എം.ടിയുടെ ചന്തുവീരഗാഥ

‘‘വീരാരാധനയുടെ ഇതഃപര്യന്തമുള്ള സാമ്പ്രദായികതകളെ പൊളിക്കാൻ തീർച്ചയായും സ്വതഃസിദ്ധമായ ശൈലിയിൽ എം.ടി ഒരു വടക്കൻ വീരഗാഥയിൽ ശ്രമിച്ചിട്ടുണ്ട്. അതിനിടെ, തന്റെ രാഷ്ട്രീയ സാംസ്കാരിക പരിപ്രേക്ഷ്യത്തിൽ അബോധപൂർവ്വം മുദ്രിതമായ സ്ത്രീവിരുദ്ധാശയങ്ങളും എം.ടിയുടെ തിരക്കഥയിൽ വെളിപ്പെട്ടു എന്നത് വാസ്തവമാണ്’’- എൺപതുകളിലെയും തൊണ്ണൂറുകളിലെയും ശ്രദ്ധേയമായ മലയാള സിനിമകളെക്കുറിച്ചുള്ള കാഴ്​ചാ പരമ്പര തുടരുന്നു.

എം.ടി. വാസുദേവൻ നായരുടെ ചന്തു മലയാളികളുടെ വീരഗാഥകളിൽ ഇടംപിടിക്കുന്നത് മൂന്ന് പതിറ്റാണ്ട് മുമ്പാണ്; ഒരു വടക്കൻ വീരഗാഥ എന്ന പേരിൽ. എം.ടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രം 1989 ഏപ്രിലിലാണ്​ റിലീസ് ചെയ്തത്. വടക്കൻപാട്ടും ചന്തുവും നൂറ്റാണ്ടുകളായി മലയാളി ജനഹൃദയങ്ങളിലുണ്ടായിരുന്നു, ചതിയൻ ചന്തു ആയി. മച്ചുനിയൻ ചന്തു ചതിയൻ ചന്തു. ചന്തുവിനെ എം.ടി എങ്ങനെ പുതുക്കി പണിതിരിക്കുന്നു എന്ന്​ കലാസ്നേഹികൾ ആകാംക്ഷയോടെ നിരീക്ഷിച്ച എൺപതുകളുടെ അവസാനം ഓർമ്മയിൽ വെക്കുന്നവർ ധാരാളമുണ്ടാവണം. രണ്ടാമൂഴം എന്ന നോവൽ പുറത്തുവന്നിട്ട് അഞ്ചാമത്തെ വർഷമാണത്. ചന്തുവിന്റെ മാനസിക വ്യാപാരങ്ങൾ രണ്ടാമൂഴത്തിന്റെ സ്രഷ്ടാവ് എങ്ങനെയാവും ആവിഷ്കരിക്കുന്നതെന്ന് അറിയാനുള്ള ആഗ്രഹം സാഹിത്യപ്രേമികളേയും സിനിമാപ്രേമികളേയും ഒരുപോലെ ആകാംക്ഷാഭരിതരാക്കിയിരിക്കണം. പാടിപ്പതിഞ്ഞതും കേട്ടുതഴമ്പിച്ചതുമായ കഥയെ എം.ടി അപനിർമ്മിച്ചതെങ്ങെനെ എന്നറിയാനുള്ള ആകാംക്ഷ. പുത്തൂരം വീടും കളരിയും ആരോമൽ ചേകവരും ഉണ്ണിയാർച്ചയും അരിങ്ങോടരും കുഞ്ഞിരാമനും കുഞ്ഞിയെല്ലാമുള്ള കഥയിൽ പ്രതിനായകനെങ്കിലും ചന്തുവിന് ജനമനസ്സിൽ പ്രത്യേക സ്ഥാനം എന്നുമുണ്ടായിരുന്നു.

ആരോമൽ ചേകവരുടെ മകനും മരുമകനും ചന്തുവിനോട് പ്രതികാരം ചെയ്യാൻ വരുന്ന സീനോടെയാണ് ഒരു വടക്കൻ വീരഗാഥ ആരംഭിക്കുന്നത്. "നിങ്ങൾ കേട്ടതൊക്കെ ശരിയാണ്, തെറ്റുമാണ്" എന്ന ചന്തുവിന്റെ ഡയലോഗിലൂടെ വടക്കൻപാട്ടുകളിലൂടെ ജനമനസ്സിലെത്തിയ കഥയുടെ മേൽ എം.ടി കൈവയ്ക്കുകയാണ്. കാലത്തിന്റെ ഗാഥകളിൽ മുദ്രിതമായ ആഖ്യാനങ്ങളെ അപനിർമ്മിക്കാനൊരുങ്ങുകയാണ്.

എം.ടി. വാസുദേവന്‍ നായര്‍

കഴിവ് അനുഗ്രഹത്തിനു പകരം ശാപമായി തീരുന്ന വിചിത്രാവസ്ഥയാണ് എം.ടിയുടെ ചന്തുവിൽ കാണാനാവുക. അച്ഛനമ്മമാർ നഷ്ടപ്പെട്ടപ്പോൾ ദയാലുവായ കണ്ണപ്പൻ ചേകവർ തന്റെ സഹോദരിയുടെ മകനെ ദത്തെടുത്തു. ആ അർത്ഥത്തിൽ തറവാട്ടിൽ അയാൾ മുഖ്യധാരയ്ക്ക് പുറത്തുള്ള ഒരാളാണ്. എല്ലാം പെട്ടെന്നു പഠിക്കുന്ന അനാഥ ബാലനായ ചന്തു അമ്മാവന്റെ സ്നേഹവും മതിപ്പും സമ്പാദിക്കുന്നു. തന്നെ ആർക്കും തോൽപ്പിക്കാനാവില്ലെന്ന അറിവും തന്റെ കഴിവ് വ്യവസ്ഥാപിതമായ ഹൈറാർക്കിയെ വെല്ലുവിളിക്കുന്നതാണെന്ന തോന്നലും സ്വയംഹത്യയ്ക്ക് ചന്തുവിനെ പ്രേരിപ്പിക്കുകയാണ്. ഇതോടെ സ്ഥിതവ്യവസ്ഥ വിജയിക്കുകയാണ്. അതിൽ എം.ടിയിലെ കലാപകാരിയുടെ ഒരു കയ്യൊപ്പു പതിഞ്ഞുകാണാം.

പാടാനും കേൾക്കാനും മനുഷ്യന് നൈസർഗികമായി അഭിരുചിയുണ്ട്. അതിന്റെ ഉത്പന്നമാണ് നാടോടിപ്പാട്ടുകൾ. വടക്കൻ കേരളത്തിന് സമ്പന്നമായ വാചികപാരമ്പര്യമുണ്ട്. സാമാന്യജനത്തിനിടയിൽ വിനിമയമാർഗ്ഗമായി വടക്കൻപാട്ടുകൾ നിലകൊണ്ടു. കഥാഗാനങ്ങൾ അതിന്റെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. വടക്കൻപാട്ടുകൾ അവയിൽ ഏറ്റവും പ്രധാനപ്പെട്ടതും. നാട്ടറിവുകളുടെ ഈടുവെപ്പുകൾ അതിനെ ജനകീയമാക്കി. കോലത്തുനാട്ടിന്റെ സാമൂഹ്യവും സാംസ്‌കാരികവും ആയ മുദ്രകൾ ഈണത്തിൽ അനേകം തലമുറകൾ പാടിയ ആ ശീലുകളിൽ പതിഞ്ഞിട്ടുണ്ട്‌. സമൂഹചേതന ആ ഗാഥകളിൽ ഉൾത്തുടിപ്പോടെ നിലനിൽക്കുന്നുണ്ട്. പാട്ടിലെ പരാമർശങ്ങളിൽനിന്നു അതുണ്ടായ കാലത്തെ യാഥാർത്ഥ്യത്തെ ചികഞ്ഞെടുക്കാൻ കഴിയും. അക്കാലത്തെ ജീവിതത്തെ തൊടാനാവും. പക്ഷേ, അതേറെ ശ്രമകരവും സൂക്ഷിച്ചു ചെയ്യേണ്ടുന്ന ഒന്നുമാണ്. ചരിത്രസംഭവങ്ങളും മിത്തുകളും ഭാവനയും എല്ലാം കൂടിക്കുഴഞ്ഞ ഒന്നിൽ നിന്നുവേണം അതു ചെയ്യാൻ. നാടുവാഴികൾക്കിടയിൽ ശത്രുത വളർന്നത് ചരിത്രത്തിൽ നടന്നതാണ്. നാടു വാണവരെക്കുറിച്ച് ജനമനസ്സിലുള്ള ചിത്രം പാട്ടുകളിൽ വിവിധ കാലങ്ങളിൽ ചേർക്കപ്പെട്ടിട്ടുണ്ട്. നാടോടിപ്പാട്ടുകൾ കെട്ടിയുണ്ടാക്കുന്നതാണ്. അത് കേവലം ചരിത്രരേഖയല്ല.

വീരാരാധനയാണ് വടക്കൻ കേരളത്തിൽ ഉടലെടുത്ത നാടോടിപ്പാട്ടുകളായ വടക്കൻ പാട്ടുകളിലെ പൊതുഭാവം. കളരി അഭ്യാസികളുടെ ജീവിതത്തിന്റെ വിവരണവും അവരെ പ്രകീർത്തിക്കലുമാണ് അതിലെ പ്രധാന ഉള്ളടക്കം. വടക്കേ മലബാറിൽ കടത്തനാട്, കോലത്തുനാട്, വയനാട് തുടങ്ങിയ പ്രദേശങ്ങളിൽ കളരി അഭ്യാസങ്ങൾക്ക് പേരുകേട്ട തറവാടുകളുണ്ടായിരുന്നു. പുത്തൂരം,തച്ചോളി തുടങ്ങിയവ. വടക്കൻ പാട്ടുകൾ പാണന്മാർ വഴിയാണ് നാടെങ്ങും പ്രചരിച്ചതെന്ന് കരുതപ്പെടുന്നു. മഹാകവി ഉള്ളൂരിന്റെ ഭാഷയിൽ ഹൃദയത്തിൽ നിന്ന് പുറപ്പെട്ട് ഹൃദയത്തിൽ അലിഞ്ഞുചേരുന്ന പാട്ടുകൾ. കോലത്തുനാടാണ് അതിന്റെ ഭൂമിക. കുടിപ്പകയുടേയും കളരി അഭ്യാസങ്ങളുടേയും പശ്ചാത്തലമാണതിന്. വടക്കൻ പാട്ടുകൾ ഏറെക്കാലമായി സിനിമയ്ക്കു പ്രിയങ്കരമായ വിഷയമായിരുന്നിട്ടുണ്ട്. വടക്കൻപാട്ടുകളെ ആസ്പദമാക്കി ഉണ്ണിയാർച്ച, ആരോമലുണ്ണി, കണ്ണപ്പനുണ്ണി, തുമ്പോലാർച്ച പാലാട്ടുകോമൻ, തച്ചോളി ഒതേനൻ, തച്ചോളി അമ്പു എന്നിങ്ങനെ ഒരു ഡസനോളം ചലച്ചിത്രങ്ങൾ പിറന്നിട്ടുണ്ട് മലയാളത്തിൽ. 1961 ലാണ് ഉദയായുടെ ഉണ്ണിയാർച്ച റിലീസ് ആയത്. 1978- ലെ തച്ചോളി അമ്പു മലയാളത്തിലെ ആദ്യത്തെ സിനിമാസ്കോപ്പ് ചിത്രമായിരുന്നു. വാർപ്പുമാതൃകയിലുള്ളതായിരുന്നു അവയിലെ കഥാപാത്രങ്ങൾ.

തലമുറകളായി ആളുകൾ പാടിക്കേട്ട ആരോമുണ്ണിയുടെ വീരചരിതം ചന്തുവിന്റെ കാരുണ്യവും ഔദാര്യവുമായിരുന്നു എന്നിടത്തേക്ക് പ്രേക്ഷകരെ നയിക്കുന്ന തിരക്കഥയും അതിന്റെ സിനിമാറ്റിക്ക് പരിചരണവുമാണ് എം.ടി -ഹരിഹരൻ ടീം ഒരുക്കിയത്. നാടുവാഴികൾ തമ്മിലുള്ള തർക്കങ്ങൾ യുദ്ധത്തിലൂടെ പരിഹരിക്കാൻ സഹായിക്കുന്നതിന് പോരാളികളെ പരിശീലിപ്പിക്കുന്നവാരാണ് ചേകവർ തറവാട്ടുകാർ. അവരുടെ കഥകളിൽ കൊല്ലൽ അല്ലെങ്കിൽ മരണമേറ്റുവാങ്ങൽ വിധിക്കപ്പെട്ട ചേകവന്മാരുടെ ആത്മസംഘർഷവും സങ്കടക്കടലും നിലീനമാണ്. വടക്കൻ കേരളത്തിന്റെ പശ്ചാത്തലത്തിൽ മഹാനെന്ന് കേൾവികേട്ട കണ്ണപ്പൻ ചേകവരുടെ പുത്തൂരംവീട്ടിലാണ് ചിത്രത്തിന്റെ ഇതിവൃത്തം വികസിക്കുന്നത്.

ഈ വീരാരാധനയുടെ ഇതഃപര്യന്തമുള്ള സാമ്പ്രദായികതകളെ പൊളിക്കാൻ തീർച്ചയായും സ്വതഃസിദ്ധമായ ശൈലിയിൽ എം.ടി വടക്കൻ വീരഗാഥയിൽ ശ്രമിച്ചിട്ടുണ്ട്. ചേകവൻമാരുടെ ക്ഷാത്രവീര്യത്തെക്കുറിച്ചുള്ള പാടിപ്പതിഞ്ഞതും പറഞ്ഞു ദൃഢപ്പെട്ടതുമായ ആഖ്യാനമാതൃകകളെ തകർക്കാനും ഉദ്യമിച്ചിട്ടുണ്ട്. പാണൻമാർ മാത്രമല്ല പൊതുബോധത്താൽ പ്രചോദിതരായ നാട്ടുജനസഞ്ചയവും ഇത്തരം വീരചരിതങ്ങളുടെ പിന്നാലെ പോകുന്നവരാണ്. ഇത്തരം വീരാരാധനാബോധങ്ങളെ വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങൾ ആധുനികകാലത്തും തങ്ങളുടെ മേധാവിത്വലബ്ധിക്കുവേണ്ടി ഉപയോഗപ്പെടുത്താറുമുണ്ട്. ഇത്തരമൊരു സാമൂഹ്യസാഹചര്യവും സാംസ്കാരികാവസ്ഥയും നിലനിൽക്കുന്നിടത്താണ് എം.ടി പൊളിച്ചെഴുത്തിന് ശ്രമിച്ചത്.

എന്നാൽ, അതിനിടെ തന്റെ രാഷ്ട്രീയ സാംസ്കാരിക പരിപ്രേക്ഷ്യത്തിൽ അബോധപൂർവ്വം മുദ്രിതമായ സ്ത്രീവിരുദ്ധാശയങ്ങളും എം.ടിയുടെ തിരക്കഥയിൽ വെളിപ്പെട്ടു എന്നത് വാസ്തവമാണ്. സിനിമയുടെ സാധാരണക്കാരായ പ്രേക്ഷകരുടെ കാഴ്ചാനുഭവങ്ങളിൽ ആഖ്യാനത്തിൽ ഉൾച്ചേർന്ന അത്തരം സ്ത്രീവിരുദ്ധതകൾ വെളിപ്പെട്ടിട്ടുണ്ടാവണമെന്നില്ല. നിലനിൽക്കുന്ന പ്രത്യയശാസ്ത്രബോധ്യങ്ങളെ പുനരുൽപ്പാദിക്കാൻ പാകത്തിലേ അവരുടെ കാഴ്ചാശീലങ്ങൾ വികസിതമായിട്ടുള്ളൂ എന്നതാണ് ഇതിന് കാരണം. എം.ടി എന്ന വലിയ എഴുത്തുകാരന് ആൺമേധാവിത്വ ആശയാവലികൾക്കപ്പുറം പോകാൻ കഴിയാത്തതിന്റെ പരിമിതികളേയും അതു അടയാളപ്പെടുത്തുന്നുണ്ട്. സ്ത്രീപക്ഷ പ്രവർത്തകയും സാംസ്കാരിക വിമർശകയുമായ ഗീത ഇതേക്കുറിച്ച് വിശദമായി എഴുതിയിട്ടുണ്ട്.

ഒരു വടക്കന്‍ വീരഗാഥയില്‍ മമ്മൂട്ടിയും മാധവിയും

ഗീത എഴുതുന്നു: "ഗോത്രപരമായ നേർക്കുനേർ ബന്ധങ്ങളിൽ നിന്ന് അടർത്തിമാറ്റപ്പെട്ടപ്പോൾ ഉണ്ണിയാർച്ചക്ക് പുത്തൂരം കഥകളിലെ കർതൃത്വം എം.ടിയുടെ വടക്കൻ വീരഗാഥയിൽ ഇല്ലാതായി. പെണ്ണിനു സ്വന്തം വീട്ടിലേക്കു പോകാനും കൂത്തുകാണാനും വഴിനടക്കാനുമുള്ള അവകാശത്തിനാണ് അവൾ വടക്കൻ പാട്ടിൽ സംസാരിക്കുന്നത്. നാടൻ 'പാട്ട്' തിരക്കഥയായപ്പോൾ ഈ സ്വേച്ഛയും കർതൃത്വവുമാണ് അവളിൽ നിന്നു ചോർന്നുപോയത്. വ്യക്തിത്വമില്ലാത്ത ഭീരുവും ദുഃസ്സാമർഥ്യക്കാരിയുമായി അവൾ പരിവർത്തിക്കപ്പെട്ടു. മാത്രമല്ല അവളിൽ പണമോഹവും ആരോപിക്കപ്പെടുന്നു. ‘മച്ചൂനിയൻ ചന്തു' ചതിക്കുമെന്ന മുൻവിധി പുത്തൂരംപാട്ടിൽ അനുഭവമായിത്തീരുമ്പോൾ തിരക്കഥയിൽ അടിസ്ഥാനരഹിതമായ ആരോപണമായി മാറുന്നു. നായകൻ അതിനെ മറികടന്നു പോകുന്നു. പാട്ടിലെ പ്രതിനായകത്വം തിരക്കഥയിലെ നായകന്റെ രക്തസാക്ഷിത്വമായി മാറുന്നു”. (ആൺതച്ചുകൾ - ഗീത)

പെണ്ണിനെ വിശ്വസിക്കാൻ കൊള്ളില്ലെന്ന പുരുഷസാമാന്യബോധം ചിത്രം പ്രക്ഷേപിക്കുന്നുണ്ട് എന്നതു വാസ്തവം തന്നെ. ഉണ്ണിയാർച്ചയുടെ ക്യാരക്ടറൈസേഷനിൽ അതു വ്യക്തമാണ്. ചന്തുവിന് എം.ടിയും ഹരിഹരനും കൂടി നൽകിയ രക്തസാക്ഷി പരിവേഷം സ്ത്രീവിരുദ്ധത കൂടാതെ ആവിഷ്കരിക്കാൻ അവർക്കു കഴിഞ്ഞില്ല. ‘‘നീയടക്കമുള്ള പെൺവർഗ്ഗം മറ്റാരും കാണാത്തതു കാണും. നിങ്ങൾ ശപിച്ചുകൊണ്ട് കൊഞ്ചും ചിരിച്ചുകൊണ്ട് കരയും മോഹിച്ചുകൊണ്ടും വെറുക്കും'' എന്ന് ചന്തുവിനെക്കൊണ്ട് എം.ടി പറയിപ്പിക്കുന്നത് അതു തെളിയിക്കുന്നു.

ഒരു വടക്കന്‍ വീരഗാഥയില്‍ മമ്മൂട്ടി

പെൺവർഗത്തിനെ അധിക്ഷേപിക്കുന്നത് മുറിവേറ്റ ചന്തുവാണ്. പക്ഷേ അതു അധിക്ഷേപിക്കൽ തന്നെയാണ്. ഉണ്ണിയാർച്ചയുടെ ക്ഷണവും കിടപ്പുമുറിയുടെ പിൻവാതിൽ തുറന്നു വയ്ക്കും എന്ന പ്രസ്താവവുമൊക്കെ ഭർതൃവീടിന്റെ അകത്തളത്തിൽ തളയ്ക്കപ്പെടുന്ന, സ്നേഹത്തിനു കൊതിക്കുന്ന, കാമനകളിൽ രമിക്കാനിഷ്ടപ്പെടുന്ന പെണ്ണിന്റെ അവസ്ഥയിൽ നിന്നുണ്ടാകുന്നതാണ്. പുത്തൂരംപാട്ടിൽ ഉണ്ണിയാർച്ച വീരയാണ്. ആഭരണങ്ങൾക്കൊപ്പം ആയുധങ്ങളും അണിയുന്നവൾ. സാമൂഹ്യദ്രോഹികൾക്കെതിരെ അങ്കക്കലിയോടെ പോരാടുന്നവൾ. എന്നാൽ സിനിമയിൽ മറ്റൊരു ആർച്ചയെയാണ് എം.ടി വരച്ചുവയ്ക്കുന്നത്.

ചന്തു സിനിമയിൽ തുടക്കത്തിൽ പ്രത്യക്ഷപ്പെടുന്നതു തന്നെ പ്രാർത്ഥനാനിർഭരമായ അവസ്ഥയിലാണ്. "നിങ്ങൾ കേട്ടതൊക്കെ ശരിയാണ്, തെറ്റുമാണ്. നിനക്കുമെന്നെ അറിയില്ല. ആർക്കുമെന്നെ അറിയില്ല. എന്നെങ്കിലും ആരെങ്കിലും എന്റെ കഥ അറിയണം" എന്ന ചന്തുവിന്റെ ഡയലോഗിലൂടെ ആരും പറയാത്ത ഒന്ന് പറയാൻ പോവുകയാണ് എന്ന് എം.ടി പറഞ്ഞുവയ്ക്കുന്നുണ്ട്. തെറ്റായി അറിയപ്പെട്ട ഒരു കഥാപാത്രത്തെ ശരിയായി അവതരിപ്പിക്കാനുള്ള ശ്രമമെന്ന അവകാശവാദം അതിലുണ്ട്. വാസ്തവങ്ങളുടെ പിന്നാമ്പുറം അറിയാനുള്ള മനുഷ്യരുടെ ചോദനകളെ അതു ജ്വലിപ്പിക്കുന്നു. പ്രേക്ഷകരെ വലിയ തോതിൽ സിനിമയോട് അടുപ്പിച്ചത് ഈ കാര്യമാണ്. സാധാരണ പ്രേക്ഷകരേയും സാഹിത്യത്തേയും സിനിമയേയും ഗൗരവത്തിലെടുക്കുന്നവരേയും ഒരുപോലെ ആകർഷിക്കുന്ന ഒരു ആമുഖമാണത്.

അങ്കങ്ങളും സംഗീതവും നൃത്തവും സിനിമയിലുടനീളം ഏറ്റവും ത്രസിപ്പിക്കുന്നവിധം അവതരിപ്പിച്ചതും സിനിമയെ വൻവിജയത്തിലെത്തിക്കാൻ സഹായിച്ചു. മാധവിയുടെ ഉണ്ണിയാർച്ചയും മമ്മൂട്ടിയുടെ ചന്തുവും പകരം വെക്കാനില്ലാത്ത കാസ്റ്റിംഗായി അക്കാലത്തെ പ്രേക്ഷകർക്ക് അനുഭവപ്പെട്ടു. ഒരു പക്ഷേ ഇന്നത്തെ കാഴ്ചയിലും അത് അങ്ങനെതന്നെ അനുഭവപ്പെട്ടേയ്ക്കും. ബാലൻ കെ. നായർ, സുരേഷ് ഗോപി, ക്യാപ്റ്റൻ രാജു എന്നിവരും അതോടൊപ്പം തിളങ്ങിനിന്നു. അക്കാലത്തെ ജനപ്രിയരായ അഭിനേതാക്കളെ തന്നെയാണ് എം.ടിയും ഹരിഹരനും ഉപയോഗിച്ചത്. ആകാരവടിവും അഴകും തികഞ്ഞവരെ. രാജോന്മാദങ്ങൾക്ക് ഉചിതമായ രീതിയിൽ അങ്കങ്ങളിലൂടെയും സംഭാഷണങ്ങളിലൂടേയും സ്ക്രീൻ നിറഞ്ഞുനിൽക്കാൻ കഴിവുള്ളവർ. അതിനൊത്തവിധം വർണാഭമായ ദൃശ്യങ്ങളെ സന്നിവേശിപ്പിച്ചു. ഒരു കളരിവിളക്ക് തെളിഞ്ഞ രാജകീയമായ അഴക് സിനിമയിലുടനീളം നിലനിർത്തുകയും ചെയ്തു. പെണ്ണ് ആണിന്റെ അഴകിനാൽ തരളിതയായിത്തീരുന്നതും അതു ഒരു ഗാനത്തിന്റെ അകമ്പടിയോടെ ചിത്രീകരിക്കപ്പെട്ടതും (കളരിവിളക്ക് തെളിഞ്ഞപോലെ...) അഭ്രപാളിയിലേക്ക് സ്ത്രീകളുടേയും പുരുഷന്മാരുടേയും ഗുപ്തമോഹങ്ങളെ തട്ടിവിളിക്കുന്നതായി പരിണമിച്ചു.

എം.ടിയുടെ ചന്തുവിനെ അവതരിപ്പിച്ച് മമ്മൂട്ടി പ്രേക്ഷകരിലുണ്ടാക്കിയ ഇഷ്ടത്തെ സാറാജോസഫ് പുകഴ്ത്തുന്നുണ്ട്: ‘‘പുരാണകഥയുടെ പുനർവായന നടത്തുകയും ചന്തുവിന്റെ പക്ഷത്തുനിന്നു ചിന്തിക്കുകയും ചെയ്ത കഥാകൃത്തിന്റെ സങ്കല്പങ്ങളെ വലിയൊരർത്ഥത്തിൽ പുനർനിർമ്മിക്കാൻ മമ്മൂട്ടിക്കു സാധിച്ച സിനിമയാണിത്. മമ്മൂട്ടിയുടെ ആകാരം തൊട്ട് എല്ലാം അദ്ദേഹത്തെ അതിനു സഹായിച്ചിട്ടുണ്ട്. ഇതുവരെ വന്ന സിനിമകളിൽ ചന്തു വില്ലനായിരുന്നു. ചന്തുവിനെ നായകസ്ഥാനത്തു നിർത്തി എന്നു മാത്രമല്ല മമ്മൂട്ടിയുടെ ചന്തു നിലവിലുള്ള ചന്തുവിനെ സ്ത്രീകൾക്കു സ്‌നേഹിക്കാൻ പറ്റുന്ന വിധത്തിൽ മാറ്റിയെടുക്കുകയും ചെയ്തു. ശരിക്കും മമ്മൂട്ടിയുടെ ചന്തുവിനെ ഇഷ്ടപ്പെട്ടുപോയിട്ടുണ്ട് സ്ത്രീകൾ.’’ (ഇന്ത്യാ ടുഡേ മമ്മൂട്ടി സ്‌പെഷ്യൽ- 2007).

സാറ ജോസഫ്

കണ്ണപ്പചേകവരുടെ മകളായ ഉണ്ണിയാർച്ച ചന്തുവിനെ ബാല്യത്തിൽ നൂലാചാരം വഴി വിവാഹം കഴിക്കുന്നു. അതോടെ അസൂയാലുവായ ആരോമൽ ചന്തുവിനെ നിരന്തരം പരിഹസിക്കുന്നു. ആരോമലിന്റെ പ്രവൃത്തിയിലൊരു വരേണ്യതയുണ്ട്. ചന്തുവുമായുള്ള തന്റെ സഹോദരിയുടെ വളർന്നുവരുന്ന പ്രണയം അയാൾ അവസാനിപ്പിക്കുന്നത് അവളെ കുഞ്ഞിരാമന് വിവാഹം കഴിച്ചുകൊടുത്താണ്. ആങ്ങളയുടെ രക്ഷാകർതൃമനോഭാവവും അതിൽ ദർശിക്കാം. ഉണ്ണിയാർച്ചയുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധമില്ലായ്മയാണ് ചന്തുവിന്റെ ഹൃദയം തകർക്കുന്നത്. തന്നോട് സ്നേഹം പ്രകടിപ്പിച്ച മറ്റൊരു പെൺകുട്ടിയായ കുഞ്ഞിണ്ണൂലിയോട് വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും ആരോമൽ അതു തകർത്ത് കുഞ്ഞിണ്ണൂലിയെ സ്വന്തമാക്കുന്നു. ഇവ്വിധം നിരാശനും മുറിവേറ്റവനുമായ ചന്തുവാണ് തുളുനാടൻ ആചാര്യനായ അരിങ്ങോടരുടെ സമീപം കളരിപ്പയറ്റ് പഠിക്കാൻ പോകുന്നത്.

ആരോമലിന്റെ കല്യാണ ദിവസം സംഗമത്തിനായി ചന്തുവിനെ കിടപ്പറയിലേക്ക് ക്ഷണിക്കുന്ന, അപ്രതീക്ഷിതമായി ഭർത്താവ് അവിടെയെത്തുമ്പോൾ ചന്തു അവളുടെ മുറിയിൽ അതിക്രമിച്ചുകയറിയതായി കള്ളം പറയുന്ന, ആരോമലിനെ വിജയിക്കാൻ സഹായിച്ചാൽ കൂടെ ജീവിക്കാമെന്ന് ചന്തുവിനെ സമീപിച്ച് വാഗ്ദാനം ചെയ്യുന്ന ഉണ്ണിയാർച്ച. കമ്മാരന് കൈക്കൂലി കൊടുത്ത് വാളുകൾക്ക് തകരാറുണ്ടാക്കി അങ്കം ജയിക്കാനുള്ള കൗശലപ്രവൃത്തിയിലേർപ്പെടുന്ന അരിങ്ങോടരുടെ മകളായ കുഞ്ഞി. ഈ സ്ത്രീകൾക്കിടയിലാണ് ചന്തുവെന്ന എം.ടി യൻ കഥാപാത്രത്തിന്റെ നിൽപ്പ്. അരിങ്ങോടർ നാടുവാഴിയായ ഉണ്ണിചന്ദ്രോർക്കും, ആരോമൽ അയാളുടെ സഹോദരൻ ഉണ്ണിക്കോണാർക്കും വേണ്ടി അങ്കത്തിന് ഏറ്റുമുട്ടാൻ നിയോഗിക്കപ്പെട്ടപ്പോൾ ധർമ്മസങ്കടത്തിൽ അകപ്പെട്ടുപോകുന്ന ചന്തുവിന്റെ ചുറ്റുമാണ് ഈ പെണ്ണുങ്ങളെ നിർത്തിയിരിക്കുന്നത്.

മാധവി

അങ്കം നടക്കുന്ന ദിവസം ആരോമലിന്റെ വാൾ രണ്ടായി പൊട്ടി. ആയുധം മാറ്റിസ്ഥാപിക്കാൻ സമയം തേടി അതു നേടിയെടുത്തു ചന്തു എങ്കിലും പൊട്ടിയ വാൾ എറിഞ്ഞ് അരിങ്ങോടരെ കൊല്ലുന്നു ആരോമൽ. ആ ആരോമലിനെ നെറികെട്ടവനായി ചിത്രീകരിക്കുന്നതിലും ഒരു പൊളിച്ചെഴുത്തുണ്ട്. പിന്നീട് ചന്തുവുമായുള്ള ഏറ്റുമുട്ടലിനിടെ ആരോമൽ അബദ്ധത്തിൽ വിളക്കിന് മുകളിൽ വീണു മരണപ്പെടുന്നു. ഇതും ഒരു വിധത്തിൽ ഒരു സ്വയംഹത്യയാണ്. ആളുകൾ ഒത്തുകൂടുമ്പോൾ, മാരകമായി മുറിവേറ്റ ആരോമൽ മരണമൊഴിയെന്നപോൽ ചന്തു തന്നെ ഒറ്റിക്കൊടുത്തുവെന്ന് ആരോപിക്കുന്നു. കൈക്കൂലിയെക്കുറിച്ച് അറിഞ്ഞ് കുപിതനായ ചന്തു കുഞ്ഞിയെ തേടി അരിങ്ങോടരുടെ വീട്ടിലേക്ക് ഇരച്ചുകയറുന്നു. പശ്ചാത്താപത്താൽ തൂങ്ങി ആത്മഹത്യ ചെയ്ത കുഞ്ഞിയെയാണ് അവിടെയും പ്രേക്ഷകർ കാണുന്നത്. ഒളിച്ചോട്ടത്തിന്റേയും സ്വയം പിൻവാങ്ങലിന്റേതുമായ കാഴ്ചകൾ. ചന്തു പുത്തൂരംവീട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ കോപം കൊണ്ട് ജ്വലിക്കുന്ന ഉണ്ണിയാർച്ചയാണ് അയാളെ സ്വാഗതം ചെയ്യുന്നത്. തന്റെ സഹോദരന്റെ മരണത്തിന് പിറക്കാനിരിക്കുന്ന പുത്രന്മാർ പ്രതികാരം ചെയ്യുമെന്ന് അവൾ പ്രതിജ്ഞയെടുക്കുന്നു.

ഏറെ കാലങ്ങൾക്കു ശേഷമാണ് ആരോമുണ്ണിയും കണ്ണപ്പനുണ്ണിയും അരങ്ങോടരുടെ കളരിയിലേക്ക് വരുന്നതും പ്രതികാരം തേടുന്നതും. ചന്തു അവരോട് യുദ്ധം ചെയ്യാൻ വിസമ്മതിക്കുകയാണ്. എന്നാലും ആവർത്തിച്ചുള്ള വെല്ലുവിളികൾക്ക് ശേഷം ചന്തു അതിന് തയ്യാറാവുകയും ഇരുവരെയും അനായാസം തോൽപ്പിക്കുകയും ചെയ്യുന്നു. എം.ടി ചന്തുവിന്റെ അജയ്യത തെളിയിക്കുകയാണ്. രക്തച്ചൊരിച്ചിലിന് മുമ്പ് അവർ പിൻവാങ്ങുമെന്ന് പ്രതീക്ഷിച്ച് ചന്തു തന്റെ ആയുധങ്ങൾ പിൻവലിക്കാൻ ശ്രമിക്കുന്നുവെങ്കിലും ഒന്നുകിൽ ചന്തുവിന്റെ തല അല്ലെങ്കിൽ മരണം എന്ന് ആരോമുണ്ണി പ്രഖ്യാപിക്കുന്നു. യുവാക്കളിലെ ആവേശം തിരിച്ചറിഞ്ഞ ചന്തു അവരുടെ പ്രകോപനങ്ങൾക്ക് കാതു കൊടുക്കാതെ അവരോട് പുറംതിരിഞ്ഞുനിൽക്കുന്നു. പക്ഷേ, തനിക്കെതിരെ ആർക്കും ഒരിക്കലും ജയിക്കാനാവില്ലെന്നത് കണ്ണപ്പൻ ചേകവരുടെ ചെറുമകനെ ഓർമ്മിപ്പിച്ചുകൊണ്ട് ചന്തു തന്റെ വാളുകൊണ്ട് സ്വയം കുത്തി ജീവിതം അവസാനിപ്പിക്കുകയാണ്. അതിനുമുമ്പ് അയാൾ ആരോമുണ്ണിയെ തന്റെ പിറക്കാനിരിക്കുന്ന മകൻ എന്ന് അഭിസംബോധന ചെയ്യുന്നു. ധീരനും എന്നാൽ തെറ്റിദ്ധരിക്കപ്പെട്ടവനുമായ ഒരു മനുഷ്യന്റെ ജീവിതമായിരുന്നു ചന്തുവിന്റേത് എന്നു സൂചിപ്പിച്ചുകൊണ്ട് എം ടി തന്റെ അപനിർമ്മാണം അവസാനിപ്പിക്കുന്നു.

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമാണ് ചന്തു എന്നാണ് വിലയിരുത്തപ്പെട്ടിട്ടുള്ളത്. തെറ്റിദ്ധരിക്കപ്പെട്ട ചരിത്ര നായകനും യോദ്ധാവുമായി ആടിത്തിമര്‍ത്ത വേഷപ്പകർച്ച. ‍ചന്തുവിനെ അവതരിപ്പിച്ച മമ്മൂട്ടിയ്ക്ക് ആ വര്‍ഷത്തെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു. മലയാളത്തിലുണ്ടായിട്ടുള്ള മികച്ച തിരക്കഥകളിലൊന്നായിട്ടാണ് എം.ടി രചിച്ച വടക്കൻ വീരഗാഥയുടെ തിരക്കഥ അംഗീകരിക്കപ്പെടുന്നത്. ചന്തുവിനെ മാറ്റിയെഴുതിയ തിരക്കഥ. തിയറ്ററിൽ സൂപ്പർഹിറ്റ് ആയ ഈ ചിത്രത്തിന്റെ തിരക്കഥക്ക് ദേശീയ അവാർഡും ലഭിച്ചു. സാങ്കേതികവിദ്യകൾക്ക് പരിമിതി ഉണ്ടായിരുന്ന കാലഘട്ടത്തിൽ സിനിമ നന്നായി അണിയിച്ചൊരുക്കാൻ സംവിധായകൻ ഹരിഹരനും കഴിഞ്ഞു. നാല് ദേശീയ ചലച്ചിത്ര അവാർഡുകൾ (1989) ഈ ചിത്രം നേടി. മികച്ച നടൻ (മമ്മൂട്ടി), മികച്ച തിരക്കഥ (എം.ടി. വാസുദേവൻ നായർ), മികച്ച കലാസംവിധാനം (പി. കൃഷ്ണമൂർത്തി), മികച്ച വസ്ത്രാലങ്കാരം (നടരാജൻ). മികച്ച ജനപ്രിയചിത്രത്തിനുള്ള പുരസ്കാരം ഉൾപ്പെടെ ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും. കെ. ജയകുമാർ, കൈതപ്രം എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് ബോംബെ രവി ആയിരുന്നു.

നാടോടിക്കഥകളും മിത്തിക്കൽ കഥാപാത്രങ്ങളും മലയാളസിനിമയിൽ പല കാലഘട്ടങ്ങളിലായി ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ഈ പീരിയഡ് ഡ്രാമകൾ സാധാരണക്കാരായ പ്രേക്ഷകരെ സിനിമയോടടുപ്പിക്കുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ടെന്ന് കാണാം. മനോഹരമായ വിഷ്വൽ സ്റ്റോറിടെല്ലിംഗ് രീതിയുണ്ട് വടക്കൻ പാട്ടുകൾക്ക്. നാടോടിക്കഥകളിൽ ചരിത്രത്തിന്റെ അംശങ്ങൾ ഉൾച്ചേർന്നിരിക്കാം. കാരണം ചില വിളക്കലുകൾ അതിൽ നടക്കുന്നുണ്ട്. ഒരു ജനത സാമൂഹികവും സാംസ്കാരികവുമായ അബോധങ്ങൾ വഴി നടത്തുന്നത്. ചിത്രത്തിലെ അഭ്യാസക്കാഴ്ചകൾ ചന്തുവിനും പുത്തൂരം ചേകവർക്കുമിടയിൽ രൂപപ്പെട്ട മത്സരത്തെയും വരാനിരിക്കുന്ന അങ്കത്തെയും സൂചിപ്പിക്കുന്നുണ്ട്. ചേകവർ എന്ന അങ്കക്കോഴികളെ സംബന്ധിച്ച കാൽപ്പനികധാരണകൾ പൊളിക്കാനും ഇവ ഉതകുന്നുണ്ട്. നാടുവാഴികളുടെ വീരത്വസ്ഥാപനത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുന്ന ഇവർ അകമേ എല്ലാ വികാരങ്ങളും സംഘർഷങ്ങളും ഉള്ള സാധാരണ മനുഷ്യരാണെന്ന വാസ്തവമാണ് ഇവിടെ തെളിയുന്നത്. ദേശവാഴികൾക്കിടയിലെ തർക്കങ്ങൾക്കിടയിൽ ബലികൊടുക്കപ്പെടുന്ന ജന്മങ്ങൾ. പുനഃസൃഷ്ടി ലക്ഷ്യമാക്കി അവയിൽ ആണ്ടിറങ്ങുന്ന എഴുത്തുകാർ തങ്ങൾ ജീവിക്കുന്ന കാലത്തിന്റെ കാഴ്ചപ്പാടുകളിൽ അതു അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. അപ്പോഴും എഴുതുന്ന ആളിന്റെ കാഴ്ചപ്പാടിന്റെ ധാരണാമികവും പരിമിതിയും ഒരു പോലെ സൃഷ്ടിയിൽ പ്രതിഫലിക്കപ്പെടുന്നു. എം.ടിയുടെ ഒരു വടക്കൻ വീരഗാഥയ്ക്കും അതു ബാധകമാണ്.

Comments