മാറുന്ന മമ്മൂട്ടി, മാറാത്ത രഞ്ജിത്ത്

രഞ്ജിത്ത് ഇനിയൊരു സിനിമ എടുക്കുകയാണെങ്കിൽ തന്നെ പുതിയ കാലത്തിന്റെ സാമൂഹിക ബോധങ്ങളുമായി അത് എങ്ങനെ സംവദിക്കും എന്നത് കണ്ടറിയേണ്ട ഒരു കാര്യമാണ്. കാരണം ജനാധിപത്യ ബോധങ്ങൾ തീണ്ടുക പോലും ചെയ്തിട്ടില്ലാത്ത തന്റെ കഥാപാത്രങ്ങൾ തന്റെ തന്നെ പര്യായരൂപങ്ങളാണ് എന്നാണ് രഞ്ജിത്ത് തെളിയിച്ചുകൊണ്ടിരിക്കുന്നത്.

ലയാള സിനിമ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ പിന്നിട്ട ദൂരം അതിന്റെ
ദിശയും വേഗതയും കൊണ്ട് ഗണിക്കപ്പെടുമ്പോൾ ഗംഭീരമായതാണ്. ഇക്കാലം കൊണ്ട് ലോകസിനിമയുടെ വഴികളിലൂടെ മലയാള സിനിമ ഒട്ടേറെ മുന്നേറി. മലയാള സിനിമയുമായി ബന്ധപ്പെട്ട് നിന്ന പല പഴയ സമവാക്യങ്ങളെയും അത് തിരുത്തി. അസാധ്യമെന്നു കരുതിയിരുന്ന പലതും സാധ്യമാണെന്ന് തെളിയിച്ചു. പുതുമകൾ തേടി കാമ്പുള്ള പല പരീക്ഷണങ്ങൾക്കും അത് വിധേയമായി. നിരന്തരമായ നവീകരണങ്ങൾ അതിന്റെ വഴികളിലും ഉള്ളടക്കങ്ങളിലും ഒരു പോലെ കൊണ്ടുവരാൻ ശ്രമം നടന്നു.

ഇതിന് മുമ്പും പലപ്പോഴായി മലയാള സിനിമാരംഗം പലവിധ മാറ്റങ്ങൾക്ക് വിധേയമായിട്ടുണ്ടെങ്കിലും മലയാള സിനിമയുടെ മുഖ്യധാര ആ മാറ്റങ്ങളിൽ നിന്ന് വേറിട്ട് നിൽക്കാനാണ് ശ്രമിച്ചിട്ടുള്ളത്. ഇത്രമാത്രം സോദ്ദേശ്യപരവും ഒരു ധാരയായി മാറിക്കൊണ്ടുള്ളതുമായ സുസ്ഥിരനവീകരണത്തിന് അത് വഴങ്ങിക്കൊടുക്കുന്നതിൽ വലിയൊരു പങ്ക് വഹിച്ചത് നവീകരണങ്ങളെ ഉൾക്കൊള്ളാൻ പാകത്തിന് വളർന്ന മലയാള സിനിമാ പ്രേക്ഷകരുടെ സാമൂഹികബോധം കൂടിയാണ്.

സിനിമ നിർമാണ രീതികളിലും സാങ്കേതികതകളിലും സംഭവിച്ച മാറ്റം ലോക സിനിമയുടെ ചുവടുപിടിച്ചായിരുന്നെങ്കിൽ അതി സംവേദന ഭാഷകളിലും ആശയപരമായ ഉള്ളടക്കങ്ങളിലും സംഭവിച്ച പരിണാമം കേരളത്തിന്റെ
സാമൂഹിക പരിസരങ്ങളിൽ ഉണർന്നുവന്ന ജനാധിപത്യപരമായ ബോധങ്ങളുടെയും പൊളിറ്റിക്കൽ കറക്​ട്​നസ്സിനെ മുൻനിർത്തിയുള്ള തിരുത്തൽ പ്രക്രിയകളുടേയും കൂടി ഉല്പന്നമായിരുന്നു. ആ ഉൽപന്നത മാറ്റിപ്പണിതത് സിനിമയെന്ന ജനകീയ കലയുടെ സംവേദന ഭാഷയെ മാത്രമല്ല അതിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന ഓരോരുത്തരുടെയും ബോധങ്ങളെയും വീക്ഷണങ്ങളെയും കൂടിയായിരുന്നു. മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ പരിവേഷമുള്ള മമ്മൂട്ടി എന്ന നടൻ ഈയടുത്ത് നടത്തിയ ഒരു പരാമർശം സ്വയം തിരുത്താൻ അദ്ദേഹത്തെ പ്രേരിപ്പിക്കും വിധം മലയാള സിനിമയിൽ ജനാധിപത്യ, നവീകരണ പ്രക്രിയ സ്വാധീനം ഉറപ്പിച്ചിട്ടുണ്ട്.

വ്യക്തിപരമായി പറഞ്ഞാൽ, മമ്മൂട്ടി എന്ന നടൻ സ്വയം നവീകരണം നടത്തുന്ന ഒരു നടനാണ്. ആധുനികതയോട് കൂടുതൽ ഭ്രമം പുലർത്തുന്ന മമ്മൂട്ടി ഉൽപന്നപരമായ ആധുനികതയോട് മാത്രമല്ല, ആശയപരമായ ആധുനികതകളോടും ആഭിമുഖ്യം പുലർത്താൻ ശ്രമിക്കുന്ന ഒരു മനുഷ്യനാണ്. ഇന്നലെ വരെ നിരുപദ്രവകരമെന്ന് കരുതി ഉപയോഗിച്ച് പോന്ന പല പ്രയോഗങ്ങളും രാഷ്ട്രീയ സ്ഖലിതങ്ങളാണെന്നും മനുഷ്യന്റെ വികസിതമായ സാമൂഹ്യ ബോധത്തെ അസ്വസ്ഥപ്പെടുത്തുന്ന ആശയങ്ങളെയാണ് ആ വാക്കുകളും പ്രയോഗങ്ങളും ഉള്ളടക്കം കൊണ്ടിരിക്കുന്നത് എന്നുമുള്ള തിരിച്ചറിവ് ഒരു മനുഷ്യനെ നവീകരിക്കുക മാത്രമല്ല ചെയ്യുന്നത്, പുതിയ കാലത്തെ സാമൂഹ്യ ജീവിയായി അയാളെ സ്വയം സജ്ജീകരിക്കുക കൂടിയാണ്. ആ കാഴ്ചപ്പാടിലൂടെ നോക്കിയാൽ പുതിയ കാലത്തെ അഭിമുഖീകരിച്ച് ജീവിക്കാൻ പോന്ന വിധം ജനാധിപത്യപരമായി വികാസം പ്രാപിച്ച ഒരു സാമൂഹിക ജീവിയാണ് താൻ എന്ന് മമ്മൂട്ടി തെളിയിക്കാൻ ശ്രമിക്കുകയാണ്.

ഒരിക്കൽ ഒരു അഭിമുഖ മധ്യേ തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കരോട് ഒരു പത്രപ്രവർത്തകൻ ഇങ്ങനെയൊരു ചോദ്യം ഉന്നയിച്ചു. ദി കിംഗ് അടക്കമുള്ള അനേകം സിനിമകളിലൂടെ കടുത്ത സ്ത്രീവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ രാഷ്ട്രീയ സ്ഖലിതങ്ങൾ നിറഞ്ഞ ഡയലോഗുകൾ താങ്കൾ എഴുതുകയും ജനങ്ങൾ അത് ആഘോഷിക്കുകയും ചെയ്തിരുന്നു. ഇന്നത്തെ താങ്കളുടെ നിലപാടുകൾ വെച്ച് അത്തരം ഡയലോഗുകളെ എങ്ങനെ വിലയിരുത്തുന്നു?

ആ ചോദ്യത്തിന് രഞ്ജി പണിക്കർ നൽകുന്ന ഉത്തരം മലയാള സിനിമയുടെ ആഭ്യന്തരങ്ങളിൽ സംഭവിച്ച് കൊണ്ടിരിക്കുന്ന പുതിയ ബോധ്യങ്ങളുടെയും നവീനതയുടെയും ഒരു തെളിവ് കൂടിയാണ്.

താൻ ഒരു സാമൂഹിക ജീവിയാണെന്നും ജീവിക്കുന്ന സമൂഹത്തിന്റെ
പൊതുവായ ബോധ്യങ്ങളും നിലപാടുകളും തന്നെ സ്വാധീനിക്കുമെന്നുമാണ് രഞ്ജി പണിക്കർ പറഞ്ഞത്. അന്നത്തെ തന്റെ സാമൂഹിക ബോധത്തിന് അത്രത്തോളം വളരാൻ മാത്രമേ അവസരം ലഭിച്ചിരുന്നുള്ളൂ എന്നും ഇന്നാണെങ്കിൽ അത്തരം ഡയലോഗുകൾ ഒരിക്കലും എഴുതുകയില്ലായിരുന്നു എന്നും കൂടി അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്ര വ്യക്തതയോടെയും വീക്ഷണ പ്രബുദ്ധതയോടെയും മറുപടി നൽകാൻ ഒരാളെ പ്രാപ്തനാക്കുന്നത് ഈ കാലയളവ് കൊണ്ട് കേരളീയ പൊതുസമൂഹത്തിലും സിനിമാമേഖലയിലും സംഭവിച്ച ചിന്താപരമായ ഒരു തിരുത്തൽ പ്രക്രിയ തന്നെയാണ്.

മലയാള സിനിമയുടെ ആഭ്യന്തരരംഗം പുരുഷ കേന്ദ്രീകൃതവും പുരുഷ കാമനകളെ താലോലിക്കുന്ന വിധത്തിലുള്ളതുമായിരുന്നു. ഇന്നും വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. അവിടെ നിന്ന് പ്രഭവിക്കുന്ന കടുത്ത സ്ത്രീ വിരുദ്ധതകളോട് കലഹിച്ച് തിരുത്തൽ ശക്തിയാകാൻ പലരും നേരത്തെ ശ്രമിച്ചിരുന്നു. അതിന്റെ തുടർചലനങ്ങൾ പിന്നീട് ശക്തിപ്പെടുന്നതും മുഖ്യധാരാ സിനിമാ രംഗത്തോട് നേർക്കുനേർ കലഹിക്കാൻ പോന്ന വിധം സ്ത്രീമുന്നേറ്റം മലയാള സിനിമാ രംഗത്ത് ദൃശ്യത നേടുന്നതും നാം കണ്ടു. സമത്വത്തിനും ജനാധിപത്യപരമായ പ്രാതിനിധ്യത്തിനുമായി ഇന്നും അതിനുള്ളിൽ വലിയ പോരാട്ടങ്ങളും സമ്മർദ്ദങ്ങളും നടന്നു കൊണ്ടിരിക്കുന്നു.

ഈ പശ്ചാത്തലങ്ങളിലാണ് 27-മത്​ ഐ.എഫ്.എഫ്.കെ വേദിയിൽ ചില വിഷയങ്ങളുയർത്തി പ്രതിഷേധം നടത്തിയവർക്കെതിരെ സിനിമാ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്ത് നടത്തിയ ജനാധിപത്യ വിരുദ്ധവും ഒട്ടും വികാസം പ്രാപിക്കാത്തതുമായ പ്രസ്താവനയും നടപടികളും വിമർശിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. കേരളത്തിന്റെ
എല്ലാ ഭാഗത്തു നിന്നും സിനിമയെ ഗൗരവമായി കാണുന്ന ആയിരക്കണക്കിന് മനുഷ്യരാണ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിനായി തിരുവനന്തപുരത്തേക്ക് വണ്ടി കയറുന്നത്. സിനിമ എന്ന മാധ്യമത്തെ അത്രമേൽ ഗൗരവകരമായി കാണുന്നതുകൊണ്ടാണ് ഒരു പക്ഷേ തിയറ്ററുകളിൽ ആകർഷിക്കപ്പെടാൻ ഒരു സാധ്യതയുമില്ലാത്ത അനേകം മികച്ച സിനിമകൾക്ക് പോലും അവർ തങ്ങളുടെ വിലപ്പെട്ട സമയവും സമ്പത്തും ചെലവഴിക്കുന്നത്. സിനിമ കണ്ടും ആസ്വദിച്ചും വിമർശിച്ചും ഉൾക്കൊണ്ടും ആ കാണികൾ നൽകുന്ന പിന്തുണ മലയാള സിനിമയുടെ സാംസ്കാരിക മൂലധനം കൂടിയാണ്.

വലിയ ആസൂത്രണത്തോടെയും വിഭവശേഷി ഉപയോഗപ്പെടുത്തിയും നടത്തപ്പെടുന്നതാണ് ഓരോ വർഷത്തെയും ഫിലിം ഫെസ്റ്റിവലുകൾ. ഇത്ര വലിയ ഒരു പരിപാടിയിൽ അതിന്റെ ഏകോപനത്തിൽ പോരായ്മകളും പാളിച്ചകളുമുണ്ടാകാൻ സാധ്യതയുണ്ട്. അത്തരം പോരായ്മകളിലും പാളിച്ചകളിലും വിമർശനങ്ങൾ സ്വാഭാവികവുമാണ്. മുൻവർഷങ്ങളിൽ പല വിഷയങ്ങളിലും വിമർശനങ്ങളും പരാതികളും ഉണ്ടായിട്ടുണ്ട്. സംഘാടകരുടെ ഭാഗത്തുനിന്ന് വളരെ പോസിറ്റീവായ നിലയിലുള്ള സമീപനങ്ങളാണ് ഉണ്ടാകാറ്.

ഇത്തവണ പ്രധാനമായും പരാതികളും പ്രതിഷേധങ്ങളുമുണ്ടായത് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ നൻപകൽ നേരത്ത് മയക്കം എന്ന സിനിമയുടെ സ്ക്രീനിംഗിനിടെയാണ്. പ്രധാനമായും റിസർവേഷൻ സംബന്ധിച്ച ചില വിഷയങ്ങളിലാണ് അസ്വാരസ്യമുണ്ടായത്. അതാകട്ടെ എല്ലാ വർഷങ്ങളിലും ഉണ്ടാകുന്നതു പോലുള്ള ഒന്നുമായിരുന്നു. എന്നാൽ പ്രശ്ന പരിഹാരത്തിന് ശ്രമിക്കാതെ പ്രതിഷേധക്കാർക്കെതിരെ പൊലീസിനെക്കൊണ്ട് കേസെടുപ്പിച്ച് ഒട്ടും ജനാധിപത്യ ബോധം പുലർത്താതെ മേധാവിത്വബോധം പുലർത്തുന്ന സമീപനവുമായി അക്കാദമി ഡയറക്ടർ വിഷയത്തിൽ ഇടപെട്ടതോടെയാണ് പ്രശ്നം വഷളാകുന്നത്.

പ്രശ്നത്തെ അഭിസംബോധന ചെയ്ത് പാളിച്ച പരിഹരിക്കാനുള്ള ശ്രമം നടക്കേണ്ടതിനുപകരം പദവിയുടെ ഹുങ്കിൽ ഒട്ടും ജനാധിപത്യ ബോധം പുലർത്താതെ ധിക്കാരം പറയുകയാണ് രഞ്ജിത്ത് ചെയ്തത്. പ്രതിഷേധക്കാരെ ആക്ഷേപിച്ചും, അവരുടെ പ്രതിഷേധസ്വരത്തെ നായയുടെ കുരയുമായി ഉപമിച്ചും രഞ്ജിത്ത് വിഷയം വഷളാക്കി. പ്രതിപക്ഷ ബഹുമാനമോ ജനാധിപത്യ ബോധമോ പുലർത്താതെ താൻ നടത്തുന്ന ന്യായീകരണത്തെ ഡെലിഗേറ്റുകൾ മാത്രമല്ല കേരളീയ പൊതുസമൂഹം മൊത്തത്തിൽ എവ്വിധം സ്വീകരിക്കുമെന്ന് മനസ്സിലാക്കാൻ രഞ്ജിത്തിന് സാധിക്കാതെ പോയത് അദ്ദേഹത്തിന്റെ പരാജയം തന്നെയാണ്. കഴിഞ്ഞ കുറെ നാളുകളായി മലയാളസിനിമയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന വളർച്ചയുടെ ഒരു ഗുണഫലവും ഉൾക്കൊള്ളാൻ കഴിയാതെ പോയ ഒരു സിനിമാ പ്രവർത്തകനായി രഞ്ജിത്ത് എന്ന സംവിധായകൻ അയാളെ സ്വയം അടയാളപ്പെടുത്തി വെച്ചുകഴിഞ്ഞു.

മലയാള സിനിമയുടെ ഒരു ഘട്ടത്തെ മുഴുവൻ ആൺവിളയാട്ടത്തിന്റെയും മാടമ്പിത്തത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും ആഘോഷങ്ങളാക്കി മാറ്റുന്നതിന് സ്വന്തം പാത്രസൃഷ്ടികൾ കൊണ്ട് പിന്തുണ കൊടുത്ത എഴുത്തുകാരനും സംവിധായകനും കൂടിയാണ് രഞ്ജിത്ത് എന്ന സിനിമാ പ്രൊഫഷനൽ. ഒരു കാലഘട്ടത്തിൽ താൻ ഉയർത്തിവിട്ട ജാതീയവും മടമ്പിത്തരവും നിറഞ്ഞതും, സവർണബോധത്തെ താലോലിക്കുന്നതുമായ കഥാപാത്രങ്ങളുടെ മനോഭാവങ്ങളിൽ നിന്ന് ഒട്ടും താഴോട്ടിറങ്ങിറങ്ങാൻ അതിന്റെ രചയിതാവിന് ഇനിയും സാധിച്ചിട്ടില്ല എന്ന് കേരളീയ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിൽ ഫിലിം ഫെസ്റ്റിവൽ എപ്പിസോഡ് വഴി രഞ്ജിത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു തിരുത്തൽ പ്രക്രിയക്ക് വഴങ്ങാൻ കഴിയാത്ത വിധം അദ്ദേഹം വളർന്നു പോയിരിക്കുന്നു എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനകൾ വെളിപ്പെടുത്തുന്നത്. ജനാഭിപ്രായം കേട്ട് അത് ഉൾക്കൊള്ളാനും വിനീതനാകാനും രഞ്ജിത്ത് എന്ന മനുഷ്യന് സാധിക്കില്ല എന്നാണ് അയാളുടെ ശരീരഭാഷയും തെളിയിക്കുന്നത്. ഒരു തിരുത്തലിന് ശ്രമിക്കാതെ കാരണവർ ചമഞ്ഞ് ഇൻഫാന്റലൈസേഷൻ നടത്താനും അരോചകത പ്രകടിപ്പിക്കാനും മാത്രം നോക്കുന്ന രഞ്ജിത്തിൽ നിന്ന് കേരളീയ പൊതുസമൂഹം അത് പ്രതീക്ഷിക്കുന്നതിൽ ഒരർത്ഥവുമില്ല.

രഞ്ജിത്ത് ഇനിയൊരു സിനിമ എടുക്കുകയാണെങ്കിൽ തന്നെ പുതിയ കാലത്തിന്റെ സാമൂഹിക ബോധങ്ങളുമായി അത് എങ്ങനെ സംവദിക്കും എന്നത് കണ്ടറിയേണ്ട ഒരു കാര്യമാണ്. കാരണം ജനാധിപത്യ ബോധങ്ങൾ തീണ്ടുക പോലും ചെയ്തിട്ടില്ലാത്ത തന്റെ കഥാപാത്രങ്ങൾ തന്റെ
തന്നെ പര്യായരൂപങ്ങളാണ് എന്നാണ് രഞ്ജിത്ത് തെളിയിച്ചുകൊണ്ടിരിക്കുന്നത്.

Comments