ആരാണ് ‘നല്ല പെൺകുട്ടി’?
എപ്പോഴാണ് അവൾ ‘ചീത്ത’യാകുന്നത്?
പെൺകുട്ടികളോടുള്ള / സ്ത്രീകളോടുള്ള പ്രതീക്ഷകളെ സമൂഹം ഒരു ‘മാന്വൽ’ പോലെയാണ് കൈകാര്യം ചെയുന്നത്. അനുസരണയും സമർപ്പണവും ആയിരിക്കണം സ്ത്രീയുടെ ആത്മാവ്. എന്നാൽ സ്ത്രീയ്ക്ക് ആഗ്രഹങ്ങൾ ഉണ്ടായാലോ? അവൾ ശബ്‍ദം ഉയർത്തിയാലോ? തന്റെ ശരീരവുമായി സ്വതന്ത്രമായി സംഭാഷണം തുടങ്ങിയാലോ? തന്റെ ജീവിതത്തെ കുറിച്ച് സ്വയം തീരുമാനമെടുത്ത്, അവളെ തന്നെ അനുസരിച്ചു തുടങ്ങിയാലോ? സമൂഹം അവളെ 'ചീത്ത സ്ത്രീ' എന്ന ലേബലിൽ അടയ്ക്കുമോ?
വർഷ ഭരത് രചനയും സംവിധാനവും നിർവഹിച്ച ബാഡ് ഗേൾ (2025) എന്ന തമിഴ് ചിത്രം ഈ ഇരട്ടധാരണകൾക്കെതിരെയും സ്ത്രീയെ ‘നന്നാക്കാൻ’ ശ്രമിക്കുന്ന സമൂഹത്തിനുനേരെയുമുള്ള രാഷ്ട്രീയ പ്രസ്താവനയാണ്.
‘BAD GIRL’ എന്ന പേരിലെ രാഷ്ട്രീയം
സ്വന്തം ആഗ്രഹങ്ങളെയും ശരീരത്തെയും ലൈംഗികതയെയും ബന്ധങ്ങളെയും കുറിച്ച് സ്വതന്ത്രമായി ചിന്തിക്കാൻ ശ്രമിക്കുന്ന യുവതിയാണ് രമ്യ (അഞ്ജലി ശിവരാമൻ). അവൾക്ക് എന്താണ് വേണ്ടതെന്ന് കണ്ടെത്താനുള്ള ഉള്ളിലെ പോരാട്ടമാണ് സിനിമയുടെ ആത്മാവ്. തികച്ചും യാഥാസ്ഥിക ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച രമ്യയുടെ മൂന്ന് വ്യത്യസ്ത കാലഘട്ടങ്ങളിലൂടെയാണ് ചിത്രത്തിന്റെ യാത്ര. അവളുടെ ആഗ്രഹങ്ങൾ കുടുംബത്തിന്റെയും മറ്റ് എല്ലാ സോഷ്യൽ ഏജൻസികളുടെയും നിയമങ്ങളുമായി ഏറ്റുമുട്ടുന്നു- ഈ സംഘർഷങ്ങളും അവളുടെ അതിജീവനവുമാണ് ചിത്രത്തിന്റെ കാതൽ. എല്ലാവരും ഒരുപോലെ ‘അച്ചടക്കം’ പാലിക്കുമ്പോൾ, നായിക ഒറ്റപ്പെട്ട നിലയിൽ നിൽക്കുന്ന കഥാപ്രവാഹം- അവൾ സമൂഹത്തിന്റെ ‘മത്സരപദവിയിൽ’ ഉൾപ്പെടുന്നില്ലെന്ന സൂചന നൽകുന്നു. ഒടുവിൽ പരമ്പരാഗത പ്രതീക്ഷകൾക്ക് വിപരീതമായി, രമ്യ സ്വയം തന്റെ വഴി കണ്ടെത്തുമ്പോൾ മറ്റുള്ളവർ രമ്യയെ 'ബാഡ് ഗേൾ ' എന്ന് വിളിക്കുന്നു. അപ്പോഴും അവൾ എങ്ങനെ സ്വയം അംഗീകരിക്കുവാൻ പഠിക്കുന്നുവെന്നു കൂടി ചിത്രം കാണിക്കുന്നു.
Simone de Beauvoir മുന്നോട്ടു വയ്ക്കുന്ന 'സ്ത്രീയാവുക' (becoming a woman) എന്ന സാമൂഹിക പ്രക്രിയയിൽ നല്ല സ്ത്രീ / ചീത്ത സ്ത്രീ എന്ന ബൈനറിയാണ് സ്ത്രീക്ക് നേരെയുള്ള ഏറ്റവും വലിയ കൺട്രോൾ മെക്കാനിസം. ഈ ബൈനറിയെയാണ് വർഷ, രമ്യയിലൂടെ ചോദ്യം ചെയ്യാൻ ശ്രമിക്കുന്നത്. സമൂഹത്തിന്റെ ന്യായവിചാരങ്ങളെ ചോദ്യം ചെയ്യുന്നതിനോടൊപ്പം, രമ്യ തന്നോട് തന്നെ ഇടയ്ക്കിടയ്ക്ക് ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, 'ഞാൻ എന്താ ഇങ്ങനെ ആയത്? എനിക്കെന്തെങ്കിലും പ്രശ്നമുണ്ടോ?'. അതൊരു ബാഡ് ഗേൾ ട്രോപ്പ് അല്ല, ഒരു കൗണ്ടർ നറേറ്റീവ് (counter narrative) ആണ്. സമൂഹം നൽകുന്ന 'നല്ല സ്ത്രീ' ലേബലിനോട് പോരാടുന്ന രമ്യ 'ചീത്ത സ്ത്രീ' എന്ന പദത്തെ ഇപ്രകാരം പുനർ നിർവചിക്കുന്നു- 'സ്വാതന്ത്ര്യമെന്നും സമത്വമെന്നും'.

പ്രണയബന്ധങ്ങളോടുള്ള രമ്യയുടെ സമീപനം, സ്വാതന്ത്ര്യത്തിന്റെയും ലൈംഗികതയുടെയും മറ്റൊരു രാഷ്ട്രീയ തലമായാണ് ചിത്രത്തിൽ പ്രതിനിധാനം ചെയ്തിരിക്കുന്നത്. സ്‌കൂൾ കാലഘട്ടത്തിൽ നലനുമായുണ്ടാകുന്ന (ഹൃദു ഹറൂൺ) പ്രണയം, കോളേജ് കാലത്തെ അർജുനുമായുള്ള ബന്ധം, തുടർന്ന് ഇർഫാനുമായുണ്ടാകുന്ന പ്രണയവുമെല്ലാം വ്യത്യസ്ത ആഖ്യാനങ്ങളാണ്. ഓരോ ബ്രേക്ക്അപ്പുകൾക്കു ശേഷമുള്ള രമ്യയുടെ നിശ്ശബ്ദനിമിഷങ്ങളും സിനിമയുടെ ഏറ്റവും ശക്തമായ ഭാഗങ്ങളാണ്. പ്രണയബന്ധങ്ങളെല്ലാം വിജയം കൈവരിക്കുന്നില്ലെങ്കിൽ കൂടിയും അവരെയൊന്നും സിനിമയിൽ ‘മികച്ച’ അല്ലെങ്കിൽ ‘മോശം’ ആളുകൾ ആയി ചിത്രീകരിക്കുന്നില്ല. അവർ ജീവിതപാഠങ്ങളാണ്. മാത്രവുമല്ല പ്രണയബന്ധങ്ങൾ ഒരു ലക്ഷ്വറി ആയിട്ടോ പ്രണയരംഗങ്ങൾ റൊമാന്റിക് ഡെക്കറേഷനുകൾ ആയോ കാണിക്കുന്നില്ല. പ്രണയബന്ധങ്ങളിലെ ലൈംഗികത വളരെ നൈസര്ഗികമായാണ് അവതരിപ്പിച്ചിരിക്കുന്നത്. അതൊന്നും വിർജിനിറ്റിയുടെ പരീക്ഷണങ്ങൾ ആക്കിയില്ല എന്നതും ശ്രദ്ധേയമാണ്.
ബാഡ് ഗേളിന്റെ ഏറ്റവും തീവ്രമായ താളം അമ്മയും മകളും തമ്മിലുള്ള ബന്ധവും അതിലൂടെ പകരുന്ന തലമുറാനന്തരാഘാതവുമാണ് (intergenerational trauma). രമ്യയുടെ അമ്മ സുന്ദരി (ശാന്തിപ്രിയ) അധ്യാപികയാണ്. പുരുഷാധിപത്യത്തിന്റെ (patriarchy) നിശ്ശബ്ദ അക്രമത്താൽ സുന്ദരിയുടെ ജീവിതത്തിൽ സൃഷ്ടിക്കപ്പെട്ട പരിധികൾ, അവൾ ഏറ്റെടുക്കേണ്ടിവന്ന മൗനം, ദൈനംദിന ചലനങ്ങൾ- എല്ലാം അവളറിയാതെ മകളിൽ പുനരാവർത്തിക്കുകയാണ്. രമ്യയും അമ്മയുമായുള്ള വാദപ്രതിവാദങ്ങൾ ഇതിന്റെ സൂക്ഷ്മമായ പ്രതീകങ്ങളാണ്. അവർ തമ്മിലുള്ള സംഘർഷങ്ങൾക്കും പോരാട്ടങ്ങൾക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഒരേ സമയം അമ്മ എന്ന കഥാപാത്രം ഇവിടെ 'സംരക്ഷകയായും കൂട്ടിലടച്ച വ്യവസ്ഥയുടെ പ്രയോക്താവുമായി' മാറുകയാണ്. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന ഈ മുറിവുകൾ തനിക്ക് ഉണ്ടാവരുതെന്ന തിരിച്ചറിവിൽ ആണ് രമ്യ വീട് വിട്ടിറങ്ങുന്നത് (കുടുംബത്തെ പൊളിച്ചെറിയുന്നില്ല). പക്ഷെ അതൊരു വിപ്ലവമായി ചിത്രത്തിൽ പ്രതിഷ്ഠിക്കുന്നില്ല.
കഥാഖ്യാനത്തിൽ അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ സംഘർഷം അടയാളപ്പെടുത്താൻ 'പൂച്ച' യെ നല്ലൊരു മെറ്റഫർ (metaphor) ആയി ഉപയോഗിച്ചിട്ടുണ്ട്. അമ്മ കാരണം രമ്യക്ക് തന്റെ പൂച്ച നഷ്ടപ്പെടുമ്പോൾ, അമ്മയോട് തന്റെ വീട് വിട്ടു ഇറങ്ങിപ്പോകാൻ പറയുന്ന രമ്യ, തന്റെ പൂച്ചയ്ക്ക് എന്തെങ്കിലും പറ്റുമോ എന്നും താനില്ലാതെ പൂച്ച എങ്ങനെ അതിജീവിക്കുമെന്നും പുറംലോകം ഒട്ടും സുരക്ഷിതമല്ല എന്നും ആശങ്കപ്പെടുന്നു. മറുവശത്ത്, സുന്ദരി, സൈക്കോളജിസ്റ്റുമായി പങ്കിടുന്നതും, ഇതേ ആശങ്കയാണ്. 'തന്റെ മകൾ ഒറ്റയ്ക്ക് എങ്ങനെ ജീവിക്കും, അവൾക്ക് എന്തെങ്കിലും പറ്റുമോ, പുറം ലോകം ഒട്ടും സുരക്ഷിതമല്ല, പക്ഷെ എനിക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല, ചെയ്യാനും പാടില്ല.'
പ്രതിസന്ധികൾക്കൊടുവിൽ, രമ്യ അമ്മയോട് ‘I love you amma, you are amazing’ എന്ന് പറയുന്നത് വെറും ഒരു ക്ഷമാപണം മാത്രമല്ല. അതൊരു അംഗീകാരം കൂടിയാണ്- അമ്മമാരെ കാവൽക്കാരായിട്ടല്ല, മറിച്ച് ഒരേ കൂട്ടിൽ നിന്ന് അതിജീവിച്ച സ്ത്രീകളായി കാണുന്നതിലൂടെ. ‘സുന്ദരിയായി’ ശാന്തിപ്രിയയും ‘രമ്യയായി’ അഞ്ജലി ശിവരാമനും മികച്ച രീതിയിൽ തന്നെ അഭിനയിച്ചിട്ടുണ്ട്. ശാന്തിപ്രിയയിലൂടെ തമിഴ് സിനിമയിലെ സ്ഥിരം അമ്മ റോൾ റ്റെമ്പ്ലേറ്റിനെ (template) ഉടച്ചുവാർക്കാനും വർഷക്ക് കഴിഞ്ഞിട്ടുണ്ട്.

ചിത്രത്തിൽ രമ്യയും സെൽവി (ശരണ്യ രവി) എന്ന കഥാപാത്രവും തമ്മിലുള്ള ബന്ധവും വളരെ ആഴമേറിയതാണ്. സ്ത്രീസൗഹൃദം (female friendship) ചിത്രത്തിൽ ഒരു അനിവാര്യ സുരക്ഷാപാളിയായി പ്രത്യക്ഷപ്പെടുന്നു. സ്ത്രീകൾ, സ്ത്രീകൾക്ക് നൽകുന്ന പരസ്പര സുരക്ഷിതത്വം എത്രത്തോളം പ്രധാനമാണെന്നും നമ്മളാരും തന്നെ 'ചീത്ത സ്ത്രീ' അല്ലെന്ന് ബോധ്യപ്പെടുത്താനും സ്ത്രീ സൗഹൃദങ്ങൾ അനിവാര്യമാണെന്നു കൂടി ചിത്രം പറഞ്ഞു വയ്ക്കുന്നു.
ചിത്രത്തിന്റെ മറ്റൊരു പ്രതേകത, ലോറ മൾവേയുടെ (Laura Mulvey) പുരുഷനോട്ടം (male gaze) മറികടന്നുള്ള സ്ത്രീയുടെ ആന്തരികനോട്ടം ആണ് (internalised female gaze). 'പുരുഷൻ ആഗ്രഹത്തിന്റെ കേന്ദ്രമായും', 'സ്ത്രീ ആഗ്രഹത്തിനുള്ള വസ്തു ' (object) ആയുമാണ് പൊതുവെ സിനിമ ചിത്രീകരിക്കുന്നത്. എന്നാൽ ബാഡ് ഗേളിൽ 'നോക്കപ്പെടുന്നവൾ' എന്ന രീതിയിൽ നിന്ന് മാറി, അവൾ സ്വയം എങ്ങനെയാണ് തന്റെ ശരീരത്തെ, ആഗ്രഹങ്ങളെ കാണുന്നുവെന്നാണ് കാണിക്കുന്നത്. സ്ത്രീയുടെ സ്വയം നിരീക്ഷണവും സ്വയം നിയന്ത്രണവും എന്ന പുതിയ വിമർശനതലമാണ് വർഷ ഇതിലൂടെ മുന്നോട്ടു വയ്ക്കുന്നത്. ഈ നോട്ടം അവൾക്കുള്ളിൽ കുറ്റബോധം (guilt) ആയി കാണിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ബാഡ് ഗേളിന് സ്റ്റാൻലി കോഹന്റെ (Stanley Cohen) മോറൽ പാനിക് തിയറിയുമായി (Moral panic theory, 1972) ഗാഢബന്ധമുണ്ട്. സ്ത്രീ ഒരു സാമൂഹിക ‘folk devil’ ആക്കപ്പെടുന്ന രീതി- സ്ത്രീ രാത്രി നടക്കുന്നത്, സ്ത്രീ ബന്ധം തിരഞ്ഞെടുക്കുന്നത്, സ്ത്രീ തന്റെ ശരീരത്തോട് അവകാശം പറയുന്നത് - ഇവയെല്ലാം സമൂഹത്തിൽ ഭീതിയും പരിഭ്രമവും സൃഷ്ടിക്കുന്നുവെന്ന നിരീക്ഷണം സിനിമയിൽ വളരെ ശക്തമാണ്. എന്നാൽ ഈ മോറൽ പാനിക്കിനെ വർഷ പ്രതിരോധിക്കുന്നത്, സ്ത്രീയുടെ ആത്മാവിനെ ആഘോഷിക്കുന്നതിലൂടെയാണ്. ഇവിടെ സ്ത്രീയെ 'മോക്ഷത്തിന്റെ' വിഷയമായി അവതരിപ്പിക്കുന്നതിനു പകരം 'സ്വന്തന്ത്രമായ' വിഷയമായാണ് അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീയുടെ സ്വാതന്ത്ര്യത്തെ 'മോറലൈസ്' (moralise) ചെയ്യുന്നതിനുപകരം 'നോർമലൈസ്' (normalise) ചെയ്യുന്നു.
ചിത്രത്തിന്റെ പ്രമേയത്തെ കൂടുതൽ ആഴമുള്ളതാക്കാൻ വർഷയുടെ ദൃശ്യ ഭാഷയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തിരക്കഥയിലും കഥാപാത്ര നിർമിതിയിലുമെല്ലാം അസാധാരണമായ സൂക്ഷ്മത പ്രകടമാണ്. ചിത്രത്തിലെ ഫ്രെയിമുകൾ, നിറങ്ങൾ, മിസെൻ സീനുമെല്ലാം (mise-en-scene) കഥാപാത്രങ്ങളുടെ ആത്മസംഘർഷത്തെ മികച്ച യാഥാർഥ്യബോധത്തോടെ ആവിഷ്കരിച്ചിട്ടുണ്ട്. പല സന്ദർഭങ്ങളിലും 'നിശ്ശബ്ദത' ‘ശബ്ദമായി’ ഉപയോഗിച്ചിട്ടുണ്ട്. അമിത് ത്രിവേദിയുടെ സംഗീതവും ചിത്രത്തിൽ വൈകാരികമായ ചലനങ്ങൾ സൃഷ്ടിക്കുന്നു. വെട്രിമാരനും അനുരാഗ് കശ്യപും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
Bad Girl സിനിമ എന്ന നിലയ്ക്കുള്ള ശക്തമായ സാംസ്കാരിക ഇടപെടലാണ്. സ്ത്രീയെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന ഓരോ സാമൂഹിക സംവിധാനത്തെയും ചോദ്യം ചെയ്യുന്ന, ഒരു രാഷ്ട്രീയ പ്രതിരോധം.

“There are no good girls gone wrong - just bad girls found out” .
- Mae West.
▮
References
Cohen, S. (2011). Folk devils and moral panics: The creation of the Mods and Rockers (3rd ed.). Routledge.
De Beauvoir, S. (2011). The second sex (C. Borde & S. Malovany-Chevallier, Trans.). Vintage Books.
Mulvey, L. (1975). Visual pleasure and narrative cinema. Screen, 16(3), 6–18.
