Always being born - നിരന്തരമായ ജനനങ്ങൾ, മൃണാൾ ദായുടെ ആത്മകഥയാണ്. താൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന കവി പാബ്ലോ നെരൂദയുടെ (Pablo Neruda) ഒരു കവിതയിൽ നിന്നും മൃണാൾ ദാ കണ്ടെടുത്ത ഒരു വാക്ക് - Always being born! നിരന്തരമായ ജനനങ്ങൾ എന്നതിന് നിരന്തരമായ മരണങ്ങൾ എന്നും അർത്ഥമുണ്ട്, കുറഞ്ഞപക്ഷം മൃണാൾ സെൻ (Mrinal Sen) പടങ്ങൾ കണ്ടവർക്കെങ്കിലും. സെൻ സിനിമകൾ, അവ നിങ്ങളെ കൊന്നുകൊണ്ടേയിരിക്കും. പിന്നെയും പിന്നെയും ജന്മമെടുക്കാൻ മാത്രം നിങ്ങൾ വീണ്ടും വീണ്ടും മരണപ്പെടും.
ഒരൊഴിവുകാലം ചെലവഴിക്കാൻ കൊൽക്കത്താ നഗരത്തിൽ നിന്ന് ഏറെ അകലെയുള്ള ഒരു ഗ്രാമത്തിലെത്തുന്ന ഭുവൻ ഷോം (Bhuvan Shome) എന്ന കർക്കശക്കാരനായ റെയിൽവേ ഉദ്യോഗസ്ഥൻ അവിടെ മരണപ്പെടും പോലെ. അതേ ഗ്രാമത്തിൽ വീണ്ടും ജനിച്ച് അയാൾ തിരികെപ്പോകും പോലെ. മൃണാൾ സെൻ എന്ന ചലച്ചിത്രമെഴുത്തുകാരൻ ഇന്ത്യൻ സിനിമക്ക് നൽകിയ ആ പുതുജീവിതത്തിന് 55 വയസ്സ് തികയുന്നു.
**
1969-ൽ ആണ് ഭുവൻ ഷോം റിലീസിനെത്തുന്നത്. ബനഫൂലിന്റെ (ബാലായ് ചന്ദ്ര മുഖോപധ്യായ) അതേ പേരിലുള്ള ചെറുകഥയാണ് സിനിമക്ക് ആധാരം. അമ്പതുകളുടെ മധ്യത്തിൽ സിനിമാ ജീവിതം തുടങ്ങിയ മൃണാൾ സെന്നിൽ ഫ്രഞ്ച് നവതരംഗം ചെലുത്തിയ സ്വാധീനം, എട്ടു സിനിമകൾക്ക് ശേഷമെത്തിയ ഭുവൻ ഷോമിലും പ്രകടമായി കാണാം. നവതരംഗത്തിന്റെ പ്രയോഗരീതികൾ, ത്രൂഫോയുടെയും മറ്റും ചലച്ചിത്ര വ്യാകരണശൈലി. എല്ലാം അതുതന്നെ.
ഭുവൻ ഷോം, എന്ന കാർക്കശ്യക്കാരനായ റെയിൽവേ ഉദ്യോഗസ്ഥന്റെ കഥയാണ് സിനിമ. അയാളെ അപ്പാടെ മാറ്റിത്തീർക്കുന്ന ഒരു യാത്രയുടെയും. യാത്ര സിനിമയിൽ ഒരു കഥാപാത്രം തന്നെയാണ് പലപ്പോഴും. ടൈറ്റിൽ കാർഡ് എഴുതിക്കാണിക്കുന്നിടത്ത് മുതൽ (റെയിൽ ട്രാക്കിന്റെ ദൃശ്യം) യാത്ര എന്ന ഈ ഘടകം പലപ്പോഴും സിനിമയിൽ കടന്നുവരുന്നുണ്ട്. അസ്തിത്വ പ്രതിസന്ധികൾക്ക് പരിഹാരമന്വേഷിക്കുന്ന വലിയ കലാകാരർ പലപ്പോഴും യാത്രയെ പരിഹാരമായി എടുക്കുന്നത് കാണാം. കാഫ്ക, കാമു, ഹൈഡഗർ, സാർത്ര് തുടങ്ങിയ അസ്തിത്വവാദ കലാകാരരെല്ലാം യാത്രയെ പരിഹാരമായി കാണുന്നുണ്ട്. തുടക്കം മുതൽ സിനിമയെ ഇതേ വഴിയിൽ നടത്തിക്കുകയാണ് മൃണാൾ സെന്നും എന്ന് തോന്നും. ഭുവൻ ഷോം എന്ന കർക്കശക്കാരൻ സർക്കാർ ഉദ്യോഗസ്ഥനും അസ്തിത്വത്തിന്റെ ഈ പ്രതിസന്ധികൾ അനുഭവിക്കുന്നുണ്ടാവാമെന്ന് പ്രേക്ഷകനും തോന്നുന്നു.
ഒരു ഒഴിവുകാലം ചെലവഴിക്കാൻ, കൊൽക്കത്താ നഗരത്തിൽ നിന്ന് അകലെയുള്ള ഒരു ഗ്രാമത്തിലേക്ക് പോകുന്ന ഭുവൻ ഷോമിൽ, ആ യാത്ര ആന്തരികമായും പ്രവർത്തിക്കുന്നു. യാത്രയെ പല പല തട്ടുകളായി തിരിച്ചാണ് മൃണാൾ സെൻ ഇത് അനുഭവിപ്പിക്കുന്നത്. പുറപ്പെടുമ്പോൾ ട്രെയിനിലായിരുന്നു ഭുവൻ ഷോമിന്റെ യാത്ര. പിന്നീടത് കുതിര വണ്ടിയിലേക്കും കാള വണ്ടിയിലേക്കും മാറുന്നു. കാളവണ്ടി യാത്ര അയാളെ അസ്വസ്ഥനാക്കുകയും ചെയ്യുന്നുണ്ട്. യാത്രക്കിടെ ഉണ്ടാകുന്ന ഒരു കാട്ടുപോത്തിന്റെ ആക്രമണത്തിൽ പതറിപ്പോകുന്ന അയാൾ ഗൗരി എന്ന ഗ്രാമീണയായ പെൺകുട്ടിയുടെ ഇടപെടലിനെ തുടർന്ന് രക്ഷപ്പെടുന്നു. സംഘർഷഭരിതമായ ഈ അന്തരീക്ഷത്തിലൂടെ ഭുവൻ ഷോം ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നു. അവിടം മുതൽ അയാളുടെ ബ്യൂറോക്രാറ്റിക് ഉടയാടകൾ ഓരോന്നോരോന്നായി അഴിഞ്ഞുവീഴുകയാണ്.
കൊൽക്കത്താ നഗരത്തിന്റെ പാതയിൽ നിന്ന് ഭുവൻ ഷോം നാട്ടുവഴിയിലേക്ക് മാറുകയാണിവിടെ. കാളവണ്ടി കടന്നുപോകുന്ന വഴിയുടെ വളവുകൾ ഇത് പ്രതിഫലിപ്പിക്കുന്നുമുണ്ട്. നഗര - ഗ്രാമ ജീവിതങ്ങൾ തമ്മിലുള്ള സംഘർഷം ഇന്ത്യൻ പശ്ചാത്തലത്തിൽ പറഞ്ഞു പഴകിയ ഒരു പ്ലോട്ട് ആണെന്ന് തോന്നും. ഭുവൻ ഷോമിന്റെ കഥയും ഏതാണ്ട് അങ്ങനെ തന്നെയാണ്. എന്നാൽ, ഗ്രാമത്തെ പരിശുദ്ധിയുടെ മുഖമായും നഗരത്തെ കാപട്യത്തിന്റെ പര്യയമായും അവതരിപ്പിക്കുന്ന സ്ഥിരം ഇന്ത്യൻ ക്ലീഷേ അല്ല സിനിമ എന്നിടത്താണ് ഭുവൻ ഷോം പുതുമ തരുന്നത്.
ഒഴിവു കാലം ചെലവഴിക്കാൻ എത്തുന്ന ഭുവൻ ഷോമിന്റെ ഉദ്ദേശം കാട്ടിൽ നായാട്ടിന് ഇറങ്ങുകയാണ്. ഒരു ബ്രിട്ടീഷ് നായാട്ടുവേഷം ധരിച്ചെത്തുന്ന അയാൾ പക്ഷേ, നാട്ടറിവുകളും പ്രാദേശിക അടയാളങ്ങളുമാണ് വേട്ടയ്ക്ക് വേണ്ടത് എന്ന് ഗൗരിയിൽ നിന്നും പെട്ടെന്നു തന്നെ മനസ്സിലാക്കുന്നു. കർക്കശക്കാരനായ, അധികാരിയായ ഭുവൻ ഷോമിന് ഗൗരിയെന്ന ഗ്രാമീണയായ പെൺകുട്ടിയെ അനുസരിക്കേണ്ടി വരുന്നു. ഭുവൻ ഷോമിന്റെ അധികാര രൂപവും ഗൗരിയുടെ നിഷ്കളങ്കതയും സവിശേഷാനുപാതത്തിൽ മൃണാൾ സെൻ കൂട്ടിച്ചേർക്കുകയാണ് ഇവിടെ. ഗൗരിയിൽ നിന്ന് നായാട്ടുവേഷത്തിന്റെ നാടൻ തൊപ്പിയും ഉടയാടകളും ചെരിപ്പുകളുമെല്ലാം സ്വീകരിച്ചുകൊണ്ടാണ് ഭുവൻ ഷോമിന്റെ സ്വത്വ പരിണാമം വിപുലമാകുന്നത്.
പക്ഷേ, ഭുവൻ ഷോം യഥാർഥത്തിൽ എന്തിനെയാണ് വേട്ടയാടുന്നത്? ഏതു മൃഗത്ത കീഴടക്കാനാണ് അയാൾ വെടി പൊട്ടിക്കുന്നത്? യാത്ര എന്ന ഘടകം ഭുവൻ ഷോമിൽ ആന്തരികമാണെന്നതു പോലെ വേട്ടയും ആന്തരികമായാണ് പ്രവർത്തിക്കുന്നത്. തന്റെ തന്നെ അകത്തുള്ള, ഇനിയും പിടികിട്ടാത്ത ഒരു മൃഗത്തെ കീഴടക്കാനാണ് ഭുവൻ ഷോം വെടി പൊട്ടിക്കുന്നതെന്ന് പ്രേക്ഷകന് അപ്പോൾ വെളിപ്പെട്ടു കിട്ടുന്നു. അതിന് അയാളെ സഹായിക്കുന്നത് ഗൗരി എന്ന ഗ്രാമീണയായ ഒരു പെൺകുട്ടിയും. വേട്ടയുടെ ആദ്യ സീക്വൻസുകൾ ചിത്രീകരിക്കാൻ പുലിയുടെയും മറ്റും എക്സ്ട്രീം ക്ലോസപ്പ് ഷോട്ടുകൾ സെൻ ഇവിടെ വിദഗ്ധമായി ഉപയോഗിക്കുന്നുണ്ട്. സെന്നിന്റെ കയ്യൊപ്പ് പതിഞ്ഞ ഫ്രീസ് ഷോട്ടുകളും ധാരാളമായുണ്ട് സിനിമയിൽ.
സിനിമയിലെ സംഗീതത്തിന്റെ ഉപയോഗവും എടുത്തു പറയേണ്ടതാണ്. സത്യജിത് റേയെപ്പോല തന്റെ സിനിമകളിൽ സംഗീതത്തിന് വലിയ പ്രാധാന്യം കൊടുത്തിരുന്നു മൃണാൾ സെന്നും. സീനിന്റെ ഇമോഷൻ സംഗീതത്തിലൂടെ പ്രേക്ഷനിലേക്ക് കടത്തിവിടാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു എന്ന് കാണാം. അതുവഴി, താൻ പറയാൻ ഉദ്ദേശിച്ച സാമൂഹ്യശാസ്ത്രപരമായതും ഫിലോസഫിക്കലായതുമായ അർത്ഥങ്ങളെ പ്രേക്ഷകനിലേക്ക് കടത്തിവിടാനും മൃണാൾ സെന്നിന് കഴിഞ്ഞിരുന്നു. ഭുവൻ ഷോമിലും അത് തുടരുന്നത് കാണാം.
ട്രെയിൻ യാത്ര ചിത്രീകരിക്കുമ്പോഴുള്ള താളമല്ല കാളവണ്ടി യാത്രയുടെ പശ്ചാത്തലത്തിലുള്ളത്. അത് അൽപ്പം കൂടെ മന്ദഗതിയിലുള്ള ഒന്നാണ്. വ്യത്യസ്ത ഫ്രെയിമുകളിൽ ഗ്രാമവും നഗരവും സ്ക്രീനിൽ വരുമ്പോൾ പശ്ചാത്തലത്തിൽ തെളിയുന്ന സംഗീത ശകലങ്ങൾക്ക് സീനിന്റെ ഇമോഷൻ അനുഭവിപ്പിക്കാൻ കഴിയുന്നു. നഗരത്തിന്റെ പശ്ചാത്തല സംഗീതം പ്രേക്ഷകനിൽ പിരിമുറുക്കവും ഗ്രാമത്തിന്റെ പശ്ചാത്തല സംഗീതം അതിൽ നിന്നുള്ള വിടുതലുമാണ് അനുഭവിപ്പിക്കുന്നത്. സിനിമയുടെയും ഭുവൻ ഷോം എന്ന കാർക്കശ്യക്കാരന്റെയും ഭാവപരിണാമം അടയാളപ്പടുത്താൻ മൃണാൾ സെൻ സംഗീതം ഗംഭീരമായി ഉപയോഗിക്കുന്നുണ്ട്.
എപ്പോഴും അതിവേഗത്തിൽ മാത്രം സഞ്ചരിച്ചുകൊണ്ടിരുന്ന ഭുവൻഷോമിന്റെ യാത്ര മെല്ലെ മെല്ലെ പതുക്കെയാകുന്നത് സവിശേഷ ശ്രദ്ധയാകർഷിക്കുന്നുണ്ട്. വേഗത്തിലുള്ള ചലനങ്ങളല്ല, ജാഗ്രതയോടെയുള്ള ചെറിയ ചലനങ്ങളാണ് പിന്നീട് ഭുവൻ ഷോം നടത്തുന്നതെല്ലാം. ട്രെയിനിൽ നിന്നും കുതിര വണ്ടിയിലേക്കും കാളവണ്ടിയിലേക്കും മാറുന്ന അയാളുടെ യാത്രകൾ യന്ത്രത്തിൽ നിന്നും മനുഷ്യരിലേക്കും ചുറ്റുമുള്ള ജീവിതങ്ങളിലേക്കും അയാൾ പരിണമിക്കുന്നതും കൂടി പ്രതിഫലിപ്പിക്കുന്നു. 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ കാഫ്ക ഉൾപ്പടെയുള്ള എഴുത്തുകാർ തങ്ങളുടെ രചനകളിലൂടെ ആവിഷ്കരിച്ച അസ്തിത്വ പ്രതിസന്ധിയുടെ നിഴലുകൾ ഭുവൻ ഷോമിൽ എപ്പോഴുമുണ്ട്.
വെടിയൊച്ച കേട്ട് ഭയന്നുവീണ ജീവനുള്ള പക്ഷിയെ ഗൗരിക്ക് തന്നെ മടക്കിക്കൊടുത്തുകൊണ്ട് ഭുവൻ ഷോം യാത്രപറയുകയാണ്. ഒരു ഒഴിവുകാലത്തിന്റെ ഓർമ്മയ്ക്ക് വേണ്ടി നടത്തുന്ന, വേട്ടയും നീണ്ട യാത്രയും അയാളെ അപ്പാടെ മാറ്റിത്തീർക്കുന്നു. തിരിച്ചെത്തുന്ന ഭുവൻ ഷോം പുതിയ മനുഷ്യനാണ്. ബ്യൂറോക്രസിയുടെ കെട്ടുപാടുകളില്ലാത്ത പുതിയ മനുഷ്യൻ. തെറ്റു ചെയ്ത കീഴുദ്യോഗസ്ഥനെ അയാൾ കുറ്റവിമുക്തനാക്കുന്നു. മറ്റൊരു നല്ല സ്റ്റേഷനിലേക്ക് അയാൾക്ക് സ്ഥലം മാറ്റവും നൽകുന്ന ഭുവൻ ഷോം അവിടെ തന്റെ സ്വത്വപരിണാമം പൂർത്തിയാക്കുന്നു. സിനിമയുടെ തുടക്കത്തിൽ, തന്റെ ചുറ്റുപാടും നടക്കുന്ന സംഭവങ്ങളിൽ ആശങ്കകളൊന്നുമില്ലാതിരുന്ന അയാൾ ഒടുക്കം മനുഷ്യ ബന്ധങ്ങളുടെയും പാരസ്പര്യത്തിന്റെയും പ്രാധാന്യമറിഞ്ഞ് തിരികെപ്പോകുന്നു. സെൻ ആത്മകഥയിലെഴുതുന്നത് പോലെ, ഭുവൻ ഷോം മരണപ്പെടുന്നു. അതേ ഗ്രാമത്തിൽ വീണ്ടും ജനിച്ച് അയാൾ തിരികെപ്പോകുന്നു.
**
തുടക്കവും ഒടുക്കവും കൃത്യമായി അടയാളപ്പടുത്താത്ത മറ്റ് സെൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഭുവൻ ഷോമിന് ആദിമധ്യാന്ത പൊരുത്തമുണ്ടെന്ന് തോന്നും. പക്ഷേ, കഥയുടെ പാളികൾ നീക്കി അകത്തേക്ക് ഇറങ്ങുമ്പോൾ മൃണാൾ സെൻ എന്ന കലാകാരന്റെ അടുക്കും ചിട്ടയുമില്ലാത്ത മനസ്സിനെയും കണ്ടുകിട്ടും. പോസ്റ്റ് ട്രൂത്ത് കാലത്തെ അസ്തിത്വ പ്രതിസന്ധികളെയും അഭിസംബോധന ചെയ്യാനാണ് മൃണാൾ സെൻ ഭുവൻ ഷോം ചിത്രീകരിച്ചിരിക്കുന്നതെന്ന് പുതിയ പ്രേക്ഷകനും തോന്നിപ്പോകും. 55 വർഷങ്ങൾക്കിപ്പുറം, 2024ൽ വീണ്ടുമൊരിക്കൽ കൂടി ഭുവൻ ഷോം കാണാനിരിക്കാനുള്ള കാരണങ്ങൾ ഇതൊക്കെയുമാണ്.