റ്റെഫാനെ പ്രേമം പഠിപ്പിക്കാൻ പരിശ്രമിച്ചു കൊണ്ടിരുന്നവളുടെ വിളി അവന് കേൾക്കാനും കഴിഞ്ഞില്ല.
പോലീസ് ചൂരലുകൾ നഗരമൂലകളിൽ സമരക്കാരുടെ മേൽ ആഞ്ഞു വീണുകൊണ്ടിരിക്കുന്നതവൻ കാണുന്നു. അവൻ കരിങ്കല്ലുകൾ പുറംസഞ്ചിയിൽ നിറയ്ക്കുന്നു. സമരത്തോടൊപ്പം സ്റ്റെഫാൻ
മുഴുവൻ മനസ്സും വച്ചു കഴിഞ്ഞല്ലോ! പക്ഷേ, കൂട്ടത്തിൽ വളരെ വലിയ ഒരു കല്ലും അവൻ സഞ്ചിയിൽ വയ്ക്കുമ്പോൾ നമ്മൾ സംശയിക്കുന്നു, ഇതുകൊണ്ടെങ്ങനെ ഒരാൾക്ക് എറിയാൻ കഴിയും?
പുഴയുടെ ഒരു വെളിച്ചമെത്താത്ത ഭാഗത്ത് എന്തോ വീഴുന്ന ശബ്ദം മാത്രം സ്ക്രീനിൽ കേൾക്കുമ്പോൾ അവന്റെ പുറംസഞ്ചിയിലെ കരിങ്കല്ലുകളുടെ ഭാരം നമ്മുടെ നെഞ്ചിലേക്കും വീഴുന്നു.
ചിത്ര സംവിധായകൻ വ്ലാദിമിർ പെരിസിക്കിന്റെ അമ്മ, അക്കാലത്തെ യൂഗോസ്ലാവ് പ്രസിഡന്റായിരുന്ന സ്ലോബോദൻ മിലോസവിക് സർക്കാരിനു വേണ്ടി പ്രവർത്തിച്ചിരുന്നയാളായിരുന്നു എന്നൊരു വിവരം സിനിമയ്ക്ക് പുറത്ത് ഇന്റർനെറ്റ് തരുന്നുണ്ട്